Wednesday, January 28, 2009

തിരഞ്ഞെടുപ്പും ലാവ്ലിൻ വർത്തമാനവും

മലയാളമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്‌ ലാവ്ലിൻ ഇടപാടിലെ അഴിമതിവർത്തമാനവും പ്രതിസ്ഥാനത്തു നിൽക്കുന്നവരെ പ്രോസിക്യൂട്ടുചെയ്യുവാൻ അനുമതി ചോദിച്ചുകൊണ്ടുള്ള സി.ബി.ഐ നടപടിയും ആണ്‌.രാഷ്ടീയനേതാക്കളുടേ നിരവധി അഴിമതി-ലൈംഗീക കേസുകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു.പലതിലും അന്വേഷണങ്ങളും കോടതിനടപടികളും ദശകങ്ങളായി തുടരുകയും ചെയ്യുന്നു.ഇതിനിടയിൽ ധാർമ്മികമായ ഉത്തരാവാദിതത്തിന്റെ പേരിലോ,പാർട്ടിയുടെ "ആദർശം/പ്രതിച്ചായ" പൊതുസമൂഹത്തിൽ നിലനിർത്തുവാനോ,പൊതുജന സമ്മർദ്ധത്താലോ പലരും സ്ഥാനമാണങ്ങൾ രാജിവെച്ച്‌ ഒഴിയുകയോ നിർബന്ധിതമായി ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌.പതിവുപോലെ ഇത്തവണയും മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ആരോപണങ്ങൾ എന്നിവ കൊഴുക്കുന്നു.യദാർത്ഥത്തിൽ ഒരു പാർട്ടിനേതാവിനെതിരെ ഉയർന്നുവന്ന അഴിമതിയാരോപണം മാത്രം ഇത്രമേൽ ചർച്ച ചെയ്യുവാൻ ഉണ്ടോ?

അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നവർ തങ്ങളുടേ രാഷ്ടീയ എതിരാളിൾക്കെതിരെ സി.ബി.ആയോ അതുപോലുള്ള രാജ്യത്തെ മറ്റു ഏജൻസികളോ കേസെടുക്കുമ്പോൾ അതിനെ അനുകൂലിക്കും തങ്ങൾക്കെതിരയ അന്വേഷങ്ങളെ അല്ലെങ്കിൽ പരാമർശങ്ങളെ അതു തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും അസഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. ജനാധിപത്യക്രമത്തിൽ മാധ്യമങ്ങൾക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. പൊതുസമൂഹത്തിൽ മാധ്യമങ്ങൾ പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങൾ നിർണ്ണായക സ്വാധീനവും ചലുത്തുന്നുണ്ട്‌.എന്നാൽ ഈ തിരഞ്ഞെടുപ്പുവേളയിൽ മധ്യമങ്ങളൂടെ അന്നാന്നത്തെ ന്യൂസവർ ചർച്ചക്കപ്പുറം പോകുവാൻ ജനത്തിനാകണം.മുൻ കാല അനുഭവങ്ങളൂടേ വെളിച്ചത്തിൽ ഉടനെ ലാവ്ലിൻ ചർച്ചകൾക്കുമപ്പുറം ചർച്ച ചെയ്യുവാൻ മറ്റൊരു വിഷയം വരാനുള്ള സാധ്യത കൂടുതൽ ആണ്‌.(പ്രത്യേകിച്ച്‌ വി.എസ്‌ നിർണ്ണായകമായ ഒരു നിലപാടിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത കൂടുന്നു.അപ്പോൾ വി.എസ്‌ പറയുന്ന ഒരു വാക്കോ അദ്ദേഹത്തിന്റെ ഒരു കത്തോ മതി ചർച്ചയുടെ ഗതിമാറുവാൻ) അതോടെ ഇതു സ്മൃതിയുടെ ശീതീകരണമുറിയിലേക്ക്‌ തള്ളപ്പെടും.

അതുകോണ്ടാണ്‌ കേവലം ഏതാനും ദിവസത്തെ ഒരു കോലാഹലങ്ങൾക്കപ്പുറം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ നിർണ്ണായകമാകുന്ന പൊതു തിരഞ്ഞെടുപ്പിൽ ജനം ജാഗ്രതയോടെ ഇടപെടേണ്ടിയും വോട്ടുചെയ്യേണ്ടിയും വരുന്നത്‌.പാർളമെന്റ്തിരഞെടുപ്പിൽ ഇന്നത്തെ സാഹചര്യം വച്ചുനോക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷം കേവലം ഈ ഒരു വിഷയത്തിൽ ഒതുക്കി തങ്ങളുടെ കക്ഷിയുടേ കേന്ദ്രഭരണത്തിലെ പോരായ്മകളെ മറക്കുവാൻ ശ്രമിക്കും,ഇടതുപക്ഷത്തെ പ്രമുഖകക്ഷിയായ മാർക്കിസ്റ്റുപാർട്ടി തങ്ങളുടെ സമുന്നതനായ നേതാവിനെ ന്യായീകരിക്കുവാനും ശ്രമിക്കും. എസ്‌.എൻ.സി ലാവ്ലിൻ കേസിൽ മാത്രം ഒതുക്കി നിർത്തേണ്ട ഒന്നല്ല ഒരു പാർളമന്റ്‌ തിരഞ്ഞെടുപ്പ്‌. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രഗവൺമന്റും,അതാതു മണ്ടലങ്ങളെ പ്രതിനിധീകരിച്ച്‌ പാർളമന്റിൽ പോയ വ്യക്തികളും അവരുടെ പ്രസ്ഥനങ്ങളും ജനങ്ങൾക്ക്‌ വേണ്ടി എന്തുചെയ്തു,അവരുടേ പ്രകടനപട്ടികയിൽ അക്കമിട്ടുനിരത്തിയിരുന്ന വാഗ്ദാനങ്ങളിൽ എത്രയെണ്ണം നിറവേറ്റി എന്നെല്ലാം പരിശോധിക്കുകയും അടുത്ത അഞ്ചുവർഷത്തേക്കു തങ്ങളുടെ പ്രതിനിധിയാകുവാൻ ആരെ തിരഞ്ഞെടുക്കണം എന്നും തീരുമാനിക്കേണ്ട സന്ദർഭം ആണീത്‌.

ആണവകരാർ നമുക്ക്‌ എന്തുനേട്ടം ഉണ്ടാക്കി?അടിക്കടി രാജ്യത്തെ പലയിടങ്ങളിലും ഉണ്ടാകുന്ന സ്ഫോടനങ്ങളെയും, തീവ്രവാദി ആക്രമണത്തെയും അടിച്ചമർത്തുവാൻ എന്തുചെയ്യുന്നു? ഭക്ഷണം,തൊഴിൽ,പാർപ്പിടം,വെള്ളം,റോഡ്‌,കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ഈ രാജ്യത്തെ സാധാരണക്കാരനു ലഭ്യമാക്കുവാൻ കഴിഞ്ഞ അഞ്ചുവർഷം എന്തുചെയ്തു തുടങ്ങിയ നിർണ്ണായക കാര്യങ്ങളിൽ എന്താണ്‌ ചെയ്തത്‌ തുടങ്ങിയവയും സഗൗരവം ചർച്ചചെയ്യേണ്ടതുണ്ട്‌. തങ്ങളുടേ സ്ഥാനാർത്ഥികളുടെ കഴിവും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടും നോക്കി അതേകുറിച്ച്‌ ചർച്ച ചെയ്തു കഴിവില്ലാത്തവരേയും ഒഴിവാക്കേണ്ടവരേയും ഒഴിവാക്കി ഉള്ളതിൽ കൊള്ളാവുന്നവരെ തിരഞ്ഞെടുത്ത്‌ പാർളമന്റിലേക്ക്‌ അയക്കുവാൻ ശ്രമിക്കുകയാണ്‌ നമുക്ക്‌ നല്ലത്‌.അല്ലാതെ ഇന്നുവരെ ഉള്ള ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ടീയനേതാക്കന്മാർ ഉൾപ്പെടുന്ന കേസുകളുടേ ഗതിവിഗതികൾ അറിയാവുന്നവർ അതിനു പുറകെ പോയി സമയം കളയുക അല്ല വേണ്ടത്‌.


