Thursday, April 30, 2009

തൃശ്ശൂർ പൂരലഹരിയിലേക്ക്‌...

തിരഞ്ഞെടുപ്പ്‌ ചൂടിൽ നിന്നും ഒഴിഞ്ഞു തൃശ്ശൂർ ഇതാ പൂരങ്ങളുടേ പൂരത്തിനെ വരവേൽക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു.കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.തൃശ്ശൂർ റൗണ്ടിലും പരിസരങ്ങാളിലും പന്തലുകളും തോരണങ്ങളും ഉയർന്നുകഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉള്ള ആളുകൾ ഒഴുകിയെത്തുന്ന താളമേള ദൃശ്യശബ്ദവിസ്മയങ്ങളുടെ 36 മണിക്കൂറുകൾ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു.ആനകളെ കുറിച്ചും, മേളത്തെകുറിച്ചും,കുടമാറ്റത്തെ കുറിച്ചും സേമ്പിളിന്റെ ഗരിമയെകുറിച്ചും ഒക്കെ ഇപ്പോളേ ചർച്ചതുടങ്ങി.

കണിമംഗലം ശാസ്ത്രാവ്‌ "വെയിലും മഞ്ഞുകൊള്ളാതെ" വരുന്നതും, അതുപോലെ ചൂരക്കോട്ടുകാവ്‌, നെയ്തലക്കാവ്‌,കാരമുക്ക്‌, ലാലൂർ തുടങ്ങിയ ചെറുപൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെ നീളും. പൂരത്തിന്റെ പ്രധാന ആകർഷണങ്ങൾ സാമ്പിൾവെടിക്കെട്ടും,ആനചമയ പ്രദർശ്ശനവും പൂരദിവസത്തെ തിരുവമ്പാടിയുടെ മഠത്തിൽ വരവും, വടക്കുന്നാഥസന്നിധിയിലെ ഇലഞ്ഞിത്തറമേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടർന്നുള്ള കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.

പറമേക്കാവ്‌ ദേവസ്വവും തിരുവമ്പാടിദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാൻ പിടിക്കുന്നത്‌.കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടുനിൽക്കുന്ന മികച്ച ആനകൾ ആണ്‌ ഇരുവിഭാഗത്തുമായി അണിനിരക്കുക.തിരുവമ്പാടിയുടെ ശിവസുന്ദർ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം.ഇരുവിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തുകാണിക്കുന്ന വിധത്തിലായിരിക്കും ആനചയമപ്രദർശ്ശനം ഒരുക്കുക.ഇതിനായി മികച്ച കലാകാരന്മാർ മാസങ്ങളോളമായി അദ്വാനം തുടങ്ങിയിട്ട്‌.കുടമാറ്റവും വെടിക്കെട്ടും ഇരുവിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യകരമായ മൽസരത്തിലൂടെ കാണികൾക്ക്‌ കാശ്ചയുടെ വിരുന്നൊരുക്കുന്നു.

Sunday, April 26, 2009

ശ്രീലങ്കൻ പ്രശ്നം.

ശ്രീലങ്കയിൽ കുരുതിയുടെയും പാലായനത്തിന്റേയും ദിനങ്ങൾ ആരംഭിച്ചിട്ട്‌ പതിറ്റാണ്ടുകൾ ആയി.എങ്കിലും അടുത്തകാലത്ത്‌ ഇത്രയ്ക്ക്‌ രൂക്ഷമായ പോരാട്ടങ്ങളും പാലായനങ്ങളും ഉണ്ടായിട്ടില്ല.മാധ്യമങ്ങളിൽ പരിക്കേറ്റുപിടയുന്ന പിഞ്ചുബാല്യങ്ങൾ മുതൽ വയോവൃദ്ധർ വരെ വ്യത്യസ്ഥ പ്രായക്കാർ. അവരുടെ ദീനരോദനങ്ങൾ.അഭയാർത്ഥികളുടെ ജീവിതം എത്രമാത്രം ദുരിതമാണെന്ന് വാക്കുകളും ദൃശ്യങ്ങളും കൊണ്ട്‌ പകരുക അസാധ്യം തന്നെ. അരക്ഷിതമായ ഒരു ജീവിതം അവരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും.മനസ്സിനും ശരീരത്തിനും ഏറ്റ മുറിപ്പാടുകൾ അവരിൽ രോഷത്തിന്റെ അഗ്നിജ്വലിപ്പിക്കും.ഇതിനെ തടയുക എന്നത്‌ അവരുടെ പ്രശ്നങ്ങൾക്ക്‌ ശാശ്വതമായതും സമാധാനപരമായതുമായ പരിഹാരം നൽകിക്കൊണ്ടായിരിക്കണം.

അഭയാർത്ഥികൾ അല്ലെങ്കിൽ കുടിയേറ്റക്കാർ ഏതൊരു രാജ്യത്തിനും പിന്നീട്‌ അസ്വസ്ഥതകൾ സമ്മാനിക്കും എന്നതിൽ തർക്കമില്ല.ഇന്ത്യയിൽ ബംഗാളാദേശിൽ നിന്നും വരുന്നവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേണ്ടവിധത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല എന്ന് വേണം കരുതുവാൻ.ഇപ്പോൾ കടന്നുവരുന്നവരെ നിയന്ത്രിക്കുന്നതിൽ സർക്കാർ ജാഗ്രതപാലിച്ചേ പറ്റൂ.ഏതെങ്കിലും വിധത്തിൽ ഉള്ള മൃദുസമീപനം പിന്നീട്‌ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക്‌ തന്നെ കാരണമാകും. എന്നാൽ ശ്രീലങ്കൻ പ്രശ്നനം അത്തരത്തിൽ ഉള്ളതാണെന്ന് കരുതുക വയ്യ.കാരണം മൂന്നോ നാലോ നൂറ്റാണ്ടിന്റെ പഴക്കം ഉണ്ട്‌ ഇന്നത്തെ ശ്രീലങ്കൻ തമിഴ്‌ വംശജരുടെ പൂർവ്വികരുടെ കുടിയേറ്റത്തിന്‌. അതുകൊണ്ടുതന്നെ അവർ ആ രാജ്യത്തിന്റെ ഭാഗമാണ്‌.

ചിലർ രാഷ്ടീയമുതലെടുപ്പിനായി വിഘടന വാദം ഉന്നിയിക്കാം എങ്കിലും ശ്രീലങ്കയെ വെട്ടിമുറിച്ചുകൊണ്ട്‌ ഒരു പരിഹാരം നല്ലതല്ല.മതത്തിന്റേയും ജാതിയുടേയും പേരിൽ രാജ്യത്തെ വെട്ടിമുറിച്ച്‌ ഒടുവിൽ അവരെ പരസ്പരം കലഹിപ്പിച്ചുകൊണ്ട്‌ മുതലെടുപ്പ്‌ നടത്തുന്ന രാഷ്ടീയ പ്രതിഭാസം നാം കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്‌.ഇത്തരം വിഭജനങ്ങൾ ഉണങ്ങാത്ത വ്രണമായി അവശേഷിക്കും.അതു നിരന്തരം പ്രശനങ്ങൾ സൃഷ്ടിക്കും. ശ്രീലങ്കയിൽ തമിഴർക്കും സിംഹളർക്കും തുല്യമായ അവകാശങ്ങൾ ഉള്ള ഒരു ഭരണകൂടം വരുന്നതിലൂടെ ഒരു പക്ഷെ ഇതിനൊരു പരിഹാരം ഉണ്ടായേക്കാം. എന്നാൽ അതിനു ആദ്യം വേണ്ടത്‌ ആയുധം താഴെവച്ചുകൊണ്ട്‌ ഇരുകൂട്ടരും പരസ്പരം വിട്ടുവീശ്ചയ്ക്ക്‌ തയ്യാറാകുകയും വേണം.യുദ്ധം ഇരുപക്ഷത്തിനും നാശവും, സമാധാനമില്ലായ്മയും മാത്രമേ നൽകൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്‌ ഒരു നല്ല മധ്യസ്ഥനെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. അന്താരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ വേണ്ടവിധത്തിൽ ഇടപെടണമെന്ന് മാത്രമല്ല ഇന്ത്യക്ക്‌ ഇക്കാര്യത്തിൽ കാര്യമായ പലതും ചെയ്യുവാനും കഴിയും.

കുട്ടികളുടെ കുരുതി അത്‌ ഗാസയിലായാലും,കൊളൊമ്പോയിലായാലും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.

Sunday, April 19, 2009

അക്കാദമി അവാർഡും ബ്ലോഗ്ഗുകളും.

അവാർഡിനൊപ്പം വിവാദവും എന്നത്‌ ആവർത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? ഇത്തവണയും അതിനു മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.അവാർഡുജേതാക്കളിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തോട്‌ ചേർന്നുനിൽക്കുന്നവരോ ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ അംഗങ്ങളായവരോ ആണെന്നത്‌ ഒരു സത്യം തന്നെ. എന്നാൽ ഇവിടെ അവാർഡിനു പരിഗണിക്കാതെ പോകുന്ന മറ്റൊന്നാണ്‌ ബ്ലോഗ്ഗ്‌ രചനകൾ. സമാന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌ മലയാളം ബ്ലോഗ്ഗു രചനകൾ.ശൈശവ ദിശയിലൂടെ ആണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ കൂടെ ശ്രദ്ധേയമായ പല സൃഷ്ടികളും ഇതിനോടകം ബ്ലോഗ്ഗുകളിൽ വന്നുകഴിഞ്ഞിരിക്കുന്നു.കാലഘട്ടത്തിന്റെ മറ്റത്തിനനുസരിച്ച്‌ എഴുത്തിന്റെ മാധ്യമത്തിൽ വന്ന മാറ്റത്തെ പക്ഷെ ഇനിയും സാമ്പ്രദായിക സാഹിത്യലോകം അംഗീകരിക്കുവാൻ വിമുഖതകാണിക്കുന്നു എന്നുവേണം കരുതുവാൻ.കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ നിർണ്ണയത്തിൽ ഇനിയും ബ്ലോഗ്ഗ്‌ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടില്ല.എന്നാൽ പുതിയ പല എഴുത്തുകാർക്കും തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ കഴിഞ്ഞെന്നുമാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും ബ്ലോഗ്ഗുകൾ ചുരുങ്ങിയകാലം കൊണ്ട്‌ നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ യാദാർത്ഥ്യം.

ജീവിതത്തിന്റെ രീതികൾ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മലയാളിയുടെ വായനക്ക്‌ മറ്റൊരു ദിശയാണ്‌ ബ്ലോഗ്ഗുകൾ നൽകിയത്‌.ക്രിയാത്മകമായ സംവാദങ്ങളും ഊർഷ്മളമായ സൗഹൃദങ്ങളും ഇവിടെ നടക്കുന്നു.ഇതിനോടകം തന്നെ ബ്ലോഗ്ഗുകളിൽ പ്രസിദ്ധീകൃതമായ ചില രചനകളുടെ പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു.ശ്രീ സജീവ്‌ എടത്താടന്റെ കൊടകരപുരാണം മലയാളിക്ക്‌ ഹാസ്യത്തിന്റെ പുതിയ ഒരു വാതായനം തുറന്നു തന്നു.നാട്ടിൻ പുറത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോൾ വായനക്കാർ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വി.എകെ.എന്നിനു ശേഷം ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി ഇപ്പോഴാണുണ്ടായതെന്ന് വേണം പറയുവാൻ.ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു സംഗതി ഇന്ത്യൻ ഭാഷകളിലുള്ള മികച്ച ബ്ലോഗ്ഗുകൾക്കായി മൈക്രോസോഫ്റ്റിന്റെ ഇന്ത്യൻ ഭാഹ്സാ സംരംഭം - ഭാഷാ ഇന്ത്യ ഡോട്‌.കോം കൊടകരപുരാണം ബ്ലോഗ്ഗിനു ലഭിക്കുകയും ഉണ്ടായി.

കുറുമാന്റെ "എന്റെ യൂറോപ്പ്‌ സ്വപ്നങ്ങൾ" വായനക്കാർക്ക്‌ നൽകുന്നത്‌ യാത്രാവിവരണത്തിന്റെ പതിവു വിരസതകൾ ഒട്ടുമില്ലാത്ത ഒരു അനുഭവം ആണ്‌. ഒരു ത്രില്ലർ വായിക്കുന്ന രസാനുഭൂതിയാണീ പുസ്തകം പകർന്നു തരുന്നത്‌. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ അവിടത്തെ അനുഭവങ്ങളിലൂടെ കുറുമാനോടൊപ്പം സഞ്ചരിക്കുവാൻ വായനക്കാരനു കഴിയുന്ന തരത്തിലാണതിന്റെ അവതരണം. ടി.പി വിനോദിന്റെ "നിലവിളിയെകുറിച്ചുള്ള കടം കഥകൾ" കവിതയുടെ പതിവു ചിട്ടവട്ടങ്ങളിൽ നിന്നും മാറിനിന്നൊകൊണ്ട്‌ തീഷ്ണമായ ജീവിത യാദാർത്ഥ്യങ്ങൾ വായനക്കാരിലേക്ക്‌ പകർന്നു നൽകുന്നുണ്ട്‌. ഇതുപോലെ അനവധി കാമ്പുള്ള സൃഷ്ടികൾ ബ്ലോഗ്ഗുകളിൽ നിന്നും വായിച്ചെടുക്കുവാൻ കഴിയും.എന്നാൽ അച്ചടിച്ച പുസ്തകങ്ങളേക്കാൾ കൂടുതലായി ഇന്റ്‌ർ നെറ്റിൽ പ്രസിദ്ധീകരിക്കുന്നവ വായിക്കപ്പെടുന്ന കാലത്ത്‌ അവാർഡു പരിഗണനക്ക്‌ പുസ്തകരൂപത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചവ മാത്രമേ പരിഗണിക്കൂ എന്ന നിബന്ധന ബാലിശമായി മാറിക്കൊണ്ടിരിക്കുന്നു.

അവാർഡുകൾ നിശ്ചയിക്കുന്നവർ ജുബ്ബാ താടി പരിവേഷങ്ങൾക്കപ്പുറം വളർന്നുവരുന്ന ലോകത്തെകുറിച്ച്‌ അഞ്ജതനടിക്കുന്നതിൽ അർത്ഥമില്ല. പുസ്തകരൂപത്തിൽ ഉള്ള സാഹിത്യം കാലഘട്ടത്തിനനുസരിച്ച്‌ ഇലക്ട്രോണിക്ക്‌ സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക്‌ രൂപപരിണാമം പ്രാപിക്കുമ്പോൾ,വായനക്കാർ അതിനെ സ്വാഗതം ചെയ്യുമ്പോൾ സാഹിത്യ അക്കാദമിയും,സാഹിത്യവിമർശകന്മാരും,ബുദ്ദിജീവികളും അത്തരം ഒരു "അപ്ഡേഷനു" തയ്യാറാകേണ്ടിയിരിക്കുന്നു. വരും നാളുകൾ ഇന്റർനെറ്റിലും അതുപോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാളസാഹിത്യത്തിന്റെ പുത്തൻ സൃഷ്ടികളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതിൽ സംശയം വേണ്ട.അതിനോടു പുറം തിരിഞ്ഞു നിന്നുകൊണ്ട്‌ അധിക കാലം ഇത്തരം അവാർഡ്‌ പങ്കുവെക്കലുകൾക്ക്‌ നിലനിൽപ്പുണ്ടാകില്ല എന്നത്‌ നിസ്സംശയം പറയാനാകും.അതിനാൽ ബ്ലോഗ്ഗുകളിൽ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേകസംവരണം ഇല്ലാതെ അവാർഡ്‌ നിർണ്ണയങ്ങളിലേക്ക്‌ പരിഗണിക്കുവാൻ തയ്യാറാകണം.

Monday, April 13, 2009

വോട്ടവകാശം വിനിയോഗിക്കുക.

ജനാധിപത്യവും സ്വാതന്ത്രവും ഒരു ജനതക്ക്‌ ലഭിക്കാവുന്ന അമൂല്യമായ അനുഗ്രഹമാണ്‌,ഇതു തിരിച്ചറിയുവാൻ തൊട്ടയൽ രാജ്യങ്ങളിൽ നിന്നും വരുന്ന വാർത്തകളിലേക്ക്‌ ഒരുനിമിഷം കണ്ണൊടിച്ചാൽ മതി..ഒരുപാട്‌ ത്യാഗികൾ ജീവൻ വെടിഞ്ഞും മർദ്ധനങ്ങൾ അനുഭവിച്ചുമാണ്‌ നമുക്ക്‌ ഈ സ്വാതന്ത്രം നേടിത്തന്നത്‌.അവർ ജാതിയും മതവും നോക്കാതെ മുഴുവൻ ഇന്ത്യൻ ജനതയ്ക്കുവേണ്ടിയാണ്‌ പോരാടിയത്‌.അങ്ങിനെ നേടിത്തന്ന സ്വാതന്ത്രം കേവലം വർഗ്ഗീയ-രാഷ്ടീയ-വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി നഷ്ടപ്പെടുത്തുവാനോ, മറ്റുള്ളവർക്ക്‌ അടിയറവുവെക്കുവാനോ നമുക്ക്‌ അവകാശമില്ലെന്ന് ഓർക്കുക.ഓരോതിരഞ്ഞെടുപ്പും നമ്മുടെ രാജ്യത്തിന്റെ ഭാവിനിർണ്ണയിക്കുന്നതിൽ നിർണ്ണായകമാണ്‌.ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുവാൻ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം നിലനിർത്തുവാൻ ജാതിമത സങ്കുചിതത്വത്തിനതീമായി വോട്ടവകാശം വിനിയോഗിക്കുക.

ജനകീയപ്രശ്നങ്ങളെ വെടിഞ്ഞ്‌ വോട്ടുനേടുവാനും അധികാരത്തിലെത്തുവാനും ഉള്ള എളുപ്പവഴിയായി ജാതിവികാരത്തെ ഉപയോഗപ്പെടുത്തുവാൻ രാഷ്ടീയക്കാർ ആരംഭിച്ചതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിശപ്തദിനങ്ങൾ ആരംഭിച്ചു എന്ന് പറയാം.ജനാധിപത്യക്രമത്തിൽ മതവും രാഷ്ടീയവും രണ്ടാണ്‌.രണ്ടും ഒരു പൗരന്റെ ജീവിതത്തിൽ നിർണ്ണായകമായ ഘടകം ആണെങ്കിലും ഇവരണ്ടും പരസ്പരം നിയന്ത്രണങ്ങളോ സ്വാധീനങ്ങളോ ഉണ്ടാക്കുവാൻ തുടങ്ങിയാൽ അത്‌ ചില ഘട്ടങ്ങളിലെങ്കിലും വ്യക്തിയെ തെറ്റായ തീരുമാനങ്ങളിലേക്കും നിഗമനങ്ങളിലേക്കും കൊണ്ടെത്തിച്ചേക്കാം. മതവും രാഷ്ടീയവും രണ്ടായിക്കാണുവാൻ കഴിയുന്നവനേ ഒരു നല്ല പൗരനാകാൻ പറ്റൂ.ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്‌ തന്റെ മതം മാത്രമല്ല മറ്റുള്ള മതങ്ങൾക്കും മതവിശ്വാസികൾക്കും തന്റേതുപോലെ തുല്യമായ ഒരു ഇടം ഉണ്ടെന്ന് തിരിച്ചറിയുകയും തന്റെ മതവിശ്വാസം ഒരിക്കലും തന്റെ രാജ്യത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നത്‌ ഒരു ഉത്തമ പൗരന്റെ കടമയായി കാണുക. ജനാധിപത്യത്തിന്റെ കാവലാളാകുന്നതിലൂടെ സ്വന്തം സ്വാതന്ത്രവും രാജ്യത്തിന്റെ സുരക്ഷിതത്വവും ആണ്‌ നാം ഓരോരുത്തരും ഉറപ്പുവരുത്തുന്നത്‌.

മതവിശ്വാസം എന്നത്‌ തീവ്രവാദികൾക്കും രാജ്യദ്രോഹികൾക്കും ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക്‌ കയറുവാനുള്ള കുറുക്കുവഴിയാകരുത്‌. ഒരാൾ ഇന്ന ജാതിയിൽ/പാർട്ടിയിൽ പെട്ടവനാണ്‌ എന്നത്‌ മാത്രമാകരുത്‌ തിരഞ്ഞെടുക്കപ്പെടുവാൻ ഉള്ള യോഗ്യത.അയാളുടെ സാമൂഹ്യപ്രതിബദ്ധതയും,വർഗ്ഗീയത/തീവ്രവാദത്തോടുള്ള സമീപനം, ജനകീയവിഷയങ്ങളിൽ എപ്രകാരം ഇടപെടുന്നു, കാര്യങ്ങളെ എങ്ങിനെ വിശകലനം ചെയ്യുന്നു,തീരുമാനങ്ങൾ എടുക്കുവാനും അവനടപ്പിലാക്കുവാനും ഉള്ള ആർജ്ജവം എത്രമാത്രം ഉണ്ട്‌ തുടങ്ങി പല കാര്യങ്ങളെ ശരിയാം വണ്ണം വിശകലനം ചെയ്തുവേണം ഒരാൾക്ക്‌ വോട്ടുനൽകുവാൻ.

പ്രീണനരാഷ്ടീയക്കാർക്ക്‌ സംസാരിക്കുവാൻ ചില സംഘടിതവിഭാഗങ്ങളെ കുറിച്ച്‌ മാത്രമാണുള്ളത്‌. അവഗണിക്കപ്പെടുന്ന ആദിവാസികളും കുടിയിറക്കപ്പെട്ടവരും ഇവരുടെ ചർച്ചകളിലോ മാധ്യമ റിപ്പോർട്ടുകളിലോ കാര്യമായി ഇടംപിടിക്കുന്നില്ല എന്നത്‌ അങ്ങേയറ്റം ദു:ഖകരമാണ്‌.അസംഘടിതരും നയിക്കപ്പെടുവാൻ ശക്തരായ നേതാക്കന്മാരു ഇല്ലാത്തതാകാം ഒരു പക്ഷെ ഇവരുടെ ഈ ദുരവസ്ഥക്ക്‌ കാരണം.ഇക്കൂട്ടർ കൂടെ ഉൾപ്പെടുന്നതാണ്‌ ജനാധിപത്യ ഇന്ത്യയെന്നത്‌ പ്രീണനത്തിനായി മതമേലധ്യക്ഷന്മാരുടെ കൊട്ടാരങ്ങളിലേക്കും,അരമനകളിലേക്കും വോട്ടുറപ്പിക്കുവാനുള്ള പരക്കം പാച്ചിലിൽ രാഷ്ടീയക്കാർ മറന്നാലും നാം മറക്കാതിരിക്കുക.വോട്ടുചോദിച്ചെത്തുന്നവരോട്‌ ഒരിക്കലെങ്കിലും അവഗണിക്കപ്പെട്ട്‌ കിടക്കുന്നവരെ കുറിച്ച്‌ ഓർമ്മപ്പെടുത്തുക.


---------------------------------------------------------------------------------------------
ജനങ്ങളുടെ പ്രതിനിധിയായി അവർക്കുവേണ്ടി നിലകൊള്ളും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരിൽ പലപ്രസ്ഥാനക്കാരും ഉണ്ടാകും.എന്നാൽ അവരിൽ വ്യക്തിപരമായി ചിലരുടെ വിജയവും മറ്റു ചിലരുടെ പരാജവും നാം ആഗ്രഹിക്കാറുണ്ട്‌.ഇന്ന് മൽസര രംഗത്തുള്ളവരിൽ ഞാൻ ഇഷ്ടപ്പെടുന്ന ചിലർ ഇവരാണ്‌(ഇതെന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്‌)

സഖാവ്‌.സി.എൻ ജയദേവൻ- തൃശ്ശൂരിന്റെ സ്വന്തം സ്ഥാനർത്ഥിയായി വരുന്ന സി.എൻ.എം.എൽ എ എന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുള്ള ആളാണ്‌.അരമനയിലെ വാറൊലകളായിരിക്കരുത്‌ സ്ഥാനാർത്ഥിനിർണ്ൺനയത്തിന്റെ മാനദണ്ടം.ജനാതിപത്യപ്രക്രിയയിൽ ജനങ്ങളുടെ വാക്കിനും വികാരത്തിനു ആയിരിക്കണം മുൻ തൂക്ക.തൃശ്ശൂരുകാർ ഇത്‌ മനസ്സിലാക്കി പെരുമാറും എന്ന് പ്രതീക്ഷിക്കാം.സ്ഖാവിനു എല്ലാവിധ വിജയാശംശകളും.

എ.സമ്പത്ത്‌,ചുറുചുറുക്കുള്ള രാഷ്ടേ‍ീയ പ്രവർത്തകൻ.
സുരേഷ്‌ കുറുപ്പ്‌-മിതമായ സംസാരമെങ്കിലും പ്രവർത്തനങ്ങളിലെ ഊർജ്ജസ്വലത സ്ഖാവിനെ വേറിട്ടു നിർത്തുന്നു. മക്കൾ-സമുദായ സമവാക്യങ്ങളെ കേരളം തിരസ്കരിക്കേണ്ട കാലം ആയിരിക്കുന്നു.
കെ.സി വേണുഗോപാൽ-മന്ത്രിയെന്ന നിയലയിൽ ഈ യുവാവ്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ളതാണ്‌.അപരസ്ഥാനാർത്ഥിക്ക്‌ വോട്ടുചെയ്ത്‌ അബദ്ധം പിണഞ്ഞവർക്ക്‌ ഇത്തവണ മാറിചിന്തിക്കുവാൻ കഴിയും.അപരനെ മുൻ നിർത്തി തിരഞ്ഞെടുപ്പ്‌ ജയിച്ച അവസ്ഥ ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
സി.കെ പത്മനാഭൻ-സങ്കുചിത രാഷ്ടീയത്തിനപ്പുറം വിശാലമായ കാശ്ചപ്പാടുള്ള വ്യക്തിയാണ്‌ സി.കെ.പി എന്ന് കരുതുന്നു.
ടി.കെ ഹംസ-ഇത്തവണ മലപ്പുറത്ത്‌ ഒരു അട്ടിമറി കൂടെ പ്രതീക്ഷിക്കുന്നു.
റഹ്മത്തുള്ള-വയനാട്‌, ആദ്യമായി വയനാടിനു ഒറ്റക്ക്‌ പാർളമന്റ്മണ്ടലം എന്ന പദവി ലഭിച്ചിരിക്കുന്നു.തീർച്ചയായും ഒരു വയനാട്ടുകാരൻ തന്നെ വേണം പ്രതിനിധിയായി ഡെൽഹിയിൽ ചെല്ലുവാൻ. ആമസോണിനെ കുറിച്ച്‌ വ്യാകുലനാകുന്ന വീരൻ സ്വന്തം നാട്ടിൽ നിൽക്കാഞ്ഞത്‌ ഒരു പക്ഷെ അത്രക്ക്‌ "നല്ലപേരുള്ളതുകൊണ്ടാകും".എന്തേ ആദിവാസികളെയും ആത്മഹത്‌യ ചെയ്യുന്ന ജീവിതം വഴിമുട്ടിയ കർഷകരെയും പ്രതിനിധീകരിക്കുവാൻ തയ്യാറാകാഞ്ഞത്‌?

മുല്ലപ്പിള്ളി രാമചന്ദ്രൻ-വടകര
പി.കരുണാകരൻ-കാസർഗോഡ്‌

ഈ.ടി മുഹമ്മദ്‌ ബഷീറ-രാഷ്ടീയപരമായി ശക്തമായി വിയോജിപ്പുണ്ടെങ്കിലും പൊന്നാനിയിലെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തേണ്ടത്‌ കേരളത്തിന്റെയും ഇന്ത്യയുടേയും ആവശ്യമാണ്‌.അക്കാരണം കൊണ്ട്‌ പ്രത്യേകിച്ചും പ്രൽഭനായ സാമാജികൻ എന്ന നിലയിൽ വ്യക്തിപരമായും ഈ.ടി മുഹമ്മദ്‌ ബഷീറിനു പ്രത്യേകം വിജയാശംസകൾ.


----------------------
മല്യാളം അരിയാം...സീ...ത്രിശ്ശൂരിനെ സേവിക്കാൻ എന്റെ മനസ്സ്‌ വെമ്പുകയാണ്‌ ഷാനീ...കുറ്റികൾക്ക്‌ അരിയില്ല്...ഇമ്മാതിരി ഇറക്കുമതിയൊന്നും തൃശ്ശൂരിനു വേണ്ടേ!!!

പ്രസ്ഥാനത്തിനു തെറ്റുപറ്റുമ്പോൾ

അമരക്കാരൻ അഴിമതിക്കാരനും അധികാര ഭ്രമം ഉള്ളവനും ആണെങ്കിൽ പ്രസ്ഥാനത്തിനു തെറ്റുപറ്റിയേക്കാം. അധികാരത്തിനായും താൽക്കാലിക വിജയങ്ങൾക്കുവേണ്ടിയും തീവ്രവാദികളോടും രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോടുപോലും ഇത്തരം അമരക്കാർ കൂട്ടുകൂടിയേക്കാം. എന്നാൽ ഈ കൂട്ടുകൂടൽ സമൂഹത്തിനു ഒരു ബാധ്യതയാകുന്ന സന്ദർഭങ്ങൾ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വ്യക്തിക്ക്‌ തെറ്റുപറ്റാം പക്ഷെ പ്രസ്ഥാനത്തിനു തെറ്റുപറ്റില്ല എന്ന് പലപ്പോഴും കേൾക്കാറുണ്ട്‌.എന്നാൽ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങൾ വ്യക്തിയിലേക്ക്‌ ചുരുങ്ങുമ്പോൾ അതുവഴി പ്രസ്ഥാനത്തിനും തെറ്റുപറ്റിയേക്കാം.ഇത്തരം സന്ദർഭങ്ങളിൽ ആ തെറ്റു തിരുത്തേണ്ട ബാധ്യത പ്രവർത്തകർക്കാണ്‌. ബഹുജനപ്രസ്ഥാനമാണെങ്കിൽ ജനാധിപത്യസമൂഹത്തിൽ ‌ അതിനെ തിരുത്തുവാനുള്ള ബാധ്യത പൊതുജനത്തിന്റേതുകൂടെയാകുന്നു. ജനങ്ങൾക്കീടയിൽ സ്വാധീനമുണ്ടെന്നതുമാത്രമല്ല ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സ്ഥാനാർത്ഥികൾ ഒരുപക്ഷെ നാളെ രാജ്യം ഭരിക്കാൻ ഇടവന്നേക്കാം.ഇത്തരം സന്ദർഭങ്ങളിൽ പ്രസ്ഥാനത്തിനുണ്ടാകുന്ന പാളിച്ച പൊതുസമൂഹത്തെ കൂടുതൽ ദോഷകരമായി ബാധിക്കും. അതിനാൽ തന്നെ അത്യന്തം ജാഗ്രതയോടെ ഇത്തരം കൂട്ടുകെട്ടുകളെ തിരസ്കരിക്കുവാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

അവിശുദ്ധകൂട്ടുകെട്ടുകളെ തിരസ്കരിക്കുന്നതിന്റെ ഭാഗമായി ഒരുപക്ഷെ ഒന്നോ രണ്ടോ സീറ്റിൽ പ്രസ്ഥാനം പരാജയപ്‌പെട്ടേക്കാം. പ്രസ്ഥാനത്തോടുള്ള അതിയായ കൂറുനീമിത്തം താഴെതട്ടിലുള്ള പ്രവർത്തകരും അനുഭാവികളും പാർട്ടിയുടെ പരാജയം ഒഴിവാക്കുവാൻ മനസ്സില്ലാമനസ്സോടെ അവിശുദ്ധ കൂട്ടുകെട്ടുകളെ പിന്തുണക്കുവാൻ ഇടവന്നേക്കാം. ഒരിടത്തും തന്റെ പ്രസ്ഥാനം തോറ്റുപോകരുതെന്നുള്ള അവന്റെ ആഗ്രഹത്തെ ആണ് എല്ലായ്പോഴൂം ചൂഷണം ചെയ്യുവാൻ ഇത്തരം അവിശുദ്ധകൂട്ടുകെട്ടിന്റെ തൽതൊട്ടപ്പന്മാർ പ്രയോഗിക്കുന്ന തന്ത്രം. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നൂം, തെറ്റു തിരുത്തലിനായുള്ള ചിലപരാജായങ്ങൾ പക്ഷെ നാളെ പ്രസ്ഥാനത്തിനും സമൂഹത്തിനും ഗുണമേ ചെയ്യൂ എന്നവർ തിരിച്ചറിയേണ്ടതുണ്ട്‌.പൊതുസമൂഹത്തിന്റെ നന്മയും സമാധാനവും ആയിരിക്കണം പൗരന്റെ ലക്ഷ്യം.

വർഗ്ഗീയ പ്രസ്ഥാനങ്ങൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ ഉന്നമനത്തിനു പ്രാധാന്യം നൽകിക്കൊണ്ട്‌ അത്‌ അവരുടെ അജണ്ടയായി അംഗീകരിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌.എന്നാൽ ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങൾ നേരെ മറിച്ച്‌ പൊതുസമൂഹത്തെ ഒറ്റക്കെട്ടായി കാണുവാൻ ബാധ്യസ്ഥരാണ്‌. അതുകൊണ്ടുതന്നെ മതേതരപ്രസ്ഥാനങ്ങൾക്ക്‌ വോട്ടിനായി മതമേലധ്യക്ഷന്മാരുടെ അരമനയിൽ കയറിയിറങ്ങുന്നതും വെറുക്കപ്പെടേണ്ടവരുമായി വേദിപങ്കിടുന്നതും ആശാസ്യകരമല്ല.ഇത്തരക്കാരുമായുള്ള കൂട്ടുകെട്ട്‌ സമൂഹത്തിൽ തെറ്റായ സന്ദേശം പകരുന്നതിനു കാരണമാകും.വർഗ്ഗീയത ജനാധിപത്യപ്രസ്ഥാനങ്ങളെ ബാധിച്ച ഒരു അർബുദമാണ്‌.ചികിത്സിച്ചു ബേധമാക്കുവാൻ നിർവ്വാഹമില്ലെങ്കിൽ മുറിച്ചുമാറ്റുകതന്നെയാണ്‌ ഇതിനൊരു പ്രതിവിധിയുള്ളൂ.ഇക്കാര്യത്തിൽ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ല. ന്യൂനപക്ഷവർഗ്ഗീയത അപകടകരമല്ലെന്ന രീതിയിൽ ഉള്ള ധാരണ അറിഞ്ഞോ അറിയാതെയോ ചിലരിലെങ്കിലും വേരോടിയിട്ടുണ്ട്‌.വോട്ടുബാങ്ക്‌ രാഷ്ടീയം ഇതിനുനേരെ പലപ്പോഴും കണ്ണടക്കുന്നു. ഇത് താൽക്കാലിക ലാഭങ്ങൾ ഉണ്ടാക്കുമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ ക്ഷണിച്ചുവരുത്തും എന്നതിൽ സംശയമില്ല.

അവിശുദ്ധകൂട്ടുകെട്ടുകളെയും അതു വരുത്തിവെക്കാവുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ഈ തിരഞ്ഞെടുപ്പ് അവിശുദ്ധകൂട്ടുകെട്ടുകളുടെ ഒരു പരീക്ഷണശാലയാക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്.ഇത്തരക്കാര്ക്ക് കേരളത്തിൽ അത്താണിയില്ലെന്ന് വ്യക്തമാക്കുവാൻ ഓരൊരുത്തരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. പ്രവർത്തകരും അണികളും തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് തെറ്റുപറ്റിയാൽ അതു ചൂണ്ടിക്കാണിക്കുവാനുള്ള ആർജ്ജവം കാണിക്കുക.

Sunday, April 05, 2009

വീണ്ടും ചില നാട്ടിൻപുറ വിശേഷങ്ങൾ...

ഇന്നത്തെ ചിന്താവിഷയം അലപം നിരാശപ്പെടുത്തിയെങ്കിലും പുതിയ ചിത്രവുമായി ഈ വിഷുക്കാലത്ത്‌ സത്യേട്ടൻ എത്തുമ്പോൾ കുടുമ്പപ്രേക്ഷകർ പ്രതീക്ഷയിലാണ്‌.നാടുവിട്ട്‌ നഗരത്തിലേക്ക്‌ ചേക്കേറാൻ എന്തുകൊണ്ടോ മലയാളി ഈ സംവിധായകനെ പ്രോത്സാഹിപ്പിക്കാറില്ല.എന്നാൽ നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായരീതിയിൽ സത്യേട്ടൻ കഥപറഞ്ഞുപോകുമ്പോൾ പ്രേക്ഷകർ അതു ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.അവരിൽ ഒരാളായി ജീവിക്കുന്നതുകൊണ്ടുതന്നെ സത്യേട്ടനെ സംബന്ധിച്ചേടത്തോളം നാട്ടിൻ പുറത്തെ കഥാപാത്രങ്ങളെ തേടി ബഹുദൂരം സഞ്ചരിക്കേണ്ട ആവശ്യം വരുന്നില്ല.രാവിലെ വീട്ടുപടിക്കൽ നിന്നാൽ മതി.കഥാപാത്രങ്ങൾ നേരിട്ട്‌ കുശലം ചോദിച്ചുകൊണ്ട്‌ കടന്നുപോകുന്നത്‌ കാണാം.

ശങ്കരാടിയും,ഇന്നസെന്റും,മാമുക്കോയയും,ഒടുവിലും,ഹനീഫയും എല്ലാം ചേർന്ന സത്യേട്ടന്റെ ടീം സിനിമയിൽ അണിനിരക്കുമ്പോൾ ഒരുനിമിഷം ഇത്‌ യദാർത്ഥത്തിൽ അന്തിക്കാട്ടെ ഒരു കൂട്ടായ്മയല്ലേ എന്ന് പലപ്പോഴും തോന്നാറുണ്ട്‌.പുതുതലമുറ ടി.വി സീരിയലിലേക്കും,ക്രിക്കറ്റിലേക്കും മറ്റും ചേക്കേറിയെങ്കിലും ഇന്നും ചടയന്മുറിയിലും മറ്റും യുവാക്കളുടെ കൂട്ടായ്മ കാണാം. പ്രായമായവരെ രാഘവേട്ടന്റെ കടയിലും,വിവിധ കള്ളുഷാപ്പുകളിലും,അന്തിക്കാട്‌ നടക്കലും,പന്തോടിന്റെ അവിടത്തെ കടയിലും,മഞ്ഞക്കരയിലെ കനാലിന്റെ പാലത്തിന്മേലും,കുട്ടാണ്യേട്ടന്റെ കടയിലും എല്ലാം ഇതുപോലുള്ള സംഘങ്ങളെ,ഇത്തരം ഡയലോഗുകളെ നമുക്ക്‌ കാണുവാനും കേൾക്കുവാനും കഴിയും.

ഉറക്കത്തിൽ പോലും സുസ്മേരവദനനായി ഇരിക്കുന്ന മരോട്ടിക്കൽ രമേശേട്ടൻ മുതൽ മീൻ80യിൽ സദാ സഞ്ചരിക്കുന്ന മോഹനേട്ടനും, നാളികേരം പോലിക്കണ അന്തോണ്യേട്ടനും ചെത്തുകാരൻ ഗോപാലേട്ടനും, പോർട്ടർ ചന്ദ്രേട്ടനും എല്ലാം അവരിൽ ചിലർ മാത്രം. തമാശകളും, ഗൗരവമുള്ള രാഷ്ടീയവും എപ്പോൾ ആരംഭിക്കുന്നു വേന്നോ അവസാനിക്കുന്നു എന്നോ പറയുവാൻ കഴിയില്ല. എന്നാൽ തീവ്രമായ രാഷ്ടീയ ചിന്തയുണ്ടെങ്കിലും രാഷ്ടീയ സംഘർഷങ്ങളോ കൊലപാതകങ്ങളോ ഈ നാട്ടിൽ കടന്നുവരുന്നില്ല.ഇതുതന്നെ ആണീ നാടിന്റെ നന്മയും.

ഒടുവിൽ എന്ന നടന്റെ അസാന്നിധ്യം ആയിരിക്കും ഈ ചിത്രത്തിൽ ഫീൽ ചെയ്യുക.തീർച്ചയായും ഒടുവിൽ കഥാപാത്രങ്ങളെ കാണുമ്പോൾ അന്തിക്കാട്ടെ രാമചന്ദ്രേട്ടനെ ഓർമ്മവരും.ഒടുവിലിനെ പോലെ തന്നെ മനസ്സിൽ തട്ടുന്ന ഒരുപാട്‌ മുഹൂർത്തങ്ങളും, കഥകളും, ഓർമ്മകളും ബാക്കിവെച്ചിട്ടാണ്‌ രാമചന്ദ്രേട്ടൻ യാത്രയായത്‌. നാട്ടിൻ പുറത്തുകാരുടെ ജീവിതത്തെ അതിന്റെ തനിമയോടെ തിരശ്ശീലയിലേക്ക്‌ പകർത്തുവാൻ ഒരു പക്ഷെ സത്യേട്ടനോളം വിരുത്‌ മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല.കമൽ ഒക്കെ എന്നേ ആ പാത ഉപേക്ഷിച്ചമട്ടാണ്‌.വൻ നഗരങ്ങളും വേഗതയേറിയ ജീവിതവും മലയാളിക്ക്‌ അന്യമല്ല എന്നാൽ മനസ്സിന്റെ ഏതോ കോണിൽ ഇന്നും ഗ്രാമീണതയുടെ നന്മയും പച്ചപ്പും ഒളിഞ്ഞുകിടക്കുന്നതുകൊണ്ടുതന്നെ ആകണം മലയാളി ഇന്നും സത്യേട്ടൻ ചിത്രം റിലീസിങ്ങിനായി കാത്തിരിക്കുന്നത്‌. പശ്ചാത്തലം കുട്ടനാട്‌ ആകുമ്പോൾ,മനസ്സിലേക്ക്‌ പച്ചപ്പുള്ള ദൃശ്യങ്ങൾ പകർന്നുനൽകുവാൻ കഴിയുന്ന ക്യാമറാമാനും സത്യേട്ടനൊപ്പം അണിചേറുമ്പോൾ തീർച്ചയായും ആ പ്രതീക്ഷ പതിന്മടങ്ങാവുന്നു.നിരാശപ്പെടുത്താത്ത രംഗങ്ങളും, മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളും ചിരിക്കൊപ്പം ചിന്തയ്ക്കും വകനൽകുന്ന ഹാസ്യവുമായി പുതിയ ചിത്രം തീയേറ്ററിൽ എത്തും എന്ന് പ്രതീക്ഷിക്കാം. ഭാഗ്യദേവത എന്ന പുതിയ ചിത്രത്തിനു എല്ലാവിധ ആശംശകളും...

---------------------------------------
2 ഹരിഹർ നഗർ എന്ന ചിത്രം കാണികളെ ആവേശഭരിതരാക്കുന്നു എന്ന വാർത്ത നാട്ടിൽ നിന്നും കേട്ടതിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.വർഷങ്ങൾക്ക്‌ ശേഷം തോമാസുകുട്ടിയും സംഘവും മലയാളക്കരയിൽ ചിരിയുടെ തൃശ്ശൂർപ്പൂരം തീർക്കുന്നു.

അതുപോലെ എടുത്തുപറയേണ്ട കാര്യം സൂപ്പർതാരചിത്രങ്ങളുടെ ഗതികേടാണ്‌. കുറച്ചുഫാൻസ്‌ ഭ്രാന്തന്മാരുണ്ടെന്ന് കരുതി എന്തെങ്കിലും കാണിച്ചുകൂട്ടി അശ്രദ്ധമായി ചിത്രമെടുത്താൽ അതിനി "താരരാജാവായാലും" ശരി എന്തുണ്ടാകും എന്നതിന്റെ മാതൃകയും നാട്ടിൽ ഇപ്പോൾ തിയേറ്ററിൽ കാണാമത്രേ. ഈ ശ്രേണിയിലെ ചിത്രങ്ങൾ ഫാൻസ്‌ ഭ്രാന്ത്ന്മാർ രംഗം വിടുന്നതോടെ പ്രേക്ഷകരെ കിട്ടാതെ ഒഴിഞ്ഞ കസേരകൾക്ക്‌ മുമ്പിൽ ഓടുന്നു എന്നതും ആഹ്ലാദിപ്പിക്കുന്ന വാർത്തതന്നെ.അത്തരം ചിത്രങ്ങളെ പ്രേക്ഷകർ നിരാകരിക്കുകതന്നെ വേണം.എങ്കിലേ ഇവരെ വച്ച്‌ പടം എടുക്കുന്നവർ ശ്രദ്ധിക്കൂ.....(എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന പടങ്ങൾ ആണ്‌ വീണ്ടും വന്നുകൊണ്ടിരിക്കുന്നത്‌)