ഇന്നത്തെ ചിന്താവിഷയം അലപം നിരാശപ്പെടുത്തിയെങ്കിലും പുതിയ ചിത്രവുമായി ഈ വിഷുക്കാലത്ത് സത്യേട്ടൻ എത്തുമ്പോൾ കുടുമ്പപ്രേക്ഷകർ പ്രതീക്ഷയിലാണ്.നാടുവിട്ട് നഗരത്തിലേക്ക് ചേക്കേറാൻ എന്തുകൊണ്ടോ മലയാളി ഈ സംവിധായകനെ പ്രോത്സാഹിപ്പിക്കാറില്ല.എന്നാൽ നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായരീതിയിൽ സത്യേട്ടൻ കഥപറഞ്ഞുപോകുമ്പോൾ പ്രേക്ഷകർ അതു ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.അവരിൽ ഒരാളായി ജീവിക്കുന്നതുകൊണ്ടുതന്നെ സത്യേട്ടനെ സംബന്ധിച്ചേടത്തോളം നാട്ടിൻ പുറത്തെ കഥാപാത്രങ്ങളെ തേടി ബഹുദൂരം സഞ്ചരിക്കേണ്ട ആവശ്യം വരുന്നില്ല.രാവിലെ വീട്ടുപടിക്കൽ നിന്നാൽ മതി.കഥാപാത്രങ്ങൾ നേരിട്ട് കുശലം ചോദിച്ചുകൊണ്ട് കടന്നുപോകുന്നത് കാണാം.
ശങ്കരാടിയും,ഇന്നസെന്റും,മാമുക്കോയയും,ഒടുവിലും,ഹനീഫയും എല്ലാം ചേർന്ന സത്യേട്ടന്റെ ടീം സിനിമയിൽ അണിനിരക്കുമ്പോൾ ഒരുനിമിഷം ഇത് യദാർത്ഥത്തിൽ അന്തിക്കാട്ടെ ഒരു കൂട്ടായ്മയല്ലേ എന്ന് പലപ്പോഴും തോന്നാറുണ്ട്.പുതുതലമുറ ടി.വി സീരിയലിലേക്കും,ക്രിക്കറ്റിലേക്കും മറ്റും ചേക്കേറിയെങ്കിലും ഇന്നും ചടയന്മുറിയിലും മറ്റും യുവാക്കളുടെ കൂട്ടായ്മ കാണാം. പ്രായമായവരെ രാഘവേട്ടന്റെ കടയിലും,വിവിധ കള്ളുഷാപ്പുകളിലും,അന്തിക്കാട് നടക്കലും,പന്തോടിന്റെ അവിടത്തെ കടയിലും,മഞ്ഞക്കരയിലെ കനാലിന്റെ പാലത്തിന്മേലും,കുട്ടാണ്യേട്ടന്റെ കടയിലും എല്ലാം ഇതുപോലുള്ള സംഘങ്ങളെ,ഇത്തരം ഡയലോഗുകളെ നമുക്ക് കാണുവാനും കേൾക്കുവാനും കഴിയും.
ഉറക്കത്തിൽ പോലും സുസ്മേരവദനനായി ഇരിക്കുന്ന മരോട്ടിക്കൽ രമേശേട്ടൻ മുതൽ മീൻ80യിൽ സദാ സഞ്ചരിക്കുന്ന മോഹനേട്ടനും, നാളികേരം പോലിക്കണ അന്തോണ്യേട്ടനും ചെത്തുകാരൻ ഗോപാലേട്ടനും, പോർട്ടർ ചന്ദ്രേട്ടനും എല്ലാം അവരിൽ ചിലർ മാത്രം. തമാശകളും, ഗൗരവമുള്ള രാഷ്ടീയവും എപ്പോൾ ആരംഭിക്കുന്നു വേന്നോ അവസാനിക്കുന്നു എന്നോ പറയുവാൻ കഴിയില്ല. എന്നാൽ തീവ്രമായ രാഷ്ടീയ ചിന്തയുണ്ടെങ്കിലും രാഷ്ടീയ സംഘർഷങ്ങളോ കൊലപാതകങ്ങളോ ഈ നാട്ടിൽ കടന്നുവരുന്നില്ല.ഇതുതന്നെ ആണീ നാടിന്റെ നന്മയും.
ഒടുവിൽ എന്ന നടന്റെ അസാന്നിധ്യം ആയിരിക്കും ഈ ചിത്രത്തിൽ ഫീൽ ചെയ്യുക.തീർച്ചയായും ഒടുവിൽ കഥാപാത്രങ്ങളെ കാണുമ്പോൾ അന്തിക്കാട്ടെ രാമചന്ദ്രേട്ടനെ ഓർമ്മവരും.ഒടുവിലിനെ പോലെ തന്നെ മനസ്സിൽ തട്ടുന്ന ഒരുപാട് മുഹൂർത്തങ്ങളും, കഥകളും, ഓർമ്മകളും ബാക്കിവെച്ചിട്ടാണ് രാമചന്ദ്രേട്ടൻ യാത്രയായത്. നാട്ടിൻ പുറത്തുകാരുടെ ജീവിതത്തെ അതിന്റെ തനിമയോടെ തിരശ്ശീലയിലേക്ക് പകർത്തുവാൻ ഒരു പക്ഷെ സത്യേട്ടനോളം വിരുത് മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല.കമൽ ഒക്കെ എന്നേ ആ പാത ഉപേക്ഷിച്ചമട്ടാണ്.വൻ നഗരങ്ങളും വേഗതയേറിയ ജീവിതവും മലയാളിക്ക് അന്യമല്ല എന്നാൽ മനസ്സിന്റെ ഏതോ കോണിൽ ഇന്നും ഗ്രാമീണതയുടെ നന്മയും പച്ചപ്പും ഒളിഞ്ഞുകിടക്കുന്നതുകൊണ്ടുതന്നെ ആകണം മലയാളി ഇന്നും സത്യേട്ടൻ ചിത്രം റിലീസിങ്ങിനായി കാത്തിരിക്കുന്നത്. പശ്ചാത്തലം കുട്ടനാട് ആകുമ്പോൾ,മനസ്സിലേക്ക് പച്ചപ്പുള്ള ദൃശ്യങ്ങൾ പകർന്നുനൽകുവാൻ കഴിയുന്ന ക്യാമറാമാനും സത്യേട്ടനൊപ്പം അണിചേറുമ്പോൾ തീർച്ചയായും ആ പ്രതീക്ഷ പതിന്മടങ്ങാവുന്നു.നിരാശപ്പെടുത്താത്ത രംഗങ്ങളും, മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളും ചിരിക്കൊപ്പം ചിന്തയ്ക്കും വകനൽകുന്ന ഹാസ്യവുമായി പുതിയ ചിത്രം തീയേറ്ററിൽ എത്തും എന്ന് പ്രതീക്ഷിക്കാം. ഭാഗ്യദേവത എന്ന പുതിയ ചിത്രത്തിനു എല്ലാവിധ ആശംശകളും...
---------------------------------------
2 ഹരിഹർ നഗർ എന്ന ചിത്രം കാണികളെ ആവേശഭരിതരാക്കുന്നു എന്ന വാർത്ത നാട്ടിൽ നിന്നും കേട്ടതിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.വർഷങ്ങൾക്ക് ശേഷം തോമാസുകുട്ടിയും സംഘവും മലയാളക്കരയിൽ ചിരിയുടെ തൃശ്ശൂർപ്പൂരം തീർക്കുന്നു.
അതുപോലെ എടുത്തുപറയേണ്ട കാര്യം സൂപ്പർതാരചിത്രങ്ങളുടെ ഗതികേടാണ്. കുറച്ചുഫാൻസ് ഭ്രാന്തന്മാരുണ്ടെന്ന് കരുതി എന്തെങ്കിലും കാണിച്ചുകൂട്ടി അശ്രദ്ധമായി ചിത്രമെടുത്താൽ അതിനി "താരരാജാവായാലും" ശരി എന്തുണ്ടാകും എന്നതിന്റെ മാതൃകയും നാട്ടിൽ ഇപ്പോൾ തിയേറ്ററിൽ കാണാമത്രേ. ഈ ശ്രേണിയിലെ ചിത്രങ്ങൾ ഫാൻസ് ഭ്രാന്ത്ന്മാർ രംഗം വിടുന്നതോടെ പ്രേക്ഷകരെ കിട്ടാതെ ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ ഓടുന്നു എന്നതും ആഹ്ലാദിപ്പിക്കുന്ന വാർത്തതന്നെ.അത്തരം ചിത്രങ്ങളെ പ്രേക്ഷകർ നിരാകരിക്കുകതന്നെ വേണം.എങ്കിലേ ഇവരെ വച്ച് പടം എടുക്കുന്നവർ ശ്രദ്ധിക്കൂ.....(എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന പടങ്ങൾ ആണ് വീണ്ടും വന്നുകൊണ്ടിരിക്കുന്നത്)
Sunday, April 05, 2009
Subscribe to:
Post Comments (Atom)
3 comments:
മലയാളിക്കു എന്നും ഓര്‍മിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍
ടി.പി ബാലഗോപാലന്‍ എം.എ ,മഴവില്‍ക്കാവിടി,
വരവേല്പ്,ഗാന്ധിനഗര്‍...അന്തിക്കാട്ടുകാരുടെ സ്വന്തം സത്യേട്ടന്റെ പ്രതിഭയില്‍ ഇനിയും മലയാളി പ്രതീക്ഷിക്കുന്നു
athe..
ആശംസകൾ!
Post a Comment