Friday, April 27, 2007

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.

അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്‌,നെയ്തലക്കാവ്‌,കാരമുക്ക്‌,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട്‌ ഏതാണ്ട്‌ നാലേമുക്കാലിനാണ്‌ ആന ഓടിയത്‌. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്‌.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ്‌ ആന ഓടിയിരുന്നത്‌.(ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച്‌ പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട്‌ ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച്‌ പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത്‌ നിയന്ത്രിക്കുവാന്‍ കഴിയാത്തത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്‌.ഇവിടേയും ഇതു തന്നെയാണ്‌ നടന്നിരുന്നത്‌.


ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ്‌ വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്‌.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത്‌ പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട്‌ ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.


"ഇതിലെന്തോ തരികിടയുണ്ട്‌ അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ്‌ പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്‌.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)

Thursday, April 26, 2007

ഉഷാറില്ലാത്ത തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്‌.

വടക്കും നാഥന്റെ ആകാശത്ത്‌ കാണികളെ കോരിത്തരിപ്പിക്കുന്ന സാമ്പിള്‍ വെടിക്കെട്ട്‌ ഇത്തവണ പക്ഷെ ചില പൂരം കലക്കികളുടേയും മറ്റും ഇടപെടല്‍ മൂലം തണുപ്പനായിപ്പോയി.ഇന്ന് ഏഴുമണിയോടെ ആദ്യം വടക്കു ഭാഗത്താണ്‌ (പാറേമേക്കാവാണോ തിരുവമ്പാടിയാണോ എന്ന് അറിയില്ല) അമിട്ടുകള്‍ ആകാശത്തേക്ക്‌ കുതിച്ച്‌ വര്‍ണ്ണം വിതറിയത്‌. പക്ഷെ അവരുടേ കൂട്ടപ്പൊരിച്ചില്‍ അത്ര കേമം ആയില്ല. തുടര്‍ന്ന് തെക്കുഭാഗത്ത്‌ മറുവിഭാഗം വെടിക്കെട്ടിനു തുടക്കം ഇട്ടു. അവരുടേ കൂട്ടപ്പൊരിച്ചില്‍ അല്‍പ്പം നന്നായി. തുടര്‍ന്ന് ഇരുപക്ഷവും അമിട്ടുകള്‍ മല്‍സരിച്ച്‌ പൊട്ടിക്കുവാന്‍ തുടങ്ങി. ഇതില്‍ കൂടുതല്‍ നന്നായത്‌ വടക്കു ഭാഗത്തുള്ളവരുടേതായിരുന്നു.

എന്തായാലും പഴയ കാല സാമ്പിള്‍ വെടിക്കെട്ടിന്റെ നാലയലത്തുപോലും എത്തുന്നതായില്ല ഇത്തവണത്തെ വെടിക്കെട്ട്‌. ഓരോ പാരകള്‍മൂലം സാമ്പിളിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു..ഡേസിബെല്‍ അളവുകാര്‍ പോയപ്പോഴാകും ഏതാണ്ട്‌ എട്ട്‌ മണിക്ക്‌ ശേഷം ഇരുഭാഗവും അല്‍പ്പം ചില ഉഷാര്‍ അമിട്ടുകള്‍ പൊട്ടിച്ചു.നിരവധി നിലകള്‍ പൊട്ടുന്നവയൊക്കെ ഇനി ഒര്‍മ്മമാത്രം.ചിലര്‍ക്ക്‌ പേരെടുക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങള്‍മൂലം തൃശ്ശൂര്‍പൂരത്തിന്റെ തനതു സൗന്ദര്യം ആണ്‌ ഇല്ലാണ്ടാവുന്നെ.


പൂരത്തിനു പാരവെക്കുന്നവര്‍ അറിയുവാന്‍.ഇന്നത്തെ വെടിക്കെട്ട്‌ കണ്ടും കേട്ടും ആരുടേയും ചെവി പൊട്ടുകയോ ഏതെങ്കിലും പെണ്ണിന്റെ ഗര്‍ഭം അലസുകയോ ചെയ്തിട്ടില്ലാന്നാണ്‌ കേട്ടത്‌.എന്തായാലും എന്നെപ്പോലുള്ള "പൂരപ്രാന്തന്മാര്‍" ആശ്വസിക്കുന്നു പേരിനെങ്കിലും സാമ്പിള്‍വെടിക്കെട്ടു നടന്നല്ലോ. ഇനി പൂരവും കേമമാകും എന്ന് പ്രതീക്ഷിക്കുന്നു.

Wednesday, April 11, 2007

കലിതുള്ളുന്ന കരിവീരന്മാര്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇതു ആനയിടയലിന്റെ കാലം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ വലുതും ചെറുതുമായി നിരവധി ആനകള്‍ ഇടയുകയുണ്ടായി.കൊമ്പന്മാരില്‍ ഒരാള്‍ 25 കിലോമീറ്റര്‍ വരെ ഓടി.അതിനടുത്ത ദിവസം ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയില്‍ തെച്ചിക്കോട്ടുകാവ്‌ ദേവീദാസന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.പാപ്പാനെ കുത്തിക്കൊന്ന ആന ഓട്ടോതകര്‍ത്തെറിഞ്ഞും റേയില്വേഗേറ്റുതകര്‍ത്തും ജനങ്ങളെ ഭയപ്പെടുത്തി. ഒടുവില്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ എത്തിയ ആനയെ ഇരുവശത്തുനിന്നും തീയ്യിട്ടു അതിനുള്ളില്‍ തടഞ്ഞുനിര്‍ത്തി. പിന്നീട്‌ വടം ഉപയോഗിച്ച്‌ കുടുക്കി.ഈ രണ്ടു ആനകളും ഓടുന്നതിനിടയില്‍ പൈപ്പില്‍നിന്നും ഡ്രമ്മുകളില്‍ നിന്നും വെള്ളം കുടിക്കുന്നത്‌ കാണാമായിരുന്നു. വേണ്ടത്ര ഭക്ഷണവും വെള്ളവും വിശ്രമവും ലഭിക്കാത്തതും പാപ്പാന്മാരില്‍ നിന്നും ഉള്ള പീഠനവും ആണിവരുടെ വിറളിപിടിക്കലിനും തുടര്‍ന്നുള്ള ഓട്ടത്തിനും കാരണം എന്ന് വ്യക്തമായിരുന്നു.


ദേവീദാസന്റെ പരാക്രമങ്ങള്‍ കഴിഞ്ഞതും വാടാനപ്പള്ളിയില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ എന്ന ആനയുടെ ഊഴമായി. വാടാനപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഈ കൊമ്പന്‍ ഇടഞ്ഞോടി. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷതകര്‍ത്തെറിഞ്ഞു എന്നാല്‍ വഴിയില്‍ ആളുകളെ ഒന്നും ഉപദ്രവിക്കാതെ അവന്‍ തന്റെ യാത്ര തുടര്‍ന്നു. ഇടക്ക്‌ ഒരു പഞ്ചായത്തു പൈപ്പില്‍ നിന്നും വെള്ളം വരുന്നതുകണ്ടപ്പോള്‍ കക്ഷി അവിടെ കൂടി വെള്ളം കുടിച്ചും അല്‍പം മേലേക്കൊഴിച്ചും മനസ്സും ശരീരവും തണുപ്പിച്ചു.


8-ആം തിയതി ചേറ്റുവയിലെ ചന്ദനക്കുടം നേര്‍ച്ചായിലായിരുന്നു അടുത്ത ആനയോട്ടത്തിന്റെ ഊഴം.നേര്‍ച്ചയോടനുബന്ധിച്ചുള്ള പ്രദര്‍ശനതിലാണ്‌ ആനകള്‍ ഇടഞ്ഞത്‌.മൂന്നുവശവും സ്കൂള്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടൂരു കോമ്പൗണ്ടിനകത്തെ മൈതാനത്തായിരുന്നു ഇത്‌.ആനയുടെ അഴകും പൊക്കവും കൂടാതെ മര്യാദക്കാരനായ ആനക്കും സമ്മാനമുണ്ടായിരുന്നു.


പതിനൊന്ന് ആനകള്‍ പങ്കെടുത്ത അവിടെ മൂന്നു ആനകള്‍ ഇടഞ്ഞു.ആദ്യം ഒരു ആന ഇടഞ്ഞു വെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പെ അവനെ അവിടേനിന്നും മാറ്റി.എന്നാല്‍ മറ്റുരണ്ടനകള്‍ ഈ പരാക്രമങ്ങള്‍ കണ്ടു വിരണ്ടു.വിനയനെന്ന കൊമ്പന്റെ പുറത്തുണ്ടായിരുന്നവരില്‍ ഒരാളൊഴികെ ഭാക്കിയെല്ലാവരും ചാടി രക്ഷപ്പെട്ടു എന്നാല്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ അറ്റിന്റെ പുറത്തുനിന്നും ചാടാനാകാതെ ഇരുന്നു. തന്റെ പുറത്തിരുന്ന ആളെ തട്ടിയിടുവാന്‍ ആന നിരവധിതവണ തലകുടഞ്ഞൂം കൊമ്പുകുത്തിയും ശ്രമിച്ചെങ്കിലും അയാള്‍ വീണില്ല. ഇടക്കെപ്പോഴോ പിടിയൊന്നയഞ്ഞതും ആന കുടഞ്ഞതും ഒരുമിച്ചായി. അയാള്‍ ആനയുടെ മുന്നിലേക്കുവീണു. പലതവണ സുബൈറിനെ ആനകുത്തിയെങ്കിലും അയാള്‍ ഉരുണ്ടുമാറി.ഇതിനിടയില്‍ അയാളെ രക്ഷിക്കുവാനായി പാപ്പാന്‍ ആനയുടെ കൊമ്പില്‍ തൂങ്ങിയും വട്ടക്കയര്‍ പിടിച്ചും ശ്രദ്ധതിരിക്കുവാന്‍ ശ്രമിച്ചു. സുബൈറിനെ കൊമ്പില്‍ കോര്‍ക്കാന്‍ സാധിക്കാതായതോടെ ആന പാപ്പനെ തുമ്പിക്കൈകൊണ്ട്‌ തട്ടിയെറിഞ്ഞു.പലതവണകുത്തിയെങ്കിലും അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, കാണികളില്‍ ചിലര്‍ ആനയുടെ ശ്രദ്ധതിരിക്കുവാന്‍ കല്ലും വടിയും എടുത്ത്‌ ആനയെ എറിയുന്നുണ്ടായിരുന്നു. പാപ്പാനെ തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കുത്തിക്കൊമ്പില്‍ കോര്‍ത്തു മൈതാനത്തു തലങ്ങും വിലങ്ങും പാഞ്ഞു. ഇടക്കെപ്പോഴോ ആനയുടെ കൊമ്പില്‍ കുടുങ്ങിയ പാപ്പാന്‍ തഴെവീണു. പിങ്കാലുകൊണ്ട്‌ അയാളെ തട്ടിയെറിഞ്ഞു ആന മുന്നോട്ടുകുതിച്ചു.ഇത്തവണ തെക്കുവശത്തെ ക്ലാസ്രൂമുകളുടെ വരാന്തയില്‍ കുടുങ്ങിയ ആളുകളായിരുന്നു ലക്ഷ്യം.അങ്ങോട്ടു പാഞ്ഞടുത്ത അനയെ ആളുകള്‍ കല്ലെറിഞ്ഞു ശ്രദ്ധതിരിച്ചു.വീണ്ടും ഗ്രൗണ്ടിന്റെ നടുവിലെത്തിയ കൊമ്പന്‍ അവിടെനിന്നിരുന്ന മറ്റൊരു ആനയെ കുത്തിമലര്‍ത്തി.തുടര്‍ന്ന് അവനെ കുത്തിയും ഉരുട്ടിയും സ്കൂള്‍ വരാന്തയിലേക്ക്‌ കയറ്റി.

ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.

വിശദമായി പിന്നീടു എഴുതുന്നതാണ്‌.


(ഞാന്‍ നേരിട്ട്‌ ഈ ദൃശ്യങ്ങളില്‍ ചിലതിനു സാക്ഷിയായി. ഭാര്യ ചെറിയ മുറിവുകളുമായി അല്‍ഭുതകരമായിട്ടാണ്‌ രക്ഷപ്പെട്ടത്‌.ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.)

Friday, April 06, 2007

പൂരം കലക്കികള്‍ തോറ്റു

തൃശ്ശൂര്‍ക്കാരുടേ രക്തത്തില്‍ അലിഞ്ഞതാണ്‌ വടക്കുന്നാഥന്റെ സന്നിധിയില്‍ നടക്കുന്ന 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരം.ലോകത്തിന്റെ ഏതുകോണിലായാലും അവന്റെ മനസ്സില്‍ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം നിമിഷനേരം കൊണ്ട്‌ നിറയും.ഉത്സവം അലങ്കോലമാക്കുന്നവരെ നാടന്‍ ഭാഷയില്‍ പൂരംകലക്കികള്‍ എന്നുതന്നെയാണ്‌പറയുക.

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരവും ഭൂമിയിലെ ദേവസംഗമം എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴപൂരവും എല്ലാം ഇത്തവണനടക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍.ഒരിക്കലെങ്കിലും ഇലഞ്ഞിത്തറമേളം ആസ്വദിച്ചിട്ടുള്‍ലവര്‍ അതിന്റെ ലഹരിയില്‍ ഭ്രമിച്ചുപോയിട്ടുള്ളവര്‍ വീണ്ടും അടുത്തവര്‍ഷം ആ ദിവസത്തിനായി കാത്തിരിക്കും.എന്നാല്‍ പൊതുതാല്‍പര്യാര്‍ഥം എന്ന പേരില്‍ ചില പൂരം കലക്കികള്‍ തൃശ്ശൂര്‍പൂരത്തിനെതിരെ കോടതികയറുകയുണ്ടായല്ലോ? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തവ്‌ തുണച്ചതുകൊണ്ട്‌ ഇത്തവണയും തൃശ്ശൂര്‍പൂരം ഉണ്ടാകും.

ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല തൃശ്ശൂര്‍പൂരംവും അനുഭന്ധിച്ചുള്ള വെടിക്കെട്ടും എങ്ങനെയെങ്കിലും ഒന്നു നിര്‍ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍. വെടിക്കെട്ടപകടം ഉണ്ടായി എന്നപേരില്‍ ഇന്ത്യാമഹാരാജത്ത്‌ വെടിമരുന്നു നിരോധിച്ചിട്ടില്ല എന്നത്‌ നാം മറന്നുകൂട.അപ്പോള്‍ പൂരം ഇല്ലാതായാല്‍ സാംസ്കാരിക തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവം നിര്‍ത്തുവാന്‍ കഴിയും എന്ന ചേതോവികാരം ആയിരിക്കാം ഇതിന്റെ പിന്നില്‍.ഇതുകേവലം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എല്ലാവിഭാഗവും കൊണ്ടാടുന്നു ഈ പൂരം.(ചില മന്ദബുദ്ധികള്‍ ഉത്സവത്തിനെതിരാണെന്ന് മനസ്സിലാക്കുന്നു.അതു സങ്കുചിതമായ ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്‌.ബുദ്ധി പണയം വെച്ച അക്കൂട്ടരെ ഒറ്റപ്പെടുത്താതെ നിലനിര്‍ത്തുന്നത്‌ നാളെ വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതില്‍ സംശയമില്ല)

മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ആകാശത്തെ അഗ്നിവര്‍ഷവും ഇല്ലാതെ എന്തോന്ന് തൃശ്ശൂര്‍പൂരം? അനുകൂലമായ കോടതിവിധിവന്നതോടെ തൃശ്ശൂര്‍ക്കാര്‍ക്ക്‌ അതു പൂരദിവസത്തേക്കാള്‍ സന്തോഷം ഉള്ള ദിവസമായിമാറി.ഒരുപൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്‌ ഓരോതൃശ്ശൂര്‍ക്കാരനും. ഇതിനിടയില്‍ ചില അരസികന്മാര്‍ ഷൈഞ്ചെയ്യുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ആളുകള്‍ക്ക്‌ അമര്‍ഷം തോന്നുക സ്വാഭാവികം.ഹൈന്തവ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇത്തരം ഉടക്കുണ്ടാക്കിയാലും ആരും ചോദിക്കില്ല എന്ന് ഉറപ്പിന്മേല്‍ ഉള്ള ചില കാര്യങ്ങള്‍ അത്രതന്നെ.ആറാട്ടുപുഴപൂരം ഭംഗിയായി തന്നെ നടന്നു.ഗംഭീര വെടിക്കെട്ടോടുകൂടിതന്നെ.നിരവധി ഗജകേസരികളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ആ ഉത്സവം കണ്ടവരാരും അതു നിര്‍ത്തുവാന്‍ ആവശ്യപ്പെടില്ല.

സാങ്കേതികമായ നൂലാമാലകള്‍മൂലം പൂരം ഉണ്ടാകില്ല എന്ന ആശങ്കപരന്നപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്‌.എന്നാല്‍ അനുകൂലമായ വിധിവന്നതോടെ അവര്‍ അതു ആഘോഷിക്കുകയും ചെയ്തു. ഇനി 27 ആം തിയതിവരെ കാത്തിരിപ്പ്‌.അതിനിടയില്‍ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍.ഇരുപക്ഷത്തുമായി അണിനിരക്കുന്ന ഗജവീരന്മാരെകുറിച്ചുള്ള ചര്‍ച്ചകള്‍ കുടമാറ്റത്തിന്റെയും ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടിന്റെ വര്‍ണ്ണപ്രഭയെകുറിച്ചുള്ള സ്വപ്നങ്ങള്‍.

ഏപ്രില്‍ 27നു വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം വടക്കുന്നാഥന്റെ മുന്നില്‍ നടക്കുമ്പോള്‍ നമ്മള്‍ക്ക്‌ പൂരം കലക്കാന്‍ശ്രമിച്ച്‌ പരാജയപ്പെട്ടവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഉത്സവത്തിനു അനുമതിനല്‍കിയ കോടതിക്കും അതുപോലെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക്‌ മങ്ങലേല്‍ക്കാതെ നടക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയില്‍ വാദിച്ച വക്കീല്‍മാര്‍ക്കു നന്ദിപറയുന്നു.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികവും ധൂര്‍ത്തും.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇന്നത്തെ ഗവണ്‍മന്റ്‌ വളരെയധികം ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണല്ലോ? ഇതിനായി ചിലവിടുന്നത്‌ ഗവണ്‍മന്റ്‌ ഖജനാവില്‍ നിന്നും ഉള്ള പണമാനെന്നത്‌ നാം മറന്നുകൂട. പല യോഗങ്ങളിലും നടക്കുന്നതാകട്ടെ സമീപകാല കോടതിവിധിയുടേയും മറ്റും വിശദീകരണമാണ്‌. ജനങ്ങളുടെ ചിലവില്‍ പാര്‍ട്ടിവിശദീകരണവും മറ്റും നടത്തുന്നത്‌ അനുയോജ്യമാണോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു.

57-ലെ ഇ എം എസ്‌ മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നൊക്കെ ചില മാധ്യമ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു വരുന്നുണ്ട്‌. എന്ത്‌ അടിസ്ഥാനത്തിലാണിതെന്ന് മനസിലാകുന്നില്ല. അന്നത്തെ മന്ത്രിസഭയും ഇടതുപക്ഷവും തമ്മില്‍ പേരിലല്ലാതെ വേറേ എന്തെങ്കിലും ബന്ധമുണ്ടോ?ഇടതുപക്ഷത്തിനു വന്നിട്ടുള്ള മൂല്യശോഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമല്ലെ ബങ്കാളിലെ സംഭവ വികാസങ്ങള്‍. ഭൂമി ജന്മികളില്‍ നിന്നു പിടിച്ചെടുത്ത്‌ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ നടപടിയെടുത്ത ഇടതുപക്ഷം ഇന്നു അതു തിരികെപിടിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ നല്‍കുവാന്‍ കര്‍ഷകരെ വെടിവെച്ച്‌ കൊല്ലുന്ന ചിത്രം നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കേരളത്തില്‍ എ.ഡി.ബിക്കെതിരെ സമരവും ബന്ധും നയിച്ചവര്‍ തെരുവില്‍ തല്ലുകൊണ്ടും വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും പ്രതിഷേധിച്ചവര്‍ പിന്‍വാതിലിലൂടെ എ.ഡി.ബിക്ക്‌ പരവതാനി വിരിച്ചു.വിദ്യഭ്യാസരംഗത്ത്‌ ഇന്നു കുത്തകകളും കച്ചവടക്കാരും കൊടികുത്തിവാഴുന്നു.

എന്തിനീ ആഘൊഷങ്ങള്‍?യദാര്‍ത്തത്തില്‍ ഈ പ്രകടങ്ങള്‍ അന്നത്തെ സര്‍ക്കാരിനു അപമാനമല്ലെ എന്ന് തോന്നിപ്പോകുന്നു.ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ഒന്നും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. മറ്റൊന്ന് കേരളപ്പിറവിപോലെ സാധാരണക്കാര്‍ക്ക്‌ ഇതു വലിയ സംഭവം ഒന്നും അല്ലെന്നിരിക്കെ എന്തോന്ന് ഇത്ര ആഘോഷിക്കുവാന്‍. ഇത്‌ പാര്‍ട്ടി സ്വന്തം നിലയില്‍ ചെയ്യേണ്ട ആഘോഷമാണ്‌.(അയ്യോ ഇനി ഇതിന്റെ പേരിലും ബക്കറ്റുപിരിവുണ്ടാവോ?)

NB:ലോകത്താദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭ 57-ലെ ഇ.എം.എസ്‌ മന്ത്രിസഭയല്ല എന്ന് ഇടതുനേതാക്കള്‍ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. ഇതേകുറിച്ച്‌ സഖാവുതന്നെ പറഞ്ഞതായിട്ടാണ്‌ അറിവ്‌.