Tuesday, March 10, 2009

അന്തിക്കാട്ടെ മഴ-1

മഴക്കെന്നും പ്രണയത്തിന്റെ ഭാവമാണ്‌.പ്രണയത്തിന്റെ ആർദ്രതയും ഭ്രാന്തമായ അഭിനിവേശവും എല്ലാം മഴയ്ക്കു പ്രകടിപ്പിക്കുവാൻ ആകും.മഴക്കാലത്ത്‌ പ്രകൃതിയുടെ ഭാവം മാറുന്നത്‌ വളരെ പെട്ടെന്നാണ്‌.വിശാലമായ പാടത്തെ വേർതിരിക്കുന്ന വരമ്പുകൾ കാണക്കാണെ അപ്രത്യക്ഷമാകുന്നതും അവിടെ വെള്ളം നിറയുന്നതും എല്ലാം പെട്ടെന്നാണ്‌...

പുള്ളിനും മഞ്ഞക്കരക്കും ഇടയിൽ വിശാലമായ അന്തിക്കാടൻ കോൾപ്പാടത്തെ വെള്ളം വിഴുങ്ങിയ ഒരു മഴക്കാലം.രാവിലെ മുതൽ നിർത്താതെ പെയ്ത മഴയൊന്നു തോർന്നപ്പോൾ മോഹനേട്ടന്റെ വലിയ വഞ്ചിയിൽ കയറി കോളിലേക്ക്‌ പുറപ്പെട്ടു.ഇളം കാറ്റിൽ ഓളം തല്ലുന്ന വെള്ളം ചുറ്റിനും. വഞ്ചിയുടെ തലക്കലേക്ക്‌ തലയും വച്ച്‌ വർഷകാല മേഘങ്ങൾ സൃഷ്ടിച്ച വിചിത്രമായ രൂപങ്ങളാൽ നിറഞ്ഞ ആകാശം നോക്കി പ്രണയിനിയെയും ഓർത്തു കിടന്നു.

ഇടക്കെപ്പോഴോ ഓളപ്പരപ്പിലെ ആ വലിയ വഞ്ചിയിൽ ഞാനും അവളും പരസ്പരം കണ്ണിൽ നോക്കി ഇരിക്കുന്നു.പ്രണയത്തിന്റെ ശക്തമായ ഭാഷ മൗനം ആണെന്ന് പറഞ്ഞത്‌ ആരാണെന്ന് അറിയില്ല.പ്രണയിക്കുന്നവരുടെ കണ്ണുകൾ പരസ്പരം പറയുന്ന നിശ്ശബ്ദമായ കഥകൾ ഒരു പക്ഷെ ഇതുവരെ ഈ പ്രപഞ്ചത്തിൽ എഴുതപ്പെട്ടതും പറയപ്പെട്ടതുമായ പ്രണയകഥകളേക്കാൾ എത്രയോ മടങ്ങ്‌ മനോഹരം ആയിരിക്കും?

"നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട്‌ കിടക്കാണോടാ" അങ്ങേ തലക്കൽ നിന്നുകൊണ്ട്‌ ഊന്നിയ കഴുക്കോൽ വലിച്ചെടുക്കുന്നതിനിടയിൽ മോഹനേട്ടൻ ചോദിച്ചു.സ്പനം ഇടക്ക്‌ മുറിഞ്ഞു...അവൾ എന്നെ തനിച്ചാക്കി അന്തരീക്ഷത്തിൽ എവിടേയോ മറഞ്ഞു.

"അതേ മോഹനേട്ടോ.... ഇങ്ങനെ സ്വപ്നം കണ്ട്‌ കിടക്കാൻ ഒരു സുഖം"

"നീ അധികം സ്വപ്നം കാണാണ്ടെ ആ പെൺകുട്ടിയെ കെട്ടാൻ നോക്കെട..എന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ടോണേ?" മോഹനേട്ടൻ കഴുക്കോൽ ഒന്നുകൂടേ ആഞ്ഞു കുത്തി.വെള്ളപ്പരപ്പിനുമുകളിലൂടെ പൊങ്ങിനിൽക്കുന്ന പുല്ലിനേയും,അങ്ങിങ്ങായുള്ള ചണ്ടിയേയും വകഞ്ഞുമാറ്റി വഞ്ചി വീണ്ടും മുന്നോട്ട്‌ പോകുമ്പോൾ പുല്ലിനിടയിൽ ഒളിഞ്ഞിരിക്കുന്ന പച്ചത്തവളകൾ മറ്റൊരിടത്തേക്ക്‌ ചാടുന്നു.....

"ഇതു ഒരു സുഖം ഉള്ള കാര്യാമാ എന്റെ മോഹനേട്ടോ...ജീവിതകാലം മുഴുവൻ പ്രണയിക്കുക എന്നത്‌.അതുപറഞ്ഞാൽ മോഹനേട്ടനു അറിയില്ല"വെള്ളത്തിൽ തലയുയർത്തിനിൽക്കുന്ന് പുൽനാമ്പുകളെ വെറുതെ പിഴുതെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"വേണ്ട്രാമോനെ...അലൂക്കാനേ സ്വർണ്ണക്കച്ചോടം പഠിപ്പണ്ട്രാ ..."സ്വതസിദ്ധമായ തൃശ്ശൂർ ശൈലിയിൽ മോഹനേട്ടന്റെ മറുപടി.കറുത്തു തടിച്ച്‌ കപ്പടാമീശയും വച്ച്‌ നടക്കുന്ന ഈ കുറിയമനുഷ്യൻ നിരവധി നാടൻ പ്രണയകഥകളിലെ നായകനാണെന്ന് ഉപറഞ്ഞാൽ ഒരുപക്ഷെ ആളെ നേരിൽ അറിയാത്തവർ ആരും വിശ്വസിക്കില്ല.

വഞ്ചി കുറച്ചുദൂരം കൂടെ ചെന്നപ്പോൾ മോഹനേട്ടൻ കഴുക്കോൽ ചെളിയിൽ താഴ്ത്തി.എന്നിട്ട്‌ വഞ്ചി അതിൽ കെട്ടി നിർത്തി.ഞാൻ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം.ഇടക്കിടെ ചില തുരുത്തുകൾ.അതിൽ തെങ്ങുകൾ ഇടതിങ്ങി നിൽക്കുന്നു.വർഷക്കാലത്ത്‌ ഈ തുരുത്തിൽ വന്നു താമസിച്ചാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.അത്രക്ക്‌ മനോഹമാണവ.

"നീ ആലോചിച്ചോണ്ടിരുന്നോ...ഞാൻ ചേറെടുക്കാൻ നോക്കട്ടേ..." അതും പറഞ്ഞ്‌ കക്ഷി വലിയ ഒരു മുളവടിയുടെ അറ്റത്തുള്ള കോരി വെള്ളത്തിലിട്ടു കഴുക്കോലിൽ പിടിച്ച്‌ ഊർന്നിറങ്ങി, അൽപം കഴിഞ്ഞപ്പോൾ കോരിയിൽ നിറയെ ചെളിയുമായി മോഹനേട്ടൻ പൊന്തിവന്നു.അതു വഞ്ചിയിലേക്ക്‌ ഇട്ടു.ചുറ്റിനും ചേറിന്റെ മണം...

ചേറിന്റെ ഇടയിൽ കുടുങ്ങിയ ഒരു കൊഞ്ചൻ, അതു വഞ്ചിയിൽ കിടന്ന് ചാടിക്കൊണ്ടിരുന്നു.മോഹനേട്ടൻ അതിനെ തിരികെ വെള്ളത്തിലേക്ക്‌ ഇട്ടുകൊണ്ട്‌ പറഞ്ഞു.

"ഇ പ്രാവശ്യം നല്ല മീൻ ഉണ്ടെന്നാ തോന്നുന്നേ..."

വഞ്ചിയുടെ വശങ്ങളിൽ ഓളങ്ങൾ നിരന്തരം തട്ടിക്കൊട്ടിരുന്നു.പരലും,കുറുമ്മാടും എല്ലാം വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്‌ നിഴൽ പോലെ കാണാം. ഞാൻ വഞ്ചിയുടെ തലക്കൽ ഇരുന്നു ചുറ്റും നോക്കി.വടക്കു കാഞ്ഞാണിയിലേയും കിഴക്ക്‌ പുള്ളിലേയും ബണ്ടിലൂടെ വാഹനങ്ങൾ പോകുന്നത്‌ കാണാം. വിശാലമായ ഓളപ്പരപ്പിൽ നിശ്ശബ്ദതയെ ഭംഗംവരുത്തുവാൻ കുഞ്ഞോളങ്ങളും, കാറ്റും പിന്നെ വല്ലപ്പോഴും പറന്നുപോകുന്ന കിളികളും മാത്രം.ഇങ്ങനെ ഉള്ള അന്തരീക്ഷത്തിൽ കഴുച്ചുകൂട്ടുക, മനസ്സിനു വല്ലാത്ത ഒരു സന്തോഷം പകരുന്ന അവാച്യമായ ഒരു അനുഭൂതിയാണത്‌.

പതിവുപോലെ കയ്യിൽ കരുത്തിയ നോട്ടുപുസ്തകത്തിൽ ഞാൻ എന്തൊക്കെയോ കുറിച്ചുകൊണ്ടിരുന്നു.വിശാലമായ കോളിൽ വഞ്ചിയിൽ ഇരുന്നു എഴുതുക എന്നത്‌ ഒരു രസമാണ്‌. വർഷങ്ങൾക്കു മുമ്പേ കിട്ടിയ ഒരു ശീലം. മോഹനേട്ടൻ പലതവണ കഴുക്കോലിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക്‌ ഊർന്നു പോയും പൊന്തിവന്നും തന്റെ ജോലിയിൽ വ്യാപൃതനായി.അതിനനുസരിച്ച്‌ വഞ്ചിയിലെ ചേറിന്റെ അളവ്‌ കൂടിക്കൊണ്ടിരുന്നു.

ചേറുകോരിയിടുമ്പോൾ ഇടക്കിടെ വഞ്ചി ഉലയും. നമ്മൾ കരുതും വഞ്ചി ഇപ്പോൾ മുങ്ങും എന്ന് പക്ഷെ അങ്ങിനെ സംഭവിക്കാതിരിക്കുവാൻ അതിനു സ്വന്തമായി ഒരു ബാലൻസ്‌ ഉണ്ടെന്ന്പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌. വഞ്ചിയിൽ ചേറു നിറഞ്ഞിരിക്കുന്നു. മോഹനേട്ടൻ പണിനിർത്തി. വഞ്ചിയുടേ പടിയിൽ ഇരുന്നു വലിയ ചോറ്റുപാത്രത്തിൽ നിന്നും കട്ടൻ ചായ ഗ്ലാസ്സിലേക്ക്‌ പകർന്നു. ചൂടുള്ള ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ പറഞ്ഞു.

"അടുത്ത മഴക്കുള്ള കോളുണ്ട്‌...ഇമ്മൾക്ക്‌ തിരിച്ചുപോയാലോ?"

"ഹേയ്‌ മഴവരട്ടെ....ഇവിടത്തെ കാറ്റിലും മഴയിലും പ്രണയം ഉണ്ട്‌ മോഹനേട്ടാ...ആ മരുഭൂയിൽ ഇതൊന്നും ഇല്ല"പുസ്തകം മടക്കി പ്ലാസ്റ്റിക്ക്‌ കവറി ഇടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"മരുഭൂയിൽ പോണത്‌ പ്രേമിക്കാനല്ല കാശുണ്ടാക്കാനാ.....ദാ ഈ തൊപ്പി തലയിൽ വച്ചോ എന്നിട്ട്‌ പനി വരാണ്ടെ നോക്കിക്കോ"

"വല്ലപ്പോഴും മഴകൊണ്ട്‌ ഒരു പനിവരുന്നതും പൊട്യേരിക്കഞ്ഞികുടിക്കണതും ആശുപത്രീൽ പോണതും ഒക്കെ ഒരു രസമല്ലേ?"

"പിന്നെ... പനിപിടിച്ച്‌ അന്തിക്കാടാശുപത്രീൽ കിടന്നാൽ അവൾ ഓറഞ്ചുമായി വരും എന്ന് കരുതീട്ടാവും,നീ ആളുകൊള്ളാടാ മോനെ"

മോഹനേട്ടന്റെ കളിയാക്കലിനു മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ മുകളീലേക്ക്‌ നോക്കി. ആകാശത്തെ മഴക്കാരുകൾ കനം വെക്കുവാൻ തുടങ്ങി. അധികം വൈകാതെ മഴത്തുള്ളികൾ വീഴും. അകലെ നിന്നും കേടുകൊണ്ടിരുന്ന മഴയുടെ ആരവം അടുത്തുവരുന്നു.മഴത്തുള്ളികൾ മുഖത്തു പതിച്ചു. ചുറ്റും ഉള്ള വെള്ളത്തിൽ മഴനൂലിൽ കൊരുത്തെടുത്ത മുത്തുമണികൾ മഴതുള്ളികൾ വീണു ചെറിയ വലയങ്ങൾ സൃഷ്ടിച്ചു. അവയുടെ എണ്ണം കാണക്കാണെ കൂടുവാൻ തുടങ്ങി.

