കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക് ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച് ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്.
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും,ഭൂമിയിലെ ദേവസംഗമമെന്നറിയപ്പെടുന്ന ആറാട്ടുപുഴിലെ ഉത്സവവും,ഉത്രാളി,ചിറവരമ്പത്തുകാവ്,പെരിങ്ങോട്ടുകര,ആയിരംകണ്ണി തുടങ്ങി എല്ലാം അവർക്ക് ആവേശം പകരുന്നു. മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച് തൃശ്ശൂർ പൂരത്തിനു ചടങ്ങുകൾ കൂടുതൽ ആണ് ഇതുതന്നെ ആണതിന്റെ കൊഴുപ്പുകൂട്ടുന്നതും.ചെറുപൂരങ്ങളുടെ വരവോടെ ആരംഭിച്ച് മഠത്തിൽ വരവും,ഇലഞ്ഞിത്തറയിൽ നാദവിസ്മയത്തിന്റെ കാലങ്ങൾ കൊട്ടിത്തീർത്തുള്ള തെക്കോട്ടിറക്കവും,കുടമാറ്റവും,രാത്രിയിലെ വെടിക്കെട്ടും,ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം ചേരുമ്പോൾ കാണീളുടെ മനസ്സു നിറയുന്നു. ആറാട്ടുപുഴയിൽ പ്രധാനം തൃപ്രയാർ തേവരുടെ എഴുന്നള്ളത്തിൽ ആരംഭിച്ച് വിവിധ ഭഗവതിമാരും മറ്റു ദേവന്മാരും ആറാട്ടുപുഴ പാടത്ത് ഒത്തുചേരുന്നതും കൂട്ടി എഴുന്നള്ളിപ്പും ആണ്.അവിടേയും ഉപചാരം ചൊല്ലലും അടുത്തവർഷത്തെ കൂടിക്കാഴ്ചക്കായ് ക്ഷണിക്കലും ഒക്കെ ഉണ്ട്.
മേളപ്രമാണിമാർ അംഗീകരിക്കില്ലെങ്കിലും ഇന്ന് ഉത്സവങ്ങളെ സജീവമാക്കുന്ന ഒരു മേളമാണ് ശിങ്കാരിമേളം.രൌദ്രതാളത്തിന്റെ അലകടൽ തീർക്കുന്ന കാണീകളെ ആവേശത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഇതിനു മറ്റു മേളങ്ങളെ പോലെ പ്രത്യേക നിയമങ്ങളോ ചിട്ടകളോ ഇല്ലെന്ന് പറയാം.എങ്കിലും ഇലത്താളവും ചെണ്ടയും കൊണ്ട് ഈ കലാകാരന്മാർ തീർക്കുന്ന ശബ്ദവിസ്മയം ലഹരിയായി പടരുമ്പോൾ കാണികൾ ആവേശംകൊണ്ട് നൃത്തംവെക്കുകയും കൈകൾ ഉയർത്തി താളം പിടിക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട് പ്രധാനക്ഷേത്രത്തിൽ എത്തുന്ന ഉത്സവങ്ങളിൽ കൊഴുപ്പുകൂട്ടുവാൻ ഇത് ഒരു പ്രധാനഘടകമായി മാറുന്നു.ദേവനൃത്തവും,കരകാട്ടവും,കാവടിയും എല്ലാം ഇതിന്റെ അനുബന്ധമായി മാറുന്ന കാഴ്ചയാണിന്നുള്ളത്.
