ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ആനമുതലാളിയെ അടുത്ത് കാണുന്നത്.തച്ചപ്പുള്ളി അരവിന്ദാക്ഷേട്ടനെ.അദ്ദേഹത്തിന്റെ വിജയന്‍ എന്ന ഒറ്റക്കൊമ്പന്‍ അല്‍പം വികൃതികാട്ടി ഒടുവില്‍ പുഴയില്‍ ചാടിയതിനുശേഷം അതിനെ ഒരിടത്തു കെട്ടിയിരിക്കുന്നത് കാണുവാന്‍ പോയപ്പോള്‍.ആനയോട് പാപ്പാനല്ലാതെ ഒരാള്‍ ഇടഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തുപോകുന്നത് കണ്ട് ഞാന്‍ അല്‍പ്പം ഭയംകലര്‍ന്ന അല്‍ഭുതത്തോടെ നിന്നു.പിന്നീട് ഒരു ബന്ധുകൂടിയായ ഡോക്ടര്‍ രാമകൃഷ്ണന്‍ ആനയെവാങ്ങിയതോടെ ഇടക്കിടെ അവിടെ പോകുക ഒരു പതിവായി.ഗ്രില്ലിനിടയിലൂടെ ആനക്ക് പഴം നല്‍കും.പിറ്റേന്ന് അതേക്കുറിച്ച് ക്ലാസ്സിലെ സഹപാഠികളോടെ അല്‍പ്പം മേമ്പൊടിചേര്‍ത്ത് പറയും.ഡോക്ടറുടെ ആദ്യ ആനയെ വിറ്റതിനുശേഷം ബീഹാറില്‍ നിന്നും ഒരു ഒറ്റക്കൊമ്പനെ കൊണ്ടുവരികയുണ്ടായി.സാധാരണ ആനകളെപ്പൊലെ ചങ്ങലയൊന്നും അതിനുണ്ടായിരുന്നില്ല. കയറില്‍കെട്ടിയാണതിനെ നിര്‍ത്തിയിരുന്നത്.
ആനയെകയറുകൊണ്ട് കെട്ടിയിടുമോ? ആനകയറുപൊട്ടിക്കില്ലെ? ഇതൊക്കെയായിരുന്നു പഠിക്കാനിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍.പിന്നീട് നേരിട്ട് ചെന്ന് കണ്ടപ്പോഴാണ് കാലില്‍ ആണികള്‍ തറച്ച ഒരു ബെല്‍റ്റ് ഇട്ടിരിക്കുന്നതും അതില്‍ നിന്നും കയര്‍ കെട്ടിയിരിക്കുകയാണെന്നതും. ആന അല്‍പം വേഗത്തില്‍ നടന്നാല്‍ കയര്‍ മുറുകും ബെല്‍റ്റിലെ ആണികള്‍ കാലില്‍ തുളയും എന്നത് മനസ്സിലായത്. അങ്ങനെയിരിക്കെ ഒരുദിവസം കേട്ടു രാത്രി ആന കെട്ടഴിഞ്ഞുപോയെന്ന്.അടുത്തവീട്ടിലെ ആള്‍ അനക്കം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വൈക്കോല്‍ തുറു നിന്ന് അനങ്ങുന്നു.അയാള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ ആനനിന്നു വൈക്കോല്‍ വാരിവീശുന്നു. ഒച്ചയുണ്ടാക്കതെ പുറകുവശത്തുക്കൂടെ ചെന്ന് ഡോക്ടറെ വിളിച്ചുണര്‍ത്തികാര്യം പറഞ്ഞു. പാപ്പന്‍ വന്ന് വിളിച്ചപ്പോള്‍ കക്ഷി ഒരു പിടിവൈക്കോലുമായികൂടെ പോരുകയും ചെയ്തു. അതിനുശേഷം അവന്റെ കാലുകളില്‍ ചങ്ങലകിലുക്കം വന്നു.
ഇക്കാലത്താണ് ആനയുടെ പുറത്തൊന്ന് കയറിയാല്‍ കൊള്ളാം എന്ന് ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്. വളരെപെട്ടെന്നുതന്നെ അത് ആനയോളം വളര്‍ന്നു.ഡോക്ടറുടെ മണികണ്ഠന്‍ എന്ന ബീഹാറി ആള്‍കുഴപ്പക്കാരനല്ലെന്ന് അല്‍പ്പകാലത്തിനകം മനസ്സിലായി.ഇതിനിടയില്‍ പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച് ആനയെ തൊടുകയും പഴം കൊടുക്കുകയുമൊക്കെ ചെയ്യുവാന്‍ ധൈര്യമായി. അങ്ങനെയിരിക്കെ ഒരുദിവസം ആനയുടെ പുറത്തുകയറുവാന്‍ കക്ഷി അനുവാദം തന്നു.അതിനയാള്‍ ദക്ഷിണയായി ഒരുകുപ്പി കള്ളിനുള്ള കാശും വാങ്ങി.മുങ്കൈകള്‍ മടക്കി ആന ഇരുന്നു. മെല്ലെ പാപ്പാന്റെ സഹായത്താല്‍ ആനയുടെ ചെവിയില്‍ പിടിച്ച് (ചെവിക്ക് പിടിച്ചാല്‍ ഇനി ആനക്ക് വേദനയാകുമോന്ന് കരുതി ബലം കുറച്ചാണ് പിടിച്ചത്) കയറി. രണ്ടുകാലും ഇരുവശത്തേക്കുമായി ഇരുന്നു. വട്ടക്കയറില്‍ മുറുക്കെ പിടിച്ചോന്ന് പാപ്പാന്‍ പറഞ്ഞതു പ്രകാരം പരമാവധി ഇറുകെ പിടിക്കുകയും ചെയ്തു.എന്നിട്ട് ചെട്ടന്‍ കയറുന്നില്ലെ എന്ന് രണ്ടാം പാപ്പാനോട് ചൊദിക്കുവാന്‍ പോകുമ്പോഴേക്കും ആന നിവര്‍ന്നു നിന്നു.ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് ആ ഇരുപ്പില്‍ അല്‍പ്പം ഗമയൊക്കെ തോന്നി.ആനനടക്കാന്‍ തുടങ്ങിയപ്പോള്‍ ആ താളത്തില്‍ ഞാനും ആടുവാന്‍ തുടങ്ങി. അല്‍പ്പദൂരം നടന്ന് റോഡിലെത്തിയതോടെ സംഗതി ഗുലുമാലായി. വീട്ടുകാര്‍ അറിയാതെ പാപ്പാനുമായി രഹസ്യമായിനടത്തിയ സംഗതി ചുറ്റുവട്ടത്തുള്ളവരൊക്കെ കണ്ടു. വീട്ടില്‍ നിന്നും അല്‍പ്പം വഴക്കു കേട്ടെങ്കിലും അത് മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു.
ആനയുടെ വിലയെക്കുറിച്ചും അതുചത്താല്‍ ഇന്‍ഷൂര്‍ലഭിക്കും എന്നും മറ്റും ഡോക്ടര്‍ പറഞ്ഞാണ് അറിയുന്നത്.ഉയരംകൊണ്ട് കേമന്മാരാണെങ്കിലും അഴകില്‍ പിന്നോക്കം നില്‍ക്കുന്ന ബീഹാറി ആനകളുടെ വരവും കൂടാന്‍ തുടങ്ങിയ സമയം ആയിരുന്നു അത്. ബീഹാറില്‍ സോണ്‍പൂരെന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ വര്‍ഷത്തില്‍ ഒരിക്കള്‍ ആനകളെ ആടുമാടുകളെപ്പോലെ കൊണ്ടുവന്ന് വില്‍ക്കുന്ന മേളയുണ്ടെന്നും അറിയുന്നത്. ബീഹാറില്‍ ആനകള്‍ക്ക് വിലകുറവായിരുന്നു പിന്നെ ഇവിടെയെത്തുമ്പോഴാണത്രെ വിലകൂടുന്നത്.ഇവിടെ കൊണ്ടുവന്ന് മലയാളം പഠിപ്പിച്ച് അവയെ ഉത്സവങ്ങള്‍ക്കിറക്കുവാന്‍ തയ്യാറാക്കുന്നു.സ്വര്‍ണ്ണക്കുമിളകള്‍ ഉള്ള നെറ്റിപ്പട്ടത്തിനു പകരം ചാക്കുകൊണ്ടുള്ള "ചാക്കുപട്ടങ്ങള്‍" കെട്ടിയായിരിക്കും ആദ്യം പരിശീലനം. പിന്നീട് ഉത്സവങ്ങളില്‍ പേരെടുക്കുന്നതോടെ അവയുടെ വില മോഹവിലയായി മാറുന്നു.മോഹവിലയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മവരിക പൂക്കോടന്‍ ശിവന്റെ കാര്യമാണ്. പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറിനെ മോഹവിലക്ക് വാങ്ങാന്‍ പലരും തയ്യാറായെങ്കിലും ഉടമ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ തട്ടകത്തിനു ലക്ഷണമൊത്ത പുതിയ ആനയെതിരഞ്ഞ് നടന്നവരുടെ നോട്ടം ചെന്നെത്തിയത് പൂക്കോടന്‍ ശിവനില്‍. ഒടുവില്‍ തൃശ്ശൂരിലെ സുന്ദര്‍മേനോന്‍ വഴി അവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗമായി.എങ്കിലും വില ഒട്ടും മോശമായില്ല.ലക്ഷണമൊത്ത ആ ഗജവീരനു 28 ലക്ഷത്തോളം മുടക്കിയെന്നാണ് കേട്ടത്.പിന്നീട് അടുത്തകാലത്ത് കൈരളിടിവിയുടെ പ്രോഗ്രാമ്മില്‍ പറയുന്നത് കേട്ടു അരക്കോടിവരെ മോഹവിലയുള്ള ആനകേരളത്തില്‍ ഉണ്ടെന്ന്. ആരായിരിക്കാം ആ കേമന്‍? തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍? അതോ തിരുവമ്പാടിശിവസുന്ദറോ? ഇനിയഥവാ പാമ്പാടിരാജനോ?
Wednesday, May 16, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment