Tuesday, September 26, 2006

ഓണസമ്മാനം.

ഇത്തവണ ഓണായിട്ട്‌ വീട്ടിലേക്ക്‌ ഒരു ഡ്രാഫ്റ്റും പിന്നെ കൊടകരപുരാണത്തിന്റെ ഒരു കോപ്പിയും സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കുമ്പോ അറിയാണ്ടെ പണ്ടത്തെ ഒരു ഓണക്കാലം ഓര്‍ത്തുപോയി.

പണ്ടൊക്കെ ഓണായിട്ട്‌ ഗള്‍ഫീന്ന് ഫാദറിന്റെ വക പുതിയ ഷര്‍ട്ടിന്റെ തുണി,പാന്റ്‌ പീസ്‌ അതില്‍ ഭാക്കിയുണ്ടേല്‍ അനിയസിനൊരു ട്രൗസര്‍ ഇതൊക്കെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്‌.നമ്മള്‍ കേരം കേന്ദ്രത്തിനു കൊടുക്കുന്ന മാതിരി പുതിയ BSA SLR സൈക്കിള്‍,സ്ക്കൂളീന്നു ടൂറുപോകാന്‍ അനുമതിയും സാമ്പത്തികസഹായവും തുടങ്ങി ചില നിവേദനങ്ങള്‍ അങ്ങോട്ടയച്ചുകൊടുക്കും അദ്ദേം അതൊക്കെ കേന്ദ്രം ചെയ്യുന്നപോലെ പരിഗണിക്കാം എന്നുപറയും. അത്രതന്നെ.

ഗള്‍ഫിലുള്ള മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ലീവിനുവരുമ്പോള്‍ ഭാര്യസമേതം കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഒരു വരവുണ്ട്‌. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പാകുമ്പോ ബൂത്തുതലത്തില്‍ ഉള്ള സന്ദര്‍ശം പോലെ സകല ബന്ധുവീടുകളിലുംകയറും. കായവര്‍ത്തതും ചായയും കുടിച്ച്‌ അവരുടെ വക പിള്ളേഴ്‌ സിനു ചില ഉപദേശോം.ഗള്‍ഫ്‌ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ബാച്ചിലേഴ്സിനു ചില വാഗ്ദാനങ്ങള്‍.

പിന്നെ വെള്ളപ്പൊക്കത്തെകുറിച്ച്‌ പഠിക്കാന്‍ വരുന്ന കേന്ദ്ര സംഘത്തെപ്പോലെ രണ്ടുമാസം കറങ്ങിത്തിരിഞ്ഞ്‌ അവര്‍ അങ്ങുപോകും.ഒരിക്കലും അവരുടെ റിപ്പോര്‍ട്ട്‌ കേന്ദ്രത്തില്‍ എത്തുകയോ അതിന്മേല്‍ എന്ത്ങ്കിലും നടപടി ഉണ്ടാകുകയോ ഇന്നേവരെ ഉണ്ടായിട്ടില്ല.


അങ്ങിനെ ഒരിക്കല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ ഒരു ഫണ്ടിന്റേം ഭാര്യയുടേയും വരവ്‌.ഇന്നത്തെമാതിരി ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്തകാലം. മുങ്കൂട്ടിയുള്ള വിവരം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ പതിവുപോലെ ഗോലി കളിച്ച്‌ വഴിയില്‍ തന്നെയുണ്ടായിരുന്നു. വഴിക്കന്നെ കയ്യില്‍പിടിച്ച്‌ വീട്ടിലേക്ക്‌ കൊണ്ടുപോന്നു.കളി തടാസ്സപ്പെട്ടു എങ്കിലും അങ്ങോരുടെ കയ്യിലുള്ള മാള്‍ബോറോയുടെ കവറിന്റെ വലിപ്പം എന്റെ നടത്തത്തിന്റെ ഉഷാറുകൂട്ടി.

"എത്ര ദിവസം ലീവുണ്ട്‌" എന്ന പതിവു ചോദ്യത്തോടെ കുടുമ്പത്തുള്ളവര്‍ അദിഥിയെ സ്വേീകരിക്കുന്നു.ഇരുമ്പിന്റെ കസാരയില്‍ ഇരുന്ന് മെല്ലെ ചുറ്റുപാടും നിരീക്ഷിച്ച്‌ തെങ്ങിനെക്കുറിച്ചും ഗള്‍ഫിലെ ചൂടിനെക്കുറിച്ചും മറ്റും പതിയെ പൊതു ചര്‍ച്ചയിലേക്ക്‌ കടക്കുന്നു.

"മക്കളെകൊണ്ടുവരാഞ്ഞതെന്തെ?" വീട്ടിലുള്ളവരുടെ ചോദ്യം

"അവര്‍ ഇംഗ്ലീഷ്‌ മീഡിയത്തിലല്ലെ ഒരുപാടു പടിക്കാനുണ്ട്‌. പിന്നെ റ്റൂഷ്യനും." (രണ്ടുപേരും കൂടേ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച്‌ തൃശ്ശൂര്‍ രാഗത്തില്‍പോയി സിനിമേം കണ്ട്‌ പത്തന്‍സീന്ന് മസാലദോശേം കഴിച്ചിട്ടാണ്‌ വന്നിരിക്കണേന്ന് ഊഹിക്കാനുള്ള വിവരം ഒക്കെ അന്നെനിക്കുണ്ടായിരുന്നു) പിന്നെ മക്കളെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ തുടാങ്ങായി.ഇടക്ക്‌ ഒരു ഇടവേള വരുമ്പോ മാള്‍ബോറൊ പൊതി എന്റെ കയ്യിലോട്ട്‌ തന്നിട്ട്‌ ഒരു കാച്ഛാണ്‌.

"ടാ മര്യാദക്ക്‌ പഠിച്ചാല്‍ നിനക്ക്‌ സൈക്കിള്‍ വാങ്ങിത്തരാന്ന അച്ചന്‍ പറഞ്ഞിരിക്കുന്നെ. കണക്കിലും ഇഗ്ലീഷിലും എത്ര മാര്‍ക്കുണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയില്‍"

അന്തിക്കാടുസ്ക്കൂളിന്റെ വരാന്തയില്‍* നിന്നു പഠിച്ച വിദ്വാന്റെ ഈ ചോദ്യം കേള്‍ക്കുമ്പോ തന്നെ അരിശം വരും.

അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ്‌ കാണിച്ചിരുന്നത്‌ പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട്‌ ആയിരുന്നു.നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്‍മാര്‍ കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്‌. അതിനപ്പുറം കൊടുക്കാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നും അവര്‍ കണ്ടിരുന്നില്ല.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിലകൂടുതല്‍ വാങ്ങുക എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടായിട്ടാണ്‌ എനിക്കും തോന്നിയിരുന്നത്‌. അതു ശരിയായിരുന്നൂന്ന് ദാ ഇപ്പൊ ചൈന തെളിയിക്കുന്നു. എന്റെ അന്നത്തെ ഒരു ദീര്‍ഘവീക്ഷണത്തില്‍ ഇപ്പോ അഭിമാനം തോന്നുന്നു.അതുപോട്ടെ.

ചോദിച്ച ഉടനെ ഉത്തരം നല്‍കാന്‍ അവര്‍ മൈശ്രേട്ടൊന്നും അല്ലല്ലൊ. ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കപ്പെടും.
കണക്കില്‌ 17
ഇഗ്ലീഷ്‌ 14
അവര്‍ പ്രതീക്ഷിച്ച ഒരു മറുപടി തന്നെ ലഭിച്ച സന്തോഷം.

"ഇങ്ങനെ ഒന്നും ആയാപ്പോരാ. ഗ്രാമറില്‍ ഒക്കെ നല്ല വണ്ണം ശ്രദ്ധിക്കണം. "
തങ്ങള്‍ ഗള്‍ഫില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സിനോട്‌ ഇഗ്ലീഷ്‌ വെള്ളം പോലെയാണ്‌ പറയുന്നതെന്നും പിന്നെ അതിന്റെ വിശേഷങ്ങളായി.ഇതിനിടയില്‍ പുട്ടിനു തേങ്ങാപ്പീരയിടുന്നപോലെ അമ്മയുടെ വക പഠിപ്പില്‍ തീരെ ശ്രദ്ധയില്ല കളിക്കാന്‍ ഉള്ള താല്‍പ്പര്യമേയുള്ളൂ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരും.

ട്രാഫിക്ക്‌ ജാമിന്റെ ഇടയില്‍ ഓട്ടൊര്‍ഷകയറ്റുന്നപോലെ തന്റെ അവസരത്തിനു കാത്തിരിക്കുകയായിരുന്ന ഈ വിദ്വാന്റെ ഭാര്യയും അതോടെ ചര്‍ച്ചയില്‍ ഇടം പിടിക്കും.പിന്നെ അവിടെ ശ്രീകണ്ടന്‍ നായരുടെ റോളില്‍ ഇദ്ദേഹം കത്തിക്കയറും. ഇടക്കിടെ താന്‍ കടയില്‍ അറബികസ്റ്റമേഴ്സിനോട്‌ അറബിസംസാരിച്ചതും,സായിപ്പിന്റെ ഭാര്യക്ക്‌ അവീലിന്റെ പാചകക്കുറിപ്പ്‌ എഴുതിക്കൊടുത്തത്‌ തുടങ്ങിയവയും യാതോരു ദയവുമില്ലാതെ തട്ടിവിടും.എന്റെ നില്‍പ്പും ഭാവവും കണ്ടാല്‍ തന്റെ പുളുവടി ചെക്കനു രസിക്കുന്നില്ല എന്ന് ഇദ്ദേഹത്തിനു മനസ്സിലാകും അതോടെ അറബിയെ വിട്ട്‌ അടുത്തമെക്കിട്ടുകയറ്റം തുറ്റങ്ങായി.

"നിന്നെ ഒരു എഞ്ചിനീറാക്കണമ്ന്നാ അച്ഛന്‍ പറയുന്നെ."അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക്‌ നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച്‌ അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

"ഉം ഇവന്‍ ഇഞ്ചിനീരാകും ഈ നിലക്ക്‌ പോയാല്‍.വല്ല രണ്ടു പോത്തുങ്ങളേം വാങ്ങിക്കൊടുക്കന്‍ പറ കോളില്‍ പൂട്ടാന്‍ പോകാം. "
അമ്മയുടെ വക മറുപടി.

വന്നകക്ഷികള്‍ ഇന്‍ഷൂറന്‍സു ചേര്‍ത്താന്‍ വന്നവരെപ്പോലെ തല്‍ക്കാലം വിടുന്ന ലക്ഷണം ഇല്ല. "മോള്‍ക്ക്‌ 97 പേര്‍സന്റാ കഴിഞ്ഞ തവണ. യുകേജീലാണേലും രണ്ടാമത്തോനു ഡോക്ടറാകാനാ ഇപ്പോഴേ ആഗ്രഹം"."മോളെ പറ്റിയാല്‍ കലാമണ്ടലത്തീ വിടണമെന്നാ ചേട്ടന്‍ പറയുന്നെ,പനികാരണം യൂത്ത്‌ ഫെസ്റ്റിവെല്ലില്‍ ഇത്തവണ പങ്കെടുക്കാന്‍ പറ്റിയില്ല." പെണ്‍പിള്ളയുടെ വക.

"മൂത്തവാനാണിത്തവണ ക്ലാസില്‍ ഫസ്റ്റ്‌, രണ്ടാമത്തവനു കണക്കില്‍ നൂറില്‍ നൂറുകിട്ടി" തുടങ്ങിയ ചീളുകേസ്‌ നാലാളുകളുടെ മുമ്പില്‍ കാച്ചുന്ന ചില അല്‍പന്മാരായ പിതാക്കന്മാരും അവരുടെ ഭാര്യമാരും വേണ്ടത്രയുള്ള നാടാണേങ്കിലും എന്റെ പിതാശ്രീ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കൊരു മാതൃകാപുരുഷനായിരുന്നു.സ്വന്തം മക്കളെക്കുറിച്ച്‌ പൊങ്ങച്ചം അടിക്കുന്നപരിപാടി പണ്ടേ ഞങ്ങളുടെ അച്ഛനുണ്ടായിരുന്നില്ല. അതിനുള്ള അവസരം ഞങ്ങളോട്ടു കൊടുത്തിരുന്നുമില്ല.കഷ്ട്ടപ്പെട്ട്‌ ഒന്നാംസ്ഥനത്തെത്തുക പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടം ആരെക്കാണിക്കാനാ..... നാലാളോട്‌ പറഞ്ഞാ അടുത്ത പരീക്ഷ അവരു വന്ന് എഴുതിത്തരോ?


പൊങ്ങച്ചം അതിന്റെ ഉച്ചകോടിയും കഴിഞ്ഞു പിന്നേം മേളിലോട്ട്‌ പോകും.ഇതിനിടയില്‍ ഞാന്‍ മെല്ലെ അടുക്കളേല്‍ക്ക്‌ വലിയും. വല്ലതും തിന്നാന്‍ തടായോന്ന് വിചാരിച്ചിട്ടൊന്നും അല്ല.എത്ര അട ഇതിനോടകം ചുട്ടുകഴിഞ്ഞു എന്ന് നോക്കാനാ. ഈകാലനും കുടുമ്പവും ഒന്ന് ഒഴിവാകണമല്ലോ.ചായയും ഉപ്പേരിയും വെട്ടിവിഴുങ്ങി സ്ഥാനാര്‍ഥിയം കുടുമ്പവും അടുത്ത സമ്മേളനസ്ഥലത്തേക്ക്‌ പോകുമ്പൊ വില്ലേജാപ്പീസീന്ന് വരുമാനസര്‍ട്ടീഫിക്കറ്റു ലഭിച്ചവന്റെ സന്തോഷം എന്റെ മുഖത്തും പടരും.



*അന്നൊക്കെ സമരം തല്ലൂട്ടം പരീക്ഷക്ക്‌ തോല്വി തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ മികവുകാട്ടിയവര്‍ക്ക്‌ ബെഞ്ചിന്റെ മുകളിലും വരാന്തയിലും ആയിരുന്നു സ്ഥാനം.

12 comments:

paarppidam said...

ഒരു കുഞ്ഞ്യേ പോസ്റ്റുണ്ടേ.

Visala Manaskan said...

"അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക്‌ നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച്‌ അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല“

ഹഹ!

മാര്‍ക്ക് ചോദിക്കണ കാര്യം പറഞ്ഞപ്പോള്‍ എനിക്കും കുറച്ച് പറയാന്‍ തോന്നിയിട്ട് വയ്യ.

വിദ്യാഭ്യാസ യോഗം കുറഞ്ഞതുകൊണ്ട് യോഗ്യത കുറഞ്ഞുപോയ എന്റെ കുറച്ച് ബന്ധുക്കള്‍ (അതെ ഗള്‍ഫുകാര്‍ തന്നെ), എന്നെ എപ്പോള്‍ കണ്ടാലും മാര്‍ക്ക് ചോദിച്ചിരുന്നു. അവരെ വിഷമിപ്പിക്കേണ്ട എന്ന് വച്ച് ഞാന്‍ ഫുള്‍ മാര്‍ക്കില്‍ നിന്ന് വല്ല ഒന്നോ രണ്ടോ കുറച്ച് പറയും.

അങ്ങിനെ എന്റെ ഒരു വലിയ വിഭാഗം ബന്ധുക്കള്‍ മുഴുവന്‍ ഞാന്‍ അതിഭയങ്കരമായ ബുദ്ധിസാമര്‍ത്ഥ്യമുള്ള കുട്ടിയായി എന്നെ കാറ്റഗറൈസ് ചെയ്ത് പോന്നു. ആ ബേയ്സില്‍ അവര്‍ എനിക്ക് പലപ്പോഴും ഹീറോ പേന, ക്രോസ്സ് പേന, കാഷ്യോ വാച്ച്, എന്നിവയും തന്നിട്ടുണ്ട്.

ഹവ്വെവര്‍, ദൈവവും ഞാനും തമ്മില്‍ നല്ല അണ്ടര്‍സ്റ്റാന്റിങ്ങായതുകൊണ്ട് അവരുടെ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. സോ ഫാര്‍!

പുരാണം അയച്ചതറിഞ്ഞ് സന്തോഷമുണ്ട്‌.

പട്ടേരി l Patteri said...

നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്‍മാര്‍ കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്‌.
ചില പ്രയോഗങ്ങള്‍ കലക്കി, ഇങ്ങനെയൊക്കെ എഴുതും എന്നുള്ളതു ഞാന്‍ ഇന്നാണറിഞ്ഞതു, വീണ്ടും വരാം ട്ടൊ, പിന്നെ അധികവും ഞാന്‍ കമന്റൊന്നും ഇടാതെ വായിക്കുന്ന കൂട്ടത്തിലാ....അതുകൊണ്ടു കമന്റൊന്നും കണ്ടില്ലെങ്കിലും കരുതുക , എന്നെ പോലെ ഉള്ളവര്‍ ഇങ്ങനെ മിണ്ടാതെ പറയാതെ വന്നു വായിചു പോകുന്നു എന്നു...എഴുത്തു തുടരൂ, തകര്‍ക്കൂ... വാഅയിക്കാന്‍ ഞങ്ങള്‍ റെഡീ ഗഡീ :)

പട്ടേരി l Patteri said...
This comment has been removed by a blog administrator.
കണ്ണൂരാന്‍ - KANNURAN said...

ക്ലീന്‍ ആയ ഓര്‍മ്മകള്‍ തന്നെ ഒരു ഭാഗ്യമാണ്...

paarppidam said...

അന്തിക്കാട്ന്ന് ഒരു കൂട്ടം ചുള്ളന്മാര്‍ വിശാലഗുരുവിന്റെ പുരാണങ്ങള്‍ ബുക്കായി പ്രസിദ്ധീകരിക്കാന്‍ അവശ്യപ്പെട്ട്‌ ഒരു നിവേദനം യു.എ.ഇ യില്‍ ഡെപ്യൂട്ടേഷനു പോയിരിക്കുന്ന ഞങ്ങളുടെ മുന്‍ സോഷ്യോളജി പ്രോഫസ്സര്‍ ശ്രീ മനോജവര്‍കള്‍ വഴി എത്തിക്കാനുള്ള ശ്രമത്തിലാണ്‌. അവരുടെ അപേക്ഷ നിരസിക്കരുതു. ബെന്യാമീനോട്‌ ചോദിച്ചാല്‍ പ്രസാധകരുമായുള്ള ഇടപാട്സ്‌ അറിയാം. കാര്യായിട്ടാ ഈ മലയാളം ബ്ലോഗ്ഗുകളിലെ മികച്ച പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടെ കുറഞ്ഞപക്ഷം ഗള്‍ഫ്‌ വാരാന്ത്യങ്ങളില്‍ എങ്കിലും. ശ്രീ പെരിങ്ങോടനോട്‌ ഒന്നു സൂചിപ്പിക്കുക.

paarppidam said...
This comment has been removed by a blog administrator.
paarppidam said...

പട്ടേരിക്കും കണ്ണൂരാനും (കഞ്ഞികുടിമുട്ടും അതൂരിയാല്‍, വേണമെങ്കില്‍ കോണ്ടാക്റ്റ്‌ ലെന്‍സൂരാം മാഷെ)നന്ദി.

അലിഫ് /alif said...

'അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ്‌ കാണിച്ചിരുന്നത്‌ പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട്‌ ആയിരുന്നു' കിടിലന്‍ പ്രയോഗങ്ങളൊക്കെയാണല്ലോ കുമാര്‍. നന്നായിരിക്കുന്നു, ബാക്കി പോരട്ടെ.

മുസാഫിര്‍ said...

കുമാര്‍ജി,
ഗള്‍ഫുകാരന്റെ ഊതി വീര്‍പ്പിച്ച പൊങ്ങച്ചം കാണുമ്പോള്‍ ഒരു കാലത്ത് വല്ലാത്ത അസഹ്യതയായിരുന്നു.പക്ഷെ ഇപ്പോള്‍ അലോചിക്കുമ്പോള്‍ മന‍സ്സിലാക്കാന്‍ കഴിയുന്നുണ്ടു അവരില്‍ ഭൂരിഭാഗവും നാട്ടില്‍ നില്‍ക്കുന്ന കുറച്ചു നാളുകള്‍ മാത്രമേ
ജിവിതം അറിഞ്ഞിരുന്നുള്ളു എന്നതു കൊണ്ടാവാം ഇങിനെ വിഡ്ഡിവേഷം കെട്ടിയിരുന്നത്.

ബിന്ദു said...

കൊള്ളാം ട്ടൊ. നല്ല പ്രയോഗങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ അയല്‍‌ക്കാരനാണോ? ;)

paarppidam said...

മുസാഫിറേ അത്‌ വിഡ്ഡിവേഷം എന്നു മറ്റുള്ളവര്‍ക്ക്‌ തോന്നിയിരുന്നതല്ലേ അന്നത്തെ ഗള്‍ഫുകാര്‍ അത്‌ ശരിക്കും എഞ്ചോയ്‌ ചെയ്തിരുന്നു.

ആ കൂളിംഗ്‌ ഗ്ലാസ്സും മുട്ടിച്ചെരുപ്പും ഒക്കെയിട്ടുള്ള ആ വരവ്‌ ആലോചിക്കുമ്പോ ഇപ്പോ ചിരിവരുന്നു. അതേപോളെ പകര്‍ത്താന്‍ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല.

സത്യേട്ടന്‍ കേള്‍ക്കണ്ട ബിന്ദൂ, ഉള്ള സ്ഥലവും വീടും കിട്ടിയകാശിനു വിറ്റു വല്ല വിശാലേട്ടന്റെ ആറേശ്വരത്തേക്കോ ആനന്ദപുരത്തേക്കൊ പൊയ്ക്കളയും. അതോടെ അന്തിക്കാട്ടേ നല്ലവരായ നാട്ടുകാര്‍ എന്റെമേല്‍ പുലിക്കളി നടത്തും

ചെണ്ടക്കാരനും മറ്റുള്ളവര്‍ക്കും നന്ദി.