Sunday, September 20, 2009

എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ..

മനസ്സിൽ നന്മയും പ്രാർത്ഥനയും നിറഞ്ഞ വ്രതവിശുദ്ധിയുടെ മുപ്പതു നാളുകൾ കഴിഞ്ഞിതാ ചെറിയ പെരുന്നാൾ ആഗതമായിരിക്കുന്നു.എല്ലാ വായനക്കാർക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പെരുന്നാൾ ആശംസകൾ..

സഹപ്രവർത്തകർ നോമ്പെടുക്കുമ്പോൾ ഞാൻ മാത്രം ഭക്ഷണം കഴിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്ത്‌ രാവിലെ 7.30 മുതൽ വൈകീട്ട്‌ 6 വരെ ഞാനും ഭക്ഷണം ഉപേക്ഷിച്ചു....ആദ്യദിവസങ്ങളിലെ അസ്വസ്ഥതകൾ അറിയാതെ അറിയാതെ മാറി..ഇപ്പോൾ നോമ്പ്‌ കഴിഞ്ഞിരിക്കുന്നു എന്ന് അറിയുമ്പോൾ എന്തോ ഒരു അസ്വസ്ഥതയാണ്‌ അനുഭവപ്പെടുന്നത്‌.പെട്ടെന്ന് തീർന്നതുപോലെ.... നോമ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ മനസ്സിലാക്കുന്നത്‌ സക്ക്‌ ആത്തെന്ന മഹത്തായ പുണ്യകർമ്മമാണ്‌.മാനവസേവയാണ്‌ മാധവസേവ(ഈശ്വരസേവ) എന്ന മഹദ്‌ വചനത്തെ അന്വർത്ഥമാക്കുന്നതാണത്‌.എന്റെ സഹപ്രവർത്തകൻ പറഞ്ഞപോലെ ഞാനിത്‌ ഏതെങ്കിലും സംഘടനക്ക്‌ നൽകില്ല.എന്റെ ജീവിതത്തിൽ നേരിട്ട്‌ കാണുന്ന/അറിയുന്ന ദരിദ്രജന്മങ്ങൾക്ക്‌ നൽകുകയേ ഉള്ളൂ.

ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന അനേകകോടി ദരിദ്രരുടെ നാട്ടിൽനിന്നും വരുന്ന, സുഭിക്ഷമായി മൂന്നുനേരം ആഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർ ആഹാരം ഉപേക്ഷിച്ച്‌ ജീവിക്കുമ്പോൾ ഒരു വേള അവരെ ഓർത്തുപോകുന്നു....കന്നുകാലിക്ലാസിനെ പറ്റിയറിയാതെ അന്നന്നത്തെ വിശപ്പടക്കുവാൻ കുഞ്ഞുങ്ങളെ പോലും വിൽക്കുവാൻ വിധിക്കപ്പെട്ട ആ ജനകോടികൾ അനുഭവിക്കുന്ന പീഠനങ്ങൾക്ക്‌ എന്നെങ്കിലും അറുതിയുണ്ടാകണേ എന്ന പാർത്ഥനയോടെ..............ഒരിക്കൽ കൂടെ എല്ലാവർക്കും പെരുന്നാൾ ആശംശകൾ....

pinmozhi:ഞാൻ ഈ നോമ്പുനാളുകളിൽ അൽപസമയം ഭക്ഷണം ഉപേക്ഷിച്ചു എന്ന് ആളുകളെ അറിയിക്കുവാൻ അല്ല ഈ കുറിപ്പ്‌.ആ അനുഭവം ശരിയാം വണ്ണം വയ്ക്തമാക്കുവാൻ എന്റെ വാക്കുകൾ അപര്യാപ്തമായതിൽ ക്ഷമിക്കുക...

Wednesday, September 02, 2009

ഓണാശംശകൾ....

ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഉതിരുന്ന നുണക്കഥകളും,അറുവഷളൻ "കോമെഡി"യും,ചവറുസിനിമകളും നിറഞ്ഞ ചാനൽ കാഴ്ചകൾക്കു മുമ്പിൽ ചിലവിടാതെ കുടുമ്പാംഗങ്ങൾക്കൊപ്പം ഓണത്തിന്റെ ആഹ്ലാദാരവങ്ങളിൽ പങ്കാളികളാകുവാൻ ശ്രമിക്കുക. പ്ലാസ്റ്റിക്ക്‌ പൂക്കളങ്ങളും,ഹോട്ടൽ ഭക്ഷണവും നൽകുന്ന റെഡിമേഡ്‌ ഓണത്തിനു വിടപറയുവാൻ നാം ശീലിക്കുക. ഓണദിവസം നാം വരവേൽക്കുന്നതും ആദരിക്കുന്നതും വാമനനെ അല്ല മറിച്ച്‌ കേരളം ഭരിച്ചിരുന്ന മഹാബലിയെ ആണ്‌.സന്തോഷപൂർണ്ണമായ ഒരു കാലഘട്ടത്തെ കുറിച്ചുള്ള മിത്തിന്റെ മധുരതരമായ ഓർമ്മപുതുക്കൽ ഗുണ്ടകൾ വാഴുന്ന,ചിക്കൻ ഗുനിയയും മഞ്ഞപ്പിത്തവും,പട്ടിണിനിറഞ്ഞ ആദിവാസി ഊരുകളും ഉള്ള വ്യാജമദ്യവും,മായം ചേർത്ത പാലും ലഭിക്കുന്ന സമകാലിക ജീവിതത്തിൽ അൽപം അൽപസമയം എങ്കിലും കള്ളവും ചതിവും കള്ളപ്പറയും ഇല്ലാതിരുന്ന എല്ലാവരും ഒരേമനസ്സോടെ കഴിഞ്ഞിരുന്ന ആ നല്ലനാളുകളെ സമരിക്കാം. ഓണം മലയാളിയുടെ സ്വന്തമാണ്‌ അത്‌ കീഴാളന്റെ മേൽ മേലാളന്റെ വിജയമോ അല്ലെങ്കിൽ ഹിന്ദുക്കളുടെ മാത്രമോ ആയി ചുരുക്കുന്ന, സകലതിലും വർഗ്ഗെയതയുടെ സാധ്യതകൾ തിരയുന്ന ആളുകളെ ജാഗ്രതയോടെ അവഗണിച്ച്‌ നമുക്കെല്ലാം ചേർന്ന് ആഘോഷിക്കാം കേരളത്തിന്റെ സ്വന്തം ദേശീയോത്സവത്തെ.

എല്ലാ മലയാളികൾക്കും,തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ തുടങ്ങുന്ന മലയാളക്കരയിലെ മുഴുവൻ ഗജവീരന്മാർക്കും എന്റെ ഓണാശംശകൾ....