Monday, October 30, 2006

ബസ്സ്‌ സമരത്തിന്റെടേല്‍ "ഗ്രൂപ്പുകളി..."

പരദൂഷണം പാരവെപ്പ്‌ തുടങ്ങിയ നാടന്‍ കലകള്‍ അന്യം നിന്നുപോകാതിരിക്കാന്‍ നിരന്തരം ഇടക്കിടെ നാട്ടിലുള്ള ചുള്ളന്മാരുമായും മോഹനേട്ടനുമായൊക്കെ (പുള്ളിയെ ഇനിയും ചുള്ളനായി അംഗീകരിച്ചിട്ടില്ല നട്ടുകാര്‍, മാത്രമല്ല അക്ഷരപദ്ധതിയില്‍ കക്ഷി ഇനിയും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ വിജ്ഞാനം നഹി) ഇടക്കിടെ ഈ-മെയില്വാദികള്‍ വഴി വിവരം കൈമാറാറുണ്ട്‌. നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കാതെ കഴിച്ചുകൂട്ടുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗമെന്നനിലക്കും വിവരങ്ങള്‍ കുറഞ്ഞചിലവില്‍ വിശദമായി എത്തുമെന്നതിനാലും ഒരു അനുഗ്രഹം ആയിരുന്നു ഈ-മെയില്‍. ഒരുത്തന്റെ പ്രേമം ഉണ്ടാക്കിയ പുലിവാലുമൂലം ഇനി ഈ മെയില്‍ അയക്കണേല്‍ റേഷങ്കാര്‍ഡ്‌,തിരിച്ചറിയല്‍കാര്‍ഡെന്ന പേരുള്ളതും എന്നാല്‍ അവനവനുപോലും സ്വന്തം ഫോട്ടോ തിരിച്ചറിയാന്‍ കഴിയാത്തതുമായ കാര്‍ഡും, വീടിന്റെ ആധാരം, നികുതിയടച്ച്‌ രസീത്‌,സഹകരണ ബാങ്കിന്റെ തിരിച്ചറിയല്‍കാര്‍ഡ്‌,s.s.l.c ബുക്കിന്റെ അറ്റസ്റ്റുചെയ്തകോപ്പി,തുടങ്ങി ഒരുപാട്‌ രേഖകള്‍ ഹാജരാക്കി സത്യവാങ്മൂലം നല്‍കിയാലേ ഇനി ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിക്കാനാകൂന്നാ അവന്മാര്‍ പറയുന്നെ. ഇതില്‍ എത്രമാത്രം കഴുമ്പുണ്ടെന്ന് ആര്‍ക്കറിയാം. അങ്ങിനെ ഇന്നത്തെ വിവരങ്ങള്‍ അറിയുവാനായി പ്രതിയെന്ന ചുള്ളന്റെ മൊബെയിലില്‍ രാവിലെ തന്നെ വിളിക്കുന്നു.
"അടിച്ചവന്റെ പല്ലെടുക്കെടാ.....കൂമ്പിടിച്ച്‌ കലക്കടാ...."
ഫോണില്‍ മറുതലക്കല്‍ നിന്നും ഒരു ആക്രോശം.വന്‍ ബഹളവും കേള്‍ക്കുന്നു. ഞാന്‍ ചുറ്റും നോക്കി ഇവിടെ ആരുടെ പല്ല് എടുക്കും ആരുടെ കൂമ്പിടിച്ച്‌ കലക്കും. അവനിവിടെ ആരാ ശത്രുക്കള്‍ തുടങ്ങിയ ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട്‌ എന്റെ മനസ്സിലൂടെ കടന്നുപോയി.

നാട്ടില്‍ ഇമ്മാതിരി സംഭാഷണങ്ങള്‍ പൂരങ്ങള്‍ പല്ലിപ്പെരുന്നാള്‌ തുടങ്ങിയവൗണ്ടാകുമ്പോ മാത്രമേകേള്‍ക്കാറുള്ളൂ.

"ഹലോ ആര്‍ടെ കൂമ്പിടിക്കുന്ന കാര്യാടാ" ഞാന്‍ ചോദിച്ചു.
"ഇവിടെ ബസ്സ്‌ സമരാടാ" മറുതല
"അതിനു നീയെന്തിനാ കൂമ്പിടിച്ചുകലക്കുന്നെ"
"അതെ ചക്കേമ്മെ ഈച്ചപൊതിയുന്ന മാതിരി കിട്ടിയവണ്ടിക്ക്‌ ആളുകള്‍ പൊത്തിപ്പിടിച്ച്‌ കയറി പോയ്കൊണ്ടിരിക്കാ അതിന്റെടേല്‌ ഒരു ജോസഫ്‌ ഗ്രൂപ്പുകാരന്‍."
"ബസ്സുസമരത്തിന്റെടേല്‍ ജോസഫ്‌ ഗ്രൂപ്പോ. അവര്‍ക്കെന്തോന്ന് ഇതില്‍ കാര്യം"
" ടാ മബു (മന്ദബുദ്ധിയുടെ ലോപിച്ച രൂപം) ഒരു മാമ്മന്‍ ഇമ്മടെ ഒരു ചുള്ളിയെ ഒന്ന് ഞോണ്ടി" മറുതല.
"എന്നിട്ട്‌ വേഗം പറ" ഇത്തരം കാര്യങ്ങളില്‍ ഒരു മലയാളിയുടെ ആകാംഷ എനിക്കും ഉണ്ടായി.മരുതലക്കല്‍ നിന്നും ഒരുപാടു പേരുടെ ആക്രോശം ഒരാളുടെ ദയനീയമായ ന്യായീകരണങ്ങള്‍.
"അവള്‍ ബഹളം ഉണ്ടാക്കി.ഇമ്മടെ ഗട്യോള്‍ ഇടപെട്ടപ്പോ ചുള്ളന്‍ ന്യായീകരിക്കാന്‍ നിക്കാ.നല്ല വിളക്ക്‌ വിളക്കുന്നുണ്ട്‌.. നീ പിന്നെ വിളി കുറച്ചുനാളായി ഒരുത്തനിട്ട്‌ കീറീട്ട്‌"
അവന്‍ ഫോണ്‍ കട്ടു ചെയ്തു. ഞാനാ ജോസഫ്‌ ഗ്രൂപ്പുകാരന്റെ പുറത്ത്‌ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണശേഷിയുള്ള നാട്ടുകാര്‍ പൂരം നടത്തുന്നതും ആലോചിച്ച്‌ ഇരുന്നുപോയി.
ഒപ്പം മലയാളഭാഷയില്‍ പുതിയ ഒരു പദോദയവും.

Wednesday, October 18, 2006

ബൂര്‍ഷ്വാ സ്ങ്കള്‍പ്പമല്ലെ സഖാവേ?

കേട്ട കഥ-1

തൃശ്ശൂരിലെ ഏതോ വൈകുന്നേരങ്ങളിലെ സൊറപറച്ചിലിനിടയില്‍ എന്റെ പ്രിയസുഹൃത്തും എഞ്ചിനീയറുമായ ശ്രീ ഭരതേട്ടന്‍ ഒരു കഥ പറയുകയുണ്ടായി. അതു ഓഷോ യുടെ ഒരു നര്‍മ്മകഥയാണെന്നും ഒന്നാണെന്നും ഒരു വാദമുണ്ട്‌ അറിയില്ല.

ഒരിക്കല്‍ ഒരു പ്രമുഖ താടിക്കാരന്‍ സഖാവ്‌ മരിച്ചപ്പോ സ്വാഭാവികമായും തന്റെ ദൈവനിഷേധത്തിന്റെ പേരില്‍ നരകത്തില്‍ എത്തിയത്രെ. അവിടെ ചെന്നതും അവിടത്തെ കൊടും പീഠനങ്ങളും അന്യായങ്ങളും കണ്ട്‌ സഖാവിന്റെ വിപ്ലവവീര്യം പുറത്തുചാടി. അദ്ദേഹം ഭൂമിയില്‍ താന്‍ ഉണ്ടാക്കിയ സമരങ്ങളെയും വിപ്ലവങ്ങളെയും അവിടെയും അങ്ങട്‌ തുടങ്ങാന്‍ തീരുമാനിച്ചു.

കുറച്ചാളുകളെ കൂട്ടി പൊതുയോഗം വിളിച്ചു. ജീവിച്ചിരുന്നപ്പോ ഭൂമിയില്‍ ഉണ്ടായിരുന്ന അറിയപ്പെടുന്ന പുണ്യാളന്മാര്‍ നേതാക്കന്മാര്‍ സാമൂഹികപ്രവര്‍ത്തകര്‍ ബുദ്ധിജീവികള്‍ ഒക്കെ ആയിരുന്നു കൂടുതലും. മരണശേഷം ഭൂമീലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ അവര്‍ക്ക്‌ നേരിട്ട്‌ നരകത്തില്‍ക്ക്‌ എണ്ട്രി ലഭിച്ചതാണ്‌. ആദ്യ മീറ്റിങ്ങില്‍ തന്നെ പണിമുടക്കും സമരവും പ്രഖ്യാപിച്ചു. നരകത്തില്‍ പിന്നെ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും ഒരു നീണ്ട നിര. nsrtc (നരക സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ വക ബസ്സുകള്‍ പന്തം കൊളുത്തിപ്പട അഗ്നിക്കിരയായി, കടകമ്പോളങ്ങള്‍ അടഞ്ഞു. നരകം ആകെ സ്തംബിച്ചു. ഇരിക്കപ്പൊറുതിയില്ലാണ്ടായപ്പോ നരകത്തിന്റെ ഇഞ്ചാര്‍ജുള്ള ചുള്ളന്‍ സമരക്കാരുമായി ചര്‍ച്ചക്ക്‌ തയ്യാറായി. ഒരു ഫലവും ഇല്ല. സമരക്കാര്‍ പുള്ളിയെ തടഞ്ഞു വച്ചു.. റിപ്പോര്‍ട്ടുചെയ്യാന്‍ ചെന്ന മാധ്യമക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായി. എഴുത്താളര്‍ വേറെ സമരം നടത്തി. ചുരുക്കിപ്പറഞ്ഞാ ത്രിവര്‍ണ്ണക്കാര്‍ ഭരിക്കുമ്പള്‍ത്തെ കേരളത്തിന്റെ അവസ്ഥയായി.

നരകത്തില്‍ നിന്നും മാസത്തില്‍ ഒരിക്കല്‍ റിപ്പോര്‍ട്ട്‌ സ്വര്‍ഗ്ഗത്തില്‍ നേരിട്ടെത്തിക്കുന്ന ഒരു പരിപാടിയുണ്ട്‌.റിപ്പോര്‍ട്ട്‌ ഏതാണ്ട്‌ കേരളത്തിലെ സമരദിനങ്ങളുടെ പത്രങ്ങള്‍ മാതിരി. സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായ മാലാഖയോട്‌ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നരകകാവല്‍ക്കാരന്‍ വിശദമായി പറഞ്ഞു. പുതിയതായി എത്തിയ ഒരുവന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിതൊക്കെ എന്നും അവനെ എത്രയും വേഗം ഒതുക്കാന്‍ ഒരു ഉപായം ഉണ്ടാക്കിത്തരണം എന്നും നരകകാവല്‍ക്കാരന്‍ കരഞ്ഞു പറഞ്ഞു. തല്‍ക്കാലം അവനെ ദൈവം അറിയാതെ ഒരാഴ്ച്ച ഇവിടെ പാര്‍പ്പിക്കണം എന്നും അതോടെ പ്രശ്നങ്ങള്‍ തെരുമെന്നു പറഞ്ഞു.

"ഹേയ്‌ കേട്ടടത്തോളം അതോണ്ടൊന്നും അവന്‍ നേരയാകുന്ന് തോന്നുന്നില്ല."സ്വര്‍ഗ്ഗത്തിലെ കാവല്‍ക്കാരന്‍ പറഞ്ഞു.
"തീര്‍ച്ചയായും ഇവിടെയുള്ള ഈ സുഖഭോഗങ്ങളും സുന്ദരിമാരേയും കണ്ടാല്‍ അവന്റെ വിപ്ലവം അതോടെ തീരും. ഭൂമിയില്‍ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌."
ജനങ്ങള്‍ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത്‌ ഡര്‍ഹിയിലെക്കയച്ച ചിലരുടെ ഉദാഹരണം നിരത്തി നരകത്തിന്റെ കാവല്‍ക്കാരന്‍ തെന്റെ വാദം സമര്‍ഥിച്ചു.
ഒടുവില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകും എന്ന് മനസ്സിലാക്കിയ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഒരാഴ്ച്ച ഇവിടെ നിര്‍ത്താം അതിനുള്ളില്‍ അവിടെയുള്ള മുഴുവന്‍ സമരക്കാരെയും അടിച്ചു നിരത്തിയേക്കണം.ദേ ദൈവം അറിഞ്ഞാ എന്റെ പണി പോകും, എല്ലാം നിന്റെ ഈ സങ്കടം കണ്ടിട്ടാ ഓര്‍മ്മവേണം" സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ പറഞ്ഞു.
"ശരി"
അങ്ങിനെ സഖാവ്‌ സ്വര്‍ഗ്ഗത്തില്‍ എത്തി.ഒരാഴ്ച്ചകൊണ്ട്‌ നമ്മുടെ വിദ്യാര്‍ഥികളെ അടിച്ചോതുക്കുന്നപോലെ മൃഗീയ മായ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗങ്ങള്‍ ഇടിമുറികള്‍ എന്നിവകൊണ്ട്‌ നരകത്തെ പുള്ളി ശരിപ്പെടുത്തി.
ദിവസങ്ങള്‍ പെട്ടന്നു പോയി. അടുത്തയാഴ്ച്ച മനസ്സില്ല മനസ്സോടെ നരകത്തിന്റെ കാവല്‍ക്കാരന്‍ സഖാവിനെ തിരികെ കൊണ്ടുവരാന്‍ അനുചരന്മാരുമായി പുറപ്പെട്ടു.
അവിടെ ചെന്നാപ്പ്പ്പോ ഒരു സമ്മേളനം നടക്കുന്നു. എന്താകര്യമ്ന്ന് തിരക്കി വരാന്‍ ഒരു കിങ്കരനെ വിട്ടു.കുറച്ചു കഴിഞ്ഞപ്പോ അവന്‍ തിരികെ വന്നു.
"അവിടേയ്‌ ഒരു സമ്മേളനം നടക്കുകയാ നമുക്ക്‌ പിന്നെ വരാം."

"സ്വര്‍ഗ്ഗത്തില്‍ സമ്മേളനമോ? ഇവിടെ ആട്ടവും പാട്ടും മാത്രമേ ഉണ്ടാകാറുള്ളൂ. ശരി ഞാന്‍ തന്നെ നേരിട്ടു പോയി അന്വേഷിക്കാം"
നരകത്തിനെ കാവല്‍ക്കാരന്‍ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്റെ അടുക്കല്‍ മടിച്ചുമടിച്ച്‌ എത്തുന്നു,കാരണം മറ്റേചുള്ളനെ തിരികെ ഏല്‍പ്പിക്കുമല്ലോ.
എന്തായി അവന്‍ കുഴപ്പം വല്ലതും ഉണ്ടാക്കിയോ. ദൈവം അറിഞ്ഞില്ലല്ലോ? പിന്നെ ഒരാഴ്ചകൂടെ അവിടെ കാര്യങ്ങള്‍ നേരെയാകുവാന്‍ എടുക്കും അതുവരെ അവന്‍ ഇവിടെ...നരക കാവല്‍ക്കാരന്‍ പൂര്‍ത്തിയാക്കും മുമ്പേ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കരന്റെ മറുപടി

"ദൈവോ അതൊരു ഭൂര്‍ഷ്വാ സങ്കല്‍പ്പമല്ലെ സഖാവേ"

*ദൈവനിന്ദയായി ആരും കണക്കാക്കല്ലെ. പിന്നെ ഈ കഥയിലെ സ്വര്‍ഗ്ഗവും നരകവും ഏതെങ്കിലും മതക്കരുടെ സ്വന്തം അല്ല. ഇനി അതിന്റെ മേല്‍ കുതിരകയറാനും തല്ലുണ്ടാക്കാനും നിക്കണ്ട. അതൊരു സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗവും നരകവും ആണ്‌ അതുപോലെ കഥാ പാത്രങ്ങളും.

Sunday, October 08, 2006

ഒരു ഗുനിയാ ദുസ്വപ്നം....

രണ്ടീസം പനിയുടെ ശക്തമായ ആക്രമണത്തെ ചെറുത്തുനില്‍ക്കുവാനുള്ള പോരാട്ടത്തിലായിരുന്നു ഞാന്‍.പെനഡോള്‍കൊണ്ടുള്ള പോരാട്ടം വിജയിച്ചില്ല മാത്രമല്ല ടി.വി യില്‍ ചിക്കന്‍ ഗുന്യാ ചിക്കന്‍ ഗുന്യാ ന്നുള്ള വാര്‍ത്തകളും ഉയര്‍ന്നുവരുന്ന മരണങ്ങളും കേട്ടതോടെ ഒരു വെള്ളിടി എവിട്ന്നാന്നറിയില്ല അങ്ങ്ട്‌ വെട്ടി. പിന്നെ ഒട്ടും താമസിച്ചില്ല കിട്ടിയ നമ്പര്‍ കറക്കി ഒരു കുറുമാലി കീരിയെ(അവന്‍ പുലിയാന്ന് സ്വയം വിശേഷിപ്പിക്കുമന്‍ങ്കിലും ഞങ്ങള്‍ പൊതുവേ അല്‍പ്പം ലോകവിവരം ഉള്ളവര്‍ അതിനോട്‌ തീരെ യോജിക്കാറില്ല,കുറുമാലീന്ന് നേരെ നെടുമ്പാശ്ശേരി-ഗള്‍ഫിലെ എയര്‍പ്പോര്‍ട്ട്‌. പിന്നെ ഓഫീസ്‌ ടു ഫ്ലാറ്റ്‌ താഴത്തെ കോള്‍ഡ്സ്റ്റോര്‍ അത്ര തന്നെ,അവന്റെ കൂടെ ജോലി ചെയ്യുന്ന അറബികള്‍ ജീവിക്കാന്‍ വേണ്ടി ഇപ്പോ മലയാളം വരെ പഠിച്ചെന്നാണ്‌ പാരമൊഴി)കൂട്ടി അടുത്തുള്ള ആശൂത്രീല്‍ക്ക്‌ തെറിച്ചു. അവിടെ നേഴ്സ്മാരോട്‌ സൗഹൃദം സ്ഥപിക്കുന്ന തിരക്കില്‍ അവനെന്റെ കാര്യം മറന്നു.

ഡോക്ടറുടെ മുന്നില്‍ അവശനായി പ്രത്യ്ക്ഷപ്പെട്ട എന്നെ നേഴ്സ്‌ പനിപരിശോധിക്കാനും പ്രഷര്‍ ചെക്കുചെയ്യാനും സഹായിച്ചുകൊണ്ടിരുന്നു.ഇതിനിടയില്‍ "ഇത്‌ സാധാരണ ഉള്ള പനിയാന്നേ, പേടിക്കാനൊന്നുമില്ലന്നേ" എന്ന തെക്കന്‍ സ്ലാങ്ങില്‍ ഒരു ആശ്വസിപ്പിക്കലും.

"റെസ്റ്റെടുക്കണം പിന്നെ തണുത്തവെള്ളം, കോഴിമുട്ട ഇവ ഒഴിവാക്കണം" തുടങ്ങിയ പതിവ്‌ ഉപദേശങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കുറിച്ച സ്ലിപ്പിനോടൊപ്പം കിട്ടി.

"സാര്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൂടെ വേണം" എന്റെ അപേക്ഷ കേള്‍ക്കേണ്ട താമസം അതും എഴുതിത്തന്നു. ഒരു വേള നാട്ടിലെ ആശൂത്രീം ഡോക്ടറുടെ മുഖത്ത്‌ മെഡിക്കല്‍ ലീവ്‌ എഴുതിത്തരാനുള്ള മടിയും തുടര്‍ന്ന് മേശയില്‍ വെക്കുന്ന അമ്പതിന്റെ നോട്ടും മനസ്സില്ലാമനസ്സോടെ പുള്ളി മെഡിക്കല്ലീവ്‌ ലെറ്ററില്‍ എഴുതി സൈഞ്ചെയ്യുന്ന രംഗവും എല്ലാം ഓര്‍ത്തുപോയി.
"ഹേയ്‌ ഡോണ്ട്‌ വറി, ഇറ്റ്‌ ഈസ്‌ നോര്‍മല്‍.....കൂടുതല്‍ ചിന്തിക്കാനൊന്നും ഇല്ല പെട്ടെന്ന് ശര്യാവും" പുള്ളിക്കാരന്‍ ആംഗലേയത്തില്‍ ആശ്വസിപ്പിച്ചു. എനിക്കുപറയാമ്പറ്റോ ഞാന്‍ നാട്ടിലെ ആശൂത്രീടെ കാര്യം ആലോചിച്ചോണ്ടിരിക്കാന്നും താങ്കള്‍ വിചാരിക്കുന്ന പോലല്ല അതൊന്നും ഒരിക്കലും നേരെയാവില്ലാന്നു.



പുറത്തിറങ്ങി നോക്കുമ്പോ കുറുമാലിക്കാരന്റെ പൊടിപോലുമില്ല.തിരക്കിനിടയില്‍ മൊബെയില്‍ എടുക്കാനും മറന്നതിനാല്‍ ഒന്ന് വിളിക്കാനും പറ്റില്ല. പിന്നെ ആസ്പത്രി മുഴുവന്‍ അവനെ പേരെടുത്തു വിളിച്ച്‌ നടക്കാന്തക്ക ശേഷി തോണ്ടക്കില്ലാത്തതിനാലും നിശ്ശബ്ദത പാലിക്കുക എന്ന് മലയാളത്തിലും ഇംഗ്ലീഷിലും മാത്രം എഴുതിവെച്ചിട്ടുള്ളതിനാലും തിരികെ പോരാന്‍ ഒരു ടാക്സിവിളിക്കേണ്ടി വന്നു.

ഫ്ലാറ്റില്‍ ഏത്തിയപാടെ ഡോക്ടര്‍ അനായാസമായി എഴുതുകയും മെഡിക്കല്‍ഷോപ്പുകാരന്‍ തപ്പിയെടുത്ത്‌ തന്നതുമായ ഒരു നട മരുന്നടിച്ചുകിറുങ്ങി ഏതാണ്ട്‌ പകുതി ബോധത്തോടെ കിടപ്പായി.അപ്പോള്‍ കണ്ടത്‌ സ്വപ്നാനാണോ സത്യാണോന്നറിയില്ല അത്‌ ഏതാണ്ടിങ്ങനെ ഒക്കെ ആയിരുന്നു.
ടിവിയില്‍ വീണ്ടും ചിക്കന്‍ ഗുന്യാ ഗുന്യാ ന്നുള്ള വാര്‍ത്തയും ചര്‍ച്ചയും പിന്നെ മിന്നിമറയുന്ന ദൃശ്യങ്ങളും. റിപ്പോര്‍ട്ടര്‍ ആശൂത്രീടെ മുമ്പിലും കൊതുകുകളുടെ സംസ്ഥന സംഘടനാ പ്രതിനിധി ആലപ്പുഴസ്റ്റുഡിയോയിലും,കോഴിക്കോട്ടുനിന്നും കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഒരാള്‍ പിന്നെ ഏതോ രാഷ്ട്രീയ പര്‍ട്ടിയുടെ നേതാവ്‌ ഗുനിയാ ബധിതപ്രദേശത്തെ നാട്ടുകാരന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലുമായുള്ള ചര്‍ച്ച തുടരുന്നു.

സാംസക്കാരിക നായകന്‍" ഇത്‌ ലോക കമ്പോള ശക്തികള്‍ എല്ലായിടത്തും പിടിമുറുക്കുന്നതിന്റെ ഒരു ഭാഗമാണെന്നേ ഞാന്‍ കാരുതുന്നുള്ളൂ. ആലപ്പുഴയേക്കുറിച്ച്‌ പറഞ്ഞാല്‍ ആഭാഗങ്ങളില്‍ നിന്നും ഒരുപാട്‌ സാംസക്കാരിക വളര്‍ച്ച ആധുനിക കേരളത്തിനുണ്ടായിട്ടുണ്ട്‌ അതിനെ തകിടം മറിക്കുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.ഇതിന്റെ ഒരു മറുവശം കൂടെനാം കാണേണ്ടതുണ്ട്‌ ഇത്തരം പകര്‍ച്ചവ്യാധികള്‍ പലപ്പോഴും മികച്ച സാഹിത്യ രചനകള്‍ക്ക്‌ ഇടയാകാറുണ്ട്‌.ഉദാഹരണമായി "ലൗ ഇന്ത കോളറാ ടൈം" എന്നപോലെ ലൗ ഇന്ത ഗുനിയാടൈം ഒരു കവിതാസമാഹാരത്തെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കയാണ്‌."ചില വരികള്‍ ചൊല്ലാന്‍ തുടങ്ങുന്നു...

"മിസ്റ്റര്‍ താങ്കളിലേക്ക്‌ തിരിച്ചുവരാം ഇപ്പോള്‍ ഗുനിയാ പരത്തുന്ന കൊതുകുകളുടെ ആലപ്പുഴയിലെ ഏരിയാ നേതാവ്‌ ലൈനിലുണ്ട്‌.

"ഹലോ മിസ്റ്റര്‍ ഗുന്യാ താങ്കള്‍ക്ക്‌ കേള്‍ക്കാമോ?"
'കേള്‍ക്കാം"
"എന്തുകൊണ്ടാണ്‌ ഇങ്ങനെ തുടരെ തുടരെ നിങ്ങള്‍ ഒരു പ്രത്യേക ജില്ലയെ ലക്ഷ്യം വെച്ച്‌ വിവിധ തരത്തില്‍ ആക്രമണം നടത്തുന്നത്‌? എന്താണ്‌ ഇപ്പോഴത്തെ ആക്രമണത്തിനു കാരണം?"