തൃശ്ശൂർ ആറാട്ടുപുഴ തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളെ ഒഴിവാക്കിയാൽ മറ്റു പല ക്ഷേത്രങ്ങളിലും പ്രധാനം ആനകളുടെ തലയെടുപ്പിനാണ്.ഭൂരിഭാഗവും ആനയുടെ നിലവും തലയെടുപ്പും മാനദണ്ഡമാക്കുംമ്പോൾ ചിലർ ഉയരം ആണ് നോക്കുന്നത്.തോളുയരം കുറവും തലയുയരം കൂടുതലും ഉള്ള ധാരാളം ആനകൾ ഉള്ളതിനാൽ പലപ്പോഴും തലയെടുപ്പുള്ളവർക്ക് മുൻഗണന ലഭ്യമാകാതെ പോകുന്നതും തർക്കങ്ങൾക്ക് ഇടയാകാറുണ്ട്. തലയെടുപ്പിൽ ഇന്നു കേരളത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഗജവീരൻ ആണ്.ഉഗ്രപതാപത്തോടെ തലയെടുത്തുപിടിച്ചുള്ള അവന്റെ നിലവിനു മുമ്പിൽ മറ്റുപലരും നിഷ്പ്രഭരാകുന്ന കാഴ്ചയാണിന്ന് ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്നത്. ഗുരുവായൂർപ്പത്മനാഭൻ, അഴകിലും ലക്ഷണങ്ങളിലും മുമ്പനായ തിരുവമ്പാടിയുടെ ശിവസുന്ദർ,മന്ദലാംകുന്ന് കർണ്ണൻ,മന്ദലാം കുന്ന് അയ്യപ്പൻ,ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ തുടങ്ങി ലക്ഷണമൊത്ത മുൻ നിരയും തൊട്ടുപിന്നാലെ ചെർപ്ലശ്ശേരി പാർത്ഥനും,ചുള്ളിപ്പറമ്പിൽ വിഷ്ണു,ചിറക്കൽ മധുവേട്ടന്റെ ആനകളൂം ,ഈരാറ്റുപേട്ട അയ്യപ്പൻ,കോഴിപ്പറമ്പിൽ അയ്യപ്പൻ, ജയറാം കണ്ണൻ തുടങ്ങി സജീവമാക്കുന്ന യുവ/രണ്ടാം നിരയും കൊണ്ട് ഉത്സവപ്പറമ്പുകൾ സജീവമാകുന്നു.പേരെടുത്തുപറയാൻ ഇനിയും ഉണ്ട് ഇതിൽ.
ഈ വർഷം പൂരങ്ങളെ സജീവമാക്കുവാൻ തലയെടുപ്പോടെ ഒരു പുതുമുഖം കൂടെ എത്തുന്നു എന്നവാർത്തകൾ ഉണ്ട്.കൊല്ലം അനന്തപ്ത്മനാഭൻ. ഇതിനോടകം പലയിടങ്ങളിലും മുൻവർഷത്തെപോലെ ചില ആനകൾ ഇടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ആനപ്രേമികൾ ആവേശത്തിലാണ്.ചുള്ളിപ്പറമ്പിൽ വിഷ്ണുവാണോ പാർത്ഥനാണോ പൂതൃക്കോവിൽ വിനായകനാണോ അതോ പുതുമുഖം അനന്തപ്തമനാഭനാണോ ഇത്തവണ യുവനിരയിലെ ഒന്നാമൻ ആകുക എന്ന് ഇപ്പോളേ അവർ ചർചചെയ്തുതുടങ്ങിയിരിക്കുന്നു. മേളങ്ങളുടേയും ആരവങ്ങളുടേയും ഉത്സവപ്പറമ്പുകളിലേക്ക് പോകുവാൻ അതിൽ സ്വയം ലയിക്കുവാൻ കൊതിയാകുന്നു.
*ഒരുപക്ഷെ കണ്ടമ്പുള്ളി ബാലനaഅരായണൻ(എഴുത്തശ്ശൻ ശങ്കരനാരായണൻ എന്നു അവസാനകാലത്ത് അറിയപ്പെട്ടിരുന്നു)ചരിഞ്ഞതിൽ പിന്നെ ചുള്ളിപ്പറമ്പിൽ സൂര്യനാകാം ഔദ്യോഗികമായി ഉയരം കൂടുതൽ പക്ഷെ വ്യത്യാസം അറിയണേൽ സൂര്യനും തെചിക്കോട്ടുകാരും ഒന്നിചുനിൽക്കുന്ന ഉത്സവം നേരിട്ടുതന്നെ കാണണം.
Sunday, December 21, 2008
Subscribe to:
Post Comments (Atom)
3 comments:
കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക് ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച് ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്.
മനസ്സിൽ തുടികൊട്ട് ഉണരുന്നു. ഇനി പൂരകാലം അറിയില്ലാ പാലക്കൽ കാവിലെയും ഉത്രാളികാവിലെയും പൂരം കാണാൻ പറ്റുമോ എന്ന്
എന്റെ വോട്ട് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തന്നെ
Post a Comment