Thursday, December 21, 2006

അള്‍ദൈവങ്ങളും പ്രവചനക്കാരും

കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട്‌ വന്തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ്‌ ഭക്തി.ട്രേഡ്‌ യൂണിയനുകളുടെ ശല്യം ഇല്ലാതെ ഒരുപക്ഷെ കേരളത്തില്‍ നടത്താവുന്ന അപൂര്‍വ്വം സംരഭങ്ങളില്‍ ഒന്നാണിതെന്നും പറയാം. യോഗയുടെ മെമ്പൊടിയോടെയും മന്ത്രവാദത്തിന്റെ അകമ്പടിയോടെയും ധ്യാനം പ്രാര്‍ത്ഥനതുടങ്ങിയവയുടെ പേരിലും അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളില്‍ വന്‍ പരസ്യവും നഗരങ്ങളില്‍ ഉത്സവങ്ങളും സ്വീകരണങ്ങളും ഒക്കെയായി ഇത്‌ കേരളീയന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു. ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക്‌ അതിവേഗം സഞ്ചരിക്കുകയാണെന്ന യാദാര്‍ഥ്യം മറന്നുകൂട. നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും വിപ്ലവകാരികളും (ശത്രുസംഹാര പൂജയും, മറ്റുഹോമങ്ങളും നടത്തുകയും,വാസ്തുദോഷവും രാഹുവും നോക്കി വീടുപണിയുകയും താമസിക്കുകയും ചെയ്യുന്ന ഇന്നത്തെ ഡ്യൂപ്ലിക്കേറ്റ്‌/ചൈനാ വിപ്ലവകാരികളല്ല)നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാഴായിക്കൊണ്ടിരിക്കുന്നു.

ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക്‌ അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന മലയാളി ഒരു കാലത്ത്‌ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്‌.എന്താണ്‌ മലയാളിക്ക്‌ പറ്റിയത്‌ ഒരുപക്ഷെ ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തതായിരിക്കാം.പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്നങ്ങള്‍(ആത്മവിശ്വാസക്കുറവ്‌, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി.കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്‌.

ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത്‌ ശത്രുക്കള്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ്‌ നിങ്ങള്‍ക്ക്‌ ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ്‌ ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു. പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി/പൂജാരി/ദിവ്യന്‍/സ്ദിദ്ധന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത്‌ ഒരു മാനസീക അവസ്തയാണ്‌) വീണ്ടുപ്രശ്നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ്‌ മിക്കവാറും അവിടെ നിന്നും ലഭിക്കുക.

അടുത്തകാലത്തുണ്ടായ ശബരിമലവിവാദം പലവസ്തുതകളും പുറത്തുകൊണ്ടുവന്നു.ഒരു വ്യക്തി തന്റെ പ്രശസ്തിക്കുവേണ്ടി ചിലകാര്യങ്ങള്‍ ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഇതു ഇടവെച്ചു.മുന്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ മറ്റുപല വിവാദവിഷയങ്ങളുടേയും അന്വേഷണഫലങ്ങള്‍ പോലെ ഉള്‍പ്പെട്ട ആര്‍ക്കും പരിക്കുണ്ടാക്കാത്തവിധത്തില്‍ ഉള്ളതാകാമെങ്കിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സാമാന്യജനത്തിനു കാര്യങ്ങള്‍ ബൊധ്യമായിട്ടുണ്ട്‌.

മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച്‌ അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക്‌ നല്‍കിയിരുന്നു എന്നത്‌ സത്യമാണ്‌. ഇതിലും അപ്പുറമാണ്‌ ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില "ഇന്‍സ്റ്റന്റ്‌" അല്‍ഭുത രോഗശാന്തി.ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട്‌ മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഹിപ്നോട്ടിസം കൊണ്ട്‌ അതും മാസ്സ്‌ ഹിപ്നോട്ടിസം കൊണ്ട്‌ അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട്‌ ഇത്‌ ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക്‌ മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക്‌ നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കും?


മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ്‌ പലപ്പോഴും ഇത്തരം അനാരോഗ്യപ്രവണതകള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ്‌ ഒരു ശരാശരിമലയാളിയുടേത്‌. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ്‌ ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്‌. പിന്നെ ചില ദിവ്യന്മാരുടെ അനുയായി എന്നുപറയുന്നത്‌ ഒരു സോഷ്യല്‍ സ്റ്റാറ്റസ്‌ സിംബലായിമാറിയിരിക്കുന്നു. വീണ്ടും ഒരു സാസ്കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കുന്നു എന്നതാണ്‌ യാദാര്‍ത്ഥ്യം.

സ്വാമി വിവേകാനന്ദന്റെ "കേരളം ഒരു ഭ്രാന്താലയമാണെന്ന്" ഐത്തവും ജാതിവ്യവസ്തയും നടമാടിയിരുന്ന കേരളത്തെക്കുറിച്ച്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ പ്രസിദ്ധമായവാക്കുകള്‍ കേരളത്തെ സമ്പന്തിച്ചിടത്തോളം അനുദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Sunday, December 10, 2006

തൃശ്ശൂര്‍കാരുടെ സ്വന്തം റപ്പായേട്ടന്‍.

ഏതാള്‍ക്കൂട്ടത്തിനിടയിലും ആകാരംകൊണ്ട്‌ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരാളായിരുന്നു ശ്രീ റപ്പായേട്ടന്‍.ഒരു കാക്കിഷര്‍ട്ടും ഒറ്റമുണ്ടും കൈയ്യില്‍ ഒരു സഞ്ചിയുമായി സ്വരാജ്‌ റൗണ്ടിന്റെ ഏതെങ്കിലും ഭാഗത്ത്‌ അദ്ദേഹത്തെ കണ്ടുമുട്ടാം. നിഷ്ക്കളങ്കതയോടെയുള്ള ചിരിയും സംസാരവുമായി പരിചയക്കാരോട്‌ കുശലാന്വേഷണവുമായി അങ്ങിനെ നടന്നു നീങ്ങുന്ന ഒരു മനുഷ്യന്‍.

എണ്‍പതുകളില്‍ തൃശ്ശൂരിലേക്കുള്ള യാത്രകള്‍ തുടങ്ങിയ സമയത്ത്‌ ഒരിക്കല്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ വെച്ചാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ്‌ "ഇതാണ്ടാ തീറ്ററപ്പായേട്ടന്‍" എന്ന് പറഞ്ഞു കാണിച്ചുതന്നത്‌. ഒരല്‍പ്പം കൗതുകത്തോടെ അങ്ങേരെ നോക്കിനിന്നു. പിന്നീട്‌ അദ്ദേഹത്തിന്റെ തീറ്റവിശേഷങ്ങള്‍ പലരില്‍ നിന്നും അറിന്‍ഞ്ഞു. ഒരുപക്ഷെ ആദ്യമായി ആളുടെ പ്രകടനം കാണുന്നത്‌ അന്തിക്കാട്‌ ഒരു ചടങ്ങില്‍ വെച്ചായിരുന്നു. കൂടെയിരുന്നു കഴിക്കുവാന്‍ പലരെയും കക്ഷി ക്ഷണിച്ചു. ചിലര്‍ ഒരു ആവേശത്തിനു കൂടിയെങ്കിലും അധികം വൈകാതെ കൈകഴുകി.

"മദ്യം കഴിക്കാന്‍ പലരും വാതുവെക്കും പക്ഷെ അതുമാത്രം എനിക്കിഷ്ടമല്ല" പല വേദികളിലും റപ്പായേട്ടന്‍ പറയാറുല്ലകാര്യം.തൃശ്ശൂരിലെ ചില ഹോട്ടലുകാര്‍ ഡൊക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥന്മാര്‍ സഹൃദയര്‍ എന്നിവര്‍ പലനേരങ്ങളിലായി റപ്പായേട്ടനുള്ള ഭക്ഷണം നല്‍കിയിരുന്നു. ജോലിക്കുപകരം ഭക്ഷണം ഇതായിരുന്നു റപ്പായേട്ടന്റെ പോളിസി. ഒരിക്കല്‍ ഫുള്‍ശാപ്പാട്‌ ടിക്കറ്റ്‌ എടുത്ത്‌ ഊണിനിരുന്ന റപ്പായേട്ടന്റെ ഇലയില്‍ വിളമ്പി കൈകഴച്ചതും ഹോട്ടലുടമവന്ന് ആദ്യം "ഡാവിട്ടു"നോക്കി പിന്നെ അനുനയത്തില്‍ റപ്പായേട്ടനെ കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കിയതും എല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളില്‍ ഒന്നുമാത്രം.
"പണിയെടുത്തുകിട്ടുന്നകാശോണ്ട്‌ എനിക്കുതന്നെ ഭക്ഷണം കഴിക്കാന്‍ തികയില്ല അതോണ്ട്‌ ഞാന്‍ കല്യാണം വേണ്ടാന്ന് വെച്ചു" അവിവാഹിതനായിതുടരുന്നതിനെകുറിച്ച്‌ റപ്പായേട്ടന്‍ പറയും.

കുട്ടികളുമായി ചങ്ങാത്തംകൂടുമ്പോള്‍ ഈ വലിയ മനുഷ്യന്‍ അവരില്‍ ഒരാളായിമാറും. ചിലര്‍ക്ക്‌ റപ്പായേട്ടന്റെ ആ വയറില്‍ ഒന്നു തൊടണം, ചില കുസൃതികള്‍ക്ക്‌ അതില്‍ ഒന്ന് ഇടിച്ചുനോക്കണം."ഇടിക്കണോണ്ട്‌ വിരോധം ഒന്നും ഇല്ല്യ പക്ഷെ ഞാനും ഒന്ന് തിരിച്ചിടിക്കും" കുട്ടിക്കുറുമ്പന്മാരോട്‌ അതേകുസൃതിയോടെ തന്നെ മറുപടിയും.

ഒടുവില്‍ ഗിന്നസ്സ്ബുക്കിലും ഒരുപാട്‌ പേരുടെമനസ്സിലും തന്റെ ഓര്‍മ്മകള്‍ ഭാക്കിയാക്കി റപ്പായേട്ടന്‍ യാത്രയായിരിക്കുന്നു.

Wednesday, December 06, 2006

ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം

ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം എന്ന മാതൃഭൂമിയിലെ വാര്‍ത്ത വളരെയധികം സന്തോഷകരമാണ്‌.അഴിമതിക്കേസില്‍ പഞ്ചാബ്‌ മുന്‍ മുഖ്യകന്ത്രി പ്രകാശ്‌ സിംഗ്‌ ബദലിനെ വിചാരണചെയ്യുന്നതിന്‌ സ്പീക്കറുടെ അനുമതിവേണോ എന്നകേസിലാണ്‌ ഈ ഉത്തരവെന്നും മാതൃഭൂമി എഴുതിയിരിക്കുന്നു.പല അഴിമതിവീരന്മാരും രക്ഷപ്പെട്ടിരുന്നത്‌ ഈ പഴുത്‌ ഉപയോഗിച്ചായിരുന്നു. അഴിമതിവീരന്മാര്‍ക്കെതിരെ നിരന്തരമായി നിയമയുദ്ധം നടത്തിയിരുന്ന അന്തരിച്ച ശ്രീ നവാബ്‌ രാജേന്ദ്രന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോകുകയാണ്‌. അദ്ദേഹത്തിന്റെ പലകേസുകളും ഈ സാങ്കേതിക കാരണത്താല്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്‌.

രാഷ്ട്രീയത്തിന്റെ മറവില്‍ ജനപ്രതിനിധിയെന്ന സ്ഥാനത്തിന്റെ തണലില്‍ അഴിമതിയും തന്നിഷ്ട്ടവും കാട്ടിക്കൂട്ടുന്നവര്‍ക്ക്‌ ഈ സുപ്രധാന വിധി ഒരു താക്കീതാണ്‌.പൈപ്പും ഇടമലയാറും അങ്ങിനെ അങ്ങിനെ എത്രകേസുകള്‍. ലാവ്‌ ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ട എന്ന് പറയുന്നതിന്റെ പുറകിലെ രഹസ്യം എന്താണെന്ന് ഊഹിക്കുവാന്‍ സാധാരണക്കാര്‍ക്ക്‌ സാധിക്കും. ഇത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങളില്‍ ഇടപെടുവാന്‍ കൂടെ കഴിയുന്ന സംവിധാനം കൂടെ വന്നാല്‍ സാധാരണക്കാര്‍ രക്ഷപ്പെടും. അതുപോലെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ നീണ്ടുപോകുന്നതും തടയണം.

Monday, December 04, 2006

സംവരണ പഠന കമ്മറ്റികളും കുട്ടികളും

ചൈനയില്‍ ഓരോ ദമ്പതിമാര്‍ക്കും ഒന്നിലധികം കുട്ടികള്‍ പാടില്ല എന്നും ഒന്നിലധികം കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക്‌ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നും ഒരു സുഹൃത്ത്‌ പറയുന്നതുകേട്ടു. സംഗതി സത്യമാണെങ്കില്‍ അത്‌ ഒരു നിലക്ക്‌ നല്ലതു മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അവിടത്തെ ആളുകളുടെ മാനസീകനിലയില്‍ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്‌. ഉദാഹരണമായി ഒരു ദമ്പതികള്‍ക്ക്‌ ഒരു പെണ്‍കുട്ടിയാണുള്ളതെന്നിരിക്കട്ടെ വിവാഹശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം താമസമാക്കുമ്പോള്‍ ഒന്നുകില്‍ അയാളുടെ വീട്ടില്‍ അല്ലെങ്കില്‍ മറ്റൊരു വീടെടുത്ത്‌ അവിടെ. രണ്ടായാലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒറ്റപ്പെടില്ലെ? അവിടെയുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജോലിചെയ്യുമെങ്കിലും രക്ഷിതാക്കള്‍ക്ക്‌ ജോലിചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മകന്‍/മകള്‍ ഒറ്റക്ക്‌ ആ കുടുമ്പത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കേണ്ടിവരില്ലെ? ഇതേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട്‌ അറിയുന്നവര്‍ എഴുതുമല്ലോ?



ഇന്ത്യയും ജനസംഖ്യയുടെ വന്തോതിലുള്ള വര്‍ദ്ധനവിനാല്‍ പുരോഗതി മന്തീഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലാണ്‌. കേരളത്തിലും അതിന്റെ പ്രത്യക്ഷമായ പ്രശ്നങ്ങള്‍ കാണാം. ഒറ്റപ്പെണ്‍കുട്ടിയുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന രാജ്യത്ത്‌ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ച്‌ ആരും ഒന്നും മിണ്ടുന്നില്ല.രണ്ടിലധികം കുട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രീണനരാഷ്ട്രീയക്കാര്‍ക്ക്‌ മടിയുണ്ടാകും എന്നാല്‍ സമ്പൂര്‍ണ്ണസാക്ഷരര്‍ ഉള്ള കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ അതും വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും 3-5 വരെ കുട്ടികള്‍ ഇന്നും കാണാം. ഇതിന്റെ പുറകിലെ അജണ്ട വേറെയാണെങ്കിലും നമ്മുടെ രാജ്യത്തോടു ചെയ്യുന്ന ദ്രോഹമായി ആരും ഇതു ഗണിക്കുന്നില്ല. കൂടുതല്‍ കുട്ടികള്‍ നാളത്തെ കൂടുതല്‍ വോട്ടുകളായി മാറും എന്ന് കരുതിയിരിക്കുന്ന രാഷ്ട്രീയ വ്യാപാരികള്‍ നാളയെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ചില കമ്മറ്റികളും കമ്മീഷനുകളും കണക്കെടുപ്പ്‌ നടത്തുമ്പോള്‍ അവഗണിക്കപ്പെട്ടു എന്ന നിഗമനത്തില്‍ എത്തും പക്ഷെ അവര്‍ ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം കണക്കിലെടുക്കാനും അതു പ്രസിദ്ധീകരിക്കുവാനും എന്തെ മടിക്കുന്നു.പക്ഷെ പിന്നെ ആകമ്മറ്റി റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒഴിവുനികത്തണം ആനുകൂല്യം നല്‍കണം എന്നൊക്കെ പറഞ്ഞു ജാഥയും തിരഞ്ഞെടുപ്പില്‍ വിലപേശലും നടക്കും

രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. മേല്‍ജാതി വിഭാഗത്തില്‍ പെട്ടുപോയി എന്ന ഒറ്റക്കാരണംകൊണ്ട്‌ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മറ്റുള്ളവരോട്‌ നീതിപുലര്‍ത്തുവാന്‍ കൂടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌.അസംഘടിതരും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഒരു വിഭാഗത്തെ സവര്‍ണ്ണര്‍ എന്ന് മുദ്രകുത്തി തിരസ്കാരിക്കുന്നത്‌ നീതിയാണോ? ഒരുകാലത്ത്‌ അവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയും മറ്റുള്ളവര്‍ക്ക്‌ വീതം വെച്ചും അവരെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയത്‌ ആരാണ്‌.അവരെ ഇന്നത്തെ അവസ്ഥയിലേക്ക്‌ എത്തിച്ചതില്‍ ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ ഉത്തവാദിത്വം ഇല്ലെ?ഇവിടെ കരയുന്നകുഞ്ഞിനേപാലുള്ളൂ എന്ന തത്വം ശരിയാണെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ മാത്രമേ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭൂരിപക്ഷത്തിനോ അവരിലെ ന്യൂനപക്ഷമായ നായര്‍ നമ്പൂതിരി മേനോന്‍ തുടങ്ങിയ വിഭാഗത്തിനോ എന്തെങ്കിലും പ്രാധാന്യം ഈ ചര്‍ച്ചകളില്‍ കാണുന്നില്ല. ആരാണ്‌ അതിനു ഉത്തരവാധികള്‍?