കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട് വന്തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ് ഭക്തി.ട്രേഡ് യൂണിയനുകളുടെ ശല്യം ഇല്ലാതെ ഒരുപക്ഷെ കേരളത്തില്‍ നടത്താവുന്ന അപൂര്‍വ്വം സംരഭങ്ങളില്‍ ഒന്നാണിതെന്നും പറയാം. യോഗയുടെ മെമ്പൊടിയോടെയും മന്ത്രവാദത്തിന്റെ അകമ്പടിയോടെയും ധ്യാനം പ്രാര്‍ത്ഥനതുടങ്ങിയവയുടെ പേരിലും അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളില്‍ വന്‍ പരസ്യവും നഗരങ്ങളില്‍ ഉത്സവങ്ങളും സ്വീകരണങ്ങളും ഒക്കെയായി ഇത് കേരളീയന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു. ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണെന്ന യാദാര്‍ഥ്യം മറന്നുകൂട. നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും വിപ്ലവകാരികളും (ശത്രുസംഹാര പൂജയും, മറ്റുഹോമങ്ങളും നടത്തുകയും,വാസ്തുദോഷവും രാഹുവും നോക്കി വീടുപണിയുകയും താമസിക്കുകയും ചെയ്യുന്ന ഇന്നത്തെ ഡ്യൂപ്ലിക്കേറ്റ്/ചൈനാ വിപ്ലവകാരികളല്ല)നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാഴായിക്കൊണ്ടിരിക്കുന്നു.
ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന മലയാളി ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.എന്താണ് മലയാളിക്ക് പറ്റിയത് ഒരുപക്ഷെ ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തതായിരിക്കാം.പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്നങ്ങള്‍(ആത്മവിശ്വാസക്കുറവ്, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി.കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്.
ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു. പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി/പൂജാരി/ദിവ്യന്‍/സ്ദിദ്ധന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത് ഒരു മാനസീക അവസ്തയാണ്) വീണ്ടുപ്രശ്നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ് മിക്കവാറും അവിടെ നിന്നും ലഭിക്കുക.
അടുത്തകാലത്തുണ്ടായ ശബരിമലവിവാദം പലവസ്തുതകളും പുറത്തുകൊണ്ടുവന്നു.ഒരു വ്യക്തി തന്റെ പ്രശസ്തിക്കുവേണ്ടി ചിലകാര്യങ്ങള്‍ ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഇതു ഇടവെച്ചു.മുന്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ മറ്റുപല വിവാദവിഷയങ്ങളുടേയും അന്വേഷണഫലങ്ങള്‍ പോലെ ഉള്‍പ്പെട്ട ആര്‍ക്കും പരിക്കുണ്ടാക്കാത്തവിധത്തില്‍ ഉള്ളതാകാമെങ്കിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സാമാന്യജനത്തിനു കാര്യങ്ങള്‍ ബൊധ്യമായിട്ടുണ്ട്.
മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില "ഇന്‍സ്റ്റന്റ്" അല്‍ഭുത രോഗശാന്തി.ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഹിപ്നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്നോട്ടിസം കൊണ്ട് അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കും?
മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ് പലപ്പോഴും ഇത്തരം അനാരോഗ്യപ്രവണതകള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ് ഒരു ശരാശരിമലയാളിയുടേത്. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ് ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്. പിന്നെ ചില ദിവ്യന്മാരുടെ അനുയായി എന്നുപറയുന്നത് ഒരു സോഷ്യല്‍ സ്റ്റാറ്റസ് സിംബലായിമാറിയിരിക്കുന്നു. വീണ്ടും ഒരു സാസ്കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കുന്നു എന്നതാണ് യാദാര്‍ത്ഥ്യം.
സ്വാമി വിവേകാനന്ദന്റെ "കേരളം ഒരു ഭ്രാന്താലയമാണെന്ന്" ഐത്തവും ജാതിവ്യവസ്തയും നടമാടിയിരുന്ന കേരളത്തെക്കുറിച്ച് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ പ്രസിദ്ധമായവാക്കുകള്‍ കേരളത്തെ സമ്പന്തിച്ചിടത്തോളം അനുദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
Thursday, December 21, 2006
Subscribe to:
Post Comments (Atom)
10 comments:
ഒരു പോസ്റ്റുണ്ട്
:)
ഞാനും ഇതിനെപ്പറ്റി ഒരു കഥ ഇട്ടിട്ടുണ്ട്. ചെറിയൊരു കഥ.
http://suryagayatri.blogspot.com/2006/08/blog-post_14.html
തലക്കെട്ടിലെ അക്ഷരപ്പിശക് തിരുത്തുമല്ലോ.
എനിക്കു തോന്നുന്നുത് .....എല്ലാവരും i mean ബഹുഭൂരിപക്ഷമിപ്പൊഴും അപ്പൊഴും ഒരു റോള്‍ മോഡല്‍ തേടുന്നു, ആരാധിക്കാന്‍ ബിംബങ്ങള്‍ തേടുന്നു,
പണ്ടു നമുക്കു "കലര്‍പ്പില്ലാത്ത" പലതും അതിനായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു..ഇപ്പൊ എല്ലാം തന്നെ കൊമ്മെര്‍ഷ്യലൈസ് ചെയ്യപ്പെട്ട കാലം .എല്ലാം തന്നെ ഒര്‍ഗനൈസ് ചെയ്യപെടുന്ന രീതി നിലവില്‍ വന്നു..ഭക്തി അടക്കം എല്ലാം.
ഇപ്പൊള്‍ ഇതു വിജയിക്കുന്നവേറ്റ് ലോകമാണു പരാജിതനേ ലോകം അംഗീകരികുന്നില്ല..പരാജയങ്ങള്‍ പങ്കു വക്കാനും ആരും മുതിരുന്നില്ല.പണ്ടൊക്കെ സുഹ്രുത്തുക്കൊളൊ ബന്ധുക്കളൊ ഒക്കെ ചുറ്റും ഉണ്ടായിരുന്നില്ലെ ,അവര്‍ക്കതിനു സമയം ഉണ്ടായിരുന്നില്ലെ? നമുക്കതിനു മടിയും ഇല്ലായിരുന്നു.
ഇപ്പൊ പരിചയക്കാരെ ഒഴിവാക്കി താങ്ങിനും തണലിനുമായി പുതിയ ഇടം തിരയുന്നുവര്‍ക്കു, പഴി ചാരനും സ്വയം സമാശ്വസിപ്പിക്കാനുമായി എന്തെങ്കിലും തേടുന്നവര്‍ക്കു കെണി ഒരുക്കി ബുദ്ധിമാന്മര്‍ അരങ്ങു വാഴുന്നു..
ആള്‍ ദൈവങ്ങള്‍ ചിലരെങ്കിലും പാവങ്ങള്‍ .. .അതിനെ മുതലെടുക്കാന്‍ ചിലര്‍ ദുഷ്ട ലാക്കോടെ ചൂറ്റും കൂടുന്നു..അവരാണു ആ ആള്‍ ദൈവത്തെയും നമ്മെയും ദാഷിണ്യമില്ലാതെ ചതിക്കുന്നതു.
kumar.
സംവാദ പ്രസക്തിയുള്ള വിഷയമാണു്. പക്ഷെ എങ്ങും തൊടുന്നില്ലല്ലോ? മതങ്ങളും ഇരുകാലി ദൈവങ്ങളുടേയും കാര്യം പറയുകയാണെല്ലോ വല്ല ച ര്‍ച്ചയും നടക്കുന്നുണ്ട് എന്ന് കരുതി വന്നതാണു. cod liver oil capsule വിഴുങ്ങുന്ന മട്ടില്‍ അവതരിപ്പിച്ചതല്ലതെ പരിഹാരങ്ങളും കൂടി പറഞ്ഞു തരു. ജനം പഠിക്കട്ടെന്ന്.
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളേയും വെല്ലു വിളിച്ച ഒരു പരമ്പര്യം നമുക്കുണ്ടായിരുന്നു. 1970 കളില്‍ അതിന് തുടക്കമിടുന്നത്. എന്നാല്‍ കാലക്രമത്തില്‍ അന്നത്തെ വിപ്ലവകാരികള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം പിന്നീട് തിരികെ കിട്ടിയില്ല എന്നതാണ് സത്യം.
പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളായിരുന്നു 70 കളില്‍ ഉണ്ടയിരുന്നത്. അതിന്റെ യുക്തി ഭദ്രതയേ ഒക്കെ ചോദ്യം ചെയ്യാനും തിരുത്താനും അവര്‍ തയ്യാറായി. അതിന്റെ മാറ്റം സമൂഹത്തിന് ഉണ്ടാകുകയും ചെയ്തു. എന്നാല്‍ മാറ്റം ആരംഭിക്കുന്നത് 90 കളിലാണ്. അത്ഭുത രോഗ ശാന്തിയിലൂടെയാണ് ഭക്തി മാര്‍ക്കറ്റ് തിരിച്ചു വന്നത്. പ്രൊട്ടസ്റ്റന്റുകാരും കരിസ്മാിക്കുകാരുമായിരുന്ന് ഇതിന്റെ പ്രചാരകര്‍. പിന്നെ അത് എല്ലായിടത്തേക്കും വ്യാപിക്കുകയയിരുന്നു.
പിന്നെ പുതു തലമുറ വിശ്വാസത്തെ യുക്തി ഭദ്രമായി ചോദ്യം ചെയ്യാന്‍ മടിക്കുന്നു എന്നതും ഒരു വസ്തുതായാണ്. ഇപ്പോള്‍ എല്ല്ലാവരും ചോദിക്കുന്നത് ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാത്ത എത്രയോ കാര്യങ്ങളുണ്ട് അപ്പോള്‍ ഈ വിശ്വാസങ്ങളെൊക്കെ സത്യമാണെന്ന് നാളേ തെളിയിക്കപ്പെടില്ലാ എന്ന് ആരു കണ്ടു എന്ന്. ചൊവ്വാ ദോഷം കാരണം 30 വയസോളമായ പല പെണ്‍കുട്ടികളേയും എനിക്കറിയാം അവരെല്ലാവരും ശക്താമായിത്തന്നെ ഇതില്‍ വിശ്വസിക്കുന്നുണ്ട്. ഇതിന്റെ ശാസ്തീയതയേക്കുറിച്ചൊന്നും അവര്‍ക്ക് കേള്‍ക്കുകയേ വേണ്ട.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു കാലഘട്ടമാണിത്. നമ്മുടെ മനസ്സുകള്‍ അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞു. ചെറിയ (മിക്കവാറും അത് യാഥര്‍ഛികമാകും) അനുഭവങ്ങള്‍ പോലും നമ്മേ അന്ധവിശ്വാസിയക്കികളയും.
തീര്‍ച്ചയായും നന്നായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.
മലയാളിയേക്കാള്‍ പണ്ട് തമിഴരായിരുന്നു പുരോഗമനവാധികള്‍. അമ്പലങ്ങള്‍ കത്തിച്ചു കളയണമെന്ന് ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി പ്രഖ്യാപിച്ച പെരിയോരും, യുക്തിവാദികളുടെ പാര്‍ട്ടിയായ ഡി.എം.കെ യും.
കേരളത്തില്‍ ഇടതുപക്ഷം കൊണ്ടുവന്ന ശക്തമായ യുക്തിവാദ പശ്ചാത്തലം പിന്നീട് എന്നോ കൈവിട്ടുപോയി. ഇടതുപക്ഷം കേരളത്തില്‍ വേരോടിയത് 40കളില്‍ അവര്‍ നടത്തിയ വ്യവസ്ഥിതിയെ വെല്ലുവിളിക്കല്‍ കൊണ്ടാണ്. അന്നത്തെ കാലത്ത് കേട്ടാല്‍ ഞെട്ടലുളവാക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്തു. കുടുമ മുറിക്കല്‍, നായരും നമ്പൂരിയും പുലയന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നു, അവനെ സഖാവേ എന്ന് വിളിക്കുന്നു. ഇതൊക്കെ അന്നത്തെ വ്യവസ്ഥിതി അനുസരിച്ച് വിപ്ലവം തന്നെയായിരുന്നു.