"ടൂറിസത്തിനു അനുകൂലമായ സ്ഥലത്തൊക്കെ രോഗം പരത്തുക എന്നത്‌ ഞങ്ങളും രോഗാണുക്കളുടെ ആഗോള കമ്പനിയുമായുള്ള ഉടമ്പടിയുടെ ഭാഗമാണ്‌. ഞങ്ങള്‍ക്കതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല.കരാര്‍ ലംഘിച്ചാല്‍ അതു കനത്ത സാമ്പത്തിക ബാധ്യതയാണ്‌ വരുത്തിവെക്കുക"

"ശ്രീ മുക്കന്‍ കൊതുകുകളുടെ പ്രധിനിധി പറയുന്നു അവര്‍ രോഗാണുക്കളുടെ കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ ഇത്ര പേരില്‍ രോഗം പരത്തണമെന്ന്.ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്താണ്‌ നിങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ പറയാനുള്ളത്‌"

"ഒരിക്കലും നീതീകരിക്കന്‍ പറ്റാത്ത കാര്യമാണവര്‍ പറയുന്നത്‌. അവര്‍ ആക്രമണം ഉടന്‍ നിര്‍ത്തിവെക്കണം. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയായിരിക്കും അധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാവുക"

സാംസ്ക്കാരികനായകന്‍:"ഞങ്ങള്‍ ഗുനിയാക്കെതിരായി കോഴിക്കോട്‌ ഒരു കവിയരങ്ങും സാംസ്ക്കാരിക സമ്മേളനവും നടത്തും. ഇവിടെ സാമ്രാജ്യത്വ ശക്തികളുടെ ചട്ടുകമായ ഗുനിയായാണിതിനെല്ലാം കാരണം"

"ശ്രീ ഗുന്യാ താങ്കള്‍ കേട്ടുവല്ലോ ശക്തമായ നടപടികള്‍ ആണ്‌ നിങ്ങള്‍ക്ക്‌ നേരെ ഉണ്ടാവുക എന്നാണ്‌ മറുവിഭാഗത്തിന്റെ താക്കീത്‌.നിങ്ങളാണിതില്‍ പ്രതിസ്ഥനത്ത്‌ എന്നാണിവര്‍ ആരോപിക്കുന്നത്‌. എന്താണ്‌ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം?"

"ഞങ്ങളുടെ എത്ര കൊതുകുകളെ ഇവര്‍ക്ക്‌ പ്രതികളാക്കാനും പിടികൂടാനോ കൊല്ലാനോ പറ്റി? ഞങ്ങളോ അതോ ഇതിനെതിരെ നടപടി എടുക്കേണ്ട അധികൃതരോ ആരാണ്‌ കുറ്റക്കാര്‍ എന്ന് വളരെവ്യക്തമാണ്‌. ഇവിടെ ഞങ്ങളെ സമ്പന്തിച്ചേടത്തോളം വളരെ സുരക്ഷിതമായ ഒരു മേഘലയാണ്‌. പിന്നെ ഇവര്‍ പറയുന്ന നടപടിയൊക്കെ വെറുതെ പത്രങ്ങളിലും ടിവി വാര്‍ത്തകളിലും ഒതുങ്ങും. നിങ്ങള്‍ നേരത്തെ കാണിച്ച ദൃശ്യങ്ങളില്‍ നിന്നുതന്നെ അവിടത്തെ ആശുപത്രികളുടെ സ്ഥിതി മനസ്സിലാക്കാവുന്നതാണ്‌.ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം നിരവധി പേര്‍ മരിക്കുകപോലും ചെയ്തിട്ടും അധികൃതര്‍ ഞങ്ങളുടെ പ്രവര്‍ത്തനംകൊണ്ടാണ്‌ മരണം എന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഭീഷണികളോ മറ്റു നടപടികളോ ഞളുടെയടുത്ത്‌ വിലപ്പോകില്ല മാത്രമല്ല മറ്റു ചില വൈറസ്സുകളുമായി ഞങ്ങള്‍ ഇതിനിടയില്‍ കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇതുകഴിഞ്ഞിട്ടുവേണം അടുത്ത ആക്രമണം തുടങ്ങാന്‍. ഇതിനു വേണ്ട എല്ലാ സഹകരണവും ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളില്‍ നിന്നും ഉണ്ടാവു എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌."


ഇതിനിടയില്‍ ഒരു കക്ഷി ഇടപെടുന്നു
"ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറയാനുള്ളത്‌ നിങ്ങള്‍ ഞങ്ങള്‍ സാധാരണക്കാരെ ആക്രമിക്കാതെ ഇതിനുത്തരവാദിത്വപ്പെട്ടവരെ ആക്രമിക്കണമെന്നതാണ്‌.ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍"

"ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എന്താണ്‌ നിങ്ങളുടെ മറുപടി"

തുടര്‍ന്ന് ഗുന്യായുടെ മറുപടി

"അവരെ നിങ്ങളാണ്‌ ശമ്പളംകൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്നത്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. മാത്രമല്ല അവരുടെ അനാസ്ഥ തുടര്‍ന്നില്ലേല്‍ അത്‌ ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബധിക്കും.പിന്നെ തിരിയെക്കുറിച്ച്‌ അവര്‍ കൃത്യമായി ഞങ്ങള്‍ക്ക്‌ റൊയല്‍റ്റിതരുന്നുണ്ട്‌.ഈയ്യിടെ ചൈ..ക്കാരുടെ ഒരു തിരിസംഘം ഇവിടെ വന്നിരുന്നു,ഞങ്ങള്‍ ചില നിര്‍ദ്ധേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌ മിക്കവാറും ഇരു പക്ഷത്തിനും ദോഷമുണ്ടാക്കാത്തരീതിയിലുള്ള തിരികള്‍ ഉടന്‍ വിപണിയില്‍ ഇറങ്ങും "

"എന്താണീ ഇരുപക്ഷത്തിനും ദോഷം ഉണ്ടാകാത്തരീതിയില്‍ ഉള്ള തിരികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? ഒന്ന് വ്യക്തമാക്കാമോ?"

"വിപണിയില്‍ വന്തോതില്‍ വിറ്റഴിക്കാവുന്നതും എന്നാല്‍ ഞങ്ങള്‍ കൊതുകുകള്‍ക്ക്‌ ആരോഗ്യപ്രശ്നം ഉണ്ടാക്കാത്തതും നാട്ടുകാര്‍ക്ക്‌ ആരോഗ്യശ്നങ്ങള്‍ ഉണ്ടാക്കുന്നതുമ്മായ തിരികള്‍. കൂടാതെ ഇത്തരം തിരികള്‍ ഉണ്ടാക്കുന്ന പുതിയ രോഗങ്ങള്‍ പുതിയമരുന്നുകള്‍ക്ക്‌ വിപണിയൊരുക്കുന്നതും ആയിരിക്കണം."

"എന്താണ്‌ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. ഇത്‌ ആരോഗ്യരംഗത്തു നിലനില്‍ക്കുന്നു എന്ന് കരുതാവുന്ന ഒരു വലിയ മാഫിയായുടെ രൂപം വ്യക്തമാക്കുകയാണൊ?"

"അതു നിങ്ങള്‍ മാധ്യമക്കാരുടെ സ്ഥിരം പ്രയോഗമാണെന്നെ പറയാനൊക്കൂ.കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതിര്‍ക്കുകയും ചെയ്യാത്തിടത്തോളം ഇത്തരം കാര്യങ്ങള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കും"

"ശ്രീ വിക്കന്‍, മിസ്റ്റര്‍ ഗുന്യായുടെ പുതിയ വെളിപ്പെടുത്തല്‍ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?"

"തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഞങ്ങളും ഗുന്യായുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. വിലകുറഞ്ഞ തിരികള്‍ വരട്ടെ ഇക്കാര്യത്തില്‍ കേന്ദ്രസഹായം ഉടന്‍ വേണം ഇവിടത്തെ സാധാരണക്കാര്‍ക്ക്‌ റേഷങ്കടവഴി തിരി സബ്സീഡിയോടെ നല്‍കണം.വിദേശകമ്പനികളുടെ പുതിയ പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കണം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒരു സംഘത്തെ വിദേശത്തേക്കയക്കണം എന്നാണെന്റെ അഭിപ്രായം. തന്നെയുമല്ല നിങ്ങള്‍ കൊതുകുകള്‍ പുതിയ വൈറസ്സുകളേയും അതിന്റെ മരുന്നുകമ്പനികളേയും ഉടന്‍ ഇന്റ്രൊഡ്യൂസ്‌ ചെയ്യണം"

സാംസ്ക്കാരികപ്രവര്‍ത്തകന്‍: "ഇത്‌
ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ശക്തമായ ഒരു സാംസ്കാരിക ജനകീയ ഗുനിയാവിരുദ്ധ കൂട്ടായ്മയുടെ അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എന്റെ പുതിയകവിതയില്‍ ഇതേക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌....

പ്രതിഷേധക്കാരുടേം പ്രസ്ഥാവനക്കാരുടേം വിവിധ ദൃശ്യങ്ങള്‍.

"നന്ദി ശ്രീ... മിസ്റ്റര്‍ ഗുനിയാ മിസ്റ്റര്‍ മുക്കന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്‌.നമ്മള്‍ക്ക്‌ സമയപരിമിതി ഉള്ളതിനാല്‍ ഈ ചര്‍ച്ച ഇവിടെ വച്ച്‌ നിര്‍ത്താം. തീര്‍ച്ചയായും ഞങ്ങളും മനസ്സിലാക്കുന്നത്‌ അഥവാ മനസ്സിലാക്കാന്‍ കഴിയുന്നത്‌ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാത്ത ഒരു സംവിധാനം നിലനില്‍ക്കുന്നിടത്തൊക്കെ നിങ്ങള്‍ക്കെല്ലാം വിജയിക്കാനാകും എന്നാണ്‌."


എന്റെ മനസ്സില്‍ ഗുന്യായുടെ ഭീതി മെല്ലെമെല്ലെ വര്‍ദ്ധിക്കാന്‍ തുടങ്ങി.കാരണം മറ്റൊന്നുമല്ല കഴിഞ്ഞയാഴ്ച കല്യാണത്തിനു നാട്ടില്‍പോയ പോളിനെ ഫോണ്‍ വിളിച്ചതിന്റന്നു രാത്രിയിലാണ്‌ എനിക്ക്‌ പനി തുടങ്ങിയത്‌. ഇനി ഫോണിലൂടങ്ങാണ്‍ ഗുന്യാ വരോ? പിന്നെം ചില രംഗങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. വീട്ടുകാര്‍ എന്റെ എല്‍ ഐ സീടെ പോളിസി പുതുക്കീട്ടുണ്ടാവോ? ഇനി പുതുക്യാതന്നെ കാശുകിട്ടാന്‍ എത്രകൊല്ലം ഒരോരോ ഓഫീസു കയറി ഇറങ്ങേണ്ടിവരും എന്നൊക്കെ. ഇതിനിടയില്‍ എപ്ലോ എന്റെ ഉണ്ടായിരുന്ന ബോധംകൂടെ പോയി.

പിന്നെ ഏതാണ്ട്‌ ഉച്ചയോടെ നമ്മുടെ കുറുമാലി ചുള്ളന്‍ നേഴ്സുമാരുമായുള്ള ബ്ലോഗ്ഗിങ്ങും കമന്റ്സും കഴിഞ്ഞ്‌ കുറച്ച്‌ ഫ്രൂട്സുമായി എത്തി എന്നെ വിളിച്ചുണര്‍ത്തിയപ്പ്പ്പോഴാണ്‌ ഞാന്‍ ജീവനോടെ ഇരിപ്പുണ്ടെന്ന് അറിയുന്നെ.



*ആരേയും കളിയാക്കാനോ അല്ലെങ്കില്‍ ദുരന്തത്തെ പരിഹാസപൂര്‍വ്വം കാണാനോ അല്ല മറിച്ച്‌ ചിക്കന്‍ ഗുന്യാബാധിച്ച്‌ ആളുകള്‍ മരിക്കുന്നത്‌ തുടരുകയും എന്നാല്‍ അധികൃതര്‍ക്ക്‌ ഇതിനെ ഇതുവരെ എന്തുകൊണ്ട്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ചിന്തിക്കേണ്ടവിഷയമാണ്‌.സംഭവത്തെ ഇത്രയും മോശമായ രീതിയിലേക്ക്‌ എത്തിച്ച നിരുത്തരവാദപരമായ സംവിധാനത്തോടുള്ള എതിര്‍പ്പാണ്‌ അല്‍പ്പം വൈകിയാണെങ്കിലും കുറിപ്പിടുവാന്‍ കാരണം.അധികൃതര്‍ തുടക്കത്തില്‍ തന്നെ വേണ്ട മുങ്കരുതല്‍ സ്വീകരിക്കാഞ്ഞതെന്തെ? ഇവര്‍ മനുഷ്യജീവനെ വളരെ നിസ്സാരമായിട്ടാണോ കാണുന്നത്‌?

Sunday, October 01, 2006

രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്യുന്നില്ല?

ഓരോദിവസവും കേരളം ഉണരുന്നത്‌ കടക്കെണിയില്‍പെട്ട കര്‍ഷകരുടേയോ ചെറുകിട വ്യാപാരി/വ്യവസായിയുടേയോ വിദ്യാര്‍ഥികളുടേയോ ആത്മഹത്യാ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്‌.എന്നാല്‍ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തതായി വാര്‍ത്തകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. (അടുത്ത കാലാത്ത്‌ ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട്ടില്‍ ഏതെങ്കിലും "രാഷ്ട്രീയ കൃീഷിക്കാരന്‍" ആത്മഹത്യ ചെയ്തിട്ടില്ല)കേരളത്തില്‍ എന്തുകൊണ്ട്‌ അധ്വാനിച്ച്‌ ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാനാകാതെ ആത്മഹത്യ ചെയ്യുകയും എന്നാല്‍ പ്രത്യേകിച്ച്‌ തൊഴിലോ "പ്രത്യക്ഷത്തില്‍" വരുമാനമോ ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളികളും രാഷ്ട്രീയവ്യാപാരികളും ആത്മഹത്യ ചെയ്യുന്നില്ല എന്നത്‌ ചിന്തിക്കേണ്ട ഒരു വിഷയമാണ്‌പ്രത്യേകിച്ച്‌ തൊഴില്‍ ഒന്നും ഇല്ലാത്ത ഇന്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക്‌ ആര്‍ഭാടകരമായജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ എങ്ങിനെ സാധിക്കുന്നു. തിരഞ്ഞെടുപ്പു പരാജയങ്ങളും സ്ഥാനമാനങ്ങള്‍ നഷ്ട്ടപ്പെടുന്നതൊന്നും ഇവര്‍ക്ക്‌ ആത്മഹത്യാ കാരണങ്ങള്‍ ആകുന്നില്ല, എന്നാല്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോഴും ബിസിനസ്സിലും കൃഷിയിലും പരാജയം ഉണ്ടാകുമ്പോഴും ഇവിടെ മനുഷ്യര്‍ ജീവനൊടുക്കുന്നു. എന്താണ്‌ വിചിത്രമായ ഈ സമസ്യക്ക്‌ കാരണം?ചില പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ചെറിയ ഒരു തുക ശമ്പളമായി നല്‍കുന്നു എന്നത്‌ നേരുതന്നെ, എന്നാല്‍ അത്‌ അത്ര വലിയ ഒരു തുകയൊന്നും അല്ല.അപ്പോള്‍ അഴിമതിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടേയും വന്തോതില്‍ സമ്പത്താര്‍ജിക്കുവാനുള്ള ഒരു വേദിയായി തീര്‍ന്നിരിക്കുന്നു എന്ന് വ്യക്തം.


ഒരുകാലത്ത്‌ സേവനം മാത്രം ലക്ഷ്യമാക്കിയിരുന്നവര്‍ ആയിരുന്നു ഈരംഗത്തേക്ക്‌ കടന്നുവന്നിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം ഒരു തൊഴില്‍ മേഘലയായും ബിസിനസ്സായും അധ്‌:പതിച്ചിരിക്കുന്നു എന്നുകരുതിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല..സമീപകാലത്തെ ചില പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എടുത്തുനോക്കിയാല്‍ ഇതിന്റെ ഭീകരമായ സത്യാവസ്ഥ വെളിവാകും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സമൂഹത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയും കാണിക്കാതെ ചിലവ്യക്തികളുടെ താല്‍പര്യാര്‍ഥം രാജിവെക്കുകയും മറ്റൊരു പ്രസ്ഥാനവുമായി രംഗത്തുവരികയും ചെയ്യുന്നു. തങ്ങളെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ ചിലവിട്ട നികുതിപ്പണത്തേക്കുറിച്ചോ ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ച വിശ്വാസത്തേയും ഉത്തരവാധിത്വത്തേയും കുറിച്ചോ ചിന്തിക്കാതെ ഇത്തരം ഒരു തീരുമാനം എടുക്കുകയും ആവ്യക്തിയോടുള്ള കൂറിനേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തെ വെല്ലുവിളിക്കുകയല്ലെ ചെയ്യുന്നത്‌. കേവലം ഒരു വര്‍ഷംകൊണ്ട്‌ പുതിയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ച്‌ പഴയ സ്ഥലത്തേക്കുതന്നെ തിരികെ വരുന്നവര്‍ക്ക്‌ പഴയ സ്ഥാനമാനങ്ങളോാടെ തിരിച്ചെടുക്കുവാന്‍ തയ്യാറായാല്‍ അത്‌ അതിലും വലിയ അപരാധമെന്നേ പറയാനൊക്കൂ. ഇത്തരക്കാരെ യാതൊരു കാരണവശാലും തികെ എടുക്കാതിരിക്കുകയോ അല്ലെങ്കില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവധിക്കുയോ ആണ്‌ നേതാക്കന്മാര്‍ ചെയ്യേണ്ടത്‌.

പഴയ പ്രസ്ഥാനത്തെയും അവരുടെ ഭരണത്തിന്റെ പോരായമകളേയും കേരളമൊട്ടുക്ക്‌ വിമര്‍ശിച്ചു നടന്നവര്‍ ഏതാനും നാളുകള്‍ക്കകം പുതിയപ്രസ്ഥനം വിട്ട്‌ യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പഴയപ്രസ്ഥാനത്തെ പുകഴ്ത്തിക്കൊണ്ട്‌ നമുക്കിടയിലേക്ക്‌ വരുമ്പോള്‍ സ്വയം ചിന്തിക്കുക നമ്മള്‍ എന്തിനിവരെ ചുമക്കണം. സംഘടന വിടുമ്പോള്‍ അതില്‍ ഉള്ളവര്‍ക്കെതിരായി കോടികളുടെ അഴിമതി ആരോപണങ്ങള്‍ ആണ്‌ ഇക്കൂട്ടര്‍ നടത്തുക. പിന്നീട്‌ തിരികേവരുമ്പോള്‍ അത്‌ അന്ന് തങ്ങളുടെ നേതാവിന്റെ സമ്മര്‍ദ്ധം മൂലം നടത്തിയ പരാമര്‍ശങ്ങള്‍ ആണെന്ന് തിരുത്തിപ്പറയുമ്പോള്‍ ഇത്തരക്കാരുടെ വാക്കുകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌. ഒരു പൊതു പ്രവര്‍ത്തകന്‍ കേവലം ഒരു ചട്ടുകം മാത്രമായി വര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ എന്ത്‌ ആദര്‍ശം എന്ത്‌ സത്യസന്ധത ! നാളെ മറ്റൊരാളുടെ "രാഷ്ട്രീയ കമ്പനിയില്‍" ചേക്കേറുമ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കില്ലെ?

"അവസരവാദത്തിന്റെ" കലയാണ്‌ രാഷ്ട്രീയം എന്ന വാചകത്തെ വേദവാക്യമായി കരുതുന്നവര്‍ക്ക്‌ ആദര്‍ശവും അവസരങ്ങള്‍ക്കനുസരിച്ച്‌ മാറ്റുവാന്‍ യാതൊരു മടിയും ഇല്ലാ എന്ന് തിരിച്ചറിയുക. ഇത്തരക്കാരുടെ സമൂഹത്തോടുള്ള പതിബദ്ധത എത്രമാത്രമെന്ന് സ്വയം ചിന്തിക്കുക.

അടുത്തകാലത്തെ ചില രാഷ്ട്രീയ നാടകങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നതായി തോന്നി.കേവലം വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍ നിറുത്തി ചിലര്‍ നടത്തുന്ന വിട്ടുപോകലും തിരികെ വരലും ഇത്രയധികം സമയം ന്യൂസില്‍ ചര്‍ച്ച്‌ ചെയ്യേണ്ടതുണോ? ജനങ്ങളുമായി ബന്ധപ്പെട്ട എന്റെങ്കിലും വിഷയങ്ങള്‍ ആണോ ഇത്തരക്കാരുടെ "നാടകങ്ങളുടെ" അടിസ്ഥാനം അല്ലെന്നിര്‍ക്കെ ജനങ്ങളും മാധ്യമങ്ങളും ഇത്തരക്കാരെ തള്ളിക്കളയുകായാണ്‌ വേണ്ടിയിരുന്നത്‌. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ബന്ധുക്കളുടേയും ആസ്ഥി പരിശോധിക്കുവാന്‍ "കുറ്റമറ്റ" സംവിധാനം ഉണ്ടായേതീരൂ. അതിനായി ഉദ്ധ്യോഗസ്ഥ-ജനകീയ അന്വേഷണ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. നിലവിലുള്ള സംവിധാനങ്ങളെ ഭരിക്കുന്നത്‌ രാഷ്ട്രീയനേതൃത്വങ്ങള്‍ ആണെന്നിരിക്കെ ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനമാണിനി വേണ്ടത്‌. ഇപ്രകാരം ഉള്ള അന്വേഷണത്തില്‍ കണ്ടെത്തുന്ന അനധികൃത സ്വത്തുക്കള്‍ ഖജനാവിലേക്ക്‌ കാലതാമസം ഒട്ടും ഇല്ലാതെ കണ്ടുകെട്ടുകയും വേണം. ഓരോ വ്യക്തിയും സ്ഥാനാര്‍ഥികളായി നില്‍ക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുപ്പുകമ്മീഷനു മുമ്പാകെ വരുമാനവും സ്വത്തുവിവരങ്ങളും പ്രഖ്യാപിക്കുക ആവശ്യമാണല്ലോ അതുപോലെ അവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഒഴിയുമ്പോളും സ്വത്തുവിവരം പ്രഖ്യാപിക്കുന്ന രീതി കൊണ്ടുവരേണ്ടിയിരിക്കുന്നു.വിവിധ പ്രസ്ഥാനങ്ങള്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളക്കുന്ന "തകര" കളെ സ്ഥാനാര്‍ഥികളാക്കി ജെയിപ്പിക്കാറുണ്ട്‌. ഇതിനു തടയിടുവാന്‍ ജനങ്ങള്‍ തന്നെ തീരുമാനിക്കണം. ഇത്തരം പേയ്‌മന്റ്‌ സീറ്റുകളില്‍ ജയിക്കുന്നവര്‍ക്ക്‌ യാതൊരു വിധ പ്രവര്‍ത്തിപരിചയവും ഇല്ലാ എന്നിരിക്കെ ഒരു ജനപ്രധിനിധി എന്ന നിലയില്‍ എന്താണിവരില്‍ നിന്നും നാം പ്രതീക്ഷിക്കുക.സമൂഹത്തെ ഒരേസമയം ചൂഷണം ചെയ്യുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന വരെ തിരിച്ചറിയുകയും തള്ളിക്കളയുകയും ആണ്‌ ജനങ്ങള്‍ ചെയ്യേണ്ടത്‌. നമ്മളുടെ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കേണ്ട നികുതിപ്പണത്തില്‍ നിന്ന് ഇവര്‍ക്ക്‌ ശമ്പളമായും ബത്തകളായും പിന്നീട്‌ പെന്‍ഷനായും നമ്മള്‍ തന്നെ നല്‍കണം എന്നത്‌ മറന്നുകൂടാ.

രാഷ്ട്രീയം ചെറുകിട വ്യവസായമായി കൊണ്ടു നടക്കുന്നവര്‍ തട്ടിക്കൂട്ടുന്ന ബ്രാക്കറ്റ്‌ പ്രസ്ഥാനങ്ങള്‍ ചില സമുദായപിന്തുണയോടെ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി അവരുടെ സഹായത്താല്‍ ജനപ്രധിനിധികളെ ഉല്‍പ്പാദിപ്പിക്കുന്നു. പിന്നീട്‌ ഇവര്‍ മന്ത്രിസ്ഥാനങ്ങളും മറ്റും നേടിയെടുത്ത്‌ കൊഴുക്കുന്നു.ഭരണം നിലനിര്‍ത്താന്‍ തങ്ങള്‍ അനിവാര്യമാണെന്ന് നിലവന്നാല്‍ പിന്നെ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്ക്‌ നാം നിരവധി തവണ സാക്ഷ്യം വഹിച്ചതും അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതും ആണല്ലോ?

അര്‍ഹമായ പ്രാധിനിധ്യം ലഭിച്ചില്ല എന്ന് പറഞ്ഞു വിവിധ സമുദായ സംഘടനകള്‍ പ്രസ്ഥാവനയിറക്കാറുണ്ട്‌, ഒരു പൊതുപ്രവര്‍ത്തകന്‍ ജാതിമതാതീതനായി ജനങ്ങളെ സേവിക്കുവാന്‍ സദാ സന്നദ്ദനാണെന്ന പൊതു തത്വം വച്ചുനോക്കിയാല്‍ പിന്നെ എന്തിനാണീ സാമുദായിക പരിഗണന വച്ചുള്ള സ്ഥാനമാനങ്ങള്‍ പങ്കിടല്‍.അപ്പോള്‍ സ്വാഭാവികമായും ഓരോ സമുദായവും സ്പോണ്‍സര്‍ ചെയ്യുന്നവര്‍ അതതു സമുദായത്തിനനുകൂലമായ നിലപാടുകള്‍ എടുക്കുവാന്‍ ബാധ്യസ്ഥനാകുന്നു. ഇത്തരത്തില്‍ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം നല്‍കുമ്പോള്‍ അതു മറ്റുവിഭാഗങ്ങള്‍ക്കെതിരകുന്നതോ പൊതു സമൂഹത്തിനു ദോഷം വരുന്നതോ ആയിരിക്കുമല്ലോ? സ്വാഭാവികമായും ഇവിടെ സാമൂഹിക നീതി ഇല്ലാതക്കപ്പെടുന്നു.


ഇതേക്കുറിച്ച്‌ ഒരു സജീവ ചര്‍ച്ചയും ജനങ്ങള്‍ക്ക്‌ ഒരു അവഭോധവും വേണമെന്നത്‌ അത്യാവശ്യമാണ്‌ന്ന് തോന്നുന്നു.