Tuesday, October 16, 2007

ആനകളുടെ ഏക്കത്തുക വര്‍ദ്ധിക്കുന്നു.


photo courtasy to google search


ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്ക്‌ ഇനിയും മൂന്നുനാലു മാസങ്ങള്‍ ഉണ്ടെങ്കിലും മല്‍സരപൂരങ്ങളില്‍ പങ്കെടുക്കുന്ന മിക്കവാറും കമ്മറ്റികള്‍ തങ്ങളുടെ ആനകളെ ബുക്കുചെയ്തുകഴിഞ്ഞു. ആനയുടെ തലയെടുപ്പും നിലവും നോക്കി സ്ഥാനം നിശ്ചയിക്കുന്ന ഉത്സവങ്ങളില്‍ തിടമ്പ്‌ ഏറ്റുവാനും തിടാമ്പേറ്റിയ ആനയുടെ വലം കൂട്ടും ഇടംകൂട്ടും ലഭിക്കുവാനും ആണ്‌ പ്രധാനമായും മല്‍സരം നടക്കുക. ചില ക്ഷേത്രങ്ങളില്‍ കമ്മറ്റിനിശ്ഛയിക്കുന്ന ജൂറിയായിരിക്കും ഉത്സവത്തിനു മുമ്പെ ആനയെ അളന്ന് തിട്ടപ്പെടുത്തി സ്ഥാനങ്ങള്‍ നിശ്ചയിക്കുക.ഇതില്ലാത്ത ചിലയിടങ്ങളില്‍ പൂരം നിരത്തിനിറുത്തിയിരിക്കുന്ന സമയത്തായിരിക്കും ആനയുടെ തലയെടുപ്പ്‌ നോക്കി സ്ഥാനം നിശ്ചയിക്കുക, ഈ സമയത്ത്‌ പാപ്പാന്മാര്‍ തോട്ടികൊണ്ടും കത്തികൊണ്ടും ആനയുടെ കീഴ്താടിയിലും മറ്റും കുത്തി ആനയുടെ തല ഉയര്‍ത്തുവാന്‍ ശ്രമിക്കും ഇത്‌ പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ഉത്സവങ്ങള്‍ക്കിടയില്‍ തിടമ്പുലഭിക്കുന്നത്‌ സംബന്ധിച്ച്‌ കമ്മറ്റിക്കാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പലപ്പോഴും സംഘട്ടനത്തില്‍ ആയിരിക്കും കലാശിക്കുക.


കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ പലരും തൃശ്ശൂരിന്റെ തട്ടകത്തിനു സ്വന്തം. നാണു എഴുത്തശ്ശന്‍ ശങ്കരനാരായണനും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും ചുള്ളിപ്പറമ്പില്‍ സൂര്യനും ഗുരുവായൂര്‍ പത്മനാഭനും തിരുവമ്പാടി ശിവസുന്ദറും എല്ലാം തൃശ്ശൂരിലെ മുന്‍ നിരനായകരാകുന്നു.ഉത്സവങ്ങളില്‍ തങ്ങളുടെ പക്ഷെത്തുനിന്നും തലയെടുപ്പുള്ള ആനയെ തന്നെ പങ്കെടുപ്പിക്കുവാനുള്ള ഉത്സവകമ്മറ്റിക്കാരുടെ വീറും വാശിയും വര്‍ദ്ധിച്ചതോടെ ആനകളുടെ ഏക്കവും കുതിച്ചുയര്‍ന്നു.ഒന്നിലധികം പൂരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ തലയെടുപ്പുള്ള പല കൊമ്പന്മാര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഏക്കത്തുകയുടെ ഇരട്ടിവരെയാണിപ്പോള്‍ ഒരു ദിവസത്തെ ഏക്കം.ഇന്ന് മിക്ക ഉത്സവങ്ങള്‍ക്കും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനക്കാണ്‌ ഏറ്റവും ഡിമാന്റ്‌. പലപ്പോഴും ടെണ്ടര്‍ വച്ചും ലേലമ്മ് വിളിച്ചും ആണ്‌ ഇവനെ ഉത്സവകമ്മറ്റിക്കാര്‍ സ്വന്തമാക്കുന്നത്‌. അഴകിലും നിലവിലും മുമ്പിലായ ഇവന്‍ ഇന്ന് ഏറ്റവും അധികം ആരാധകരുള്ള ആനയാണ്‌.


സൂപ്പര്‍താരങ്ങള്‍ക്കെന്നപോലെ ആനകള്‍ക്കും ഫാന്‍സുകാര്‍ ധാരാളം.തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ തന്നെ ആനപ്രേമികളുടെ മെഗാസ്റ്റാര്‍.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആരാധകര്‍ ഇവനെ തങ്ങളുടെ ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാനായി പരസ്പരം മല്‍സരിക്കുകയാണ്‌.ആനകമ്പക്കാര്‍ തങ്ങളുടെ ഇഷ്ടപ്പെട്ട ആനകളുടെ കൂറ്റന്‍ ഫ്ലക്സുകള്‍ ആണ്‌ പലയിടത്തും സ്ഥാപിക്കുന്നത്‌. ചുള്ളിപ്പറമ്പില്‍ സൂര്യനും, ഗുരുവായൂര്‍ പത്മനാഭനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും,ചെര്‍പ്ലശ്ശേരി പാര്‍ഥനും,കര്‍ണ്ണനും,പാമ്പാടിരാജനും,പൂക്കോടന്‍ ശിവനെന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറും,ഗുരുവായൂര്‍ വലിയകേശവനും,പട്ടത്തുശ്രീകൃഷ്ണന്‍ തുടങ്ങി ഉത്സവകമ്പക്കാരുടെ പ്രിയതാരങ്ങള്‍ നിരവധിയാണ്‌.


തലപിടുത്തത്തിന്റെ പ്രത്യേകതകൊണ്ട്‌ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ എന്ന ഇളം മുറക്കാരന്‍ ഉത്സവപറമ്പുകളില്‍ യുവാക്കളുടെ ഹരമായിമാറിയിട്ടുണ്ട്‌. ഇതിനിടയില്‍ അടുത്തകാലത്തു ചരിഞ്ഞഇപ്പോഴിതാ ഉത്സവപറമ്പുകളില്‍ ഇഞ്ചോടിഞ്ചുപൊരുതുവാന്‍ പുതുതായി തൃശ്ശൂരില്‍ ഒളരിക്കു സമീപം പൂതൃക്കോവില്‍ വിനായകന്‍ എന്ന ഒത്ത ഉയരക്കാരനും എത്തിയിരിക്കുന്നു.


സാജ്പ്രസാദിന്റെയും കണ്ടമ്പുള്ളിവിജയന്റേയും അഭാവം ഉത്സവപറമ്പുകളില്‍ എടുത്തുകാണിക്കും.


പഴയതില്‍ നിന്നും വ്യത്യസ്ഥമായി ഓരോ ഉത്സവങ്ങള്‍ക്കും പങ്കെടുക്കുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചതും പുതുതായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നതില്‍ ഉള്ള നിയന്ത്രണങ്ങളും ആനകളുടെ ഏക്കത്തുക വര്‍ദ്ധിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നു.ഉത്സവങ്ങള്‍ക്ക്‌ ആനകളെ പങ്കെടുപ്പിക്കുന്നതിനൂള്ള നിബന്ധനകള്‍ വന്നതും ആനപരിചരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതും കൂടാതെ കഴിഞ്ഞവര്‍ഷം അടുത്തകാലത്തെങ്ങും ഇല്ലാത്തവിധം ആനകള്‍ ഇടഞ്ഞോടി ആളുകളെ കൊന്നതുമെല്ലാം ഉത്സവപ്രേമികള്‍ക്കും ആനകമ്പക്കാര്‍ക്കും ഇടയില്‍ നിരാശപടര്‍ത്തിയിരിക്കുന്നു.നിയയമങ്ങള്‍ കര്‍ശനമാക്കിയതോടെ പല ഉത്സവകമ്മറ്റികളും ആനകളെ പങ്കെടുപ്പിക്കുന്നത്‌ വേണ്ടെന്ന തീരുമാനത്തിലും എത്തിയിട്ടുണ്ട്‌.

No comments: