Tuesday, November 03, 2009

എയ്ഞ്ചൽ ജോണും മൂട്ടകളും.

പെരിങ്ങോട്ടുകര ദേവയിൽ എയ്ഞ്ചൽ ജോൺ എന്ന ചിത്രം റിലീസിങ്ങിനെ മൂന്നാം നാൾ സെക്കന്റ്ഷോ കാണുവാൻ എത്തുമ്പോൽ കഷ്ടിച്ച്‌ എഴുപതോളം ആളുകൾ അവിടെ ചിത്രം കാണുവാൻ ഉണ്ടായിരുന്നു.(കീറിയ റ്റിക്കറ്റിന്റെ എണ്ണം കാണിക്കല്ലേ..പ്ലീസ്‌) റിലീസിങ്ങിന്റെ ആദ്യദിനങ്ങളിൽ തന്നെ ഫാൻസ്ഭ്രാന്തന്മാർ ചിത്രം കൈവിട്ടു എന്ന് വ്യക്തം. ഒരു ശരാശരി അവാർഡ്‌ ചിത്രത്തിനുപോലും ഇതിലും കൂടുതൽ പ്രേക്ഷകർ ഉണ്ടാകുന്ന കാലത്താണ്‌ ആരാധകർ ഭ്രഹ്മാണ്ടനായകൻ വിശേഷിപ്പിക്കുന്ന നടന്റെ ചിത്രത്തിന്റെ ഈ ദുർഗ്ഗതി.
തെലുങ്കിൽ നിന്നും മൊഴിമാറ്റം നടത്തിവരുന്ന അല്ലു അർജ്ജുൻ സ്റ്റെയിൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തുടക്കം പ്രേക്ഷകർ ഇഷ്ടപ്പെട്ടു എങ്കിലും മുന്നോട്ടുനീങ്ങുന്നതോടെ കാര്യങ്ങൾ ബോറായിത്തുടങ്ങി. മോഹൻലാലിന്റെ വരവാടെ എത്രയും പെട്ടെന്ന് തീയേറ്റർ വിട്ടാലോ എന്നായി. ജഗതിയെപ്പോലുള്ള ഒരു ഹാസ്യസാമ്രാട്ടിനെ കൈകാര്യം ചെയ്യുന്നതിൽ സംവിധായക/തിരക്കഥാകൃത്തുക്കൾ എത്രമാത്രം പരാജയപ്പെട്ടു എന്ന് വളിച്ച തമാശകളും സീനുകളും സാക്ഷ്യപ്പെടുത്തുന്നു.എന്തോ മഹരോഗം ബാധിച്ചപോലെയാണ്‌ മറ്റൊരു ഹാസ്യനടന്റെ രൂപം. നായികയ്ക്കും ഈ ചിത്രത്തിൽ കാര്യമായ പ്രാധാന്യം ഇല്ല.
ശന്തനു എന്ന യുവനായകൻ നന്നായിരിക്കുന്നു എന്നതൊഴിച്ചാൽ ഭാക്കി പാഴെന്ന് പറയേണ്ടിവരും.ഈ ചിത്രത്തിൽ മോഹൻ ലാൽ ഇല്ലായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചുപോയി. ആ നടനെവച്ച്‌ ഈ ചിത്രം ഒരുകോടിക്കോ ഒന്നരക്കോടിക്കോ കൊള്ളാവുന്ന കോമഡിയും, പാട്ടുകളും ചേർത്ത്‌ പടം തീർത്തിരുന്നെങ്കിൽ ചുരുങ്ങിയപക്ഷ കാണാൻ പോയ എന്നെപ്പോലുള്ളവർക്ക്‌ ആശ്വസിക്കായിരുന്നു.കൊള്ളാവുന്ന തിരക്കഥയുടെ അഭാവത്തിൽ പോലും ഫാൻസ്ഭ്രാന്തന്മാരുടെ പിൻബലത്തിൽ മാത്രം കേവല വിജയം വരിച്ച ചിത്രങ്ങളുടെ അനുഭവത്തിൽ എന്തു ബോറത്തരവും എഴുന്നള്ളിച്ചാൽ പടം ഓടും എന്ന് കരുതിയവാം ഇത്തരം ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.ഫാൻസുകാർ ഉണ്ടാക്കുന്ന ബഹളങ്ങളും ആരവങ്ങളും മാത്രം കണ്ട്‌ മുന്നോട്ടുപോയാൽ അത്‌ എത്രമാത്രം ദുരന്തമായി മാറുന്നു എന്ന് ഈ ചിത്രം അടയാളപ്പെടുത്തുന്നു. മോഹൻലാൽ എന്ന നടന്റെ കരിയറിയൽ അടുത്തകാലത്തൊന്നും ഇതുപോലെ ഒരു ചിത്രം ഉണ്ടായിക്കാണില്ല.ഒരുഫാന്റസി ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന കഥയ്ക്ക്‌ വളരെ ദുർബലമായ തിരക്കഥയും സംവിധാനത്തിലെ പാളിച്ചകളും ഒത്തുവന്നപ്പോൾ അത്‌ ഒരു കോടികളുടെ ദുരന്തമായി തീയേറ്ററുകളിൽ കാണികൾക്ക്‌ ഭാരമായി മാറി.ഫാന്റസിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ അമ്പേപരാജയപ്പെട്ടിരിക്കുന്നു ഇതിന്റെ സൃഷ്ടാക്കൾ.

ഇത്തരം ചിത്രത്തിനായി പണം ചിലവാക്കുന്ന പ്രോഡ്യൂസർമ്മാരെ സമ്മതിക്കണം.ചുരുങ്ങിയപക്ഷ തങ്ങൾ ചിലവാക്കുനന പണത്തിന്റെ പത്തിലൊന്നു നിലവാരം എങ്കിലും വേണ്ടെ പ്രോഡക്ടിന്‌? കഥാകൃത്ത്‌/സംവിധായകൻ സിനിമയുടെ കഥ പറയുമ്പോൾ വല്യസെറ്റപ്പിൽ പറയും എന്നാൽ എഴുതിവച്ച തിരക്കഥ എന്താണെന്ന് ഒരുവട്ടം വായിച്ച്‌ മനസ്സിലാക്കിയിരുന്നേൽ ഇമ്മാതിരി ഒരു ദുരന്തം വരുമായിരുന്നോ എന്ന് ചിന്തിച്ചുപോവുകയാണ്‌. കാശുമുടക്കി പടം കാണുവാൻ എത്തുന്നവരെ കൊഞ്ഞനം കുത്തുന്ന ഇത്തരം ചിത്രങ്ങൾ എടുക്കുന്ന പ്രോഡ്യൂസർമ്മാർ പൊളിഞ്ഞു കുത്തുപാളയെടുക്കുക തന്നെ വേണം എന്ന് പ്രാവിക്കൊണ്ട്‌ പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത തീയേറ്ററിൽ തമിഴ്‌ ചിത്രം കണ്ട്‌ സന്തോഷത്തോടെ ഇറങ്ങിവരുന്ന ആൾക്കൂട്ടം.

പാരമൊഴി:മൂട്ടകൾ ഉള്ള എയ്ഞ്ചൽ ജോൺ കളിക്കുന്ന തീയേറ്ററുകളിലെ മൂട്ടകൾ തങ്ങളുടെ ജീവൻ നിലനിർത്തുവാൻ വേണ്ടി എത്രയും വേഗം ഈ പടം മാറ്റി അടൂരിന്റെയോ മറ്റോ ഏതെങ്കിലും അവാർഡ്‌ പടമെങ്കിലും ഇടുവാൻ പറഞ്ഞ്‌ മുറവിളികൂട്ടുകായാണത്രേ.അല്ല മൂട്ടക്കും ജീവിക്കണ്ടേ?മൂട്ടയെ കണ്ടാലറിയാം തീയേറ്ററിലെ പടമേതാണെന്ന്....

3 comments:

അപ്പൂട്ടൻ said...

ഇപ്പോൾ ആ തിയേറ്ററിൽ മൂട്ടയൊന്നും ഇല്ലത്രെ.
മൂട്ടകൾ ചോരകിട്ടാതെ പട്ടിണിമൂലം ചത്തതാണോ പടം കണ്ട്‌ സഹിക്കാതെ ആത്മഹത്യ ചെയ്തതാണോ എന്നതിലേ തർക്കമുള്ളു.

സിനിമ അസാധ്യബോർ ആയിരുന്നു. ഞാൻ കണ്ടത്‌ സെക്കന്റ്‌ ഷോ ആയിരുന്നു, അതിനാലായിരിക്കാം വലിയ തിരക്കില്ലാത്തത്‌ എന്നാണ്‌ ആദ്യം കരുതിയത്‌. സിനിമ കുറച്ചുനീങ്ങിയപ്പോൾ ശരിയായ കാരണം മനസിലായി.
ശന്തനു നന്നായി അഭിനയിച്ചോ? സംശയമാണ്‌. തുടക്കക്കാരൻ എന്ന പരിഗണന കൊടുക്കാം, അത്രമാത്രം.
നല്ലൊരു വൺലൈൻ സ്റ്റോറി ഉണ്ടായിട്ടും ഇത്തരം തറയാക്കി അതിനെ മാറ്റിയ തിരക്കഥാകൃത്തിനേയും സംവിധായകനേയും സമ്മതിക്കണം.

Anil cheleri kumaran said...

ഹഹഹ കൊള്ളാം.

നിരക്ഷരൻ said...

മൂട്ടയെക്കണ്ടാലറിയാം തീയറ്ററിലെ പഞ്ഞം എന്ന് ഒരു ചോല്ലിന് സ്കോപ്പുണ്ടല്ലോ അല്ലേ ? :)