Thursday, December 25, 2008

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ......

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ലോകത്ത്‌ പുതിയ ഒരു ദർശനത്തിനു ജന്മം നൽകിയ പുണ്യപുരുഷൻ ഒരു പുൽക്കൂട്ടിൽ പിറവിയെടുത്തു.ആ പുണ്യദിനം സമാധാനകാംഷികളായവർ ലോകമെന്നും സന്തോഷത്തോടെ ക്രിസ്തുമസ്സായി കൊണ്ടാടുന്നു. അദ്ദേഹം നിയോഗിക്കപ്പെട്ടത്‌ സ്നേഹവും സഹനവും ലാളിത്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കുവാൻ ആയിരുന്നു.തന്റെ അനുയായികളെ അതായിരുന്നു അദ്ദേഹം ഉപദേശിചതും, അസഹിഷ്ണുക്കളും അക്രമോത്സുകരുമായ ഒരു കൂട്ടത്തിനു മുമ്പിൽ ആദർശങ്ങൾക്കുവേണ്ടി തന്റെ ജീവിതം ബലിനൽകിയതും. മഹത്തയ ആ ദർശനത്തിന്റെ പ്രചാരകർ ഇന്ത്യയിലും എത്തി. ആ ദർശനങ്ങളിൽ ആകൃഷ്ടരായവർ പിന്നീട്‌ പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളുമായി. രാഷ്ടീയ ഘടന മതാതിഷ്ഠിതമായി രുന്നില്ലാതിരുന്നതിനാൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അന്നത്‌ ഒരു വ്യവസായമോ നിർബന്ധിത/പ്രലോപനങ്ങളില്ലൊടെ ഉള്ള പരിവർത്തനമോ ആയിരുന്നില്ല.അതിനാൽ തന്നെ സംഘർഷങ്ങളും കുറവയിരുന്നു.ഇന്നതിന്റെ രൂപവും ഭാവവും മാറിയതോടെ നിർഭാഗ്യവശാൽ മതം ഒരു വ്യവസായ-രാഷ്ടീയ വിപണനചരക്കായി അധ:പതിചതോടെ സംഘർഷങ്ങൾ ഉടലെടുത്തു, തലപര കക്ഷികൾ സംഘർഷങ്ങൾ വർഗ്ഗീയതയായി മാറ്റി.ഒറീസ്സകൾ ഉണ്ടായി.

സമാധാനത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ മാനവമോചനത്തിനായി ത്യാഗം അനുഷ്ഠിച ഒരു മഹാത്മാവിന്റെ ജന്മദിനത്തെ ഹർത്താലിലൂടേ തടയുവാനും ക്രിസ്തുമസ്സ്‌ ആഘോഷങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട്‌ അവഹേളിക്കുവാനും ശ്രമിക്കുന്നവർ സ്വയം അവഹേളിതരാകുക മാത്രമല്ല രാജ്യത്തിനു തന്നെ അപമാനവുമാണ്‌.ഒറീസ്സയിൽ എന്തായാലും ക്രിസ്തുമസ്സ്‌ ദിനത്തിൽ ബന്ധ്‌/ഹർത്താൽ നടത്തുവാൻ ഉള്ള തീരുമാനത്തിൽ നിന്നും സംഘടനകൾ പിൻവാങ്ങി എന്നവാർത്തകൾ ആശ്വാസം നൽകുന്നു. പരിവാർ ആയാലും പരിവാർ സഹയാത്രികരായാലും ഓർക്കേണ്ട ഒന്നുണ്ട്‌ ഇതൊരു ജനാധിപത്യ രാജ്യമാണ്‌.രാഷ്ട്രീയ ലാഭങ്ങൾക്കായി നടത്തുന്ന വൃത്തികെട്ട പ്രീണനങ്ങൾക്കപ്പുറം ചിന്തിക്കുവാൻ കഴിയുന്നവർ കൂടെ സമത്വത്തോടേയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശിലായുഗനിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും.ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ഗണപതി ആഘോഷവും,കുംഭമേളയും തുടങ്ങി കേരളത്തിലെ ഉത്സവാഘോഷങ്ങൾ വരെ അരെങ്കിലും തടസ്സപ്പെടുത്തുവാൻ തുനിഞ്ഞാൽ എങ്ങനെ ഇരിക്കും ഒന്ന് ഓർക്കുന്നത്‌ നന്നായിരിക്കും.( ഉദാ:കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് മൃഗസ്നേഹത്തിന്റെ പേരിലും,വെടിക്കെട്ട്‌ അപകടത്തിന്റെ പേരിലും,ബോധപൂർവ്വം ഉണ്ടാക്കുന്ന സംഘർഷങ്ങളിലൂടെയും ദീർഘവീക്ഷണത്തോടെ അട്ടിമറിക്കുവാൻ(?) ഉള്ള ശ്രമങ്ങൾ ..)

ക്രിസ്തുമസ്സിനു മാറ്റു നൽകുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂടും നക്ഷത്ര ദീപാലങ്കാരങ്ങളും. ചിലർ ഇതിനെതിരെ വൈദ്യുതി ദൂർത്തെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നു.തീർച്ചയായും വൈദ്യുതി വിലപ്പെട്ടതാണ് എങ്കിലും വർഷത്തിൽ ഒന്നോരണ്ടോ ദിവസം ഇത്തരം ആഘോഷത്തിനായി ചിലവിടുന്ന വൈദ്യുതിയെകുറിച്ച് ആകുലരാകുന്നവർ പകൽ മുഴുവൻ കത്തിനിൽക്കുന്ന പൊതുലൈറ്റുകളെ കുറിച്ചും,ആഡംബര ജീവിതം നയിക്കുന്നവരു എ.സിപോലുള്ള ആഭാഡങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനെയും, കെട്ടിടനിർമ്മാണവേളയിൽ ഉപയോഗിക്കുവാനായും മറ്റും മോഷ്ടിക്കുന്ന വൈദ്യുതിയെകുറിച്ചും നിശ്ശബ്ദമാകുന്നത് മറക്കാതിരിക്കുക.

തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച്‌ വാചാലരാകുന്നവരുടേയും നടുവിൽ നിന്ന് ആഘോഷിക്കുന്ന ക്രിസ്തുമസ്സിനു പുറം മാറ്റുകുറയും എങ്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റു സമാനചിന്താഗതിക്കാരും ഈ ക്രിസ്തുമസ്സും ആഘോഷപൂർവ്വം സന്തോഷത്തോടെ കൊണ്ടാട്ടെ എന്ന് ആശംസിക്കുന്നു.

ഓർക്കുക ആഘോഷങ്ങളെയും ആചാരങ്ങളെയും തടസ്സപ്പെടുത്താതിരിക്കുക പറ്റുമെങ്കിൽ അതിൽ പങ്കാളികളാകുക എന്നതാണ്‌ ഒരു പരിഷ്കൃതസമൂഹത്തെ തയുയർത്തിപ്പിടിച്‌ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്തമാക്കുന്നത്‌.

എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.

Monday, December 22, 2008

ആനചിത്രങ്ങൾ-അനന്ദപത്മനാഭൻ

ആ നിലവു കണ്ടോ......
അനന്ദപത്മനാഭൻ എന്നാണത്രെ ഇവന്റെ പേർ... ഇവനാണിത്തവണ വിഷ്ണുവും,പാർഥനും,വിനായകനും ഒക്കെ ഉള്ളിടത്തേക്ക് മത്സരത്തിനിറങ്ങുന്നതന്ന് കേൾക്കുന്നു.....

ശ്യോ ആ പെണ്ണ് നോക്യേപ്പൊ ഇക്ക് നാണായി....
കടപ്പാട്: പടം എടുത്തവർക്കും അയച്ചുതന്നെ ജെ.പി (ജീവിച്ചുപൊക്കോട്ടെ) എന്ന സുഹൃത്തിനും...

Sunday, December 21, 2008

ഉത്സവങ്ങളുടെ നാളൂകൾ..

കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക്‌ ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച്‌ ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്‌.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും,ഭൂമിയിലെ ദേവസംഗമമെന്നറിയപ്പെടുന്ന ആറാട്ടുപുഴിലെ ഉത്സവവും,ഉത്രാളി,ചിറവരമ്പത്തുകാവ്‌,പെരിങ്ങോട്ടുകര,ആയിരംകണ്ണി തുടങ്ങി എല്ലാം അവർക്ക്‌ ആവേശം പകരുന്നു. മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച്‌ തൃശ്ശൂർ പൂരത്തിനു ചടങ്ങുകൾ കൂടുതൽ ആണ്‌ ഇതുതന്നെ ആണതിന്റെ കൊഴുപ്പുകൂട്ടുന്നതും.ചെറുപൂരങ്ങളുടെ വരവോടെ ആരംഭിച്ച്‌ മഠത്തിൽ വരവും,ഇലഞ്ഞിത്തറയിൽ നാദവിസ്മയത്തിന്റെ കാലങ്ങൾ കൊട്ടിത്തീർത്തുള്ള തെക്കോട്ടിറക്കവും,കുടമാറ്റവും,രാത്രിയിലെ വെടിക്കെട്ടും,ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം ചേരുമ്പോൾ കാണീളുടെ മനസ്സു നിറയുന്നു. ആറാട്ടുപുഴയിൽ പ്രധാനം തൃപ്രയാർ തേവരുടെ എഴുന്നള്ളത്തിൽ ആരംഭിച്ച്‌ വിവിധ ഭഗവതിമാരും മറ്റു ദേവന്മാരും ആറാട്ടുപുഴ പാടത്ത്‌ ഒത്തുചേരുന്നതും കൂട്ടി എഴുന്നള്ളിപ്പും ആണ്‌.അവിടേയും ഉപചാരം ചൊല്ലലും അടുത്തവർഷത്തെ കൂടിക്കാഴ്ചക്കായ്‌ ക്ഷണിക്കലും ഒക്കെ ഉണ്ട്‌.

മേളപ്രമാണിമാർ അംഗീകരിക്കില്ലെങ്കിലും ഇന്ന് ഉത്സവങ്ങളെ സജീവമാക്കുന്ന ഒരു മേളമാണ് ശിങ്കാരിമേളം.രൌദ്രതാളത്തിന്റെ അലകടൽ തീർക്കുന്ന കാണീകളെ ആവേശത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഇതിനു മറ്റു മേളങ്ങളെ പോലെ പ്രത്യേക നിയമങ്ങളോ ചിട്ടകളോ ഇല്ലെന്ന് പറയാം.എങ്കിലും ഇലത്താളവും ചെണ്ടയും കൊണ്ട് ഈ കലാകാരന്മാർ തീർക്കുന്ന ശബ്ദവിസ്മയം ലഹരിയായി പടരുമ്പോൾ കാണികൾ ആവേശംകൊണ്ട് നൃത്തംവെക്കുകയും കൈകൾ ഉയർത്തി താളം പിടിക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട് പ്രധാനക്ഷേത്രത്തിൽ എത്തുന്ന ഉത്സവങ്ങളിൽ കൊഴുപ്പുകൂട്ടുവാൻ ഇത് ഒരു പ്രധാനഘടകമായി മാറുന്നു.ദേവനൃത്തവും,കരകാട്ടവും,കാവടിയും എല്ലാം ഇതിന്റെ അനുബന്ധമായി മാറുന്ന കാഴ്ചയാണിന്നുള്ളത്.

തൃശ്ശൂർ ആറാട്ടുപുഴ തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളെ ഒഴിവാക്കിയാൽ മറ്റു പല ക്ഷേത്രങ്ങളിലും പ്രധാനം ആനകളുടെ തലയെടുപ്പിനാണ്‌.ഭൂരിഭാഗവും ആനയുടെ നിലവും തലയെടുപ്പും മാനദണ്ഡമാക്കുംമ്പോൾ ചിലർ ഉയരം ആണ്‌ നോക്കുന്നത്‌.തോളുയരം കുറവും തലയുയരം കൂടുതലും ഉള്ള ധാരാളം ആനകൾ ഉള്ളതിനാൽ പലപ്പോഴും തലയെടുപ്പുള്ളവർക്ക്‌ മുൻഗണന ലഭ്യമാകാതെ പോകുന്നതും തർക്കങ്ങൾക്ക്‌ ഇടയാകാറുണ്ട്‌. തലയെടുപ്പിൽ ഇന്നു കേരളത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്നത്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന ഗജവീരൻ ആണ്‌.ഉഗ്രപതാപത്തോടെ തലയെടുത്തുപിടിച്ചുള്ള അവന്റെ നിലവിനു മുമ്പിൽ മറ്റുപലരും നിഷ്പ്രഭരാകുന്ന കാഴ്ചയാണിന്ന് ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്നത്‌. ഗുരുവായൂർപ്പത്മനാഭൻ, അഴകിലും ലക്ഷണങ്ങളിലും മുമ്പനായ തിരുവമ്പാടിയുടെ ശിവസുന്ദർ,മന്ദലാംകുന്ന് കർണ്ണൻ,മന്ദലാം കുന്ന് അയ്യപ്പൻ,ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ തുടങ്ങി ലക്ഷണമൊത്ത മുൻ നിരയും തൊട്ടുപിന്നാലെ ചെർപ്ലശ്ശേരി പാർത്ഥനും,ചുള്ളിപ്പറമ്പിൽ വിഷ്ണു,ചിറക്കൽ മധുവേട്ടന്റെ ആനകളൂം ,ഈരാറ്റുപേട്ട അയ്യപ്പൻ,കോഴിപ്പറമ്പിൽ അയ്യപ്പൻ, ജയറാം കണ്ണൻ തുടങ്ങി സജീവമാക്കുന്ന യുവ/രണ്ടാം നിരയും കൊണ്ട്‌ ഉത്സവപ്പറമ്പുകൾ സജീവമാകുന്നു.പേരെടുത്തുപറയാൻ ഇനിയും ഉണ്ട്‌ ഇതിൽ.

ഈ വർഷം പൂരങ്ങളെ സജീവമാക്കുവാൻ തലയെടുപ്പോടെ ഒരു പുതുമുഖം കൂടെ എത്തുന്നു എന്നവാർത്തകൾ ഉണ്ട്‌.കൊല്ലം അനന്തപ്ത്മനാഭൻ. ഇതിനോടകം പലയിടങ്ങളിലും മുൻവർഷത്തെപോലെ ചില ആനകൾ ഇടഞ്ഞ്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ആനപ്രേമികൾ ആവേശത്തിലാണ്‌.ചുള്ളിപ്പറമ്പിൽ വിഷ്ണുവാണോ പാർത്ഥനാണോ പൂതൃക്കോവിൽ വിനായകനാണോ അതോ പുതുമുഖം അനന്തപ്തമനാഭനാണോ ഇത്തവണ യുവനിരയിലെ ഒന്നാമൻ ആകുക എന്ന് ഇപ്പോളേ അവർ ചർചചെയ്തുതുടങ്ങിയിരിക്കുന്നു. മേളങ്ങളുടേയും ആരവങ്ങളുടേയും ഉത്സവപ്പറമ്പുകളിലേക്ക് പോകുവാൻ അതിൽ സ്വയം ലയിക്കുവാൻ കൊതിയാകുന്നു.

*ഒരുപക്ഷെ കണ്ടമ്പുള്ളി ബാലനaഅരായണൻ(എഴുത്തശ്ശൻ ശങ്കരനാരായണൻ എന്നു അവസാനകാലത്ത്‌ അറിയപ്പെട്ടിരുന്നു)ചരിഞ്ഞതിൽ പിന്നെ ചുള്ളിപ്പറമ്പിൽ സൂര്യനാകാം ഔദ്യോഗികമായി ഉയരം കൂടുതൽ പക്ഷെ വ്യത്യാസം അറിയണേൽ സൂര്യനും തെചിക്കോട്ടുകാരും ഒന്നിചുനിൽക്കുന്ന ഉത്സവം നേരിട്ടുതന്നെ കാണണം.

Sunday, December 14, 2008

തുണിയുരിഞ്ഞുള്ള മലയാളിയഭിമാനങ്ങൾ.

സ്ത്രീകൾക്ക്‌ മാറുമറക്കുവാൻ അനുമതിക്കായി പ്രക്ഷേ‍ാഭം നടത്തിയവരാണ്‌ മലയാളികൾ.ഒരു പക്ഷെ ചരിത്രത്തിൽ ഇത്തരം ഒരു പ്രക്ഷോഭം മറ്റെവിടെയും ഉണ്ടായിട്ടുണ്ടാകില്ല. പൊതുസമൂഹത്തിന്റെ നോട്ടങ്ങൾക്ക്‌ മുമ്പിൽ തങ്ങളുടെ മാറും മറ്റും പ്രദർശിപ്പിക്കുന്നതിനെതിരെ ആത്മാഭിമാനം ഉള്ള സ്തീകൾ ചെറുത്തുനിന്ന ആ നാട്ടിൽ നിന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുവൾ മാറും അരക്കെട്ടും മറ്റും പരമാവധി പ്രദർശിപ്പിച്ച്‌ ലോകസുന്ദരിപ്പട്ടത്തിന്റെ ഒരുചുവട്‌ പിന്നിൽ നിലയുറപ്പിചിരിക്കുന്നു.മാധ്യമങ്ങൾ ഇതിനെ മലയാളിയുടെ മികവായി വിളിചോതുന്നു. വളരെ വിചിത്രമായ വൈരുധ്യം തന്നെ.ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ദൃഷ്ടാന്തമായി ഇതിനെ കണക്കാൻ പറ്റുമോ?മാറുമറക്കുവാൻ സമരം നടത്തിയ മലയാളിക്ക്‌ ആഗോളവൽക്കരണം സമ്മാനിച കിരീടം കൊള്ളാം.

പാർവ്വതി ഓമനക്കുട്ടൻ എന്ന മലയാളിപെണ്ണിനു ലോകസുന്ദരിപ്പട്ടത്തിനായുള്ള മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിചപ്പോൾ പലരും വിളിചുകൂവി മലയാളിക്ക്‌ അഭിമാനിക്കം എന്ന്,ചില മലയാളികൾ എങ്കിലും ഇതിൽ രോമാഞ്ചം കൊണ്ടു.എന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിക്കുന്ന മലയാളിക്ക്‌ അഭിമാനത്തിനുള്ള വക ഒരു പെണ്ൺ പൊതുസമൂഹത്തിനു മുമ്പിൽ തുണിയുരിഞ്ഞ്‌ ഉണ്ടാക്കേണ്ടതുണ്ടോ? സ്വന്തം മകൾ പാന്റിയും ബ്രായും ഇട്ട്‌ ബീച്ചിൽ പരസ്യമായി മേനിപ്രദർശനം നടത്തുന്നത്‌ കണ്ട്‌ അഭിമാനിക്കുവാൻ തക്കവണ്ണം എത്ര മാതാപിതാക്കന്മാർക്ക്ലുടെ മനസ്സ്‌ പാകപ്പെട്ടിട്ടുണ്ട്‌? ഇത്‌ കേരളസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

ആഗോളവൽക്കരണം മനുഷ്യനെ എല്ലാവിധത്തിലും ചൂഷണം ചെയ്ത്‌ ധനവും,ആധിപത്യവും ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യം വെക്കുന്നത്‌.സംസ്ക്കാരവും പാരമ്പര്യവും എല്ലാം അതിനായി അവർ പലവിധത്തിൽ തകർത്തുകളയും.അതിനായി ഉള്ള എളുപ്പവഴികളാണ്‌ ഇത്തരം മൽസരങ്ങൾ.സ്തീയുടെ തുളുമ്പുന്ന മാംസളതയിലും അച്ചിലിട്ട മറുപടികളിലും മുലയുടേയും, തുടയുറ്റേയും,അരക്കെട്ടിന്റേയും,ചന്തിയുടേയും മറ്റും പ്രത്യേക അഴകളവുകളെ മാനദണ്ടമാക്കിക്കൊണ്ടുള്ള ഇത്തരം മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആണോ ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ? ഒരു നാട്ടുപെണ്ണിന്റെ സൗദര്യം പോലും ഇല്ലാത്ത ഒരുവളെ ലോകസുന്ദരിമാരിൽ രണ്ടാമത്തവൾ ആയി കാണുന്നതിന്റെ അർത്ഥശൂന്യതയെ തിരിചറിയുമ്പോളും അതിനെ ബോധപൂർവ്വം മറചുവെച്‌ ഇത്തരം പെൺകൊടികളുടെ "പ്ലാസ്റ്റിക്ക്‌" ചിരികളെയും,അർദ്ധനഗ്നമായ പൂച്ചനടത്തത്തേയും വാതോരാതെ പുകഴ്ത്തുവാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? ഇതാണ്‌ കമ്പോളവ്യവസ്ഥിതിയുടെ കഴിവ്‌.ആഗോളജനതയിൽ നിന്നും അവരുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തുടചുമാറ്റി തങ്ങളുടെ ഇചക്കനുസരിചുള്ള ഒരു ലോകക്രമം അല്ലെങ്കിൽ സൗന്ദര്യത്തെകുറിച്‌ തങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ലോകസമൂഹത്തിലേക്ക്‌ കൊണ്ടുവരുവാനും അംഗീകരിപ്പികുവനും ഉള്ള ബഹുരാഷ്ട്ര കുത്തകകളുടെ "സിന്ദിക്കേറ്റിന്റെ" അജണ്ടപ്രകാരം നടക്കുന്ന ഇത്തരം പേക്കൂത്തിൽ നമ്മൾ മലയാളികൾ പോലും വീണുപോകുന്നു. സ്വന്തം മകളുടെ നഗ്നത പൊതുസമൂഹത്തിന്റെ നയനഭോഗങ്ങൾക്കായി വീട്ടുകൊടുത്ത് അതിൽ അഭിമാനിക്കുവാൻ തക്കവണ്ണം മാതാപിതാക്കളുടെ മനസ്സ് പാകപ്പെടുത്തുവാൻ അവർക്കാകുന്നു.

പാർവ്വതി സ്വന്തം നിലക്ക്‌ ഇത്തരം മൽസരങ്ങൾ പങ്കെടുക്കുന്നതിനോ സ്വന്തം മേനി തുറന്നുകാണിക്കുന്നതിനോ വയ്ക്തിപരമയി എതിർപ്പില്ല എന്നാൽ അത്‌ മലയാളിയുടെ അഭിമാനം ആയി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. മലയാളിയായ നയന്താരയും മറ്റും മേനിപ്രദർശിപ്പിച്ച്‌ ചലചിത്രങ്ങളിൽ ഇളകിയാടുന്നതിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനെ ആരും മലയാളിയുടെ അഭിമാനം ആയി കാണുന്നില്ല.ലൈംഗീകമായി ആനന്ദം നൽകുന്ന കാഴ്ചകളെയും,പ്രവർത്തികളേയും മനുഷ്യസഹചമായ വികാരങ്ങളാൽ ആളുകൾ ആസ്വദിചെന്നിരിക്കും എന്നാൽ അതിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ആരും ഒരു സമൂഹത്തിന്റെ അഭിമാനസ്ഥംഭം അയി ഉയർത്തിക്കാണിക്കാറില്ല.മാത്രമല്ല ഇത്തരം പ്രവണതയെ ആത്മാഭിമാനം ഉള്ളവർക്ക്‌ അംഗീകരിക്കുവാനും കഴിയില്ല.

പാശ്ചത്യസംസ്ക്കാരത്തിന്റെ ഭാഗമായി ഉള്ള മേനിപ്രദർശന മൽസരങ്ങൾ അവിടെ നടന്നുകൊള്ളട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതിൽ തിളങ്ങുവാൻ വേണ്ടി തുണിയുരിയേണ്ട അവസ്ഥ ഉണ്ടാക്കരുതു. നമ്മുടെ സമൂഹമനസ്സ് പാശ്ചാത്യരുടേതിനു സമമല്ല. പുറം കാഴ്ചകളിൽ പാശ്ചാത്യ അനുകരണങ്ങൾ കാണാം എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഉപഭോധമനസ്സിൽ മൂല്യംങ്ങലെ കുറിച്ചും മാനാഭിമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഒരു സംസ്കാരം ഉണ്ട്. എന്നാൽ പാശ്ചാത്യ സമൂഹമനസ്സിനു ഇത്തരം സംഘർഷത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും അവരുടേ ജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ ഇനി നാളെ അതെല്ലാം നമുക്കും ആകാം എന്ന് വാദിക്കുവാൻ നമ്മൾക്കിടയിൽ ആളുകൾ ഉണ്ടായെന്നിരിക്കും.

തങ്ങളുടെ ഉൽ‌പ്പങ്ങൾക്ക് വിശാലമായ വിപണിയൊരുക്കുവാൻ ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നവർ നമ്മുടെ സംസ്കാരത്തെ ജീവിതത്തിന്റെ സ്വസ്ഥതയെ എല്ലാം ആണ് കവർന്നെടുക്കുന്നത്. തുണിയുരിഞ്ഞും വ്യഭിചരിച്ചും അല്ല നാം നാടിന്റെ അഭിമാനം ഉയർത്തിക്കാട്ടേണ്ടത്തെന്ന് പുതുതലമൂറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.കമ്പോളവ്യവസ്ഥിതിയിൽ അതിന്റെ താല്പര്യങ്ങളുടെ ഏറാം മൂളികളായ മാധ്യമങ്ങൾ വച്ചുനീട്ടുന്ന ദൃശ്യങ്ങൾ കണ്ട് വളരുന്ന കുട്ടികൾ വഴിതെറ്റിപ്പോകുന്നു.മൊബൈൽ ഫോണിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ സ്വന്തം ശരീരത്തെ തന്നെ വില്പനചരക്കാക്കുവാൻ തയ്യാറാകുന്ന കൌമാരങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു അല്ലെങ്കിൽ ചതിയിൽ പെട്ടുപോകുന്നു.ഇതു തിരിച്ചറിഞ്ഞ് നാം ജാഗ്രത പാലിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും നമ്മുടെ പെൺകുട്ടികൾ കൂട്ടമായി ക്ലാസ് റൂമിൽ വിഷം കഴിച്ചും,റെയിൽ‌വേട്രാക്കിലും ജീവിതമവസാനിപ്പിക്കുവാൻ ഇടവരും.

പാരമൊഴി:ലോകസുന്ദരിമത്സരത്തിൽ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല. എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കു ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംസത്തിനാണെങ്കിലോ?

Thursday, December 04, 2008

ഉരുകുന്ന പ്രവാസം

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്. പകിട്ടുള്ള കെട്ടിടങ്ങളാലും റോഡുകളാലും അലംകൃതമായ ഇന്നത്തെ കേരളത്തിന്റെ ഭ്രമാത്മകമായ ഈ "ആധുനീകവൽക്കരണം" തീർച്ചയായും അവന്റെ വിയർപ്പിന്റെ കഷ്ടപ്പാടിന്റെ സൃഷ്ടിയാണ്. എന്നാൽ മണലാരണ്യത്തിൽ സ്വന്തം ജീവിതം ഹോമിച്ച് കേരളത്തിനു പുതിയൊരു കേരളീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ സാധുക്കളോട് മലയാളിസമൂഹം എങ്ങിനെ നന്ദി പ്രകടിപ്പിക്കുന്നു എന്നത് തീർച്ചയായും ചിന്തനീയമാണ്.
കൂടുതൽ ഈ ലക്കം നാട്ടുപച്ചയിൽ....
www.nattupacha.com

Tuesday, December 02, 2008

എന്തോവിഷൻ അത്താഴവാർത്തകൾ

നമസ്കാരം ഞാൻ സുകേഷ് ,എന്തോവിഷൻ അത്താഴവാർത്തകളിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാന വാർത്ത.

നഗരത്തിൽ ഒരു പാർപ്പിടസമുച്ചയത്തിൽ നുഴഞ്ഞുകയറിയവർ പരിഭ്രാന്തിപരത്തുന്നു..എക്സ്ക്ലൂസീവ്...
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.ഇന്ന് വൈകീട്ട് എട്ടുമണിയോടെ ആണ് ഇവർ കെട്ടിടത്തിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുവാൻ തുടങ്ങിയയ്ത് ഇതേ കുറിച്ച് സംഭവ സ്ഥലത്തുനിന്നും രാജപ്പൻ റിപ്പോർട് ചെയ്യുന്നു.

രാജപ്പൻ കേൾക്കാമോ?കേൾക്കാമെങ്കിൽ പറയൂ എന്താണ് അവിടെ നടക്കുന്നത്? എപ്പോഴാണ് സംഭവം തുടങ്ങിയത്? എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?
(റോഡിൽ മൈക്കുമായി കിടക്കുന്ന ഒരു പയ്യൻ.അവനു പുറകിൽ ദൂരെ ആയി ഒരു കെട്ടിട സമുച്ചയം)

രാജപ്പൻ:സുകേഷ് ഏതാണ്ട് എട്ടുമണിയോടെ ആണ് സംഭവം.എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയുക പ്രയാസം എങ്കിലും എനിക്ക് തോന്നുന്നത് നുഴഞ്ഞുകയറിയവർക്ക് പ്രത്യ്യേക ലക്ഷ്യം ഒന്നും ഉണ്ടയിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
സുകേഷ്: അങ്ങിനെ പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ നഗരത്തിലെ ഇത്രയും വലിയ ഒരു കെട്ടിടത്തിൽ അതും ജനവാസകേന്ദ്രമായ ജന നിബിഡമായ ആളുകൾ തിങ്ങിത്താമസിക്കുന്ന ഒരുപാട് വി.ഐ.പികൾ വന്നുപോകുന്ന,വെള്ളവും വെളിച്ചവും കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടിടത്തിൽ നുഴഞ്ഞുകയറി എന്നത് നിസ്സാരമാണോ?

രാജപ്പൻ: (പറഞുതുടങ്ങുന്നു എങ്കിലും സുകേഷ് ഇടപെടുന്നു)
ഒരു നിമിഷം തിരിച്ചുവരാം ഇതേകുറിച്ച് പ്രതികരിക്കുവാൻ പ്രമുഖ വാചകാവകാശ പ്രവർത്തകൻ ആ‍.ഈ.ഊ കുഞ്ഞൻ, ഭരണകക്ഷി നേതാവ് ബഓറടിയൻ പിള്ളയും സ്റ്റുഡിയോയിൽ ഉണ്ട്.

ആ‍.ഈ.ഊ കുഞ്ഞൻ: ഇത് ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇരകളുടെ പ്രതിരോധമാണ്.ഇതിന്റെ രീതികൾ വച്ചുനോക്കുമ്പോൾ ഇരകൾ വേട്ടക്കാരന്റെ താവളം തേടിവരുന്നു എന്നാൺ ആധുനീകസമൂഹത്തിന്റെ വൈതാളിക മാനവ സംഘർഷത്തിൽ ഊന്നിയ കീഴാള പ്രത്യയശാസ്ത്ര പരിണാമങ്ങളിൽ ഊന്നിക്കൊണ്ടുവ്വെണം ഈ വിഷയത്തെ നാം കാണേണ്ടത്. ഉപരിപ്ലവമായ ഉട്യോപ്യൻ സങ്കൽ‌പ്പങ്ങളിൽ ആണിന്നും മനുഷ്യാന്തരാളങ്ങൾ....

സുകേഷ്(ഒന്നും മനസ്സിലായില്ലെങ്കിലും മേശയിൽ കൈമുട്ട് ഊന്നി മുഖത്തെ കീഴ്ത്താടി ചുളുക്കി ഒന്നുകൂടെ മുന്നോട്ട് ആഞ്ഞുക്കൊണ്ട്) ആ‍.ഈ.ഊ കുഞ്ഞൻ പറയുന്നു ഇര വേട്ടക്കാരൻ കീഴാളൻ.ഇതിൽ ഏതാണെന്ന് നമുക്ക് പരിശോധിക്കാം അതിനു മുമ്പ്
പാരപ്പടയുടെ സംസ്ഥാന നേതാവ് പാരജാതൻ ലൈനിൽ ഉണ്ട്.പാരജാതൻ എന്താണ് താങ്കൾക്ക് തോന്നുന്നത്?എങ്ങിനെ ഇതു സംഭവിച്ചു?

പാരജാതൻ: ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച തന്നെ ആണ് ആഭ്യന്തരമന്ത്രി രാജിവെക്കണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത് നാളെയും തുടരും...

സുകേഷ്: ഒരു നിമിഷം താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ പാരജാതൻ പറയുന്നു സർക്കാരിന്റെ വീഴ്ചയാണെന്ന്.ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന്.എന്തു പറയുന്നു ഈ നിരീക്ഷണത്തോട്?
(സ്റ്റുഡിയോയിൽ ഇരിക്കുന്ന താടിക്കാരൻ സ്കീനിൽ)
ബോറടിയൻ പിള്ള: ശുദ്ധ അസംബന്ധം.വിവരം കേട്ട ഉടനെ മന്ത്രി വേണ്ടനടപടി എടുത്തുകഴിഞ്ഞു.മാത്രമല്ല ഇതേകുറിച്ച് പഠിച്ച് വിവരം ധരിപ്പിക്കുവാൻ ആനവിഴുങ്ങി ദാമുവിനെ ചെയർമാനാക്കി ഒരു കമ്മറ്റിയെ നിയോഗിച്ചു.ഇനി എന്താണ് വേണ്ടത്.പാരജാതനെപ്പോലുള്ളവരുടെ നേതാക്കളല്ല പൊട്ടകുളം സംസ്ഥാനം ഭരിക്കുന്നത്.2995-ൽ ഇത്തരം ഒരു വിഷയം ഉണ്ടായപ്പോൾ ഇയ്യാളുടെ പാർട്ടിക്കാർ രാജിവെച്ചോ?..ഇവനൊക്കെ അന്ന് എന്താണ് ചെയ്തത്....

സുകേഷ് : (ഇടപെട്ടുകൊണ്ട് )അതേ മിസ്റ്റർ ബോറടിയൻ പിള്ളയുടെ ചോദ്യം പാരജാതനോടാണ്..അദ്ദേഹം ചോദിക്കുന്നു ഈ ചെറ്റയൊക്കെ അന്ന് എന്താണ് ചെയ്തത് എന്ന്...
പരജാതൻ: ചെറ്റ അവന്റെ കുടുമ്മത്തുള്ളവർ ആണ്.ഞാനല്ല...പിന്നെ ബോറടിയന്റെ ബാലിശമായ ചോദ്യങ്ങളെ ഞാൻ അവഗണിക്കുന്നു...ഈ സർക്കാർ നിഷ്ക്രിയമാണ്......

സുകേഷ്: ബോറടിയൻ പാ‍രജാതൻ പറയുന്നു താങ്കളുടെ പിതവ് ചെറ്റയാണെന്ന്.ആണോ? ആണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു? ഒരുകുടുമ്പം ചെറ്റയാണെന്ന് ഇങ്ങനെ പരസ്യമായിപറയുമ്പോൾ അതിനോട് പ്രതികരിക്കേണ്ടതില്ലേ?

ബോറടിയൻ പിള്ള: ചെറ്റ അവന്റെ അപ്പൂപ്പനാണ് നാറി......**##@@@
പരജാതൻ: എന്റെ അല്ലെടാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനാ....%$@@@000**&@###
സുകേഷ്:അവർ പരസ്പരം പഴിക്കുന്നു അല്ലെങ്കിൽ തെറിവിളിക്കുന്നു.അത് അവരുടെ വിഷയം പക്ഷെ ഇതിനെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

ആ‍.ഈ.ഊ കുഞ്ഞൻ:ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

(ഇതിനിടയിൽ വീണ്ടും രാജപ്പൻ) അവിടെ പതിനാലാം നിലയിൽ നിനും പതിനചാം നിലയിലേക്ക് സംഘത്തിലെ ഒരാൾ പോയതായി അറിയുന്നു.ഇതിനിടയിൽ ഒരു കുട്ടി ബാൽകണിയിൽ വന്നു നിന്ന് ആകാശത്തേക്ക്കൈ വീശൂന്നുണ്ട്.ഒരു പക്ഷെ സഹായം അഭ്യർഥിച്ചാകാം.

സുകേഷ്:ആളുകൾ പരിഭ്രാന്തരാണോ? ആണെങ്കിൽ എന്തുകൊണ്ട്..കെട്ടിടത്തിലേക്ക് ഇനിയും ആളുകൾ കടന്നുപോകുന്നത് കാ‍ണാം. എന്തുകൊണ്ട് അവർ കയറിപ്പോകുന്നു.?നുഴഞ്ഞുകയറിയവർ എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചിട്ടുണ്ടൊ? കെട്ടിടത്തിൽ നിന്നും പുക വരുന്നതായി ദൃശ്യങ്ങളിൽ കാണുന്നു എന്താണത്?

രാജപ്പൻ: സുകേഷ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുപിടിച്ച് നടക്കുന്നുണ്ട്,സ്മോളടിച്ച ചിലർ വാളുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആകെട്ടിടത്തിന്റെ അടുത്താണ് ഞാൻ നിൽക്കുന്നത്.നമ്മളുടെ ചാനൽ അല്ലാതെ മറ്റു ചാനലുകാ‍ാർ ഒന്നും ഇതുവരെ എത്തിയിട്ടില്ല. ദാ ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റിയോട് ചോദിക്കാം എന്താണെന്ന്.

ഒരു മീശക്കാരൻ: ഉം എന്താകാര്യം? ഇവിടെ എന്താ ക്യാമറയൊക്കെ ആയിട്ട്?
ഞങ്ങൾ ടി.വിക്കാർ ആണ്. കെട്ടിടത്തിന്റെ മുകൾ നിലയിൽ തീവ്രവാദികൾ കയറിയതായി കേൾക്കുന്നു.എത്ര തീവ്രവാദികൾ ഉണ്ട്. എന്താണവരുടെ ഡിമാന്റ്? ആളുകളെ ഒഴിപ്പിക്കുന്നില്ലെ?കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടല്ലോ?

സെക്യൂരിറ്റികാരൻ: ഏയ് അത് തീവ്രവാദികൾ ഒന്നും അല്ല.വൈനേരം ആയാൽ ഇവിടെ താമസിക്കുന്നന്വർ കൊതുകിനെ പുകക്കും അതിവിടെ പതിവാണ്‌. അപ്പൊൾ എലികൾ ഒരു ഫ്ലോറീന്ന് അടുത്ത ഫ്ലോറിലേക്ക് പോകും.അതിനെന്തിനാ ആളോളെ ഒഴിപ്പിക്കുന്നെ?നിങ്ങ്ക്കെന്താ പ്രാന്തുണ്ടോ?

രാജപ്പൻ:അപ്പോൾ കുട്ടി കൈവീശിയതോ?
സെക്യൂരിറ്റിക്കാരൻ: അതു ആകാശത്തുക്കൂടെ എയർ ഇന്ത്യാ എക്സ്പ്രസ്സ് കൃത്യസമയത്തുപോണകണ്ട് സന്തോഷം കൊണ്ട് കൈവീശിയതാടോ മണ്ടാ...

രാജപ്പൻ: പണിപാളി സുകേഷ്.
ഇളിഞ്ഞ ചിരിയോടെ സുകേഷ്: നന്ദി ബോറടിയൻ പിള്ള&പാരാജാതൻ അവിടെ ഒരു തെവ്രവാദി ആക്രമണത്തിന്റെ രീതിയിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അത് എലികൾ ആയിരുന്നു എന്നാണിപ്പോൾ കിട്ടിയ വിവരം. എന്തായാലും നമുക്കിനി മറ്റൊരു വിഷയവുമായി നാളെ വൈകീട്ട് വരാം.

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

Monday, December 01, 2008

വി.എസ്സിന്റെ വാക്കുകൾ ക്രൂരമായി

മാധ്യമങ്ങളിൽ വി.എസ്സ് നടത്തിയ പരാമർശവും അതേകുറിച്ചുള്ള വാർത്തകളും ഒരു ഞെട്ടലോടേയാണ് കേട്ടത്. വി.എസ്സ് സമചിത്തത പാലിക്കണം ഇത്ര്ും ക്രൂരമായ വാക്കുകൾ താങ്ക് പ്രയോഗിച്ചുകൂടാ.ഭരണപരമായി യാതൊരു കഴിവും ഇല്ലാതെ നിരവധി മന്ത്രിമാർ ചുമ്മാതിരിക്കുന്ന ഒരു സംസ്ഥാന്റ്ത് ഏതെങ്കിലും ഒരു മന്ത്രിയെ ആ വീരനായകന്റെ സംസ്ക്കാര ചടങ്ങുകളിൽ അയക്കാത്ത താങ്കൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഇത്രയും കടുത്ത വാക്കുകൾ പറയുവാൻ.

അവിടെ ഒരു പട്ടാളക്കാരന്റെ പിതാവിന്റെ വികാരപ്രകടനം മോശമായി എന്ന് പറയുമ്പോൾ വി.എസ്സ് ഓർക്കേണ്ട് ഒന്നുണ്ട് രാജ്യത്തിന്റെ മാനം കാക്കുവാൻ,ത്വിലാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ സ്വജീവൻ ബലിനൽകിയ ധീര ജവാനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചുകൂടിയ ജനാവലിയെ തടയാതെ എന്തുകൊണ്ട് തങ്ങളെ ആ പടിചവിട്ടുന്നതിൽ നിന്നും ശ്രീ ഉണ്ണികൃഷൻ വിലക്കി എന്ന്.മകന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും അവൻ രാജ്യത്തിനുവേണ്ടി പോരാടി എന്ന് പതറാതെ പറഞ്ഞ ആ പിതാവിന്റെ നിയന്ത്രണം എന്തുകൊണ്ട് തങ്ങളെ കണ്ടപ്പോൾ കൈവിട്ടുപോയി എന്ന്.

വി.എസ്സ്. താങ്കൾ അല്പം കൂടെ മാന്യമായി സംസാരിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ത്ങ്കൾ ഒരു മുഖ്യമന്ത്രിയാണെന്നും, പ്രീണനത്തിന്റേയും, കഴിവില്ലായ്മയുടേയും , വിട്ടുവീഴ്ചകളുടേയും ഭരണസംവിധ്നത്തിന്റെ ഫലമായുണ്ടായ ഭീകരാക്രമൺനങ്ങൾക്ക് മുമ്പിൽ നെടുങ്ങിപ്പോയ ഒരു ജനതയുടെ നേതാവാണെന്ന് ഓർക്കണമായിരുന്നു. വി.എസ്സ് താങ്കൾ വി.എസ്സാണ് അല്ലാതെ കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്താൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

പ്രിയ വി.എസ്സേ ത്ങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാൻ സർക്കാരിന്റെ ഒരു പട്ടിയും വന്നില്ലെങ്കിലും ധീരനായ ആ ദേശാഭിമാനിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ നിരവധി രാജ്യസ്നേഹികളായ മലയാളികൾ അവിടെ എത്തിയിരുന്നു. അതു തന്നെ ആണ് ഒരു ധീരനായ പട്ടാളക്കാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.