Sunday, July 12, 2009

മഴമാറും സത്യത്തിന്റെ സൂര്യനാളം വരും..

മഴ നല്ല ലക്ഷണം തെന്നെ ആണ്‌.എന്നാൽ മഴ എന്നും ഉണ്ടാകില്ല.മഴമാറി വെയിൽ വരും.അന്നൊരുപക്ഷെ സത്യങ്ങളുടെ പൊള്ളുന്ന ചൂടിൽ ഇന്നു ചിരിച്ചവർ ഉരുകിയെന്നും വരാം.സത്യത്തിന്റെ സൂര്യനാളങ്ങളെ നേരിടുവാൻ കഴിയാതെ തളർന്നു നിൽക്കുമ്പോൾ ഇന്ന് കൂടെ ഉള്ള ഉപചാപകരും അനുചാരകവൃന്ദങ്ങളും ഉണ്ടായിക്കൊള്ളണം എന്നുമില്ല.

അവരുടെ അന്ത:പുരങ്ങളിൽ ആഘോഷങ്ങളുടെ രാവായിരിക്കാം ഇന്ന്.എന്നാൽ കൂരപ്പുരയിലെ ചിമ്മിണിവെട്ടത്തിൽ ജീവിക്കുന്ന അർദ്ധപ്പട്ടിണിക്കാരന്റെ മനസ്സിൽ ഇന്ന് ആശങ്കകളുടെ വേലിയേറ്റമായിരിക്കും... അവരുടെ മനസ്സിൽ ഒറ്റചോദ്യമേ ഉണ്ടാകൂ.എന്തുകൊണ്ട്‌ അഴിമതിക്കെതിരെ ശബ്ദമുയർത്തിയതങ്ങളുടെ നേതാവിനെ തരം താഴ്ത്തി? അഴിമതിക്കെതിരെ പോരാടുന്നത്‌ തെറ്റാണോ? മുതലാളിമാരുടെ കുഴലൂത്തുകാരനാകാതെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നത്‌ തെറ്റാണോ?

ജാതിമത രാഷ്ടീയ ബേധമന്യേ കേരളീയർ എന്തുകൊണ്ട്‌ ഈ മനുഷ്യന്റെ വാക്കുകൾക്ക്‌ വിശ്വാസ്യത കൽപ്പിക്കുന്നു എന്നതിനു മറുപടികണ്ടെത്തുവാൻ ഊശാന്താടിക്കാരുടെ നിർവ്വചനങ്ങളും നിഗമനങ്ങളും പോരാതെവരും.അക്കൂട്ടർ പറയുന്നപോലെ കേവലം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച ഒരു ഇമേജാണെങ്കിൽ ഇന്നു രാത്രി ഇത്ര വൈകിയും സഖാവിനു വേണ്ടി തെരുവിൽ ഇറങ്ങുവാൻ കേരളത്തിലെ ജനം തയ്യാറാകില്ല.ഉറക്കമിളച്ച്‌ പോസ്റ്ററൊട്ടിക്കുവാൻ ആരും മിനക്കെടില്ല. ജനങ്ങളുടെ മനസ്സിൽ ഈ മനുഷ്യൻ നേടിയെടുത്ത അസൂയാവഹമായ വിശ്വാസവും ആദരവും കണ്ട്‌ അസ്വസ്ഥരായവർക്ക്‌ വി.എസ്സിനെ വെട്ടിനിരത്തി എന്ന് താൽക്കാലികമായി ആഹ്ലാദിക്കാം.പക്ഷെ ഒന്നുണ്ട്‌ ഒരു വിപ്ലവകാരിയേയും ജനകീയനേതാവിനേയും അച്ചടക്കത്തിന്റെ കൂച്ചുവിലങ്ങിൽ എന്നെന്നേക്കുമായി തളച്ചിടുവാൻ കഴിഞ്ഞെന്നുവരില്ല.

