Monday, May 17, 2010

ദാസൂട്ടന്റെ ലൈസൻസ്

കാണാന്‍ സുന്ദരനല്ലെങ്കിലും തൊലി കറുത്തിട്ടാണെങ്കിലും ആ കുറവ് മുടിയില്‍ വെളുപ്പിനാല്‍ പരിഹരിക്കപ്പെട്ട ഒരു അഞ്ചടിക്കാരനാണ് ദാസൂട്ടന്‍.
ഒറ്റനോട്ടത്തില്‍ ആളെ കണ്ടല്‍ നമ്മുടെ ഒരു സ്വത്വ ജീവിയുടെ ലുക്കായിരുന്നു ഗള്‍ഫില്‍ വരുന്നതിനു മുമ്പത്തെ ദാസൂട്ടന്‍. സ്കൂള്‍ മതിലിന്റെ അരികില്‍ ചാരിയിരുന്നാല്‍ കവളന്‍ മടല്‍ ഒണക്കാനായി ചാരിവെച്ചതാണെന്നേ ഒറ്റലുക്കില്‍ തോന്നൂ. ശംബളം കുറവായതിനാല്‍
മാന്യമായ പെരുമാറ്റവും മിതമായ മധ്യപാനവും കൊണ്ട് കുടിയന്മാരുടെ കണ്ണിലുണ്ണി. കുടിച്ചാല്‍ തന്നെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിര്‍ക്കുവാന്‍ ബാത്രൂമില്‍ വരെ കിടന്നുറങ്ങുവാന്‍ തക്ക മാന്യന്‍.

വിദേശത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്ന കാശുണ്ടെങ്കില്‍ നാട്ടില്‍ അഞ്ചുസെന്റ് സ്ഥലം വ‍ാങ്ങാം, മാസം പാര്‍ക്കിങ്ങിനു കൊടുക്കുന്ന കാശുണ്ടേല്‍ ദിവസവും ഒരോ ഫുള്ളടിക്കാം എന്ന് പറഞ്ഞിരിക്കുന്ന സഹമുറിയന്‍സിന്റെ ഇടയില്‍ നിന്നും ധൈര്യ സമേതം ലൈസന്‍സെടുക്കാന്‍ ചങ്കൂറ്റം കാണിച്ചവനാണ് ദാസൂട്ടന്‍.
പതിനാലു വട്ടം ടെസ്റ്റ് തോറ്റിട്ടും പിന്നേം അടുത്ത ടെസ്റ്റിനു പണമടച്ച് ധൈര്യഗുളികയും കഴിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനു പോയ റിയാഷിന്റെ പേടിപ്പിക്കുന്ന വര്‍ണ്ണനകള്‍ പാതിയും സത്യമാണെന്ന് ആദ്യ ടെസ്റ്റില്‍ ദാസൂട്ടനു മനസ്സിലായി.
എങ്കിലും സഹകരണബാങ്കില്‍ നിന്നും പണം കടമെടുത്തിട്ടായാലും ഒരു ഡൈവിങ്ങ് ലൈസന്‍സ് ഏടുത്തേ താന്‍ അടങ്ങൂ എന്ന അവന്റെ നിശ്ചയദാര്‍ഡ്യം ഊര്‍ജ്ജം പകര്‍ന്നു.

വയര്‍ മുറുക്കിപ്പിടിച്ച് ഉണ്ടാക്കിയ പണമടച്ച് നാലു മണിക്കൂറിന്റെ കാശുകൊടുത്ത് അരമണിക്കൂര്‍ പ്രാക്ടീസു ചെയ്തു. കുറച്ചു നാളത്തെ കാത്തിരിപ്പിനു ശേഷം ആ സുദിനം വന്നെത്തി. നാട്ടിലെ പ്പോലെ സ്മോളടിച്ച് ധൈര്യംമുറപ്പാക്കുവാന്‍ തൊട്ടടുത്ത കഫറ്റെരിയായില്‍ നിന്നും നാലുപൊറൊട്ടയടിച്ചു. ടെസ്റ്റിനു ഹാജരായി. ഊഴമെത്തിയപ്പോള്‍ ടെസ്റ്റിനായി ഒരുക്കിയ വണ്ടിക്കരികിലേക്ക് അവന്‍ നടന്നു. ഇടഞ്ഞു നില്‍ക്കുന്ന ആനയുടെ അടുത്തേക്ക് പോകുന്ന ഉടമയുടെ മാനസീകാവസ്ഥയായിരുന്നു അപ്പോള്‍ അവനു്.

സകല ദൈവങ്ങളേയും പ്രാര്‍ഥിച്ച് പറഞ്ഞപോലെ വണ്ടീയൊടിച്ചു.
ഉചക്ക്‌ ഒരുമണിക്ക്‌ ഊണുകഴിക്കാതെ വരുമാനസര്‍ട്ടിഫിക്കേറ്റിനായി വില്ലേജാപ്പീസറെ കാത്തുനില്‍ക്കുന്ന അതെ മാനസീകാവ്സ്ഥയില്‍ റിസല്‍റ്റിനായി കാത്തുനിന്നു.

പാസായി എന്ന് ഉദ്യോസഥന്‍ പറന്‍ഞ്ഞതും കോടതി റിമാന്റ്‌ ചെയ്ത വല്യ വല്യ പ്രതികള്‍ തളര്‍ന്നു വീഴുന്നപോലെ ഒരു വീഴ്ച. കിടന്ന കിടപ്പില്‍തന്നെ സംഗതി സത്യമാണോന്ന് അറിയാന്‍ ദാസൂട്ടന്‍ പലതവണ പിച്ചിനോക്കി പക്ഷെ ഫീല്‍ ചെയ്യുന്നില്ല. അവനാകെ പരിഭ്രമിച്ചു.
"ഡോ ടെസ്റ്റ്‌ പാസ്സായതിനു താന്‍ എന്തിനാ എക്സമിനര്‍ടെ കാലില്‍ പിച്ചുന്നേ" താങ്ങിയേല്‍പ്പിക്കാന്‍ വന്ന മലയാളി ചോദിചു.

ഡി.എസ്‌.എഫിന്റെ റാഫിള്‍ അടിച സന്തോഷം ആയിരുന്നു ദാസൂട്ടന്‌.അവന്‍ അത്‌ ഉടനെ നാട്ടിലെ സുഹൃത്തുക്കള്‍ക്ക്‌ വിളിച്ച്‌ അറിയിച്ചു.

പിരിവെടുക്കാനും കള്ളുകുടിക്കാനും തല്ലുകൊള്ളാനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാത്ത പിരിവൂരിലെ ഒരു പ്രമുഖ ടീമിന്റെ രോമാഞ്ചം ആയ ദാസൂട്ടന് ലൈസന്‍സ് കിട്ടിയ വിവരം അവരെ ആവേശഭരിതരാക്കി. ഇന്നവരുടേ കയ്യീന്നില്ല പോലീസിന്റേയായാലും തൊട്ടപ്പുറത്തെ ടീമിന്റെ ആയാലും മാസാമാസം തല്ലു കിട്ടിയാല്‍ മതി എന്നേ കുഞ്ഞാപ്പൂന്റെ കൂട്ടുകാര്‍ക്ക് ആഗ്രഹം ഉള്ളൂ.
പതിവുപോലെ കഴിഞ്ഞ മാസത്തെ അതും വിഷുവിന്റെ സ്പെഷ്യല്‍ കൂടെ ചേര്‍ത്ത് മാസപ്പടിയായുള്ള അടിയും വാങ്ങി അങ്ങനെ തല്ലും കൊണ്ട് ഇരിക്കുന്ന സമയത്താണ് ഗള്‍ഫീന്ന് ഫോണ്‍.

“ടാ എനിക്ക് ലൈസന്‍സ് കിട്ടീ..നമ്മുടെ പിള്ളാരോടൊക്കെ പറഞ്ഞോ. അതേ കമ്മറ്റീന്ന് കാശെടുത്ത് ചിലവു ചെയ്തോ ഞാന്‍ അടുത്ത മാസം അയച്ചുതരാം”
ഇത് കേള്‍ക്കണ്ട താമസം ക്ലബ്ബിന്റെ മുമ്പില്‍ “അവൈലബിള്‍“ ആളുകൂടി. കൂടിയവരില്‍ പലര്‍ക്കും ബാലന്‍സ് പോയതിനാല്‍ സ്കൂളിന്റെ ചുമരില്‍ ചാരിയിരുന്നായി ചര്‍ച്ച.
“ദാസൂട്ടന് ലൈസന്‍സ് കിട്ടിയത് നമുക്കൊരു സംഭവം ആക്കണം നാലാള്‍ അറിയട്ടെ നമ്മുടെ ചെക്കന് ലൈസന്‍സ് കിട്ടിയകാര്യം.“ പിരിവിനു പേറ്റെന്റ് എടുത്ത പിരിവൂരുകാരെ എങ്ങിനെ പിരിക്കണം എന്ന് പഠിപ്പിക്കേണ്ടകാര്യം ഇല്‍ല്ല്ലോ... ഉള്ള സമയം കൊണ്ട് അവര്‍ പിരിവെടുത്തു.
ഇന്നുതന്നെ ഫ്ലക്സ് അടിക്കണം .
അതിനു ഫോട്ടോ വേണ്ടെ. അത്യാവശ്യത്തിനു നോക്കുമ്പോള്‍ ഒരു ഫോട്ടോ കിട്ടില്ല.
പിരിവിന്റെ വിഹിതം സിരകളില്‍ ഒഴുകിയപ്പോള്‍ കാര്യങ്ങള്‍ ശരവേഗത്തില്‍ ആയി.
എട്ടടിയുടെ ഫ്ല്ക്സ ക്ലബ്ബിനു മുമ്പില്‍ ഉയ്ന്നു. ഉഗ്രന്‍ ഫ്ലക്സ്.
‘കഴിഞ്ഞ തവണ ചീട്ടുകളി മത്സരത്തിനു വച്ച ഫ്ലക്സിനെക്കാള്‍ ഉയരം കുറഞ്ഞു” എന്തെങ്കിലും കുറ്റം പറയണമല്ലോ എന്ന് കരുതി മാത്രം റിയഷ് പറഞ്ഞു.
വഴീപൊണവര്‍ ഫ്ലക്സിനു ചുറ്റും കൂടി. ഓട്ടോര്‍ഷയില്‍ പോകുന്നവര്‍ പോലും വണ്ടി നിര്‍ത്തി ഫ്ലക്സ് നൊക്കി. അതുകണ്ട് ക്ലബ്ബിലെ മെംബെഴ്സ് ഹാപ്പിയായി. കാലിയാകുന്ന കുപ്പികള്‍ അവരുടെ സന്തൊഷത്തിനു സാക്ഷ്യം വഹിച്ചു.
“ഡൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയ ക്ലബ്ബിന്റെ പൊന്നോമന ദാസൂട്ടന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ഫ്ലക്സില്‍ നോക്കി അവര്‍ അഭിമാനം കൊണ്ടു.
എന്തായ്‍ാലും അഞ്ചാംക്ലാസ്സിലെ പിള്ളാരും റ്റീച്ചര്‍മാരും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഗ്രൂപ്പ് ഫോട്ടൊയില്‍ മുന്‍ നിരയില്‍ ഇടത്തേ അറ്റത്ത് കുട്ടിനിക്കര്‍ ഇട്ട് നില്‍ക്കുന്ന ദാ‍സൂട്ടന്റെ തലയ്ക്ക് ചുറ്റും ഒരു ചുവന്ന വട്ടത്തില്‍ അടയാളപ്പെടുത്തിയതു കോണ്ട് ആളെ പേട്ടെന്ന് തിരിച്ചറിയാന്‍ പറ്റി....

Sunday, May 16, 2010

കലാപങ്ങൾക്ക് കൊട്ടേഷൻ

ഇക്കഴിഞ്ഞ ദിവസം തെഹൽക്ക എന്ന മാധ്യമം തങ്ങളുടെ “സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ” പുറത്തുകൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. പണം നൽകിയാൽ വർഗ്ഗീയ കലാപങ്ങൾ നടത്തിക്കൊടുക്കാം എന്നും കലാപങ്ങൾ നടത്തുവാൻ അറുപത് ലക്ഷം രൂപ നൽകിയാൽ മതി എന്നുമാണ് ശ്രീരാമസേനാ തലവൻ പാറയുന്നത് ഇവർ വീഡിയോയിൽ രഹസ്യമായി പകർത്തി പുറത്തുകൊണ്ടുവന്നു എന്നത് അത്യന്തം ഗൌരവം ഉള്ള കാര്യമാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച് അത്യന്തം ഗൌരവം ഉള്ള ഒരു വിഷയം എന്ന നിലക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് സർക്കാർ ഉടനെ നടപടിയെടുക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. മുൻപ് പബ്ബുകളിൽ സ്തീകൾ പോകുന്നതിനെതിരെ പബ്ബുകളിൽ കയറി സ്തീകൾ അടക്കം ഉള്ളവരെ ആക്രമിച്ചും, വാലന്റൈൻസ് ഡേയ്ക്കെതിരെ കമിതാക്കളെ ആക്രമിച്ചും ഇക്കൂട്ടർ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.

ചേറിയ ഒരു തീപ്പൊരി വീണാൽ പോലും വളരെ വേഗം പ്രളയാഗ്നിയായി മാറുന്ന ഒന്നാണ് വർഗ്ഗീയ കലാപങ്ങൾ. കലാപങ്ങൾ സൃഷ്ടിക്കുന്ന മുറിവുണക്കുവാൻ കാലം ഒരുപാടു വേണ്ടി വരും. കലാപങ്ങളിൽ പലപ്പോഴും നിരവധി ജീവിതങ്ങൾ നഷ്ടപ്പെടാറുണ്ട്, കൂടാതെ അനേകരെ അത് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ പണം നൽകിയാൽ വർഗ്ഗീയകലാപങ്ങൾ സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് വെളിവാക്കപ്പെട്ട സ്ഥിതിക്ക് അവർക്കെതിരെ ദേശസുരക്ഷയുടെ പേരിൽ ശക്തമായ നടപടിയെടുക്കുവാൻ ഇനിയും അമാന്തിച്ചുകൂട . തീർച്ചയായും ഇത് ഭീകരപ്രവർത്തനം ആണെന്ന് കരുതാതിരിക്കുവാൻ നിർവ്വാഹമില്ല.കർണ്ണാടക സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുവാൻ അമാന്തിച്ചുകൂട. പ്രത്യേകിച്ച് മംഗലാപുരത്തും (അവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് ) ബാഗ്ലൂരിലും ശ്രീരാമസേനയ്ക്ക് ആളുകൾ ഉണ്ട് എന്ന പശ്ചാത്തലത്തിൽ.

ആദർശ പുരുഷനായി കരുതപ്പെടുന്ന ശ്രീരാമന്റെ പേരിൽ ഉള്ള ഒരു സംഘം വർഗ്ഗീയകലാപങ്ങൾക്ക് കൊട്ടേഷൻ എടുക്കും എന്ന് പറയുമ്പോൾ അത് യദാർഥത്തിൽ ശ്രീരാമൻ എന്ന ഹൈന്ദവ “ദൈവത്തെ” (പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതരമായി പറയുന്നു) ഇക്കൂട്ടർ അപമാനിക്കുകയാണ്. ഹുസൈൻ ഹിന്ദു ദൈവങ്ങളെ വരകളിലൂടെ അപമാനിച്ചു എന്ന് കരുതുന്ന ഹൈന്ദവ സമൂഹം ഇക്കൂട്ടർ ശ്രീരാ‍മനാമത്തെ അതിലേറെ മോശമാക്കിയിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുകാരണവശാലും മതത്തിന്റെ പേരിൽ അഴിഞ്ഞാടുവാൻ കൊട്ടേഷൻ സംഘങ്ങളെ അനുവദിച്ചുകൂട.വർഗ്ഗീയത അത് ന്യൂനപ്ക്ഷമായാലും ഭൂരിപക്ഷമായാലും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ അല്ല ഒരു വശം തന്നെ ആണ്.

പ്രമോദ് മുത്തലീക്കിനെ പോലെ ഉള്ളവരെ തള്ളിപ്പറയുവാൻ ഉള്ള ആർജ്ജവം പ്രസ്തുത മത വിശ്വാസികൾ കാണിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനും സമൂഹത്തിനും എതിരായി പ്രവർത്തിക്കുന്നവരെ മതവിശ്വാസത്തിന്റെ പേരിൽ പിന്തുണയ്ക്കുകയെന്നത് ഒരു നിലക്കും ഭൂഷണമല്ല. പ്രതിയെ പിടിക്കുമ്പോൾ മതത്തിനെതിരായ ഭരണകൂടഭീകരതയെന്ന് ചിത്രീകരിക്കുവാൻ ആളുകൾ മുതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം കള്ളനാണയങ്ങളെ പൂറത്തുകൊണ്ടുവരേണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെഹൽക്ക നടത്തിയ ഈ വെളിപ്പെടുത്തലിനെ തീർച്ചയായും അഭിനന്ദിക്കുന്നു.

മതവിശ്വാസത്തെ വോട്ടുബാങ്കാക്കി മാറ്റി അതിൽ ലാഭം കൊയ്യുന്നവർ ഉണ്ട്. വിശ്വാസത്തിന്റെ മറവിൽ തങ്ങളെ ചൂഷണം ചെയ്യുകയാണ് ഇവരെന്ന് ഇനിയും തിരിച്ചറിയാതിരുന്നുകൂട.വർഗ്ഗീയവാദികളുടെ സംഘങ്ങൾ നടത്തുന്ന പല ദേശദ്രോഹ പ്രവർത്തന്നങ്ങൾക്കെതിരെയും ഒരു പക്ഷെ നടപടിയെടുക്കുവാൻ രാഷ്ടീയക്കാർ മടിച്ചെന്നിരിക്കും, കാരണം അവരെ സംബന്ധിച്ചേടത്തോളം ഭാവിയിലെ തിരഞ്ഞേറ്റുപ്പുകൾക്ക് ഇക്കൂട്ടർ ഒരു മുതൽക്കൂട്ടാണ്. പലപ്പോഴും പ്രീണനത്തിന്റെ പ്രതിഫലമായി ഭീകരവാദം വളരുന്ന ഒരു നാടാണ് നമ്മുടേത്. അതു കൊണ്ടുതന്നെ മതത്തെ മറയ്ക്കിക്കൊണ്ട് നടത്തുന്ന ഇത്തരം ദുഷ് പ്രവണതകളെ മുളയിലേ ഒതുക്കേണ്ടതുണ്ട്. പുറത്തുവന്ന വസ്തുതകളുടെ വെളിച്ചത്തിൽ സർക്കാർ എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണുക തന്നെ.