ആകാശത്തിനു അതിരുകൾ ഇല്ലായിരിക്കാം എന്നാൽ രാജ്യത്തിനും,സമൂഹത്തിനും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.ഈ അതിരുകൾ ചിലപ്പോൽ മുന്നറിയിപ്പുകളായും,പരിമിതികളായും അനുഭവപ്പെട്ടേക്കാം എന്നാൽ ചിലപ്പോൾ അത് സ്വാതന്ത്രത്തിന്റെ അറ്റവുമായി സ്വയം നിർണ്ണയിക്കപ്പെടുന്നു. ഒരാളുടെ സ്വാതന്ത്രം അപരന്റെ മൂക്കിൻ തുമ്പിനോളം എന്ന് ഒരു പഴമൊഴിയുണ്ട്,അതുപോലെ അവനവനാത്മസുഖത്തിനായി ചെയ്യുന്നത് അപരനു ബുദ്ധിമുട്ടാകരുതെന്നും പറയാറുണ്ട് ഇതെല്ലാം സൂചിപ്പിക്കുന്നതെന്തെന്ന് വളരെ വ്യക്തം. പൊതുവിൽ കലക്കും കലാകാരന്മാർക്കും ജനാധിപത്യ/ആധുനീക സമൂഹം ചില സ്വാതന്ത്രങ്ങൾ ഒക്കെ അനുവദിച്ചുനൽകാറുണ്ട്. അവരോട് പൊതുവിൽ ആദരവോടെയാണ് ആളുകൾ പെരുമാറുന്നതും. ഇടക്ക് ചിലകലാകാരന്മർ വിമർശനങ്ങൾക്കും വിധേയരാകാറുണ്ട്. പലപ്പോഴും അത് അവരുടെ സൃഷ്ടിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും.
മതത്തിനു നിർണ്ണായകസ്വാധീനം ഉള്ള സമൂഹത്തിൽ മതവിശ്വാത്തെയും അതുമായി ബന്ധപ്പെട്ട ആരാധനാമൂർത്തികളേയും വ്യക്തികളേയും കളങ്കപ്പെടുത്തുന്ന കാർട്ടൂൺ/ചിത്രം/സാഹിത്യം/സിനിമ തുടങ്ങിയവ പലപ്പോഴും എതിർപ്പുകൾ സൃഷ്ടിക്കാറുണ്ട്.വിശ്വാസങ്ങൾ വൃണപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തിന്റെ കാര്യത്തിൽ ഹിന്ദുവേന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ കമ്യൂണിസ്റ്റുകാരനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകാറുപതിവില്ല. ചിലപ്പോൾ അത് മതങ്ങളുടെ പേരിൽ ഉള്ള സംഘടനകളിൽ നിന്നാകാം അല്ലെങ്കിൽ വിശ്വാസിസമൂഹത്തിൽ നിന്നും മൊത്തമായിട്ടാകാം അപൂർവ്വമായി ഒറ്റപ്പെട്ട പ്രതിഷേധങ്ങളൂം ഉണ്ടാകാം.ഒരു ഡാനിഷ് കാർട്ടൂണിസ്റ്റ്,സൽമാൻ റുഷ്ദി,തസ്ലീമ നസ്ര്രീൻ, സക്കറിയ തുടങ്ങി പലരേയും പലകാലങ്ങളിലായി ഇത്തരം പ്രതിഷേധങ്ങൾ നേരിട്ടവരിൽ ചിലരാണ്. അക്കൂട്ടത്തിൽ എം.എഫ് ഹുസൈനും കടാന്നുവരുന്നു.വിശ്വാസികൾ മാത്രമല്ല കമ്യൂണിസ്റ്റുകാരനും തങ്ങളുടെ വികാരം മുറിപ്പെട്ടാൽ പ്രതികരിക്കും എന്ന് സക്കറിയ സംഭവം വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ പണ്ഠാർപ്പൂരിൽ 1915-ൽ ജനിച്ച് കടുത്ത ജീവിതപരീക്ഷണങ്ങളെ അതിജീവിച്ച് പിൽക്കാലത്ത് ലോകപ്രശസ്ഥനായ എം.എഫ് ഹുസൈൻ എന്ന ഇന്ത്യൻ ചിത്രകാരൻ സ്വന്തം നാട്ടിലേക്ക് കടക്കുവാൻ ആകാതെ വാർദ്ധക്യത്തിൽ അന്യരജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ടിവരുന്നു എന്ന വാർത്ത അത്യന്തം ദുഃഖകരമാണ്.എന്നാൽ എന്തുകൊണ്ട് ഇന്ത്യൻ പിക്കാസോ എന്ന് വിദേശമാഗസിൻ വിശേഷിപ്പിച്ച പത്മശ്രീയും,പത്മഭൂഷണും,പത്മവിഭൂഷണും ലഭിച്ച ഈ ചിത്രകാരനു ഇപ്രകാരം ഒരു അവസ്ഥയുണ്ടായീ എന്നത് പരിശോധിക്കുന്നത് ഈ അവസരത്തിൽ നന്നായിരിക്കും എന്ന് തോന്നുന്നു.