അഴിമതിക്കാരെ അരിയിട്ടുവാഴിക്കുന്ന കാലഘട്ടത്തിൽ സഖാവ്‌.വി.എസ്സിനെപ്പോലുള്ളവർ ആണ്‌ സമൂഹത്തിനു ആശ്വാസം.ഭരണഘടനയോടും ജനങ്ങളോടും കൂറുപുലർത്തുക എന്നതാണ്‌ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിയുടേയും ഉത്തരവാദിത്വം.മറിച്ച്‌ ജനപ്രതിനിധിയായി ഇരുന്നുകൊണ്ട്‌ ജനങ്ങളുടെ നികുതിപ്പണം പറ്റിക്കൊണ്ട്‌ പാർട്ടിയുടെ താൽപര്യം മാത്രം സംരക്ഷിക്കുന്നവർ യദാർത്ഥത്തിൽ ജനവഞ്ചർ അല്ലെ? പാർട്ടിയെ പരിരക്ഷിക്കുവാൻ വേണ്ടിയല്ല ജനങ്ങൾ ഒരാളെ തിരഞ്ഞെടുക്കുന്നത്‌.പാർട്ടിയാണ്‌ സീറ്റുനൽകിയതെന്നും വളർത്തിയതെന്നും പറഞ്ഞ്‌ പരിപൂർണ്ണമായും പാർട്ടിക്ക്‌ അനുസരിച്ചുകൊണ്ട്‌ ഭരണഘടനക്കും ജനതാൽപര്യത്തിനും വിരുദ്ധമായി ഏതെങ്കിലും ജനപ്രതിനിധി തീരുമാനം എടുക്കുന്ന നിലവന്നാൽ നാളെ സമുദായപിന്തുണ കിട്ടിയവൻ ജനപ്രതിനിധിയായി ഇരുന്നുകൊണ്ട്‌ സമുദായസേവനം നടത്തിയാൽ അത്‌ അംഗീകരിക്കേണ്ടിവരും.കാരണം അവനും ഇതേ ന്യായം ആയിരിക്കും നിരത്തുവാൻ ഉണ്ടാകുക. വി.എസ്സ്‌ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്‌.ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിനു അവസരം നൽകുകയാണ്‌ വേണ്ടത്‌.

കുത്തകകൾക്കും കുത്തിത്തിരിപ്പുകാർക്കും ഉണ്ടാകുന്ന വിജയം എന്നെന്നേക്കുമല്ല.പ്രതിനിധികളാൽ തിറഞ്ഞെടുക്കപ്പെട്ട്‌ പാർട്ടിയാൽ സംരക്ഷിക്കപ്പെടുന്ന ജനപിന്തുണയില്ലാത്ത വെറും നപുംസക നേതാവല്ല സഖാവ്‌ വി.എസ്സ്‌.അഴിമതിക്കെതിരായ പോരാട്ടങ്ങൾക്ക്‌ ആ വലിയ മനുഷ്യനു കരുത്തുപകരുന്നത്‌ ജനമാണ്‌.അതുകൊണ്ടുതന്നെ ജനം കൂടെ ഉള്ളിടത്തോളം അഴിമതിക്കെതിരെ പോരാടുവാൻ ഒരു ശക്തികളേയും ഭയപ്പെടേണ്ടതുമില്ല.

സഖാവ്‌ വി.എസ്സിനെ വെട്ടിനിരത്തിയതുകൊണ്ട്‌ ലോട്ടറിയും,ലാവ്‌ലിനടക്കം ഉള്ള വിഷയങ്ങൾ ഇല്ലാതാകില്ല.അഴിമതിയുടെയും നവമുതലാളി ത്തത്തിന്റേയും പുത്തൻ പ്രത്യയശാസ്ത്ര കർത്താക്കൾ അറിയാതെ പോകുന്നത്‌ ജനത്തിന്റെ മനസ്സാണ്‌.അംഗങ്ങൾക്കും അണികൾക്കും അപ്പുറം അധികാരം ഉള്ളവരാണ്‌ ജനം.ആ ജനം ആണ്‌ സഖാവിനു ശക്തിപകരുന്നത്‌. അതുകൊണ്ടുതന്നെ ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രശങ്ങളിൽ ഇടപെട്ട്‌ അവർക്കായി പൊരുതുതുന്ന,എന്നും പോരാട്ടത്തിന്റെ കനൽജ്വാലകൾ മനസ്സിൽ സൂക്ഷിക്കുന്ന ആ വയോവൃദ്ധനെ ഭയപ്പെട്ട ............ക്കൂട്ടങ്ങൾ പടിയടിച്ചിറക്കിയാലും അദ്ദേഹം അനാഥനാകുന്നില്ല.ഒരു എം.വി ആറോ കെ.ആർ.ഗൗരിയോ അല്ല സഖാവ്‌ വി.എസ്സ്‌. അഴിമതിക്കെതിരയ പോരാട്ടവേദികളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്ന പ്രിയസഖാവിനു എല്ലാവിധ അഭിവാദ്യങ്ങളും ...........

3 comments:

paarppidam said...

ദില്ലിയിലെ തണുപ്പും കുളിരും ഒരുനാൾ മാറും.സത്യത്തിന്റെ തീഷണമായ സൂര്യനാളങ്ങൾ ഏൽക്കുവാൻ കാലം നിങ്ങൾക്ക്‌ വിധികൽപ്പിക്കും.അന്ന് ഈ അനുചരന്മാരോ സഹകാരികളോ ഉണ്ടാകില്ല.കാരണം അവർക്ക്‌ വലുത്‌ അധികാരവും പണവും ആണ്‌.അതു കിട്ടുവാൻ പുതിയവഴികൾ തേടി അവർ നിങ്ങളെ കൈവിട്ടുപോയിരിക്കും.

അനീഷ് രവീന്ദ്രൻ said...

അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ...
നൂറു ചുവപ്പിന്നഭിവാദ്യങ്ങൾ!
ഇങ്ക്വിലാബ് സിന്ദാബാദ്!

മാണിക്യം said...

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ പി.ബി. അംഗത്വത്തില്‍നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം കേന്ദ്രനേതൃത്വം കൈക്കൊണ്ടത്‌ അദ്ദേഹത്തിന്‌ പാര്‍ട്ടിഘടനയില്‍ വലിയ സ്വാധീനമില്ലെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍. ഒപ്പം അദ്ദേഹം പാര്‍ട്ടിവിട്ടാലും വലിയ പ്രത്യാഘാതം ഉണ്ടാവില്ലെന്നും നേതൃത്വം കണക്കുകൂട്ടി.

കേരളത്തിന്റെ പാര്‍ട്ടിഘടനയില്‍ അച്യുതാനന്ദന്‌ യാതൊരു സ്വാധീനവുമില്ല. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും പിന്തുണയുള്ളത്‌ പിണറായിക്കുതന്നെയാണ്‌.
വി.എസ്സിന്റെ പിന്തുണ പൊതുജനങ്ങളും മാധ്യമങ്ങളുമാണ്‌. പൊതുജനങ്ങളുടെ വികാരം തത്‌കാലത്തേക്ക്‌ മാത്രമുള്ളതാണ്‌.

സംസ്ഥാന പാര്‍ട്ടിയില്‍ അതിശക്തനായ പിണറായിയെ പിണക്കാന്‍ തത്‌കാലം കാരാട്ടിന്‌ താത്‌പര്യമില്ല.

വി.എസ്സിനെതിരെ മാത്രം ഏകപക്ഷീയമായ അച്ചടക്ക നടപടി പ്രഖ്യാപിക്കുകയും പിണറായി വിജയന്‌ പൂര്‍ണ സംരക്ഷണം നല്‍കുകയും ചെയ്‌ത സാഹചര്യം തികച്ചും അപലപനീയമാണു