Monday, April 13, 2009

പ്രസ്ഥാനത്തിനു തെറ്റുപറ്റുമ്പോൾ

അമരക്കാരൻ അഴിമതിക്കാരനും അധികാര ഭ്രമം ഉള്ളവനും ആണെങ്കിൽ പ്രസ്ഥാനത്തിനു തെറ്റുപറ്റിയേക്കാം. അധികാരത്തിനായും താൽക്കാലിക വിജയങ്ങൾക്കുവേണ്ടിയും തീവ്രവാദികളോടും രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോടുപോലും ഇത്തരം അമരക്കാർ കൂട്ടുകൂടിയേക്കാം. എന്നാൽ ഈ കൂട്ടുകൂടൽ സമൂഹത്തിനു ഒരു ബാധ്യതയാകുന്ന സന്ദർഭങ്ങൾ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യക്തിക്ക്‌ തെറ്റുപറ്റാം പക്ഷെ പ്രസ്ഥാനത്തിനു തെറ്റുപറ്റില്ല എന്ന് പലപ്പോഴും കേൾക്കാറുണ്ട്‌.എന്നാൽ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങൾ വ്യക്തിയിലേക്ക്‌ ചുരുങ്ങുമ്പോൾ അതുവഴി പ്രസ്ഥാനത്തിനും തെറ്റുപറ്റിയേക്കാം.ഇത്തരം സന്ദർഭങ്ങളിൽ ആ തെറ്റു തിരുത്തേണ്ട ബാധ്യത പ്രവർത്തകർക്കാണ്‌. ബഹുജനപ്രസ്ഥാനമാണെങ്കിൽ ജനാധിപത്യസമൂഹത്തിൽ ‌ അതിനെ തിരുത്തുവാനുള്ള ബാധ്യത പൊതുജനത്തിന്റേതുകൂടെയാകുന്നു. ജനങ്ങൾക്കീടയിൽ സ്വാധീനമുണ്ടെന്നതുമാത്രമല്ല ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സ്ഥാനാർത്ഥികൾ ഒരുപക്ഷെ നാളെ രാജ്യം ഭരിക്കാൻ ഇടവന്നേക്കാം.ഇത്തരം സന്ദർഭങ്ങളിൽ പ്രസ്ഥാനത്തിനുണ്ടാകുന്ന പാളിച്ച പൊതുസമൂഹത്തെ കൂടുതൽ ദോഷകരമായി ബാധിക്കും. അതിനാൽ തന്നെ അത്യന്തം ജാഗ്രതയോടെ ഇത്തരം കൂട്ടുകെട്ടുകളെ തിരസ്കരിക്കുവാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

അവിശുദ്ധകൂട്ടുകെട്ടുകളെ തിരസ്കരിക്കുന്നതിന്റെ ഭാഗമായി ഒരുപക്ഷെ ഒന്നോ രണ്ടോ സീറ്റിൽ പ്രസ്ഥാനം പരാജയപ്‌പെട്ടേക്കാം. പ്രസ്ഥാനത്തോടുള്ള അതിയായ കൂറുനീമിത്തം താഴെതട്ടിലുള്ള പ്രവർത്തകരും അനുഭാവികളും പാർട്ടിയുടെ പരാജയം ഒഴിവാക്കുവാൻ മനസ്സില്ലാമനസ്സോടെ അവിശുദ്ധ കൂട്ടുകെട്ടുകളെ പിന്തുണക്കുവാൻ ഇടവന്നേക്കാം. ഒരിടത്തും തന്റെ പ്രസ്ഥാനം തോറ്റുപോകരുതെന്നുള്ള അവന്റെ ആഗ്രഹത്തെ ആണ് എല്ലായ്പോഴൂം ചൂഷണം ചെയ്യുവാൻ ഇത്തരം അവിശുദ്ധകൂട്ടുകെട്ടിന്റെ തൽതൊട്ടപ്പന്മാർ പ്രയോഗിക്കുന്ന തന്ത്രം. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നൂം, തെറ്റു തിരുത്തലിനായുള്ള ചിലപരാജായങ്ങൾ പക്ഷെ നാളെ പ്രസ്ഥാനത്തിനും സമൂഹത്തിനും ഗുണമേ ചെയ്യൂ എന്നവർ തിരിച്ചറിയേണ്ടതുണ്ട്‌.പൊതുസമൂഹത്തിന്റെ നന്മയും സമാധാനവും ആയിരിക്കണം പൗരന്റെ ലക്ഷ്യം.

വർഗ്ഗീയ പ്രസ്ഥാനങ്ങൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ ഉന്നമനത്തിനു പ്രാധാന്യം നൽകിക്കൊണ്ട്‌ അത്‌ അവരുടെ അജണ്ടയായി അംഗീകരിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌.എന്നാൽ ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങൾ നേരെ മറിച്ച്‌ പൊതുസമൂഹത്തെ ഒറ്റക്കെട്ടായി കാണുവാൻ ബാധ്യസ്ഥരാണ്‌. അതുകൊണ്ടുതന്നെ മതേതരപ്രസ്ഥാനങ്ങൾക്ക്‌ വോട്ടിനായി മതമേലധ്യക്ഷന്മാരുടെ അരമനയിൽ കയറിയിറങ്ങുന്നതും വെറുക്കപ്പെടേണ്ടവരുമായി വേദിപങ്കിടുന്നതും ആശാസ്യകരമല്ല.ഇത്തരക്കാരുമായുള്ള കൂട്ടുകെട്ട്‌ സമൂഹത്തിൽ തെറ്റായ സന്ദേശം പകരുന്നതിനു കാരണമാകും.വർഗ്ഗീയത ജനാധിപത്യപ്രസ്ഥാനങ്ങളെ ബാധിച്ച ഒരു അർബുദമാണ്‌.ചികിത്സിച്ചു ബേധമാക്കുവാൻ നിർവ്വാഹമില്ലെങ്കിൽ മുറിച്ചുമാറ്റുകതന്നെയാണ്‌ ഇതിനൊരു പ്രതിവിധിയുള്ളൂ.ഇക്കാര്യത്തിൽ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ല. ന്യൂനപക്ഷവർഗ്ഗീയത അപകടകരമല്ലെന്ന രീതിയിൽ ഉള്ള ധാരണ അറിഞ്ഞോ അറിയാതെയോ ചിലരിലെങ്കിലും വേരോടിയിട്ടുണ്ട്‌.വോട്ടുബാങ്ക്‌ രാഷ്ടീയം ഇതിനുനേരെ പലപ്പോഴും കണ്ണടക്കുന്നു. ഇത് താൽക്കാലിക ലാഭങ്ങൾ ഉണ്ടാക്കുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ ക്ഷണിച്ചുവരുത്തും എന്നതിൽ സംശയമില്ല.

അവിശുദ്ധകൂട്ടുകെട്ടുകളെയും അതു വരുത്തിവെക്കാവുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ഈ തിരഞ്ഞെടുപ്പ് അവിശുദ്ധകൂട്ടുകെട്ടുകളുടെ ഒരു പരീക്ഷണശാലയാക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്.ഇത്തരക്കാര്ക്ക് കേരളത്തിൽ അത്താണിയില്ലെന്ന് വ്യക്തമാക്കുവാൻ ഓരൊരുത്തരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. പ്രവർത്തകരും അണികളും തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് തെറ്റുപറ്റിയാൽ അതു ചൂണ്ടിക്കാണിക്കുവാനുള്ള ആർജ്ജവം കാണിക്കുക.

22 comments:

paarppidam said...

പ്രസ്ഥാനത്തിന്റെ തീരുമാനങ്ങൾ വ്യക്തിയിലേക്ക്‌ ചുരുങ്ങുമ്പോൾ അതുവഴി പ്രസ്ഥാനത്തിനും തെറ്റുപറ്റിയേക്കാം.ഇത്തരം സന്ദർഭങ്ങളിൽ ആ തെറ്റു തിരുത്തേണ്ട ബാധ്യത പ്രവർത്തകർക്കാണ്‌. ബഹുജനപ്രസ്ഥാനമാണെങ്കിൽ ജനാധിപത്യസമൂഹത്തിൽ ‌ അതിനെ തിരുത്തുവാനുള്ള ബാധ്യത പൊതുജനത്തിന്റേതുകൂടെയാകുന്നു.

Anonymous said...

ഒരു latest വാര്‍ത്ത.
അതു 'ദേശീയ ദിനപത്രങ്ങളും',24x7 വാര്‍ത്തക്കാരുമോന്നും കൊടുക്കില്ല എന്നറിയാം.അദ്ദാണ് വാര്‍ത്താ കച്ചോടത്തിന്റെ ഗുട്ടന്‍സ്..ഒരു Trissurക്കാരനെന്നു പ്രൊഫയിലില്‍ കണ്ടു.അതോണ്ട് നാട്ടില്‍ അന്വേഷിച്ച്ചാ മതി.

തളിക്കുളത്തെ,"തെറ്റ് പറ്റാത്ത" കമ്മ്യുനിസ്ട്ടു പാര്‍ട്ടി പിളര്‍ന്നു.ടി.എല്‍ സന്തോഷ് യു.ഡി.എഫി ന്റെ കൂടെ,പന്ചായത്തു പ്രസിഡന്റ് അടക്കം മറ്റു പലരും എല്‍.ഡി.എഫി നൊപ്പം,നോട്ടീസും വിതരണം ചെയ്തു..താങ്കള്‍ക്കും ഒരിക്കലും തെറ്റ് പറ്റില്ലെന്നും പറ്റിയാല്‍ തന്നെ ഇനി മുതല്‍ താങ്കള്ടെതല്ല അത് യു.ഡി.എഫിന്‍റെ, സംഘപരിവാര്‍ തെറ്റ് മാത്രം ആയിരിക്കുമെന്നും തിരിച്ചറിയുന്നു..നമസ്തേ, ജയ് ഹിന്ദ്‌ .

paarppidam said...

എന്റെ ബ്ലോഗ്ഗിൽ അനോണിയാകേണ്ട കാര്യമില്ല സുഹൃത്തേ.ധൈര്യമായി പറഞുകൊള്ളുക. തീർച്ചയായും തെറ്റുപറ്റിയാൽ അതിനെ അംഗീകരിക്കുവാൻ ഉള്ള ആർജ്ജവം എനിക്കുണ്ട്.തെറ്റുപറ്റാതിരിക്കുവാൻ മാത്രം മഹത്തായ അറിവോ അനുഭവഞ്ജാനമോ എനിക്കില്ല.

“താങ്കള്‍ക്കും ഒരിക്കലും തെറ്റ് പറ്റില്ലെന്നും പറ്റിയാല്‍ തന്നെ ഇനി മുതല്‍ താങ്കള്ടെതല്ല അത് യു.ഡി.എഫിന്‍റെ, സംഘപരിവാര്‍ തെറ്റ് മാത്രം ആയിരിക്കുമെന്നും തിരിച്ചറിയുന്നു“-എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

ഏതുപ്രസ്ഥാനമായാലും തെറ്റുപറ്റിയാൽ അതു തിരുത്തേണ്ടതുണ്ട്.അത് ഇന്ന പ്രസ്ഥാനം എന്നില്ല.തളിക്കുളത്ത് ചരിത്രം കുറിച്ച് പഞ്ചായ്yഅത്തു ഭരണം പിടിച്ച ടി.എൽ സന്തോഷിന്റെ യും കൂട്ടരുടേയും നിലപാടുമാറ്റത്തെ കുറിച്ച് ഞാൻ അറിഞിട്ടില്ല.

ശ്രദ്ധേയന്‍ | shradheyan said...

ഒരു പ്രസ്ഥാനവും പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഒരു തീരുമാനവും എടുക്കുമെന്ന് തോന്നുന്നില്ല. രണ്ടു സീറ്റുകളില്‍ തീരുമാനമെടുക്കുന്നതില്‍ 'പരാജയപ്പെട്ട' രണ്ടു പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ ന്യായങ്ങള്‍ ഉണ്ട് താനും. പ്രസ്ഥാനത്തിന് പുറത്തുള്ളവരുടെ തീരുമാനം അകത്തുള്ളവരും അംഗീകരിക്കണം എന്ന് പറയുന്നത് 'ഇച്ചിരി' കടന്ന 'കൈ' അല്ലെ?

paarppidam said...

കോൺഗ്രസ്സ്,സി.പി.എം,ജനതാദൾ എന്നിവയിൽ അടുത്തുണ്ടായ സംഭവ വികാസങ്ങളിൽ പ്രവർത്തകരുടെ വികാരം മാനിക്കപ്പെട്ടിട്ടുണ്ടോ എന്ന് താങ്കൾക്ക് സ്വയം വിലയിരുത്താം.

ജനപ്രതിനിധികൾ ഉള്ള ഒരു ബഹുജനപ്രസ്ഥാനം എടുക്കുന്ന തീരുമാനം അതിലെ അംഗങ്ങളുടെ ഇടയിൽ മാത്രം അല്ല നടപ്പാക്കപ്പെടുന്നത്. അത് പൊതുസമൂഹത്തിൽ കൂടെയാണ് എന്ന് താങ്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലെ?അപ്പോൾ തന്നെ കൂടി ബാധിക്കുന്ന വിഷയത്തിൽ ഇടപെടുവാൻ പ്രസ്ഥാനത്തിനു പുറത്തുള്ളവനാണെങ്കിൽ പോലും സമൂഹത്തിലെ അംഗങ്ങൾ എന്ന നിലക്ക് മറ്റുള്ളവർക്കും അവകാശം വരില്ലെ സുഹൃത്തേ?( പൊതുജനത്തിനു ഏതെങ്കിലും പാർടിയുടെ നയപരിപാടികൾ നിശ്ചയിക്കുന്ന കമ്മറ്റികളിൽ നേരിട്ട് ഇടപെടുവാൻ കഴിയില്ലെ ന്നത് നേർ. എന്നാൽ അവരുടെ തീരുമാനം അപ്പാടെ വിഴുങ്ങുവാനോ അനുസരിക്കുവാനോ പൊതുജനം ബാധ്യസ്ഥരല്ല. തിരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങളിൽ പാർടികളുടെ ഓഫീസിനുള്ളിൽ അല്ല കാര്യങ്ങൾ നടക്കുന്ന്ത്.പൊതുസമൂഹത്തിലാണത് നടക്കുന്നത്)
പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

Anonymous said...

"ടി.എൽ സന്തോഷിന്റെ യും കൂട്ടരുടേയും നിലപാടുമാറ്റത്തെ കുറിച്ച് ഞാൻ അറിഞിട്ടില്ല."

ഒരു വാദത്തിനില്ല.
അത്രയേ ഞാനും പറഞ്ഞുള്ളൂ സാര്‍. താങ്കള്‍ 'അറിയില്ല'.അല്ലെങ്കില്‍ താങ്കളെ അറിയിക്കെണ്ടവര്‍,അതു ഏതു മാധ്യമാമാകട്ടെ,'അറിയിക്കില്ല'. കാരണം താങ്കള്‍ അങ്ങനെ ആക്കപ്പെട്ടു. താങ്കളുടെ 'അറിവ്','തീരുമാനം',സമ്മതം എല്ലാം manufacture ചെയ്തു തരാന്‍ ആളുണ്ട്. അവര്‍ക്കറിയാം താങ്കള്‍ എന്തറിയണമെന്നു.
സുഹൃത്തെ, കേരളത്തില്‍ എവിടെയെങ്കിലും ഏതെങ്കിലും ലോകല്‍ സെക്രടറി 'തെറ്റ് കണ്ടുപിടിച്ചിരുന്നെന്കില്‍', ഈ പാര്‍ടി ശരിയല്ല എന്ന് ,സ്വപ്നത്തിലെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ എത്രയോ മുമ്പേ ,വളരെ മുമ്പേ അറിയുമായിരുന്നു..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രസ്ഥാനത്തിന് (നേതാക്കള്‍ക്ക്) തെറ്റ് പറ്റുന്നുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ, അതിനെതിരെ പൊരുതേണ്ടത് പ്രസ്ഥാനത്തിനുള്ളില്‍ നിന്നാണ്.

നമുക്കറിയാം, പ്രസ്ഥാനത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പുറത്ത് പോയവര്‍ ഇന്നെവിടെ നില്‍ക്കുന്നു എന്ന്. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും സി പി എമ്മിന് പകരം വെക്കാവുന്ന പാര്‍ട്ടികള്‍ ഉണ്ടോ? പിന്നെ ഇടത് പക്ഷ സ്വഭാവം മാറി എന്ന് പറയുന്നു. അതും ശരിയാണ്. പക്ഷെ, ഇടത് പക്ഷ സ്വഭാവം പറച്ചിലില്‍ അല്ലാതെ പ്രവൃത്തിയില്‍ കാണിക്കുന്ന എത്ര ഇടത് പക്ഷക്കാരുണ്ട് നമ്മുടെ നാട്ടില്‍?.

അത് കൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ പോക്കില്‍ ദു:ഖമുണ്ടെങ്കിലും അതിനെ തകര്‍ക്കാനായി മറ്റ് പ്രതിലോമ ശക്തികളോട് കൂട്ടു കൂടുന്നവരോട് എന്തായാലും താത്പര്യമില്ല.

അങ്ങനെയുള്ളവരേക്കാള്‍ എന്ത് കൊണ്ടും നല്ലത് സി പി എം തന്നെ.

ശരിയായ ഒരു ഇടത് പക്ഷം (കമ്മ്യൂണിസം പ്രാവര്‍ത്തികമാകുക എന്ന സ്വപ്നം പോലെ) വരികയാണെങ്കില്‍ അതിനൊപ്പം നില്‍ക്കാം. അത് വരെ സി പി എം തന്നെ നല്ലത്.

Anonymous said...

ചിലര്‍ അങ്ങനെയാ, എത്ര ചവിട്ടു കിട്ടിയാലും കെട്ടിപ്പിടിച്ചോണ്ടെയിരിക്കും, നഷ്ട്പ്പെടാനും മൂടി വെക്കനും ഒരുപാടുണ്ടേ...

paarppidam said...

കേരളത്തിലെ മുൻ നിര പ്രസിദ്ധീകരണങ്ങളും ചാനലുകളും പത്രങ്ങളും എല്ലാം അവരവരുടേതായ രാഷ്ടീയ,സാമുദായിക ചായ്‌വിന്റെ അടിസ്ഥാനത്തിൽ തന്നെ ആണ്‌ പുറത്തിറങ്ങുന്നത്‌.ഇവർക്കെല്ലാം പൊതുവായി ഒരെ ഒരു അജണ്ടയാണുതെന്ന് വിശ്വസിക്കുക പ്രയാസം.

അനോണിസുഹൃത്തെ എല്ലാ പത്രങ്ങളും വായിക്കുവാനോ അല്ലെങ്കിൽ ചാനൽ ന്യൂസുകൾ കാണുവാനോ സാമന്യനിലക്ക്‌ എനിക്കാകില്ല.സന്തോഷിന്റെ കാര്യം ശ്രദ്ധയിൽ പെട്ടില്ല എന്ന് പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ അറിയുന്ന താങ്കൾ ചെയ്യേണ്ടിയിരുന്നത്‌ അവിടത്തെ നിജസ്ഥിതി ഇവിടെ പ്രസിദ്ധീകരിക്കുകയായിരുന്നു.അതു കണ്ടില്ല.

ഏതെങ്കിലും പ്രസ്ഥാനത്തിന്റെ അന്ധമായ ആരാധനയല്ല എന്നെ നയിക്കുന്നത്‌. അതുകൊണ്ടുതന്നെ അടിമത്ത സമാനമായ വിദേയത്ത്വത്തിന്റെ വാക്കുകൾ പ്രതീക്ഷിക്കരുത്‌,ഒരു പ്രസ്ഥാന്ത്തിന്റെ/വിഭാഗത്തിന്റെ മാത്രം പ്രതിനിധിയുടെതിൽ നിന്നും വ്യത്യസ്ഥമായ കാശ്ചപ്പാട്‌ ആയിരിക്കും എനിക്കുണ്ടാകുക.അതെന്റെ സ്വാതന്ത്രമാണ്‌.

പിന്നെ എന്റെ അറിവിനെ മാനുഫാക്ചർ ചെയ്തുതരാൻ ആളുണ്ട്‌ എന്നൊക്കെ പറയുന്നത്‌ അൽപം കടന്ന കയ്യലെ മാഷേ? മാധ്യമങ്ങൾ പലതും മറച്ചുവെക്കുന്നു അല്ലെങ്കിൽ വാർത്തകൾ ഉണ്ടാകിയെടുക്കുന്നു എന്നെല്ലാം ഉള്ള സംഗതി ഞാൻ അംഗീകരിക്കുന്നു.പക്ഷെ 100% സ്വതന്ത്രമായ ഒരു മാധ്യമം ഇലാത്തിടത്തോളം കാലം സാമാന്യബോധത്തെ ഒരു പരിധിക്കപ്പുറം ചോദ്യം ചെയ്യുന്ന വാർത്ത്കൾ അവഗണിക്കാനേ ഇന്നത്തെ വ്യവസ്ഥിതിയിൽ കഴിയൂ.

Anonymous said...

??? ഒരു ബഹുജനപ്രസ്ഥാനം എടുക്കുന്ന തീരുമാനം അതിലെ അംഗങ്ങളുടെ ഇടയിൽ മാത്രം അല്ല നടപ്പാക്കപ്പെടുന്നത്. അത് പൊതുസമൂഹത്തിൽ കൂടെയാണ് എന്ന് താങ്കൾക്ക് ഇനിയും മനസ്സിലായിട്ടില്ലെ?????

ശരിയാണ്..താങ്കള്ടെ വീട്ടില്‍,നടക്കേണ്ടുന്ന ഒരു വിവാഹം,അല്ലെങ്കില്‍ വിദ്യാഭ്യാസകാര്യം എന്തുമാകട്ടെ താങ്കള്‍ ചര്‍ച്ച ചെയ്യുന്നത് കുടുംബാഗങ്ങളുമായി ആയിരിക്കുമെന്ന് കരുതുന്നു. കൂടിയാല്‍ വീട്ടിനുപുറത്തു,അഭ്യുദയ കാംക്ഷികള്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ എന്നിവരെ ഇടപെടുവിച്ചെക്കാം.എന്നാലും താങ്കള്‍ 'പൊതു സമൂഹത്തെ' അങ്ങ് ഇടപെടുവിച്ച് കളയും എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നവരെല്ലാം മണ്ടന്‍മാരാണ് എന്ന ധാരണ മൂലമാകാം.
ഏതു പാര്‍ടിയാകട്ടെ, അവരുടെ കാര്യങ്ങളും അങ്ങനെ തന്നെ ആണ് തീരുമാനിക്കുന്നത്. അവര്‍ക്ക് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്.പതിറ്റാന്ടുകലായി സംഘടനാ തെരഞ്ഞെടുപ്പു പോലും കൊണ്ഗ്രെസ്സില്‍ നടന്നിട്ടില്ല.എല്ലാം നൂലില്‍ കെട്ടി ഇറക്കുന്നു.ഇന്നലെ മാരാര്‍ ഭവന്‍ ആക്രമിച്ചവര്‍ ഇന്ന് ബി.ജെ.പിയുടെ 'ഔദ്യോദിക'നേതാക്കളാകാം. ഇതെല്ലാം ഓരോ പാര്‍ടിയുടെയും രീതികള്‍. സി.പി.ഐ ക്ക്, സി.പി.എമ്മിന് അവര്ടെ രീതികള്‍. അതുകൊണ്ട് 'ചിലര്‍ക്ക്' മാത്രം പൊതു 'സമൂഹ' വൈക്ലബ്യം വേണമെന്നു വാശി പിടിക്കല്ലേ സാര്‍. സാറിന് രാഷ്ട്രീയമുണ്ട്. അത് പറയാന്‍ ജാള്യത ഉണ്ടാകാം.അതിനു ഇങ്ങനെ വളച്ചു കെട്ടി പറയണോ..

paarppidam said...

വീട്ടിലെ വിവാഹക്കാര്യവും പൊതു തിരഞ്ഞെടുപ്പും രണ്ടാണ്‌.പൊതുതിരഞ്ഞെടുപ്പും അടുക്കളക്കാര്യവും തമ്മിൽ ഉപമിച്ചതിലൂടെ താങ്കളുടെ എന്തെങ്കിലും പറഞ്ഞ്‌ വിമർശിക്കുക എന്ന നിലപാട്‌ വ്യക്തമായിരിക്കുന്നു.

ആണവകരാർ വിഷയത്തിൽ കോൺഗ്രസ്സ്‌ എടുത്ത തെറ്റായ നിലപാട്‌,അവരോടൊപ്പം നില്ല പാർട്ടികളുടെ നിലപാട്‌ ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്നകാര്യം താങ്കൾ ശ്രദ്ധിച്ചിരിക്കുമല്ലോ? അല്ലാതെ അത്‌ കേവലം ആ പാർട്ടിയുടെ പ്രവർത്തകരിൽ മാത്രമാണോ ബാധിക്കുക?

ഒരു പ്രസ്ഥാനം എടുക്കുന്ന തെറ്റായ നയം തീർച്ചയായുമ്പൊതുസമൂഹത്തെ ബാധിക്കും. ഒരു അഴിമതിക്കാരനെ/ ക്രിമിനലിനൽ പശ്ചാത്തലമുള്ള ആളെ/തീവ്രവാദിയെ/രാജ്യദ്രോഹിയെ തിരഞ്ഞെടുപ്പിൽ പാർട്ടിതീരുമാനം അനുസരിച്ച്‌ മൽസരിപ്പിക്കുവാൻ അവർക്ക്‌ സ്വാതന്ത്രം ഉണ്ട്‌.എന്നാൽ അയാൾ ജയിച്ചാൽ പൊതുഖജനാവിൽ നിന്നും ആണ്‌ ശംബളവും ബത്തയും ചികിത്സയും പോലീസ്‌ സംരക്ഷണവും എല്ലാം പറ്റുന്നത്‌, അല്ലാണ്ടെ പാർട്ടി ഫണ്ടിൽ നിന്നുമല്ല. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്‌.

തീർച്ചയായും രാഷ്ടീയ കാശ്ചപ്പാടുണ്ട്‌, എന്നാൽ രാഷ്ടീയ വിധേയത്വം ഇല്ല.

Anonymous said...

ന്യൂ അനോണി:

നിരീക്ഷണങ്ങൾ തികച്ചും ശരിയാണ്‌.പ്രസ്ഥനം എടുക്കുന്ന തെറ്റായ തീരുമാനം സമൂഹത്തെ ബാധിക്കും. കോൺഗ്രസ്സിന്റെ ആണവ കരാറും,സി.പി.എം ന്റെ ലാവ്‌ലിൻ കരാറും, ബി.ജെ.പി യുടെ പൊതുമേഖലാ സ്ഥാപനം വിറ്റഴിക്കൽ നയവും എല്ലാം ആ പാർട്ടികൾക്കുള്ളിൽ ഒതുങ്ങുന്നില്ല.ഇത്തരം ഇടപാടിലൂടെ കിട്ടുന്ന കോഴ അവരുടെ നേതാക്കന്മാരിൽ ഒതുങ്ങുന്നു എന്നത്‌ സത്യം. ലാവ്‌ലിനിൻ ഇടപാടിൽ അഴിമതിയില്ലെങ്കിൽ പിന്നെ എങ്ങിനെയാ അതിന്റെ കടലാസുകൾ കാണാതാകുന്നേ? കോടതി ഇടപെടുന്നേ?

ഇവിടെ പാർപ്പിടം ഇന്ന പ്രസ്ഥാനം എന്ന് പറഞ്ഞിട്ടില്ലല്ലോ സുഹൃത്തേ, പിന്നെന്തിനാ തലയിൽ കോഴി പൂടതപ്പുന്നേ?

സമൂഹത്തിൽ ജീവിക്കുമ്പോൾ അതിനെ ബാധിക്കുന്ന പ്രശനങ്ങളോട്‌ പ്രതികരിക്കുകതന്നെ വേണം.അല്ലെങ്കിൽ അരാഷ്ടീയ സമൂഹം സൃഷ്ടിക്കപ്പെടും.അരാഷ്ടീയസമൂഹത്തെ അടിമപ്പെടുത്തുവാൻ വളരെ എളുപ്പമാണ്‌.

Anonymous said...

പാര്‍പ്പിടം മാഷേ,താങ്കളുടെ വാദങ്ങള്‍ താങ്കള്‍ക്കു തന്നെ പാര ആകുന്നതു ശ്രദ്ധിക്കുക. പൊതു സമൂഹത്തെ കുറിച്ചു വളരെ ഉല്കണ്ടപ്പെടുന്ന താങ്കള്‍ തന്നെ പറയുന്നു.
"അയാള്‍ ജയിച്ചാൽ പൊതുഖജനാവിൽ നിന്നും ആണ്‌ ശംബളവും ബത്തയും ചികിത്സയും പോലീസ്‌ സംരക്ഷണവും എല്ലാം പറ്റുന്നത്‌,അല്ലാണ്ടെ പാർട്ടി ഫണ്ടിൽ നിന്നുമല്ല. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്‌. "

മാഷേ ഇവിടെ 'പൊതു സമൂഹമാണ്' അയാളെ ജയിപ്പിക്കുന്നത്,പാര്‍ടി അല്ല.അതായത്,പൊതു സമൂഹത്തിന്‍റെ പേരില്‍ മുതലകണ്ണീര്‍ ഒഴുക്കിയ താങ്കള്‍,അടുത്ത ശ്വാസത്തില്‍ ജയിപ്പിച്ച പൊതു സമൂഹത്തെ തള്ളി പറയുന്നു.ഇതിനു കാരണം, മാഷിന്‍റെ വ്യക്തിനിഷ്ഠ നിലപാടുകള്‍,പൊതു സമൂഹത്തില്‍ വെച്ചുകെട്ടുകയും,അത് പിന്നെ ജനറലയ്സ് ചെയ്യുകയും ആവുമ്പോള്‍ സംഭവിക്കുന്നതാണ്. ഉദാഹരണം പറയാം.കേരള ഹൈക്കോടതി,ഒരു ജഡ്ജ്,കേരളത്തില്‍ ക്രമ സമാധാനം തകര്‍ന്നു എന്ന് ആക്ഷേപിച്ചു.. അത് കേട്ട പാടെ താങ്കള്‍ക്കു 'പൊതു സമൂഹം'എല്ലാം ജഡ്ജി പറയുന്നത് ശരിയാണ് എന്ന് വിശ്വസിക്കണം എന്ന് ആഗ്രഹിക്കാം.അത് തെറ്റാണെന്ന്,വിധി സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു എന്നുവച്ച് കോടതി അതിന്‍റെ പ്രവര്‍ത്തനസമയം ദീര്ഘിപ്പിക്കുന്നില്ലല്ലോ. ഈ സുപ്രിംകോടതി വിധി തെരഞ്ഞെടുപ്പിന് ശേഷ മായിരുന്നു എങ്കില്‍ പൊതു സമൂഹത്തിലെ ചിലര്‍ ഹൈക്കൊടതിയാല്‍ അഭിപ്രായ രൂപീകരണം നടത്തപ്പെടാമായിരുന്നു.ഞാന്‍ പറഞ്ഞു വരുന്നത് താങ്കളുടെ 'ശരികള്‍' മാത്രമാണ് ശരി എന്നും,അത് പൊതുസമൂഹത്തിന്‍റെതായിരിക്കണമെന്നും ആഗ്രഹിക്കാം,അതിനു വാശി പിടിക്കരുത് .(ഹൈക്കോടതിയുടെ ശരി അല്ല,ശരിയെന്നു സുപ്രീം കോടതി പറഞ്ഞല്ലോ,ഈ കാര്യത്തില്‍)

so, താങ്കളുടെ രാഷ്ട്രീയം 'പൊതു'വില്‍ അടിച്ചെല്‍പ്പിക്കണ്ടാ. എന്നാല്‍ താങ്കള്‍ക്കു താങ്കളുടെ രാഷ്ട്രീയമുണ്ടാകാം,അത് താങ്കളുടെ സ്വാതന്ത്ര്യം. പക്ഷെ അത് എന്തിനാ എപ്പോഴും 'പൊതു'വില്‍ കെട്ടി ഏല്‍പ്പിക്കുന്നത്.
(അങ്ങനെ ചില മാഫ്യങ്ങള്‍ തങ്ങള്ടെ ആഗ്രഹം, വ്യാമോഹം'പൊതു' ജനത്തില്‍ കെട്ടിവച്ചതാണല്ലോ, കഴിഞ്ഞ തെരഞ്ഞെടുപ്പിള്‍, എന്‍.ഡി.എ ജയിക്കുമെന്ന് 'പൊതുവായി' ചാനലുകള്‍ പ്രവ്ചിച്ച്ചത്, കേരളത്തില്‍ എല്‍.ഡി.എഫ്.4,എന്നും, u.ഡി.എഫ്. 14 എന്നുമായിറുന്നല്ലോ,'പൊതു' പ്രവചനം, 2004 ഇലക്ഷനില്‍)

paarppidam said...

ഒരു അഴിമതിക്കാരനോ/ മതതീവ്രവാദിയോ തിരഞ്ഞെടുക്കപ്പെടുമ്പോൾ അതു പൊതുജനത്തെ കൂടുതൽ ദോഷകരമായി ബാധിക്കും എന്നാണ്‌ താങ്കളുടെ മുൻ വാദങ്ങൾക്ക്‌ മറുപടിയായി ഞാൻ പറഞ്ഞത്‌.അയാൾ ജയിച്ചാൽ പൊഹ്റ്റുഖജനാവിൽ.... തുകൊണ്ട്‌ ഇവിടെ ഞാൻ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്‌ എന്നാണ്‌ പറഞ്ഞത്‌. പൊതുസമൂഹം തങ്ങാൾ തിരഞ്ഞെടുക്കുന്നവരെ കുറിച്ച്‌ വ്യക്തമായി വിലയിരുത്തി ജാതിമത പരിഗണനക്കതീതമായി തിരഞ്ഞെടുക്കണം എന്നാണ്‌ ഞാൻ പറഞ്ഞുവച്ചത്‌.

എന്റെ അഭിപ്രായങ്ങൾ ഞാൻ പൊതുസമൂഹത്തിന്റേതാക്കാൻ ശ്രമിച്ചിട്ടില്ല.മനസ്സിലാകില്ല എന്ന് ശാദ്യം പിടിക്കരുത്‌.

കൊടതി വിഷയം അതിൽ നിരവധി സങ്കീർണ്ണതകൾ ഉണ്ട്‌ അതുകൊണ്ട്‌ അതിവിടെ തൽക്കാലം ഞാൻ ചർച്ച ചെയ്യുന്നില്ല.

Anonymous said...

തീർച്ചയായും താഴെതട്ടിലുള്ള പ്രവർത്തകർ പരസ്പരം തലതല്ലിപ്പൊളിക്കുന്നത്‌ ഇന്നലെയും കണ്ടു.എന്തിനുവേണ്ടി? ജയിച്ചാൽ പിന്നെ മണ്ടലം കാണാൻ വരാത്തവർക്കുവേണ്ടിയും എന്തുനു സ്വന്തം ജീവൻ പാഴാക്കണം. താങ്കൾ പറഞ്ഞപോലെ അവിശുദ്ധ കൂട്ടുകെട്ടുകൾ നടത്തി അധികാരത്തിൽ വരുന്നവർ ഇവരെ തിരിഞ്ഞുനോക്കില്ല.

മരിചാൽ റീത്തുവെച്ച്‌ അനുശോചനയോഗം നടത്തും.ചിലപാർട്ടിക്കാർ പിരിവെടുത്ത്‌ ചെറിയ തുക അവന്റെ വീട്ടിലേക്കും വലിയ തുക തന്റെ വീട്ടിലേക്കും എത്തിക്കും. എത്രകണ്ടാലും കൊണ്ടാലും ജനം പഠിക്കില്ല...

Rajeeve Chelanat said...

പാര്‍പ്പിടം,

കാണാന്‍ വൈകി. ലേഖനത്തില്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആശങ്കകള്‍ പങ്കുവെക്കുന്നു. എങ്കിലും, പ്രസ്ഥാനവും, അമരക്കാരനും ഒറ്റക്കൊറ്റക്ക് നില്‍ക്കുന്ന entities അല്ല. ഒരു വ്യവസ്ഥിതിയുടെ ഭാഗമായി വരുന്നവയാണ്. ആ വ്യവസ്ഥിതിയാകട്ടെ, അധികാരം എന്നതുമായി വ്യക്തവും ദൃഢവുമായ ബന്ധമുള്ളതുമാകുന്നു.”അധികാരത്തിനായും, താല്‍ക്കാലിക വിജയങ്ങള്‍ക്കുവേണ്ടിയും..” എന്ന വാചകത്തിലെ ‘അധികാര‘മല്ല ഉദ്ദേശിച്ചത്. രാഷ്ട്രീയമായ മേധാവിത്വം എന്ന രീതിയിലാണ് അതിനെ കാണേണ്ടത്.

ഇടതുപാര്‍ട്ടികളിലെ ചില വിഭാഗങ്ങള്‍ മതസമുദായങ്ങളോടു പുലര്‍ത്തുന്ന (ഇ.എം.എസ്.സ്റ്റൈലില്‍ പറഞ്ഞാല്‍, ‘അടവുപരമായ’ എന്ന് അവര്‍ വിളിക്കുന്നതും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘അടവുപര’മല്ലാത്ത, (പ്രത്യയശാസ്ത്രപരമായ) നിലപാടുകള്‍ പ്രസ്ഥാനത്തിനു ദോഷം ചെയ്യുമെന്ന് തീര്‍ച്ചയാണെങ്കിലും, ഇടതു കക്ഷികളില്‍ മാത്രമാണ്, ജനാധിപത്യ ബോധമുള്ള ഒരാള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാനാവുക. ആ ഒരു സൂചന ലേഖനത്തില്‍ കാണാന്‍ കഴിയാത്തത് മനപ്പൂര്‍വ്വമല്ലെന്നു കരുതട്ടെ.

“ന്യൂനപക്ഷവർഗ്ഗീയത അപകടകരമല്ലെന്ന രീതിയില്‍...” എന്ന പ്രയോഗത്തിലും ഒരു പാളിച്ച തോന്നി. വര്‍ഗ്ഗീയത, അത് ന്യൂനപക്ഷത്തിന്റെയായാലും ഭൂരിപക്ഷത്തിന്റെയായാലും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എങ്കിലും, ഭൂരിപക്ഷവര്‍ഗ്ഗീയത കൂടുതല്‍ ഭീഷണമായ ഒന്നാണ് എന്ന് കാണാതിരിക്കുകയുമരുത്.

താങ്കളുടെ മറ്റൊരു പോസ്റ്റില്‍ (വോട്ടു ചെയ്യുന്നതിനുമുന്‍പ്)ശശി തരൂരിനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം, അസംബന്ധത്തിനോടടുത്ത് നില്‍ക്കുന്ന ഒന്നാണെന്നും അഭിപ്രായമുണ്ട്. താങ്കളില്‍നിന്ന് പ്രതീക്ഷിച്ചതല്ല അത്.

വോട്ടുതേടി അരമനകളിലും കൊട്ടാരങ്ങളിലും പോകുന്നവരില്‍നിന്ന് ഒട്ടും ഭേദമല്ല, വോട്ടും അനുഗ്രഹവും തേടി നാരായണപ്പണിക്കരുടെയും-വെള്ളാപ്പള്ളികളുടെയും തിണ്ണനിരങ്ങുന്നവരും.

അഭിവാദ്യങ്ങളോടെ

paarppidam said...

രാജീവേട്ടോ
ജീവൻ വെടിഞ്ഞും,പട്ടിണികിടന്നു,ക്രൂരമായ മർദ്ദനങ്ങൾ ഏറ്റും ഒരു ജനത പടുത്തുയർത്തിയ ഇടതുപ്രസ്ഥാനങ്ങൾ വളരേണ്ടതും സമൂഹത്തിൽ വേരൂന്നേണ്ടതും വളഞ്ഞവഴിയിലൂടെയും, വെറുക്കപ്പെടേണ്ടവർക്കൊപ്പം സഹകരിച്ചും ആകരുതെന്ന് വിശ്വസിക്കുന്നവൻ ആണ്‌ ഞാൻ.പ്രസ്ഥാനങ്ങൾ വളർന്നത്‌ ഇതുവരെ ഇത്തരം കൂട്ടുകെട്ടുകളിലൂടെ അല്ല. ഇത്തരം കൂട്ടുകെട്ടുകൾ സമ്മാനിക്കുക താൽക്കാലികമായ വിജയങ്ങളും തുടർന്ന് സ്ഥിരമായ അപചയവും ആയിർക്കും..

ഇടതുപ്രസ്ഥാനങ്ങളുടെ അപചയത്തിൽ എന്തുകൊണ്ട്‌ കൂടുതൽ ആളുകൾ വ്യാകുലരാകുന്നു എന്നത്‌ താങ്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്‌.ഇടതിൽ സാധാരണക്കാർ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നു.ജാതിമത വ്യത്യാസം ഇല്ലാതെ മനുഷ്യരെ ഒന്നായി കാണുവാൻ ആണ്‌ പഴയകാല നേതാക്കന്മാർ അണികളെ പഠിപ്പിച്ചത്‌.അതവർ പാലിച്ചുപോരുന്നു. എന്നാൽ ഇന്നത്തെ പഞ്ചനക്ഷത്ര നേതാക്കന്മാർ ഇതിനെ തുരങ്കം വെക്കുന്ന ദയനീയകാശ്ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.

ഞാനൊരിക്കലും മനപ്പൂർവ്വം ഇടതുപ്രസ്ഥാനങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ അല്ല എഴുതാറുള്ളത്‌.ഇടതുപ്രസ്ഥാനങ്ങൾക്ക്‌ ഉണ്ടാകുന്ന അപചയം പൊതുസമൂഹത്തെ മറ്റുള്ള പ്രസ്ഥാനങ്ങൾക്കുണ്ടാകുന്ന അപചയത്തെക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കും.ഇടതുപ്രസ്ഥാനങ്ങൾ എന്നും സമൂഹത്തിൽ ഒരു തിരുത്തൽ ശക്തിയായി നിലനിൽക്കേണ്ടതുണ്ട്‌.(ഇടതെന്നാൽ കേവലം സി.പി.എം ആണെന്ന് താങ്കൾ ധരിക്കില്ല എന്ന് അറിയാം.എങ്കിലും അങ്ങിനെ ധരിക്കുന്നവരോട്‌ ഇടതെന്നാൽ സി.പി.എം മാത്രമല്ലെന്ന് പറഞ്ഞുകൊള്ളുന്നു)

ന്യൂനപക്ഷവർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കെപ്പെടേണ്ടതാണ്‌.സംഘടിതമാണെന്ന് കരുതി ഏതുവിഭാകമായാലും ആ ശക്തിയെ സമുദായത്തിനു പ്രത്യെകിച്ചും നേതാക്കന്മാർക്ക്‌ അനാവശ്യ വിലപേശലുകൾക്കായി ഉപയോഗിക്കുന്നത്‌ ശരിയല്ല.കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗീയത മറ്റു വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോൾ തീരെ ചെറുതാനെന്ന് പറയാതെ വയ്യ.എന്നാൽ അതിന്റെ വളർച്ചക്ക്‌ കാരണമാക്കുന്ന നടപടികൾ "അടവുനയങ്ങൾ"മൂലം ഉണ്ടാകുന്നു എന്നതാണ്‌ യാദാർത്ഥ്യം.

തരൂരിന്റെ കാര്യത്തിൽ താങ്കൾ മാത്രമല്ല മറ്റുപലരും എനിക്ക്‌ നിരവധി ലേഖനങ്ങളും മറ്റും അയച്ചുതരികയുണ്ടായി....തീർച്ചയായും അതിൽ എനിക്ക്‌ പാളിച്ചപറ്റി എന്ന് തോന്നുന്നു.അദ്ദേഹത്തിന്റെ ലോകപരിചയം ഐക്യരാഷ്ട്രസഭയിലെ പ്രവർത്തനത്തിന്റെ മികവ്‌ ഇതെല്ലാം എന്നെ ആകർഷിച്ചിരുന്നു.പിന്നീടാണ്‌ പലകാര്യങ്ങളും ശ്രദ്ദയിൽപെട്ടത്‌.അതുകൊണ്ട്‌ ആ പേരു ഇവിടെ നിന്നും നീക്കുന്നു.

വോട്ടുതേടി "കൊട്ടാരം" എന്നത്‌ സാമുദായിക പ്രമാണിമാരുടെ എന്നരീതിയിൽ ആണ്‌ പറഞ്ഞത്‌,അതിൽ ഇന്ന സമുദായം എന്നില്ല.

Rajeeve Chelanat said...

“ഞാനൊരിക്കലും മനപ്പൂർവ്വം ഇടതുപ്രസ്ഥാനങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ അല്ല എഴുതാറുള്ളത്‌“
താങ്കളുടെ ഉദ്ദേശശുദ്ധിയില്‍ തരിമ്പുപോലും സംശയമില്ല. മാത്രവുമല്ല, ലേഖനത്തില്‍ ഉയര്‍ത്തിയ ആശങ്ക ഞാനും പങ്കുവെക്കുന്നുണ്ട്. അത് എല്‍.ഡി.എഫ്.ക്യാമ്പയിന്‍ പോസ്റ്റില്‍ ഉയര്‍ത്തിയിട്ടുമുണ്ട്. ചില കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വേണ്ടതായി തോന്നി എന്നു സൂചിപ്പിച്ചുവെന്നേയുള്ളു.

അഭിവാദ്യങ്ങളോടെ

Rajesh T.C said...

നന്നായിട്ടുണ്ട്,നീ എഴുതിയപ്പേഴാണ് ഈ വിഷയത്തിന് കൂടുതൽ വ്യക്തത വന്നത്.തളിക്കുളത്തെ വിമതന്മാർക്കിടയിൽ ചെറിയ ആശയക്കുഴപ്പമുണ്ടായി എന്നുള്ളത് നേരാണ്,പാർട്ടി വിട്ടവരെ ഏതുവിധേനയും തകർക്കുക എന്നത് പാർട്ടിയുടെ നയമാണല്ലോ.സ്ഥലത്തില്ലാത്ത് ആളുകളുടെ പേരിൽ നോട്ടീസ് അടിച്ച് വിതരണം ചെയ്യുക,നുണപ്രചരണം നടത്തുക തുടങ്ങിയ പ്രവർത്തികളിലൂടെ വിമതന്മാർക്കിടയിൽ ഒരു പിളർപ്പുണ്ടാക്കാൻ cpm കഴിഞ്ഞ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.നേട്ടിസിന് മറുപടി പഞ്ചായത്ത് പ്രസിഡന്റ് തന്നെ മറുപടി കൊടുത്തിട്ടുണ്ട്.അതുകൊണ്ട് തളിക്കുളത്ത് വിമന്മാർ പിള്ര്ന്നു എന്നുള്ളവാർത്ത ശരിയല്ല.

paarppidam said...

തളിക്കുളത്ത്‌ വിമതന്മാർ പിളർന്നു എന്ന് ചിലയിടങ്ങളിൽ നിന്നും കേൾക്കുവാൻ തുടങ്ങിയിട്ട്‌ നാളേറെയായി.എന്തായാലും ഒരു തളിക്കുളത്തുകാരനും ഇടതുപക്ഷ അനുഭാവിയുമായ ജൂജൂസ്‌ തന്നെ ഇതിൽ മറുപടി നൽകിയത്‌ അനോണി കണാതിരിക്കില്ല എന്ന് കരുതുന്നു.

വയനാട്ടിൽ പഞ്ചായത്തു മെമ്പറെ കാണാതായതും അതു തട്ടിക്കൊണ്ടുപോയതാണെന്ന് കോടതിൽ പറഞ്ഞതും ഒക്കെ നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന വിഷയങ്ങൾ ആണെന്നത്‌ വിശ്വസിക്കുക പ്രയാസം. ഇതെന്താ ബീഹാറോ മറ്റോ ആയിക്കൊണ്ടിരിക്കുകയാണോ? ഒരു പഞ്ചായത്തിലെ സ്ഥിതി ഇതാണെങ്കിൽ ഇക്കണക്കിനു അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഭൂത്തുപിടുത്തം തടയുവാനും മറ്റും കൂടുതൽ സേനയെ വിനിയോഗിക്കേണ്ടിവരുമല്ലോ? അതുകഴിഞ്ഞാൽ മെമ്പർമ്മാക്ക്‌ പ്രത്യേക ബ്ലാക്ക്‌ ക്യാറ്റ്‌ സംരക്ഷണം ഏർപ്പെടുത്തേണ്ടിവരുമോ?

Anonymous said...

വളരെ നന്നായി കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നു.താങ്കളുടെ നിരീക്ഷണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്നു ഈ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ. പാർട്ടിപണക്കാർക്കൊപ്പം നിൽക്കുന്നു എന്നതോന്നൽ ആണ്‌ സാധാരണക്കാരും നിഷ്പക്ഷമതികളുമായ ആളുകൾ മറിച്ച്‌ വോട്ടുചെയ്യുവാൻ ഇടയായത്‌. അതാകട്ടെ വലിയ ഒരു പരാജയത്തിലേക്ക്‌ അവരെ കൊണ്ടെത്തിക്കുകയും ചെയ്തു. ദാർഷ്ട്യം നിറഞ്ഞ നേതൃത്വത്തെ നേർവഴിക്കുനടത്തുവാൻ കേന്ദ്ര നേതൃത്വത്തിനും കഴിയൂം എന്ന് തോന്നുന്നില്ല.അവശേഷിക്കുന്ന വി.എസ്സ്‌ പക്ഷക്കാരെയോ അല്ലെങ്കിൽ വി.എസ്സിനേ തന്നെയോ പുറത്താക്കിയാകും അവർ ഈ പരാജയത്തിൽ നിന്നും സ്വയം രക്ഷപ്പെടുക. കാത്തിരുന്ന് കാണാം.

paarppidam said...

മദനി-നസീർ - തുടങ്ങിയവരെ പറ്റി പുതുതായി വരുന്ന വാർത്തകളും സി.പി.എം പോളിറ്റ് ബ്യൂറോ നേതാവിന്റെ പ്രസ്ഥാവനയും അറിയുന്നു എങ്കിൽ മുമ്പ് ഇവിടെ വന്ന് എന്നെ കൊഞ്ജനം കുത്തിയ അനോണികളോടും മറ്റും ഈ പോസ്റ്റ് ഒരിക്കൽ കൂടെ വായിക്കുവാൻ അഭ്യർഥിക്കുന്നു.