ഇന്ത്യൻ പൗരൻ എന്ന നിലക്കും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും അദ്ദേഹത്തിനു സ്വന്തം രാജ്യത്ത് താമസിക്കുവാനും കലാപ്രവർത്തനം നടത്തുവാനും തീർച്ചയായും അവകാശമുണ്ട്. തസ്ലീമ ൻസ്ര്രീനെ പോലുള്ളവർക്ക് അഭയം നൽകിയ ഇന്ത്യയിൽ ഒരു കലാകാരൻ എതിർപ്പുനേരിടേണ്ടിവന്ന് നാടുവിടേണ്ട അവസ്ഥയുണ്ടായി എന്നും ഇന്നിപ്പോൾ ഖത്തർ പൗരത്വം നൽകി അദ്ദേഹത്തിന് എന്നുമെല്ലാം ഉള്ള വാർത്തകൾ വരുന്ന സാഹചര്യത്തിൽ അദ്ദേഹം എന്തുകൊണ്ട് തന്റെ രാജ്യത്ത് എതിർപ്പ് നേരിടേണ്ടി വന്നു എന്നതും എപ്രകാരം ഉള്ള ചിത്രങ്ങളാണ് എതിർപ്പിനു പാത്രീഭവിച്ചതെന്നും വേണ്ടത്ര ചർച്ചചെയ്യാതെ കേവലം ഉപരിപ്ലവമായ കലാകാരന്റെ സ്വാതന്ത്രവും സംഘപരിവാറിന്റെ എതിർപ്പും എന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുന്നു.
അദ്ദേഹം വരച്ച ചില ചിത്രങ്ങൾ അതും ഹിന്ദു വിശ്വാസികൾ ദൈവങ്ങളായി ആരാധിക്കുന്ന സരസ്വതി,ശ്രീരാമൻ, തുടങ്ങിയവരെ മുതൽ ഭാരതാമ്പയെ വരെ പലരെയും അസ്ലീലം/ആഭാസകരമായി ചിത്രീകരിച്ചതിനും അതിനു ചില അടിക്കുറിപ്പുകൾ നൽകിയതിനുമാണ് പ്രതിഷേധങ്ങളും കോടതിനടപടികളും നേരിടേണ്ടിവന്നത്. കാമശാസ്ത്രം രചിക്കപ്പെട്ട്യൂന്ന് കരുതുന്ന നാട്ടിൽ ഖജുരാഹോയിലും മറ്റും നിരവധി നഗ്ന ശിൽപങ്ങൾ "ദേവീ ദേവന്മാരുടേതടാക്കം" ഉള്ള നാട്ടിൽ നഗ്ന ചിത്രങ്ങൾ വരക്കാൻ കലാകാരനു സ്വാതന്ത്രമില്ലേ എന്ന് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങളും മേൽപ്പറഞ്ഞ ശിൽപങ്ങൾ/ചുവർച്ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം ബോധ്യമാകും. എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ബോധ്യമാകും.
സംഘപരിവാർ ഉയർത്തുന്ന കടുംപിടുത്ത നിലപാടിനോട് വിയോജിക്കുമ്പോൾ തന്നെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരുകലാകാരൻ ഇപ്രകാരം ഒരു വിഭാഗത്തിന്റെ വ്ഇശ്വാസത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചതിൽ ഔചിത്യം ഒട്ടും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.മാത്രമല്ല അദ്ദേഹം തന്റെ മതത്തിന്റെ വിശ്വാസങ്ങൾക്ക് ഹാനിയുണ്ടാകുന്ന ഒരു ചിത്രവും വരയ്ക്കുകയുണ്ടായിട്ടില്ല എന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.
ലോകത്തെവിടെ ആയാലും കലാകാരന്മാർ ആക്രമിക്കപ്പെടുന്നത് എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്. അതോടൊപ്പം കലാകാരൻ ആയി എന്നതിന്റെ പേരിൽ അന്യരുടെ വിശ്വാസങ്ങളേയും മാനിക്കില്ല എന്നുള്ള അഹങ്കാരമോ/അമിതസ്വാതന്ത്രമോ എടുക്കുന്നതും ഉചിതമല്ല.ഹുസൈനെ സംബന്ധിച്ചേടത്തോളം അദ്ദേഹം വരച്ച ചിത്രങ്ങൾ ആരുടെ എങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ബോധ്യമായാൽ അതു പിൻവലിക്കാമായിരുന്നു.സംഘപരിവാറിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ ഒരു പാടുപേർ ആരാധിക്കുന്ന "ദൈവബിംബങ്ങളെ" തന്റെ കലാസപര്യയ്ക്കിടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വിശ്വാസികൾക്ക് വേദനയുളവാക്കും വിധം ചിത്രീകരിച്ചു എന്നത് മനസ്സിലാക്കി ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട് അദ്ദേഹത്തിനു താൽപര്യം ഉണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുവാനും ശിഷ്ടകാലം തന്റെ കലാപ്രവർത്തനങ്ങളിൽ മുഴുകുവാനും ഉള്ള സാഹചര്യം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം
Sunday, February 28, 2010
Subscribe to:
Post Comments (Atom)
3 comments:
ലോകത്തെവിടെ ആയാലും കലാകാരന്മാർ ആക്രമിക്കപ്പെടുന്നത് എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്. അതോടൊപ്പം കലാകാരൻ ആയി എന്നതിന്റെ പേരിൽ അന്യരുടെ വിശ്വാസങ്ങളേയും മാനിക്കില്ല എന്നുള്ള അഹങ്കാരമോ/അമിതസ്വാതന്ത്രമോ എടുക്കുന്നതും ഉചിതമല്ല.ഹുസൈനെ സംബന്ധിച്ചേടത്തോളം അദ്ദേഹം വരച്ച ചിത്രങ്ങൾ ആരുടെ എങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ബോധ്യമായാൽ അതു പിൻവലിക്കാമായിരുന്നു.സംഘപരിവാറിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ ഒരു പാടുപേർ ആരാധിക്കുന്ന "ദൈവബിംബങ്ങളെ" തന്റെ കലാസപര്യയ്ക്കിടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വിശ്വാസികൾക്ക് വേദനയുളവാക്കും വിധം ചിത്രീകരിച്ചു എന്നത് മനസ്സിലാക്കി ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട് അദ്ദേഹത്തിനു താൽപര്യം ഉണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുവാനും ശിഷ്ടകാലം തന്റെ കലാപ്രവർത്തനങ്ങളിൽ മുഴുകുവാനും ഉള്ള സാഹചര്യം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം
നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തിനു അതിരുകളില്ലാതായതാണ് കുഴപ്പമെന്ന് തോന്നുന്നു.
നാട്ടിൽ കലാപമുണ്ടാക്കാൻ ആസൂത്രിത നീക്കം നടത്തുന്നവരെ കരുതിയിരിക്കുക. അവർക്ക് മതമോ വിശ്വാസമോ അല്ല മറ്റ് പലതുമാണ് ചാലക ശക്തിയെന്നറിയുക.
Post a Comment