Friday, August 28, 2009

ഇന്നു നാലാം വാർഷികം.

പ്രണയവും പരിഭവവും പിണക്കങ്ങളും ഇണക്കങ്ങളുമായി ഞങ്ങളുടെ വിവാഹജീവിതത്തിനു ഇന്നു നാലുവർഷം തികയുന്നു...

എസ്‌.കുമാർ&വിനി എസ്‌.കുമാർ

Friday, August 14, 2009

സ്വാതന്ത്രദിനാശംസകൾ

സ്വാതന്ത്രത്തിന്റെ മറ്റൊരു പൊൻ പുലരികൂടെ നമ്മളെ തേടിവന്നിരിക്കുന്നു.രാജ്യമെങ്ങും ആഹ്ലാദത്തോടെ ഈ ദിനം കൊണ്ടാടുന്നു.ഭീകരന്മാരുടേയും H1N1ന്റേയും ഭീഷണികൾ ഉണ്ടെങ്കിലും രാജ്യസ്നേഹികൾക്ക്‌ അതൊന്നും ഒരു തടസ്സമാകുന്നില്ല.അറുപതു പതിറ്റാണ്ടുകൾക്ക്‌ പുറകിൽ ഒരു ആഗസ്റ്റ്‌ 15 ന്റെ പൊൻ പുലരി പിറന്നത്‌ ചരിത്രത്തിലെ അനശ്വരമുഹൂർത്തത്തിന്റെ വിളംഭരവുമായിട്ടായിരുന്നു.ഇരുൾമൂടിയ അസ്വാതന്ത്രത്തിന്റെ ദിനങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഇന്ത്യയെന്ന സ്വതന്ത്രരാജ്യത്തിന്റെ പിറവി.ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കിരാതഭരണത്തിനു വിരാമമിട്ടുകൊണ്ട്‌, കൊടും പീഠനങ്ങൾ ഏറ്റുവാങ്ങി ചരിത്രത്തിൽ ഇനിയും പേരു രേഖപ്പെടുത്തത്തിയതും രേഖപ്പെടുത്താത്തതുമായ അനേക ജന്മങ്ങളുടെ ത്യാഗത്തിന്റെ കൂടെ ഫലമായി ലഭിച്ച സ്വാതന്ത്രം. ആ മഹദ്‌ വ്യക്തികളെ നന്ദിയോടെ സ്മരിച്ചുകൊണ്ടും ആണവക്കാരാറിന്റേയും ആയുധക്കരാറിന്റേയും അതുപോലെയുള്ള നിരവധി കരാറുകളുടെയും പേരിൽ അമേരിക്കക്കും മറ്റു സാമ്രാജ്യത്വ ശക്തികൾക്കും ഒരു ജനതയെ വിധേയപ്പെടുത്തുന്ന ഭരണകൂടത്തെ നിശ്ശബ്ദരായി പേറുന്ന ജനതയ്ക്കുവേണ്ടി മാപ്പപേക്ഷിച്ചുകൊണ്ടും ഞാൻ ഈ സ്വാതന്ത്രദിനം ആഘോഷിക്കുന്നു.

ലോക രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയജനാധിപത്യരാജ്യമായി നാം നിൽക്കുമ്പോൾ അത്‌ നമുക്ക്‌ അഭിമാനകരമായ ഒരു നേട്ടം തന്നെ ആണ്‌.എന്നാൽ വോട്ടുബാങ്ക്‌ രാഷ്ടീയം നമ്മുടെ ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌.രാഷ്ടീയ-മത കൂട്ടുകെട്ടുകൾ ജനങ്ങളെ വർഗ്ഗെയമായി വേർത്തിരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നു.ഇത്‌ ആത്യന്തികമായി രാജ്യത്തിന്റെ കെട്ടുറപ്പിനെ ആണ്‌ ഭാധിക്കുക. വർഗ്ഗീയതയുടേയും അങ്കുചിതമായ പ്രാദേശികവാദത്തിന്റേയും ദുർഗ്ഗന്ധം വമിക്കുന്ന ചതുപ്പുകളിലേക്ക്‌ വലിച്ചിഴക്കാതെ സ്വാതന്ത്രത്തിന്റെ മഹത്വം മനസ്സിലാക്കുവാൻ പുതിയ തലമുറയെ സഹായിക്കുകയും അതിനെ സംരക്ഷിക്കുവാൻ സന്നദ്ധരാക്കുകയും ചെയ്യുകയാണ്‌ സാമുദായിക രാഷ്ടീയ പ്രവർത്തകർ ചെയ്യേണ്ടത്‌.സകലതിനേയും വർഗ്ഗീയമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ചിന്തകൾ നമ്മുടെ സമൂഹത്തിൽ വേരൂന്നതിന്റെ ഭവിഷ്യത്തുക്കൾ നാം അനുഭവിക്കുവാൻ ഇരിക്കുന്നതേ ഉള്ളൂ.വർഗ്ഗ/ലിംഗ/ജാതി വ്യത്യാസമില്ലാതെ അടിമത്ത്വത്തിന്റെ ഇരുണ്ടനാളുകളിൽ ഒരു ജനതാക്കകെ ആവേശംപകർന്ന വന്ദേമാതരവും ജനഗണമനയും പോലും ഇന്ന് അപൂർവ്വമായി മത്രം ചൊല്ലപ്പെടുന്നു.ജാതിമത ബേധമന്യേ ജനങ്ങൾ ഒന്നിച്ചു ചൊല്ലിയ ദേശഭക്തിഗാനങ്ങൾ പോലും വർഗ്ഗീയമായ നിറം കലർത്തുവാൻ തുനിയുന്നു ചില രാജ്യദ്രോഹികൾ.ഒന്നിച്ചുനിൽക്കേണ്ട യുവതലമുറ വേറെ വേറെ ചേറിയിൽ നിന്നുകൊണ്ട്‌ സ്വാതന്ത്രദിനപരേഡുകൾ സംഘടിപ്പിക്കുന്നു.

ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാൻ ഇന്നുപലവിധ ശിഥിലതകളിലൂടേയുംകടന്നുപോകുമ്പോൾ ഇന്ത്യ അനുദിനം മുന്നേറുന്നു എന്നത്‌ നമുക്ക്‌ ആഹ്ലാദം പകരുന്ന കാര്യമാണ്‌.ശാസ്ത്രസാങ്കേതിക വിദ്യകളിൽ രാജ്യം ബഹുദൂരം മുന്നേറി.ആഗോളസാമ്പത്തീക മാന്ത്യത്തെ വികസിത രാജ്യങ്ങളേക്കാൾ കാര്യക്ഷമമായി മറികടക്കുവാൻ നമുക്കായി. എങ്കിലും ചില ഗുരുതരമായ പോരായ്മകൾ ഇല്ലെന്ന് പറയാതെ വയ്യ.ദാരിദ്രവും തൊഴിലില്ല്ലായ്മയും ഇനിയും തുടച്ചുനീക്കുവാൻ നമുക്കായിട്ടില്ല.രാജ്യത്തിന്റെ പലഭാഗങ്ങളിലും സാക്ഷരത കടന്നെത്തിയിട്ടില്ല.

ഏതുരാജ്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്‌ ഭീകരത. ഇന്ത്യ ആകെ വിറങ്ങലിച്ചുനിന്ന ദിനങ്ങൾ.ഇന്ത്യയും അതു നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന മുബൈ ഭീകരാക്രമണ ദിനങ്ങൾ നാം ഇനിയും മറന്നിട്ടില്ല.രാജ്യം ആകെ വിറങ്ങലിച്ചുനിന്ന നിമിഷങ്ങൾ. ധീരന്മാരായ ഇന്ത്യൻ പട്ടാളക്കാരും പോലീസുകാരും അടങ്ങുന്ന സംഘം വരെ നേരിട്ടു പരാജയപ്പെടുത്തി.ആ ആക്രമണത്തിൽ നമുക്ക്‌ നഷ്ടപ്പെട്ടത്‌ സന്ദേപ്‌ ഉണ്ണികൃഷ്ണനേയും,കർക്കറേയും,വിജയ്‌ സലസ്കറിനേയും,പോലുള്ള മിടുക്കന്മാരെ.കാശ്മീരിലെ അതിർത്തികടന്നു വരുന്ന ഭീകരന്മാർക്കൊപ്പം കേരളത്തിൽ നിന്നും ഉള്ള ഭീകരന്മാരും ചേർന്നു എന്ന വാർത്തകൾ ഏറെ വേദനാജനകം ആണ്‌.ഭീകരന്മാരെ ആക്രമണത്തിനിടയിലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ആക്രമണപദ്ധതികൾ നടത്തുവാനുള്ള ശ്രമങ്ങൾക്കിടയിലോ പിടിക്കുകയോ ഏറ്റുമുട്ടലിൽ കൊല്ലുകയോ ചെയ്താൽ ഉടൻ വരും "ഭീകരന്റെ മനുഷ്യാവകാശത്തെ കുറിച്ച്‌ സംസാരിക്കുന്നവർ".ഭീകരത അത്‌ ഏതു വിഭാഗത്തിൽ പെടുന്നവർ നടത്തുന്നതായാലും പൊതുസമൂഹത്തിനും രാജ്യത്തിനും എതിരാണ്‌ എന്നതിനപ്പുറം ഒരു രാജ്യസ്നേഹിക്കും ചിന്തിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. ഭീകരർ നടത്തുന്നത്‌ നമ്മുടെ രാജ്യത്തോടുള്ള യുദ്ധമാണ്‌.പുറത്തുനിന്നും ഉള്ള ശത്രുക്കളേക്കൽ ഭയക്കേണ്ടത്‌ അവർക്ക്‌ ഒത്താശചെയ്യുന്ന അകത്തുള്ളവരെ ആണ്‌.അത്തരക്കാരെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും ചെയ്യുക എന്നത്‌ ജാതിമത ബേധമന്യേ ഒറോ ഇന്ത്യക്കാരന്റേയും കടമയാണ്‌.

ഇനിയുള്ള തലമുറക്കും സ്വാതന്ത്രത്തിന്റെ പൊൻ പുലരികൾ കണ്ടുണരുവാൻ കഴിയണമെങ്കിൽ മറഞ്ഞുപോയ തലമുറകൾ നമ്മോടുകാണിച്ച ആത്മാർത്ഥത നാമും പിൻ തുടരേണ്ടിയിരിക്കുന്നു. അതിനുള്ള പരിശരമവും കഴിവും ആർജ്ജവവും നമുക്ക്‌ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്‌. എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
വന്ദേമാതരം.

Monday, August 03, 2009

പുത്രദു:ഖവും രണ്ടു വൃദ്ധന്മാരും.

കയ്യബദ്ധം കൊണ്ടാണെങ്കിലും തങ്ങളുടെ പുത്രനെ വധിച്ച ദശരഥമഹാരാജാവിനെ നീയും പുത്രദുഖത്താൽ മരിക്കാൻ ഇടവരട്ടെ എന്ന് ശപിച്ച്‌ സ്വന്തം പുത്രന്റെ ചിതയിൽ ചാടി മൃത്യുവിനെ വരിച്ച വൃദ്ധ ദമ്പതിമാരെകുറിച്ച്‌ രാമായണത്തിൽ പരാമർശിക്കുന്നുണ്ട്‌.അവരുടെ ശാപവാക്കുകളുടെ ഫലം കൊണ്ടെന്നപോലെ ഒടുവിൽ ദശരഥൻ പുത്രദുഖത്താൽ മരിക്കുകയും ചെയ്യുന്നു.
വയോ വൃദ്ധനായ മറ്റൊരു അചഛൻ തന്റെ മകനു എന്തുസംഭവിച്ചു, അവന്റെ മൃതദേഹം എവിടെ നശിപ്പിച്ചു എന്ന് അന്വേഷിച്ചും അവന്റെ ഘാതകർക്ക്‌ ശിക്ഷലഭിക്കണം എന്ന് ആവശ്യപ്പെട്ടും ഏതണ്ട്‌ മുപ്പതുപതിറ്റാണ്ടോളം കോടതികയറിയും,അധികാര സ്ഥാനങ്ങളിൽ അപേക്ഷസമർപ്പിച്ചും വലിയ മനസ്ഥാപത്തോടെ കടന്നുപോയത്‌ കേരളീയ സമൂഹം മറക്കാൻ ഇടയില്ല.അടിയന്തരാവസ്ഥയുടെ കറുത്ത മുഖം ഓർമ്മിപ്പിക്കുവാൻ ഒരു രാജനും അദ്ദേഹത്തിന്റെ പിതാവ്‌ ഈച്ചരവാര്യരും പഴയ ആഭ്യന്തരമന്ത്രി കെ.കരുണാകരനും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും.ഈച്ചരവാര്യരെന്ന വയോവൃദ്ധൻ വ്രണിതഹൃദയനായി നമ്മുടെ സമൂഹത്തിൽ നീതിക്കായി അലയുമ്പോൾ അധികാരസ്ഥാനങ്ങൾ ഒരിക്കലും അദ്ദേഹം അർഹിക്കുന്ന ദയവുകാണിച്ചിരുന്നില്ല.
ഒരു പക്ഷെ ആ നിസ്സഹായനായ വൃദ്ധമനസ്സിന്റെ ശാപ0 ആയിരിക്കാം ഇന്ന് ഒരുകാലത്ത്‌ യാഗാശ്വത്തെപ്പോലെ കേരളരാഷ്ടീയത്തിലും ഒരുവേള ദേശീയ രാഷ്ടീയത്തിലും വിരാജിച്ച കിംഗ്‌ മേക്കർ കരുണാകരൻ ഇന്നു വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾക്കിടയിലും പുത്രദുഖവും പേറി ദില്ലിയിലെ അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുന്നു.ഇവിടെ ഒരു വ്യത്യാസം ഈച്ചരവര്യർ സ്വന്തം മകന്റെ ജീവൻ നഷ്ടപ്പെട്ടതിന്റെ ദുഖവുമായിട്ടാണ്‌ ജീവിതസായാഹനത്തിൽ അധികാരസ്ഥനങ്ങളിൽ അപേക്ഷയുമായി കയറിയിറങ്ങിയതെങ്കിൽ കരുണാകരൻ കയറിയിറങ്ങുന്നത്‌ രാഷ്ടീയത്തിൽ മകന്റെ നിലനിൽപിനായി കോൺഗ്രസ്സിലേക്ക്‌ തിരിച്ചുകൊണ്ടുവരുവാൻ വേണ്ടിയാണ്‌. താൻ വളർത്തിവലുതാക്കിയവരോ തന്റെ മുന്നിൽ ഓച്ചാനിച്ചുനിന്നവരോ ആയവരുടെ പോലും ദയാദാക്ഷിണ്യത്തിനായി കാത്തുനിൽക്കേണ്ട അവസ്ഥയിലേക്ക്‌ അദ്ദേഹം എത്തിനിൽക്കുന്നു.
വലിയ ഒരു അനുചരവൃന്ദം എന്നും കരുണാകരനു ചുറ്റും ഉണ്ടായിരുന്നു. പാർട്ടിയിലെ വിലപേശലുകൾക്ക്‌ ഇതുതന്നെ ആയിരുന്നു കരുണാകരനു പ്രധാന പിന്തുണയും.ആശ്രിതവൽസലനായി അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൂടെനിന്ന പലരേയും പാർട്ടിയിൽ വളത്തിവലുതാക്കി. പാർട്ടിയിലേക്ക്‌ അദ്ദേഹത്തിന്റെ മക്കളുടെ കടന്നുവരവോടെയും അവർ നിർണ്ണായക സ്ഥാനങ്ങൾ ലക്ഷ്യം വെക്കുവാൻ തുടങ്ങിയതോടെയും പലരും അദ്ദേഹത്തിൽ നിന്നും അകന്നുപോയ്ക്കൊണ്ടിരുന്നു.പലതവണ എം.പിയായും ഒരുവേള കെ.പി.സി.സി പ്രസിഡണ്ട്‌ സ്ഥാനം വരെ എത്തിയ കെ.മുരളീധരൻ പിതാവിനൊപ്പം സജീവമായ ഗ്രൂപ്പ്‌ കളികളിൽ വ്യാപൃതനായി.എ.കെ ആന്റണിയെന്ന മുഖമന്ത്രിയെ അഛനും മകനും ചേർന്ന് നിരന്തരം ശല്യപ്പെടുത്തി.പലപ്പോഴും കേരളഭരണത്തിന്റെ താളം നഷ്ടപ്പെടുത്തുവൻ വരെ പോന്നതായി ഈ ഗ്രൂപ്പ്‌ കളി.മോശമില്ലാത്ത ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച്‌ അധികാരത്തിലെത്തിച്ച സർക്കാർ ഇത്തരത്തിൽ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായിതങ്ങൾക്ക്‌ ഒരുബാധ്യതയാകുന്ന കാഴ്ചകണ്ട്‌ ജനങ്ങളും വളരെയധികം അസംതൃപ്തരായിരുന്നു.പിന്നീടുവന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെ മധുരപ്രതികാരമെന്നോണം അവർ എൽ.ഡി.എഫ്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയും ചെയ്തു.
ആദർശത്തിന്റേയും,പ്രത്യയശാസ്ത്രപരമായ ഭിന്നതകളുടേയും പേരിൽ ആണ്‌ സാധാരണഗതിയിൽ ഇടതുപക്ഷ പ്രസ്ഥനങ്ങളിൽ പുറത്താക്കലും പിളർപ്പും സംഭവിക്കുന്നത്‌ എങ്കിൽകോൺഗ്രസ്സിനെ സംബന്ധിച്ചേടത്തോളം അത്‌ അധികാരപ്പിണക്കങ്ങളുടെ ഭാഗമായിട്ടാണ്‌ അധികപക്ഷവും സംഭവിക്കാറുള്ളത്‌.വർഷങ്ങൾക്ക്‌ മുൻപെ മുരളിയുടെ പുറത്തുപോകലിനു കാരണവും മറ്റൊന്നായിരുന്നില്ല യു.ഡി.എഫ്‌ ഭരണകാലത്ത്‌ അധികാരമോഹം കൊണ്ട്‌ രാഷ്ടീയ സദാചാരത്തിന്റെ സീമകൾ ലംഘിച്ച്‌ എന്തു നിലപാടുസ്വീകരിക്കുവാനും മുരളീധരൻ മുതിർന്നു.കരുണാകരന്റേയും മകന്റേയും സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങുവാൻ കേന്ദ്രനേത്രൃത്വം തയ്യാറാകതെ വന്നു. അതിന്റെ ഭാഗമായി അദ്ദേഹം കുറച്ച്‌ അണികളേയും കൊണ്ട്‌ കോൺഗ്രസ്സ്‌ വിട്ട്‌ ഡി.ഐ.സി രൂപീകരിക്കുകയും കോൺഗ്രസ്സിന്റെ സംസ്ഥാന ദേശീയ നേതൃത്വത്തിനെതിരായി കടുത്ത വാക്കുകൾ തന്നെ പ്രയോഗിച്ചു കൊണ്ട്‌ മുന്നേറി.എന്നാൽ പ്രതീക്ഷിച്ച വിജയം ഒന്നും പുതിയ രാഷ്ടീയ ഭൂമികയിൽ അദ്ദേഹത്തിനു നേടാനായില്ല. ഇതിനിടയിൽ കെ.കരുണാകരൻ കോൺഗ്രസ്സിലേക്ക്‌ തിരിച്ചുകയറി.
അവസരങ്ങളുടെ കലയെന്ന് പറയപ്പെടുന്ന രാഷ്ടീയത്തെ അവസരവാദത്തിന്റെ കലയെന്നും പറയാം എന്ന് തെളിയിച്ചുകൊണ്ട്‌ വിവിധ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഇടതു-വലതുമുന്നണികളുമായി മാറിമാറി പിന്തുണക്കയോ സഖ്യത്തിൽ ഏർപ്പെടുകയോ ചെയതുകൊണ്ടിരുന്നു.ഡി.ഐ.സിയെ ഇടതുപക്ഷമുന്നണിയിൽ എടുക്കില്ലെന്ന് പറഞ്ഞപ്പോൽ ആ മുന്നണിയിൽ പങ്കാളിയായ എൻ.സി.പിയിൽ ലയിച്ചുകൊണ്ട്‌ പിൻവാതിൽ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും മുരളിയെ സ്വീകരിക്കുവാൻ ഇടതുമുന്നണി തയ്യാറായില്ലെന്ന് മാത്രമല്ല എൻ.സി.പി മുന്നണിക്ക്‌ പുറത്താകുകയും ചെയ്തു.പാർളമന്റ്‌ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ഉണ്ടായ കടുത്തപരാജയം ഇനിയും തന്റെ രാഷ്ടീയ ഭാവിക്ക്‌ പഴയലാവണം തന്നെയാണ്‌ നല്ലതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ദേശീയതലത്തിൽ കോൺഗ്രസ്സിനുണ്ടായ വലിയ വിജയവും,കേരളത്തിൽ ഇടതുമുന്നണി ഭരണത്തിനോടുള്ള ജനങ്ങളുടെ അസ്ംതൃപ്തിയും,മുരളിയുണ്ടായിരുന്ന കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൽ ഒരു പരിധിവരെ ഒതുങ്ങിയ ഗ്രൂപ്പുവഴക്കും എല്ലാം ചേർന്ന് കോൺഗ്രസ്സിനു അടുത്ത തിരഞ്ഞെടുപ്പിൽ വലിയ വിജയസാധ്യതയാണ്‌ ഉള്ളത്‌.ഇതുമനസ്സിലാക്കി കോൺഗ്രസ്സിൽ തിരിച്ചെത്തി സ്ഥാനമാനങ്ങൾ കൈക്കലാക്കുവാൻ പിതാവും പുത്രനും അപേക്ഷകളും പ്രസ്ഥാവനകളും ആയി വിവിധ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുന്നു.

മുൻപ്‌ വഴക്കിട്ട്‌ ഒരിക്കലും തിരികെ വരില്ലെന്ന് പറഞ്ഞ്‌ ഇറങ്ങിപ്പോയ ആൾ തിരികെ ആ വീട്ടിലേക്ക്‌ ചെല്ലുമ്പോൾ തങ്ങൾക്ക്‌ താൽപര്യമില്ലെന്നും ഇങ്ങോട്ട്‌ വരേണ്ട എന്നും പറഞ്ഞ്‌ വീട്ടുകാർ വാതിൽകൊട്ടിയടച്ചാൽ പിന്നെയും അവിടേക്ക്‌ കയറിച്ചെല്ലുവാൻ അലപമെങ്കിലും മാനാഭിമാനം ഉള്ള സാധാരണക്കാർ മുതിരില്ല.എന്നാൽ ഇവിടെ തങ്ങൾക്ക്‌ മുരളിയെ സ്വീകരിക്കുവാൻ താൽപര്യമില്ലെന്ന് മര്യാദാപൂർവ്വവും,പരിഹാസത്തിന്റെ മേമ്പോടിയോടുകൂടിയുമെല്ലാം കോൺഗ്രസ്സിന്റെ കേരള-കേന്ദ്ര നേതാക്കന്മാർ പലതവണ വ്യക്തമാക്കിയിട്ടും മുരളീധരൻ മുട്ടുഞ്ഞ്യായങ്ങൾ നിരത്തി നിരന്തരം വാതിൽ മുട്ടിക്കൊണ്ടിരിക്കുന്നു.അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമയി ഇപ്പോൾ പറഞ്ഞതിനെ എപ്പോൾ വേണമെങ്കിലും മാറ്റിപ്പറയുന്ന വ്യവസ്ഥയില്ലാത്ത നേതാവിന്റെ തലത്തിലേക്ക്‌ എത്തിനിൽക്കുന്ന കെ.മുരളീധരനെ രാഷ്ടീയമായ സദചാരമോ വ്യവസ്ഥയോ നോക്കാതെ ഒരു പക്ഷെ കോൺഗ്രസ്സ്‌ തിരിച്ചെടുത്തേക്കാം.പൊതുവേദികളിൽ കോൺഗ്രസ്സ്‌ നേതൃത്വത്തിനെതിരായി അദ്ദേഹം ചർദ്ദിച്ഛ കടുത്ത വാക്കുകൾ വിഴുങ്ങുവാൻ ഒപ്പം കൂടിയേക്കാം.മുൻപ്‌ വഹിച്ചിരുന്നതിലും ഉന്നതസ്ഥാനങ്ങളിൽ ഉപവിഷ്ടനാക്കിയേക്കാം.എന്നാലും ജനം പഴയ്തുമുഴുവൻ മറക്കുവാൻ തയ്യാറാകും എന്ന് കരുതുവാൻ കഴിയില്ല.അടുത്ത തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം കണാതിരിക്കില്ല.കാരണം ലാവ്‌ലിൻ വിഷയവും,മദനിയുമായുള്ള കൂട്ടുകെട്ടും ഇടതുപക്ഷത്തിനു സമ്മാനിച്ച വലിയപരാജയം അടക്കം ഉള്ള സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നത്‌ അതാണ്‌.