Thursday, December 21, 2006

അള്‍ദൈവങ്ങളും പ്രവചനക്കാരും

കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട്‌ വന്തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ്‌ ഭക്തി.ട്രേഡ്‌ യൂണിയനുകളുടെ ശല്യം ഇല്ലാതെ ഒരുപക്ഷെ കേരളത്തില്‍ നടത്താവുന്ന അപൂര്‍വ്വം സംരഭങ്ങളില്‍ ഒന്നാണിതെന്നും പറയാം. യോഗയുടെ മെമ്പൊടിയോടെയും മന്ത്രവാദത്തിന്റെ അകമ്പടിയോടെയും ധ്യാനം പ്രാര്‍ത്ഥനതുടങ്ങിയവയുടെ പേരിലും അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളില്‍ വന്‍ പരസ്യവും നഗരങ്ങളില്‍ ഉത്സവങ്ങളും സ്വീകരണങ്ങളും ഒക്കെയായി ഇത്‌ കേരളീയന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു. ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക്‌ അതിവേഗം സഞ്ചരിക്കുകയാണെന്ന യാദാര്‍ഥ്യം മറന്നുകൂട. നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും വിപ്ലവകാരികളും (ശത്രുസംഹാര പൂജയും, മറ്റുഹോമങ്ങളും നടത്തുകയും,വാസ്തുദോഷവും രാഹുവും നോക്കി വീടുപണിയുകയും താമസിക്കുകയും ചെയ്യുന്ന ഇന്നത്തെ ഡ്യൂപ്ലിക്കേറ്റ്‌/ചൈനാ വിപ്ലവകാരികളല്ല)നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാഴായിക്കൊണ്ടിരിക്കുന്നു.

ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക്‌ അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന മലയാളി ഒരു കാലത്ത്‌ ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്‌.എന്താണ്‌ മലയാളിക്ക്‌ പറ്റിയത്‌ ഒരുപക്ഷെ ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തതായിരിക്കാം.പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്നങ്ങള്‍(ആത്മവിശ്വാസക്കുറവ്‌, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി.കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്‌.

ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത്‌ ശത്രുക്കള്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ്‌ നിങ്ങള്‍ക്ക്‌ ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ്‌ ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു. പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി/പൂജാരി/ദിവ്യന്‍/സ്ദിദ്ധന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത്‌ ഒരു മാനസീക അവസ്തയാണ്‌) വീണ്ടുപ്രശ്നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ്‌ മിക്കവാറും അവിടെ നിന്നും ലഭിക്കുക.

അടുത്തകാലത്തുണ്ടായ ശബരിമലവിവാദം പലവസ്തുതകളും പുറത്തുകൊണ്ടുവന്നു.ഒരു വ്യക്തി തന്റെ പ്രശസ്തിക്കുവേണ്ടി ചിലകാര്യങ്ങള്‍ ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഇതു ഇടവെച്ചു.മുന്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ മറ്റുപല വിവാദവിഷയങ്ങളുടേയും അന്വേഷണഫലങ്ങള്‍ പോലെ ഉള്‍പ്പെട്ട ആര്‍ക്കും പരിക്കുണ്ടാക്കാത്തവിധത്തില്‍ ഉള്ളതാകാമെങ്കിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സാമാന്യജനത്തിനു കാര്യങ്ങള്‍ ബൊധ്യമായിട്ടുണ്ട്‌.

മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച്‌ അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക്‌ നല്‍കിയിരുന്നു എന്നത്‌ സത്യമാണ്‌. ഇതിലും അപ്പുറമാണ്‌ ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില "ഇന്‍സ്റ്റന്റ്‌" അല്‍ഭുത രോഗശാന്തി.ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട്‌ മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഹിപ്നോട്ടിസം കൊണ്ട്‌ അതും മാസ്സ്‌ ഹിപ്നോട്ടിസം കൊണ്ട്‌ അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട്‌ ഇത്‌ ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക്‌ മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക്‌ നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കും?


മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ്‌ പലപ്പോഴും ഇത്തരം അനാരോഗ്യപ്രവണതകള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ്‌ ഒരു ശരാശരിമലയാളിയുടേത്‌. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ്‌ ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്‌. പിന്നെ ചില ദിവ്യന്മാരുടെ അനുയായി എന്നുപറയുന്നത്‌ ഒരു സോഷ്യല്‍ സ്റ്റാറ്റസ്‌ സിംബലായിമാറിയിരിക്കുന്നു. വീണ്ടും ഒരു സാസ്കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കുന്നു എന്നതാണ്‌ യാദാര്‍ത്ഥ്യം.

സ്വാമി വിവേകാനന്ദന്റെ "കേരളം ഒരു ഭ്രാന്താലയമാണെന്ന്" ഐത്തവും ജാതിവ്യവസ്തയും നടമാടിയിരുന്ന കേരളത്തെക്കുറിച്ച്‌ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ പ്രസിദ്ധമായവാക്കുകള്‍ കേരളത്തെ സമ്പന്തിച്ചിടത്തോളം അനുദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Sunday, December 10, 2006

തൃശ്ശൂര്‍കാരുടെ സ്വന്തം റപ്പായേട്ടന്‍.

ഏതാള്‍ക്കൂട്ടത്തിനിടയിലും ആകാരംകൊണ്ട്‌ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരാളായിരുന്നു ശ്രീ റപ്പായേട്ടന്‍.ഒരു കാക്കിഷര്‍ട്ടും ഒറ്റമുണ്ടും കൈയ്യില്‍ ഒരു സഞ്ചിയുമായി സ്വരാജ്‌ റൗണ്ടിന്റെ ഏതെങ്കിലും ഭാഗത്ത്‌ അദ്ദേഹത്തെ കണ്ടുമുട്ടാം. നിഷ്ക്കളങ്കതയോടെയുള്ള ചിരിയും സംസാരവുമായി പരിചയക്കാരോട്‌ കുശലാന്വേഷണവുമായി അങ്ങിനെ നടന്നു നീങ്ങുന്ന ഒരു മനുഷ്യന്‍.

എണ്‍പതുകളില്‍ തൃശ്ശൂരിലേക്കുള്ള യാത്രകള്‍ തുടങ്ങിയ സമയത്ത്‌ ഒരിക്കല്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ വെച്ചാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ്‌ "ഇതാണ്ടാ തീറ്ററപ്പായേട്ടന്‍" എന്ന് പറഞ്ഞു കാണിച്ചുതന്നത്‌. ഒരല്‍പ്പം കൗതുകത്തോടെ അങ്ങേരെ നോക്കിനിന്നു. പിന്നീട്‌ അദ്ദേഹത്തിന്റെ തീറ്റവിശേഷങ്ങള്‍ പലരില്‍ നിന്നും അറിന്‍ഞ്ഞു. ഒരുപക്ഷെ ആദ്യമായി ആളുടെ പ്രകടനം കാണുന്നത്‌ അന്തിക്കാട്‌ ഒരു ചടങ്ങില്‍ വെച്ചായിരുന്നു. കൂടെയിരുന്നു കഴിക്കുവാന്‍ പലരെയും കക്ഷി ക്ഷണിച്ചു. ചിലര്‍ ഒരു ആവേശത്തിനു കൂടിയെങ്കിലും അധികം വൈകാതെ കൈകഴുകി.

"മദ്യം കഴിക്കാന്‍ പലരും വാതുവെക്കും പക്ഷെ അതുമാത്രം എനിക്കിഷ്ടമല്ല" പല വേദികളിലും റപ്പായേട്ടന്‍ പറയാറുല്ലകാര്യം.തൃശ്ശൂരിലെ ചില ഹോട്ടലുകാര്‍ ഡൊക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥന്മാര്‍ സഹൃദയര്‍ എന്നിവര്‍ പലനേരങ്ങളിലായി റപ്പായേട്ടനുള്ള ഭക്ഷണം നല്‍കിയിരുന്നു. ജോലിക്കുപകരം ഭക്ഷണം ഇതായിരുന്നു റപ്പായേട്ടന്റെ പോളിസി. ഒരിക്കല്‍ ഫുള്‍ശാപ്പാട്‌ ടിക്കറ്റ്‌ എടുത്ത്‌ ഊണിനിരുന്ന റപ്പായേട്ടന്റെ ഇലയില്‍ വിളമ്പി കൈകഴച്ചതും ഹോട്ടലുടമവന്ന് ആദ്യം "ഡാവിട്ടു"നോക്കി പിന്നെ അനുനയത്തില്‍ റപ്പായേട്ടനെ കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കിയതും എല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളില്‍ ഒന്നുമാത്രം.
"പണിയെടുത്തുകിട്ടുന്നകാശോണ്ട്‌ എനിക്കുതന്നെ ഭക്ഷണം കഴിക്കാന്‍ തികയില്ല അതോണ്ട്‌ ഞാന്‍ കല്യാണം വേണ്ടാന്ന് വെച്ചു" അവിവാഹിതനായിതുടരുന്നതിനെകുറിച്ച്‌ റപ്പായേട്ടന്‍ പറയും.

കുട്ടികളുമായി ചങ്ങാത്തംകൂടുമ്പോള്‍ ഈ വലിയ മനുഷ്യന്‍ അവരില്‍ ഒരാളായിമാറും. ചിലര്‍ക്ക്‌ റപ്പായേട്ടന്റെ ആ വയറില്‍ ഒന്നു തൊടണം, ചില കുസൃതികള്‍ക്ക്‌ അതില്‍ ഒന്ന് ഇടിച്ചുനോക്കണം."ഇടിക്കണോണ്ട്‌ വിരോധം ഒന്നും ഇല്ല്യ പക്ഷെ ഞാനും ഒന്ന് തിരിച്ചിടിക്കും" കുട്ടിക്കുറുമ്പന്മാരോട്‌ അതേകുസൃതിയോടെ തന്നെ മറുപടിയും.

ഒടുവില്‍ ഗിന്നസ്സ്ബുക്കിലും ഒരുപാട്‌ പേരുടെമനസ്സിലും തന്റെ ഓര്‍മ്മകള്‍ ഭാക്കിയാക്കി റപ്പായേട്ടന്‍ യാത്രയായിരിക്കുന്നു.

Wednesday, December 06, 2006

ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം

ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം എന്ന മാതൃഭൂമിയിലെ വാര്‍ത്ത വളരെയധികം സന്തോഷകരമാണ്‌.അഴിമതിക്കേസില്‍ പഞ്ചാബ്‌ മുന്‍ മുഖ്യകന്ത്രി പ്രകാശ്‌ സിംഗ്‌ ബദലിനെ വിചാരണചെയ്യുന്നതിന്‌ സ്പീക്കറുടെ അനുമതിവേണോ എന്നകേസിലാണ്‌ ഈ ഉത്തരവെന്നും മാതൃഭൂമി എഴുതിയിരിക്കുന്നു.പല അഴിമതിവീരന്മാരും രക്ഷപ്പെട്ടിരുന്നത്‌ ഈ പഴുത്‌ ഉപയോഗിച്ചായിരുന്നു. അഴിമതിവീരന്മാര്‍ക്കെതിരെ നിരന്തരമായി നിയമയുദ്ധം നടത്തിയിരുന്ന അന്തരിച്ച ശ്രീ നവാബ്‌ രാജേന്ദ്രന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോകുകയാണ്‌. അദ്ദേഹത്തിന്റെ പലകേസുകളും ഈ സാങ്കേതിക കാരണത്താല്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്‌.

രാഷ്ട്രീയത്തിന്റെ മറവില്‍ ജനപ്രതിനിധിയെന്ന സ്ഥാനത്തിന്റെ തണലില്‍ അഴിമതിയും തന്നിഷ്ട്ടവും കാട്ടിക്കൂട്ടുന്നവര്‍ക്ക്‌ ഈ സുപ്രധാന വിധി ഒരു താക്കീതാണ്‌.പൈപ്പും ഇടമലയാറും അങ്ങിനെ അങ്ങിനെ എത്രകേസുകള്‍. ലാവ്‌ ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ട എന്ന് പറയുന്നതിന്റെ പുറകിലെ രഹസ്യം എന്താണെന്ന് ഊഹിക്കുവാന്‍ സാധാരണക്കാര്‍ക്ക്‌ സാധിക്കും. ഇത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങളില്‍ ഇടപെടുവാന്‍ കൂടെ കഴിയുന്ന സംവിധാനം കൂടെ വന്നാല്‍ സാധാരണക്കാര്‍ രക്ഷപ്പെടും. അതുപോലെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ നീണ്ടുപോകുന്നതും തടയണം.

Monday, December 04, 2006

സംവരണ പഠന കമ്മറ്റികളും കുട്ടികളും

ചൈനയില്‍ ഓരോ ദമ്പതിമാര്‍ക്കും ഒന്നിലധികം കുട്ടികള്‍ പാടില്ല എന്നും ഒന്നിലധികം കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക്‌ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നും ഒരു സുഹൃത്ത്‌ പറയുന്നതുകേട്ടു. സംഗതി സത്യമാണെങ്കില്‍ അത്‌ ഒരു നിലക്ക്‌ നല്ലതു മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അവിടത്തെ ആളുകളുടെ മാനസീകനിലയില്‍ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്‌. ഉദാഹരണമായി ഒരു ദമ്പതികള്‍ക്ക്‌ ഒരു പെണ്‍കുട്ടിയാണുള്ളതെന്നിരിക്കട്ടെ വിവാഹശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം താമസമാക്കുമ്പോള്‍ ഒന്നുകില്‍ അയാളുടെ വീട്ടില്‍ അല്ലെങ്കില്‍ മറ്റൊരു വീടെടുത്ത്‌ അവിടെ. രണ്ടായാലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒറ്റപ്പെടില്ലെ? അവിടെയുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജോലിചെയ്യുമെങ്കിലും രക്ഷിതാക്കള്‍ക്ക്‌ ജോലിചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മകന്‍/മകള്‍ ഒറ്റക്ക്‌ ആ കുടുമ്പത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കേണ്ടിവരില്ലെ? ഇതേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട്‌ അറിയുന്നവര്‍ എഴുതുമല്ലോ?ഇന്ത്യയും ജനസംഖ്യയുടെ വന്തോതിലുള്ള വര്‍ദ്ധനവിനാല്‍ പുരോഗതി മന്തീഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലാണ്‌. കേരളത്തിലും അതിന്റെ പ്രത്യക്ഷമായ പ്രശ്നങ്ങള്‍ കാണാം. ഒറ്റപ്പെണ്‍കുട്ടിയുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന രാജ്യത്ത്‌ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ച്‌ ആരും ഒന്നും മിണ്ടുന്നില്ല.രണ്ടിലധികം കുട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രീണനരാഷ്ട്രീയക്കാര്‍ക്ക്‌ മടിയുണ്ടാകും എന്നാല്‍ സമ്പൂര്‍ണ്ണസാക്ഷരര്‍ ഉള്ള കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ അതും വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും 3-5 വരെ കുട്ടികള്‍ ഇന്നും കാണാം. ഇതിന്റെ പുറകിലെ അജണ്ട വേറെയാണെങ്കിലും നമ്മുടെ രാജ്യത്തോടു ചെയ്യുന്ന ദ്രോഹമായി ആരും ഇതു ഗണിക്കുന്നില്ല. കൂടുതല്‍ കുട്ടികള്‍ നാളത്തെ കൂടുതല്‍ വോട്ടുകളായി മാറും എന്ന് കരുതിയിരിക്കുന്ന രാഷ്ട്രീയ വ്യാപാരികള്‍ നാളയെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ചില കമ്മറ്റികളും കമ്മീഷനുകളും കണക്കെടുപ്പ്‌ നടത്തുമ്പോള്‍ അവഗണിക്കപ്പെട്ടു എന്ന നിഗമനത്തില്‍ എത്തും പക്ഷെ അവര്‍ ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം കണക്കിലെടുക്കാനും അതു പ്രസിദ്ധീകരിക്കുവാനും എന്തെ മടിക്കുന്നു.പക്ഷെ പിന്നെ ആകമ്മറ്റി റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒഴിവുനികത്തണം ആനുകൂല്യം നല്‍കണം എന്നൊക്കെ പറഞ്ഞു ജാഥയും തിരഞ്ഞെടുപ്പില്‍ വിലപേശലും നടക്കും

രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. മേല്‍ജാതി വിഭാഗത്തില്‍ പെട്ടുപോയി എന്ന ഒറ്റക്കാരണംകൊണ്ട്‌ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മറ്റുള്ളവരോട്‌ നീതിപുലര്‍ത്തുവാന്‍ കൂടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌.അസംഘടിതരും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഒരു വിഭാഗത്തെ സവര്‍ണ്ണര്‍ എന്ന് മുദ്രകുത്തി തിരസ്കാരിക്കുന്നത്‌ നീതിയാണോ? ഒരുകാലത്ത്‌ അവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയും മറ്റുള്ളവര്‍ക്ക്‌ വീതം വെച്ചും അവരെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയത്‌ ആരാണ്‌.അവരെ ഇന്നത്തെ അവസ്ഥയിലേക്ക്‌ എത്തിച്ചതില്‍ ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ ഉത്തവാദിത്വം ഇല്ലെ?ഇവിടെ കരയുന്നകുഞ്ഞിനേപാലുള്ളൂ എന്ന തത്വം ശരിയാണെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ മാത്രമേ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭൂരിപക്ഷത്തിനോ അവരിലെ ന്യൂനപക്ഷമായ നായര്‍ നമ്പൂതിരി മേനോന്‍ തുടങ്ങിയ വിഭാഗത്തിനോ എന്തെങ്കിലും പ്രാധാന്യം ഈ ചര്‍ച്ചകളില്‍ കാണുന്നില്ല. ആരാണ്‌ അതിനു ഉത്തരവാധികള്‍?

Wednesday, November 15, 2006

തിരുവമ്പാടിയും അന്താരാഷ്ട്ര പ്രശ്നങ്ങളും!

മത്തായിചാക്കോയെപ്പോലെ കഴിവുറ്റ ഒരു ജനകീയ നേതാവിന്റെ അകാല വിയോഗമാണ്‌ അപ്രതീക്ഷിതമായ ഒരു തിരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. ഇന്ന് തിരുവമ്പാടി തിരഞ്ഞെടുപ്പ്‌ ഇരു മുന്നണികള്‍ക്കും വളരെയധികം അഭിമാനപ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്‌.എങ്കിലും ഇടതുപക്ഷത്തിനാണ്‌ ഈ തിരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകമാകുന്നത്‌. തോറ്റാലും ജയിച്ചാലും എന്‍.സി.പി വഴിയുള്ള കരുണാകരന്റെ നുഴഞ്ഞുകയറ്റം ഇടതുമുന്നണിയെ പ്രതികൂലമായി ഭാധിക്കും. ഇതിനെ പ്രതിരോധിക്കുവാനും കഴിയാത്ത ഒരു അവസ്ഥയിലാണ്‌ ഇടതുപക്ഷം. അടവു നയം തന്നെ പയറ്റുകയേ നിര്‍വ്വാഹമുള്ളൂ. ഇടതുപക്ഷം തോറ്റാല്‍ ബിജെപിയെയും മറ്റും പതിവുപോലെ പഴിക്കാമെങ്കിലും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യം വരുന്ന തിരഞ്ഞെടുപ്പാണിത്‌. തീര്‍ച്ചയായും ഇവിടെ ജനകീയ പ്രശ്നനങ്ങളും പുതിയ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാടും ആണ്‌ പ്രതിഫലൈക്കുക. ഇവിടെ സദ്ദാം പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യയെടുക്കുന്ന നിലപാടിനോടുല്ല വിയോജിപ്പ്‌ പ്രകടിപ്പിക്കാനല്ല ജനങ്ങള്‍ മുതിരേണ്ടത്‌ ഇവിടെ തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ കേരളത്തിലെ ഇടതു ഗവണ്‍മന്റ്‌ എന്ത്‌ നിലപാടാണെടുക്കേണ്ടതെന്നും ഇതുവരെയുള്ള നിലപാടിലെ പോരായമകള്‍ ചൂണ്ടിക്കാണിക്കുവാനും ഉള്ള ഒരു അവസരമാണ്‌.

പ്രതിപക്ഷത്തെ ചിലരെ ഒഴിവാക്കിയാല്‍ ഭരണപക്ഷത്ത്‌ പതിവിലധികം പുതുമുഖങ്ങള്‍ ഉള്ള ഒരു നിയമസഭയാണ്‌ ഇന്നു കേരളത്തില്‍ ഉള്ളത്‌. സ്വാഭാവികമായും പതിവില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഭരണം കേരളജനത പ്രതീക്ഷിക്കുന്നുമുണ്ട്‌. ഓരോ ജനപ്രതിനിധിയും അതിനായി പ്രയത്നിക്കേണ്ടിയിരിക്കുന്നു.ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ സദ്ദാമിന്റെ വിഷയം ഉന്നയിക്കുന്നത്‌ ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഒരു തന്ത്രം മാത്രമല്ലെ? ഉന്നത വിദ്യാഭ്യാസ മേഘലയില്‍ പ്രശ്നന്നളില്‍ ഇനിയും ശ്വാശ്വത പരിഹാരം ആയിട്ടില്ല. കര്‍ഷകരുടെ ആതമഹത്യകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത്‌ അന്താരാഷ്ട്ര പ്രശ്നന്നളും മറ്റും ഉന്നയിക്കുന്നത്‌ തികച്ചും അപ്രസക്തമാണ്‌. ഇന്ത്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ എടുക്കേണ്ട നിലപാടിനെകുറിച്ച്‌ യു.പി.എ ഏകോപന സമിതിയില്‍ ഉന്നയിക്കാം, നിര്‍ണ്ണായക സ്വാധീനം ഉള്ള പാര്‍ലിമെന്റിലോ അതുമല്ലെങ്കില്‍ പൊതു വേദികളില്‍( ഇന്ത്യാമഹാരാജ്യത്ത്‌ ഇപ്പോള്‍ തിരഞ്ഞെടുപ്പില്ലാത്ത സ്ഥലങ്ങള്‍ ഉണ്ട്‌) ഇതിനിടയില്‍ വര്‍ഗ്ഗീയ തയുടെ ഒരു തലം കൂടി കടന്നുവരുന്നുണ്ട്‌. തിരുവമ്പാടിയില്‍ ന്യൂനപ്ക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ഇപ്പോള്‍ അവിടെ മാറാട്‌ റിപ്പോര്‍ട്ടും ചര്‍ച്ചാവിഷയമാകുന്നു. നമുക്കറിയാം നേതാക്കന്മാരുടെ പ്രസ്ഥാവനകളും പ്രസംഗങ്ങളൂം പലപ്പോഴും ജനങ്ങള്‍ ക്കിടയില്‍ പ്രശ്നന്നളും തര്‍ക്കങ്ങളും ഉണ്ടാക്കാറുണ്ട്‌. മാറാട്‌ റിപ്പോര്‍ട്ട്‌ പോലെ എളുപ്പം പ്രശ്നന്നള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പ്രസ്താനങ്ങള്‍ മാറിനില്‍ക്കണം. തിരഞ്ഞെടുപ്പുകഴിഞ്ഞും അവിടത്തെ ജനങ്ങള്‍ക്ക്‌ സ്വസ്ഥമായി ജീവിക്കേണ്ടതാണ്‌. താല്‍ക്കാലിക രാഷ്ട്രീയ വിജയത്തിനായി എന്തായുധവും എടുത്തുപ്രയോഗിക്കുന്ന ശൈലി നമുക്ക്‌ ഭൂഷണമല്ല. ഇക്കാര്യത്തില്‍ മുന്നണികള്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്‌.

Wednesday, November 08, 2006

കാടുമാന്തികളും പുതിയ വനം നിയമവും

പ്രകൃതിസേഹികള്‍ക്കും പരിസ്തിതി സംരക്ഷണത്തിനായി നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ബഹുമാനപ്പെട്ട മന്ത്രി ബിനോയ്‌ വിശ്വം കൊണ്ടുവരുന്ന പുതിയ പരിഷ്ക്കാരങ്ങള്‍ ആശ്വാസകരമാണ്‌. സുഗതകുമാരിടീച്ചര്‍ വനസംരക്ഷണത്തെക്കുറിച്ചും നിയമങ്ങളെകുറിച്ചും ഒരു ലേഖനം മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു. കെ.എം. കള്‍ (കാടു മാന്തികള്‍) ഇന്ന് മന്ത്രി ബിനോയ്‌വിശ്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണം പൊള്ളയാണെന്ന് വളരെ കൃത്യമായി അതില്‍ പറഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട വനം മന്ത്രി ബിനോയ്‌ വിശ്വം കാടുമാന്തികളുടേയും കള്ളപ്പട്ടയം മാഫിയായുടേയും നേര്‍ക്ക്‌ ശക്തമായ നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം കറപുരളാത്തതും *മതമാഫിയാക്ക്‌ അടിയറവെക്കാത്തതുമായതിനാല്‍ ആശ്വാസത്തിനു വകയുണ്ട്‌! കാടുമാന്തിയും കള്ളപ്പട്ടയം നല്‍കിയും കേരളരാഷ്ടീയത്തില്‍ ഇടം കണ്ടെത്തേണ്ട ഗതികേട്‌ അദ്ദേഹത്തിനില്ലല്ലോ?


*മത മാഫിയാ ആണല്ലോ കോടതി പറഞ്ഞാല്‍പോലും നടപടിയെടുക്കുന്ന സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്‌. കിരണ്‍തോമാസിന്റെ ബ്ലോഗ്ഗില്‍ ഇത്തരത്തില്‍ ചില ലേഖനങ്ങള്‍ കണ്ടിരുന്നു,ഇവിടെ പോയാല്‍ ആ ലേഖനം വായിക്കാം.http://www.mathrubhumi.com/php/showArticle.php?general_links_id=128

Sunday, November 05, 2006

മദ്യത്തിനു സബ്‌സീഡി.

കേരളത്തിലെ കുടുമ്പസമേതമുള്ള ആത്മഹത്യാനിരക്കുകൂടുന്നതിനെകുറിച്ചും കര്‍ഷക ആത്മഹത്യയെകുറിച്ചും ഒക്കെ വിവിധ പഠനങ്ങളും ചര്‍ച്ചകളും പലവഴിക്ക്‌ നടന്നുകൊണ്ടിരിക്കുകയാണല്ലോ.ഫലിതപ്രിയരായ ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ കര്‍ഷക ആത്മഹത്യക്ക്‌ "പ്രോതസഹനം" മാധ്യമ കവറേജും സര്‍ക്കാരില്‍ നിന്നുകിട്ടുന്ന കുറച്ച്‌ സാമ്പത്തികസഹായവുമാണെന്ന് പറയാം.എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയെകുറിച്ച്‌ ഉള്‍പ്പെടുത്തുന്നില്ല.ലഭ്യമായകണക്കനുസരിച്ച്‌ നോക്കിയാല്‍ കേരളം അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ "സമ്പൂര്‍ണ്ണ മദ്യപ"സംസ്ഥാനമാകും എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.വിവിധ ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ തുടങ്ങി വിശേഷാവസരങ്ങളില്‍ മാത്രം മദ്യം കഴിച്ചിരുന്നസംസക്കാരത്തില്‍നിന്നും ഇന്ന് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.മദ്യപാനം ഇന്ന് കേരളത്തില്‍ ഒരു ജ്വരമായി മാറിയിരിക്കുന്നു.അരിമേടിക്കാന്‍ പത്തുര്‍പ്യക്ക്‌ ഗതിയില്ലേലും വൈകീട്ട്‌ ഒരു ചെറുതടിക്കാനുള്ള വക മലയാളി ഉണ്ടാക്കിയിരിക്കും.സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ചാരായഷാപ്പുകള്‍ നിര്‍ത്തിയ ആന്റണിയും പിന്തുടര്‍ച്ചക്കാരും ബീവറേജുവഴി കൂടുതല്‍ വിലക്ക്‌ മദ്യം വിറ്റ്‌ കുടിയന്മാരെ കൂടുതല്‍ ദരിദ്രരാക്കി.ദിനം പ്രതി കുടിയന്മാരുടെ എണ്ണം കൂടുകയും കുടിക്കുന്ന മദ്യത്തിന്റെ അളവുകൂടുകയും ചെയ്തു.യുവാക്കളിളില്‍ നിന്ന് കൗമാരക്കാരിലേക്കും പിന്നെ ചെറിയ അളവില്‍ ബിയറിന്റെ രൂപത്തില്‍ തുടങ്ങി യുവതികളിലേക്കും എത്തിനില്‍ക്കുന്നു നമ്മുടെ മദ്യത്തിന്റെ ഉപയോഗം. മദ്യപിക്കുവാത്തവന്‍ ഇന്ന് പലപ്പൊഴും അടിച്ചുപൊളി ടീമില്‍ ഇടംകണ്ടെത്താനാവാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയാണ്‌.ചാരായനിരോധനംകൊണ്ട്‌ കേരളത്തില്‍ യാതൊരു ഗുണവും ഉണ്ടായിട്ടില്യാന്നുമാത്രമല്ല വ്യാജന്മാര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ചാരായതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ട്ടപ്പെട്ടതും പുനരധിവാസം പ്രസ്താവനയില്‍ ഒതുങ്ങിയതും മാത്രം മിച്ചം!കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ള വയനാട്ടില്‍ ബത്തേരി മീനങ്ങാടി കല്‍പ്പറ്റ മാനന്തവാടി എന്നിവടങ്ങളിലെ റോഡരികുകളില്‍ കുടിച്ച്‌ ബോധം ഇല്ലാതെ കിടക്കുന്നവരുടെ എണ്ണംകണ്ടാല്‍ നാം അതിശയിച്ചുപോകും.കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആയ ഇവര്‍ക്കൊക്കെ എവിടെനിന്നും ഇത്രമാത്രം പണം ലഭിക്കുന്നു മദ്യപിക്കുവാന്‍. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്‌ മദ്യത്തിന്റെ ഇന്നത്തെ ഉപയോഗം കുറക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആദ്യപടിയായി നടപ്പാക്കണം. വ്യാജനെതടയല്‍ പ്രസ്താവനകളില്‍ മാത്രം ആകാതിരിക്കണം. വനമേഘലയായതിനാല്‍ വ്യാജമദ്യത്തിനു ഒരു ക്ഷാമവും ഇല്യാത്ത സ്ഥലമാണ്‌ വയനാട്‌.വയനാട്ടിലെ മറ്റൊരു പ്രശ്നം ചീട്ടുകളിയും വന്തോതിലുള്ള വ്യാജലോട്ടറിയുമാണ്‌. പലപ്പോഴും കടക്കെണിയില്‍ പെടുന്നതിന്റെ ഒരു കാരണം പണം വച്ചുള്ള ചീട്ടുകളിയും അതിനായി പലിശക്കെടുക്കുന്ന എടുക്കുന്ന പണവുമാണ്‌.നടപ്പാക്കാന്‍ പോകുന്ന കര്‍ഷക പാക്കേജിനെകുറിച്ചു വര്‍ണ്ണനകള്‍ക്കിടയിലും ആഗോളവല്‍ക്കരണവും കേന്ദ്രത്തിന്റെ ഇറക്കുമതിനയത്തെകുറിച്ചും വിമര്‍ശിക്കുന്നതിനു മുമ്പും ഓര്‍ക്കുക, ബീവറേഞ്ഞിന്റെ വന്‍ തോതിലുള്ള ലാഭക്കണക്കുകളില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ വിയര്‍പ്പും അവരുടെ നിരാലംബരാക്കപ്പെട്ട കുടുമ്പത്തിന്റെ കണ്ണീരും ഉണ്ടെന്ന്. കര്‍ഷകപാക്കുജുകള്‍ക്കുമുമ്പെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിക്ക്‌ തടയിടുക. അല്ലെങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ മദ്യത്തിനു റേഷനോ സബ്സീഡിയോ അനുവദിക്കുക.ഇതെല്ലാം വായിച്ചിട്ട്‌ കര്‍ഷകര്‍ ഉല്‍പ്പന്നത്തിന്റെ വിലയിടിവുമൂലം ഉണ്ടായ നഷ്ടവും ബ്ലേഡ്‌ മാഫിയാ ബാങ്ക്‌ ജപ്തി എന്നിവയുടെ ശല്യവും കൊണ്ടല്ല ആത്മഹത്യചെയ്യുന്നത്‌ എന്ന് സമര്‍ഥിക്കുവാനുള്ള ശ്രമമാണന്ന് കരുതരുത്‌. മദ്യവും ചീട്ടുകളിയും പലിശയുമാണ്‌ അവിടത്തെ ഭൂരിപക്ഷം ആത്മഹത്യകള്‍ക്കും കാരണം എന്നതില്‍ തര്‍ക്കമില്ല.

Monday, October 30, 2006

ബസ്സ്‌ സമരത്തിന്റെടേല്‍ "ഗ്രൂപ്പുകളി..."

പരദൂഷണം പാരവെപ്പ്‌ തുടങ്ങിയ നാടന്‍ കലകള്‍ അന്യം നിന്നുപോകാതിരിക്കാന്‍ നിരന്തരം ഇടക്കിടെ നാട്ടിലുള്ള ചുള്ളന്മാരുമായും മോഹനേട്ടനുമായൊക്കെ (പുള്ളിയെ ഇനിയും ചുള്ളനായി അംഗീകരിച്ചിട്ടില്ല നട്ടുകാര്‍, മാത്രമല്ല അക്ഷരപദ്ധതിയില്‍ കക്ഷി ഇനിയും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ വിജ്ഞാനം നഹി) ഇടക്കിടെ ഈ-മെയില്വാദികള്‍ വഴി വിവരം കൈമാറാറുണ്ട്‌. നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കാതെ കഴിച്ചുകൂട്ടുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗമെന്നനിലക്കും വിവരങ്ങള്‍ കുറഞ്ഞചിലവില്‍ വിശദമായി എത്തുമെന്നതിനാലും ഒരു അനുഗ്രഹം ആയിരുന്നു ഈ-മെയില്‍. ഒരുത്തന്റെ പ്രേമം ഉണ്ടാക്കിയ പുലിവാലുമൂലം ഇനി ഈ മെയില്‍ അയക്കണേല്‍ റേഷങ്കാര്‍ഡ്‌,തിരിച്ചറിയല്‍കാര്‍ഡെന്ന പേരുള്ളതും എന്നാല്‍ അവനവനുപോലും സ്വന്തം ഫോട്ടോ തിരിച്ചറിയാന്‍ കഴിയാത്തതുമായ കാര്‍ഡും, വീടിന്റെ ആധാരം, നികുതിയടച്ച്‌ രസീത്‌,സഹകരണ ബാങ്കിന്റെ തിരിച്ചറിയല്‍കാര്‍ഡ്‌,s.s.l.c ബുക്കിന്റെ അറ്റസ്റ്റുചെയ്തകോപ്പി,തുടങ്ങി ഒരുപാട്‌ രേഖകള്‍ ഹാജരാക്കി സത്യവാങ്മൂലം നല്‍കിയാലേ ഇനി ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിക്കാനാകൂന്നാ അവന്മാര്‍ പറയുന്നെ. ഇതില്‍ എത്രമാത്രം കഴുമ്പുണ്ടെന്ന് ആര്‍ക്കറിയാം. അങ്ങിനെ ഇന്നത്തെ വിവരങ്ങള്‍ അറിയുവാനായി പ്രതിയെന്ന ചുള്ളന്റെ മൊബെയിലില്‍ രാവിലെ തന്നെ വിളിക്കുന്നു.
"അടിച്ചവന്റെ പല്ലെടുക്കെടാ.....കൂമ്പിടിച്ച്‌ കലക്കടാ...."
ഫോണില്‍ മറുതലക്കല്‍ നിന്നും ഒരു ആക്രോശം.വന്‍ ബഹളവും കേള്‍ക്കുന്നു. ഞാന്‍ ചുറ്റും നോക്കി ഇവിടെ ആരുടെ പല്ല് എടുക്കും ആരുടെ കൂമ്പിടിച്ച്‌ കലക്കും. അവനിവിടെ ആരാ ശത്രുക്കള്‍ തുടങ്ങിയ ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട്‌ എന്റെ മനസ്സിലൂടെ കടന്നുപോയി.

നാട്ടില്‍ ഇമ്മാതിരി സംഭാഷണങ്ങള്‍ പൂരങ്ങള്‍ പല്ലിപ്പെരുന്നാള്‌ തുടങ്ങിയവൗണ്ടാകുമ്പോ മാത്രമേകേള്‍ക്കാറുള്ളൂ.

"ഹലോ ആര്‍ടെ കൂമ്പിടിക്കുന്ന കാര്യാടാ" ഞാന്‍ ചോദിച്ചു.
"ഇവിടെ ബസ്സ്‌ സമരാടാ" മറുതല
"അതിനു നീയെന്തിനാ കൂമ്പിടിച്ചുകലക്കുന്നെ"
"അതെ ചക്കേമ്മെ ഈച്ചപൊതിയുന്ന മാതിരി കിട്ടിയവണ്ടിക്ക്‌ ആളുകള്‍ പൊത്തിപ്പിടിച്ച്‌ കയറി പോയ്കൊണ്ടിരിക്കാ അതിന്റെടേല്‌ ഒരു ജോസഫ്‌ ഗ്രൂപ്പുകാരന്‍."
"ബസ്സുസമരത്തിന്റെടേല്‍ ജോസഫ്‌ ഗ്രൂപ്പോ. അവര്‍ക്കെന്തോന്ന് ഇതില്‍ കാര്യം"
" ടാ മബു (മന്ദബുദ്ധിയുടെ ലോപിച്ച രൂപം) ഒരു മാമ്മന്‍ ഇമ്മടെ ഒരു ചുള്ളിയെ ഒന്ന് ഞോണ്ടി" മറുതല.
"എന്നിട്ട്‌ വേഗം പറ" ഇത്തരം കാര്യങ്ങളില്‍ ഒരു മലയാളിയുടെ ആകാംഷ എനിക്കും ഉണ്ടായി.മരുതലക്കല്‍ നിന്നും ഒരുപാടു പേരുടെ ആക്രോശം ഒരാളുടെ ദയനീയമായ ന്യായീകരണങ്ങള്‍.
"അവള്‍ ബഹളം ഉണ്ടാക്കി.ഇമ്മടെ ഗട്യോള്‍ ഇടപെട്ടപ്പോ ചുള്ളന്‍ ന്യായീകരിക്കാന്‍ നിക്കാ.നല്ല വിളക്ക്‌ വിളക്കുന്നുണ്ട്‌.. നീ പിന്നെ വിളി കുറച്ചുനാളായി ഒരുത്തനിട്ട്‌ കീറീട്ട്‌"
അവന്‍ ഫോണ്‍ കട്ടു ചെയ്തു. ഞാനാ ജോസഫ്‌ ഗ്രൂപ്പുകാരന്റെ പുറത്ത്‌ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണശേഷിയുള്ള നാട്ടുകാര്‍ പൂരം നടത്തുന്നതും ആലോചിച്ച്‌ ഇരുന്നുപോയി.
ഒപ്പം മലയാളഭാഷയില്‍ പുതിയ ഒരു പദോദയവും.

Wednesday, October 18, 2006

ബൂര്‍ഷ്വാ സ്ങ്കള്‍പ്പമല്ലെ സഖാവേ?

കേട്ട കഥ-1

തൃശ്ശൂരിലെ ഏതോ വൈകുന്നേരങ്ങളിലെ സൊറപറച്ചിലിനിടയില്‍ എന്റെ പ്രിയസുഹൃത്തും എഞ്ചിനീയറുമായ ശ്രീ ഭരതേട്ടന്‍ ഒരു കഥ പറയുകയുണ്ടായി. അതു ഓഷോ യുടെ ഒരു നര്‍മ്മകഥയാണെന്നും ഒന്നാണെന്നും ഒരു വാദമുണ്ട്‌ അറിയില്ല.

ഒരിക്കല്‍ ഒരു പ്രമുഖ താടിക്കാരന്‍ സഖാവ്‌ മരിച്ചപ്പോ സ്വാഭാവികമായും തന്റെ ദൈവനിഷേധത്തിന്റെ പേരില്‍ നരകത്തില്‍ എത്തിയത്രെ. അവിടെ ചെന്നതും അവിടത്തെ കൊടും പീഠനങ്ങളും അന്യായങ്ങളും കണ്ട്‌ സഖാവിന്റെ വിപ്ലവവീര്യം പുറത്തുചാടി. അദ്ദേഹം ഭൂമിയില്‍ താന്‍ ഉണ്ടാക്കിയ സമരങ്ങളെയും വിപ്ലവങ്ങളെയും അവിടെയും അങ്ങട്‌ തുടങ്ങാന്‍ തീരുമാനിച്ചു.

കുറച്ചാളുകളെ കൂട്ടി പൊതുയോഗം വിളിച്ചു. ജീവിച്ചിരുന്നപ്പോ ഭൂമിയില്‍ ഉണ്ടായിരുന്ന അറിയപ്പെടുന്ന പുണ്യാളന്മാര്‍ നേതാക്കന്മാര്‍ സാമൂഹികപ്രവര്‍ത്തകര്‍ ബുദ്ധിജീവികള്‍ ഒക്കെ ആയിരുന്നു കൂടുതലും. മരണശേഷം ഭൂമീലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ അവര്‍ക്ക്‌ നേരിട്ട്‌ നരകത്തില്‍ക്ക്‌ എണ്ട്രി ലഭിച്ചതാണ്‌. ആദ്യ മീറ്റിങ്ങില്‍ തന്നെ പണിമുടക്കും സമരവും പ്രഖ്യാപിച്ചു. നരകത്തില്‍ പിന്നെ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും ഒരു നീണ്ട നിര. nsrtc (നരക സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ വക ബസ്സുകള്‍ പന്തം കൊളുത്തിപ്പട അഗ്നിക്കിരയായി, കടകമ്പോളങ്ങള്‍ അടഞ്ഞു. നരകം ആകെ സ്തംബിച്ചു. ഇരിക്കപ്പൊറുതിയില്ലാണ്ടായപ്പോ നരകത്തിന്റെ ഇഞ്ചാര്‍ജുള്ള ചുള്ളന്‍ സമരക്കാരുമായി ചര്‍ച്ചക്ക്‌ തയ്യാറായി. ഒരു ഫലവും ഇല്ല. സമരക്കാര്‍ പുള്ളിയെ തടഞ്ഞു വച്ചു.. റിപ്പോര്‍ട്ടുചെയ്യാന്‍ ചെന്ന മാധ്യമക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായി. എഴുത്താളര്‍ വേറെ സമരം നടത്തി. ചുരുക്കിപ്പറഞ്ഞാ ത്രിവര്‍ണ്ണക്കാര്‍ ഭരിക്കുമ്പള്‍ത്തെ കേരളത്തിന്റെ അവസ്ഥയായി.

നരകത്തില്‍ നിന്നും മാസത്തില്‍ ഒരിക്കല്‍ റിപ്പോര്‍ട്ട്‌ സ്വര്‍ഗ്ഗത്തില്‍ നേരിട്ടെത്തിക്കുന്ന ഒരു പരിപാടിയുണ്ട്‌.റിപ്പോര്‍ട്ട്‌ ഏതാണ്ട്‌ കേരളത്തിലെ സമരദിനങ്ങളുടെ പത്രങ്ങള്‍ മാതിരി. സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായ മാലാഖയോട്‌ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നരകകാവല്‍ക്കാരന്‍ വിശദമായി പറഞ്ഞു. പുതിയതായി എത്തിയ ഒരുവന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിതൊക്കെ എന്നും അവനെ എത്രയും വേഗം ഒതുക്കാന്‍ ഒരു ഉപായം ഉണ്ടാക്കിത്തരണം എന്നും നരകകാവല്‍ക്കാരന്‍ കരഞ്ഞു പറഞ്ഞു. തല്‍ക്കാലം അവനെ ദൈവം അറിയാതെ ഒരാഴ്ച്ച ഇവിടെ പാര്‍പ്പിക്കണം എന്നും അതോടെ പ്രശ്നങ്ങള്‍ തെരുമെന്നു പറഞ്ഞു.

"ഹേയ്‌ കേട്ടടത്തോളം അതോണ്ടൊന്നും അവന്‍ നേരയാകുന്ന് തോന്നുന്നില്ല."സ്വര്‍ഗ്ഗത്തിലെ കാവല്‍ക്കാരന്‍ പറഞ്ഞു.
"തീര്‍ച്ചയായും ഇവിടെയുള്ള ഈ സുഖഭോഗങ്ങളും സുന്ദരിമാരേയും കണ്ടാല്‍ അവന്റെ വിപ്ലവം അതോടെ തീരും. ഭൂമിയില്‍ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌."
ജനങ്ങള്‍ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത്‌ ഡര്‍ഹിയിലെക്കയച്ച ചിലരുടെ ഉദാഹരണം നിരത്തി നരകത്തിന്റെ കാവല്‍ക്കാരന്‍ തെന്റെ വാദം സമര്‍ഥിച്ചു.
ഒടുവില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകും എന്ന് മനസ്സിലാക്കിയ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഒരാഴ്ച്ച ഇവിടെ നിര്‍ത്താം അതിനുള്ളില്‍ അവിടെയുള്ള മുഴുവന്‍ സമരക്കാരെയും അടിച്ചു നിരത്തിയേക്കണം.ദേ ദൈവം അറിഞ്ഞാ എന്റെ പണി പോകും, എല്ലാം നിന്റെ ഈ സങ്കടം കണ്ടിട്ടാ ഓര്‍മ്മവേണം" സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ പറഞ്ഞു.
"ശരി"
അങ്ങിനെ സഖാവ്‌ സ്വര്‍ഗ്ഗത്തില്‍ എത്തി.ഒരാഴ്ച്ചകൊണ്ട്‌ നമ്മുടെ വിദ്യാര്‍ഥികളെ അടിച്ചോതുക്കുന്നപോലെ മൃഗീയ മായ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗങ്ങള്‍ ഇടിമുറികള്‍ എന്നിവകൊണ്ട്‌ നരകത്തെ പുള്ളി ശരിപ്പെടുത്തി.
ദിവസങ്ങള്‍ പെട്ടന്നു പോയി. അടുത്തയാഴ്ച്ച മനസ്സില്ല മനസ്സോടെ നരകത്തിന്റെ കാവല്‍ക്കാരന്‍ സഖാവിനെ തിരികെ കൊണ്ടുവരാന്‍ അനുചരന്മാരുമായി പുറപ്പെട്ടു.
അവിടെ ചെന്നാപ്പ്പ്പോ ഒരു സമ്മേളനം നടക്കുന്നു. എന്താകര്യമ്ന്ന് തിരക്കി വരാന്‍ ഒരു കിങ്കരനെ വിട്ടു.കുറച്ചു കഴിഞ്ഞപ്പോ അവന്‍ തിരികെ വന്നു.
"അവിടേയ്‌ ഒരു സമ്മേളനം നടക്കുകയാ നമുക്ക്‌ പിന്നെ വരാം."

"സ്വര്‍ഗ്ഗത്തില്‍ സമ്മേളനമോ? ഇവിടെ ആട്ടവും പാട്ടും മാത്രമേ ഉണ്ടാകാറുള്ളൂ. ശരി ഞാന്‍ തന്നെ നേരിട്ടു പോയി അന്വേഷിക്കാം"
നരകത്തിനെ കാവല്‍ക്കാരന്‍ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്റെ അടുക്കല്‍ മടിച്ചുമടിച്ച്‌ എത്തുന്നു,കാരണം മറ്റേചുള്ളനെ തിരികെ ഏല്‍പ്പിക്കുമല്ലോ.
എന്തായി അവന്‍ കുഴപ്പം വല്ലതും ഉണ്ടാക്കിയോ. ദൈവം അറിഞ്ഞില്ലല്ലോ? പിന്നെ ഒരാഴ്ചകൂടെ അവിടെ കാര്യങ്ങള്‍ നേരെയാകുവാന്‍ എടുക്കും അതുവരെ അവന്‍ ഇവിടെ...നരക കാവല്‍ക്കാരന്‍ പൂര്‍ത്തിയാക്കും മുമ്പേ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കരന്റെ മറുപടി

"ദൈവോ അതൊരു ഭൂര്‍ഷ്വാ സങ്കല്‍പ്പമല്ലെ സഖാവേ"

*ദൈവനിന്ദയായി ആരും കണക്കാക്കല്ലെ. പിന്നെ ഈ കഥയിലെ സ്വര്‍ഗ്ഗവും നരകവും ഏതെങ്കിലും മതക്കരുടെ സ്വന്തം അല്ല. ഇനി അതിന്റെ മേല്‍ കുതിരകയറാനും തല്ലുണ്ടാക്കാനും നിക്കണ്ട. അതൊരു സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗവും നരകവും ആണ്‌ അതുപോലെ കഥാ പാത്രങ്ങളും.

Sunday, October 08, 2006

ഒരു ഗുനിയാ ദുസ്വപ്നം....

രണ്ടീസം പനിയുടെ ശക്തമായ ആക്രമണത്തെ ചെറുത്തുനില്‍ക്കുവാനുള്ള പോരാട്ടത്തിലായിരുന്നു ഞാന്‍.പെനഡോള്‍കൊണ്ടുള്ള പോരാട്ടം വിജയിച്ചില്ല മാത്രമല്ല ടി.വി യില്‍ ചിക്കന്‍ ഗുന്യാ ചിക്കന്‍ ഗുന്യാ ന്നുള്ള വാര്‍ത്തകളും ഉയര്‍ന്നുവരുന്ന മരണങ്ങളും കേട്ടതോടെ ഒരു വെള്ളിടി എവിട്ന്നാന്നറിയില്ല അങ്ങ്ട്‌ വെട്ടി. പിന്നെ ഒട്ടും താമസിച്ചില്ല കിട്ടിയ നമ്പര്‍ കറക്കി ഒരു കുറുമാലി കീരിയെ(അവന്‍ പുലിയാന്ന് സ്വയം വിശേഷിപ്പിക്കുമന്‍ങ്കിലും ഞങ്ങള്‍ പൊതുവേ അല്‍പ്പം ലോകവിവരം ഉള്ളവര്‍ അതിനോട്‌ തീരെ യോജിക്കാറില്ല,കുറുമാലീന്ന് നേരെ നെടുമ്പാശ്ശേരി-ഗള്‍ഫിലെ എയര്‍പ്പോര്‍ട്ട്‌. പിന്നെ ഓഫീസ്‌ ടു ഫ്ലാറ്റ്‌ താഴത്തെ കോള്‍ഡ്സ്റ്റോര്‍ അത്ര തന്നെ,അവന്റെ കൂടെ ജോലി ചെയ്യുന്ന അറബികള്‍ ജീവിക്കാന്‍ വേണ്ടി ഇപ്പോ മലയാളം വരെ പഠിച്ചെന്നാണ്‌ പാരമൊഴി)കൂട്ടി അടുത്തുള്ള ആശൂത്രീല്‍ക്ക്‌ തെറിച്ചു. അവിടെ നേഴ്സ്മാരോട്‌ സൗഹൃദം സ്ഥപിക്കുന്ന തിരക്കില്‍ അവനെന്റെ കാര്യം മറന്നു.

ഡോക്ടറുടെ മുന്നില്‍ അവശനായി പ്രത്യ്ക്ഷപ്പെട്ട എന്നെ നേഴ്സ്‌ പനിപരിശോധിക്കാനും പ്രഷര്‍ ചെക്കുചെയ്യാനും സഹായിച്ചുകൊണ്ടിരുന്നു.ഇതിനിടയില്‍ "ഇത്‌ സാധാരണ ഉള്ള പനിയാന്നേ, പേടിക്കാനൊന്നുമില്ലന്നേ" എന്ന തെക്കന്‍ സ്ലാങ്ങില്‍ ഒരു ആശ്വസിപ്പിക്കലും.

"റെസ്റ്റെടുക്കണം പിന്നെ തണുത്തവെള്ളം, കോഴിമുട്ട ഇവ ഒഴിവാക്കണം" തുടങ്ങിയ പതിവ്‌ ഉപദേശങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കുറിച്ച സ്ലിപ്പിനോടൊപ്പം കിട്ടി.

"സാര്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൂടെ വേണം" എന്റെ അപേക്ഷ കേള്‍ക്കേണ്ട താമസം അതും എഴുതിത്തന്നു. ഒരു വേള നാട്ടിലെ ആശൂത്രീം ഡോക്ടറുടെ മുഖത്ത്‌ മെഡിക്കല്‍ ലീവ്‌ എഴുതിത്തരാനുള്ള മടിയും തുടര്‍ന്ന് മേശയില്‍ വെക്കുന്ന അമ്പതിന്റെ നോട്ടും മനസ്സില്ലാമനസ്സോടെ പുള്ളി മെഡിക്കല്ലീവ്‌ ലെറ്ററില്‍ എഴുതി സൈഞ്ചെയ്യുന്ന രംഗവും എല്ലാം ഓര്‍ത്തുപോയി.
"ഹേയ്‌ ഡോണ്ട്‌ വറി, ഇറ്റ്‌ ഈസ്‌ നോര്‍മല്‍.....കൂടുതല്‍ ചിന്തിക്കാനൊന്നും ഇല്ല പെട്ടെന്ന് ശര്യാവും" പുള്ളിക്കാരന്‍ ആംഗലേയത്തില്‍ ആശ്വസിപ്പിച്ചു. എനിക്കുപറയാമ്പറ്റോ ഞാന്‍ നാട്ടിലെ ആശൂത്രീടെ കാര്യം ആലോചിച്ചോണ്ടിരിക്കാന്നും താങ്കള്‍ വിചാരിക്കുന്ന പോലല്ല അതൊന്നും ഒരിക്കലും നേരെയാവില്ലാന്നു.പുറത്തിറങ്ങി നോക്കുമ്പോ കുറുമാലിക്കാരന്റെ പൊടിപോലുമില്ല.തിരക്കിനിടയില്‍ മൊബെയില്‍ എടുക്കാനും മറന്നതിനാല്‍ ഒന്ന് വിളിക്കാനും പറ്റില്ല. പിന്നെ ആസ്പത്രി മുഴുവന്‍ അവനെ പേരെടുത്തു വിളിച്ച്‌ നടക്കാന്തക്ക ശേഷി തോണ്ടക്കില്ലാത്തതിനാലും നിശ്ശബ്ദത പാലിക്കുക എന്ന് മലയാളത്തിലും ഇംഗ്ലീഷിലും മാത്രം എഴുതിവെച്ചിട്ടുള്ളതിനാലും തിരികെ പോരാന്‍ ഒരു ടാക്സിവിളിക്കേണ്ടി വന്നു.

ഫ്ലാറ്റില്‍ ഏത്തിയപാടെ ഡോക്ടര്‍ അനായാസമായി എഴുതുകയും മെഡിക്കല്‍ഷോപ്പുകാരന്‍ തപ്പിയെടുത്ത്‌ തന്നതുമായ ഒരു നട മരുന്നടിച്ചുകിറുങ്ങി ഏതാണ്ട്‌ പകുതി ബോധത്തോടെ കിടപ്പായി.അപ്പോള്‍ കണ്ടത്‌ സ്വപ്നാനാണോ സത്യാണോന്നറിയില്ല അത്‌ ഏതാണ്ടിങ്ങനെ ഒക്കെ ആയിരുന്നു.
ടിവിയില്‍ വീണ്ടും ചിക്കന്‍ ഗുന്യാ ഗുന്യാ ന്നുള്ള വാര്‍ത്തയും ചര്‍ച്ചയും പിന്നെ മിന്നിമറയുന്ന ദൃശ്യങ്ങളും. റിപ്പോര്‍ട്ടര്‍ ആശൂത്രീടെ മുമ്പിലും കൊതുകുകളുടെ സംസ്ഥന സംഘടനാ പ്രതിനിധി ആലപ്പുഴസ്റ്റുഡിയോയിലും,കോഴിക്കോട്ടുനിന്നും കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഒരാള്‍ പിന്നെ ഏതോ രാഷ്ട്രീയ പര്‍ട്ടിയുടെ നേതാവ്‌ ഗുനിയാ ബധിതപ്രദേശത്തെ നാട്ടുകാരന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലുമായുള്ള ചര്‍ച്ച തുടരുന്നു.

സാംസക്കാരിക നായകന്‍" ഇത്‌ ലോക കമ്പോള ശക്തികള്‍ എല്ലായിടത്തും പിടിമുറുക്കുന്നതിന്റെ ഒരു ഭാഗമാണെന്നേ ഞാന്‍ കാരുതുന്നുള്ളൂ. ആലപ്പുഴയേക്കുറിച്ച്‌ പറഞ്ഞാല്‍ ആഭാഗങ്ങളില്‍ നിന്നും ഒരുപാട്‌ സാംസക്കാരിക വളര്‍ച്ച ആധുനിക കേരളത്തിനുണ്ടായിട്ടുണ്ട്‌ അതിനെ തകിടം മറിക്കുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.ഇതിന്റെ ഒരു മറുവശം കൂടെനാം കാണേണ്ടതുണ്ട്‌ ഇത്തരം പകര്‍ച്ചവ്യാധികള്‍ പലപ്പോഴും മികച്ച സാഹിത്യ രചനകള്‍ക്ക്‌ ഇടയാകാറുണ്ട്‌.ഉദാഹരണമായി "ലൗ ഇന്ത കോളറാ ടൈം" എന്നപോലെ ലൗ ഇന്ത ഗുനിയാടൈം ഒരു കവിതാസമാഹാരത്തെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കയാണ്‌."ചില വരികള്‍ ചൊല്ലാന്‍ തുടങ്ങുന്നു...

"മിസ്റ്റര്‍ താങ്കളിലേക്ക്‌ തിരിച്ചുവരാം ഇപ്പോള്‍ ഗുനിയാ പരത്തുന്ന കൊതുകുകളുടെ ആലപ്പുഴയിലെ ഏരിയാ നേതാവ്‌ ലൈനിലുണ്ട്‌.

"ഹലോ മിസ്റ്റര്‍ ഗുന്യാ താങ്കള്‍ക്ക്‌ കേള്‍ക്കാമോ?"
'കേള്‍ക്കാം"
"എന്തുകൊണ്ടാണ്‌ ഇങ്ങനെ തുടരെ തുടരെ നിങ്ങള്‍ ഒരു പ്രത്യേക ജില്ലയെ ലക്ഷ്യം വെച്ച്‌ വിവിധ തരത്തില്‍ ആക്രമണം നടത്തുന്നത്‌? എന്താണ്‌ ഇപ്പോഴത്തെ ആക്രമണത്തിനു കാരണം?"

"ടൂറിസത്തിനു അനുകൂലമായ സ്ഥലത്തൊക്കെ രോഗം പരത്തുക എന്നത്‌ ഞങ്ങളും രോഗാണുക്കളുടെ ആഗോള കമ്പനിയുമായുള്ള ഉടമ്പടിയുടെ ഭാഗമാണ്‌. ഞങ്ങള്‍ക്കതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല.കരാര്‍ ലംഘിച്ചാല്‍ അതു കനത്ത സാമ്പത്തിക ബാധ്യതയാണ്‌ വരുത്തിവെക്കുക"

"ശ്രീ മുക്കന്‍ കൊതുകുകളുടെ പ്രധിനിധി പറയുന്നു അവര്‍ രോഗാണുക്കളുടെ കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ ഇത്ര പേരില്‍ രോഗം പരത്തണമെന്ന്.ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്താണ്‌ നിങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ പറയാനുള്ളത്‌"

"ഒരിക്കലും നീതീകരിക്കന്‍ പറ്റാത്ത കാര്യമാണവര്‍ പറയുന്നത്‌. അവര്‍ ആക്രമണം ഉടന്‍ നിര്‍ത്തിവെക്കണം. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയായിരിക്കും അധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാവുക"

സാംസ്ക്കാരികനായകന്‍:"ഞങ്ങള്‍ ഗുനിയാക്കെതിരായി കോഴിക്കോട്‌ ഒരു കവിയരങ്ങും സാംസ്ക്കാരിക സമ്മേളനവും നടത്തും. ഇവിടെ സാമ്രാജ്യത്വ ശക്തികളുടെ ചട്ടുകമായ ഗുനിയായാണിതിനെല്ലാം കാരണം"

"ശ്രീ ഗുന്യാ താങ്കള്‍ കേട്ടുവല്ലോ ശക്തമായ നടപടികള്‍ ആണ്‌ നിങ്ങള്‍ക്ക്‌ നേരെ ഉണ്ടാവുക എന്നാണ്‌ മറുവിഭാഗത്തിന്റെ താക്കീത്‌.നിങ്ങളാണിതില്‍ പ്രതിസ്ഥനത്ത്‌ എന്നാണിവര്‍ ആരോപിക്കുന്നത്‌. എന്താണ്‌ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം?"

"ഞങ്ങളുടെ എത്ര കൊതുകുകളെ ഇവര്‍ക്ക്‌ പ്രതികളാക്കാനും പിടികൂടാനോ കൊല്ലാനോ പറ്റി? ഞങ്ങളോ അതോ ഇതിനെതിരെ നടപടി എടുക്കേണ്ട അധികൃതരോ ആരാണ്‌ കുറ്റക്കാര്‍ എന്ന് വളരെവ്യക്തമാണ്‌. ഇവിടെ ഞങ്ങളെ സമ്പന്തിച്ചേടത്തോളം വളരെ സുരക്ഷിതമായ ഒരു മേഘലയാണ്‌. പിന്നെ ഇവര്‍ പറയുന്ന നടപടിയൊക്കെ വെറുതെ പത്രങ്ങളിലും ടിവി വാര്‍ത്തകളിലും ഒതുങ്ങും. നിങ്ങള്‍ നേരത്തെ കാണിച്ച ദൃശ്യങ്ങളില്‍ നിന്നുതന്നെ അവിടത്തെ ആശുപത്രികളുടെ സ്ഥിതി മനസ്സിലാക്കാവുന്നതാണ്‌.ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം നിരവധി പേര്‍ മരിക്കുകപോലും ചെയ്തിട്ടും അധികൃതര്‍ ഞങ്ങളുടെ പ്രവര്‍ത്തനംകൊണ്ടാണ്‌ മരണം എന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഭീഷണികളോ മറ്റു നടപടികളോ ഞളുടെയടുത്ത്‌ വിലപ്പോകില്ല മാത്രമല്ല മറ്റു ചില വൈറസ്സുകളുമായി ഞങ്ങള്‍ ഇതിനിടയില്‍ കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇതുകഴിഞ്ഞിട്ടുവേണം അടുത്ത ആക്രമണം തുടങ്ങാന്‍. ഇതിനു വേണ്ട എല്ലാ സഹകരണവും ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളില്‍ നിന്നും ഉണ്ടാവു എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌."


ഇതിനിടയില്‍ ഒരു കക്ഷി ഇടപെടുന്നു
"ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറയാനുള്ളത്‌ നിങ്ങള്‍ ഞങ്ങള്‍ സാധാരണക്കാരെ ആക്രമിക്കാതെ ഇതിനുത്തരവാദിത്വപ്പെട്ടവരെ ആക്രമിക്കണമെന്നതാണ്‌.ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍"

"ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എന്താണ്‌ നിങ്ങളുടെ മറുപടി"

തുടര്‍ന്ന് ഗുന്യായുടെ മറുപടി

"അവരെ നിങ്ങളാണ്‌ ശമ്പളംകൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്നത്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. മാത്രമല്ല അവരുടെ അനാസ്ഥ തുടര്‍ന്നില്ലേല്‍ അത്‌ ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബധിക്കും.പിന്നെ തിരിയെക്കുറിച്ച്‌ അവര്‍ കൃത്യമായി ഞങ്ങള്‍ക്ക്‌ റൊയല്‍റ്റിതരുന്നുണ്ട്‌.ഈയ്യിടെ ചൈ..ക്കാരുടെ ഒരു തിരിസംഘം ഇവിടെ വന്നിരുന്നു,ഞങ്ങള്‍ ചില നിര്‍ദ്ധേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌ മിക്കവാറും ഇരു പക്ഷത്തിനും ദോഷമുണ്ടാക്കാത്തരീതിയിലുള്ള തിരികള്‍ ഉടന്‍ വിപണിയില്‍ ഇറങ്ങും "

"എന്താണീ ഇരുപക്ഷത്തിനും ദോഷം ഉണ്ടാകാത്തരീതിയില്‍ ഉള്ള തിരികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? ഒന്ന് വ്യക്തമാക്കാമോ?"

"വിപണിയില്‍ വന്തോതില്‍ വിറ്റഴിക്കാവുന്നതും എന്നാല്‍ ഞങ്ങള്‍ കൊതുകുകള്‍ക്ക്‌ ആരോഗ്യപ്രശ്നം ഉണ്ടാക്കാത്തതും നാട്ടുകാര്‍ക്ക്‌ ആരോഗ്യശ്നങ്ങള്‍ ഉണ്ടാക്കുന്നതുമ്മായ തിരികള്‍. കൂടാതെ ഇത്തരം തിരികള്‍ ഉണ്ടാക്കുന്ന പുതിയ രോഗങ്ങള്‍ പുതിയമരുന്നുകള്‍ക്ക്‌ വിപണിയൊരുക്കുന്നതും ആയിരിക്കണം."

"എന്താണ്‌ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. ഇത്‌ ആരോഗ്യരംഗത്തു നിലനില്‍ക്കുന്നു എന്ന് കരുതാവുന്ന ഒരു വലിയ മാഫിയായുടെ രൂപം വ്യക്തമാക്കുകയാണൊ?"

"അതു നിങ്ങള്‍ മാധ്യമക്കാരുടെ സ്ഥിരം പ്രയോഗമാണെന്നെ പറയാനൊക്കൂ.കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതിര്‍ക്കുകയും ചെയ്യാത്തിടത്തോളം ഇത്തരം കാര്യങ്ങള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കും"

"ശ്രീ വിക്കന്‍, മിസ്റ്റര്‍ ഗുന്യായുടെ പുതിയ വെളിപ്പെടുത്തല്‍ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?"

"തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഞങ്ങളും ഗുന്യായുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. വിലകുറഞ്ഞ തിരികള്‍ വരട്ടെ ഇക്കാര്യത്തില്‍ കേന്ദ്രസഹായം ഉടന്‍ വേണം ഇവിടത്തെ സാധാരണക്കാര്‍ക്ക്‌ റേഷങ്കടവഴി തിരി സബ്സീഡിയോടെ നല്‍കണം.വിദേശകമ്പനികളുടെ പുതിയ പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കണം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒരു സംഘത്തെ വിദേശത്തേക്കയക്കണം എന്നാണെന്റെ അഭിപ്രായം. തന്നെയുമല്ല നിങ്ങള്‍ കൊതുകുകള്‍ പുതിയ വൈറസ്സുകളേയും അതിന്റെ മരുന്നുകമ്പനികളേയും ഉടന്‍ ഇന്റ്രൊഡ്യൂസ്‌ ചെയ്യണം"

സാംസ്ക്കാരികപ്രവര്‍ത്തകന്‍: "ഇത്‌
ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ശക്തമായ ഒരു സാംസ്കാരിക ജനകീയ ഗുനിയാവിരുദ്ധ കൂട്ടായ്മയുടെ അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എന്റെ പുതിയകവിതയില്‍ ഇതേക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌....

പ്രതിഷേധക്കാരുടേം പ്രസ്ഥാവനക്കാരുടേം വിവിധ ദൃശ്യങ്ങള്‍.

"നന്ദി ശ്രീ... മിസ്റ്റര്‍ ഗുനിയാ മിസ്റ്റര്‍ മുക്കന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്‌.നമ്മള്‍ക്ക്‌ സമയപരിമിതി ഉള്ളതിനാല്‍ ഈ ചര്‍ച്ച ഇവിടെ വച്ച്‌ നിര്‍ത്താം. തീര്‍ച്ചയായും ഞങ്ങളും മനസ്സിലാക്കുന്നത്‌ അഥവാ മനസ്സിലാക്കാന്‍ കഴിയുന്നത്‌ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാത്ത ഒരു സംവിധാനം നിലനില്‍ക്കുന്നിടത്തൊക്കെ നിങ്ങള്‍ക്കെല്ലാം വിജയിക്കാനാകും എന്നാണ്‌."


എന്റെ മനസ്സില്‍ ഗുന്യായുടെ ഭീതി മെല്ലെമെല്ലെ വര്‍ദ്ധിക്കാന്‍ തുടങ്ങി.കാരണം മറ്റൊന്നുമല്ല കഴിഞ്ഞയാഴ്ച കല്യാണത്തിനു നാട്ടില്‍പോയ പോളിനെ ഫോണ്‍ വിളിച്ചതിന്റന്നു രാത്രിയിലാണ്‌ എനിക്ക്‌ പനി തുടങ്ങിയത്‌. ഇനി ഫോണിലൂടങ്ങാണ്‍ ഗുന്യാ വരോ? പിന്നെം ചില രംഗങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. വീട്ടുകാര്‍ എന്റെ എല്‍ ഐ സീടെ പോളിസി പുതുക്കീട്ടുണ്ടാവോ? ഇനി പുതുക്യാതന്നെ കാശുകിട്ടാന്‍ എത്രകൊല്ലം ഒരോരോ ഓഫീസു കയറി ഇറങ്ങേണ്ടിവരും എന്നൊക്കെ. ഇതിനിടയില്‍ എപ്ലോ എന്റെ ഉണ്ടായിരുന്ന ബോധംകൂടെ പോയി.

പിന്നെ ഏതാണ്ട്‌ ഉച്ചയോടെ നമ്മുടെ കുറുമാലി ചുള്ളന്‍ നേഴ്സുമാരുമായുള്ള ബ്ലോഗ്ഗിങ്ങും കമന്റ്സും കഴിഞ്ഞ്‌ കുറച്ച്‌ ഫ്രൂട്സുമായി എത്തി എന്നെ വിളിച്ചുണര്‍ത്തിയപ്പ്പ്പോഴാണ്‌ ഞാന്‍ ജീവനോടെ ഇരിപ്പുണ്ടെന്ന് അറിയുന്നെ.*ആരേയും കളിയാക്കാനോ അല്ലെങ്കില്‍ ദുരന്തത്തെ പരിഹാസപൂര്‍വ്വം കാണാനോ അല്ല മറിച്ച്‌ ചിക്കന്‍ ഗുന്യാബാധിച്ച്‌ ആളുകള്‍ മരിക്കുന്നത്‌ തുടരുകയും എന്നാല്‍ അധികൃതര്‍ക്ക്‌ ഇതിനെ ഇതുവരെ എന്തുകൊണ്ട്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ചിന്തിക്കേണ്ടവിഷയമാണ്‌.സംഭവത്തെ ഇത്രയും മോശമായ രീതിയിലേക്ക്‌ എത്തിച്ച നിരുത്തരവാദപരമായ സംവിധാനത്തോടുള്ള എതിര്‍പ്പാണ്‌ അല്‍പ്പം വൈകിയാണെങ്കിലും കുറിപ്പിടുവാന്‍ കാരണം.അധികൃതര്‍ തുടക്കത്തില്‍ തന്നെ വേണ്ട മുങ്കരുതല്‍ സ്വീകരിക്കാഞ്ഞതെന്തെ? ഇവര്‍ മനുഷ്യജീവനെ വളരെ നിസ്സാരമായിട്ടാണോ കാണുന്നത്‌?

Sunday, October 01, 2006

രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്യുന്നില്ല?

ഓരോദിവസവും കേരളം ഉണരുന്നത്‌ കടക്കെണിയില്‍പെട്ട കര്‍ഷകരുടേയോ ചെറുകിട വ്യാപാരി/വ്യവസായിയുടേയോ വിദ്യാര്‍ഥികളുടേയോ ആത്മഹത്യാ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്‌.എന്നാല്‍ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തതായി വാര്‍ത്തകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. (അടുത്ത കാലാത്ത്‌ ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട്ടില്‍ ഏതെങ്കിലും "രാഷ്ട്രീയ കൃീഷിക്കാരന്‍" ആത്മഹത്യ ചെയ്തിട്ടില്ല)കേരളത്തില്‍ എന്തുകൊണ്ട്‌ അധ്വാനിച്ച്‌ ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാനാകാതെ ആത്മഹത്യ ചെയ്യുകയും എന്നാല്‍ പ്രത്യേകിച്ച്‌ തൊഴിലോ "പ്രത്യക്ഷത്തില്‍" വരുമാനമോ ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളികളും രാഷ്ട്രീയവ്യാപാരികളും ആത്മഹത്യ ചെയ്യുന്നില്ല എന്നത്‌ ചിന്തിക്കേണ്ട ഒരു വിഷയമാണ്‌പ്രത്യേകിച്ച്‌ തൊഴില്‍ ഒന്നും ഇല്ലാത്ത ഇന്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക്‌ ആര്‍ഭാടകരമായജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ എങ്ങിനെ സാധിക്കുന്നു. തിരഞ്ഞെടുപ്പു പരാജയങ്ങളും സ്ഥാനമാനങ്ങള്‍ നഷ്ട്ടപ്പെടുന്നതൊന്നും ഇവര്‍ക്ക്‌ ആത്മഹത്യാ കാരണങ്ങള്‍ ആകുന്നില്ല, എന്നാല്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോഴും ബിസിനസ്സിലും കൃഷിയിലും പരാജയം ഉണ്ടാകുമ്പോഴും ഇവിടെ മനുഷ്യര്‍ ജീവനൊടുക്കുന്നു. എന്താണ്‌ വിചിത്രമായ ഈ സമസ്യക്ക്‌ കാരണം?ചില പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ചെറിയ ഒരു തുക ശമ്പളമായി നല്‍കുന്നു എന്നത്‌ നേരുതന്നെ, എന്നാല്‍ അത്‌ അത്ര വലിയ ഒരു തുകയൊന്നും അല്ല.അപ്പോള്‍ അഴിമതിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടേയും വന്തോതില്‍ സമ്പത്താര്‍ജിക്കുവാനുള്ള ഒരു വേദിയായി തീര്‍ന്നിരിക്കുന്നു എന്ന് വ്യക്തം.


ഒരുകാലത്ത്‌ സേവനം മാത്രം ലക്ഷ്യമാക്കിയിരുന്നവര്‍ ആയിരുന്നു ഈരംഗത്തേക്ക്‌ കടന്നുവന്നിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം ഒരു തൊഴില്‍ മേഘലയായും ബിസിനസ്സായും അധ്‌:പതിച്ചിരിക്കുന്നു എന്നുകരുതിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല..സമീപകാലത്തെ ചില പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എടുത്തുനോക്കിയാല്‍ ഇതിന്റെ ഭീകരമായ സത്യാവസ്ഥ വെളിവാകും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സമൂഹത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയും കാണിക്കാതെ ചിലവ്യക്തികളുടെ താല്‍പര്യാര്‍ഥം രാജിവെക്കുകയും മറ്റൊരു പ്രസ്ഥാനവുമായി രംഗത്തുവരികയും ചെയ്യുന്നു. തങ്ങളെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ ചിലവിട്ട നികുതിപ്പണത്തേക്കുറിച്ചോ ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ച വിശ്വാസത്തേയും ഉത്തരവാധിത്വത്തേയും കുറിച്ചോ ചിന്തിക്കാതെ ഇത്തരം ഒരു തീരുമാനം എടുക്കുകയും ആവ്യക്തിയോടുള്ള കൂറിനേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തെ വെല്ലുവിളിക്കുകയല്ലെ ചെയ്യുന്നത്‌. കേവലം ഒരു വര്‍ഷംകൊണ്ട്‌ പുതിയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ച്‌ പഴയ സ്ഥലത്തേക്കുതന്നെ തിരികെ വരുന്നവര്‍ക്ക്‌ പഴയ സ്ഥാനമാനങ്ങളോാടെ തിരിച്ചെടുക്കുവാന്‍ തയ്യാറായാല്‍ അത്‌ അതിലും വലിയ അപരാധമെന്നേ പറയാനൊക്കൂ. ഇത്തരക്കാരെ യാതൊരു കാരണവശാലും തികെ എടുക്കാതിരിക്കുകയോ അല്ലെങ്കില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവധിക്കുയോ ആണ്‌ നേതാക്കന്മാര്‍ ചെയ്യേണ്ടത്‌.

പഴയ പ്രസ്ഥാനത്തെയും അവരുടെ ഭരണത്തിന്റെ പോരായമകളേയും കേരളമൊട്ടുക്ക്‌ വിമര്‍ശിച്ചു നടന്നവര്‍ ഏതാനും നാളുകള്‍ക്കകം പുതിയപ്രസ്ഥനം വിട്ട്‌ യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പഴയപ്രസ്ഥാനത്തെ പുകഴ്ത്തിക്കൊണ്ട്‌ നമുക്കിടയിലേക്ക്‌ വരുമ്പോള്‍ സ്വയം ചിന്തിക്കുക നമ്മള്‍ എന്തിനിവരെ ചുമക്കണം. സംഘടന വിടുമ്പോള്‍ അതില്‍ ഉള്ളവര്‍ക്കെതിരായി കോടികളുടെ അഴിമതി ആരോപണങ്ങള്‍ ആണ്‌ ഇക്കൂട്ടര്‍ നടത്തുക. പിന്നീട്‌ തിരികേവരുമ്പോള്‍ അത്‌ അന്ന് തങ്ങളുടെ നേതാവിന്റെ സമ്മര്‍ദ്ധം മൂലം നടത്തിയ പരാമര്‍ശങ്ങള്‍ ആണെന്ന് തിരുത്തിപ്പറയുമ്പോള്‍ ഇത്തരക്കാരുടെ വാക്കുകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌. ഒരു പൊതു പ്രവര്‍ത്തകന്‍ കേവലം ഒരു ചട്ടുകം മാത്രമായി വര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ എന്ത്‌ ആദര്‍ശം എന്ത്‌ സത്യസന്ധത ! നാളെ മറ്റൊരാളുടെ "രാഷ്ട്രീയ കമ്പനിയില്‍" ചേക്കേറുമ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കില്ലെ?

"അവസരവാദത്തിന്റെ" കലയാണ്‌ രാഷ്ട്രീയം എന്ന വാചകത്തെ വേദവാക്യമായി കരുതുന്നവര്‍ക്ക്‌ ആദര്‍ശവും അവസരങ്ങള്‍ക്കനുസരിച്ച്‌ മാറ്റുവാന്‍ യാതൊരു മടിയും ഇല്ലാ എന്ന് തിരിച്ചറിയുക. ഇത്തരക്കാരുടെ സമൂഹത്തോടുള്ള പതിബദ്ധത എത്രമാത്രമെന്ന് സ്വയം ചിന്തിക്കുക.

അടുത്തകാലത്തെ ചില രാഷ്ട്രീയ നാടകങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നതായി തോന്നി.കേവലം വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍ നിറുത്തി ചിലര്‍ നടത്തുന്ന വിട്ടുപോകലും തിരികെ വരലും ഇത്രയധികം സമയം ന്യൂസില്‍ ചര്‍ച്ച്‌ ചെയ്യേണ്ടതുണോ? ജനങ്ങളുമായി ബന്ധപ്പെട്ട എന്റെങ്കിലും വിഷയങ്ങള്‍ ആണോ ഇത്തരക്കാരുടെ "നാടകങ്ങളുടെ" അടിസ്ഥാനം അല്ലെന്നിര്‍ക്കെ ജനങ്ങളും മാധ്യമങ്ങളും ഇത്തരക്കാരെ തള്ളിക്കളയുകായാണ്‌ വേണ്ടിയിരുന്നത്‌. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ബന്ധുക്കളുടേയും ആസ്ഥി പരിശോധിക്കുവാന്‍ "കുറ്റമറ്റ" സംവിധാനം ഉണ്ടായേതീരൂ. അതിനായി ഉദ്ധ്യോഗസ്ഥ-ജനകീയ അന്വേഷണ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. നിലവിലുള്ള സംവിധാനങ്ങളെ ഭരിക്കുന്നത്‌ രാഷ്ട്രീയനേതൃത്വങ്ങള്‍ ആണെന്നിരിക്കെ ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനമാണിനി വേണ്ടത്‌. ഇപ്രകാരം ഉള്ള അന്വേഷണത്തില്‍ കണ്ടെത്തുന്ന അനധികൃത സ്വത്തുക്കള്‍ ഖജനാവിലേക്ക്‌ കാലതാമസം ഒട്ടും ഇല്ലാതെ കണ്ടുകെട്ടുകയും വേണം. ഓരോ വ്യക്തിയും സ്ഥാനാര്‍ഥികളായി നില്‍ക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുപ്പുകമ്മീഷനു മുമ്പാകെ വരുമാനവും സ്വത്തുവിവരങ്ങളും പ്രഖ്യാപിക്കുക ആവശ്യമാണല്ലോ അതുപോലെ അവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഒഴിയുമ്പോളും സ്വത്തുവിവരം പ്രഖ്യാപിക്കുന്ന രീതി കൊണ്ടുവരേണ്ടിയിരിക്കുന്നു.വിവിധ പ്രസ്ഥാനങ്ങള്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളക്കുന്ന "തകര" കളെ സ്ഥാനാര്‍ഥികളാക്കി ജെയിപ്പിക്കാറുണ്ട്‌. ഇതിനു തടയിടുവാന്‍ ജനങ്ങള്‍ തന്നെ തീരുമാനിക്കണം. ഇത്തരം പേയ്‌മന്റ്‌ സീറ്റുകളില്‍ ജയിക്കുന്നവര്‍ക്ക്‌ യാതൊരു വിധ പ്രവര്‍ത്തിപരിചയവും ഇല്ലാ എന്നിരിക്കെ ഒരു ജനപ്രധിനിധി എന്ന നിലയില്‍ എന്താണിവരില്‍ നിന്നും നാം പ്രതീക്ഷിക്കുക.സമൂഹത്തെ ഒരേസമയം ചൂഷണം ചെയ്യുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന വരെ തിരിച്ചറിയുകയും തള്ളിക്കളയുകയും ആണ്‌ ജനങ്ങള്‍ ചെയ്യേണ്ടത്‌. നമ്മളുടെ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കേണ്ട നികുതിപ്പണത്തില്‍ നിന്ന് ഇവര്‍ക്ക്‌ ശമ്പളമായും ബത്തകളായും പിന്നീട്‌ പെന്‍ഷനായും നമ്മള്‍ തന്നെ നല്‍കണം എന്നത്‌ മറന്നുകൂടാ.

രാഷ്ട്രീയം ചെറുകിട വ്യവസായമായി കൊണ്ടു നടക്കുന്നവര്‍ തട്ടിക്കൂട്ടുന്ന ബ്രാക്കറ്റ്‌ പ്രസ്ഥാനങ്ങള്‍ ചില സമുദായപിന്തുണയോടെ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി അവരുടെ സഹായത്താല്‍ ജനപ്രധിനിധികളെ ഉല്‍പ്പാദിപ്പിക്കുന്നു. പിന്നീട്‌ ഇവര്‍ മന്ത്രിസ്ഥാനങ്ങളും മറ്റും നേടിയെടുത്ത്‌ കൊഴുക്കുന്നു.ഭരണം നിലനിര്‍ത്താന്‍ തങ്ങള്‍ അനിവാര്യമാണെന്ന് നിലവന്നാല്‍ പിന്നെ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്ക്‌ നാം നിരവധി തവണ സാക്ഷ്യം വഹിച്ചതും അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതും ആണല്ലോ?

അര്‍ഹമായ പ്രാധിനിധ്യം ലഭിച്ചില്ല എന്ന് പറഞ്ഞു വിവിധ സമുദായ സംഘടനകള്‍ പ്രസ്ഥാവനയിറക്കാറുണ്ട്‌, ഒരു പൊതുപ്രവര്‍ത്തകന്‍ ജാതിമതാതീതനായി ജനങ്ങളെ സേവിക്കുവാന്‍ സദാ സന്നദ്ദനാണെന്ന പൊതു തത്വം വച്ചുനോക്കിയാല്‍ പിന്നെ എന്തിനാണീ സാമുദായിക പരിഗണന വച്ചുള്ള സ്ഥാനമാനങ്ങള്‍ പങ്കിടല്‍.അപ്പോള്‍ സ്വാഭാവികമായും ഓരോ സമുദായവും സ്പോണ്‍സര്‍ ചെയ്യുന്നവര്‍ അതതു സമുദായത്തിനനുകൂലമായ നിലപാടുകള്‍ എടുക്കുവാന്‍ ബാധ്യസ്ഥനാകുന്നു. ഇത്തരത്തില്‍ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം നല്‍കുമ്പോള്‍ അതു മറ്റുവിഭാഗങ്ങള്‍ക്കെതിരകുന്നതോ പൊതു സമൂഹത്തിനു ദോഷം വരുന്നതോ ആയിരിക്കുമല്ലോ? സ്വാഭാവികമായും ഇവിടെ സാമൂഹിക നീതി ഇല്ലാതക്കപ്പെടുന്നു.


ഇതേക്കുറിച്ച്‌ ഒരു സജീവ ചര്‍ച്ചയും ജനങ്ങള്‍ക്ക്‌ ഒരു അവഭോധവും വേണമെന്നത്‌ അത്യാവശ്യമാണ്‌ന്ന് തോന്നുന്നു.

Tuesday, September 26, 2006

ഓണസമ്മാനം.

ഇത്തവണ ഓണായിട്ട്‌ വീട്ടിലേക്ക്‌ ഒരു ഡ്രാഫ്റ്റും പിന്നെ കൊടകരപുരാണത്തിന്റെ ഒരു കോപ്പിയും സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കുമ്പോ അറിയാണ്ടെ പണ്ടത്തെ ഒരു ഓണക്കാലം ഓര്‍ത്തുപോയി.

പണ്ടൊക്കെ ഓണായിട്ട്‌ ഗള്‍ഫീന്ന് ഫാദറിന്റെ വക പുതിയ ഷര്‍ട്ടിന്റെ തുണി,പാന്റ്‌ പീസ്‌ അതില്‍ ഭാക്കിയുണ്ടേല്‍ അനിയസിനൊരു ട്രൗസര്‍ ഇതൊക്കെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്‌.നമ്മള്‍ കേരം കേന്ദ്രത്തിനു കൊടുക്കുന്ന മാതിരി പുതിയ BSA SLR സൈക്കിള്‍,സ്ക്കൂളീന്നു ടൂറുപോകാന്‍ അനുമതിയും സാമ്പത്തികസഹായവും തുടങ്ങി ചില നിവേദനങ്ങള്‍ അങ്ങോട്ടയച്ചുകൊടുക്കും അദ്ദേം അതൊക്കെ കേന്ദ്രം ചെയ്യുന്നപോലെ പരിഗണിക്കാം എന്നുപറയും. അത്രതന്നെ.

ഗള്‍ഫിലുള്ള മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ലീവിനുവരുമ്പോള്‍ ഭാര്യസമേതം കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഒരു വരവുണ്ട്‌. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പാകുമ്പോ ബൂത്തുതലത്തില്‍ ഉള്ള സന്ദര്‍ശം പോലെ സകല ബന്ധുവീടുകളിലുംകയറും. കായവര്‍ത്തതും ചായയും കുടിച്ച്‌ അവരുടെ വക പിള്ളേഴ്‌ സിനു ചില ഉപദേശോം.ഗള്‍ഫ്‌ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ബാച്ചിലേഴ്സിനു ചില വാഗ്ദാനങ്ങള്‍.

പിന്നെ വെള്ളപ്പൊക്കത്തെകുറിച്ച്‌ പഠിക്കാന്‍ വരുന്ന കേന്ദ്ര സംഘത്തെപ്പോലെ രണ്ടുമാസം കറങ്ങിത്തിരിഞ്ഞ്‌ അവര്‍ അങ്ങുപോകും.ഒരിക്കലും അവരുടെ റിപ്പോര്‍ട്ട്‌ കേന്ദ്രത്തില്‍ എത്തുകയോ അതിന്മേല്‍ എന്ത്ങ്കിലും നടപടി ഉണ്ടാകുകയോ ഇന്നേവരെ ഉണ്ടായിട്ടില്ല.


അങ്ങിനെ ഒരിക്കല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ ഒരു ഫണ്ടിന്റേം ഭാര്യയുടേയും വരവ്‌.ഇന്നത്തെമാതിരി ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്തകാലം. മുങ്കൂട്ടിയുള്ള വിവരം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ പതിവുപോലെ ഗോലി കളിച്ച്‌ വഴിയില്‍ തന്നെയുണ്ടായിരുന്നു. വഴിക്കന്നെ കയ്യില്‍പിടിച്ച്‌ വീട്ടിലേക്ക്‌ കൊണ്ടുപോന്നു.കളി തടാസ്സപ്പെട്ടു എങ്കിലും അങ്ങോരുടെ കയ്യിലുള്ള മാള്‍ബോറോയുടെ കവറിന്റെ വലിപ്പം എന്റെ നടത്തത്തിന്റെ ഉഷാറുകൂട്ടി.

"എത്ര ദിവസം ലീവുണ്ട്‌" എന്ന പതിവു ചോദ്യത്തോടെ കുടുമ്പത്തുള്ളവര്‍ അദിഥിയെ സ്വേീകരിക്കുന്നു.ഇരുമ്പിന്റെ കസാരയില്‍ ഇരുന്ന് മെല്ലെ ചുറ്റുപാടും നിരീക്ഷിച്ച്‌ തെങ്ങിനെക്കുറിച്ചും ഗള്‍ഫിലെ ചൂടിനെക്കുറിച്ചും മറ്റും പതിയെ പൊതു ചര്‍ച്ചയിലേക്ക്‌ കടക്കുന്നു.

"മക്കളെകൊണ്ടുവരാഞ്ഞതെന്തെ?" വീട്ടിലുള്ളവരുടെ ചോദ്യം

"അവര്‍ ഇംഗ്ലീഷ്‌ മീഡിയത്തിലല്ലെ ഒരുപാടു പടിക്കാനുണ്ട്‌. പിന്നെ റ്റൂഷ്യനും." (രണ്ടുപേരും കൂടേ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച്‌ തൃശ്ശൂര്‍ രാഗത്തില്‍പോയി സിനിമേം കണ്ട്‌ പത്തന്‍സീന്ന് മസാലദോശേം കഴിച്ചിട്ടാണ്‌ വന്നിരിക്കണേന്ന് ഊഹിക്കാനുള്ള വിവരം ഒക്കെ അന്നെനിക്കുണ്ടായിരുന്നു) പിന്നെ മക്കളെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ തുടാങ്ങായി.ഇടക്ക്‌ ഒരു ഇടവേള വരുമ്പോ മാള്‍ബോറൊ പൊതി എന്റെ കയ്യിലോട്ട്‌ തന്നിട്ട്‌ ഒരു കാച്ഛാണ്‌.

"ടാ മര്യാദക്ക്‌ പഠിച്ചാല്‍ നിനക്ക്‌ സൈക്കിള്‍ വാങ്ങിത്തരാന്ന അച്ചന്‍ പറഞ്ഞിരിക്കുന്നെ. കണക്കിലും ഇഗ്ലീഷിലും എത്ര മാര്‍ക്കുണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയില്‍"

അന്തിക്കാടുസ്ക്കൂളിന്റെ വരാന്തയില്‍* നിന്നു പഠിച്ച വിദ്വാന്റെ ഈ ചോദ്യം കേള്‍ക്കുമ്പോ തന്നെ അരിശം വരും.

അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ്‌ കാണിച്ചിരുന്നത്‌ പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട്‌ ആയിരുന്നു.നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്‍മാര്‍ കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്‌. അതിനപ്പുറം കൊടുക്കാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നും അവര്‍ കണ്ടിരുന്നില്ല.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിലകൂടുതല്‍ വാങ്ങുക എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടായിട്ടാണ്‌ എനിക്കും തോന്നിയിരുന്നത്‌. അതു ശരിയായിരുന്നൂന്ന് ദാ ഇപ്പൊ ചൈന തെളിയിക്കുന്നു. എന്റെ അന്നത്തെ ഒരു ദീര്‍ഘവീക്ഷണത്തില്‍ ഇപ്പോ അഭിമാനം തോന്നുന്നു.അതുപോട്ടെ.

ചോദിച്ച ഉടനെ ഉത്തരം നല്‍കാന്‍ അവര്‍ മൈശ്രേട്ടൊന്നും അല്ലല്ലൊ. ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കപ്പെടും.
കണക്കില്‌ 17
ഇഗ്ലീഷ്‌ 14
അവര്‍ പ്രതീക്ഷിച്ച ഒരു മറുപടി തന്നെ ലഭിച്ച സന്തോഷം.

"ഇങ്ങനെ ഒന്നും ആയാപ്പോരാ. ഗ്രാമറില്‍ ഒക്കെ നല്ല വണ്ണം ശ്രദ്ധിക്കണം. "
തങ്ങള്‍ ഗള്‍ഫില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സിനോട്‌ ഇഗ്ലീഷ്‌ വെള്ളം പോലെയാണ്‌ പറയുന്നതെന്നും പിന്നെ അതിന്റെ വിശേഷങ്ങളായി.ഇതിനിടയില്‍ പുട്ടിനു തേങ്ങാപ്പീരയിടുന്നപോലെ അമ്മയുടെ വക പഠിപ്പില്‍ തീരെ ശ്രദ്ധയില്ല കളിക്കാന്‍ ഉള്ള താല്‍പ്പര്യമേയുള്ളൂ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരും.

ട്രാഫിക്ക്‌ ജാമിന്റെ ഇടയില്‍ ഓട്ടൊര്‍ഷകയറ്റുന്നപോലെ തന്റെ അവസരത്തിനു കാത്തിരിക്കുകയായിരുന്ന ഈ വിദ്വാന്റെ ഭാര്യയും അതോടെ ചര്‍ച്ചയില്‍ ഇടം പിടിക്കും.പിന്നെ അവിടെ ശ്രീകണ്ടന്‍ നായരുടെ റോളില്‍ ഇദ്ദേഹം കത്തിക്കയറും. ഇടക്കിടെ താന്‍ കടയില്‍ അറബികസ്റ്റമേഴ്സിനോട്‌ അറബിസംസാരിച്ചതും,സായിപ്പിന്റെ ഭാര്യക്ക്‌ അവീലിന്റെ പാചകക്കുറിപ്പ്‌ എഴുതിക്കൊടുത്തത്‌ തുടങ്ങിയവയും യാതോരു ദയവുമില്ലാതെ തട്ടിവിടും.എന്റെ നില്‍പ്പും ഭാവവും കണ്ടാല്‍ തന്റെ പുളുവടി ചെക്കനു രസിക്കുന്നില്ല എന്ന് ഇദ്ദേഹത്തിനു മനസ്സിലാകും അതോടെ അറബിയെ വിട്ട്‌ അടുത്തമെക്കിട്ടുകയറ്റം തുറ്റങ്ങായി.

"നിന്നെ ഒരു എഞ്ചിനീറാക്കണമ്ന്നാ അച്ഛന്‍ പറയുന്നെ."അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക്‌ നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച്‌ അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

"ഉം ഇവന്‍ ഇഞ്ചിനീരാകും ഈ നിലക്ക്‌ പോയാല്‍.വല്ല രണ്ടു പോത്തുങ്ങളേം വാങ്ങിക്കൊടുക്കന്‍ പറ കോളില്‍ പൂട്ടാന്‍ പോകാം. "
അമ്മയുടെ വക മറുപടി.

വന്നകക്ഷികള്‍ ഇന്‍ഷൂറന്‍സു ചേര്‍ത്താന്‍ വന്നവരെപ്പോലെ തല്‍ക്കാലം വിടുന്ന ലക്ഷണം ഇല്ല. "മോള്‍ക്ക്‌ 97 പേര്‍സന്റാ കഴിഞ്ഞ തവണ. യുകേജീലാണേലും രണ്ടാമത്തോനു ഡോക്ടറാകാനാ ഇപ്പോഴേ ആഗ്രഹം"."മോളെ പറ്റിയാല്‍ കലാമണ്ടലത്തീ വിടണമെന്നാ ചേട്ടന്‍ പറയുന്നെ,പനികാരണം യൂത്ത്‌ ഫെസ്റ്റിവെല്ലില്‍ ഇത്തവണ പങ്കെടുക്കാന്‍ പറ്റിയില്ല." പെണ്‍പിള്ളയുടെ വക.

"മൂത്തവാനാണിത്തവണ ക്ലാസില്‍ ഫസ്റ്റ്‌, രണ്ടാമത്തവനു കണക്കില്‍ നൂറില്‍ നൂറുകിട്ടി" തുടങ്ങിയ ചീളുകേസ്‌ നാലാളുകളുടെ മുമ്പില്‍ കാച്ചുന്ന ചില അല്‍പന്മാരായ പിതാക്കന്മാരും അവരുടെ ഭാര്യമാരും വേണ്ടത്രയുള്ള നാടാണേങ്കിലും എന്റെ പിതാശ്രീ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കൊരു മാതൃകാപുരുഷനായിരുന്നു.സ്വന്തം മക്കളെക്കുറിച്ച്‌ പൊങ്ങച്ചം അടിക്കുന്നപരിപാടി പണ്ടേ ഞങ്ങളുടെ അച്ഛനുണ്ടായിരുന്നില്ല. അതിനുള്ള അവസരം ഞങ്ങളോട്ടു കൊടുത്തിരുന്നുമില്ല.കഷ്ട്ടപ്പെട്ട്‌ ഒന്നാംസ്ഥനത്തെത്തുക പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടം ആരെക്കാണിക്കാനാ..... നാലാളോട്‌ പറഞ്ഞാ അടുത്ത പരീക്ഷ അവരു വന്ന് എഴുതിത്തരോ?


പൊങ്ങച്ചം അതിന്റെ ഉച്ചകോടിയും കഴിഞ്ഞു പിന്നേം മേളിലോട്ട്‌ പോകും.ഇതിനിടയില്‍ ഞാന്‍ മെല്ലെ അടുക്കളേല്‍ക്ക്‌ വലിയും. വല്ലതും തിന്നാന്‍ തടായോന്ന് വിചാരിച്ചിട്ടൊന്നും അല്ല.എത്ര അട ഇതിനോടകം ചുട്ടുകഴിഞ്ഞു എന്ന് നോക്കാനാ. ഈകാലനും കുടുമ്പവും ഒന്ന് ഒഴിവാകണമല്ലോ.ചായയും ഉപ്പേരിയും വെട്ടിവിഴുങ്ങി സ്ഥാനാര്‍ഥിയം കുടുമ്പവും അടുത്ത സമ്മേളനസ്ഥലത്തേക്ക്‌ പോകുമ്പൊ വില്ലേജാപ്പീസീന്ന് വരുമാനസര്‍ട്ടീഫിക്കറ്റു ലഭിച്ചവന്റെ സന്തോഷം എന്റെ മുഖത്തും പടരും.*അന്നൊക്കെ സമരം തല്ലൂട്ടം പരീക്ഷക്ക്‌ തോല്വി തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ മികവുകാട്ടിയവര്‍ക്ക്‌ ബെഞ്ചിന്റെ മുകളിലും വരാന്തയിലും ആയിരുന്നു സ്ഥാനം.

Wednesday, September 20, 2006

ആനയും ഉറുമ്പും

ആനയും ഉറുമ്പും

ബെന്യാമീന്‍ എന്ന എന്റെ സുഹൃത്ത്‌ പറഞ്ഞ മൂത്തകുന്നത്തെ ഒരു ഷാപ്പില്‍ നിന്നും അല്‍പ്പം അകത്താക്കിയതായിരുന്നു കുന്നംകുളം ഗിരീശന്‍ എന്ന ആന. അടിച്ച്‌ പിമ്പിരിയായപ്പോ പുള്ളി മോഹന്‍ലാലിന്റെ ആടുതോമാസ്റ്റെയിലില്‍ മുണ്ടൂരി തലേക്കെട്ടി ചില നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ ദേശീയപാത ഉപരോധം എന്ന കേരളീയ കലാരൂപം അവതരിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ തന്റെ ശത്രുവും ബൈജു ശിശിഷ്യനുമായ ഉറുമ്പിന്റെ കാര്യം ഓര്‍മ്മവന്നത്‌. നേരെ അന്തിക്കാട്ടേക്ക്‌ പുറപ്പെട്ടു. പോണവഴിക്ക്‌ തടസ്സം പിടിക്കാന്‍ വാഴ തെങ്ങ്‌ തുടങ്ങിയ മധ്യസ്തന്മാരെ കാലപുരിക്കയച്ച്‌ ഏതാണ്ട്‌ സന്ധ്യയോടെ അന്തിക്കാട്‌ "സെണ്ട്രീല്‍" എത്തി.

കക്ഷിയുടെ മുമ്പില്‍ വന്ന ഓട്ടോറിക്ഷ കള്ളിലെ ഈച്ചയാണെന്ന് കരുതി പറപ്പിച്ചു.കണ്ണീകണ്ടോരെ ഒക്കെ ചീത്തവിളിച്ചു ഉറുമ്പിനു നേരെ വെല്ലുവിളി തുടങ്ങി. ആളുകള്‍ കൂടിയതോടെ ആനക്ക്‌ ആവേശം മൂത്തു ഉറുമ്പിന്റെ പൊടിപോലും കാണാനില്ല. ഇതിനിടയില്‍ ആരോ ഉറുമ്പിനൊരു എസ്‌.എം. എസ്‌. വിട്ടു. ഉറുമ്പിന്റെ കൂടപ്പിറപ്പാണെന്ന് കരുതി അതുവഴി വന്ന ഒരു മാരുതി ഓമ്നിയെ ആന പൊക്കിയെടുത്തു നിലത്തടിച്ചു. കെ.കെ മേനോന്‍ ശ്രീശങ്കര തുടങ്ങിയ ബസ്സുകള്‍ വഴിമാറി ഓടി.

ഏതാണ്ട്‌ പത്തിരുപതു മിനിറ്റ്‌ കഴിഞ്ഞുകാണും വടക്കെ ആലിന്റെ അവിടുന്ന് ഉറുമ്പിന്റെ തല കാണാന്‍ തുടങ്ങി.വില്ലെജുകാരും പി.ഡബ്ലിയൂക്കാരും നിരവധി തവണ അളന്നതാണെങ്കിലും അതു ശരിയല്ല സ്വയം അളന്ന് ബോധ്യപ്പെട്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞു കക്ഷി അവിടെ നിന്നും ഉള്ള ദൂരം അളന്നുകൊണ്ടാണ്‌ വരവ്‌. ഉറുമ്പിനെ കണ്ടതും ആന ഒന്നുകൂടി ഉഷാറായി.

"ടാ വേണ്ട്ര ഗട്യേ നീ ഇപ്പങ്ങ്ട്‌ പോണ്ട്രാ ആന നിന്നെ കൊല്ലുന്ന് പറഞ്ഞാ നിക്കണെ." ഉറുമ്പിനെ സമാധാനിപ്പിക്കാന്‍ പ്രതിയും മറ്റു നാട്ടുകാരും ശ്രമിച്ചെങ്കിലും കക്ഷിയും വാശിയില്‍ തന്നെ.

"അവനെ അങ്ങനഗ്ട്‌ വിട്ടാപിന്നെ ഇമ്മളൊക്കെ പിന്നെന്തിനാ ആണുങ്ങളാണെന്ന് പറഞ്ഞ്‌ നടക്കുന്നെ?' ഉറുമ്പിന്റെമറുചോദ്യം കേട്ട്‌ അവര്‍ പിന്തിരിഞ്ഞു.

"ടാ പീക്കിരീ ദൈര്യമുണ്ടേല്‍ ഇങ്ങ്‌ അടുത്തുവാ നിന്റെ പണി ഞാന്‍ ഇന്നു തീര്‍ക്കും" ആന വെല്ലുവിളിച്ചു.

ആളുകള്‍ ശ്വാസം പിടിച്ച്‌ നില്‍പ്പാണ്‌ എന്തും സമ്പവിക്കാം.ഉറുമ്പിനു യാതൊരുകൂസലും ഇല്ല.ഉറുമ്പിന്‌ എന്തെങ്കിലും പറ്റ്യാല്‍ നേരം കളയാണ്ടെ എത്തിക്കാന്‍ വേണ്ടി ചിലര്‍ അന്തിക്കാടാശുപത്രീല്‍ക്കുള്ള വഴിയില്‍ കിടന്ന വണ്ടികള്‍ ഒതുക്കി ഇട്ടു.

ഉറുമ്പ്‌ തന്റെ തലേക്കെട്ട്‌ ഒന്നുകൂടെ മുറുക്കിക്കെട്ടി മീശയ ഒന്നുകൂടെ പിരിച്ച്‌ മേളിലോട്ട്‌ വച്ചു പിന്നെ ഒന്നും മിണ്ടാതെ ആനേടെ അടുത്തുവന്ന് തുമ്പികയ്യിനകത്തേക്ക്‌ ഒറ്റ ഊത്‌. ദേ കിടക്കുന്നു ആന ബൊധം കെട്ട്‌.

എന്തായിരിക്കാം അനേടെ വീഴ്ച്ചക്ക്‌ കാരണം?

ആര്‍ക്കെങ്കിലും അറിയുന്നുണ്ടേല്‍ പറ.

Sunday, September 10, 2006

മുന്നറിയിപ്പ്‌

വേണ്ട്രാ വേണ്ട്രാന്ന് മനസ്സുപറഞ്ഞാലും കുപ്പികണ്ടാല്‍ മലയാളികള്‍ തലയും കുത്തിവീഴും... ഓണത്തിന്റന്ന് "സുബ്ബോദത്തോടെ" നടന്നാല്‍ ഇനി മാവേലി വന്നില്ലേലോ എന്നാണ്‍ മലയാളീസിന്റെ ചിന്ത.
ലോകത്ത്‌ എവിടെ ചെന്നാലും.നാടെവിട്യാന്ന് ആണ്‍ ആദ്യം മലയാളീസ്‌ പരസ്പരം ചോദിക്കുക.
"അന്തിക്കാട്‌. "
കാസര്‍ഗ്ഗോട്ജില്ലക്ക്‌ പുറത്തും എന്നാല്‍ കര്‍ണ്ണാടകത്തില്‍ അല്ലാത്തതുമായ ഒരു സ്ഥലം ഉണ്ടല്ലോ അവിടുന്നുള്ള ആളൂകള്‍ ആയാലും അടുത്ത ചോദ്യം .
"അന്തിക്കാട്‌ എവിട്യാ എക്സാറ്റ്‌ സ്ഥലം."(ഏതാണ്ട്‌ അവിടെ നല്ല പരിചയം ഉള്ളപോലെ ഒരു ചിരി)
"കുട്ടം കുളം ഷാപ്പിന്റെ അടുത്താ." പിന്നെ ചോദ്യം ഇല്ല.
അന്തിക്കാട്ന്ന് കേട്ടാല്‍ ആളോള്‍ക്കൊരു ചിന്തയുണ്ട്‌ മുഴുവന്‍ കള്ളുകുടിയന്മാരാണെന്ന്. ഒത്തിരി രാഷ്ട്രീയനേതക്കന്മാരും ഒരു എമ്മല്ലെ പിന്നെ ഒരു മന്ത്രി എന്നിവരും കൂടാതെ സത്യേട്ടനും ഷിബുവും അനില്‍ സി മേനാന്‍ ചാക്കോ ഡി അന്തിക്കാട്‌ ( ചാക്കോ ഓടി അന്തിക്കാട്ടേക്ക്‌ എന്ന് ചിലര്‍പറയും അതു കാര്യക്കണ്ട)തുടങ്ങികലാകാരന്മാരും ഉള്ള നാടാണ്‍.പക്ഷെ മലയാളീസ്‌ ആദ്യം ഓര്‍ക്ക കള്ളിന്റെ കാര്യാ

കുറച്ച്‌ ചെത്തുതൊഴിലാളീകള്‍ ഉണ്ടായിപ്പോയീന്നും അല്‍പ്പം ചിലര്‍ മദ്യപിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്നതും ഒരു അപരാധമാണോ? ചെത്തുകാരുടെ എണ്ണം അല്‍പ്പം കൂടുതലും അവര്‍ ഇടക്ക്‌ സമരം ചെയ്യും എന്നതും നല്ലകള്ള്‌ നല്‍കും എന്നതും കള്ളിന്റെ തലസ്ഥാനം എന്നൊരു സ്ഥാനപ്പേരും നല്‍കി ആദരിക്കുവാന്‍ ആള്‍ക്കാര്‍ക്ക്‌ ഒരു കാരണം ആയി.

കള്ളിനോട്‌ സ്നേഹം കാണിക്കുന്ന കള്ളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളിക്ക്‌ എവിടെ ചെന്നാലും അന്തിക്കാട്ടുകാരോട്‌ ഒരു പ്രത്യേക സ്നഹം ആണ്‍.ഓണക്കാലമായാല്‍ പിന്നെ അളിയന്മാര്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഒരു ഒഴുക്കാണ്‍ അന്തിക്കാട്ടേക്ക്‌. അടുത്തപ്രദേശത്തുനിന്നും പോരാഞ്ഞ്‌ മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറിയ അന്തിക്കാട്‌ നിവാസികള്‍ അധികകൂലികൊടുത്തും കള്ളവണ്ടികയറിയും ഓണത്തിനു കുടുമ്പത്തെത്തും.മിക്കവാറും കൂടേ കൊണ്ടുവരുന്ന "മാന്യന്മാരും" സഹമുറിയന്മാരുമായ അന്യനാട്ടുകാര്‍ കൂടെയുണ്ടാകും. കന്യാകുമാരിയില്‍ പോകുമ്പോള്‍ കക്കയില്‍ ഉണ്ടാക്കിയമാലവാങ്ങുന്നപോലെ അന്തിക്കാട്ടേ സന്തര്‍ശനത്തിന്റെ ഓര്‍മ്മക്കായി പലപ്പോഴും നല്ല അടിയും വാങ്ങിയാണു തിരികേപോകാറുള്ളത്‌.

അതിധി ദേവോഭവ എന്ന് കരുതുന്നവരാണ്‍ അന്തിക്കാട്ടുകാര്‍ എങ്കിലും കൊണ്ടാടാ തല്ല് കൊണ്ടാടാ തല്ല് എന്ന് പറഞ്ഞ്‌ തല്ലുവാങ്ങുവാന്‍ വരുന്നവര്‍ക്ക്‌ യാതൊരു പഞ്ഞവും ഇല്ലാതെ നല്ല മായമില്ലാത്ത നടന്‍ തന്നെ നല്‍കാന്‍ അന്തിക്കാട്ടുകാര്‍ക്കൊരു മടിയും ഇല്ല.

അങ്ങനെ പൂശും വാങ്ങി പോകുന്നവര്‍ പക്ഷെ "അടിച്ചുപോളിയായിരുന്നു ട്രിപ്പ്‌. അവിടെ ഒന്നുരണ്ട്‌ ഗട്യോള്‍ മുട്ടാന്‍ വന്നു നമ്മ നല്ല വിളക്കങ്ങട്‌ വിളക്കീന്നൊക്കെ" വഗ്ച്ചു കീച്ചും. നാടുകാണാന്‍ കൂട്ടിക്കൊണ്ടോയിട്ട്‌ തല്ലുകൊള്ളിച്ചൂന്ന് ആളോളെക്കൊണ്ട്‌ പറയിക്കാണ്ടിരിക്കാന്‍ നമ്മുടെ നാട്ടുകാരന്‍ മിണ്ടാണ്ടെ ഇരിക്കും. എന്നിട്ട്‌ കുട്ടാണീടേ വൈദ്യശാലേലെ കൊട്ടംചുക്കാതിക്കും കുഴമ്പിനും മനസ്സില്‍ നന്ദിപറയും.

ഒരിക്കല്‍ ഞാനും ഇത്തരത്തില്‍ ഒരു അബദ്ധം ചെയ്തു. പഠിക്കുന്ന കാലത്ത്‌ വയനാട്‌ കണ്ണൂര്‍ തുടങ്ങിയ സ്ഥലത്തുള്ള സുഹൃത്തുക്കള്‍ക്ക്‌ ഇവിടം ഒന്ന് സന്ദര്‍ശിക്കാന്‍ അനുമതികൊടുത്തു. മറ്റുള്ള "ടൂറിസ്റ്റുകളെപ്പോലെ" ഇവരും പതിവുതെറ്റിച്ചില്ല. പരിചയത്തില്‍ ഒരു പല്ലുഡോക്ടര്‍ ഉണ്ടായിരുന്നതിനാല്‍ വന്നവരില്‍ ഒരുത്തന് തിരികെപോയത്‌ വെപ്പുപല്ലുമായിട്ടാണ്‍. പല്ല് വെപ്പാണെന്ന് ഇന്നും അവന്റെ വീട്ടുകാര്‍ക്കോ കെട്ടാന്‍ പോകുന്ന പെണ്ണിനോ അറിയില്ല. ഇത്രേം എഴുതിയത്‌ ഇനി വരാന്‍പോകുന്നവര്‍ക്ക്‌ ഇതൊരു മുന്നറീപ്പാവോലോന്ന് കരുതീട്ടാ അല്ലാണ്ടെ പേടിപ്പിക്കനൊന്നല്ല.


(വിചാരിച്ചമാതിരി സമയം കിട്ടുന്നില്ല എന്നല്‍ പിന്നെ എഴുതാണ്ടെ ഇരുന്നൂടേന്ന് ചോദിച്ചാല്‍ അതിനും പറ്റുന്നില്ല. എന്തായാലും തല്‍ക്കാലം നിര്‍ത്തട്ടെ)
തുടരും...

സമര്‍പ്പണം

കൂടെപ്പിറപ്പായ മടിയെ പുണര്‍ന്ന് ഒരു അവധി ദിവസത്തിന്റെ ലഹരിയില്‍ അങ്ങനെ മുഴുകിക്കിടക്കുമ്പോഴാണ്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ എന്റെ ഗുരുനാഥന്‍ കൊടകരവിശാലന്‍ ജി അരുള്‍ ചെയ്യുന്നത്‌.
"മതീടാ ഗട്യ കിടന്നുറങ്ങിയത്‌. നീ എന്റെ പോസ്റ്റില്‍ കയറി കമന്റാതെ സ്വന്തമായി ഒരെണ്ണം അങ്ങ്ട്‌ ഉണ്ടാക്ക്ന്ന്."
മറുപടി ഒന്നും പറയാണ്ടായപ്പോ വീണ്ടും അരുള്‍പ്പാട്‌.

" എന്തൂട്രാ ഇത്രക്ക്‌ ആലോയ്ക്കാന്‍ അന്തിക്കാട്ടെ പുലികളെക്കുറിച്ച്‌ ഒരു ബ്ലോഗങ്ങ്ട്‌ പൂശ്‌"

ഗുരുവിനെ ധിക്കരിക്കല്‍ തല്‍ക്കാലം വേണ്ടാന്ന് കരുതീട്ടാ അല്ലാണ്ടെ എനിക്ക്‌ വേറെ ബ്ലോഗ്ഗില്ലാഞ്ഞിട്ടല്ല.ആകെയുള്ള അഞ്ചുസെന്റ്‌ ഭൂമിയും പിന്നെ പതിനഞ്ചുപറനിലവും കിട്ടിയവിലക്ക്‌ വിറ്റുകളയാന്‍ ഒരു ഉദ്ദേശവും തല്‍ക്കാലം ഇല്ലാത്തതിനാല്‍ കടുപ്പംകുറച്ച്‌ ആളോള്‍ടെ പേരുമാറ്റി എഴുതാം എന്ന് കരുതുന്നു. തല്ലുകൊണ്ടാലും ഫാര്‍മസിനടത്തുന്ന കുട്ടാണിയുമായുള്ള സൗഹൃതം ഉപകാരപ്പെടും എന്നണു പ്രതീക്ഷ.പിന്നെ തലയില്‍ മുണ്ടിട്ടുള്ള ആ ഇരിപ്പുകണ്ടാല്‍ അറിയാം ഗുരുവില്‍ യാതൊരു പ്രതീക്ഷയും വേണ്ടാന്ന് . ദര്‍പ്പണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

കഥയും ലേഖനങ്ങളുമായി വിവിധവിഷയങ്ങള്‍ പൊസ്റ്റിങ്ങുകളില്‍ പ്രതിപാതിക്കാന്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.