കർക്കിടക മാസത്തിൽ ആനയെക്കാണുന്നതുപോലെ എന്നൊരു പഴം ചൊല്ലുണ്ട്. എന്നാൽ ഞങ്ങൾ തൃശ്ശൂർക്കാർക്ക് കർക്കിടകമാസത്തിൽ ആണ് ഒരു പക്ഷെ ഏറ്റവും അധികം ആനകളെ കാണുവാൻ പറ്റുക. അതാണ് വടക്കുമ്നാഥനിലെ ആനയൂട്ടിന്റെ പ്രത്യേകത.ഉത്സവകാലം കഴിഞ്ഞ് ഒരു വിധപ്പെട്ട ആനകൾ ഒക്കെ വിശ്രമത്തിൽ ആയിരിക്കും .ചിലർ നീരിലും.ഏകദേശം ഇരുപത്തഞ്ചുവർഷത്തിൽ മേലെയായി എല്ലാവർഷവും കർക്കിടകം ഒന്നാം തിയതി വടക്കും നാഥനിൽ ആനയൂട്ടുണ്ട്.അതിൽ നിരവധി ആനകൾ പങ്കെടുക്കാറുമുണ്ട്.മഴയെ അവഗണിച്ച് അവിടെ എത്തുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരികുന്നു.
വടക്കും നാഥനിൽ ഈ കർക്കിടകം ഒന്നാംതിയതിയതി നടന്ന ആനയൂട്ടിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾ കഴിഞ്ഞവർഷത്തെ ആനയൂട്ടുകളെ കുറിച്ച് ഓർത്തുപോയി. വടക്കും നാഥനിലേത് വർഷങ്ങളായി നടന്നുവരുന്ന ആനയൂട്ടാണ്.അതുകൊണ്ടുതന്നെ സംഘാടകർക്ക് അതിനെക്കുറിച്ച് നല്ല നിശ്ചയവും ഉണ്ട്.ഇതിനെ അനുകരിച്ച് പലയിടത്തും പുതുതായി ആളുകൾ ആനയൂട്ടുനടത്തുന്നു.പ്രതീക്ഷിച്ച എണ്ണം ആനകൾ വന്നില്ലെങ്കിൽ അവിടെ കരുതിയിരിക്കുന്ന ഭക്ഷണം വന്ന അനകൾക്ക് നൽകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിൽ നടന്ന ചില ആനയൂട്ടുകൾ കഴിഞ്ഞ് അസുഖം ബാധിച്ച് ആനകൾ ചരിഞ്ഞിരുന്നു.(വടക്കും നാഥനിലെ അല്ല) അമിതമായി ശർക്കരയും കൊട്ടത്തേങ്ങയും കഴിച്ച് ദഹനക്കേടുവന്നിട്ടായിരുന്നു ആനകൾ ചരിഞ്ഞത്. എരണ്ടക്കെട്ട് എന്ന് പറയുന്ന ഈ അസുഖം ബാധിച്ചാൽ അതും മുങ്കെട്ട് വന്നാൽ പിന്നെ ആ ആന രക്ഷപ്പെടുക അപൂർവ്വ്വങ്ങളിൽ അപൂർവ്വം. പാമ്പാടിരജൻ എന്ന ആന കഴിഞ്ഞവർഷം രക്ഷപ്പെട്ടിരുന്നു.
ഇത്തരത്തിൽ ചരിഞ്ഞതിൽ എടുത്തുപറയേണ്ടത് സാജ്പ്രസാദിന്റെ കാര്യം തന്നെ. അഴകുള്ള ഒരു കൊമ്പനെ ആണ് ആനപ്രേമികൾക്ക് നഷ്ടമായത്.ഉത്സവപ്പറമ്പുകളിൽ മറ്റൊരു തെച്ചിക്കോട്ടുകാവിനെപ്പോലെ വിരിഞ്ഞ മസ്തകവും തലയെടുപ്പുമായി അവൻ നിൽക്കുന്നത് മനസ്സിൽ നിന്നും മായുന്നില്ല. മറ്റൊരു സംഭവം വാടാനപ്പള്ളിക്കടുത്ത് ഗണേശമംഗലം ക്ഷേത്രത്തിൽ നടന്ന ആനയൂട്ടുകഴിഞ്ഞു മടങ്ങുമ്പോൾ ചേറ്റുവക്കടുത്തുവച്ച് ആനയിടഞ്ഞതും പാപ്പാനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തിയതാണ്.കലിതുള്ളിയ കരിവീരൻ പാപ്പാനെ ചീന്തിയെറിഞ്ഞു. പപ്പാന്റെ ചിതറിത്തെറിച്ച ശരീരത്തിന്റെ ഭീകരദൃശ്യങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടുന്നു. ആനയൂട്ടെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ രണ്ടു സംഭവങ്ങളാണ്.
പിങ്കുറിപ്പ്: വടക്കും നാഥന്റെ തിരുമുറ്റത്തെ തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം നടന്ന ആനയൂട്ടിൽ പങ്കെടുത്ത ആനകളിൽ തലയെടുപ്പിനെ തമ്പുരാൻ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രൻ എത്തിയോ എന്നൊരു സംശയം.കൈരളി ടിവിയിലെ ഈ. ഫോർ എലിഫെന്റ് പരിപാടിയിലെ ദൃശ്യങ്ങൾക്കിടയിൽ അവന്റെപോലെ ഒരു ആന ഇടതുവശത്ത് പാപ്പാൻ മണിയുമായി കടന്നുവന്ന് മറ്റാനകൾക്കിടയിലേക്ക് കയറുന്നതുപോലെ തോന്നി.
No comments:
Post a Comment