വഞ്ചിയുടെ അങ്ങേ തലക്കൽ തലയിൽ ഒരു പ്ലാസ്റ്റിക്ക്‌ തൊപ്പിയുമായി നിന്ന് കഴുക്കോൽ ശക്തമായി ഊന്നുന്ന മോഹനേട്ടന്റെ രൂപം മെല്ലെ മെല്ലെ അവ്യക്തമാകുവാൻ തുടങ്ങി...മഴയുടെ പ്രണയഗീതത്തിൽ ഞാൻ സ്വയം അലിയുന്നതായി എനിക്ക്‌ തോന്നി.........

വാൽമൊഴി: യാദാർത്ഥ്യത്തിനു ഫാന്റസിക്കും ഇടയിലൂടെ അക്ഷരങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കുറിപ്പുകളുടേ സൗന്ദര്യം ഇതൊന്നും എസ്‌.എം.എസ്സിനും,ഈ മെയിലിനും പകരുവാൻ കഴിയില്ല എന്ന സത്യം ഇക്കാലത്ത്‌ എത്രപേർ തിരിച്ചറിയുന്നു? ഇന്നും ദുബായിലെ തിരക്കുകൾക്കും ടെൻഷനും ഇടയിലും പ്രണയത്തിന്റെ മഞ്ഞും,മഴയും മനസ്സിലേക്ക്‌ കടന്നുവരുമ്പോൾ പലപ്പോഴും അക്ഷരങ്ങൾ എനിക്കും അവൾക്കും മാത്രമായി പ്രണയത്തിന്റെ വസന്തം തീർക്കുന്നു.




വരഷക്കാലത്ത്‌ കോളിൽ വെള്ളം നിറയുമ്പോൾ മുൻ കൂട്ടി കരുത്തിയ കള്ളും കായൽ മീൻ വറുത്തതും സുഭിക്ഷമായി കഴിച്ച്‌ കണ്ടവരെ കുറ്റം പറഞ്ഞും കളിയാക്കിയും പാട്ടുപാടിയും മോഹനേട്ടന്റെ വഞ്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര. അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്‌ ബ്ലോഗ്ഗേഴ്സേ!!

Tuesday, March 03, 2009

തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു..

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്‌,ആയിരക്കണക്കിനു വരുന്ന ആനപ്രേമികളുടെ പ്രാർത്ഥനകൾക്ക്‌ ഫലം കണ്ടു. ഒരു ഇടവേളക്ക്‌ ശേഷം ഇന്ന് തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ആയിരംകണ്ണി‍ൂത്സവത്തിൽ പങ്കെടുക്കുന്നു. ആവേശഭരിതരായ ആഹ്ലാദാരവങ്ങളിൽ മുങ്ങിയ ആരാധകരെ ആണത്രെ രാവിലെ ആനകളുടെ ഉയരം അളക്കുന്നസമയത്ത്‌ കാണുവാൻ കഴിഞ്ഞത്‌.
ഉത്സവപ്പറമ്പുകളിൽ നിറസാന്നിദ്ധ്യമാകുവാൻ, ഉത്സവപ്രേമികളുടെ ആരവങ്ങളിൽ തലയെടുപ്പോടെ നിലകൊള്ളുവാൻ. കേരളക്കരയിലെ ഗജരാജന്മാരിൽ തലയെടുപ്പിന്റെ അവസാനവാക്കായ തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു...

തെച്ചേക്കോട്ടുകാവില്ലാതെ നമുക്കെന്ത്‌ ആഘോഷം?

Monday, March 02, 2009

ആയിരം കണ്ണി ;മണപ്പുറത്തിന്റെ മഹോത്സവം.

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌.ഈ വർഷം അത്‌ മാർച്ച്‌ നാലിനാണ്‌.ചേറ്റുവമുതൽ വാടാനപ്പള്ളിവരെയുള്ള പ്രദേശത്തെ ആളുകൾ ജാതിമത ഭേധമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത്‌ ഒരു ഒത്തുചേരലിന്റെ മുഹൂർത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം,വിദേശടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു.

നാഷ്ണൽ ഹൈവേയിൽ ആശാൻറോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്ന ഭഗവതീക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌.ഉച്ചയോടെ ദേവീക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തിൽ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരംകണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ തിരിചെത്തുന്നു.ഈ സമയത്തിന്റെ നാടിന്റെ നാനാദിക്കുകളിൽ നിന്നും കാവടി,ശിങ്കാരിമേളം,നാദസ്വരം,തെയ്യം,ദേവനൃത്തം,മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങൾ വരികയായി.ദേവിയുടെ തിടമ്പേറ്റിയ കൊമ്പൻ ഇവരെ എതിരേറ്റ്‌ ക്ഷേത്രനടയിൽ വരിവരിയായി നിർത്തുന്നു. പങ്കെടുക്കുന്ന ആനകളുടെ പേരുകൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണിവിടത്തെ പൂരം.മുൻ കാലങ്ങളിൽ നാപത്തഞ്ചോളം ആനകൾ ഇവിടെ പങ്കെടുക്കാറുണ്ട്‌.ഇപ്പോൾ അതു മുപ്പത്തിമൂന്നായി ചുരുക്കി.വഴിപാടു പൂരങ്ങൾ രാവിലെ മാത്രമാക്കി. ഉത്സ്വപ്രേമികൾക്ക്‌ ഹരം പകരുന്ന ഒരു മൽസരപ്പൂരം കൂടെ ആണിവിടത്തേത്‌.ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാലനാരായണൻ ആയിരുന്നു.അക്കാലത്ത്‌ ഗുരുവായൂർ പത്മനാഭനും,ഗണപതിയുടേയും ഇതിൽ പങ്കെടുക്കാറുണ്ട്‌.

തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂരപ്രേമികളിൽ നിരാശപടർത്തിയിട്ടുണ്ട്‌.ഉത്സവദിവസം രാവിലെ ക്ഷേത്രനടയിൽ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയരക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യൻ ആകും തിടമ്പേറ്റുക.വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും,മന്ദലാംകുന്ന് അയ്യപ്പനും തുടർന്ന് ബാസ്റ്റ്യൻ വിനയശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടുവരുന്ന പുത്തംകുളം അനന്തപ്ത്മനാഭൻ കാണികളുടെ ശ്രദ്ദ്ധയാകർഷിക്കുവാൻ ഇടയുണ്ട്‌.നിലവിന്റെ കാര്യത്തിൽ കാണികൾക്ക്‌ ആവേശം പകരുവാൻ യുവതാരങ്ങളായ ചെർപ്പ്ലശ്ശേരി പാർത്ഥാനും,ചുള്ളിപ്പറമ്പിൽ വിഷ്ണുവും ഉണ്ടാകും.കൂടാതെ ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ,ചെറക്കൽ കാളിദാസൻ തുടങ്ങി പേരെടുത്ത ഗജവീരന്മാർ വേറെയും ഉണ്ടാകും.

ഷൂട്ടേഴ്സ്‌ ക്ലബ്ബും,ടി.എ.സി ക്ലബ്ബും, അംബിളിക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശിൽപങ്ങളും ഏറ്റുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടുനീളെ ഫ്ലക്സുകളും,തോരണങ്ങളും,ആനപ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പ്രവാസികൾ മനസ്സുകൊണ്ട്‌ ആ ഉത്സവാരവങ്ങളിൽ പങ്കാളികൾ ആകുന്നു.

ഇന്ന് മാർച്ച്‌-3 പൊക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം.പതിനേഴ്‌ ഗജവീരന്മാർ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു.

Sunday, February 22, 2009

"തുണിയുരിയാത്ത" മലയാളി അഭിമാനങ്ങൾ!

ആകാംഷയുടെ മുൾമുനയിൽ നിൽക്കുന്ന ലക്ഷക്കണക്കിനു ആരാധകർക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്‌ ഒടുവിൽ ഓസ്കർ അവർ കൈക്കലാക്കിയിരിക്കുന്നു.അതേ ഒന്നല്ല മൂന്ന് ഓസ്കർ പുരസ്കാരങ്ങൾ. ചരിത്രത്തിലേക്ക്‌ നടന്നുകയറുമ്പോൾ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാൻ മറ്റൊരുകാരണം കൂടെ.അൽപനാൾ മുമ്പ്‌ പാർവ്വതി ഓമനക്കുട്ടൻ എന്ന പെൺകൊടി ലോകത്തിനു മുമ്പിൽ അൽപവസ്ത്രമണിഞ്ഞും(പാന്റിയുംബ്രായും മാത്രമിട്ടുവരെ) പൂച്ചനടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങൾ ഉരുവിട്ടും ലോകസുന്ദരിയുടെ തൊട്ടുപുറകിൽ നിലയുറപ്പിച്ചപ്പോൾ ഒരുകൂട്ടം ആളുകൾ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചുകൂവിയപോൾ നാണക്കേടുകൊണ്ട്‌ തൊലിയുരിഞ്ഞവർ ഉണ്ടിവിടെ.എന്നാൽ തലയുയർത്തിപ്പിടിച്ച്‌ മലയാളിക്കിപ്പോൾ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങൾ എന്ന്.

ചേരിനിവാസികളുടെ ജീവിതപശ്ചാത്തലത്തിൽ ഡാനി ബോയിൽ എന്ന ബ്രിട്ടീഷ്‌ സംവിധായകൻ ഒരുക്കിയ "സ്ലം ഡോഗ്‌ മില്യണയർ" ഓസ്കാർ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയിരിക്കുന്നു.ജന്മം കൊണ്ട്‌ മലയാളിയായ എ.ആർ.റഹ്മാൻ സംഗീതവും,പശ്ചാത്തലസംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോൾ രണ്ടു ഓസ്കാറുകൾ കൈപ്പിടിയിൽ ഒതുങ്ങി.റസൂൽ പൂക്കുട്ടിയാകട്ടെ ശബ്ദമിശ്രണത്തിന്റെ ഓസ്കാർ കരസ്ഥമാക്കിയിരിക്കുന്നു.കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾ ശ്രദ്ധിക്കുന്നത്‌ "സ്ലം ഡോഗ്‌ മില്യണേയർ" എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.

ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച്‌ "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തിൽ അഭിമാനത്തോടെ ആഹ്ലാദിക്കാം. (ഇന്ത്യൻ പൗരന്മാർ നേടിയ ഈ വൻ നേട്ടാത്തെ മലയാളി എന്ന് പ്രാദേശികവൽക്കരിച്ച്‌ ചുരുക്കിക്കാണുവാൻ ശ്രമിക്കുകയല്ല ഞാൻ)

Saturday, February 07, 2009

പൂരപടങ്ങൾ-1

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത്‌ പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട്‌ ആശതീർക്കാം.....




തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ മാംമ്പിള്ളിക്കാവ്‌ ക്ഷേത്രോത്സവത്തിൽ നിന്നും ചില ചിത്രങ്ങൾ.. ചിത്രങ്ങൾക്ക്‌ കടപ്പാട്‌ മിസ്റ്റർ:വിലാഷ്‌&മിസിസ്സ്‌ വിനി.എസ്‌.കുമാർ

സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ....

സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ഒരു കൈ നോക്കിക്കളയാം....ഇളമുറക്കാരൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തെച്ചിക്കോട്ടുകാവുമായി ഒരു മൽസരം.

വേണ്ട്രാ നീ ചള്ളുചെക്കനാ...വെറുതെ പിടലി ഉളുക്കണ്ട.....പോയി തരക്കാരോട്‌ പിടി...


ആളുകൾ ആവേശം പകരുമ്പോൾ വിഷ്ണു പരമാവധി ശ്രമിക്കുന്നുണ്ട്‌..ഇരു ആനകളേയും പാപ്പാന്മാർ തോട്ടി,കത്തി തുടങ്ങിയവകൊണ്ട്‌ കുത്തിപ്പൊക്കിയിട്ടല്ല.അവ സ്വാഭാവികമായി കാണികളുടെ ആരവങ്ങൾക്കർന്നുസരിച്ച്‌ നിൽക്കുന്നതാണ്‌.പറയത്തക്ക എതിരാളികൾ ഇല്ലാത്തതിനാൽ തെച്ചിക്കോട്ടുകാവിന്റെ സാധരണ നിലവാണ്‌ ഇതെൻങ്കൂടെ പറഞ്ഞുകൊള്ളട്ടേ....


Wednesday, February 04, 2009

കുരങ്ങന്മാർ അവഹേളിക്കപ്പെടുമ്പോൾ!!

എന്നാലും ഇതിത്തിരി കടന്നകയ്യായിപ്പോയി...അല്ലേ വന്നുവന്നിപ്പോൾ "ബുജികളെ" പരാമർശിക്കാൻ കൂട്ടുപിടിച്ചതുകണ്ടില്ലേ? ഒന്നുമില്ലേലും ഈശ്വരവിശ്വാസമില്ലാത്തവരിൽ ചിലരുടെ സങ്കൽപ്പം അനുസരിച്ച്‌ പൂർവ്വികന്മാരായ കുരങ്ങന്മാരിൽ നിന്നല്ലേ മനുഷ്യർ ഉരുത്തിരിഞ്ഞതെന്നെങ്കിലും ഓർക്കണ്ടേ! ആ ബഹുമാനമെങ്കിലും വേണ്ടേ!!. എന്താ കുരങ്ങന്മാർ ഇത്രക്ക്‌ മോശക്കാരാണോ ഇമ്മാതിരി വാക്കുകൾകൊണ്ട്‌ അവഹേളിക്കുവാൻ?

പാവം കുരങ്ങന്മാർ അവർക്കിതുപോലെ അവഹേളനം ഉണ്ടായ സന്ദർഭം മർക്കടചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല ഒരു പക്ഷെ ഇനി ഉണ്ടാകുവാനും പോകുന്നില്ല.അമ്മാതിരി കാച്ചല്ലേ കാച്ചിയത്‌. ജീവിതത്തിന്റെ സമസ്ഥമണ്ടലങ്ങളിലും പരമാവധി ഭൂരിപക്ഷ വർഗ്ഗീയതയെ കണ്ടെത്തുവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ കാര്യങ്ങളെ അതിനോട്‌ ചേർത്തുവെക്കുകയോ ചെയ്യുക,ചിലർക്കെതിരെ ഉള്ള അഴിമതി അന്വേഷണങ്ങളെ ഇടതിനെതിരെ ഉള്ള സാമ്രാജ്യത്വ ആക്രമണമായും ചിത്രീകരിക്കുക, അഴിമതിക്കെതിരെ നിലകൊള്ളുന്ന ജനങ്ങളുടെ പിൻതുണയുള്ള നേതാവിനെ മോശം പരാമർശങ്ങൾ വായിൽകൊള്ളാത്തവാക്കുകൾ കൊണ്ട്‌ ഇസ്തിരിയിട്ട്‌ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും തട്ടിവിടുക.ചെറുവിഭാഗങ്ങൾ നടത്തുന്ന തീവ്രദത്തെ കണ്ടില്ലെന്ന് നടിക്കുകയും ഇനി അഥവാ കണ്ടാൽ തന്നെ ഇരകളുടേപ്രതിരോധമെന്നോ മറ്റോ ഉള്ള ഉടായ്പുകൾകൊണ്ട്‌ അലങ്കരിച്ച മേലങ്കിയണിയിച്ച്‌ മാന്യവൽക്കരിക്ക ഇതൊക്കെ ഏതെങ്കിലും സാംസ്കാരിക നായകൻ/തൊഴിലാളിചെയ്താലും ഏതെങ്കിലും കൊരങ്ങൻ ചെയ്യുമോ?

എത്ര തന്നെ അധ:പചിച്ചാലും ഒരുകുരങ്ങനും ഒരു "ബുദ്ധിജീവിയോ സാംസ്കാരികനായകൻ അല്ലെങ്കിൽ ഒരു സാംസ്കാരിക നായകന്റെ വേഷമണിഞ്ഞ ദല്ലാളോ ആകില്ല".കൊരങ്ങന്മാർക്ക്‌ അവരുടേതായ ഒരു അന്തസ്സില്ലേ? വാമൊഴിവഴക്കത്തിന്റെ സൗന്ദര്യത്തിനുവേണ്ടിയായാൽപോലും എന്തായാലും മനുഷ്യനെ നായ്ക്കളോടും,കപട ബുദ്ധിജീവികളെയും സാംസ്കാരിക ദല്ലാളന്മാരെയും കുരങ്ങന്മാരോടും ഉപമിക്കുന്നത്‌ ശരിയല്ല.

Monday, February 02, 2009

മന്ത്രിമാർ വാക്കുകളിൽ സൂക്ഷമത പാലിക്കണം.

സമീപദിവസങ്ങളിൽ ചില മന്ത്രിമാരുടെ പ്രസ്ഥാവനകൾ ആണിങ്ങനെ ഒരു കുറിപ്പിനു കാരണം. എസ്‌.എൻ.സി ലാവ്‌ലിൻ അഴിമതികേസുമായി ബന്ധപ്പെട്ട്‌ രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി.ബി.ഐ നടത്തിയ അന്വേഷണത്തെതുടർന്ന് ഒരു രാഷ്ടീയകക്ഷിയുടെ പ്രമുഖനേതാവ്‌ പ്രതിസ്ഥാനത്തുവന്നതോടെ അതിനെതിരെ പ്രസ്തുത പാർടിക്ക്‍ാർ പ്രചരണങ്ങളും പ്രസ്ഥാവനകളും അനുദിനം വന്നുകൊണ്ടിരിക്കുന്നു.അഴിമതികേസിൽ ഒരു നേതാവ്‌ പ്രതിപട്ടികയിൽ ഉൾപ്പെടുമ്പോൾ അതും അഴിമതിക്കെതിരെ നിരന്തരം ഗിരിപ്രഭാഷണങ്ങളും, ചങ്ങലകളും,ഉപരോധങ്ങളും തീർക്കുന്ന പ്രസ്ഥാനത്തിൽ പെട്ട നേതാവാകുമ്പോൾ സ്വാഭാവികമായും അതിനെ ഉൾക്കൊള്ളുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകും.പാർട്ടിയണികളും നേതാക്കന്മാരും അതിനെതിരെ പ്രതികരിക്കും.ബുദ്ധിജീവികൾ പ്രഭന്ധങ്ങൾ രചിച്ചും പ്രസ്ംഗങ്ങളിൽ ജനങ്ങളുടെ നേതാവിനീതിരെ ഒളിയമ്പെയ്തും തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കും.

എന്നാൽ അതല്ല മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സ്ഥിതി. അവർ സത്യപ്രതിഞ്ജാവാചകം ചൊല്ലിയാണ്‌ തങ്ങളുടേ സ്ഥാനമാണങ്ങൾ ഏറ്റെടുക്കുന്നത്‌.പൊതുസമൂഹത്തിൽ ഏതെങ്കിലും ഒരു രാഷ്ടീയനേതാവിനുള്ള അധികാരവും പദവിയും അല്ല ഒരു മന്ത്രിക്കുള്ളത്‌. അവർ ജനങ്ങളുടേ പ്രതിനിധികളാണ്‌ അതുകൊണ്ടുതന്നെ അവർ പറയുന്നതും പ്രവർത്തിക്കുന്നതും താൻപ്രതിനിധാനം ചെയ്യുന്ന രാഷ്ടീയപ്രസ്ഥനത്തിന്റേയും തന്റെ സ്വന്തം വ്യക്തിത്വത്തിന്റേയും വിലകുറഞ്ഞ നിലപാടുകൾക്കനുസരിച്ചാകരുത്‌.ഇനി അഥവാ അത്തരത്തിൽ ഉള്ള ശൈലികളും പ്രയോഗങ്ങളും പ്രവർത്തികളും മറ്റീവ്ച്ച്‌ മാന്യ്മായി സംസാരിക്കുവാനും പ്രവർത്തിക്കുവാനും കഴിയില്ല എന്നുണ്ടെങ്കിൽ ഇത്തരം പദവികൾ ഏറ്റെടുക്കാതിരിക്കുക എന്നതാണ്‌ ചെയ്യേണ്ടത്‌. പൊതുഖജനാവിൽ നിന്നും ശംബളവും ആനുകൂല്യ്ങ്ങളു പറ്റി, സമൂഹത്തോടും ഭരണഘടനയോടും ഉത്തരവാദിത്വം ഉള്ള മന്ത്രിമാർ അൽപം കൂടെ സംയമനവും വാക്കുകളിൽ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നത്‌ അനിവാര്യമാണെന്ന് മാത്രമല്ല ജനാധിപത്യമര്യാദയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നുകൂടെ തിരിച്ചറിയേണ്ടതുണ്ട്‌. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലും പോലീസ്‌ സംവിധാനത്തിലും പോരായ്മകൾ ഉണ്ടെങ്കിൽ അതു തിരുത്തേണ്ടത്‌ ഇവിടത്തെ ജനപ്രതിനിധികളുടേയും രാഷ്ടീയകക്ഷികളുടേയും കൂടെ ഉത്തരവാദിത്വമാണ്‌.എന്നാൽ അതിനുള്ള സാധ്യതകൾ ആരായാതെ അന്വേഷണ ഏജൻസികളേയും കോടതികളേയും മാന്യമല്ലാത്ത പദപ്രയോഗങ്ങൾകൊണ്ട്‌ വിമർശിക്കുന്നത്‌ ശരിയല്ല.

ഒരു ജനാധിപത്യ രാജ്യത്ത്‌ കോടതികളെകുറിച്ചും അന്വേഷണ ഏജൻസികളെകുറിച്ചും പൊതുസമൂഹത്തിനു ചർച്ചചെയ്യാം എന്നാൽ അതിനു പാലിക്കേണ്ടതായ ചില മാന്യതയുണ്ട്‌.അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ കേവലം ഊച്ചാളി രഷ്ടീയനേതാക്കന്മാരുടെ തലത്തിലേക്ക്‌ തരം താഴരുത്‌. അവർ ഒരു പൊതുസമൂഹത്തിലെ ഉത്തരവാദിത്വം ഉള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്ന് ഓർക്കഅതെ നടത്തുന്നപ്രസ്ഥാവനകൾ പലപ്പോഴും നിരുത്തരാവദപരമോ സത്യപ്രതിഞ്ജാലംഘനമോ ആകുന്നതരത്തിലേക്ക്‌ പോകുന്നത്‌ ദൗർഭാഗ്യകരം ആണ്‌.മാത്രമല്ല രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച്‌ പൊതുജനത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ഇടയാകുന്നരീതിയിൽ ആകരുത്‌. അഭയകേസിൽ അവരുടെ തന്നെ സഭയിലെ ചിലരെ പ്രതിസ്ഥാനത്ത്‌ വന്നപ്പോൾ സഭയും,ലാവ്‌ലിൻ കേസിൽ സി.പി.എം. നേതാവ്‌ പ്രതിസ്ഥനത്ത്‌ വന്ന്പ്പോൾ പാർട്ടിയിലെ ഒരു വിഭാഗവും അതിനെതിരെ പരസ്യമായി രംഗത്തെത്തി.

പിങ്കുറിപ്പ്‌: അഴിമതിയാരോപിതരുടേയും മറ്റും കോലങ്ങൾ ലാവിഷായി കത്തിച്ചിട്ടുള്ള പ്രസ്ഥാനം ഇന്ന് അഴിമതികേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന തങ്ങളുടേ നേതാവിന്റെ കോലം രാഷ്ടേ‍ീയ എതിരാളീകൾ(?) കത്തിക്കുന്നതും,നേതാവിനെതിരെ പോസ്റ്ററോട്ടിക്കുന്നതും അസഹിഷ്ണുതയോടെ കാണുന്നതും പ്രസ്ഥാവനയിറക്കുന്നതും കാണൂമ്പ്പോൾ....................

Wednesday, January 28, 2009

തിരഞ്ഞെടുപ്പും ലാവ്ലിൻ വർത്തമാനവും

മലയാളമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്‌ ലാവ്ലിൻ ഇടപാടിലെ അഴിമതിവർത്തമാനവും പ്രതിസ്ഥാനത്തു നിൽക്കുന്നവരെ പ്രോസിക്യൂട്ടുചെയ്യുവാൻ അനുമതി ചോദിച്ചുകൊണ്ടുള്ള സി.ബി.ഐ നടപടിയും ആണ്‌.രാഷ്ടീയനേതാക്കളുടേ നിരവധി അഴിമതി-ലൈംഗീക കേസുകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു.പലതിലും അന്വേഷണങ്ങളും കോടതിനടപടികളും ദശകങ്ങളായി തുടരുകയും ചെയ്യുന്നു.ഇതിനിടയിൽ ധാർമ്മികമായ ഉത്തരാവാദിതത്തിന്റെ പേരിലോ,പാർട്ടിയുടെ "ആദർശം/പ്രതിച്ചായ" പൊതുസമൂഹത്തിൽ നിലനിർത്തുവാനോ,പൊതുജന സമ്മർദ്ധത്താലോ പലരും സ്ഥാനമാണങ്ങൾ രാജിവെച്ച്‌ ഒഴിയുകയോ നിർബന്ധിതമായി ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌.പതിവുപോലെ ഇത്തവണയും മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ആരോപണങ്ങൾ എന്നിവ കൊഴുക്കുന്നു.യദാർത്ഥത്തിൽ ഒരു പാർട്ടിനേതാവിനെതിരെ ഉയർന്നുവന്ന അഴിമതിയാരോപണം മാത്രം ഇത്രമേൽ ചർച്ച ചെയ്യുവാൻ ഉണ്ടോ?

അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നവർ തങ്ങളുടേ രാഷ്ടീയ എതിരാളിൾക്കെതിരെ സി.ബി.ആയോ അതുപോലുള്ള രാജ്യത്തെ മറ്റു ഏജൻസികളോ കേസെടുക്കുമ്പോൾ അതിനെ അനുകൂലിക്കും തങ്ങൾക്കെതിരയ അന്വേഷങ്ങളെ അല്ലെങ്കിൽ പരാമർശങ്ങളെ അതു തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും അസഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. ജനാധിപത്യക്രമത്തിൽ മാധ്യമങ്ങൾക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. പൊതുസമൂഹത്തിൽ മാധ്യമങ്ങൾ പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങൾ നിർണ്ണായക സ്വാധീനവും ചലുത്തുന്നുണ്ട്‌.എന്നാൽ ഈ തിരഞ്ഞെടുപ്പുവേളയിൽ മധ്യമങ്ങളൂടെ അന്നാന്നത്തെ ന്യൂസവർ ചർച്ചക്കപ്പുറം പോകുവാൻ ജനത്തിനാകണം.മുൻ കാല അനുഭവങ്ങളൂടേ വെളിച്ചത്തിൽ ഉടനെ ലാവ്ലിൻ ചർച്ചകൾക്കുമപ്പുറം ചർച്ച ചെയ്യുവാൻ മറ്റൊരു വിഷയം വരാനുള്ള സാധ്യത കൂടുതൽ ആണ്‌.(പ്രത്യേകിച്ച്‌ വി.എസ്‌ നിർണ്ണായകമായ ഒരു നിലപാടിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത കൂടുന്നു.അപ്പോൾ വി.എസ്‌ പറയുന്ന ഒരു വാക്കോ അദ്ദേഹത്തിന്റെ ഒരു കത്തോ മതി ചർച്ചയുടെ ഗതിമാറുവാൻ) അതോടെ ഇതു സ്മൃതിയുടെ ശീതീകരണമുറിയിലേക്ക്‌ തള്ളപ്പെടും.

അതുകോണ്ടാണ്‌ കേവലം ഏതാനും ദിവസത്തെ ഒരു കോലാഹലങ്ങൾക്കപ്പുറം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ നിർണ്ണായകമാകുന്ന പൊതു തിരഞ്ഞെടുപ്പിൽ ജനം ജാഗ്രതയോടെ ഇടപെടേണ്ടിയും വോട്ടുചെയ്യേണ്ടിയും വരുന്നത്‌.പാർളമെന്റ്തിരഞെടുപ്പിൽ ഇന്നത്തെ സാഹചര്യം വച്ചുനോക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷം കേവലം ഈ ഒരു വിഷയത്തിൽ ഒതുക്കി തങ്ങളുടെ കക്ഷിയുടേ കേന്ദ്രഭരണത്തിലെ പോരായ്മകളെ മറക്കുവാൻ ശ്രമിക്കും,ഇടതുപക്ഷത്തെ പ്രമുഖകക്ഷിയായ മാർക്കിസ്റ്റുപാർട്ടി തങ്ങളുടെ സമുന്നതനായ നേതാവിനെ ന്യായീകരിക്കുവാനും ശ്രമിക്കും. എസ്‌.എൻ.സി ലാവ്ലിൻ കേസിൽ മാത്രം ഒതുക്കി നിർത്തേണ്ട ഒന്നല്ല ഒരു പാർളമന്റ്‌ തിരഞ്ഞെടുപ്പ്‌. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രഗവൺമന്റും,അതാതു മണ്ടലങ്ങളെ പ്രതിനിധീകരിച്ച്‌ പാർളമന്റിൽ പോയ വ്യക്തികളും അവരുടെ പ്രസ്ഥനങ്ങളും ജനങ്ങൾക്ക്‌ വേണ്ടി എന്തുചെയ്തു,അവരുടേ പ്രകടനപട്ടികയിൽ അക്കമിട്ടുനിരത്തിയിരുന്ന വാഗ്ദാനങ്ങളിൽ എത്രയെണ്ണം നിറവേറ്റി എന്നെല്ലാം പരിശോധിക്കുകയും അടുത്ത അഞ്ചുവർഷത്തേക്കു തങ്ങളുടെ പ്രതിനിധിയാകുവാൻ ആരെ തിരഞ്ഞെടുക്കണം എന്നും തീരുമാനിക്കേണ്ട സന്ദർഭം ആണീത്‌.

ആണവകരാർ നമുക്ക്‌ എന്തുനേട്ടം ഉണ്ടാക്കി?അടിക്കടി രാജ്യത്തെ പലയിടങ്ങളിലും ഉണ്ടാകുന്ന സ്ഫോടനങ്ങളെയും, തീവ്രവാദി ആക്രമണത്തെയും അടിച്ചമർത്തുവാൻ എന്തുചെയ്യുന്നു? ഭക്ഷണം,തൊഴിൽ,പാർപ്പിടം,വെള്ളം,റോഡ്‌,കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ഈ രാജ്യത്തെ സാധാരണക്കാരനു ലഭ്യമാക്കുവാൻ കഴിഞ്ഞ അഞ്ചുവർഷം എന്തുചെയ്തു തുടങ്ങിയ നിർണ്ണായക കാര്യങ്ങളിൽ എന്താണ്‌ ചെയ്തത്‌ തുടങ്ങിയവയും സഗൗരവം ചർച്ചചെയ്യേണ്ടതുണ്ട്‌. തങ്ങളുടേ സ്ഥാനാർത്ഥികളുടെ കഴിവും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടും നോക്കി അതേകുറിച്ച്‌ ചർച്ച ചെയ്തു കഴിവില്ലാത്തവരേയും ഒഴിവാക്കേണ്ടവരേയും ഒഴിവാക്കി ഉള്ളതിൽ കൊള്ളാവുന്നവരെ തിരഞ്ഞെടുത്ത്‌ പാർളമന്റിലേക്ക്‌ അയക്കുവാൻ ശ്രമിക്കുകയാണ്‌ നമുക്ക്‌ നല്ലത്‌.അല്ലാതെ ഇന്നുവരെ ഉള്ള ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ടീയനേതാക്കന്മാർ ഉൾപ്പെടുന്ന കേസുകളുടേ ഗതിവിഗതികൾ അറിയാവുന്നവർ അതിനു പുറകെ പോയി സമയം കളയുക അല്ല വേണ്ടത്‌.


പിന്മൊഴി: തൃശ്ശൂരിലെ കോൺഗ്രസ്സ്‌ സ്ഥാനാർത്ഥിയെ കുറിച്ച്‌ ചൂടേറിയ ചർച്ചനടക്കുന്നു. ത്രിശ്ശൂരിൽ വോട്ടാവകാശം ഉള്ള ഒoരു വ്യക്തിയെന്ന നിലയിൽ പറയട്ടെ വല്ലപ്പോഴും വടക്കും നാഥന്റെ തെക്കേനടക്കൽ പോസ്റ്ററിലും ഫക്സിലും പ്രത്യക്ഷപ്പെടുന്ന ആളുകളെ ഒഴിവാക്കി വി.എൻ. സുധീരനെപ്പോലെ കഴിവ്ം ജനസമ്മതിയുമുള്ള ഒരാളെ കൊണ്ടുവരികയാണ്‌ വേണ്ടത്‌.എനിക്ക്‌ തോന്നുന്നു കഴിഞ്ഞ തവണ അദ്ദേഹം ആലപ്പുഴയിൽ നിന്നും ജയിച്ചിരുന്നെങ്കിൽ തീർചയായും ഒരു കേന്ദ്രമന്ത്രിയായേനെ, കാര്യങ്ങൾ ചെയ്യുവാൻ കഴിവും ഉള്ള വ്യക്തിയാണ്‌.അന്തിക്കാട് ആശുപത്രിയ്ക്ക് അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് പല നല്ല കാര്യങ്ങളുംചെയ്തിട്ടുണ്ടെന്ന് കേൾക്കുന്നു.ഇന്നത്തെ അവസ്ഥ പറയുന്നില്ല....

ഇടതുപക്ഷത്തെ കുറിച്ചാണേൽ വി.വിയുടേ വിയോഗത്തിനു ശേഷം കൊണ്ടുവന്ന സി.കെ.സി നല്ല നേതാവുതന്നെ ആണ്‌. പക്ഷെ നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ്‌ ഭരണത്തിൽ പക്ഷെ അദ്ദേഹത്തിനു വേണ്ടത്ര പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരാം...

രാജ്യസഭാസീറ്റ്‌ പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കും,എഴുന്നേറ്റുനടക്കാൻ പോലും ആവതില്ലാത്ത അത്തോ പിത്തോ പറയുന്നവർക്കും കൊടുക്കുന്ന പ്രവണത സ്വതന്ത്ര ജനാധിപത്യപ്രകൃയയിൽ മോശം തന്നെ ആണ്‌.

Friday, January 23, 2009

കഥയുടെ ഗന്ധർവ്വനു ഓർമ്മാഞ്ജലി...

മലയാളസിനിമയ്ക്കും കഥാ-നോവൽ എന്നിവക്കും ഭാവനയുടെ മാന്ത്രികസ്പ്രർശം നൽകിയ മഹാനായ ആ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു വർഷങ്ങളായി.പത്മരാജന്റെ തൂലികയിൽ നിന്നും പിറന്ന പ്രണയവും ജീവിതയാദാർത്ഥ്യങ്ങളും ഇഴചേർന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥകളോടു കിടപിടിക്കുവാൻ പിന്നെ വന്നവർക്കായില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്കുണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവർവ്വനോ,തൂവാനത്തുമ്പികളിലെ ക്ലാരയോ മനസ്സിൽ തങ്ങിനിൽക്കുമ്പോൾ കഴിഞ്ഞവർഷം ഇറങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെ പോലും നാം മറന്നുകഴിഞ്ഞു. ഇലക്ട്രോണിക്‌ പ്രണയത്തിന്റെ നിർജ്ജീവതയിൽ ശ്വാസം മുട്ടുന്ന ഈ യുഗത്തിൽ ഹരിതാഭമായതും ജീവസ്സുറ്റതുമായ പ്രണയത്തിന്റെ മയിൽപ്പീലിസ്പർശമുള്ള പത്മരാജന്റെ കഥാപാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകർഷിക്കുന്നു.....മേഘപാളികൾക്കിടയിൽനിന്നും ആ കഥയുടെ ഗന്ധർവ്വൻ ഒരിക്കൽ കൂടെ അനശ്വരപ്രണയകഥകൾ പറയുവാൻ ഇറങ്ങിവരുമോ?

Tuesday, January 06, 2009

ഗാസയിലെ കുരുതി നിർത്തുക

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയും അവരുടെ ഇളം മാംസത്തിലേക്ക്‌ വെടിയുണ്ടപായിച്ചും നടത്തുന്ന ഈ ക്രൂരകൃത്യത്തെ അപലപിക്കുക.മനുഷ്യത്വരഹിതമായ ഈ കിരാതത്വം കേവലം വാക്കുകൾകൊണ്ട്‌ പ്രതിഷേധിച്ചതല്ലാതെ അതു തടയാൻ നോക്കാതെ ഇനിയും നോക്കിനിൽക്കുന്ന അന്താരാഷ്ട്ര സമൂഹമേ കാലം നിങ്ങൾക്ക്‌ മാപ്പുതരില്ല.മുറിവേറ്റുപിടയുന്ന കുഞ്ഞുങ്ങളുടീ ദീനരോധനങ്ങൾ നിസ്സഹായരായി അലമുറയിടുന്ന അമ്മമാരുടെ,പെങ്ങന്മാരുടെ ദയനീയ മുഖങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ?

മനുഷ്യത്വം മരവിക്കാത്ത സമൂഹങ്ങൾ ഇനിയെങ്കിലും ശക്തമായി ഒറ്റക്കെട്ടായിനിന്ന് ഈ ക്രൂരതയെ നിർത്തുവാൻ വേണ്ടതു ചെയ്യുക.ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുവാൻ ശ്രമിക്കുക.ചീറിയടുക്കുന്ന ടാങ്കറുകൾക്കുനേരെ കല്ലെടുത്തെറിയുന്ന പിഞ്ചുബാലന്റെ ആർജ്ജവമെങ്കിലും കാണിക്കുക.....

ആനകളെ എന്തുചെയ്യണം?

നമ്മുടെ സംസ്കാരത്തിന്റേയും ക്ഷേത്രാ ആചാരങ്ങളുടേയും ഭാഗമാണ്‌ ആനയെഴുന്നയെ എഴുന്നള്ളിക്കുക എന്നത്‌. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്‌ ഇതെങ്കിലും അടുത്തകാലത്തായി വ്യത്യസ്ഥമായ അഭിപ്രായങ്ങളുടെ സമന്വയത്തോടെ ഇതു നിരോധിക്കണം എന്ന ആവശ്യങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നുവരുന്നു.ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലെ നേർചയിലും ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളിനും എല്ലാം ചിലയിടങ്ങളിൽ സാംസ്കാരികമായ സമന്വയത്തിന്റെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നു.ഇത്തരം സാംസ്കാരിക കൊടുക്കൽ വാങ്ങലുകളെ തങ്ങളുടെ മതചടങ്ങുകളിലും ആചാരങ്ങളിലും "അന്യമത" സ്വാധീനം കൊണ്ടുവരുന്നതായി കണക്കാക്കി കടുത്ത മതമൗലികബോധം വചുപുലർത്തുന്നവർ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്‌.എന്നാൽ ഇവിടങ്ങളിൽ ഇത്തരക്കാരുടെ സ്വാധീനം മൂലം ആനകളെ പങ്കെടുപ്പിക്കുന്നത്‌ നിർത്തിയാലും അത്‌ ആഘോഷത്തിന്റെ മാറ്റും സാംസ്കാരിക സമന്വയവും കുറക്കും എങ്കിലും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നില്ല.

ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നവർ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന ഒരു കാര്യം അവയെ പകൽ എഴുന്നള്ളികരുതെന്നാണ്‌. കേന്ദ്രഗവൺമന്റിലെ വന്യജീവിവിഭാഗം ഇറക്കിയെന്ന് പറയുന്ന ഉത്തരവ്‌ പ്രകാരം പകൽ ആനയെ എഴുന്നള്ളിക്കുന്നതിനു ചില നിബന്ധനകൾ ഉണ്ട്ത്രെ. (ചിലർ ഇതിന്റെ പേരിൽ കോടതിയിൽ പോകുന്നു.)എന്നാൽ കേരളത്തിലെ ക്ഷേത്രോത്സവങ്ങളെ കുറിച്‌ വ്യക്തമായ ധാരണയില്ലാത്ത വടക്കേ‍ീന്ത്യക്കാരെ ഇതു പറഞ്ഞുബോധ്യപ്പെടുത്തുവാനും പിശകുകൾ ഉണ്ടെങ്കിൽ അതു തിരുത്തുവാനും എന്തുകൊണ്ടോ കേരളത്തിൽ നിന്നും ഉള്ള ജനപ്രതിനിധികൾക്ക്‌ കഴിയാതെ പോകുന്നു. നിലവിൽ മിക്ക പൊരങ്ങളും ഉച്ചക്ക് 3 മaഇക്ക് ശേഷം ആണ് ആരംഭിക്കുന്നത് എന്നാൽ ഇത്‌ തൃശ്ശൂർ പൂരം അടക്കം തുടർച്ചയായി ചടങ്ങുകൾ ഉള്ള ഉത്സവങ്ങളെ ബാധിക്കുന്നു.(നമ്മൾ തമിഴ്‌നാട്ടിലോ ആന്ത്രയിലോ ആയിരുന്നേൽ ഈ പ്രശനം അവർ നിഷ്പ്രയാസം കേന്ദ്ര ഗവൺമന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചിന്തിചാൽ തെറ്റുപറയുമോ?) ഗുരുവായൂർ ക്ഷെഠ്രത്തിലെ ആനപ്പുറത്തെ ശീവേലിയും,"ഭൂമിയിലെ ദേവസംഗമം" എന്നറിയപ്പെടുന്ന ആറാട്ടുപുഴപാടത്തെക്ക്‌ തൃപ്രയാർ തേവരുടെ എഴുന്നള്ളത്തും,പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും തുടങ്ങി പലതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്‌.ഇതിലെ ആനകളുടെ സാന്നിധ്യം ഇല്ലാതെ ആക്കുക എന്ന് ആവശ്യപ്പെടുമ്പോൾ അവിടെ ആ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭാഗികമായി തടസ്സം വരുത്തുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്‌.മൃഗപീഠനം,ആനകൾ വിരണ്ടോടിയുണ്ടാക്കുന്ന ആളപായവും മറ്റു നഷ്ടങ്ങളും എന്നുപറഞ്ഞ്‌ ആനകളെ ഉത്സവപ്പറമ്പുകളിൽ നിന്നും ഒഴിവക്കുവാനുള്ള ശ്രമം വിജയിചാൽ തുടർന്ന് ക്ഷേത്രങ്ങളിലെ പൂജകളും മറ്റു ആചാരങ്ങളും അപരിഷ്കൃതവും അനാവശ്യവും ആണെന്ന് പറഞ്ഞ്‌ അടുത്ത ഘട്ടം വാദകോലാഹലങ്ങൾ ആരംഭിക്കാം.

കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്‌.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ്‌ 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്‌.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്‌. പ്രത്യേകിച്‌ കഴിഞ്ഞ്‌ ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക്‌ വീഴുകയും ആനയുടെ അടിയിൽ പെട്ട്‌ പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.ഒരാനയെ തീറ്റിപ്പോറ്റുക എന്നത്‌ നിസ്സാര സംഗതിയല്ല.ഗുരുവായൂർ ദേവസ്വം പോലുള്ള ഇടങ്ങളിൽ കെട്ടും തറിയിൽ നിൽക്കുന്ന ആനകളെ സ്വന്തം ഫണ്ടിൽ നിന്നും(സർക്കാരിൽ ജനം നൽകുന്ന നികുതിയിൽ നിന്നും അല്ല ദേവസ്വങ്ങൾ മുന്നോട്ടു പോകുന്നത്‌,മറിച്‌ അവ സർക്കാരിനു അങ്ങോടു പണമ്നൽകുന്നുമുണ്ട്‌) ചിലവിനു കൊടുത്തു മുന്നോട്ടുപോകുന്നു. എന്നാൽ സ്‌വകാര്യ ആന മുതലാളിമാരുടെ സ്ഥിതി അതല്ല. ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പ്‌ നിർത്തിയാൽ അവരുടെ കാര്യം കഷ്ടത്തിലാകും.അവരുടെ മാത്രമല്ല ആനത്തൊഴിലാളികൾ ,ചമയം വാടകക്ക്‌ നൽകുന്നവർ തുടങ്ങി ഈ മേഘലയുമായി ബന്ധപ്പെട്ട്‌ കഴിയുന്നവരുടെ ജീവിതത്തെയും അത്‌ സരമായി ബാധിക്കും.

പനമ്പട്ടയും തെങ്ങിൻ പട്ടയം കഴിച്ച്‌ ജീവിക്കുന്ന എകദേശം 700-800 ആനകൾ ഒറ്റയടിക്ക്‌ കേരളത്തിലെ വനങ്ങളീലേക്ക്‌ അയക്കണം എന്നാണോ "ആനവിരോധികൾ" ഉദ്ദേശിക്കുന്നത്‌?നാട്ടാനകളിൽ പലതും ചികിത്സ ആവശ്യം ഉള്ളവയും സ്വഭാവത്തിന്റെ പ്രത്യേകതകൾ ഉള്ളവയും ആണ്‌.മനുഷ്യരുമായി ദീർഘകാലം ഇണങ്ങി ജീവിച അവയ്ക്ക്‌ പെട്ടെന്നുള്ള വനവാസം ഒരു പക്ഷെ ദുഷ്കരമാകാം.ഇത്തരത്തിൽ അയക്കപ്പെടുന്നവയിൽ എത്രകൊമ്പന്മാർ ആനക്കൊമ്പുവേട്ടക്കാരുടെ കണ്ണിൽപെടാതെ ജീവനോടെ ഇരിക്കും? കേരളത്തിലെ വനങ്ങളിൽ ഉള്ള ആനകൾക്ക് തന്നെ തീറ്റയുടെ ക്ഷാമം അനുഭവിക്കുഅയും അവ കൃഷിയിടങ്ങളിൽ ഇറങ്ങി വാഴയും മറ്റും തിന്നുന്നതും വയനാട് ജീവിതത്തിനിടയിൽ ഞാൻ നേരി കണ്ടിട്ടുള്ളതാണ്. അപ്പോൽ അവയുടെ ജീവിതം കൂടുതൽ ദുരിതം നിറഞ്ഞതാക്കണോ അല്ലെങ്കിൽ ജീവൻ തന്നെ ഇല്ലാതാക്കണോ?

ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ ഈ ചോദ്യങ്ങൾക്ക് മറുപടി കൂടെ നൽകിയാൽ കൊള്ളാം.

ആനകളെ പീഠിപ്പിക്കുന്നത്‌ തടയുക തന്നെ വേണം.അതുപോലെ ആനയിടഞ്ഞോടുന്നത്‌ നിയന്ത്രിക്കുകയും ജനത്തെ ഇത്തരം സ്ഥലങ്ങളിൽ നിന്നുമ്നിർബന്ദമായ്ം ഒഴുവാക്കുകയും വേണം. നിരവധി തവണ നേരിൽ കണ്ടിട്ടുള്ള ആളുമാണ്‌ ഞാൻ.ഇതിനു പരിഹാരം കാണുന്നതിനു പകരം ഇതിന്റെ പേരിൽ ക്ഷേത്രോത്സവങ്ങളിൽ നിന്നും ആനയെഴുന്നള്ളത്തിനെ തടയണം എന്നു പറയുന്നതിനോട്‌ യോജിക്കുവാൻ കഴിയില്ല. അനകളുടെ എണ്ണം ക്രമീകരിചും ആവശ്യ്മായ മുങ്കരുതൽ എടുത്തും ഉത്സവങ്ങളെ നടത്തിക്കൊണ്ടുപോകുകതന്നെ വേണം.

Friday, January 02, 2009

പുതുവത്സരാശംസകൾ

എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ...

Thursday, December 25, 2008

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ......

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ലോകത്ത്‌ പുതിയ ഒരു ദർശനത്തിനു ജന്മം നൽകിയ പുണ്യപുരുഷൻ ഒരു പുൽക്കൂട്ടിൽ പിറവിയെടുത്തു.ആ പുണ്യദിനം സമാധാനകാംഷികളായവർ ലോകമെന്നും സന്തോഷത്തോടെ ക്രിസ്തുമസ്സായി കൊണ്ടാടുന്നു. അദ്ദേഹം നിയോഗിക്കപ്പെട്ടത്‌ സ്നേഹവും സഹനവും ലാളിത്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കുവാൻ ആയിരുന്നു.തന്റെ അനുയായികളെ അതായിരുന്നു അദ്ദേഹം ഉപദേശിചതും, അസഹിഷ്ണുക്കളും അക്രമോത്സുകരുമായ ഒരു കൂട്ടത്തിനു മുമ്പിൽ ആദർശങ്ങൾക്കുവേണ്ടി തന്റെ ജീവിതം ബലിനൽകിയതും. മഹത്തയ ആ ദർശനത്തിന്റെ പ്രചാരകർ ഇന്ത്യയിലും എത്തി. ആ ദർശനങ്ങളിൽ ആകൃഷ്ടരായവർ പിന്നീട്‌ പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളുമായി. രാഷ്ടീയ ഘടന മതാതിഷ്ഠിതമായി രുന്നില്ലാതിരുന്നതിനാൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അന്നത്‌ ഒരു വ്യവസായമോ നിർബന്ധിത/പ്രലോപനങ്ങളില്ലൊടെ ഉള്ള പരിവർത്തനമോ ആയിരുന്നില്ല.അതിനാൽ തന്നെ സംഘർഷങ്ങളും കുറവയിരുന്നു.ഇന്നതിന്റെ രൂപവും ഭാവവും മാറിയതോടെ നിർഭാഗ്യവശാൽ മതം ഒരു വ്യവസായ-രാഷ്ടീയ വിപണനചരക്കായി അധ:പതിചതോടെ സംഘർഷങ്ങൾ ഉടലെടുത്തു, തലപര കക്ഷികൾ സംഘർഷങ്ങൾ വർഗ്ഗീയതയായി മാറ്റി.ഒറീസ്സകൾ ഉണ്ടായി.

സമാധാനത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ മാനവമോചനത്തിനായി ത്യാഗം അനുഷ്ഠിച ഒരു മഹാത്മാവിന്റെ ജന്മദിനത്തെ ഹർത്താലിലൂടേ തടയുവാനും ക്രിസ്തുമസ്സ്‌ ആഘോഷങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട്‌ അവഹേളിക്കുവാനും ശ്രമിക്കുന്നവർ സ്വയം അവഹേളിതരാകുക മാത്രമല്ല രാജ്യത്തിനു തന്നെ അപമാനവുമാണ്‌.ഒറീസ്സയിൽ എന്തായാലും ക്രിസ്തുമസ്സ്‌ ദിനത്തിൽ ബന്ധ്‌/ഹർത്താൽ നടത്തുവാൻ ഉള്ള തീരുമാനത്തിൽ നിന്നും സംഘടനകൾ പിൻവാങ്ങി എന്നവാർത്തകൾ ആശ്വാസം നൽകുന്നു. പരിവാർ ആയാലും പരിവാർ സഹയാത്രികരായാലും ഓർക്കേണ്ട ഒന്നുണ്ട്‌ ഇതൊരു ജനാധിപത്യ രാജ്യമാണ്‌.രാഷ്ട്രീയ ലാഭങ്ങൾക്കായി നടത്തുന്ന വൃത്തികെട്ട പ്രീണനങ്ങൾക്കപ്പുറം ചിന്തിക്കുവാൻ കഴിയുന്നവർ കൂടെ സമത്വത്തോടേയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശിലായുഗനിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും.ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ഗണപതി ആഘോഷവും,കുംഭമേളയും തുടങ്ങി കേരളത്തിലെ ഉത്സവാഘോഷങ്ങൾ വരെ അരെങ്കിലും തടസ്സപ്പെടുത്തുവാൻ തുനിഞ്ഞാൽ എങ്ങനെ ഇരിക്കും ഒന്ന് ഓർക്കുന്നത്‌ നന്നായിരിക്കും.( ഉദാ:കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് മൃഗസ്നേഹത്തിന്റെ പേരിലും,വെടിക്കെട്ട്‌ അപകടത്തിന്റെ പേരിലും,ബോധപൂർവ്വം ഉണ്ടാക്കുന്ന സംഘർഷങ്ങളിലൂടെയും ദീർഘവീക്ഷണത്തോടെ അട്ടിമറിക്കുവാൻ(?) ഉള്ള ശ്രമങ്ങൾ ..)

ക്രിസ്തുമസ്സിനു മാറ്റു നൽകുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂടും നക്ഷത്ര ദീപാലങ്കാരങ്ങളും. ചിലർ ഇതിനെതിരെ വൈദ്യുതി ദൂർത്തെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നു.തീർച്ചയായും വൈദ്യുതി വിലപ്പെട്ടതാണ് എങ്കിലും വർഷത്തിൽ ഒന്നോരണ്ടോ ദിവസം ഇത്തരം ആഘോഷത്തിനായി ചിലവിടുന്ന വൈദ്യുതിയെകുറിച്ച് ആകുലരാകുന്നവർ പകൽ മുഴുവൻ കത്തിനിൽക്കുന്ന പൊതുലൈറ്റുകളെ കുറിച്ചും,ആഡംബര ജീവിതം നയിക്കുന്നവരു എ.സിപോലുള്ള ആഭാഡങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനെയും, കെട്ടിടനിർമ്മാണവേളയിൽ ഉപയോഗിക്കുവാനായും മറ്റും മോഷ്ടിക്കുന്ന വൈദ്യുതിയെകുറിച്ചും നിശ്ശബ്ദമാകുന്നത് മറക്കാതിരിക്കുക.

തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച്‌ വാചാലരാകുന്നവരുടേയും നടുവിൽ നിന്ന് ആഘോഷിക്കുന്ന ക്രിസ്തുമസ്സിനു പുറം മാറ്റുകുറയും എങ്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റു സമാനചിന്താഗതിക്കാരും ഈ ക്രിസ്തുമസ്സും ആഘോഷപൂർവ്വം സന്തോഷത്തോടെ കൊണ്ടാട്ടെ എന്ന് ആശംസിക്കുന്നു.

ഓർക്കുക ആഘോഷങ്ങളെയും ആചാരങ്ങളെയും തടസ്സപ്പെടുത്താതിരിക്കുക പറ്റുമെങ്കിൽ അതിൽ പങ്കാളികളാകുക എന്നതാണ്‌ ഒരു പരിഷ്കൃതസമൂഹത്തെ തയുയർത്തിപ്പിടിച്‌ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്തമാക്കുന്നത്‌.

എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.

Monday, December 22, 2008

ആനചിത്രങ്ങൾ-അനന്ദപത്മനാഭൻ

ആ നിലവു കണ്ടോ......
അനന്ദപത്മനാഭൻ എന്നാണത്രെ ഇവന്റെ പേർ... ഇവനാണിത്തവണ വിഷ്ണുവും,പാർഥനും,വിനായകനും ഒക്കെ ഉള്ളിടത്തേക്ക് മത്സരത്തിനിറങ്ങുന്നതന്ന് കേൾക്കുന്നു.....

ശ്യോ ആ പെണ്ണ് നോക്യേപ്പൊ ഇക്ക് നാണായി....
കടപ്പാട്: പടം എടുത്തവർക്കും അയച്ചുതന്നെ ജെ.പി (ജീവിച്ചുപൊക്കോട്ടെ) എന്ന സുഹൃത്തിനും...

Sunday, December 21, 2008

ഉത്സവങ്ങളുടെ നാളൂകൾ..

കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക്‌ ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച്‌ ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്‌.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും,ഭൂമിയിലെ ദേവസംഗമമെന്നറിയപ്പെടുന്ന ആറാട്ടുപുഴിലെ ഉത്സവവും,ഉത്രാളി,ചിറവരമ്പത്തുകാവ്‌,പെരിങ്ങോട്ടുകര,ആയിരംകണ്ണി തുടങ്ങി എല്ലാം അവർക്ക്‌ ആവേശം പകരുന്നു. മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച്‌ തൃശ്ശൂർ പൂരത്തിനു ചടങ്ങുകൾ കൂടുതൽ ആണ്‌ ഇതുതന്നെ ആണതിന്റെ കൊഴുപ്പുകൂട്ടുന്നതും.ചെറുപൂരങ്ങളുടെ വരവോടെ ആരംഭിച്ച്‌ മഠത്തിൽ വരവും,ഇലഞ്ഞിത്തറയിൽ നാദവിസ്മയത്തിന്റെ കാലങ്ങൾ കൊട്ടിത്തീർത്തുള്ള തെക്കോട്ടിറക്കവും,കുടമാറ്റവും,രാത്രിയിലെ വെടിക്കെട്ടും,ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം ചേരുമ്പോൾ കാണീളുടെ മനസ്സു നിറയുന്നു. ആറാട്ടുപുഴയിൽ പ്രധാനം തൃപ്രയാർ തേവരുടെ എഴുന്നള്ളത്തിൽ ആരംഭിച്ച്‌ വിവിധ ഭഗവതിമാരും മറ്റു ദേവന്മാരും ആറാട്ടുപുഴ പാടത്ത്‌ ഒത്തുചേരുന്നതും കൂട്ടി എഴുന്നള്ളിപ്പും ആണ്‌.അവിടേയും ഉപചാരം ചൊല്ലലും അടുത്തവർഷത്തെ കൂടിക്കാഴ്ചക്കായ്‌ ക്ഷണിക്കലും ഒക്കെ ഉണ്ട്‌.

മേളപ്രമാണിമാർ അംഗീകരിക്കില്ലെങ്കിലും ഇന്ന് ഉത്സവങ്ങളെ സജീവമാക്കുന്ന ഒരു മേളമാണ് ശിങ്കാരിമേളം.രൌദ്രതാളത്തിന്റെ അലകടൽ തീർക്കുന്ന കാണീകളെ ആവേശത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഇതിനു മറ്റു മേളങ്ങളെ പോലെ പ്രത്യേക നിയമങ്ങളോ ചിട്ടകളോ ഇല്ലെന്ന് പറയാം.എങ്കിലും ഇലത്താളവും ചെണ്ടയും കൊണ്ട് ഈ കലാകാരന്മാർ തീർക്കുന്ന ശബ്ദവിസ്മയം ലഹരിയായി പടരുമ്പോൾ കാണികൾ ആവേശംകൊണ്ട് നൃത്തംവെക്കുകയും കൈകൾ ഉയർത്തി താളം പിടിക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട് പ്രധാനക്ഷേത്രത്തിൽ എത്തുന്ന ഉത്സവങ്ങളിൽ കൊഴുപ്പുകൂട്ടുവാൻ ഇത് ഒരു പ്രധാനഘടകമായി മാറുന്നു.ദേവനൃത്തവും,കരകാട്ടവും,കാവടിയും എല്ലാം ഇതിന്റെ അനുബന്ധമായി മാറുന്ന കാഴ്ചയാണിന്നുള്ളത്.

തൃശ്ശൂർ ആറാട്ടുപുഴ തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളെ ഒഴിവാക്കിയാൽ മറ്റു പല ക്ഷേത്രങ്ങളിലും പ്രധാനം ആനകളുടെ തലയെടുപ്പിനാണ്‌.ഭൂരിഭാഗവും ആനയുടെ നിലവും തലയെടുപ്പും മാനദണ്ഡമാക്കുംമ്പോൾ ചിലർ ഉയരം ആണ്‌ നോക്കുന്നത്‌.തോളുയരം കുറവും തലയുയരം കൂടുതലും ഉള്ള ധാരാളം ആനകൾ ഉള്ളതിനാൽ പലപ്പോഴും തലയെടുപ്പുള്ളവർക്ക്‌ മുൻഗണന ലഭ്യമാകാതെ പോകുന്നതും തർക്കങ്ങൾക്ക്‌ ഇടയാകാറുണ്ട്‌. തലയെടുപ്പിൽ ഇന്നു കേരളത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്നത്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന ഗജവീരൻ ആണ്‌.ഉഗ്രപതാപത്തോടെ തലയെടുത്തുപിടിച്ചുള്ള അവന്റെ നിലവിനു മുമ്പിൽ മറ്റുപലരും നിഷ്പ്രഭരാകുന്ന കാഴ്ചയാണിന്ന് ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്നത്‌. ഗുരുവായൂർപ്പത്മനാഭൻ, അഴകിലും ലക്ഷണങ്ങളിലും മുമ്പനായ തിരുവമ്പാടിയുടെ ശിവസുന്ദർ,മന്ദലാംകുന്ന് കർണ്ണൻ,മന്ദലാം കുന്ന് അയ്യപ്പൻ,ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ തുടങ്ങി ലക്ഷണമൊത്ത മുൻ നിരയും തൊട്ടുപിന്നാലെ ചെർപ്ലശ്ശേരി പാർത്ഥനും,ചുള്ളിപ്പറമ്പിൽ വിഷ്ണു,ചിറക്കൽ മധുവേട്ടന്റെ ആനകളൂം ,ഈരാറ്റുപേട്ട അയ്യപ്പൻ,കോഴിപ്പറമ്പിൽ അയ്യപ്പൻ, ജയറാം കണ്ണൻ തുടങ്ങി സജീവമാക്കുന്ന യുവ/രണ്ടാം നിരയും കൊണ്ട്‌ ഉത്സവപ്പറമ്പുകൾ സജീവമാകുന്നു.പേരെടുത്തുപറയാൻ ഇനിയും ഉണ്ട്‌ ഇതിൽ.

ഈ വർഷം പൂരങ്ങളെ സജീവമാക്കുവാൻ തലയെടുപ്പോടെ ഒരു പുതുമുഖം കൂടെ എത്തുന്നു എന്നവാർത്തകൾ ഉണ്ട്‌.കൊല്ലം അനന്തപ്ത്മനാഭൻ. ഇതിനോടകം പലയിടങ്ങളിലും മുൻവർഷത്തെപോലെ ചില ആനകൾ ഇടഞ്ഞ്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ആനപ്രേമികൾ ആവേശത്തിലാണ്‌.ചുള്ളിപ്പറമ്പിൽ വിഷ്ണുവാണോ പാർത്ഥനാണോ പൂതൃക്കോവിൽ വിനായകനാണോ അതോ പുതുമുഖം അനന്തപ്തമനാഭനാണോ ഇത്തവണ യുവനിരയിലെ ഒന്നാമൻ ആകുക എന്ന് ഇപ്പോളേ അവർ ചർചചെയ്തുതുടങ്ങിയിരിക്കുന്നു. മേളങ്ങളുടേയും ആരവങ്ങളുടേയും ഉത്സവപ്പറമ്പുകളിലേക്ക് പോകുവാൻ അതിൽ സ്വയം ലയിക്കുവാൻ കൊതിയാകുന്നു.

*ഒരുപക്ഷെ കണ്ടമ്പുള്ളി ബാലനaഅരായണൻ(എഴുത്തശ്ശൻ ശങ്കരനാരായണൻ എന്നു അവസാനകാലത്ത്‌ അറിയപ്പെട്ടിരുന്നു)ചരിഞ്ഞതിൽ പിന്നെ ചുള്ളിപ്പറമ്പിൽ സൂര്യനാകാം ഔദ്യോഗികമായി ഉയരം കൂടുതൽ പക്ഷെ വ്യത്യാസം അറിയണേൽ സൂര്യനും തെചിക്കോട്ടുകാരും ഒന്നിചുനിൽക്കുന്ന ഉത്സവം നേരിട്ടുതന്നെ കാണണം.

Sunday, December 14, 2008

തുണിയുരിഞ്ഞുള്ള മലയാളിയഭിമാനങ്ങൾ.

സ്ത്രീകൾക്ക്‌ മാറുമറക്കുവാൻ അനുമതിക്കായി പ്രക്ഷേ‍ാഭം നടത്തിയവരാണ്‌ മലയാളികൾ.ഒരു പക്ഷെ ചരിത്രത്തിൽ ഇത്തരം ഒരു പ്രക്ഷോഭം മറ്റെവിടെയും ഉണ്ടായിട്ടുണ്ടാകില്ല. പൊതുസമൂഹത്തിന്റെ നോട്ടങ്ങൾക്ക്‌ മുമ്പിൽ തങ്ങളുടെ മാറും മറ്റും പ്രദർശിപ്പിക്കുന്നതിനെതിരെ ആത്മാഭിമാനം ഉള്ള സ്തീകൾ ചെറുത്തുനിന്ന ആ നാട്ടിൽ നിന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുവൾ മാറും അരക്കെട്ടും മറ്റും പരമാവധി പ്രദർശിപ്പിച്ച്‌ ലോകസുന്ദരിപ്പട്ടത്തിന്റെ ഒരുചുവട്‌ പിന്നിൽ നിലയുറപ്പിചിരിക്കുന്നു.മാധ്യമങ്ങൾ ഇതിനെ മലയാളിയുടെ മികവായി വിളിചോതുന്നു. വളരെ വിചിത്രമായ വൈരുധ്യം തന്നെ.ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ദൃഷ്ടാന്തമായി ഇതിനെ കണക്കാൻ പറ്റുമോ?മാറുമറക്കുവാൻ സമരം നടത്തിയ മലയാളിക്ക്‌ ആഗോളവൽക്കരണം സമ്മാനിച കിരീടം കൊള്ളാം.

പാർവ്വതി ഓമനക്കുട്ടൻ എന്ന മലയാളിപെണ്ണിനു ലോകസുന്ദരിപ്പട്ടത്തിനായുള്ള മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിചപ്പോൾ പലരും വിളിചുകൂവി മലയാളിക്ക്‌ അഭിമാനിക്കം എന്ന്,ചില മലയാളികൾ എങ്കിലും ഇതിൽ രോമാഞ്ചം കൊണ്ടു.എന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിക്കുന്ന മലയാളിക്ക്‌ അഭിമാനത്തിനുള്ള വക ഒരു പെണ്ൺ പൊതുസമൂഹത്തിനു മുമ്പിൽ തുണിയുരിഞ്ഞ്‌ ഉണ്ടാക്കേണ്ടതുണ്ടോ? സ്വന്തം മകൾ പാന്റിയും ബ്രായും ഇട്ട്‌ ബീച്ചിൽ പരസ്യമായി മേനിപ്രദർശനം നടത്തുന്നത്‌ കണ്ട്‌ അഭിമാനിക്കുവാൻ തക്കവണ്ണം എത്ര മാതാപിതാക്കന്മാർക്ക്ലുടെ മനസ്സ്‌ പാകപ്പെട്ടിട്ടുണ്ട്‌? ഇത്‌ കേരളസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

ആഗോളവൽക്കരണം മനുഷ്യനെ എല്ലാവിധത്തിലും ചൂഷണം ചെയ്ത്‌ ധനവും,ആധിപത്യവും ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യം വെക്കുന്നത്‌.സംസ്ക്കാരവും പാരമ്പര്യവും എല്ലാം അതിനായി അവർ പലവിധത്തിൽ തകർത്തുകളയും.അതിനായി ഉള്ള എളുപ്പവഴികളാണ്‌ ഇത്തരം മൽസരങ്ങൾ.സ്തീയുടെ തുളുമ്പുന്ന മാംസളതയിലും അച്ചിലിട്ട മറുപടികളിലും മുലയുടേയും, തുടയുറ്റേയും,അരക്കെട്ടിന്റേയും,ചന്തിയുടേയും മറ്റും പ്രത്യേക അഴകളവുകളെ മാനദണ്ടമാക്കിക്കൊണ്ടുള്ള ഇത്തരം മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആണോ ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ? ഒരു നാട്ടുപെണ്ണിന്റെ സൗദര്യം പോലും ഇല്ലാത്ത ഒരുവളെ ലോകസുന്ദരിമാരിൽ രണ്ടാമത്തവൾ ആയി കാണുന്നതിന്റെ അർത്ഥശൂന്യതയെ തിരിചറിയുമ്പോളും അതിനെ ബോധപൂർവ്വം മറചുവെച്‌ ഇത്തരം പെൺകൊടികളുടെ "പ്ലാസ്റ്റിക്ക്‌" ചിരികളെയും,അർദ്ധനഗ്നമായ പൂച്ചനടത്തത്തേയും വാതോരാതെ പുകഴ്ത്തുവാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? ഇതാണ്‌ കമ്പോളവ്യവസ്ഥിതിയുടെ കഴിവ്‌.ആഗോളജനതയിൽ നിന്നും അവരുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തുടചുമാറ്റി തങ്ങളുടെ ഇചക്കനുസരിചുള്ള ഒരു ലോകക്രമം അല്ലെങ്കിൽ സൗന്ദര്യത്തെകുറിച്‌ തങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ലോകസമൂഹത്തിലേക്ക്‌ കൊണ്ടുവരുവാനും അംഗീകരിപ്പികുവനും ഉള്ള ബഹുരാഷ്ട്ര കുത്തകകളുടെ "സിന്ദിക്കേറ്റിന്റെ" അജണ്ടപ്രകാരം നടക്കുന്ന ഇത്തരം പേക്കൂത്തിൽ നമ്മൾ മലയാളികൾ പോലും വീണുപോകുന്നു. സ്വന്തം മകളുടെ നഗ്നത പൊതുസമൂഹത്തിന്റെ നയനഭോഗങ്ങൾക്കായി വീട്ടുകൊടുത്ത് അതിൽ അഭിമാനിക്കുവാൻ തക്കവണ്ണം മാതാപിതാക്കളുടെ മനസ്സ് പാകപ്പെടുത്തുവാൻ അവർക്കാകുന്നു.

പാർവ്വതി സ്വന്തം നിലക്ക്‌ ഇത്തരം മൽസരങ്ങൾ പങ്കെടുക്കുന്നതിനോ സ്വന്തം മേനി തുറന്നുകാണിക്കുന്നതിനോ വയ്ക്തിപരമയി എതിർപ്പില്ല എന്നാൽ അത്‌ മലയാളിയുടെ അഭിമാനം ആയി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. മലയാളിയായ നയന്താരയും മറ്റും മേനിപ്രദർശിപ്പിച്ച്‌ ചലചിത്രങ്ങളിൽ ഇളകിയാടുന്നതിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനെ ആരും മലയാളിയുടെ അഭിമാനം ആയി കാണുന്നില്ല.ലൈംഗീകമായി ആനന്ദം നൽകുന്ന കാഴ്ചകളെയും,പ്രവർത്തികളേയും മനുഷ്യസഹചമായ വികാരങ്ങളാൽ ആളുകൾ ആസ്വദിചെന്നിരിക്കും എന്നാൽ അതിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ആരും ഒരു സമൂഹത്തിന്റെ അഭിമാനസ്ഥംഭം അയി ഉയർത്തിക്കാണിക്കാറില്ല.മാത്രമല്ല ഇത്തരം പ്രവണതയെ ആത്മാഭിമാനം ഉള്ളവർക്ക്‌ അംഗീകരിക്കുവാനും കഴിയില്ല.

പാശ്ചത്യസംസ്ക്കാരത്തിന്റെ ഭാഗമായി ഉള്ള മേനിപ്രദർശന മൽസരങ്ങൾ അവിടെ നടന്നുകൊള്ളട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതിൽ തിളങ്ങുവാൻ വേണ്ടി തുണിയുരിയേണ്ട അവസ്ഥ ഉണ്ടാക്കരുതു. നമ്മുടെ സമൂഹമനസ്സ് പാശ്ചാത്യരുടേതിനു സമമല്ല. പുറം കാഴ്ചകളിൽ പാശ്ചാത്യ അനുകരണങ്ങൾ കാണാം എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഉപഭോധമനസ്സിൽ മൂല്യംങ്ങലെ കുറിച്ചും മാനാഭിമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഒരു സംസ്കാരം ഉണ്ട്. എന്നാൽ പാശ്ചാത്യ സമൂഹമനസ്സിനു ഇത്തരം സംഘർഷത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും അവരുടേ ജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ ഇനി നാളെ അതെല്ലാം നമുക്കും ആകാം എന്ന് വാദിക്കുവാൻ നമ്മൾക്കിടയിൽ ആളുകൾ ഉണ്ടായെന്നിരിക്കും.

തങ്ങളുടെ ഉൽ‌പ്പങ്ങൾക്ക് വിശാലമായ വിപണിയൊരുക്കുവാൻ ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നവർ നമ്മുടെ സംസ്കാരത്തെ ജീവിതത്തിന്റെ സ്വസ്ഥതയെ എല്ലാം ആണ് കവർന്നെടുക്കുന്നത്. തുണിയുരിഞ്ഞും വ്യഭിചരിച്ചും അല്ല നാം നാടിന്റെ അഭിമാനം ഉയർത്തിക്കാട്ടേണ്ടത്തെന്ന് പുതുതലമൂറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.കമ്പോളവ്യവസ്ഥിതിയിൽ അതിന്റെ താല്പര്യങ്ങളുടെ ഏറാം മൂളികളായ മാധ്യമങ്ങൾ വച്ചുനീട്ടുന്ന ദൃശ്യങ്ങൾ കണ്ട് വളരുന്ന കുട്ടികൾ വഴിതെറ്റിപ്പോകുന്നു.മൊബൈൽ ഫോണിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ സ്വന്തം ശരീരത്തെ തന്നെ വില്പനചരക്കാക്കുവാൻ തയ്യാറാകുന്ന കൌമാരങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു അല്ലെങ്കിൽ ചതിയിൽ പെട്ടുപോകുന്നു.ഇതു തിരിച്ചറിഞ്ഞ് നാം ജാഗ്രത പാലിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും നമ്മുടെ പെൺകുട്ടികൾ കൂട്ടമായി ക്ലാസ് റൂമിൽ വിഷം കഴിച്ചും,റെയിൽ‌വേട്രാക്കിലും ജീവിതമവസാനിപ്പിക്കുവാൻ ഇടവരും.

പാരമൊഴി:ലോകസുന്ദരിമത്സരത്തിൽ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല. എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കു ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംസത്തിനാണെങ്കിലോ?

Thursday, December 04, 2008

ഉരുകുന്ന പ്രവാസം

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്. പകിട്ടുള്ള കെട്ടിടങ്ങളാലും റോഡുകളാലും അലംകൃതമായ ഇന്നത്തെ കേരളത്തിന്റെ ഭ്രമാത്മകമായ ഈ "ആധുനീകവൽക്കരണം" തീർച്ചയായും അവന്റെ വിയർപ്പിന്റെ കഷ്ടപ്പാടിന്റെ സൃഷ്ടിയാണ്. എന്നാൽ മണലാരണ്യത്തിൽ സ്വന്തം ജീവിതം ഹോമിച്ച് കേരളത്തിനു പുതിയൊരു കേരളീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ സാധുക്കളോട് മലയാളിസമൂഹം എങ്ങിനെ നന്ദി പ്രകടിപ്പിക്കുന്നു എന്നത് തീർച്ചയായും ചിന്തനീയമാണ്.
കൂടുതൽ ഈ ലക്കം നാട്ടുപച്ചയിൽ....
www.nattupacha.com

Tuesday, December 02, 2008

എന്തോവിഷൻ അത്താഴവാർത്തകൾ

നമസ്കാരം ഞാൻ സുകേഷ് ,എന്തോവിഷൻ അത്താഴവാർത്തകളിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാന വാർത്ത.

നഗരത്തിൽ ഒരു പാർപ്പിടസമുച്ചയത്തിൽ നുഴഞ്ഞുകയറിയവർ പരിഭ്രാന്തിപരത്തുന്നു..എക്സ്ക്ലൂസീവ്...
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.ഇന്ന് വൈകീട്ട് എട്ടുമണിയോടെ ആണ് ഇവർ കെട്ടിടത്തിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുവാൻ തുടങ്ങിയയ്ത് ഇതേ കുറിച്ച് സംഭവ സ്ഥലത്തുനിന്നും രാജപ്പൻ റിപ്പോർട് ചെയ്യുന്നു.

രാജപ്പൻ കേൾക്കാമോ?കേൾക്കാമെങ്കിൽ പറയൂ എന്താണ് അവിടെ നടക്കുന്നത്? എപ്പോഴാണ് സംഭവം തുടങ്ങിയത്? എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?
(റോഡിൽ മൈക്കുമായി കിടക്കുന്ന ഒരു പയ്യൻ.അവനു പുറകിൽ ദൂരെ ആയി ഒരു കെട്ടിട സമുച്ചയം)

രാജപ്പൻ:സുകേഷ് ഏതാണ്ട് എട്ടുമണിയോടെ ആണ് സംഭവം.എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയുക പ്രയാസം എങ്കിലും എനിക്ക് തോന്നുന്നത് നുഴഞ്ഞുകയറിയവർക്ക് പ്രത്യ്യേക ലക്ഷ്യം ഒന്നും ഉണ്ടയിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
സുകേഷ്: അങ്ങിനെ പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ നഗരത്തിലെ ഇത്രയും വലിയ ഒരു കെട്ടിടത്തിൽ അതും ജനവാസകേന്ദ്രമായ ജന നിബിഡമായ ആളുകൾ തിങ്ങിത്താമസിക്കുന്ന ഒരുപാട് വി.ഐ.പികൾ വന്നുപോകുന്ന,വെള്ളവും വെളിച്ചവും കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടിടത്തിൽ നുഴഞ്ഞുകയറി എന്നത് നിസ്സാരമാണോ?

രാജപ്പൻ: (പറഞുതുടങ്ങുന്നു എങ്കിലും സുകേഷ് ഇടപെടുന്നു)
ഒരു നിമിഷം തിരിച്ചുവരാം ഇതേകുറിച്ച് പ്രതികരിക്കുവാൻ പ്രമുഖ വാചകാവകാശ പ്രവർത്തകൻ ആ‍.ഈ.ഊ കുഞ്ഞൻ, ഭരണകക്ഷി നേതാവ് ബഓറടിയൻ പിള്ളയും സ്റ്റുഡിയോയിൽ ഉണ്ട്.

ആ‍.ഈ.ഊ കുഞ്ഞൻ: ഇത് ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇരകളുടെ പ്രതിരോധമാണ്.ഇതിന്റെ രീതികൾ വച്ചുനോക്കുമ്പോൾ ഇരകൾ വേട്ടക്കാരന്റെ താവളം തേടിവരുന്നു എന്നാൺ ആധുനീകസമൂഹത്തിന്റെ വൈതാളിക മാനവ സംഘർഷത്തിൽ ഊന്നിയ കീഴാള പ്രത്യയശാസ്ത്ര പരിണാമങ്ങളിൽ ഊന്നിക്കൊണ്ടുവ്വെണം ഈ വിഷയത്തെ നാം കാണേണ്ടത്. ഉപരിപ്ലവമായ ഉട്യോപ്യൻ സങ്കൽ‌പ്പങ്ങളിൽ ആണിന്നും മനുഷ്യാന്തരാളങ്ങൾ....

സുകേഷ്(ഒന്നും മനസ്സിലായില്ലെങ്കിലും മേശയിൽ കൈമുട്ട് ഊന്നി മുഖത്തെ കീഴ്ത്താടി ചുളുക്കി ഒന്നുകൂടെ മുന്നോട്ട് ആഞ്ഞുക്കൊണ്ട്) ആ‍.ഈ.ഊ കുഞ്ഞൻ പറയുന്നു ഇര വേട്ടക്കാരൻ കീഴാളൻ.ഇതിൽ ഏതാണെന്ന് നമുക്ക് പരിശോധിക്കാം അതിനു മുമ്പ്
പാരപ്പടയുടെ സംസ്ഥാന നേതാവ് പാരജാതൻ ലൈനിൽ ഉണ്ട്.പാരജാതൻ എന്താണ് താങ്കൾക്ക് തോന്നുന്നത്?എങ്ങിനെ ഇതു സംഭവിച്ചു?

പാരജാതൻ: ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച തന്നെ ആണ് ആഭ്യന്തരമന്ത്രി രാജിവെക്കണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത് നാളെയും തുടരും...

സുകേഷ്: ഒരു നിമിഷം താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ പാരജാതൻ പറയുന്നു സർക്കാരിന്റെ വീഴ്ചയാണെന്ന്.ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന്.എന്തു പറയുന്നു ഈ നിരീക്ഷണത്തോട്?
(സ്റ്റുഡിയോയിൽ ഇരിക്കുന്ന താടിക്കാരൻ സ്കീനിൽ)
ബോറടിയൻ പിള്ള: ശുദ്ധ അസംബന്ധം.വിവരം കേട്ട ഉടനെ മന്ത്രി വേണ്ടനടപടി എടുത്തുകഴിഞ്ഞു.മാത്രമല്ല ഇതേകുറിച്ച് പഠിച്ച് വിവരം ധരിപ്പിക്കുവാൻ ആനവിഴുങ്ങി ദാമുവിനെ ചെയർമാനാക്കി ഒരു കമ്മറ്റിയെ നിയോഗിച്ചു.ഇനി എന്താണ് വേണ്ടത്.പാരജാതനെപ്പോലുള്ളവരുടെ നേതാക്കളല്ല പൊട്ടകുളം സംസ്ഥാനം ഭരിക്കുന്നത്.2995-ൽ ഇത്തരം ഒരു വിഷയം ഉണ്ടായപ്പോൾ ഇയ്യാളുടെ പാർട്ടിക്കാർ രാജിവെച്ചോ?..ഇവനൊക്കെ അന്ന് എന്താണ് ചെയ്തത്....

സുകേഷ് : (ഇടപെട്ടുകൊണ്ട് )അതേ മിസ്റ്റർ ബോറടിയൻ പിള്ളയുടെ ചോദ്യം പാരജാതനോടാണ്..അദ്ദേഹം ചോദിക്കുന്നു ഈ ചെറ്റയൊക്കെ അന്ന് എന്താണ് ചെയ്തത് എന്ന്...
പരജാതൻ: ചെറ്റ അവന്റെ കുടുമ്മത്തുള്ളവർ ആണ്.ഞാനല്ല...പിന്നെ ബോറടിയന്റെ ബാലിശമായ ചോദ്യങ്ങളെ ഞാൻ അവഗണിക്കുന്നു...ഈ സർക്കാർ നിഷ്ക്രിയമാണ്......

സുകേഷ്: ബോറടിയൻ പാ‍രജാതൻ പറയുന്നു താങ്കളുടെ പിതവ് ചെറ്റയാണെന്ന്.ആണോ? ആണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു? ഒരുകുടുമ്പം ചെറ്റയാണെന്ന് ഇങ്ങനെ പരസ്യമായിപറയുമ്പോൾ അതിനോട് പ്രതികരിക്കേണ്ടതില്ലേ?

ബോറടിയൻ പിള്ള: ചെറ്റ അവന്റെ അപ്പൂപ്പനാണ് നാറി......**##@@@
പരജാതൻ: എന്റെ അല്ലെടാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനാ....%$@@@000**&@###
സുകേഷ്:അവർ പരസ്പരം പഴിക്കുന്നു അല്ലെങ്കിൽ തെറിവിളിക്കുന്നു.അത് അവരുടെ വിഷയം പക്ഷെ ഇതിനെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

ആ‍.ഈ.ഊ കുഞ്ഞൻ:ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

(ഇതിനിടയിൽ വീണ്ടും രാജപ്പൻ) അവിടെ പതിനാലാം നിലയിൽ നിനും പതിനചാം നിലയിലേക്ക് സംഘത്തിലെ ഒരാൾ പോയതായി അറിയുന്നു.ഇതിനിടയിൽ ഒരു കുട്ടി ബാൽകണിയിൽ വന്നു നിന്ന് ആകാശത്തേക്ക്കൈ വീശൂന്നുണ്ട്.ഒരു പക്ഷെ സഹായം അഭ്യർഥിച്ചാകാം.

സുകേഷ്:ആളുകൾ പരിഭ്രാന്തരാണോ? ആണെങ്കിൽ എന്തുകൊണ്ട്..കെട്ടിടത്തിലേക്ക് ഇനിയും ആളുകൾ കടന്നുപോകുന്നത് കാ‍ണാം. എന്തുകൊണ്ട് അവർ കയറിപ്പോകുന്നു.?നുഴഞ്ഞുകയറിയവർ എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചിട്ടുണ്ടൊ? കെട്ടിടത്തിൽ നിന്നും പുക വരുന്നതായി ദൃശ്യങ്ങളിൽ കാണുന്നു എന്താണത്?

രാജപ്പൻ: സുകേഷ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുപിടിച്ച് നടക്കുന്നുണ്ട്,സ്മോളടിച്ച ചിലർ വാളുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആകെട്ടിടത്തിന്റെ അടുത്താണ് ഞാൻ നിൽക്കുന്നത്.നമ്മളുടെ ചാനൽ അല്ലാതെ മറ്റു ചാനലുകാ‍ാർ ഒന്നും ഇതുവരെ എത്തിയിട്ടില്ല. ദാ ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റിയോട് ചോദിക്കാം എന്താണെന്ന്.

ഒരു മീശക്കാരൻ: ഉം എന്താകാര്യം? ഇവിടെ എന്താ ക്യാമറയൊക്കെ ആയിട്ട്?
ഞങ്ങൾ ടി.വിക്കാർ ആണ്. കെട്ടിടത്തിന്റെ മുകൾ നിലയിൽ തീവ്രവാദികൾ കയറിയതായി കേൾക്കുന്നു.എത്ര തീവ്രവാദികൾ ഉണ്ട്. എന്താണവരുടെ ഡിമാന്റ്? ആളുകളെ ഒഴിപ്പിക്കുന്നില്ലെ?കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടല്ലോ?

സെക്യൂരിറ്റികാരൻ: ഏയ് അത് തീവ്രവാദികൾ ഒന്നും അല്ല.വൈനേരം ആയാൽ ഇവിടെ താമസിക്കുന്നന്വർ കൊതുകിനെ പുകക്കും അതിവിടെ പതിവാണ്‌. അപ്പൊൾ എലികൾ ഒരു ഫ്ലോറീന്ന് അടുത്ത ഫ്ലോറിലേക്ക് പോകും.അതിനെന്തിനാ ആളോളെ ഒഴിപ്പിക്കുന്നെ?നിങ്ങ്ക്കെന്താ പ്രാന്തുണ്ടോ?

രാജപ്പൻ:അപ്പോൾ കുട്ടി കൈവീശിയതോ?
സെക്യൂരിറ്റിക്കാരൻ: അതു ആകാശത്തുക്കൂടെ എയർ ഇന്ത്യാ എക്സ്പ്രസ്സ് കൃത്യസമയത്തുപോണകണ്ട് സന്തോഷം കൊണ്ട് കൈവീശിയതാടോ മണ്ടാ...

രാജപ്പൻ: പണിപാളി സുകേഷ്.
ഇളിഞ്ഞ ചിരിയോടെ സുകേഷ്: നന്ദി ബോറടിയൻ പിള്ള&പാരാജാതൻ അവിടെ ഒരു തെവ്രവാദി ആക്രമണത്തിന്റെ രീതിയിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അത് എലികൾ ആയിരുന്നു എന്നാണിപ്പോൾ കിട്ടിയ വിവരം. എന്തായാലും നമുക്കിനി മറ്റൊരു വിഷയവുമായി നാളെ വൈകീട്ട് വരാം.

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

Monday, December 01, 2008

വി.എസ്സിന്റെ വാക്കുകൾ ക്രൂരമായി

മാധ്യമങ്ങളിൽ വി.എസ്സ് നടത്തിയ പരാമർശവും അതേകുറിച്ചുള്ള വാർത്തകളും ഒരു ഞെട്ടലോടേയാണ് കേട്ടത്. വി.എസ്സ് സമചിത്തത പാലിക്കണം ഇത്ര്ും ക്രൂരമായ വാക്കുകൾ താങ്ക് പ്രയോഗിച്ചുകൂടാ.ഭരണപരമായി യാതൊരു കഴിവും ഇല്ലാതെ നിരവധി മന്ത്രിമാർ ചുമ്മാതിരിക്കുന്ന ഒരു സംസ്ഥാന്റ്ത് ഏതെങ്കിലും ഒരു മന്ത്രിയെ ആ വീരനായകന്റെ സംസ്ക്കാര ചടങ്ങുകളിൽ അയക്കാത്ത താങ്കൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഇത്രയും കടുത്ത വാക്കുകൾ പറയുവാൻ.

അവിടെ ഒരു പട്ടാളക്കാരന്റെ പിതാവിന്റെ വികാരപ്രകടനം മോശമായി എന്ന് പറയുമ്പോൾ വി.എസ്സ് ഓർക്കേണ്ട് ഒന്നുണ്ട് രാജ്യത്തിന്റെ മാനം കാക്കുവാൻ,ത്വിലാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ സ്വജീവൻ ബലിനൽകിയ ധീര ജവാനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചുകൂടിയ ജനാവലിയെ തടയാതെ എന്തുകൊണ്ട് തങ്ങളെ ആ പടിചവിട്ടുന്നതിൽ നിന്നും ശ്രീ ഉണ്ണികൃഷൻ വിലക്കി എന്ന്.മകന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും അവൻ രാജ്യത്തിനുവേണ്ടി പോരാടി എന്ന് പതറാതെ പറഞ്ഞ ആ പിതാവിന്റെ നിയന്ത്രണം എന്തുകൊണ്ട് തങ്ങളെ കണ്ടപ്പോൾ കൈവിട്ടുപോയി എന്ന്.

വി.എസ്സ്. താങ്കൾ അല്പം കൂടെ മാന്യമായി സംസാരിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ത്ങ്കൾ ഒരു മുഖ്യമന്ത്രിയാണെന്നും, പ്രീണനത്തിന്റേയും, കഴിവില്ലായ്മയുടേയും , വിട്ടുവീഴ്ചകളുടേയും ഭരണസംവിധ്നത്തിന്റെ ഫലമായുണ്ടായ ഭീകരാക്രമൺനങ്ങൾക്ക് മുമ്പിൽ നെടുങ്ങിപ്പോയ ഒരു ജനതയുടെ നേതാവാണെന്ന് ഓർക്കണമായിരുന്നു. വി.എസ്സ് താങ്കൾ വി.എസ്സാണ് അല്ലാതെ കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്താൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

പ്രിയ വി.എസ്സേ ത്ങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാൻ സർക്കാരിന്റെ ഒരു പട്ടിയും വന്നില്ലെങ്കിലും ധീരനായ ആ ദേശാഭിമാനിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ നിരവധി രാജ്യസ്നേഹികളായ മലയാളികൾ അവിടെ എത്തിയിരുന്നു. അതു തന്നെ ആണ് ഒരു ധീരനായ പട്ടാളക്കാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.