പിന്നീട്, മേല്‍പ്പറഞ്ഞതെല്ലാം ഒരു പുതുമയില്ലാത്ത സംഭവമായപ്പോള്‍ ഇടതുപക്ഷത്തിനും മുരടിപ്പ് വന്നു. അമ്പലത്തില്‍ പോകാത്ത സഖാക്കള്‍ ഭാര്യയേയും മക്കളേയും അമ്പലത്തില്‍ പടി വരെ കൊണ്ടന്നാക്കാന്‍ റെഡിയായി. കൂട്ടത്തില്‍ മൌനപ്രാര്‍ത്ഥനയും!
എത്രയോ കാര്യങ്ങള്‍ വ്യവസ്ഥിതിയെ തകിടം മറിക്കാന്‍ ഇടതിന് ചെയ്യാന്‍ കഴിയുമായിരുന്നു? 40-50-60 കളില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ അത് അങ്ങനെതന്നെ ചെയുന്നവരായിരുന്നു 99.99% പ്രവര്‍ത്തകരും. ഇനി, പാര്‍ട്ടിക്കാര്‍ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കില്ല എന്ന ഒരൊറ്റ തീരുമാനം കൊണ്ട് കേരളാത്തെ മാറ്റിമറിക്കാമായിരുന്നു! അതിനു പകരം, ഈയെമ്മെസ്സിന്റെ മക്കളും, നായനാരുടെ മക്കളും എല്ലാവരും സ്വന്തം മതം ജാതി ഉപജാതി വ്വരെ നോക്കി കല്യാണം കഴിച്ചു.
70കളില്‍ ഉണ്ടായ ഇടതിന്റെ (നക്സല്‍) ഉയര്‍ത്തെഴുന്നേല്‍പിനോട് എനിക്ക് വലിയ ഭഹുമാനം തന്നെ ഉണ്ടായിരുന്നു -അജിതയുടെ ആത്മകഥ വായിക്കുന്നതു വെരെ. പിന്നീട് മനസിലായി അതൊരു നനഞ്ഞ പടക്കം മാത്രമായിരുന്നെന്ന്.
70കളിലെ കാമ്പസ്സായിരുന്നു കാമ്പസ്സ് എന്നൊക്കെ ആള്‍ക്കാര്‍ വീമ്പടിക്കുന്നത് കാണാം. അന്നത്തെ ഒരേയൊരു ഗുണം, അന്ധവിശ്വാസത്തെ പുച്ഛിച്ചിരുന്നവരായിരുന്നു അവര്‍ എന്നതാണ്.
-90കളില്‍ മതത്തിലേക്ക് തിരിച്ചുപോകുന്നതാണ് കാണുന്നത്. വായനശാലകളുടേയും, ആര്‍ട്സ് & സ്പോര്‍ട്സുകളുടേയും സ്ഥാനത്ത് സായി സംഘവും, അമൃത യൂണിറ്റുകളും, ശ്രീശ്രീശ്രീയും ഒക്കെ പൊന്തി വന്നു.
!എന്തിന് സാക്ഷാല്‍ ഈയെമെസ്സ് കൊച്ചുമകന് ചോറൂണിന് ദൈവത്തിന്റെ മുന്നിലിരുന്ന് കൊടൂക്കുന്ന ഫോട്ടോ വരെ കണ്ടു. പാര്‍ട്ടി പുറത്താക്കിയ ഉടനേ സാക്ഷാല്‍ ഗൌരിയമ്മെ ഗുരുവായൂരിലേക്കോടി.!
സാമാന്യ ജനങ്ങളിലെ പുരോഗമന ചിന്തകള്‍ നിലയ്ക്കാന്‍ കാരണം (എനിക്ക് തോന്നിയത്)
1. ടി.വി സാര്‍വത്രികമായതോടെ സന്ധ്യയ്ക്ക അതിന്റെ മുന്നില്‍ ചടഞ്ഞിരിന്നു തുടങ്ങി. വായനശാലകള്‍ ശുഷ്കമായി. കാരംസ് കളിക്കാന്‍ പോലും ആരും വരാതായി. സമൂഹത്തില്‍ എന്തു നടക്കുന്നു എന്ന് തിര്‍ച്ചറിയാനാവത്ത ഒരു 'ബ്രോയിലര്‍' തലമുറ -അന്ധതയുടെ തലമുറ വളര്‍ന്നു വരുന്നു.
2. വീടുകള്‍ക്ക് മതിലുകള്‍ വന്നത്. -ഇതൊരു വലിയ സംഭവമായി എനിക്ക് തോന്നുന്നു. മതിലുകള്‍ മനസില്‍ ആയിരുന്നു ശരിക്കും പണിതത്.
3. ഇതിനിടയില്‍ പണ്ട് ഇടത് ചെയ്തിരുന്നതുപോലെ റിക്രൂട്ട്‌മന്റ് ഇപ്പോള്‍ ആര്‍ എസ് എസ് നടത്തുന്നു. അവര്‍ മാത്രമേ നടത്തുന്നുള്ളൂ. സി.പി.എം ഇപ്പോള്‍ ആ പരിപാടി നിര്‍ത്തി. സായി, അമൃത ശ്രീ, ഇങ്ങനെയുള്ളാ ഭജനാസംഘങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ആര്‍ക്കാണ് എളുപ്പം? ഇടതിനോ ഒറിജിനല്‍ വലതിനോ?
ഓടോ: ഇതെഴുതുന്ന ആള്‍ യുക്തിവാദികളോട് വലിയ ബഹുമാനമുള്ള ആളാണ്. എന്നാല്‍ യുക്തിവാദി ആകാന്‍ ധൈര്യവുമില്ലാത്തവന്‍. അതുപോലെ പഠനകാലഘട്ടത്തില്‍ കെ.എസ്.യു വിനു വേണ്ടി എസ്.എഫ്.ഐ യുടെ തല്ല് വാങ്ങിയവനും. ഇപ്പോള്‍ എല്ലാം പുറത്തു നിന്ന് വീക്ഷിക്കാന്‍ കഴിയുന്നതുകൊണ്ടാണ് മെള്‍പ്പറഞ്ഞത് എഴുതിയത്.
ഈ വിഷയത്തില്‍ സങ്കുചിതന്റെ കഴ്ചപ്പാടുകളോട് ഞാന്‍ യോജിക്കുന്നു.
ആള്‍ദൈവങ്ങളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും പറയുമ്പോള്‍ അതേറെയും ഹിന്ദുക്കള്‍ക്കിടയിലാണല്ലോ?.
അതിനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് ഇങ്ങനെയാണ്.
ഹിന്ദു വിഭാഗത്തില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ക്കാനും ഖണ്ഡിക്കാനും ഉള്ള ആയുധങ്ങള്‍ നമ്മുടെ യുക്തിവാദികള്‍ കണ്ടെത്തുന്നതും, സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുള്ള വേദങ്ങളിലെയും ഉപനിഷത്തുകളിലെയും ശ്ലോകങ്ങളും, സൂക്തങ്ങളും വ്യാഖ്യാനിച്ച് അവയില്‍ നീന്നു തന്നെയാണ്. അതിനര്‍ഥം ആദ്യകാലത്ത് എഴുതപ്പെട്ടിട്ടുള്ള സംഹിതകളൊന്നും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വളം വെച്ചു കൊടുക്കുന്നവ അല്ല എന്നല്ലേ?.
ഇടതു പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളും സംസ്കൃതം, വരേണ്യവര്‍ഗം അവരുടെ മര്‍ദ്ദനോപാധിയാക്കി ശൂദ്രനെ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും വിലക്കി, എന്നൊക്കെ വിലപിച്ചുനടന്നു എങ്കിലും നാട്ടിലാദ്യം അധികാരത്തിലേറിയ അവരും ഭൂമി എല്ലാവര്‍ക്കും ലഭിക്കണം എന്നല്ലാതെ അറിവുകളിലേക്കുള്ള കവാടവും എല്ലാവര്‍ക്കും മുന്നില്‍ തുറന്നിടുന്ന കാര്യത്തില്‍ പാളിച്ച സഭവിച്ചില്ലേ എന്നൊരു സംശയം.
അതായത് സവര്‍ണ്ണനെപ്പോലെ തന്നെ അവന്റെ വിദ്യയേയും പുച്ഛിച്ചു തള്ളിയതു കൊണ്ടല്ലേ സംസ്കൃത വിദ്യാഭ്യാസം എന്നത് ഇപ്പോഴും ഒരു വിഭാഗത്തിന്റെ മാത്രം കൈയിലിരിക്കുന്നതും അവരൊക്കെ ഇത്തരം ഭക്തിവ്യവസായം തുടരുന്നതിനും കാരണം.
ഏതോ ഒരു പഴയ സിനിമയിലെ ഒരു രംഗം ഓര്‍മ്മയില്‍ വരികയാണ്.
വായിക്കാനറിയാത്ത മാതാപിതാക്കള്‍ക്കു മകന്റെ കത്തുവായിച്ച് കൊടുക്കുന്നത് മറ്റൊരാള്‍ .ഓരോ പ്രാവശ്യം വായിക്കുമ്പോഴും ഏറ്റവുമവസാനം കത്തിലില്ലാത്ത ഒരുവരി അയാള്‍ കൂട്ടിച്ചേര്‍ത്തു വായിക്കും “ഈ കത്തു വായിക്കുന്ന നമ്മുടെ .......ചേട്ടന് നിങ്ങള്‍ .....രൂപാ കൊടുക്കണം “ .ഇതു കേള്‍ക്കുന്ന അപ്പനമ്മമാര്‍ സന്തോഷപൂര്‍വം കശു കൊടുത്ത് കക്ഷിയെ യാത്രയാക്കും.
ഇതു തന്നെയല്ലെ ഇന്നത്തെ പരിഷ്കൃത സമൂഹത്തിന്റെയും സ്ഥിതി.
എല്ലാ മതഗ്രന്ഥങ്ങളുടെയും വ്യാഖ്യാന വ്യതിചലനങ്ങളിലൂടെ അവയുടെയെല്ലാം സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇതിനൊരവസാനമെന്നുണ്ടാവുമോ അന്നു മാത്രമേ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുകയുള്ളൂ.അതിനു വേണ്ടത് പ്രസ്തുത ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള ഭാഷകള്‍ സാധാരണക്കാരനു കൂടി എളുപ്പത്തില്‍ മനസ്സിലാവുന്ന അത്രയും സര്‍വത്രികമാക്കുക എന്നുള്ളതാണ്.
മറ്റെല്ലാ മതവിഭാഗങ്ങളിലും അതിനുള്ള ശ്രമങ്ങളെങ്കിലും നടക്കുമ്പോള്‍ ഹിന്ദുക്കളില്‍ നിരുത്സാഹപ്പെടുത്താനുള്ള പ്രവണതായാണ് കാണപ്പെടുന്നത്.
അപേക്ഷകളിലും മറ്റും ജാതിയും മതവും എല്ലാം രേഖപ്പെടുത്താമെങ്കിലും അതു വാമൊഴിയില്‍ പറഞ്ഞാല്‍ വര്‍ഗ്ഗീയവാദിയെന്ന മുദ്ര പതിഞ്ഞേക്കുമോ എന്ന പേടിയോടെ ജീവിക്കുന്നവന്‍ ഇനി സംസ്കൃതം സര്‍വത്രികമാക്കണം എന്നു കൂടി പറഞ്ഞാല്‍ പിന്നെ പറയേണ്ടതുണ്ടോ, അവനതു തന്നെ.?!...
ഡിസ്‌ക്ലെയ്മര്‍:
മുന്‍കൂര്‍ ജാമ്യം:ഞാന്‍ ജന്മം കൊണ്ട് ഹിന്ദു അയതു കൊണ്ട് അതിലഭിമാനം കൊള്ളുന്നു, മറ്റാരെയും അപമാനിക്കാന്‍ ആഗ്രഹിക്കുന്നുമില്ല .പക്ഷെ കര്‍മ്മം കൊണ്ടു ഒരു മനുഷ്യനാകാനാഗ്രഹിക്കുന്നു.
കുമാറെ,
കൊള്ളാം, ഇതെഴുതാനുള്ള ധൈര്യത്തെ ബഹുമാനിക്കുന്നു.
കിരണിന്റെയും സങ്കുചിതമനസ്കന്റെയും വിശദീകരണങ്ങള്‍ കുറിക്കു തന്നെ.
യുക്തിവാദികളാണെന്നിന്നാരും പരസ്യമായിപ്പറയാനിഷ്ടപ്പെടാത്തൊരവസ്ഥയാണുള്ളത്. അതിന്റെ കാരണങ്ങളിലൊന്നു അവരുടെ തന്നെ ചില പ്രവര്‍ത്തനങ്ങള്‍ മൂലവും യുക്തിഭദ്രമല്ലാത്ത ചില വാദങ്ങളില്‍ക്കൂടെയും സൃഷ്ടിച്ചെടുക്കപ്പെട്ട ചില അബദ്ധ ധാരണകളാണു.
ഒന്നു : യുക്തിവാദികളെല്ലാത്തിനേയും അന്ധമായെതിര്‍ക്കുന്നവരാണു്, അഹങ്കാരികളാണു്, ധിക്കാരികളാണു്. ഇതിലെല്ലാം പൊതുവായി അടങ്ങിയിരിക്കുന്നത് സ്വീകാര്യതയില്ലായ്മയാണു
രണ്ട്: നേരെ മറിച്ച് വിശ്വാസികള്‍ വിനയത്തിന്റെ നിറകുടങ്ങളാണു, നിലവിലുള്ള വിശ്വാസങ്ങളോടു കലഹിക്കാത്തവരാണു, അതിലൂടെ സ്വീകാര്യതയുള്ളവരുമാണ്.
യുക്തിവാദിയായ ഒരു നായകനെയെങ്കിലും ഇന്നു സിനിമകളില്‍ കാണാനാകുമോ.? നായികയുടെ കാര്യം പോട്ടെ ! ശാലീന സൌന്ദര്യത്തില്‍ യുക്തിക്കു സ്ഥാനമില്ലെന്നുമാത്രമല്ല സ്വീകാര്യവുമല്ല.
വിപ്ലവം കളഞ്ഞുപോയ ഇടതുപക്ഷവും മറ്റൊരു കാരണം
പിന്നെ ശാസ്ത്രമൊക്കെ പഠിച്ചിട്ടും ശാസ്ത്രബോധമില്ലാത്തത് അത് മാര്‍ക്കിനുവേണ്ടി പഠിച്ചതുകൊണ്ടുമാത്രമാണു്. ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ തിര്‍ഞ്ഞെടുക്കുന്നത് ശാസ്ത്രത്തിലുള്ള താല്പര്യം കൊണ്ടല്ലതാനും, മറിച്ച് ജോലി, ശമ്പളം, സ്റ്റാറ്റസ് ഇതൊക്കെയാണു്. വേറെ പണിയൊന്നും കിട്ടാത്തവരാണു അധ്യാപകരാവുന്നതും ഒരു കാരണമാണു്. അതു കൊണ്ടാണു “ ശാസ്ത്രത്തിനിതിനു വിശദീകരണമുണ്ടോയെന്ന“ മണ്ടന്‍ ചോദ്യങ്ങള്‍ക്കുമുന്നില്‍ മൂകരാകുന്നത്.
പിന്നെ സങ്കുചിതന്‍ മാഷു പറഞ്ഞപോലെ മതിലുകള്‍, റ്റി. വി. ഒക്കെ കവര്‍ന്നെടുത്ത സമയങ്ങള്‍ സാമൂഹ്യ ഇടപെടലുകളുടേതാണു്. ചുവരുകള്‍ക്കുള്ളിലേക്കുള്ള ചുരുങ്ങല്‍! ഒറ്റപ്പെടലാണു ഭക്തിയുടെയും അന്ധവിശ്വാസങ്ങളുടേയും മേച്ചില്‍പ്പുറങ്ങള്‍.
സത്യത്തില്‍ ബ്ലോഗിലെ കൂട്ടായ്മയുടെ ഒരു സാധ്യത ഈ ഒറ്റപ്പെടലില്‍ നിന്നുള്ള വര്‍ച്യുവല്‍ മോചനമാണു. കൂടുവിട്ട് മീറ്റുകളും മറ്റും ഒരുക്കുന്നത് നല്ല ലക്ഷണം തന്നെ.
എല്ലാവര്‍ക്കും നന്ദി. പിന്നെ അല്‍പ്പം തിരക്കിലാണ്. തീര്‍ച്ചയായും മറുപടി എഴുതുന്നതാണ്.
s.kumar
കൈപ്പിള്ളി ഞാന്‍ വിഷയം അവതരിപ്പിച്ചു എന്നെ ഉള്ളൂ. ചര്‍ച്ച തുടരാലോ? താങ്കള്‍ പറഞ്ഞതുപോലെ cod liver oil capsule പരുവത്തിലാണെങ്കിലും അതിനകത്തു കാര്യങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. പേരെടുത്തുപറഞ്ഞില്ലേലും കാര്യങ്ങള്‍ ഉണ്ടല്ലോ?
കിരണ്‍:
ഇന്നത്തെ പ്രശനം ഒരു പരിധിവരെ ഞാന്‍ എഴുതിയപോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട തലമുറയും ആവശ്യത്തിനു കൗണ്‍സിലര്‍മാരുടെ അഭാവവുമാണ്. ഉള്ള കൗണ്‍സിലര്‍മാരുടെ സേവനം ആളൂകള്‍ പ്രയോജനപ്പെടുത്തുന്നുമില്ല.
സങ്കുചിതന്‍ വളരെ വസ്തുനിഷ്ടമായി തന്നെ എഴുതിയിരിക്കുന്നു.പുതുമയില്ലാഞ്ഞതുകൊണ്ടല്ല ഇടതുപക്ഷത്തെ തല്‍പ്പരകക്ഷികളും വര്‍ഗ്ഗെയവാദികളും പരസ്യമായും രഹസ്യമായും ഇടതുപാര്‍ട്ടികളില്‍ കയറിക്കൂടി ഇടപെടാന്തുടങ്ങിയതോടെ ബാധിച്ച അപചയം തന്നെയാണിതിനു കാരണം.
ഈയ്യെമ്മസ്സും.നായനാരും അല്ലാതെ ഒത്തിരി ത്യാഗങ്ങള്‍ സഹിച്ച സഖാക്കളും കുടുമ്പവും ആരാലും അറിയാതെപോയിട്ടുണ്ട്.നക്സല്‍ പ്രസ്താനത്തിലാണ് അല്‍പമെങ്കിലും മിശ്രവിവാഹിതരെകാണുവാന്‍ സാധിക്കുക്.
90 കളില്‍ ഉണ്ടായ സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ പിന്നെ മറ്റൊന്ന് അണുകുടുമ്പങ്ങളുടെ വര്‍ദ്ധനവ് എന്നിവയും ഇടതുപക്ഷം എന്നത് ഇപ്പോള്‍ കേവലം ഒരു ആള്‍ക്കൂട്ടമായി മാറുകയും നേതൃത്വം പ്രത്യയശാസ്ത്രപരമായ/ആശയപരമായ ഭിന്നിപ്പിനുപകരം മറ്റു ചില തല്‍പ്പര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള തമ്മിലടിയിലേക്ക് അധപതിച്ചുപോയി.
പൊതുവാള്‍:
ഹിന്ദുമതത്തില്‍ കര്‍ശനമായ ചിട്ടകളോ നിയന്ത്രണാധികാരമുള്ള കേന്ദ്രങ്ങളോ ഇല്ല എന്നതാണ് സത്യം. പിന്നെ ജാതി അടിസ്ഥാനത്തില്‍ തരം തിരിന്‍ഞ്ഞു പരസ്പരം മല്‍സരിക്കുന്ന ഒരു വിഭാഗം ആളുകള്‍ എന്നതിനോട് യോജിക്കുന്നു. ഹിന്ദുത്വവല്‍ക്കരണം നടക്കുന്നുണ്ട് എന്നതിനോട് യോജിക്കുവാന്‍ കഴിയുന്നില്ല. കാരണം മറ്റു വിഭാഗങ്ങളിലേക്ക് ഹിന്ദുക്കളെ മാറ്റുന്ന/മാറുന്ന പ്രവണതയാണ് വര്‍ദ്ധിച്ചുവരുന്നത്.മാത്രമല്ല ഹിന്ദുക്കള്‍ കേരളത്തില്‍ വര്‍ഗ്ഗീയമായി സംഘടിതരല്ല എന്നതാണ് യാദാര്‍ത്ഥ്യം. (ചില മാധ്യമങ്ങളും മാര്‍ക്കിസ്റ്റുപാര്‍ട്ടിയും പ്രചരിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ്)
നളന്റെയും പ്രിയംവദയുടേയും കാഴ്ചപ്പാടിനോട് യോജിക്കുന്നു.
Post a Comment