പിന്മൊഴി: തൃശ്ശൂരിലെ കോൺഗ്രസ്സ്‌ സ്ഥാനാർത്ഥിയെ കുറിച്ച്‌ ചൂടേറിയ ചർച്ചനടക്കുന്നു. ത്രിശ്ശൂരിൽ വോട്ടാവകാശം ഉള്ള ഒoരു വ്യക്തിയെന്ന നിലയിൽ പറയട്ടെ വല്ലപ്പോഴും വടക്കും നാഥന്റെ തെക്കേനടക്കൽ പോസ്റ്ററിലും ഫക്സിലും പ്രത്യക്ഷപ്പെടുന്ന ആളുകളെ ഒഴിവാക്കി വി.എൻ. സുധീരനെപ്പോലെ കഴിവ്ം ജനസമ്മതിയുമുള്ള ഒരാളെ കൊണ്ടുവരികയാണ്‌ വേണ്ടത്‌.എനിക്ക്‌ തോന്നുന്നു കഴിഞ്ഞ തവണ അദ്ദേഹം ആലപ്പുഴയിൽ നിന്നും ജയിച്ചിരുന്നെങ്കിൽ തീർചയായും ഒരു കേന്ദ്രമന്ത്രിയായേനെ, കാര്യങ്ങൾ ചെയ്യുവാൻ കഴിവും ഉള്ള വ്യക്തിയാണ്‌.അന്തിക്കാട് ആശുപത്രിയ്ക്ക് അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് പല നല്ല കാര്യങ്ങളുംചെയ്തിട്ടുണ്ടെന്ന് കേൾക്കുന്നു.ഇന്നത്തെ അവസ്ഥ പറയുന്നില്ല....

ഇടതുപക്ഷത്തെ കുറിച്ചാണേൽ വി.വിയുടേ വിയോഗത്തിനു ശേഷം കൊണ്ടുവന്ന സി.കെ.സി നല്ല നേതാവുതന്നെ ആണ്‌. പക്ഷെ നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ്‌ ഭരണത്തിൽ പക്ഷെ അദ്ദേഹത്തിനു വേണ്ടത്ര പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരാം...

രാജ്യസഭാസീറ്റ്‌ പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കും,എഴുന്നേറ്റുനടക്കാൻ പോലും ആവതില്ലാത്ത അത്തോ പിത്തോ പറയുന്നവർക്കും കൊടുക്കുന്ന പ്രവണത സ്വതന്ത്ര ജനാധിപത്യപ്രകൃയയിൽ മോശം തന്നെ ആണ്‌.

Friday, January 23, 2009

കഥയുടെ ഗന്ധർവ്വനു ഓർമ്മാഞ്ജലി...

മലയാളസിനിമയ്ക്കും കഥാ-നോവൽ എന്നിവക്കും ഭാവനയുടെ മാന്ത്രികസ്പ്രർശം നൽകിയ മഹാനായ ആ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു വർഷങ്ങളായി.പത്മരാജന്റെ തൂലികയിൽ നിന്നും പിറന്ന പ്രണയവും ജീവിതയാദാർത്ഥ്യങ്ങളും ഇഴചേർന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥകളോടു കിടപിടിക്കുവാൻ പിന്നെ വന്നവർക്കായില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്കുണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവർവ്വനോ,തൂവാനത്തുമ്പികളിലെ ക്ലാരയോ മനസ്സിൽ തങ്ങിനിൽക്കുമ്പോൾ കഴിഞ്ഞവർഷം ഇറങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെ പോലും നാം മറന്നുകഴിഞ്ഞു. ഇലക്ട്രോണിക്‌ പ്രണയത്തിന്റെ നിർജ്ജീവതയിൽ ശ്വാസം മുട്ടുന്ന ഈ യുഗത്തിൽ ഹരിതാഭമായതും ജീവസ്സുറ്റതുമായ പ്രണയത്തിന്റെ മയിൽപ്പീലിസ്പർശമുള്ള പത്മരാജന്റെ കഥാപാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകർഷിക്കുന്നു.....മേഘപാളികൾക്കിടയിൽനിന്നും ആ കഥയുടെ ഗന്ധർവ്വൻ ഒരിക്കൽ കൂടെ അനശ്വരപ്രണയകഥകൾ പറയുവാൻ ഇറങ്ങിവരുമോ?

Tuesday, January 06, 2009

ഗാസയിലെ കുരുതി നിർത്തുക

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയും അവരുടെ ഇളം മാംസത്തിലേക്ക്‌ വെടിയുണ്ടപായിച്ചും നടത്തുന്ന ഈ ക്രൂരകൃത്യത്തെ അപലപിക്കുക.മനുഷ്യത്വരഹിതമായ ഈ കിരാതത്വം കേവലം വാക്കുകൾകൊണ്ട്‌ പ്രതിഷേധിച്ചതല്ലാതെ അതു തടയാൻ നോക്കാതെ ഇനിയും നോക്കിനിൽക്കുന്ന അന്താരാഷ്ട്ര സമൂഹമേ കാലം നിങ്ങൾക്ക്‌ മാപ്പുതരില്ല.മുറിവേറ്റുപിടയുന്ന കുഞ്ഞുങ്ങളുടീ ദീനരോധനങ്ങൾ നിസ്സഹായരായി അലമുറയിടുന്ന അമ്മമാരുടെ,പെങ്ങന്മാരുടെ ദയനീയ മുഖങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ?

മനുഷ്യത്വം മരവിക്കാത്ത സമൂഹങ്ങൾ ഇനിയെങ്കിലും ശക്തമായി ഒറ്റക്കെട്ടായിനിന്ന് ഈ ക്രൂരതയെ നിർത്തുവാൻ വേണ്ടതു ചെയ്യുക.ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുവാൻ ശ്രമിക്കുക.ചീറിയടുക്കുന്ന ടാങ്കറുകൾക്കുനേരെ കല്ലെടുത്തെറിയുന്ന പിഞ്ചുബാലന്റെ ആർജ്ജവമെങ്കിലും കാണിക്കുക.....

ആനകളെ എന്തുചെയ്യണം?

നമ്മുടെ സംസ്കാരത്തിന്റേയും ക്ഷേത്രാ ആചാരങ്ങളുടേയും ഭാഗമാണ്‌ ആനയെഴുന്നയെ എഴുന്നള്ളിക്കുക എന്നത്‌. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്‌ ഇതെങ്കിലും അടുത്തകാലത്തായി വ്യത്യസ്ഥമായ അഭിപ്രായങ്ങളുടെ സമന്വയത്തോടെ ഇതു നിരോധിക്കണം എന്ന ആവശ്യങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നുവരുന്നു.ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലെ നേർചയിലും ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളിനും എല്ലാം ചിലയിടങ്ങളിൽ സാംസ്കാരികമായ സമന്വയത്തിന്റെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നു.ഇത്തരം സാംസ്കാരിക കൊടുക്കൽ വാങ്ങലുകളെ തങ്ങളുടെ മതചടങ്ങുകളിലും ആചാരങ്ങളിലും "അന്യമത" സ്വാധീനം കൊണ്ടുവരുന്നതായി കണക്കാക്കി കടുത്ത മതമൗലികബോധം വചുപുലർത്തുന്നവർ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്‌.എന്നാൽ ഇവിടങ്ങളിൽ ഇത്തരക്കാരുടെ സ്വാധീനം മൂലം ആനകളെ പങ്കെടുപ്പിക്കുന്നത്‌ നിർത്തിയാലും അത്‌ ആഘോഷത്തിന്റെ മാറ്റും സാംസ്കാരിക സമന്വയവും കുറക്കും എങ്കിലും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നില്ല.

ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നവർ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന ഒരു കാര്യം അവയെ പകൽ എഴുന്നള്ളികരുതെന്നാണ്‌. കേന്ദ്രഗവൺമന്റിലെ വന്യജീവിവിഭാഗം ഇറക്കിയെന്ന് പറയുന്ന ഉത്തരവ്‌ പ്രകാരം പകൽ ആനയെ എഴുന്നള്ളിക്കുന്നതിനു ചില നിബന്ധനകൾ ഉണ്ട്ത്രെ. (ചിലർ ഇതിന്റെ പേരിൽ കോടതിയിൽ പോകുന്നു.)എന്നാൽ കേരളത്തിലെ ക്ഷേത്രോത്സവങ്ങളെ കുറിച്‌ വ്യക്തമായ ധാരണയില്ലാത്ത വടക്കേ‍ീന്ത്യക്കാരെ ഇതു പറഞ്ഞുബോധ്യപ്പെടുത്തുവാനും പിശകുകൾ ഉണ്ടെങ്കിൽ അതു തിരുത്തുവാനും എന്തുകൊണ്ടോ കേരളത്തിൽ നിന്നും ഉള്ള ജനപ്രതിനിധികൾക്ക്‌ കഴിയാതെ പോകുന്നു. നിലവിൽ മിക്ക പൊരങ്ങളും ഉച്ചക്ക് 3 മaഇക്ക് ശേഷം ആണ് ആരംഭിക്കുന്നത് എന്നാൽ ഇത്‌ തൃശ്ശൂർ പൂരം അടക്കം തുടർച്ചയായി ചടങ്ങുകൾ ഉള്ള ഉത്സവങ്ങളെ ബാധിക്കുന്നു.(നമ്മൾ തമിഴ്‌നാട്ടിലോ ആന്ത്രയിലോ ആയിരുന്നേൽ ഈ പ്രശനം അവർ നിഷ്പ്രയാസം കേന്ദ്ര ഗവൺമന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചിന്തിചാൽ തെറ്റുപറയുമോ?) ഗുരുവായൂർ ക്ഷെഠ്രത്തിലെ ആനപ്പുറത്തെ ശീവേലിയും,"ഭൂമിയിലെ ദേവസംഗമം" എന്നറിയപ്പെടുന്ന ആറാട്ടുപുഴപാടത്തെക്ക്‌ തൃപ്രയാർ തേവരുടെ എഴുന്നള്ളത്തും,പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും തുടങ്ങി പലതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്‌.ഇതിലെ ആനകളുടെ സാന്നിധ്യം ഇല്ലാതെ ആക്കുക എന്ന് ആവശ്യപ്പെടുമ്പോൾ അവിടെ ആ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭാഗികമായി തടസ്സം വരുത്തുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്‌.മൃഗപീഠനം,ആനകൾ വിരണ്ടോടിയുണ്ടാക്കുന്ന ആളപായവും മറ്റു നഷ്ടങ്ങളും എന്നുപറഞ്ഞ്‌ ആനകളെ ഉത്സവപ്പറമ്പുകളിൽ നിന്നും ഒഴിവക്കുവാനുള്ള ശ്രമം വിജയിചാൽ തുടർന്ന് ക്ഷേത്രങ്ങളിലെ പൂജകളും മറ്റു ആചാരങ്ങളും അപരിഷ്കൃതവും അനാവശ്യവും ആണെന്ന് പറഞ്ഞ്‌ അടുത്ത ഘട്ടം വാദകോലാഹലങ്ങൾ ആരംഭിക്കാം.

കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്‌.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ്‌ 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്‌.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്‌. പ്രത്യേകിച്‌ കഴിഞ്ഞ്‌ ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക്‌ വീഴുകയും ആനയുടെ അടിയിൽ പെട്ട്‌ പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.ഒരാനയെ തീറ്റിപ്പോറ്റുക എന്നത്‌ നിസ്സാര സംഗതിയല്ല.ഗുരുവായൂർ ദേവസ്വം പോലുള്ള ഇടങ്ങളിൽ കെട്ടും തറിയിൽ നിൽക്കുന്ന ആനകളെ സ്വന്തം ഫണ്ടിൽ നിന്നും(സർക്കാരിൽ ജനം നൽകുന്ന നികുതിയിൽ നിന്നും അല്ല ദേവസ്വങ്ങൾ മുന്നോട്ടു പോകുന്നത്‌,മറിച്‌ അവ സർക്കാരിനു അങ്ങോടു പണമ്നൽകുന്നുമുണ്ട്‌) ചിലവിനു കൊടുത്തു മുന്നോട്ടുപോകുന്നു. എന്നാൽ സ്‌വകാര്യ ആന മുതലാളിമാരുടെ സ്ഥിതി അതല്ല. ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പ്‌ നിർത്തിയാൽ അവരുടെ കാര്യം കഷ്ടത്തിലാകും.അവരുടെ മാത്രമല്ല ആനത്തൊഴിലാളികൾ ,ചമയം വാടകക്ക്‌ നൽകുന്നവർ തുടങ്ങി ഈ മേഘലയുമായി ബന്ധപ്പെട്ട്‌ കഴിയുന്നവരുടെ ജീവിതത്തെയും അത്‌ സരമായി ബാധിക്കും.

പനമ്പട്ടയും തെങ്ങിൻ പട്ടയം കഴിച്ച്‌ ജീവിക്കുന്ന എകദേശം 700-800 ആനകൾ ഒറ്റയടിക്ക്‌ കേരളത്തിലെ വനങ്ങളീലേക്ക്‌ അയക്കണം എന്നാണോ "ആനവിരോധികൾ" ഉദ്ദേശിക്കുന്നത്‌?നാട്ടാനകളിൽ പലതും ചികിത്സ ആവശ്യം ഉള്ളവയും സ്വഭാവത്തിന്റെ പ്രത്യേകതകൾ ഉള്ളവയും ആണ്‌.മനുഷ്യരുമായി ദീർഘകാലം ഇണങ്ങി ജീവിച അവയ്ക്ക്‌ പെട്ടെന്നുള്ള വനവാസം ഒരു പക്ഷെ ദുഷ്കരമാകാം.ഇത്തരത്തിൽ അയക്കപ്പെടുന്നവയിൽ എത്രകൊമ്പന്മാർ ആനക്കൊമ്പുവേട്ടക്കാരുടെ കണ്ണിൽപെടാതെ ജീവനോടെ ഇരിക്കും? കേരളത്തിലെ വനങ്ങളിൽ ഉള്ള ആനകൾക്ക് തന്നെ തീറ്റയുടെ ക്ഷാമം അനുഭവിക്കുഅയും അവ കൃഷിയിടങ്ങളിൽ ഇറങ്ങി വാഴയും മറ്റും തിന്നുന്നതും വയനാട് ജീവിതത്തിനിടയിൽ ഞാൻ നേരി കണ്ടിട്ടുള്ളതാണ്. അപ്പോൽ അവയുടെ ജീവിതം കൂടുതൽ ദുരിതം നിറഞ്ഞതാക്കണോ അല്ലെങ്കിൽ ജീവൻ തന്നെ ഇല്ലാതാക്കണോ?

ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ ഈ ചോദ്യങ്ങൾക്ക് മറുപടി കൂടെ നൽകിയാൽ കൊള്ളാം.

ആനകളെ പീഠിപ്പിക്കുന്നത്‌ തടയുക തന്നെ വേണം.അതുപോലെ ആനയിടഞ്ഞോടുന്നത്‌ നിയന്ത്രിക്കുകയും ജനത്തെ ഇത്തരം സ്ഥലങ്ങളിൽ നിന്നുമ്നിർബന്ദമായ്ം ഒഴുവാക്കുകയും വേണം. നിരവധി തവണ നേരിൽ കണ്ടിട്ടുള്ള ആളുമാണ്‌ ഞാൻ.ഇതിനു പരിഹാരം കാണുന്നതിനു പകരം ഇതിന്റെ പേരിൽ ക്ഷേത്രോത്സവങ്ങളിൽ നിന്നും ആനയെഴുന്നള്ളത്തിനെ തടയണം എന്നു പറയുന്നതിനോട്‌ യോജിക്കുവാൻ കഴിയില്ല. അനകളുടെ എണ്ണം ക്രമീകരിചും ആവശ്യ്മായ മുങ്കരുതൽ എടുത്തും ഉത്സവങ്ങളെ നടത്തിക്കൊണ്ടുപോകുകതന്നെ വേണം.

Friday, January 02, 2009

പുതുവത്സരാശംസകൾ

എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ...