Friday, August 14, 2009

സ്വാതന്ത്രദിനാശംസകൾ

സ്വാതന്ത്രത്തിന്റെ മറ്റൊരു പൊൻ പുലരികൂടെ നമ്മളെ തേടിവന്നിരിക്കുന്നു.രാജ്യമെങ്ങും ആഹ്ലാദത്തോടെ ഈ ദിനം കൊണ്ടാടുന്നു.ഭീകരന്മാരുടേയും H1N1ന്റേയും ഭീഷണികൾ ഉണ്ടെങ്കിലും രാജ്യസ്നേഹികൾക്ക്‌ അതൊന്നും ഒരു തടസ്സമാകുന്നില്ല.അറുപതു പതിറ്റാണ്ടുകൾക്ക്‌ പുറകിൽ ഒരു ആഗസ്റ്റ്‌ 15 ന്റെ പൊൻ പുലരി പിറന്നത്‌ ചരിത്രത്തിലെ അനശ്വരമുഹൂർത്തത്തിന്റെ വിളംഭരവുമായിട്ടായിരുന്നു.ഇരുൾമൂടിയ അസ്വാതന്ത്രത്തിന്റെ ദിനങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇന്ത്യയെന്ന സ്വതന്ത്രരാജ്യത്തിന്റെ പിറവി.ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കിരാതഭരണത്തിനു വിരാമമിട്ടുകൊണ്ട്‌, കൊടും പീഠനങ്ങൾ ഏറ്റുവാങ്ങി ചരിത്രത്തിൽ ഇനിയും പേരു രേഖപ്പെടുത്തത്തിയതും രേഖപ്പെടുത്താത്തതുമായ അനേക ജന്മങ്ങളുടെ ത്യാഗത്തിന്റെ കൂടെ ഫലമായി ലഭിച്ച സ്വാതന്ത്രം. ആ മഹദ്‌ വ്യക്തികളെ നന്ദിയോടെ സ്മരിച്ചുകൊണ്ടും ആണവക്കാരാറിന്റേയും ആയുധക്കരാറിന്റേയും അതുപോലെയുള്ള നിരവധി കരാറുകളുടെയും പേരിൽ അമേരിക്കക്കും മറ്റു സാമ്രാജ്യത്വ ശക്തികൾക്കും ഒരു ജനതയെ വിധേയപ്പെടുത്തുന്ന ഭരണകൂടത്തെ നിശ്ശബ്ദരായി പേറുന്ന ജനതയ്ക്കുവേണ്ടി മാപ്പപേക്ഷിച്ചുകൊണ്ടും ഞാൻ ഈ സ്വാതന്ത്രദിനം ആഘോഷിക്കുന്നു.

ലോക രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയജനാധിപത്യരാജ്യമായി നാം നിൽക്കുമ്പോൾ അത്‌ നമുക്ക്‌ അഭിമാനകരമായ ഒരു നേട്ടം തന്നെ ആണ്‌.എന്നാൽ വോട്ടുബാങ്ക്‌ രാഷ്ടീയം നമ്മുടെ ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌.രാഷ്ടീയ-മത കൂട്ടുകെട്ടുകൾ ജനങ്ങളെ വർഗ്ഗെയമായി വേർത്തിരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നു.ഇത്‌ ആത്യന്തികമായി രാജ്യത്തിന്റെ കെട്ടുറപ്പിനെ ആണ്‌ ഭാധിക്കുക. വർഗ്ഗീയതയുടേയും അങ്കുചിതമായ പ്രാദേശികവാദത്തിന്റേയും ദുർഗ്ഗന്ധം വമിക്കുന്ന ചതുപ്പുകളിലേക്ക്‌ വലിച്ചിഴക്കാതെ സ്വാതന്ത്രത്തിന്റെ മഹത്വം മനസ്സിലാക്കുവാൻ പുതിയ തലമുറയെ സഹായിക്കുകയും അതിനെ സംരക്ഷിക്കുവാൻ സന്നദ്ധരാക്കുകയും ചെയ്യുകയാണ്‌ സാമുദായിക രാഷ്ടീയ പ്രവർത്തകർ ചെയ്യേണ്ടത്‌.സകലതിനേയും വർഗ്ഗീയമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ചിന്തകൾ നമ്മുടെ സമൂഹത്തിൽ വേരൂന്നതിന്റെ ഭവിഷ്യത്തുക്കൾ നാം അനുഭവിക്കുവാൻ ഇരിക്കുന്നതേ ഉള്ളൂ.വർഗ്ഗ/ലിംഗ/ജാതി വ്യത്യാസമില്ലാതെ അടിമത്ത്വത്തിന്റെ ഇരുണ്ടനാളുകളിൽ ഒരു ജനതാക്കകെ ആവേശംപകർന്ന വന്ദേമാതരവും ജനഗണമനയും പോലും ഇന്ന് അപൂർവ്വമായി മത്രം ചൊല്ലപ്പെടുന്നു.ജാതിമത ബേധമന്യേ ജനങ്ങൾ ഒന്നിച്ചു ചൊല്ലിയ ദേശഭക്തിഗാനങ്ങൾ പോലും വർഗ്ഗീയമായ നിറം കലർത്തുവാൻ തുനിയുന്നു ചില രാജ്യദ്രോഹികൾ.ഒന്നിച്ചുനിൽക്കേണ്ട യുവതലമുറ വേറെ വേറെ ചേറിയിൽ നിന്നുകൊണ്ട്‌ സ്വാതന്ത്രദിനപരേഡുകൾ സംഘടിപ്പിക്കുന്നു.

ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാൻ ഇന്നുപലവിധ ശിഥിലതകളിലൂടേയുംകടന്നുപോകുമ്പോൾ ഇന്ത്യ അനുദിനം മുന്നേറുന്നു എന്നത്‌ നമുക്ക്‌ ആഹ്ലാദം പകരുന്ന കാര്യമാണ്‌.ശാസ്ത്രസാങ്കേതിക വിദ്യകളിൽ രാജ്യം ബഹുദൂരം മുന്നേറി.ആഗോളസാമ്പത്തീക മാന്ത്യത്തെ വികസിത രാജ്യങ്ങളേക്കാൾ കാര്യക്ഷമമായി മറികടക്കുവാൻ നമുക്കായി. എങ്കിലും ചില ഗുരുതരമായ പോരായ്മകൾ ഇല്ലെന്ന് പറയാതെ വയ്യ.ദാരിദ്രവും തൊഴിലില്ല്ലായ്മയും ഇനിയും തുടച്ചുനീക്കുവാൻ നമുക്കായിട്ടില്ല.രാജ്യത്തിന്റെ പലഭാഗങ്ങളിലും സാക്ഷരത കടന്നെത്തിയിട്ടില്ല.

ഏതുരാജ്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്‌ ഭീകരത. ഇന്ത്യ ആകെ വിറങ്ങലിച്ചുനിന്ന ദിനങ്ങൾ.ഇന്ത്യയും അതു നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന മുബൈ ഭീകരാക്രമണ ദിനങ്ങൾ നാം ഇനിയും മറന്നിട്ടില്ല.രാജ്യം ആകെ വിറങ്ങലിച്ചുനിന്ന നിമിഷങ്ങൾ. ധീരന്മാരായ ഇന്ത്യൻ പട്ടാളക്കാരും പോലീസുകാരും അടങ്ങുന്ന സംഘം വരെ നേരിട്ടു പരാജയപ്പെടുത്തി.ആ ആക്രമണത്തിൽ നമുക്ക്‌ നഷ്ടപ്പെട്ടത്‌ സന്ദേപ്‌ ഉണ്ണികൃഷ്ണനേയും,കർക്കറേയും,വിജയ്‌ സലസ്കറിനേയും,പോലുള്ള മിടുക്കന്മാരെ.കാശ്മീരിലെ അതിർത്തികടന്നു വരുന്ന ഭീകരന്മാർക്കൊപ്പം കേരളത്തിൽ നിന്നും ഉള്ള ഭീകരന്മാരും ചേർന്നു എന്ന വാർത്തകൾ ഏറെ വേദനാജനകം ആണ്‌.ഭീകരന്മാരെ ആക്രമണത്തിനിടയിലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ആക്രമണപദ്ധതികൾ നടത്തുവാനുള്ള ശ്രമങ്ങൾക്കിടയിലോ പിടിക്കുകയോ ഏറ്റുമുട്ടലിൽ കൊല്ലുകയോ ചെയ്താൽ ഉടൻ വരും "ഭീകരന്റെ മനുഷ്യാവകാശത്തെ കുറിച്ച്‌ സംസാരിക്കുന്നവർ".ഭീകരത അത്‌ ഏതു വിഭാഗത്തിൽ പെടുന്നവർ നടത്തുന്നതായാലും പൊതുസമൂഹത്തിനും രാജ്യത്തിനും എതിരാണ്‌ എന്നതിനപ്പുറം ഒരു രാജ്യസ്നേഹിക്കും ചിന്തിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. ഭീകരർ നടത്തുന്നത്‌ നമ്മുടെ രാജ്യത്തോടുള്ള യുദ്ധമാണ്‌.പുറത്തുനിന്നും ഉള്ള ശത്രുക്കളേക്കൽ ഭയക്കേണ്ടത്‌ അവർക്ക്‌ ഒത്താശചെയ്യുന്ന അകത്തുള്ളവരെ ആണ്‌.അത്തരക്കാരെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും ചെയ്യുക എന്നത്‌ ജാതിമത ബേധമന്യേ ഒറോ ഇന്ത്യക്കാരന്റേയും കടമയാണ്‌.

ഇനിയുള്ള തലമുറക്കും സ്വാതന്ത്രത്തിന്റെ പൊൻ പുലരികൾ കണ്ടുണരുവാൻ കഴിയണമെങ്കിൽ മറഞ്ഞുപോയ തലമുറകൾ നമ്മോടുകാണിച്ച ആത്മാർത്ഥത നാമും പിൻ തുടരേണ്ടിയിരിക്കുന്നു. അതിനുള്ള പരിശരമവും കഴിവും ആർജ്ജവവും നമുക്ക്‌ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്‌. എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
വന്ദേമാതരം.

3 comments:

paarppidam said...

അറുപതു പതിറ്റാണ്ടുകൾക്ക്‌ പുറകിൽ ഒരു ആഗസ്റ്റ്‌ 15 ന്റെ പൊൻ പുലരി പിറന്നത്‌ ചരിത്രത്തിലെ അനശ്വരമുഹൂർത്തത്തിന്റെ വിളംഭരവുമായിട്ടായിരുന്നു.ഇരുൾമൂടിയ അസ്വാതന്ത്രത്തിന്റെ ദിനങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇന്ത്യയെന്ന സ്വതന്ത്രരാജ്യത്തിന്റെ പിറവി.ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കിരാതഭരണത്തിനു വിരാമമിട്ടുകൊണ്ട്‌, കൊടും പീഠനങ്ങൾ ഏറ്റുവാങ്ങി ചരിത്രത്തിൽ ഇനിയും പേരു രേഖപ്പെടുത്തത്തിയതും രേഖപ്പെടുത്താത്തതുമായ അനേക ജന്മങ്ങളുടെ ത്യാഗത്തിന്റെ കൂടെ ഫലമായി ലഭിച്ച സ്വാതന്ത്രം. ആ മഹദ്‌ വ്യക്തികളെ നന്ദിയോടെ സ്മരിച്ചുകൊണ്ടും ആണവക്കാരാറിന്റേയും ആയുധക്കരാറിന്റേയും അതുപോലെയുള്ള നിരവധി കരാറുകളുടെയും പേരിൽ അമേരിക്കക്കും മറ്റു സാമ്രാജ്യത്വ ശക്തികൾക്കും ഒരു ജനതയെ വിധേയപ്പെടുത്തുന്ന ഭരണകൂടത്തെ നിശ്ശബ്ദരായി പേറുന്ന ജനതയ്ക്കുവേണ്ടി മാപ്പപേക്ഷിച്ചുകൊണ്ടും ഞാൻ ഈ സ്വാതന്ത്രദിനം ആഘോഷിക്കുന്നു.

Anil cheleri kumaran said...

സ്വാതന്ത്രദിനാശംസകൾ

Areekkodan | അരീക്കോടന്‍ said...

):

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?