Thursday, July 15, 2010

ന്യൂസിന്റെ “ഭരത് ചന്ദ്രന്‍”

രണ്‍ജി പണിക്കരുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്താ അവതരണ ശൈലിയുമായി നികേഷ് കുമാര്‍ വന്നപ്പോള്‍ അത് മലയാള മാധ്യമ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.ത്രസിപ്പിക്കുന്ന രീതിയീല്‍ ഉള്ള ചടുലമായ വാക്കുകള്‍ ചോദ്യങ്ങളുടെ ഒരു നിര ഉത്തരത്തിന്റെ പാതിയില്‍ നിന്നും അടുത്ത ചോദ്യങ്ങളുടെ മാലപ്പടക്കത്തിലേക്ക്... വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത കേരളത്തെ സംബന്ധിച്ച്നി കേഷിനെപോലെ ഒരു മാധ്യമപ്രവര്‍ത്തകനു സാധ്യത ഏറെ ഉണ്ട്. എന്തെങ്കിലും അല്പം “സ്കോപ്പുള്ള” ഒരു വാര്‍ത്ത ഉണ്ടായാല്‍ ഉടനെ നാലാളെ സംഘടിപ്പിച്ച് ഒരു തട്ടുപൊളിപ്പന്‍ പരിപാടി അങ്ങ് അവതരിപ്പിക്കും. സ്റ്റുഡിയോയിലും മറ്റ് എവിടെ നിന്നെങ്കിലും ഫോണിലും ഒക്കെയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വിരട്ടിയും വെള്ളം കുടിപ്പിച്ചും ഒക്കെ ചോദ്യങ്ങള്‍ ചോദിക്കുക അതില്‍ പലതും പ്രേക്ഷകന്‍ ചോദിക്കുവാന്‍ കരുതിവെച്ച ചോദ്യങ്ങള് ഉള്‍ക്കൊള്ളിക്കുക‍. പങ്കെടുക്കുന്ന ചില രാഷ്ടീയ നേതാക്ക്ന്മാര്‍, ഉത്തരം മുട്ടുമ്പോള്‍ ചിലര്‍ ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്തു കടന്നുകളയും. ചിലര്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുമ്പോള്‍ അവര്‍ പറഞ്ഞ ദൃശ്യങ്ങള്‍ ന്യൂസില്‍ ഉള്‍പ്പെടുത്തിയും ഉത്തരം മുട്ടിച്ചുകളയും. പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍
കൊണ്ട് ചില രാഷ്ടീയക്കരുടെ മുഖമൂടി അഴിഞ്ഞു വീഴാറുണ്ട്. അപൂര്‍വ്വമായി നികേഷിനും ഉത്തരം മുട്ടാറുണ്ട്, എന്നാല്‍ അത് വാക്കുകള്‍ കൊണ്ട് വഴുക്കി കളിച്ച് അങ്ങേരു രക്ഷപ്പെടും.അയ്യോടാ സാര്‍ സിങ്ങറ് ഒക്കെ കണ്ട് പൊറുതി മുട്ടിയിരിക്കുന്ന എന്നെപോലുള്ളവര്‍ക്ക് അല്പം ആശ്വാസം ഇത്തരം വാര്‍ത്താ പരിപാടി തന്നെ.

ഇറങ്ങുന്നതു മുഴുവന്‍ ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍, കൂടാതെ രണ്‍ജിത്തും രണ്‍ജിപണിക്കരും തീപ്പൊരി ഡയലോഗുള്ള സിനിമകള്‍ എഴുതുന്നത് നിര്‍ത്തിയതുകൊണ്ടും എന്നെപ്പോലെ ഉള്ള ഒരു ശരാശരി പ്രേക്ഷകനെ സംബന്ധിച്ച് “സ്മോള്‍ കിട്ടിയില്ലേല്‍ ചുമയുടെ മരുന്ന് അടിക്കുന്ന കള്ളുകുടിയന്മാരുടെ” അവസ്ഥയ്ക്കു തുല്യമാണ് ഇമ്മാതിരി ന്യൂസ് പ്രോഗ്രാമ്മുകള്‍. പ്രേക്ഷകന്‍ നികേഷിന്റെ വാര്‍ത്താ അവതരണത്തെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തമമായ തെളിവാണ് ഇന്ത്യാവിഷന്‍ ന്യൂസിന്റെ ഉയര്‍ന്ന റേറ്റിങ്ങ്. ഒരു ചാനലില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ പോകുന്നു എന്നത് ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടുന്നത് തന്നെ ആ വ്യക്തിയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. നികേഷിന്റെ ന്യൂസുകള്‍ കുറിക്കു കൊള്ളുന്നു എന്നതിനു ഇതില്‍ പരം എന്തു തെളിവു വേണം.

ടി.വി വാര്‍ത്താ അവതരണം പല മിമിക്രിക്കാരും അനുകരിക്കുവാന്‍ തുടങ്ങിയത് ടി.എന്‍.ഗൊപകുമാറിന്റേയും, നികേഷ് കുമാറിന്റേയും അവതരണ ശൈലിയെ അനുകരിച്ചാണ്.രാജ് മോഹന്‍ ഉണ്ണിത്താനും ന്യൂസുകളില്‍ നിന്നും മാറിനിന്നതോടെ ന്യൂസിന്റെ രസം പോയി. താല്‍ക്കാലികമായെങ്കിലും നികേഷ് കുമാറും, അല്പം ആശ്വാസം ഇനി വേണുവിന്റെ ന്യൂസ് തന്നെ. ഉടനെ അദ്ദേഹം തന്റെ പ്രസിദ്ധമായ ആ ശൈലിയുമായി തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.പറയൂ എന്താണ്
സംഭവിച്ചത്? എന്തുകൊണ്ടാണ് സംഭവിച്ചത്?

--
അല്പം കടന്ന ഒരു ഭാവന, ഒരു കാര്‍ടൂണിസ്റ്റായിരുന്നേല്‍ വരക്കാമായിരുന്നു.

ഒരു കണ്ണാടിക്ക് മുമ്പില്‍ “സുകേഷ് കുമാര്‍“ ഇരിക്കുന്നതായി സങ്കല്‍‌പ്പിക്കുക.
പറയൂ...എന്തുകൊണ്ടാണ് ഞാന്‍ രാജിവെച്ചത്? എന്തിനായിരുന്നു എന്റെ രാജി? എന്തു സ്‍ാഹചര്യം ആയിരുന്നു ഇത്തരം ഒരു തീരുമാനത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്? ഇതിനു പുറകില്‍ എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടയിരുന്നോ? മറ്റേതെങ്കിലും വിധത്തില്‍ ഉള്ള എന്നാല്‍ പുറത്തുപറയുവാന്‍ കഴിയാത്ത എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?
(മറുപടിയൊന്നും ഇല്ല)
ശ്രീ സുകേഷ് കുമാര്‍ കേളക്കാമെങ്കില്‍..... താങ്കള്‍ രാഷ്ടീയത്തിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒരു ഊഹാപോഹം ഇവിടെ കേള്‍ക്കുന്നു. സംഗതി സത്യമാണോ?
താങ്കള്‍ എം.എല്‍.എ ആകുമോ ? മന്ത്രിയാകുമോ? മന്ത്രിയായാല്‍ വാര്‍ത്ത അവതരിപ്പിക്കുമോ?.... ശ്രീ സുകേഷ് കുമാര്‍ ചോദ്യം താങ്കളോടാണ്...കേള്‍ക്കാമോ?

Wednesday, July 14, 2010

ഗുരുവായൂര്‍ രാമചന്ദ്രന്‍


ഉത്സവങ്ങളുടെ ആരവങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ അവധിക്കാലം. ആനയേയും ഉത്സവത്തേയും ഏറെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ച് നാട്ടില്‍ ചെന്നപ്പോള്‍ എങ്ങിനെ അടങ്ങിയിരിക്കാന്‍ കഴിയും.
ചുള്ളിപ്പറമ്പീല്‍ വിഷ്ണുശങ്കറ് എന്ന ആനയെ ഇടയ്ക്ക് പോയി ഒന്നു കാണും.എങ്കിലും ഒരു തൃപ്തിക്കുറവ് ഒടുവില്‍ നേരെ ഗുരുവായൂര്‍ ആനക്കോട്ടയിലേക്ക്. ഗജരത്നം പത്മനാഭനും, വലിയ കേശവനും, മുറിവാലന്‍ മുകുന്ദനും, എല്ലാം അംഗങ്ങളായ
ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാനതറവാട്ടിലേക്ക്.

കവാടത്തിനു പുറത്ത് കാന്റീനിനു സമീപത്തുതന്നെ ഞങ്ങള്‍ ചെല്ലുന്നതിനു രണ്ടു ദിവസം മുന്‍പ് അല്പം അലമ്പ് ഒപ്പിച്ച കൊമ്പനു ചുറ്റും ആളുകള്‍ ഉണ്ട്. അവന്‍ മറ്റാരുമല്ല ജയലളിത നടയ്കിരുത്തിയ ആനക്കുട്ടന്‍ തന്നെ. അവനെ അല്പസമയം നോക്കിനിന്നു അകത്തേക്ക്.അകത്ത് കടന്ന് സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീനാരായണന്റെ കുഞ്ഞു വികൃതി അലപം ആസ്വദിച്ചുകൊണ്ടിരിക്കെ ഒരാന കടന്നുവന്നു. ഒറ്റനോട്ടത്തില്‍ എന്തോ ഒരുപ്രത്യേകത അവനു തോന്നി.
പിന്നീടാണ് മനസ്സിലായത് അന്ന് ജീവിച്ചിരുന്ന നാട്ടാനകളില്‍ ഏറ്റവും ഉയരക്കൂടുതല്‍ ഉള്ള ആനയാണവന്‍ എന്ന്. ഗുരുവായൂര്‍ രാമചന്ദ്രന്‍!! ഇതെഴുതുമ്പോള്‍ അവന്‍ നമ്മോടൊപ്പം ഇല്ല. കഴിഞ്ഞ ഡിസംബറില്‍ ആണെന്ന് തോന്നുന്നു അവന്‍ ചരിഞ്ഞു.
നേരിട്ടുകാണുന്നതു വരെ എന്റെ മനസ്സിലെ ഉയരക്കേമന്മാരുടെ പട്ടികയില്‍ ഒരിക്കലും ഇവന്‍ ഉണ്ടായിരുന്നില്ല.
ആനയെ പോലെ തന്നെ പ്രായമായ ആനക്കാരനും ഏറെ ആകര്‍ഷിച്ചു. ആ നല്ല ആനക്കാരനോടിപ്പം കുശലം ചോദിച്ച് അ‌ല്പനേരം അവനൊപ്പം ചിലവഴിച്ചു.
പിന്നീട് അവന്റെ വിയോഗം മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞപ്പോള്‍ അന്നത്തെ ഓര്‍മ്മകള്‍ മനസ്സിലെക്ക് കയറിവന്നു.

ഇരിക്കസ്ഥാനത്തിന്റെ ഉയരം കൊണ്ട് കണ്ടമ്പുള്ളി ബാലനാരായണന്‍, ചുള്ളിപ്പറമ്പില്‍ സൂര്യന്‍ തുടങ്ങിയ മണ്‍ മറഞ്ഞ ഗജരാജന്മാര്‍ക്കൊപ്പം നിന്നിരുന്നു ഇവന്‍. മറ്റു രണ്ടുപേരും വിടപറഞ്ഞതോടെ
ജീവിച്ചിരിക്കുന്ന സമയത്ത് ഇവനായിരുന്നു ഇരിക്കസ്ഥാനത്തിന്റെ അളവുകൊണ്ട് ഏറ്റവും ഉയരം കൂടിയ ആന.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവനും ചരിഞ്ഞു.
ഉത്സവങ്ങളില്‍ നിന്നും ഒഴിഞ്ഞ് ആനക്കോട്ടയുടെ ഒരു മൂലയില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഇവനു പക്ഷെ വേണ്ടത്ര പ്രസിദ്ധി ലഭിച്ചില്ല.
കേരാലത്തിലെ ഏറ്റവും ഉയരം കൂടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ യദാര്‍ഥത്തില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഇവന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്ന് എത്രപേര്‍ക്ക് അറിയാം!!
ഏറെ പ്രായമായെങ്കിലും ഇവനു നല്ല പരിചരണം ആയിരുന്നു അന്ന് ആനപാപ്പാനും ദേവസ്വവും നല്‍കിയിരുന്നത്. ഗൂരുവായൂര്‍ കോട്ടയിലെ സന്ദര്‍ശനത്തിനിടയില്‍
ഇവനെ പരിചയപ്പെടുത്തിയത് ആനപ്രേമിയായ കരിപ്പ രതീഷായിരുന്നു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആണ് ഈ ചിത്രം എടുത്തത്.