Sunday, August 01, 2010

മാധ്യമരംഗത്തെ അതികായൻ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള മാധ്യമരംഗത്തിനു എക്കാലത്തും മുന്നിൽ നിന്ന് നയിക്കുകയും പുതുമകൾ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ് ഇന്നു രാവിലെ അന്തരിച്ച കെ.എം. മാത്യു എന്ന മാത്തൂട്ടിച്ചായൻ. മലയാള പത്രങ്ങൾക്ക് അപരിചിതമായിരുന്നു പല സാങ്കേതിക വിദ്യകളും സങ്കെതങ്ങളൂം അദ്ദേഹം ആദ്യം തന്റെ സ്ഥാപനത്തിലൂടെ പരിചയപ്പെടുത്തി. തികഞ്ഞ പ്രൊഫഷണലിസം എപ്പോഴും കാത്തു സൂക്ഷിച്ചു. ലേയൌട്ടിലും വാർത്തകളുടെ വിന്യാസത്തിലും മനോരമയെന്ന പത്രത്തെ വെല്ലുവാൻ ഇന്നും മറ്റാർക്കും ആകുകയുമില്ല.

ദീർഘ വീക്ഷണവും അതു നടപ്പിലാക്കുവാനുള്ള ഇച്ചാശക്തിയുമാണ് മനോരമയുടെ വിജയമെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചു. “ക‌മ്യൂണിസ്റ്റു വിരുദ്ധത“ മനോരമയുടെ മുഖമുദ്രയെന്ന ആക്ഷെപിക്കുന്നവർ ഉണ്ട്. എന്നാൽ ആളുകൾക്ക് താല്പര്യം ഇല്ലാത്തത് വിറ്റുപോകില്ലെന്ന സത്യം നാം ഓർക്കേണ്ടതുണ്ട്. “ക‌മ്യൂണിസ്റ്റു വിരുദ്ധ“ വാർത്തകൾ നിരന്തരം വരുന്ന പത്രം ഒന്നാംസ്ഥാനത്ത് നിൽക്കുന്നു എങ്കിൽ വിമർശകർ അതിന്റെ കാരണം വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

നിരന്തരമായ യാത്രകൾ ലോകത്തിന്റെ പുതു ചലനങ്ങളെ അടുത്തറിയുവാൻ അദ്ദേഹത്തിനു അവസരം ഒരുക്കി. കം‌മ്പ്യൂട്ടറിനെതിരെ ഒരു വശത്ത് സമരങ്ങൾ നടക്കുന്ന കാലത്ത് അതിന്റെ അനന്തമായ സാധ്യതകളെ പറ്റി അന്വേഷിക്കുകയായിരുന്നു ഈ മനുഷ്യൻ. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരന്തരം പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും തന്റെ സ്ഥാപനത്തിൽ അവസരം ഒരുക്കി. വിദേശത്തുള്ള വിദഗ്ദരായ ആളുകളുടെ സേവനങ്ങൾ വേണ്ടുവോളം പ്രയോജനപ്പെടുത്തി തന്റെ മാധ്യമ സാമ്രാജ്യത്തെ കരുത്തുറ്റതാക്കി. കോട്ടയത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എഡീഷനുകളെ വ്യാപിപ്പിച്ചു. കൂടാതെ ഇന്റർനെറ്റിൽ പത്രം ലഭ്യമാക്കുവാൻ ഉള്ള സൌകര്യങ്ങൾ ഒരുക്കി.

ബൂകമ്പ ബധിതർക്കും സുനാമി ബാധിതർക്കും അന്തിയുറങ്ങുവാൻ വീടൊരുക്കിയും മഴവെള്ള സംഭരണത്തിന്റെ പ്രസക്തി മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തും മാധ്യമേതര വിഭാഗങ്ങളിലേക്കും മനോരമയുടെ സേവനങ്ങൾ വ്യാപിപ്പിച്ചു. കാലയവനികയ്കുള്ളിൽ മറഞ്ഞാലും കാലത്തിനൊപ്പമോ അതല്ലെങ്കിൽ അല്പം ആലങ്കാരികമായി പറഞ്ഞാൽ കാലത്തിനു മുന്നേ തന്നെ നടന്ന ഈ മനുഷ്യൻ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും നിലനിൽക്കും.

മലയാ‍ള മാധ്യമരംഗത്തെ ഈ അതികായനു ആദരാഞ്ജലികൾ

No comments: