Sunday, August 14, 2011

ഓരോ ദേശസ്നേഹിക്കും എന്റെ സ്വാതന്ത്യ ദിനാശംസകള്‍



ഭഗത് സിംഗിനേയും, സുഭാഷ് ചന്ദ്ര ബോസിനേയും പോലെ അറിയപ്പെട്ടതും അറിയപ്പെടാത്തവരുമായ അനേകം ധീര ദേശാഭിമാനികള്‍ ജീവന്‍ നല്‍കി സ്വാതന്ത്യം നേടിത്തന്ന ഭാരതം. കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റ് ദല്ലാളന്മാരും നിശ്ചയിക്കുന്നവര്‍ കമ്മീഷന്‍ പറ്റിക്കൊണ്ട് നടത്തുന്ന ഭരണക്രമല്ലായിരുന്നു അവര്‍ സ്വപ്നം കണ്ടത്. ഓരോ സി.ഐ.ജി റിപ്പോര്‍ട്ടുകള്‍ക്കും പറയുവാനുള്ളത് ആഴവും പരപ്പും അളക്കുവാനാകാത്തവിധം പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ കഥകള്‍ മാത്രം.

അഴിമതി അവസാനിപ്പിക്കണമെന്നും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെടുന്ന ജനതയ്ക് നേരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാതന്ത്രത്തെ പറ്റിയും ജനാധിപത്യത്തെ പറ്റിയും ലജ്ജയില്ലാത്ത വാക്കുകള്‍ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. കോടിക്കണക്കിനു പട്ടിണിക്കാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലെ അഴുക്കു ചാലുകളിലും പുഴുക്കളെ പോലെ ചത്തൊടുങ്ങുമ്പോള്‍ കോടികള്‍ കൊള്ളയടിച്ചവരെ സംരക്ഷിക്കുവാന്‍ വ്യഗ്രത കാണിക്കുന്ന, അഴിമതിക്കെതിരെ കാര്യക്ഷമമായ നിയമങ്ങള്‍ കൊണ്ടു വരണമെന്ന് പൊതു ജനം ആവശ്യപ്പെടുമ്പോള്‍ അത് ജനാധിപത്യത്തിനു “നല്ലതല്ലെന്ന്” പറയുന്നവരാണോ നമ്മളെ ഭരിക്കേണ്ടത്? ഭീകരന്മാര്‍ക്ക് അഴിഞ്ഞാടുവാന്‍ അവസരമൊരുക്കിയും അമേരിക്കക്ക് കപ്പം കൊടുത്തും അഴിമതിക്ക് കീ ജെയ് വിളിച്ചും അടിമകളായി ജീവിക്കുവാനുള്ളവനല്ല ഭാരതീയന്‍ എന്ന് ഉറക്കെ പറഞ്ഞ് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തലമുറ ഉയര്‍ന്നു വരട്ടെ. അഴിമതിക്കും എന്റോസള്‍ഫാനും എതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്യ ദിനാശംസാക്കള്‍.

ഓരോ ദേശസ്നേഹിക്കും എന്റെ സ്വാതന്ത്യ ദിനാശംസകള്‍



ഭഗത് സിംഗിനേയും, സുഭാഷ് ചന്ദ്ര ബോസിനേയും പോലെ അറിയപ്പെട്ടതും അറിയപ്പെടാത്തവരുമായ അനേകം ധീര ദേശാഭിമാനികള്‍ ജീവന്‍ നല്‍കി സ്വാതന്ത്യം നേടിത്തന്ന ഭാരതം. കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റ് ദല്ലാളന്മാരും നിശ്ചയിക്കുന്നവര്‍ കമ്മീഷന്‍ പറ്റിക്കൊണ്ട് നടത്തുന്ന ഭരണക്രമല്ലായിരുന്നു അവര്‍ സ്വപ്നം കണ്ടത്. ഓരോ സി.ഐ.ജി റിപ്പോര്‍ട്ടുകള്‍ക്കും പറയുവാനുള്ളത് ആഴവും പരപ്പും അളക്കുവാനാകാത്തവിധം പെരുകിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ കഥകള്‍ മാത്രം.

അഴിമതി അവസാനിപ്പിക്കണമെന്നും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെടുന്ന ജനതയ്ക് നേരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാതന്ത്രത്തെ പറ്റിയും ജനാധിപത്യത്തെ പറ്റിയും ലജ്ജയില്ലാത്ത വാക്കുകള്‍ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. കോടിക്കണക്കിനു പട്ടിണിക്കാര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലെ അഴുക്കു ചാലുകളിലും പുഴുക്കളെ പോലെ ചത്തൊടുങ്ങുമ്പോള്‍ കോടികള്‍ കൊള്ളയടിച്ചവരെ സംരക്ഷിക്കുവാന്‍ വ്യഗ്രത കാണിക്കുന്ന, അഴിമതിക്കെതിരെ കാര്യക്ഷമമായ നിയമങ്ങള്‍ കൊണ്ടു വരണമെന്ന് പൊതു ജനം ആവശ്യപ്പെടുമ്പോള്‍ അത് ജനാധിപത്യത്തിനു “നല്ലതല്ലെന്ന്” പറയുന്നവരാണോ നമ്മളെ ഭരിക്കേണ്ടത്? ഭീകരന്മാര്‍ക്ക് അഴിഞ്ഞാടുവാന്‍ അവസരമൊരുക്കിയും അമേരിക്കക്ക് കപ്പം കൊടുത്തും അഴിമതിക്ക് കീ ജെയ് വിളിച്ചും അടിമകളായി ജീവിക്കുവാനുള്ളവനല്ല ഭാരതീയന്‍ എന്ന് ഉറക്കെ പറഞ്ഞ് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തലമുറ ഉയര്‍ന്നു വരട്ടെ. അഴിമതിക്കും എന്റോസള്‍ഫാനും എതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്യ ദിനാശംസാക്കള്‍.

Sunday, April 17, 2011

കാട്ടാനകള്‍ക്കിടയില്‍ നിന്നും മരത്തിലൂടെ ജീവിതത്തിലേക്ക്


വയനാട്ടിലും, ഇടുക്കിയിലും, കൊല്ലത്തും,പാലക്കാട്ടും, തൃശ്ശൂരുമെല്ലാമായി കാടിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. ഈ വനാതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ആനകള്‍ അടക്കം ഉള്ള കാട്ടു മൃഗങ്ങള്‍ വരിക സാധാരണം. ഇത്തരത്തില്‍ ഒന്നാണ് കൊല്ലം ഉറുകുന്ന് ഗ്രാമം . വേനല്‍ക്കാലം കനത്തതോടെ ഉള്‍ക്കാടുകളില്‍ നിന്നും ആനകള്‍ കൂട്ടമായി ഗ്രാമത്തിലേക്ക് ഇറങ്ങുന്നു തുടര്‍ന്ന് വാഴയടക്കമുള്ള കൃഷിയും മറ്റും തിന്നും. ഗ്രാമവാസികള്‍ക്ക് പലപ്പോളും കാട്ടിനുള്ളിലൂടെ യാത്രചെയ്യേണ്ടതായി വരും. എന്നാല്‍ ഇപ്പോള്‍ ആനകളുടെ സാന്നിധ്യം മൂലം നിവൃത്തിയില്ലെങ്കില്‍ മാത്രമേ ആളുകള്‍ കാട്ടിലൂടെ യാത്ര ചെയ്യുന്നുള്ളൂ. സന്ധ്യയാകുമ്പോളാണ് ആനക്കൂട്ടങ്ങള്‍ ഗ്രാമാതിര്‍ത്തിയില്‍ എത്തുന്നത്. ആനകളുടെ മുമ്പില്‍ ചെന്നു പെട്ടാല്‍ അവ നാട്ടുകാരെ ഓടിക്കും. ഏറ്റവും ഒടുവിലത്തേത് ഇക്കഴിഞ്ഞ ദിവസം ഉറുകുന്നു സ്വദേശി സോമനുണ്ടായ അനുഭവമാണ്.

കാട്ടാനക്കൂട്ടത്തിനിടയില്‍ പെട്ട സോമന്‍ എന്നയാള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെ കാട്ടില്‍ നിന്നും മാങ്ങ ശേഖരിച്ചു മടങ്ങുകയായിരുന്നു സോമന്‍. കൂടെ വളര്‍ത്തുനായ്ക്കളുമുണ്ടായിരുന്നു. കാടിനുള്ളിലൂടെ വരുമ്പോള്‍ ആനയുടെ സാമീപ്യം തിരിച്ചറിഞ്ഞ നായ്ക്കള്‍ സൂചന നല്‍കി. അപ്പോളേക്കും ആനക്കൂട്ടം സോമനു നേരെ പാഞ്ഞടുത്തു. കൊലവിളിയുമായി പാഞ്ഞടുക്കുന്ന ആനകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുവാന്‍ സാധിക്കുമെന്നൊന്നും സോമന്‍ കരുതിയില്ല. എങ്കിലും അവസാന ശ്രമമെന്നോണം ആനകള്‍ക്കിടയിലൂടെ ഓടി നേരെ കണ്ട ഒരു വലിയ മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. ആനകള്‍ മരത്തിനു സമീപത്ത് നിലയുറപ്പിച്ചു. അവയെ അവിടെ നിന്നും ഓടിക്കുവാന്‍ സോമന്റെ വളര്‍ത്തുനായ്ക്കള്‍ കുരച്ചു ബഹളം വച്ചുകൊണ്ടിരുന്നു. സോമന്റെ ഉറക്കെയുള്ള നിലവിളിയും ആനകളുടെ ചിഹ്നം വിളിയും നായ്ക്കളുടെ കുരയുമെല്ലാം കേട്ട് നാട്ടുകാര്‍ വിവരമറിഞ്ഞു. അവര്‍ വന്നു നോക്കുമ്പോള്‍ ഒരു കൂട്ടം ആനകള്‍ക്ക് നടുവില്‍ വലിയ ഒരു മരത്തിനു മുകളില്‍ പേടിച്ചരണ്ടിക്കുന്ന സോമനെയാണ്‌ കണ്ടത്‍. പടക്കം പൊട്ടിച്ചും പാട്ടയില്‍ കൊട്ടിയും മറ്റും ആളുകള്‍ ബഹളമുണ്ടാക്കിയെങ്കിലും ആനക്കൂട്ടം പെട്ടെന്ന് പിന്മാറിയില്ല. അരമണിക്കൂറിലധികം സമയത്തെ പരിശ്ര്ത്തിനൊടുവില്‍ ആനക്കൂട്ടത്തെ നാട്ടുകാര്‍ കാട്ടിലേക്ക് കയറ്റിവിട്ടു. ഈശ്വരാധീനവും ഒപ്പം തന്റെ വളര്‍ത്തു നായ്ക്കളുടെ യജമാനസ്നേഹവും നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുമെല്ലാമാണ് തന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമെന്ന് സോമന്‍ പറയുന്നു.

Thursday, April 07, 2011

വിജയമുറപ്പിക്കുവാന്‍ വി.എസ്. സുനില്‍ കുമാര്‍

തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തില്‍ ഇത്തവണ ഏറ്റുമുട്ടുന്നത് സി.പി.ഐയുടെ യുവ നേതാവും ചേര്‍പ്പ് എം.എല്‍.എയുമായ വി.എസ് സുനില്‍ കുമാറും യു.ഡി.എഫ് ഘടക കക്ഷിയായ ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായ ഉമേഷ് ചള്ളിയിലും തമ്മിലാണ്. ജെ.എസ്.എസിനെ സംബന്ധിച്ച് യു.ഡി.എഫ് ഘടക കക്ഷിയെന്ന നിലയിലല്ലാതെ കാര്യമായ സ്വാധീനം മണ്ഡലത്തിലില്ല. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കയ്പമംഗലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ മൂലം സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയത് സുനില്‍ കുമാറിന് കൂടുതല്‍ ഗുണകരമായി മാറി. പുതിയ മണ്ഡലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനും മറ്റും അദ്ദേഹത്തിനു കൂടുതല്‍ അവസരം ലഭിച്ചു.

യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവെന്ന നിലയില്‍ വി.എസ്.സുനില്‍ കുമാര്‍ മണ്ഡലത്തില്‍ വലിയ ചലനമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അന്തിക്കാട്-ചേര്‍പ്പ് പ്രദേശങ്ങളില്‍ നിന്നും വലിയ ഒരു യുവനിരതന്നെ സുനില്‍ കുമാറിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. രാഷ്ടീയത്തിനതീതമായി പൊതു പ്രശ്നങ്ങളെ നോക്കികാണുകയും ഇടപെടുകയും ചെയ്യുന്നതു കൊണ്ട് തന്നെ ജനകീയ പിന്തുണ ആര്‍ജ്ജിക്കുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ എം.എല്‍.എ എന്ന നിലയിലും യുജന നേതാവെന്ന നിലയിലും സുനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചേര്‍പ്പ് മണ്ഡലത്തിന്റെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് എം.എല്‍.എ എന്ന നിലയില്‍ സുനില്‍ കുമാര്‍ കാഴ്ചവെച്ചത്. കൃഷിയും, ഫര്‍ണ്ണീച്ചര്‍, സ്വര്‍ണ്ണപ്പണി എന്നിവയാണ് മണ്ഡലത്തില്‍ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നെല്ലിന്റെ താങ്ങു വില ഉയര്‍ത്തിയതിലും നെല്ല്സംഭരണം കൃഷിക്കാവശ്യമായ മറ്റു സൌകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയില്‍ എം.എല്‍.എയുടെ നേരിട്ടുള്ള കാര്യക്ഷമമായ ഇടപെടല്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടു. അനധികൃതമായ വയല്‍ നികത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ഭൂമാഫിയകളെ നിയന്ത്രിക്കുന്നതിലും ശക്തമായ നിലപാടാണ് അദ്ദേഹം എന്നും എടുത്തുവരുന്നത്.

വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്ന അന്തിക്കാട്ടെ ഒരു സാധാരണ കുടുമ്പത്തിലാണ് വി.എസ്.സുനില്‍ കുമാറിന്റെ ജനനം. കൊലമുറിക്കേസെന്ന് പിന്നീട് പ്രസിദ്ധിയാര്‍ജ്ജിച്ച ചെത്തുതൊഴിലാളി സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ച സഖാവ് സുബ്രമണ്യനും ചന്ദ്രമതിയുമാണ് മാതാപിതാക്കള്‍‍. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് വി.എസ്.സുനില്‍ കുമാര്‍ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. വിദ്യാര്‍ഥി രാഷ്ടീയത്തിന്റെ ഈറ്റില്ലമായ കേരള വര്‍മ്മ കോളേജും തുടര്‍ന്ന് തിരുവനന്തപുരത്തെ ലോകോളേജിലെ പഠനവും കൂടാതെ അന്തരിച്ച സി.പി.ഐ നേതാവും മുന്‍ കൃഷിമന്ത്രിയുമായ വി.കെ. രാജനെ പോലുള്ളവരുമായി പുലര്‍ത്തിയിരുന്ന അടുത്ത ബന്ധവും സുനില്‍കുമാര്‍ എന്ന രാഷ്ടീയക്കാരനെ രൂപപ്പെടുത്തിയതില്‍ കാര്യമായ പങ്കുവഹിച്ചു. കേരളത്തില്‍ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ മേഘലയേയും ബാധിക്കുന്ന നിരവധി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച് തന്റെ രാഷ്ടീയ ദൌത്യം പലകുറി തെളിയിച്ചു. നിരാഹാര പന്തലില്‍ അടക്കം നിരവധി തവണ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ചേര്‍പ്പ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചത് വി.എസ്.സുനില്‍ കുമാറിനെയായിരുന്നു. കന്നിയങ്കത്തില്‍ തന്നെ പതിനാലായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ചേര്‍പ്പിലെ വോട്ടര്‍മാര്‍ ഈ യുവനേതാവിനെ വിജയിപ്പിച്ചത്. തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിജയം കണ്ട എം.എല്‍.എയെ ഒരിക്കല്‍ കൂടെ തങ്ങളുടെ തട്ടകത്തിലെക്ക് ക്ഷണിച്ചെങ്കിലും മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ നാട്ടികയായി മാറിയ ചേര്‍പ്പ് സംവണമണ്ഡലമായതിനാല്‍ ഇക്കുറി മറ്റൊരിടത്തേക്കായി അദ്ദേഹത്തിന്റെ നിയോഗം.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ നടപടികളെ മുന്‍ നിര്‍ത്തിയാണ് സുനില്‍ കുമാറിന്റെ വോട്ടഭ്യര്‍ഥന. ഇന്നും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരിക്കുമ്പോല്‍ കേരളത്തില്‍ അതില്ലാ എന്നത് ഇടതു ഗവണ്മെന്റിന്റെ നേട്ടമായി എടുത്തുകാണിക്കപ്പെടുന്നു.പെട്രോളിയം വിലനിയന്ത്രണവും സബ്‌സിഡിയും എടുത്തുകളഞ്ഞതടക്കം തെറ്റായ കേന്ദ്ര നയങ്ങളുടെ ഭാഗമായി നിത്യോപയോഗ സാ‍ധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നതിന്റെ ഇരകളായ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് യു.ഡി.ഫ് നിരത്തുന്ന കള്ളക്കണക്കുകളും വ്യാജ വാര്‍ത്തകളും തിരിച്ചറിയുക വളരെ എളുപ്പമാണ്. ഈ പശ്ചാത്തലത്തില്‍ ചെര്‍പ്പിലെ വിജയം കൂടുതല്‍ ഭൂരിപക്ഷത്തോടെ കയ്‌പമംഗലത്തും ആവര്‍ത്തിക്കും എന്ന് തന്നെയാണ് സുനില്‍ കുമാറിന്റെ ഉറച്ച വിശ്വാസം. ആവേശം പകര്‍ന്ന് അദ്ദേഹത്തോടൊപ്പം അണിനിരക്കുന്ന നൂറുകണക്കിനു സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും പൊതു ജനവും ഇത് ശരിവെക്കുന്നു.

Wednesday, February 09, 2011

സഖാവ് വി.എസ്സിനു അഭിവാദ്യങ്ങള്‍

ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് ബി. നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ സുദീര്‍ഘമായ നിയമ യുദ്ധം നടത്തി അദ്ദേഹത്തിനു ഒരുവര്‍ഷത്തെ എങ്കില്‍ ഒരു വര്‍ഷത്തെ ശിക്ഷ വാങ്ങിക്കൊടുത്ത സഖാവ് വി.എസ് അച്യുതാനന്ദനു അഭിവാദ്യങ്ങള്‍. പ്രതിസന്ധികള്‍ക്കിടയിലും പ്രതിയോഗികളുടെ പാരകള്‍ക്കിടയിലും പതറാതെ സുധീരം മുന്നോട്ടു പോകുന്ന സഖാവ് വി.എസ്സിന്റെ ഒറ്റയാന്‍ പോരാട്ടങ്ങളെ ഒരു പക്ഷെ സഹയാത്രികര്‍ക്കടക്കം പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടക്കുവാന്‍ പോന്നതാണ്.

ഇടമലയാര്‍ കേസില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സഖാവ് വി.എസ്സ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ പതിനായിരം രൂപ പിഴയും ഒരുവര്‍ഷം തടവുമാണ് സുപ്രീം കോടതി വിധിച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതി തള്ളുകയും ചെയ്തു. മാര്‍ക്കിസ്റ്റു പാര്‍ടിയുടെ ആദ്യ പോളിറ്റ് ബ്യൂറോ മുതല്‍ അംഗമായിരുന്ന വി.എസ്സ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്ത്തിയ സമയത്ത് തന്നെ ആയിരുന്നു ഈ കേസുമായി അദ്ദേഹം മുന്നോട്ടു പോയത്. കേസില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ചില വീഴ്ചകള്‍(അങ്ങിനെ പറയാമോ) അന്ന് ഏറേ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
വി.എസ്സിനു വേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷന്‍ അടക്കം പ്രമുഖര്‍ ഹാജരായി.

ഓഫ്: മുഖ്യമന്ത്രിയായിരിക്കെ “ആലോചിക്കാതെ” മികച്ച അഭിഭാഷകരെ മുന്‍ നിര്‍ത്തി കേസു ജയിച്ച് ബാലകൃഷ്ണപിള്ളക്ക് ശിക്ഷവാങ്ങിക്കൊടുത്ത്, ഇനി ഇതിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകുമോ ആവോ കാത്തിരുന്നു കാണാം...

Saturday, January 15, 2011

ശബരിമല ദുരന്തം “ആഘോഷിക്കരുത്“

ശബരിമലയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ അപകടത്തില്‍ പെട്ട് മരിച്ചു എന്ന വാര്‍ത്ത വളരെ ഞെടുക്കം ഉണ്ടാക്കുന്നതാണ്. ഏകദേശം 102 ജീവനാണവിടെ പൊലിഞ്ഞത് അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് പരിക്കുണ്ട്. അധികൃതരുടെ അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ദുരന്തവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ നഷ്ടമാകും എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിക്കുകയില്ലെന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യമാകുന്നു. തേക്കടിയിലെ ബോട്ടു മുങ്ങി മറ്റൊരു ദുരന്തം കഴിഞ്ഞിട്ട് എന്താണ് സംഭവിച്ചത് എന്ന് ഈ സമയത്ത് ഓര്‍ക്കുകയാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമെന്ന നിലയില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു ഇടമാണ് ശബരിമല. ലക്ഷക്കണക്കിനു ഭക്തര്‍ എത്തുന്ന ഈ കാനനക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കുടിവെള്ളത്തിനും മലമൂത്രവിസ്സര്‍ജ്ജനത്തിനും ഉള്ള സൌകര്യങ്ങള്‍ ആവശ്യാനുസരണം ഇനിയും ഒരുക്കിയിട്ടില്ല. ഏറ്റവും അധികം ഭക്തര്‍ ശബരിമലയില്‍ എത്തുന്നത് മകരജ്യോതി ദര്‍ശനത്തിനായിട്ടാണ്. പൊന്നമ്പല മേട്ടിലെ “മകരജ്യോതി“ ദര്‍ശിക്കുന്നതിനായി പമ്പമുതല്‍ സന്നിധാനം വരെയും കൂടാതെ പുല്ലുമേട്ടിലും മറ്റും ഭക്തരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും ഈ സമയത്ത്. കേരളത്തില്‍ തീവ്രവാദികളുടെ ( കൂലിക്കെഴുതുന്ന പുരോഗമന വാദികള്‍ ദയവായി ക്ഷമിക്കുക) സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ടുകള്‍ കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ ഉയര്‍ന്നതാണ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ലക്ഷത്തോളം പേര്‍ തിങ്ങിക്കൂടിയ പുല്‍‌മേട്ടില്‍ വേണ്ടത്ര പോലീസ് സേനയേയോ വൈദ്യുതി സംവിധാനമോ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.


മാധ്യമ റിപ്പോര്‍ടുകള്‍ പ്രകാരം
*അപകടം നടന്ന സ്ഥലത്ത് വേണ്ടത്ര പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല
*പുല്‍‌മേട്ടിലേക്കുള്ളത് ഇടുങ്ങിയ വഴിയായിട്ടും അവിടെ വാഹനങ്ങളെ നിയന്ത്രിച്ചിരുന്നില്ല.
*പുല്‍‌മേടിനു സമീപം സ്ഥാപിച്ചിരുന്ന വനം വകുപ്പിന്റെ “ചങ്ങല” മാറ്റിയിരുന്നില്ല. ഈ ചങ്ങലയില്‍ തട്ടി ആളുകള്‍ വീണു. അവരുടെ മേലേക്ക് പുറകില്‍ നിന്നും വന്നവര്‍ ചവിട്ടി കയറി.
*ആയിരക്കണക്കിനു (അതോ ലക്ഷക്കണക്കിനോ?) ഭക്തര്‍ തിങ്ങി കൂടുന്ന ഒരിടത്ത് ആവശ്യാനുസരണം വെളിച്ചം ഉണ്ടായിരുന്നില്ല.
*ബഹുമാനപ്പെട്ട സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥലത്തില്ലെന്നും അദ്ദേഹം പാര്‍ടിയുടെ പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കുവാനായി കൊല്‍ക്കത്തയില്‍ ആണെന്നും മാധ്യമങ്ങളില്‍ നിന്നും അറിയുന്നു.


വികസനമെന്നാല്‍ കാടുവെട്ടിത്തെളിച്ച് കുറേ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടക്കലാണെന്ന ഒരു ധാരണയുണ്ട്. എന്നാല്‍ പ്രകൃതിക്ക് വലിയ തോതില്‍ ദോഷം വരുത്താത്ത രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പ്ലാസ്റ്റിക്കിന്റെ പൂര്‍ണ്ണമായ നിരോധനം പ്രവര്‍ത്തിയില്‍ തന്നെ കൊണ്ടുവരേണ്ടതുണ്ട്. സീസണ്‍ കഴിഞ്ഞാല്‍ അവിടെ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ “കടലാസില്‍” മാത്രം നീക്കം ചെയ്യാതെ സ്ഥലത്തുനിന്നും മാറ്റേണ്ടത് അവിടത്തെ ആവാസവ്യവസ്ഥിതിയെ സംരക്ഷിക്കുവാന്‍ അനിവാര്യമാണ്.

മാധ്യമങ്ങള്‍ അപകടങ്ങളെ “ആഘോഷിക്കുന്ന” തലത്തിലേക്ക് തരം താഴുന്നത് നിയന്ത്രിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അപകടം ഉണ്ടായാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ സംയമനം പാലിച്ചേതീരൂ. ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആരാദ്യം നല്‍കും എന്ന മത്സരം പുല്ലുമേട് അപകടത്തിലും കാണുവാനായി. എന്തിന്റെ പേരിലാണ് മത്സരം എന്നും എന്താണ് ഈ “ആദ്യവിഷ്വല്‍” എന്നും ആരെകാണിക്കുവാനാണെന്നും സ്വയം ചിന്തിക്കുന്നത് നന്ന്. ആളുകളുടെ മൃതശരീരങ്ങള്‍ കൂടിക്കിടക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുകയും ക്രിക്കറ്റിന്റെയോ ഫുഡ്ബോളീന്റെയോ കമന്ററി പോലെ നിര്‍ത്താതെ വായ്ത്താരി നടത്തുന്നതും പലപ്പോഴും അരോചകമായി മാറുന്നു. ക്രിക്കറ്റിന്റെ റണ്‍സ് പറയുന്ന ലാഘവത്തോടെ ആയിരുന്നു ചിലര്‍ മനുഷ്യരുടെ മരണ സംഖ്യ പറയുന്നതെന്ന് ഇടയ്ക്ക് തോന്നി. ഇവര്‍ പ്രക്ഷേപണം ചെയ്യുന്നത് ടെലിവിഷനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മുമ്പിലേക്കാണ് എത്തുന്നത്. അതില്‍ മരിച്ചവരുടെ ബന്ധുക്കളും ഉള്‍പ്പെടും. ഇത്തരം ദുരന്ത ദൃശ്യങ്ങള്‍ കാണുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടകും എന്ന് തോന്നുന്നില്ല. മനുഷ്യനെ മറ്റൊരു മനുഷ്യന്‍ മുക്കി കൊല്ലുന്നതും ആന ഒരാളെ കാലുകള്‍ക്കിടയില്‍ ഇട്ട് ചവിട്ടിക്കൂട്ടുന്നതും (തൃപ്പൂണിത്തുറയില്‍ ഉണ്ണികൃഷണന്‍ എന്ന ആന) എല്ലാം യാതൊരു മറവും ഇല്ലാതെ ചാനലുകള്‍ കാണിച്ചു.

ബോട്ടപടകത്തില്‍ ആളുകളുടെ മൃദശരീരങ്ങള്‍ എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചപ്പോളേ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നിപ്പോള്‍ ശബരിമലയില്‍ മറ്റൊരു ദുരന്തം ഉണ്ടായപ്പോളും അത്തരം ദൃശ്യങ്ങള്‍ കാണിക്കുന്ന കാര്യത്തില്‍ സംയമനം പാലിച്ചുകണ്ടില്ല. ഇനിയെന്നാണ് ഇവര്‍ ഇതില്‍ ഒരു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക?

Friday, December 31, 2010

പുതുവത്സരാശംസകള്‍

എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍.