Tuesday, March 10, 2009

അന്തിക്കാട്ടെ മഴ-1

മഴക്കെന്നും പ്രണയത്തിന്റെ ഭാവമാണ്‌.പ്രണയത്തിന്റെ ആർദ്രതയും ഭ്രാന്തമായ അഭിനിവേശവും എല്ലാം മഴയ്ക്കു പ്രകടിപ്പിക്കുവാൻ ആകും.മഴക്കാലത്ത്‌ പ്രകൃതിയുടെ ഭാവം മാറുന്നത്‌ വളരെ പെട്ടെന്നാണ്‌.വിശാലമായ പാടത്തെ വേർതിരിക്കുന്ന വരമ്പുകൾ കാണക്കാണെ അപ്രത്യക്ഷമാകുന്നതും അവിടെ വെള്ളം നിറയുന്നതും എല്ലാം പെട്ടെന്നാണ്‌...

പുള്ളിനും മഞ്ഞക്കരക്കും ഇടയിൽ വിശാലമായ അന്തിക്കാടൻ കോൾപ്പാടത്തെ വെള്ളം വിഴുങ്ങിയ ഒരു മഴക്കാലം.രാവിലെ മുതൽ നിർത്താതെ പെയ്ത മഴയൊന്നു തോർന്നപ്പോൾ മോഹനേട്ടന്റെ വലിയ വഞ്ചിയിൽ കയറി കോളിലേക്ക്‌ പുറപ്പെട്ടു.ഇളം കാറ്റിൽ ഓളം തല്ലുന്ന വെള്ളം ചുറ്റിനും. വഞ്ചിയുടെ തലക്കലേക്ക്‌ തലയും വച്ച്‌ വർഷകാല മേഘങ്ങൾ സൃഷ്ടിച്ച വിചിത്രമായ രൂപങ്ങളാൽ നിറഞ്ഞ ആകാശം നോക്കി പ്രണയിനിയെയും ഓർത്തു കിടന്നു.

ഇടക്കെപ്പോഴോ ഓളപ്പരപ്പിലെ ആ വലിയ വഞ്ചിയിൽ ഞാനും അവളും പരസ്പരം കണ്ണിൽ നോക്കി ഇരിക്കുന്നു.പ്രണയത്തിന്റെ ശക്തമായ ഭാഷ മൗനം ആണെന്ന് പറഞ്ഞത്‌ ആരാണെന്ന് അറിയില്ല.പ്രണയിക്കുന്നവരുടെ കണ്ണുകൾ പരസ്പരം പറയുന്ന നിശ്ശബ്ദമായ കഥകൾ ഒരു പക്ഷെ ഇതുവരെ ഈ പ്രപഞ്ചത്തിൽ എഴുതപ്പെട്ടതും പറയപ്പെട്ടതുമായ പ്രണയകഥകളേക്കാൾ എത്രയോ മടങ്ങ്‌ മനോഹരം ആയിരിക്കും?

"നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട്‌ കിടക്കാണോടാ" അങ്ങേ തലക്കൽ നിന്നുകൊണ്ട്‌ ഊന്നിയ കഴുക്കോൽ വലിച്ചെടുക്കുന്നതിനിടയിൽ മോഹനേട്ടൻ ചോദിച്ചു.സ്പനം ഇടക്ക്‌ മുറിഞ്ഞു...അവൾ എന്നെ തനിച്ചാക്കി അന്തരീക്ഷത്തിൽ എവിടേയോ മറഞ്ഞു.

"അതേ മോഹനേട്ടോ.... ഇങ്ങനെ സ്വപ്നം കണ്ട്‌ കിടക്കാൻ ഒരു സുഖം"

"നീ അധികം സ്വപ്നം കാണാണ്ടെ ആ പെൺകുട്ടിയെ കെട്ടാൻ നോക്കെട..എന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ടോണേ?" മോഹനേട്ടൻ കഴുക്കോൽ ഒന്നുകൂടേ ആഞ്ഞു കുത്തി.വെള്ളപ്പരപ്പിനുമുകളിലൂടെ പൊങ്ങിനിൽക്കുന്ന പുല്ലിനേയും,അങ്ങിങ്ങായുള്ള ചണ്ടിയേയും വകഞ്ഞുമാറ്റി വഞ്ചി വീണ്ടും മുന്നോട്ട്‌ പോകുമ്പോൾ പുല്ലിനിടയിൽ ഒളിഞ്ഞിരിക്കുന്ന പച്ചത്തവളകൾ മറ്റൊരിടത്തേക്ക്‌ ചാടുന്നു.....

"ഇതു ഒരു സുഖം ഉള്ള കാര്യാമാ എന്റെ മോഹനേട്ടോ...ജീവിതകാലം മുഴുവൻ പ്രണയിക്കുക എന്നത്‌.അതുപറഞ്ഞാൽ മോഹനേട്ടനു അറിയില്ല"വെള്ളത്തിൽ തലയുയർത്തിനിൽക്കുന്ന് പുൽനാമ്പുകളെ വെറുതെ പിഴുതെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"വേണ്ട്രാമോനെ...അലൂക്കാനേ സ്വർണ്ണക്കച്ചോടം പഠിപ്പണ്ട്രാ ..."സ്വതസിദ്ധമായ തൃശ്ശൂർ ശൈലിയിൽ മോഹനേട്ടന്റെ മറുപടി.കറുത്തു തടിച്ച്‌ കപ്പടാമീശയും വച്ച്‌ നടക്കുന്ന ഈ കുറിയമനുഷ്യൻ നിരവധി നാടൻ പ്രണയകഥകളിലെ നായകനാണെന്ന് ഉപറഞ്ഞാൽ ഒരുപക്ഷെ ആളെ നേരിൽ അറിയാത്തവർ ആരും വിശ്വസിക്കില്ല.

വഞ്ചി കുറച്ചുദൂരം കൂടെ ചെന്നപ്പോൾ മോഹനേട്ടൻ കഴുക്കോൽ ചെളിയിൽ താഴ്ത്തി.എന്നിട്ട്‌ വഞ്ചി അതിൽ കെട്ടി നിർത്തി.ഞാൻ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം.ഇടക്കിടെ ചില തുരുത്തുകൾ.അതിൽ തെങ്ങുകൾ ഇടതിങ്ങി നിൽക്കുന്നു.വർഷക്കാലത്ത്‌ ഈ തുരുത്തിൽ വന്നു താമസിച്ചാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌.അത്രക്ക്‌ മനോഹമാണവ.

"നീ ആലോചിച്ചോണ്ടിരുന്നോ...ഞാൻ ചേറെടുക്കാൻ നോക്കട്ടേ..." അതും പറഞ്ഞ്‌ കക്ഷി വലിയ ഒരു മുളവടിയുടെ അറ്റത്തുള്ള കോരി വെള്ളത്തിലിട്ടു കഴുക്കോലിൽ പിടിച്ച്‌ ഊർന്നിറങ്ങി, അൽപം കഴിഞ്ഞപ്പോൾ കോരിയിൽ നിറയെ ചെളിയുമായി മോഹനേട്ടൻ പൊന്തിവന്നു.അതു വഞ്ചിയിലേക്ക്‌ ഇട്ടു.ചുറ്റിനും ചേറിന്റെ മണം...

ചേറിന്റെ ഇടയിൽ കുടുങ്ങിയ ഒരു കൊഞ്ചൻ, അതു വഞ്ചിയിൽ കിടന്ന് ചാടിക്കൊണ്ടിരുന്നു.മോഹനേട്ടൻ അതിനെ തിരികെ വെള്ളത്തിലേക്ക്‌ ഇട്ടുകൊണ്ട്‌ പറഞ്ഞു.

"ഇ പ്രാവശ്യം നല്ല മീൻ ഉണ്ടെന്നാ തോന്നുന്നേ..."

വഞ്ചിയുടെ വശങ്ങളിൽ ഓളങ്ങൾ നിരന്തരം തട്ടിക്കൊട്ടിരുന്നു.പരലും,കുറുമ്മാടും എല്ലാം വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്‌ നിഴൽ പോലെ കാണാം. ഞാൻ വഞ്ചിയുടെ തലക്കൽ ഇരുന്നു ചുറ്റും നോക്കി.വടക്കു കാഞ്ഞാണിയിലേയും കിഴക്ക്‌ പുള്ളിലേയും ബണ്ടിലൂടെ വാഹനങ്ങൾ പോകുന്നത്‌ കാണാം. വിശാലമായ ഓളപ്പരപ്പിൽ നിശ്ശബ്ദതയെ ഭംഗംവരുത്തുവാൻ കുഞ്ഞോളങ്ങളും, കാറ്റും പിന്നെ വല്ലപ്പോഴും പറന്നുപോകുന്ന കിളികളും മാത്രം.ഇങ്ങനെ ഉള്ള അന്തരീക്ഷത്തിൽ കഴുച്ചുകൂട്ടുക, മനസ്സിനു വല്ലാത്ത ഒരു സന്തോഷം പകരുന്ന അവാച്യമായ ഒരു അനുഭൂതിയാണത്‌.

പതിവുപോലെ കയ്യിൽ കരുത്തിയ നോട്ടുപുസ്തകത്തിൽ ഞാൻ എന്തൊക്കെയോ കുറിച്ചുകൊണ്ടിരുന്നു.വിശാലമായ കോളിൽ വഞ്ചിയിൽ ഇരുന്നു എഴുതുക എന്നത്‌ ഒരു രസമാണ്‌. വർഷങ്ങൾക്കു മുമ്പേ കിട്ടിയ ഒരു ശീലം. മോഹനേട്ടൻ പലതവണ കഴുക്കോലിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക്‌ ഊർന്നു പോയും പൊന്തിവന്നും തന്റെ ജോലിയിൽ വ്യാപൃതനായി.അതിനനുസരിച്ച്‌ വഞ്ചിയിലെ ചേറിന്റെ അളവ്‌ കൂടിക്കൊണ്ടിരുന്നു.

ചേറുകോരിയിടുമ്പോൾ ഇടക്കിടെ വഞ്ചി ഉലയും. നമ്മൾ കരുതും വഞ്ചി ഇപ്പോൾ മുങ്ങും എന്ന് പക്ഷെ അങ്ങിനെ സംഭവിക്കാതിരിക്കുവാൻ അതിനു സ്വന്തമായി ഒരു ബാലൻസ്‌ ഉണ്ടെന്ന്പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌. വഞ്ചിയിൽ ചേറു നിറഞ്ഞിരിക്കുന്നു. മോഹനേട്ടൻ പണിനിർത്തി. വഞ്ചിയുടേ പടിയിൽ ഇരുന്നു വലിയ ചോറ്റുപാത്രത്തിൽ നിന്നും കട്ടൻ ചായ ഗ്ലാസ്സിലേക്ക്‌ പകർന്നു. ചൂടുള്ള ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ പറഞ്ഞു.

"അടുത്ത മഴക്കുള്ള കോളുണ്ട്‌...ഇമ്മൾക്ക്‌ തിരിച്ചുപോയാലോ?"

"ഹേയ്‌ മഴവരട്ടെ....ഇവിടത്തെ കാറ്റിലും മഴയിലും പ്രണയം ഉണ്ട്‌ മോഹനേട്ടാ...ആ മരുഭൂയിൽ ഇതൊന്നും ഇല്ല"പുസ്തകം മടക്കി പ്ലാസ്റ്റിക്ക്‌ കവറി ഇടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"മരുഭൂയിൽ പോണത്‌ പ്രേമിക്കാനല്ല കാശുണ്ടാക്കാനാ.....ദാ ഈ തൊപ്പി തലയിൽ വച്ചോ എന്നിട്ട്‌ പനി വരാണ്ടെ നോക്കിക്കോ"

"വല്ലപ്പോഴും മഴകൊണ്ട്‌ ഒരു പനിവരുന്നതും പൊട്യേരിക്കഞ്ഞികുടിക്കണതും ആശുപത്രീൽ പോണതും ഒക്കെ ഒരു രസമല്ലേ?"

"പിന്നെ... പനിപിടിച്ച്‌ അന്തിക്കാടാശുപത്രീൽ കിടന്നാൽ അവൾ ഓറഞ്ചുമായി വരും എന്ന് കരുതീട്ടാവും,നീ ആളുകൊള്ളാടാ മോനെ"

മോഹനേട്ടന്റെ കളിയാക്കലിനു മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ മുകളീലേക്ക്‌ നോക്കി. ആകാശത്തെ മഴക്കാരുകൾ കനം വെക്കുവാൻ തുടങ്ങി. അധികം വൈകാതെ മഴത്തുള്ളികൾ വീഴും. അകലെ നിന്നും കേടുകൊണ്ടിരുന്ന മഴയുടെ ആരവം അടുത്തുവരുന്നു.മഴത്തുള്ളികൾ മുഖത്തു പതിച്ചു. ചുറ്റും ഉള്ള വെള്ളത്തിൽ മഴനൂലിൽ കൊരുത്തെടുത്ത മുത്തുമണികൾ മഴതുള്ളികൾ വീണു ചെറിയ വലയങ്ങൾ സൃഷ്ടിച്ചു. അവയുടെ എണ്ണം കാണക്കാണെ കൂടുവാൻ തുടങ്ങി.

വഞ്ചിയുടെ അങ്ങേ തലക്കൽ തലയിൽ ഒരു പ്ലാസ്റ്റിക്ക്‌ തൊപ്പിയുമായി നിന്ന് കഴുക്കോൽ ശക്തമായി ഊന്നുന്ന മോഹനേട്ടന്റെ രൂപം മെല്ലെ മെല്ലെ അവ്യക്തമാകുവാൻ തുടങ്ങി...മഴയുടെ പ്രണയഗീതത്തിൽ ഞാൻ സ്വയം അലിയുന്നതായി എനിക്ക്‌ തോന്നി.........

വാൽമൊഴി: യാദാർത്ഥ്യത്തിനു ഫാന്റസിക്കും ഇടയിലൂടെ അക്ഷരങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കുറിപ്പുകളുടേ സൗന്ദര്യം ഇതൊന്നും എസ്‌.എം.എസ്സിനും,ഈ മെയിലിനും പകരുവാൻ കഴിയില്ല എന്ന സത്യം ഇക്കാലത്ത്‌ എത്രപേർ തിരിച്ചറിയുന്നു? ഇന്നും ദുബായിലെ തിരക്കുകൾക്കും ടെൻഷനും ഇടയിലും പ്രണയത്തിന്റെ മഞ്ഞും,മഴയും മനസ്സിലേക്ക്‌ കടന്നുവരുമ്പോൾ പലപ്പോഴും അക്ഷരങ്ങൾ എനിക്കും അവൾക്കും മാത്രമായി പ്രണയത്തിന്റെ വസന്തം തീർക്കുന്നു.




വരഷക്കാലത്ത്‌ കോളിൽ വെള്ളം നിറയുമ്പോൾ മുൻ കൂട്ടി കരുത്തിയ കള്ളും കായൽ മീൻ വറുത്തതും സുഭിക്ഷമായി കഴിച്ച്‌ കണ്ടവരെ കുറ്റം പറഞ്ഞും കളിയാക്കിയും പാട്ടുപാടിയും മോഹനേട്ടന്റെ വഞ്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര. അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്‌ ബ്ലോഗ്ഗേഴ്സേ!!

Tuesday, March 03, 2009

തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു..

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്‌,ആയിരക്കണക്കിനു വരുന്ന ആനപ്രേമികളുടെ പ്രാർത്ഥനകൾക്ക്‌ ഫലം കണ്ടു. ഒരു ഇടവേളക്ക്‌ ശേഷം ഇന്ന് തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ആയിരംകണ്ണി‍ൂത്സവത്തിൽ പങ്കെടുക്കുന്നു. ആവേശഭരിതരായ ആഹ്ലാദാരവങ്ങളിൽ മുങ്ങിയ ആരാധകരെ ആണത്രെ രാവിലെ ആനകളുടെ ഉയരം അളക്കുന്നസമയത്ത്‌ കാണുവാൻ കഴിഞ്ഞത്‌.
ഉത്സവപ്പറമ്പുകളിൽ നിറസാന്നിദ്ധ്യമാകുവാൻ, ഉത്സവപ്രേമികളുടെ ആരവങ്ങളിൽ തലയെടുപ്പോടെ നിലകൊള്ളുവാൻ. കേരളക്കരയിലെ ഗജരാജന്മാരിൽ തലയെടുപ്പിന്റെ അവസാനവാക്കായ തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു...

തെച്ചേക്കോട്ടുകാവില്ലാതെ നമുക്കെന്ത്‌ ആഘോഷം?

Monday, March 02, 2009

ആയിരം കണ്ണി ;മണപ്പുറത്തിന്റെ മഹോത്സവം.

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌.ഈ വർഷം അത്‌ മാർച്ച്‌ നാലിനാണ്‌.ചേറ്റുവമുതൽ വാടാനപ്പള്ളിവരെയുള്ള പ്രദേശത്തെ ആളുകൾ ജാതിമത ഭേധമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത്‌ ഒരു ഒത്തുചേരലിന്റെ മുഹൂർത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം,വിദേശടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു.

നാഷ്ണൽ ഹൈവേയിൽ ആശാൻറോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്ന ഭഗവതീക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌.ഉച്ചയോടെ ദേവീക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തിൽ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരംകണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ തിരിചെത്തുന്നു.ഈ സമയത്തിന്റെ നാടിന്റെ നാനാദിക്കുകളിൽ നിന്നും കാവടി,ശിങ്കാരിമേളം,നാദസ്വരം,തെയ്യം,ദേവനൃത്തം,മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങൾ വരികയായി.ദേവിയുടെ തിടമ്പേറ്റിയ കൊമ്പൻ ഇവരെ എതിരേറ്റ്‌ ക്ഷേത്രനടയിൽ വരിവരിയായി നിർത്തുന്നു. പങ്കെടുക്കുന്ന ആനകളുടെ പേരുകൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണിവിടത്തെ പൂരം.മുൻ കാലങ്ങളിൽ നാപത്തഞ്ചോളം ആനകൾ ഇവിടെ പങ്കെടുക്കാറുണ്ട്‌.ഇപ്പോൾ അതു മുപ്പത്തിമൂന്നായി ചുരുക്കി.വഴിപാടു പൂരങ്ങൾ രാവിലെ മാത്രമാക്കി. ഉത്സ്വപ്രേമികൾക്ക്‌ ഹരം പകരുന്ന ഒരു മൽസരപ്പൂരം കൂടെ ആണിവിടത്തേത്‌.ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാലനാരായണൻ ആയിരുന്നു.അക്കാലത്ത്‌ ഗുരുവായൂർ പത്മനാഭനും,ഗണപതിയുടേയും ഇതിൽ പങ്കെടുക്കാറുണ്ട്‌.

തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂരപ്രേമികളിൽ നിരാശപടർത്തിയിട്ടുണ്ട്‌.ഉത്സവദിവസം രാവിലെ ക്ഷേത്രനടയിൽ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയരക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യൻ ആകും തിടമ്പേറ്റുക.വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും,മന്ദലാംകുന്ന് അയ്യപ്പനും തുടർന്ന് ബാസ്റ്റ്യൻ വിനയശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടുവരുന്ന പുത്തംകുളം അനന്തപ്ത്മനാഭൻ കാണികളുടെ ശ്രദ്ദ്ധയാകർഷിക്കുവാൻ ഇടയുണ്ട്‌.നിലവിന്റെ കാര്യത്തിൽ കാണികൾക്ക്‌ ആവേശം പകരുവാൻ യുവതാരങ്ങളായ ചെർപ്പ്ലശ്ശേരി പാർത്ഥാനും,ചുള്ളിപ്പറമ്പിൽ വിഷ്ണുവും ഉണ്ടാകും.കൂടാതെ ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ,ചെറക്കൽ കാളിദാസൻ തുടങ്ങി പേരെടുത്ത ഗജവീരന്മാർ വേറെയും ഉണ്ടാകും.

ഷൂട്ടേഴ്സ്‌ ക്ലബ്ബും,ടി.എ.സി ക്ലബ്ബും, അംബിളിക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശിൽപങ്ങളും ഏറ്റുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടുനീളെ ഫ്ലക്സുകളും,തോരണങ്ങളും,ആനപ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പ്രവാസികൾ മനസ്സുകൊണ്ട്‌ ആ ഉത്സവാരവങ്ങളിൽ പങ്കാളികൾ ആകുന്നു.

ഇന്ന് മാർച്ച്‌-3 പൊക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം.പതിനേഴ്‌ ഗജവീരന്മാർ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു.