Monday, February 08, 2010

മണികിലുങ്ങുന്ന മൂന്നാറും പിന്നെ വീരനും പുത്രനും

മണികിലുക്കം ഒരു സൂചനയാണ്‌.അത്‌ മണി എന്ന് പണമായാലും,മണിയെന്ന മുഴങ്ങുന്ന ഉപകരണമായാലും,പണക്കാരനുവേണ്ടിമുഴങ്ങുന്ന മണിയെന്ന മനുഷ്യന്മാരായാലും അതിൽ നിന്നും അനായാസം പലതും വായിച്ചെടുക്കുവാൻ കഴിയും. മൂന്നാറിൽ മണികിലുങ്ങുന്നത്‌ കുടിയേറ്റക്കാർക്കും കർഷകർക്കും വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മൂന്നാറിലെ വങ്കിട കയ്യെറ്റങ്ങളെ ഒഴിവാക്കുവാനുള്ള നടപടികൾ വരുമ്പോൾ അതിനു തടയിടുവാൻ ചെറുകിടകർഷകരേയും,വ്യാപാരികളെയും അണിനിരത്തുന്ന തന്ത്രം മണിയെന്ന പണത്തിന്റെ ബലത്തിലാണെന്ന് വ്യക്തം.

മൂന്നാറിൽ വങ്കിട കയ്യേറ്റങ്ങൾ,റിസോർട്ടുകൾ എന്നിവയ്ക്കെതിരെ എന്തെങ്കിലും ചെയ്തുവേൺകിൽ അത്‌ ഒന്നാം മൂന്നാർ ദൗത്യമാണ്‌.എന്നാൽ അന്നത്തെ ജെ.സി.ബികൾ ചില പാർട്ടി ഓഫീസുകളിൽ തട്ടി നിശ്ശബ്ദമായത്‌ കേരളം കണ്ടു.പിന്നെ ചാപിള്ളയായി മാറിയ രണ്ടാം മൂന്നാറിനു ശേഷം മൂന്നാർ വാർത്തകൾ കാര്യമായൊന്നും മാധ്യമന്നളിൽ വന്നിരുന്നില്ല. എന്നാൽ അടുത്തിടെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഹൈക്കോടതിൽ നൽകിയ ഹർജിയെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ നടപടിക്ക്‌ നിർബന്ധിതമായി. ടാറ്റയടക്കം ഉള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിൽ കാണുന്നതനുസരിച്ച്‌ അവരുടെ ഔദാര്യം പറ്റി അവർ നൽകിയ കോട്ടേഴ്സുകളിൽ അന്തിയുറങ്ങുന്നവർ ഉൾപ്പെടെയുന്ന നേതക്കന്മാർ ഉള്ള ഒരു നാട്ടിൽ എന്താണു സംഭവിക്കുക എന്നതിൽ വലിയ ചിന്തയുടെ ഒന്നുമാവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു മുതിർന്ന ജില്ലാനേതാവിന്റെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണ്‌.വളരെ തരം താഴ്‌ന്ന ഭാഷയിൽ ആണ്‌ "അയാൾ" റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ ഇരിക്കുന്ന ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥയെ പറ്റി പ്രസംഗിച്ചത്‌. സ്ത്രീയെ സാധനം എന്നൊക്കെ പറയുന്ന വിടന്റെ ഭാഷയും മുഖവിക്ഷേപവും ജനാധിപത്യ സമൂഹത്തിൽ ഉള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവിനു ചേർന്നതാണോ എന്ന് നാം ഓർക്കേണ്ടതുണ്ട്‌. അതുപോലെ മറ്റൊന്ന് മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുവാൻ ചെന്ന സുരേഷ്കുമാർ ഐ.എ.എസ്സിനെതിരെയാണ്‌.രാഷ്ടീയക്കാരനാകുവാൻ വിവരം തൊട്ടുതീണ്ടേണ്ടതില്ലല്ലോ എന്ന ചിന്തയ്ക്ക്‌ ബലമേകുന്നതാണ്‌ ഐ.എ.എസ്സിനെ പറ്റി "അയാൾ" പറഞ്ഞകാര്യങ്ങൾ.വിവരക്കേടിനെ അലങ്കാരമാക്കുന്നവനെ വഹിക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ഒരു ശാപമാണ്‌.


ഒരു വില്ലേജിൽ നിന്നും രേഖകളിൽ മറ്റൊരു വില്ലേജിലേക്ക്‌ മാറ്റിയെന്നും അതു റിസോർട്ടുകൾക്ക്‌ വിറ്റെന്നുമാണ്‌ മാധ്യമറിപ്പോർട്ടുകൾ. മൂന്നാറിൽ വലിയതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ദൃശ്യങ്ങളും വ്യക്തമാക്കുന്നു.

കോടതിയുടെയും മാധ്യമങ്ങളുടേയും സജീവമായ ഇടപെടലുകൾ സർക്കാരിനെയും ഭരണമുന്നണിയേയും സമ്മർദ്ധത്തിലാക്കിയിരിക്കുന്നു.എല്ലാവരുടേയും ശ്രദ്ധ മൂന്നാറിലേക്ക്‌ കേന്ദ്രീകരിച്ചപ്പോൾ ആണ്‌ വയനാട്ടിൽ മുൻ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന സമീപകാലത്ത്‌ യുഡി.എഫിൽ ചേർന്ന വീരേന്ദ്രകുമാറിന്റെ പുത്രൻ ശ്രേയാംസ്‌ കുമാർ എം.എൽ.എ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ ഒരു കടന്നുകയറ്റവും കുടിലുവെക്കലുമെല്ലാം. ഇടതുപ്ക്ഷത്തിനൊപ്പം നിൽക്കുമ്പോളൂം പ്രസ്തുത സ്ഥലം അദ്ദേഹത്തിന്റെ കൈവശത്തിലായിരുന്നു എന്നാണ്‌ അറിവ്‌.അപ്പോൾ പൊടുന്നനെ ശ്രേയാംസ്‌ കുമാറിന്റെ കൈവശം ഉള്ള ഭൂമിയെ പറ്റി ബോധോദയം ഉണ്ടായത്‌ മാധ്യമപ്പടയെ മൂന്നാറിൽനിന്നും വയനാടൻ ചുരം കയറ്റി തൽക്കാലംശ്രദ്ധ തിരിക്കുക എന്ന രാഷ്ടീയ അടവായി വേണംകരുതുവാൻ.ഒരു പക്ഷെ ഇത്തരം സംഭവങ്ങളുടെ മുൻ കാല അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ അവിടെ ഒഴിപ്പിക്കലിന്റെ ഭാഗമായി ചില സംഘർഷങ്ങളും,അതേപറ്റി ഒന്നോ രണ്ടൊ ദിവസത്തെ മാധയമ ചർച്ചയുമിലും തീരും ഇനി ഏറിയാൽ ഒരു ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനവും ഉണ്ടാകാം.

വങ്കിട കയ്യേറ്റക്കാർക്കെതിരെ ആത്മാർത്ഥമായി നടപടിയെടുക്കുവാനും സധൈര്യം കുടിയിറക്കുവാനും കഴിയാത്തിടത്തോളം മിക്കവാറും മൂന്നാർ വീണ്ടും തുടർന്നുകൊണ്ടിരിക്കും.ഒടുവിൽ ബൗൺ മൂന്നാറിൽ കാണുവാൻ കാര്യമായി ഒന്നും ഇല്ലാതാകുമ്പോൾ സഞ്ചാരികൾ വരാതാകും എന്നതിനൊപ്പം ഭൂമുഖത്തുനിന്നും മനോഹരമായ ഒരു ഹരിതപ്രദേശം അപ്രത്യക്ഷമാകുകയും ചെയ്യും.മൂന്നാം കിട സീരിയൽ പോലെ ആണ്‌ ഇന്ന് മൂന്നാർ ഒഴിപ്പിക്കൽ മാറിയിരിക്കുന്നത്‌. കൈമാക്സ്‌ ഊഹിക്കാമെങ്കിലും മൂന്നാം മൂന്നാർ "നാടകം/സീരിയൽ" കാണുകതന്നെ.

No comments: