Sunday, April 26, 2009

ശ്രീലങ്കൻ പ്രശ്നം.

ശ്രീലങ്കയിൽ കുരുതിയുടെയും പാലായനത്തിന്റേയും ദിനങ്ങൾ ആരംഭിച്ചിട്ട്‌ പതിറ്റാണ്ടുകൾ ആയി.എങ്കിലും അടുത്തകാലത്ത്‌ ഇത്രയ്ക്ക്‌ രൂക്ഷമായ പോരാട്ടങ്ങളും പാലായനങ്ങളും ഉണ്ടായിട്ടില്ല.മാധ്യമങ്ങളിൽ പരിക്കേറ്റുപിടയുന്ന പിഞ്ചുബാല്യങ്ങൾ മുതൽ വയോവൃദ്ധർ വരെ വ്യത്യസ്ഥ പ്രായക്കാർ. അവരുടെ ദീനരോദനങ്ങൾ.അഭയാർത്ഥികളുടെ ജീവിതം എത്രമാത്രം ദുരിതമാണെന്ന് വാക്കുകളും ദൃശ്യങ്ങളും കൊണ്ട്‌ പകരുക അസാധ്യം തന്നെ. അരക്ഷിതമായ ഒരു ജീവിതം അവരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും.മനസ്സിനും ശരീരത്തിനും ഏറ്റ മുറിപ്പാടുകൾ അവരിൽ രോഷത്തിന്റെ അഗ്നിജ്വലിപ്പിക്കും.ഇതിനെ തടയുക എന്നത്‌ അവരുടെ പ്രശ്നങ്ങൾക്ക്‌ ശാശ്വതമായതും സമാധാനപരമായതുമായ പരിഹാരം നൽകിക്കൊണ്ടായിരിക്കണം.

അഭയാർത്ഥികൾ അല്ലെങ്കിൽ കുടിയേറ്റക്കാർ ഏതൊരു രാജ്യത്തിനും പിന്നീട്‌ അസ്വസ്ഥതകൾ സമ്മാനിക്കും എന്നതിൽ തർക്കമില്ല.ഇന്ത്യയിൽ ബംഗാളാദേശിൽ നിന്നും വരുന്നവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേണ്ടവിധത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല എന്ന് വേണം കരുതുവാൻ.ഇപ്പോൾ കടന്നുവരുന്നവരെ നിയന്ത്രിക്കുന്നതിൽ സർക്കാർ ജാഗ്രതപാലിച്ചേ പറ്റൂ.ഏതെങ്കിലും വിധത്തിൽ ഉള്ള മൃദുസമീപനം പിന്നീട്‌ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക്‌ തന്നെ കാരണമാകും. എന്നാൽ ശ്രീലങ്കൻ പ്രശ്നനം അത്തരത്തിൽ ഉള്ളതാണെന്ന് കരുതുക വയ്യ.കാരണം മൂന്നോ നാലോ നൂറ്റാണ്ടിന്റെ പഴക്കം ഉണ്ട്‌ ഇന്നത്തെ ശ്രീലങ്കൻ തമിഴ്‌ വംശജരുടെ പൂർവ്വികരുടെ കുടിയേറ്റത്തിന്‌. അതുകൊണ്ടുതന്നെ അവർ ആ രാജ്യത്തിന്റെ ഭാഗമാണ്‌.

ചിലർ രാഷ്ടീയമുതലെടുപ്പിനായി വിഘടന വാദം ഉന്നിയിക്കാം എങ്കിലും ശ്രീലങ്കയെ വെട്ടിമുറിച്ചുകൊണ്ട്‌ ഒരു പരിഹാരം നല്ലതല്ല.മതത്തിന്റേയും ജാതിയുടേയും പേരിൽ രാജ്യത്തെ വെട്ടിമുറിച്ച്‌ ഒടുവിൽ അവരെ പരസ്പരം കലഹിപ്പിച്ചുകൊണ്ട്‌ മുതലെടുപ്പ്‌ നടത്തുന്ന രാഷ്ടീയ പ്രതിഭാസം നാം കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്‌.ഇത്തരം വിഭജനങ്ങൾ ഉണങ്ങാത്ത വ്രണമായി അവശേഷിക്കും.അതു നിരന്തരം പ്രശനങ്ങൾ സൃഷ്ടിക്കും. ശ്രീലങ്കയിൽ തമിഴർക്കും സിംഹളർക്കും തുല്യമായ അവകാശങ്ങൾ ഉള്ള ഒരു ഭരണകൂടം വരുന്നതിലൂടെ ഒരു പക്ഷെ ഇതിനൊരു പരിഹാരം ഉണ്ടായേക്കാം. എന്നാൽ അതിനു ആദ്യം വേണ്ടത്‌ ആയുധം താഴെവച്ചുകൊണ്ട്‌ ഇരുകൂട്ടരും പരസ്പരം വിട്ടുവീശ്ചയ്ക്ക്‌ തയ്യാറാകുകയും വേണം.യുദ്ധം ഇരുപക്ഷത്തിനും നാശവും, സമാധാനമില്ലായ്മയും മാത്രമേ നൽകൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്‌ ഒരു നല്ല മധ്യസ്ഥനെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. അന്താരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ വേണ്ടവിധത്തിൽ ഇടപെടണമെന്ന് മാത്രമല്ല ഇന്ത്യക്ക്‌ ഇക്കാര്യത്തിൽ കാര്യമായ പലതും ചെയ്യുവാനും കഴിയും.

കുട്ടികളുടെ കുരുതി അത്‌ ഗാസയിലായാലും,കൊളൊമ്പോയിലായാലും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.

4 comments:

ലൂസിഫര്‍ said...

ഏതാണ്ട് 6500 പേര്‍ മരിച്ചു നമുക്ക് തൊട്ടടുത്ത്‌ , നിരപരാധികള്‍ . ഗാസ യില്‍ ഒഴുക്കിയ കന്നീര്‍ ഒരു തുള്ളിയെന്കിലും ഈ പ്രശ്നത്തില്‍ ഒഴുക്കാന്‍ ,ബ്ലോഗിലെ മനുഷ സ്നേഹികള്‍ തയാറാകുമോ എന്തോ

അനില്‍ശ്രീ... said...

യഥാര്‍ത്ഥ മനുഷ്യ സ്നേഹിയാണെങ്കില്‍ തയ്യാറാകും അരുണ്‍. ലങ്കയില്‍ ഇന്നു നടക്കുന്നത് മനുഷ്യാവകാശ ദ്വംസനം തന്നെ,,, ഇന്നിപ്പോള്‍ പുലികള്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇത് കുറച്ചു കൂടി മുമ്പേ ആവാമായിരുന്നു എന്ന് തോന്നുന്നു.

ഗാസയില്‍ നടക്കുന്നതിനെ എതിര്‍ത്തിട്ട് ലങ്കയില്‍ നടക്കുന്നതിനെ അനുകൂലിക്കുന്നതില്‍ മനുഷ്യ സ്നേഹം കാണാനാവില്ല, തിരിച്ചും.

പാര്‍പ്പിടം ഈ വിഷയത്തില്‍ ഗുപ്തന്റെൊരു പോസ്റ്റുണ്ടായിരുന്നു, http://identhaa.blogspot.com/2009/03/blog-post_30.html

കുഞ്ഞിക്കുട്ടന്‍ said...

അനില്‍ ,
ബൂലോഗത്ത്‌ മനുഷ്യ സ്നേഹികളെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത കാലം ഏതാണ്ട് രണ്ടു മാസം മുന്‍പ് മാത്രമായിരുന്നു . ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല .ശ്രീലങ്കന്‍ തമിഴര്‍ മനുഷ്യരാണെന്ന് ഇവിടാര്‍ക്കും തോന്നുന്നില്ല എന്നാണ് മനസിലാക്കേണ്ടത് . മനുഷ്യര്‍ ഗാസയിലും , ഇറാഖിലും , അഫ്ഗാനിസ്ഥാനിലും മാത്രമേയുള്ളൂ. അവിടെ അക്രമം നടന്നാലേ ഇവര്‍ക്കൊക്കെ മനുഷ്യ സ്നേഹം വരൂ .

paarppidam said...

ഒരു രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ യുദ്ധത്തെ പ്രതിരോധിക്കുവാൻ ആ രാജ്യത്തിനു പൂർണ്ണമായും അധികാരം ഉണ്ട്‌ എന്നതിനെ അംഗീകരിക്കുന്നു.എന്നാൽ അതിനിടയിൽ ജീവിതം നഷ്ടപ്പെടുന്ന സാധാരണക്കാരെ കുറിച്ച്‌ ലോകരാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു,പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ശ്രീലങ്കയിൽ തമിഴ്‌ പുലികളുടേയും സർക്കാരിന്റേയും പോരാട്ടത്തിനിടയിൽ യദാർത്ഥത്തിൽ ദുരിതമനുഭവിക്കുന്നത്‌ സാധാരണക്കാരാണ്‌.തമിഴ്‌ വംശജരുടെ അത്രയും ഇല്ലെങ്കിലും ഇതിൽ സിംഹളരും ദുരിതം അനുഭവിക്കുന്നുണ്ട്‌ എന്നതാണ്‌ വസ്തുത.

എന്നെ സംബന്ധിച്ചിടത്തോളം ഗാസയും ശ്രീലങ്കയും എല്ലാം നഷ്ടപ്പെടുന്നത്‌ ഒരേ പ്രാണൻ തന്നെ ആണ്‌. ദുരിതത്തിന്റെ മനുഷ്യാവസ്ഥകൾ ഒന്നു തന്നെ ആണ്‌.സങ്കുചിത താൽപര്യം വച്ചുപുലർത്തുന്ന മത-രാഷ്ടീയക്കാർക്ക്‌ മാത്രമാണ്‌ ഇതിൽ വ്യത്യാസം കാണുവാൻ കഴിയുക.അവർ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കുവാൻ വേണ്ടി ചിലയിടങ്ങളിലെ ആക്രമണങ്ങളിൽ വല്ലാതെ "വ്യാകുലപ്പെടും".ഇത്തരക്കാർക്ക്‌ കേരളത്തിൽ അത്‌ പാലസ്ഥീൻ ആണെകിൽ തമിഴ്‌നാട്ടിൽ അതു ശ്രീലങ്കയാകും.