ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക് ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക് ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്‍കാര്‍ അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത് എത്തുന്നത് തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍ക്കാര്‍ എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്‍പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.
ഉത്സവങ്ങള്‍ എന്നും ലഹരിയായിരുന്ന എന്റെ ഓര്‍മ്മകളിലേക്ക് ആദ്യമായി ചെവിയാട്ടി ചങ്ങലകിലുക്കി കടന്നു വന്ന ആന ഏതായിരിക്കും? പലപ്പോഴും ഞാന്‍ ഓര്‍ത്തുനോക്കാറുണ്ട് പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടാറില്ല.ഒരു പക്ഷെ അത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏതെങ്കിലും ആനയാകാം അല്ലെങ്കില്‍ ഉത്സവങ്ങളിലെ തിളങ്ങുന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ ഏതെങ്കിലും കൊമ്പനുമാകാം. പെരിങ്ങോട്ടുകര ഉത്സവവും അന്തിക്കാട്ടെ കാളീടെ അമ്പലത്തിന്റെ ഉത്സവവും പിന്നെ ഏങ്ങണ്ടിയൂരിലെ ശിവരാത്രി പൊക്കുളങ്ങര ആയിരം കണ്ണി ക്ഷേത്രങ്ങളിലെ ഉത്സവം വാടാനപ്പള്ളി ക്ഷേത്രോത്സവം തളിക്കുളം എരണേഴത്ത് അമ്പലത്തിലെ ഉത്സവം അങ്ങിനെ പല ഉത്സവങ്ങളും ഇന്നും എന്റെ മനസ്സില്‍ ഉണ്ട് എങ്കിലും ആദ്യമായി കണ്ട ആനയുടെ പേര്‍ ഇനിയും അറിയില്ല.പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആദ്യം ഓടിയെത്തുക ഗുരുവായൂര്‍ പത്മനാഭന്‍, ശങ്കരങ്കുളങ്ങര ഗണപതി,കണ്ടമ്പുള്ളി ബാലനാരായണന്‍ തുടങ്ങിയ പേരുകളായിരിക്കും.ഉയരം കൊണ്ട് കേമനായിരുന്ന കണ്ടമ്പുള്ളി പക്ഷെ സൗന്ദര്യത്തില്‍ ഒരിക്കലും പത്മനാഭന്റെ ഏഴയലത്തുപോലും എത്തില്ല.
അക്കാലത്ത് ആയിരം കണ്ണിക്ഷേത്രത്തിലെ ഉത്സവത്തിനാണ് കൂടുതല്‍ ആനകള്‍ പങ്കെടുത്തിരുന്നത്. വാടാനപ്പള്ളിമുതല്‍ ചേറ്റുവ വരെയുള്ള പ്രദേശത്തുനിന്നും വിവിധ ആഘോഷകമ്മറ്റികള്‍ മല്‍സര ബുദ്ധിയോടെ അതില്‍ പങ്കുകൊണ്ടു.ഉയരം നോക്കി ആനകള്‍ക്ക് സ്ഥാനം നിശ്ചയിക്കുന്ന പതിവായിരുന്നു അവിടെ.ആനകള്‍ തലയുയര്‍ത്തുവാന്‍ പാപ്പാന്മാര്‍ അവയുടെ താടിയിലും ചെവിക്കുന്നിയിലും കത്തിയോ കുന്തമോ ഉപയോഗിച്ച് കുത്തും. അതോടെ അവ തലകൂടുതല്‍ ഉയര്‍ത്തും. ആരൊക്കെ മല്‍സരിച്ചാലും മണപ്പാട് ഉത്സവക്കമ്മറ്റി കൊണ്ടുവരുന്ന ബീഹാറിയായ കണ്ടമ്പുള്ളി ബാലനാരായണനു തന്നെയായിരുന്നു എല്ലാ വര്‍ഷവും തിടമ്പ്. വിജയന്‍ എന്ന ആനയെ വലം കൂട്ടായും ഇടം കൂട്ടായി ഗണപതിയേയും തിരഞ്ഞെടുക്കുന്നതോടെ പത്മനാഭനെ കൊണ്ടുവന്ന വിഭാഗം ഒന്നുകില്‍ ആനയെ നടുഭാഗത്തുനിന്നും പിന്വലിച്ച് വടക്കേ അറ്റത്തേക്ക് മാറ്റിനിര്‍ത്തും.അല്ലെങ്കില്‍ രാത്രി കക്ഷിയെ വലം കൂട്ടായി നിര്‍ത്തും.മിക്കവാറും വര്‍ഷങ്ങളില്‍ ഇതായിരുന്നു പതിവ് ഇതിനിടയില്‍ ആയിരം കണ്ണി ഉത്സവത്തിനു തലേന്നുള്ള പൊക്കുളങ്ങര പൂരവും കൂടുതല്‍ നന്നാകുവാന്‍ തുടങ്ങി. അവിടെയും ആനകളുടെ പൊക്കം തന്നെയായിരുന്നു മാനദണ്ഡം.അവിടെ പക്ഷെ ഗുരുവായൂര്‍ പത്മനാഭനും ഗണപതിയും ഒന്നു പങ്കെടുക്കാറില്ല.
പിന്നീട് ഓര്‍മ്മയില്‍ വരുന്ന തലയെടുപ്പുള്ള ആന പന്നിശ്ശേരി ആണ്ടവന്‍ ആയിരുന്നു.അഴകില്‍ മികച്ചുനിന്ന ചീരോത്ത് രാജീവ് ഇന്ന് ഓര്‍മ്മയായി.തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് ശ്രീപരമേശ്വരനും ഒന്നും ഈ ഉത്സവങ്ങളില്‍ പങ്കാളികള്‍ ആയിരുന്നില്ല.പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദര്‍ അന്ന് പങ്കെടുക്കാറുണ്ടായിരുന്നോ എന്ന് അറിയില്ല. അക്കാലത്ത് ഗുരുവായൂരിലേയും മറ്റും ദേവസ്വം ആനകളെ ഒഴിവാക്കിയാല്‍ ചുരുക്കം ചില ആനകള്‍ക്കേ കഴുത്തില്‍ പേരെഴുതിയ ലോക്കറ്റ് ഉണ്ടാകാറുള്ളൂ.എന്നാല്‍ കര്‍ണ്ണനേയും മന്ദലാംകുന്ന് ഗണപതിയേയും തിരിച്ചറിയുവാന്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല.ഉയരം കൊണ്ട് സൂര്യനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.നല്ല സൗന്ദര്യമുള്ള പട്ടത്തുശ്രീകൃഷ്ണന്‍ പിന്നീടെത്തി.
ഇടക്കെപ്പോഴോ വാടാനപ്പള്ളിക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ രാമചന്ദ്രന്‍ വളരെ പെട്ടെന്നു തന്നെ ഉത്സവപ്രേമികളുടെ മനസ്സില്‍ കയറിക്കൂടി.ഉത്സവപ്പറമ്പുകളില്‍ കൂട്ടാനകള്‍ക്കിടയില്‍ അല്‍പ്പം ചില കുസൃതികള്‍ കാണിക്കും എങ്കിലും അവനെ ആളുകള്‍ക്ക് വലിയ ഇഷ്ടമായി.ആയിരം കണ്ണിയടക്കം പ്രമുഖരായ ആനകള്‍ പങ്കെടുക്കുന്ന വേദികളില്‍ തന്റെ സൗന്ദര്യവും തലയെടുപ്പും കൊണ്ട് അവന്‍ വിജയക്കൊടി പാറിച്ചു. പൊക്കം കൊണ്ട് കണ്ടമ്പുള്ളിയാണെകിലും തലയുയര്‍ത്തിപ്പിടിച്ചാല്‍ അവന്‍ കണ്ടമ്പുള്ളി ബാലനാരായണനേയും കവച്ചുവെക്കുന്ന വിസ്മയകരമായ കാഴച പല ഉത്സവപ്പറമ്പുകളിയം ആനപ്രേമികളെ കോരിത്തരിപ്പിച്ചു.ഉയരത്തിന്റെ കാര്യത്തില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കും എങ്കിലും രാമചന്ദ്രന്റെ തലയെടുപ്പ് ഒന്ന് വേറെതന്നെ. ഇന്നു കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാര്‍പദവി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുതന്നെ. കേരളത്തില്‍ ഏറ്റവും അധികം കലണ്ടറുകളും ഫോട്ടോകളും വിറ്റുപോകുന്നതും ഏറ്റവും അധികം സ്വീകരണങ്ങള്‍ ലഭിക്കുന്നതും ഫ്ലെക്സ് ബോര്‍ഡുകളും തെച്ചിക്കോട്ടുകാവിന്റേതു തന്നെ. ഇന്നു തെച്ചിക്കോട്ടുകാവിന്റെ ഏക്കത്തുക മറ്റേതാനയേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു.(നെന്മാറ വല്ലങ്ങി വിഭാഗത്തിന്റെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം ഉറപ്പിച്ച ഗുരുവായൂര്‍ പത്മനാഭന്റെ ചരിത്രം മറക്കുന്നില്ല, എന്നാല്‍ മറ്റുത്സവങ്ങള്‍ക്ക് ഇന്ന് രാമചന്ദ്രനു തന്നെയാണ് കൂടുതല്‍ ഏക്കം) അഴകും ഉയരവും ഒക്കെയുണ്ടെങ്കിലും വടക്കും നാഥന്റെ മുമ്പില്‍ ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുവാന്‍ ഇനിയും അവനു സാധിച്ചിട്ടില്ല എന്നാണറിവ്.
തുടരും..............
Wednesday, May 09, 2007
Subscribe to:
Post Comments (Atom)
1 comment:
ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1
ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക് ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക് ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്‍കാര്‍ അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത് എത്തുന്നത് തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍ക്കാര്‍ എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.
ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്‍പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.
Post a Comment