Sunday, February 28, 2010

ആവിഷ്കാരസ്വാതന്ത്രത്തിന്റെ അതിരുകൾ.

ആകാശത്തിനു അതിരുകൾ ഇല്ലായിരിക്കാം എന്നാൽ രാജ്യത്തിനും,സമൂഹത്തിനും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.ഈ അതിരുകൾ ചിലപ്പോൽ മുന്നറിയിപ്പുകളായും,പരിമിതികളായും അനുഭവപ്പെട്ടേക്കാം എന്നാൽ ചിലപ്പോൾ അത്‌ സ്വാതന്ത്രത്തിന്റെ അറ്റവുമായി സ്വയം നിർണ്ണയിക്കപ്പെടുന്നു. ഒരാളുടെ സ്വാതന്ത്രം അപരന്റെ മൂക്കിൻ തുമ്പിനോളം എന്ന് ഒരു പഴമൊഴിയുണ്ട്‌,അതുപോലെ അവനവനാത്മസുഖത്തിനായി ചെയ്യുന്നത്‌ അപരനു ബുദ്ധിമുട്ടാകരുതെന്നും പറയാറുണ്ട്‌ ഇതെല്ലാം സൂചിപ്പിക്കുന്നതെന്തെന്ന് വളരെ വ്യക്തം. പൊതുവിൽ കലക്കും കലാകാരന്മാർക്കും ജനാധിപത്യ/ആധുനീക സമൂഹം ചില സ്വാതന്ത്രങ്ങൾ ഒക്കെ അനുവദിച്ചുനൽകാറുണ്ട്‌. അവരോട്‌ പൊതുവിൽ ആദരവോടെയാണ്‌ ആളുകൾ പെരുമാറുന്നതും. ഇടക്ക്‌ ചിലകലാകാരന്മർ വിമർശനങ്ങൾക്കും വിധേയരാകാറുണ്ട്‌. പലപ്പോഴും അത്‌ അവരുടെ സൃഷ്ടിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും.

മതത്തിനു നിർണ്ണായകസ്വാധീനം ഉള്ള സമൂഹത്തിൽ മതവിശ്വാത്തെയും അതുമായി ബന്ധപ്പെട്ട ആരാധനാമൂർത്തികളേയും വ്യക്തികളേയും കളങ്കപ്പെടുത്തുന്ന കാർട്ടൂൺ/ചിത്രം/സാഹിത്യം/സിനിമ തുടങ്ങിയവ പലപ്പോഴും എതിർപ്പുകൾ സൃഷ്ടിക്കാറുണ്ട്‌.വിശ്വാസങ്ങൾ വൃണപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തിന്റെ കാര്യത്തിൽ ഹിന്ദുവേന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ കമ്യൂണിസ്റ്റുകാരനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകാറുപതിവില്ല. ചിലപ്പോൾ അത്‌ മതങ്ങളുടെ പേരിൽ ഉള്ള സംഘടനകളിൽ നിന്നാകാം അല്ലെങ്കിൽ വിശ്വാസിസമൂഹത്തിൽ നിന്നും മൊത്തമായിട്ടാകാം അപൂർവ്വമായി ഒറ്റപ്പെട്ട പ്രതിഷേധങ്ങളൂം ഉണ്ടാകാം.ഒരു ഡാനിഷ്‌ കാർട്ടൂണിസ്റ്റ്‌,സൽമാൻ റുഷ്ദി,തസ്ലീമ നസ്ര്രീൻ, സക്കറിയ തുടങ്ങി പലരേയും പലകാലങ്ങളിലായി ഇത്തരം പ്രതിഷേധങ്ങൾ നേരിട്ടവരിൽ ചിലരാണ്‌. അക്കൂട്ടത്തിൽ എം.എഫ്‌ ഹുസൈനും കടാന്നുവരുന്നു.വിശ്വാസികൾ മാത്രമല്ല കമ്യൂണിസ്റ്റുകാരനും തങ്ങളുടെ വികാരം മുറിപ്പെട്ടാൽ പ്രതികരിക്കും എന്ന് സക്കറിയ സംഭവം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ പണ്ഠാർപ്പൂരിൽ 1915-ൽ ജനിച്ച്‌ കടുത്ത ജീവിതപരീക്ഷണങ്ങളെ അതിജീവിച്ച്‌ പിൽക്കാലത്ത്‌ ലോകപ്രശസ്ഥനായ എം.എഫ്‌ ഹുസൈൻ എന്ന ഇന്ത്യൻ ചിത്രകാരൻ സ്വന്തം നാട്ടിലേക്ക്‌ കടക്കുവാൻ ആകാതെ വാർദ്ധക്യത്തിൽ അന്യരജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ടിവരുന്നു എന്ന വാർത്ത അത്യന്തം ദുഃഖകരമാണ്‌.എന്നാൽ എന്തുകൊണ്ട്‌ ഇന്ത്യൻ പിക്കാസോ എന്ന് വിദേശമാഗസിൻ വിശേഷിപ്പിച്ച പത്മശ്രീയും,പത്മഭൂഷണും,പത്മവിഭൂഷണും ലഭിച്ച ഈ ചിത്രകാരനു ഇപ്രകാരം ഒരു അവസ്ഥയുണ്ടായീ എന്നത്‌ പരിശോധിക്കുന്നത്‌ ഈ അവസരത്തിൽ നന്നായിരിക്കും എന്ന് തോന്നുന്നു.

ഇന്ത്യൻ പൗരൻ എന്ന നിലക്കും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും അദ്ദേഹത്തിനു സ്വന്തം രാജ്യത്ത്‌ താമസിക്കുവാനും കലാപ്രവർത്തനം നടത്തുവാനും തീർച്ചയായും അവകാശമുണ്ട്‌. തസ്ലീമ ൻസ്ര്രീനെ പോലുള്ളവർക്ക്‌ അഭയം നൽകിയ ഇന്ത്യയിൽ ഒരു കലാകാരൻ എതിർപ്പുനേരിടേണ്ടിവന്ന് നാടുവിടേണ്ട അവസ്ഥയുണ്ടായി എന്നും ഇന്നിപ്പോൾ ഖത്തർ പൗരത്വം നൽകി അദ്ദേഹത്തിന്‌ എന്നുമെല്ലാം ഉള്ള വാർത്തകൾ വരുന്ന സാഹചര്യത്തിൽ അദ്ദേഹം എന്തുകൊണ്ട്‌ തന്റെ രാജ്യത്ത്‌ എതിർപ്പ്‌ നേരിടേണ്ടി വന്നു എന്നതും എപ്രകാരം ഉള്ള ചിത്രങ്ങളാണ്‌ എതിർപ്പിനു പാത്രീഭവിച്ചതെന്നും വേണ്ടത്ര ചർച്ചചെയ്യാതെ കേവലം ഉപരിപ്ലവമായ കലാകാരന്റെ സ്വാതന്ത്രവും സംഘപരിവാറിന്റെ എതിർപ്പും എന്ന രീതിയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു.

അദ്ദേഹം വരച്ച ചില ചിത്രങ്ങൾ അതും ഹിന്ദു വിശ്വാസികൾ ദൈവങ്ങളായി ആരാധിക്കുന്ന സരസ്വതി,ശ്രീരാമൻ, തുടങ്ങിയവരെ മുതൽ ഭാരതാമ്പയെ വരെ പലരെയും അസ്ലീലം/ആഭാസകരമായി ചിത്രീകരിച്ചതിനും അതിനു ചില അടിക്കുറിപ്പുകൾ നൽകിയതിനുമാണ്‌ പ്രതിഷേധങ്ങളും കോടതിനടപടികളും നേരിടേണ്ടിവന്നത്‌. കാമശാസ്ത്രം രചിക്കപ്പെട്ട്യൂന്ന് കരുതുന്ന നാട്ടിൽ ഖജുരാഹോയിലും മറ്റും നിരവധി നഗ്ന ശിൽപങ്ങൾ "ദേവീ ദേവന്മാരുടേതടാക്കം" ഉള്ള നാട്ടിൽ നഗ്ന ചിത്രങ്ങൾ വരക്കാൻ കലാകാരനു സ്വാതന്ത്രമില്ലേ എന്ന് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്‌. എന്നാൽ ആ ചിത്രങ്ങളും മേൽപ്പറഞ്ഞ ശിൽപങ്ങൾ/ചുവർച്ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം ബോധ്യമാകും. എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ ബോധ്യമാകും.

സംഘപരിവാർ ഉയർത്തുന്ന കടുംപിടുത്ത നിലപാടിനോട്‌ വിയോജിക്കുമ്പോൾ തന്നെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരുകലാകാരൻ ഇപ്രകാരം ഒരു വിഭാഗത്തിന്റെ വ്‌ഇശ്വാസത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചതിൽ ഔചിത്യം ഒട്ടും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.മാത്രമല്ല അദ്ദേഹം തന്റെ മതത്തിന്റെ വിശ്വാസങ്ങൾക്ക്‌ ഹാനിയുണ്ടാകുന്ന ഒരു ചിത്രവും വരയ്ക്കുകയുണ്ടായിട്ടില്ല എന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്‌.

ലോകത്തെവിടെ ആയാലും കലാകാരന്മാർ ആക്രമിക്കപ്പെടുന്നത്‌ എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്‌. അതോടൊപ്പം കലാകാരൻ ആയി എന്നതിന്റെ പേരിൽ അന്യരുടെ വിശ്വാസങ്ങളേയും മാനിക്കില്ല എന്നുള്ള അഹങ്കാരമോ/അമിതസ്വാതന്ത്രമോ എടുക്കുന്നതും ഉചിതമല്ല.ഹുസൈനെ സംബന്ധിച്ചേടത്തോളം അദ്ദേഹം വരച്ച ചിത്രങ്ങൾ ആരുടെ എങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ബോധ്യമായാൽ അതു പിൻവലിക്കാമായിരുന്നു.സംഘപരിവാറിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ ഒരു പാടുപേർ ആരാധിക്കുന്ന "ദൈവബിംബങ്ങളെ" തന്റെ കലാസപര്യയ്ക്കിടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വിശ്വാസികൾക്ക്‌ വേദനയുളവാക്കും വിധം ചിത്രീകരിച്ചു എന്നത്‌ മനസ്സിലാക്കി ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട്‌ അദ്ദേഹത്തിനു താൽപര്യം ഉണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുവാനും ശിഷ്ടകാലം തന്റെ കലാപ്രവർത്തനങ്ങളിൽ മുഴുകുവാനും ഉള്ള സാഹചര്യം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം

Saturday, February 20, 2010

പൊക്കുളങ്ങര & ആയിരംകണ്ണി ഉത്സവം.

ആനയും ഉത്സവവും ലഹരിയായി സിരകളിൽ നുരയുന്ന നാളൂകളാണ്‌ ജനുവരി മുതൽ-മെയ്‌ വരെ ഉള്ള മാസങ്ങൾ.ഉത്സവപ്പറമ്പുകളിലെ പുരുഷാരത്തിൽ സ്വയം മറന്ന് തെച്ചിക്കോട്ടുകാവിനു ഇരുപുറവും പരസ്പരം തലയുയർത്തി മൽസരിക്കുന്നു പാർത്ഥന്റേയും,കർണ്ണന്റേയും വിഷ്ണുശങ്കറിന്റേയും കുതിപ്പുകൾ കണ്ട്‌. ശിങ്കാരിമേളത്തിന്റെ ലഹരിയിൽ സ്വയം മറന്ന്, പഞ്ചവാദ്യത്തിന്റേയും,ചെണ്ടമേളത്തിന്റേയും നാദവിസ്മയത്തിൽ അലിഞ്ഞങ്ങിനെ നിൽക്കുന്ന നിമിഷങ്ങൾ.പൊക്കുളങ്ങരയിലേയും,ആയിരംകണ്ണിയിലേയും വാടാനപ്പള്ളിയിലേയൂം,പെരിങ്ങോട്ടുകരയിലേയും,പുത്തൻ പള്ളിക്കാവിലേയും,ഉത്രാളിക്കാവിലേയും അങ്ങിനെ അങ്ങിനെ എത്രയോ ഉത്സവപ്പറമ്പുകൾ ഓർമ്മയിലേക്ക്‌ കടന്നുവരുന്നു.


ഉത്സവപ്രേമികൾക്ക്‌ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദമേകിക്കൊണ്ട്‌ വീണ്ടും പൊക്കുളങ്ങര-ആയിരംകണ്ണി ഉത്സവം എത്തിയിരിക്കുന്നു. സഹോദരിമാരായ ദേവിമാർ ആണ്‌ പൊക്കുളങ്ങരയിലും ആയിരംകണ്ണിയിലും എന്നാണ്‌ വിശ്വസം. ഫെബ്രുവരി 21 ഞായറാഴ്ചയും 22 തിങ്കളാഴ്ചയും ആയിട്ടാണ്‌ ഉത്സവം. രണ്ടിടത്തും തിടമ്പേറ്റുന്നത്‌ അഴകിലും തലയെടുപ്പിലും ഒന്നാമനായ ആനക്കേരളത്തിന്റെ അഭിമാനം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌. ഇവനെ കൂടാതെ മന്ദലാംകുന്ന് കർണ്ണൻ,പുത്തംകുളം അനന്ദപത്മനാഭൻ,ഗുരുവായൂർ വലിയകേശവൻ,പട്ടത്ത്‌ ശ്രീകൃഷ്ണൻ, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, ചെർപ്ലശ്ശേരി പാർത്ഥൻ,ചിറക്കൽ കാളിദാസൻ തുടങ്ങി മറ്റു പ്രമുഖ ആനകളും ഉണ്ടാകും. പൊക്കുളങ്ങര ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്‌ തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിൽ പോയി തിരിച്ചുവരിക എന്നത്‌.അവിടെ അൽപസമയം പഞ്ചവാദ്യം ഉണ്ടാകും. പരമശിവന്റെ നടയിൽ വച്ച്‌ യുവതാരൺങ്ങളായ വിഷ്ണുവും പാർത്ഥനും നടത്തുന്ന "തലപിടുത്തം" കാണികളെ ആവേശം കൊള്ളിക്കാറുണ്ട്‌. കാണികളുടെ ആവേശാരവങ്ങൾ ഇരുവർക്കും പ്രചോദനമാകും.പാപ്പാന്മാർ കുത്തിപ്പൊക്കാതെ തന്നെ ആണ്‌ ഈ രണ്ടാനകളുടേയും പ്രകടനം. ചോദ്യം ചെയ്യപ്പെടാത്ത തന്റെ തലയെടുപ്പിന്റെ പ്രൗഡിയിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ഇതുകണ്ട്‌ "പുഞ്ചിരിക്കാറുമുണ്ട്‌". തിരിച്ചെത്തി പൊക്ക്ക്കുളങ്ങര ഭഗവതിയുടെ നടയിൽ കൂട്ടിയെഴുന്നള്ളിപ്പ്‌.ആനപ്രജാപതി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ പങ്കെടുക്കുന്നതിനാൽ ഇവിടെ തിടമ്പ്‌ ആർക്കെന്നകാര്യത്തിൽ സംശയം ഇല്ല. പിന്നെ തർക്കം വരുന്നത്‌ ഇവനു ഇടം കൂട്ടും വലം കൂട്ടും ആരെന്നാണ്‌.ഇവിടെ മിക്കവാറും പട്ടത്ത്‌ ശ്രീകൃഷണനുതന്നെ ആകും. ഇടം കൂട്ട്‌ പുത്തംകുളം അനന്ദപത്മനാഭനോ വിഷ്ണുശങ്കറിനോ ആകും. ഇവിടെ തലയെടുപ്പാണ്‌ മാനദണ്ടം എങ്കിൽ വലം കൂട്ട്‌ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തന്നെ ആയിരിക്കും.

വാടാനപ്പള്ളിയിൽ നിന്നും നാലുകിലോമീറ്റർ വടക്കുമാറി നാഷ്ണൽ ഹൈവേയിൽ നിന്നും ഇരുനൂറു മീറ്റർ കിഴക്ക്‌ ടിപ്പുസുൽത്താൻ റോഡിലാണ്‌ ആയിരം കണ്ണി അമ്പലം.ഉത്സവത്തിന്റെ കാര്യത്തിൽ പ്രസിദ്ധമാണ്‌ കാതോട്‌ ട്രസ്റ്റിനു കീഴിലുള്ള ഈ ചെറിയ ക്ഷേത്രം.
മുപ്പത്തിമൂന്ന് ഉത്സവക്കമ്മറ്റികൾ പങ്കെടുക്കുന്നതാണ്‌ ആയിരം കണ്ണിയിലെ ഉത്സവം.മുൻകാലങ്ങളിൽ ഇവിടെ നാൽപത്തഞ്ചോളം ആനകൾ അണിനിരന്നിരുന്നു. സ്ഥലക്കുറവും ആനകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം എന്ന നിയമവും മൂലം ആനകളുടെ എണ്ണം കുറച്ചു.വഴിപാടുപൂരങ്ങൾ രാവിലെ നടത്തും. ഉച്ചക്ക്‌ ആയിരം കണ്ണിഭഗവതി ആനപ്പുറത്ത്‌ തൊട്ടടുത്തുള്ള ദേവന്റെ അമ്പലത്തിൽ പോയി അനുമതിയും അനുഗ്രഹവും വാങ്ങി മടങ്ങിവരുന്നതോടെ ആണ്‌ പൂരം ആരംഭിക്കുന്നത്‌.തുടർന്ന് ചേറ്റുവ മുതൽ വാടാനപ്പള്ളിവരെ ഉള്ള പത്തുകിലോമീറ്റർ ഏരിയായിൽ നിന്നും വിവിധ കമ്മറ്റികളുടെ പൂരങ്ങൾ ആനയും പഞ്ചവാദ്യവും,ശിങ്കാരിമേളം,കുതിര,മയിലാട്ടം,കരകാട്ടം,കാവടി,ദേവനൃത്തം,തെയ്യം തുടങ്ങി വിവിധങ്ങളായ പരിപാടികളുമായി ക്ഷെത്രത്തിലേക്ക്‌ വരുന്നു. ഇവരെ സ്വീകരിച്ച്‌ വരിവരിയായി നിർത്തുന്നു. തുടർന്നാണ്‌ കൂട്ടിയെഴുന്നള്ളിപ്പ്‌. ഇവിടെയും തിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കർണ്ണനാകും മിക്കവാറും വലംകൂട്ട്‌.(രാവിലെ ക്ഷേത്രാങ്കണത്തിൽ ആനയെ അളന്ന് സ്ഥാനങ്ങൾ നിർണ്ണയിക്കും)ൻ.ചെണ്ടയിൽ വിസ്മയം തീർക്കുന്ന വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ പെരുവനം കുട്ടന്മാരാർ ഇവിടെ കൊട്ടാൻ വരാറുണ്ട്‌.ഇത്തവണ ഒരു പക്ഷെ സിനിമാതാരം ജയറാം ചെണ്ടയിൽ നാദവിസ്മയം തീക്കുവാൻ എത്തും എന്ന ഊഹാപോഹം ഉണ്ട്‌. വൈകീട്ട്‌ ആറരയോടെ പകൽ പൂരം അവസാനിക്കുന്നു.

വൈകീട്ട്‌ ഷൂട്ടേഴ്സ്‌ ക്ലബ്ബിൽ നിന്നും ഉള്ള കാവടി,ശിങ്കാരിമേളം,അമ്മങ്കുടം,തെയ്യം തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രാങ്കണത്തിലേക്ക്‌ എത്തുന്നു.ഇതുപോലെ വേറെയും കമ്മറ്റികളിൽ നിന്ന്ഉം വിവിധ ഘോഷയാത്രകൾ ഉണ്ടാകും.
പുലർച്ചെ പൂരം 3 മണിയോടെ ആരംഭിക്കും.

----------------------------

ജെ.പിയും,ഷിനുവും,കുട്ടാപ്പുവും,കണ്ണനും,രജനീഷും,സനാഫും, പാലാഴിമാണിക്യം റിയാഷും ഒക്കെ നഷ്ടമാകുന്ന ഉത്സവത്തിന്റെ ആഹ്ലാദനിമിഷങ്ങളെ കുറിച്ച്‌ പരസ്പരം പറയുമ്പോളും സി.ഡി അടുത്ത ആഴ്ച വരും എന്നുള്ള ഒരാശ്വസം മാത്രം.തൽക്കാലം നാളെയും മറ്റന്നാളും ഉത്സവം മനസ്സിൽകാണും

Monday, February 08, 2010

മണികിലുങ്ങുന്ന മൂന്നാറും പിന്നെ വീരനും പുത്രനും

മണികിലുക്കം ഒരു സൂചനയാണ്‌.അത്‌ മണി എന്ന് പണമായാലും,മണിയെന്ന മുഴങ്ങുന്ന ഉപകരണമായാലും,പണക്കാരനുവേണ്ടിമുഴങ്ങുന്ന മണിയെന്ന മനുഷ്യന്മാരായാലും അതിൽ നിന്നും അനായാസം പലതും വായിച്ചെടുക്കുവാൻ കഴിയും. മൂന്നാറിൽ മണികിലുങ്ങുന്നത്‌ കുടിയേറ്റക്കാർക്കും കർഷകർക്കും വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മൂന്നാറിലെ വങ്കിട കയ്യെറ്റങ്ങളെ ഒഴിവാക്കുവാനുള്ള നടപടികൾ വരുമ്പോൾ അതിനു തടയിടുവാൻ ചെറുകിടകർഷകരേയും,വ്യാപാരികളെയും അണിനിരത്തുന്ന തന്ത്രം മണിയെന്ന പണത്തിന്റെ ബലത്തിലാണെന്ന് വ്യക്തം.

മൂന്നാറിൽ വങ്കിട കയ്യേറ്റങ്ങൾ,റിസോർട്ടുകൾ എന്നിവയ്ക്കെതിരെ എന്തെങ്കിലും ചെയ്തുവേൺകിൽ അത്‌ ഒന്നാം മൂന്നാർ ദൗത്യമാണ്‌.എന്നാൽ അന്നത്തെ ജെ.സി.ബികൾ ചില പാർട്ടി ഓഫീസുകളിൽ തട്ടി നിശ്ശബ്ദമായത്‌ കേരളം കണ്ടു.പിന്നെ ചാപിള്ളയായി മാറിയ രണ്ടാം മൂന്നാറിനു ശേഷം മൂന്നാർ വാർത്തകൾ കാര്യമായൊന്നും മാധ്യമന്നളിൽ വന്നിരുന്നില്ല. എന്നാൽ അടുത്തിടെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഹൈക്കോടതിൽ നൽകിയ ഹർജിയെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ നടപടിക്ക്‌ നിർബന്ധിതമായി. ടാറ്റയടക്കം ഉള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിൽ കാണുന്നതനുസരിച്ച്‌ അവരുടെ ഔദാര്യം പറ്റി അവർ നൽകിയ കോട്ടേഴ്സുകളിൽ അന്തിയുറങ്ങുന്നവർ ഉൾപ്പെടെയുന്ന നേതക്കന്മാർ ഉള്ള ഒരു നാട്ടിൽ എന്താണു സംഭവിക്കുക എന്നതിൽ വലിയ ചിന്തയുടെ ഒന്നുമാവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു മുതിർന്ന ജില്ലാനേതാവിന്റെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണ്‌.വളരെ തരം താഴ്‌ന്ന ഭാഷയിൽ ആണ്‌ "അയാൾ" റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ ഇരിക്കുന്ന ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥയെ പറ്റി പ്രസംഗിച്ചത്‌. സ്ത്രീയെ സാധനം എന്നൊക്കെ പറയുന്ന വിടന്റെ ഭാഷയും മുഖവിക്ഷേപവും ജനാധിപത്യ സമൂഹത്തിൽ ഉള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവിനു ചേർന്നതാണോ എന്ന് നാം ഓർക്കേണ്ടതുണ്ട്‌. അതുപോലെ മറ്റൊന്ന് മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുവാൻ ചെന്ന സുരേഷ്കുമാർ ഐ.എ.എസ്സിനെതിരെയാണ്‌.രാഷ്ടീയക്കാരനാകുവാൻ വിവരം തൊട്ടുതീണ്ടേണ്ടതില്ലല്ലോ എന്ന ചിന്തയ്ക്ക്‌ ബലമേകുന്നതാണ്‌ ഐ.എ.എസ്സിനെ പറ്റി "അയാൾ" പറഞ്ഞകാര്യങ്ങൾ.വിവരക്കേടിനെ അലങ്കാരമാക്കുന്നവനെ വഹിക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ഒരു ശാപമാണ്‌.


ഒരു വില്ലേജിൽ നിന്നും രേഖകളിൽ മറ്റൊരു വില്ലേജിലേക്ക്‌ മാറ്റിയെന്നും അതു റിസോർട്ടുകൾക്ക്‌ വിറ്റെന്നുമാണ്‌ മാധ്യമറിപ്പോർട്ടുകൾ. മൂന്നാറിൽ വലിയതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ദൃശ്യങ്ങളും വ്യക്തമാക്കുന്നു.

കോടതിയുടെയും മാധ്യമങ്ങളുടേയും സജീവമായ ഇടപെടലുകൾ സർക്കാരിനെയും ഭരണമുന്നണിയേയും സമ്മർദ്ധത്തിലാക്കിയിരിക്കുന്നു.എല്ലാവരുടേയും ശ്രദ്ധ മൂന്നാറിലേക്ക്‌ കേന്ദ്രീകരിച്ചപ്പോൾ ആണ്‌ വയനാട്ടിൽ മുൻ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന സമീപകാലത്ത്‌ യുഡി.എഫിൽ ചേർന്ന വീരേന്ദ്രകുമാറിന്റെ പുത്രൻ ശ്രേയാംസ്‌ കുമാർ എം.എൽ.എ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ ഒരു കടന്നുകയറ്റവും കുടിലുവെക്കലുമെല്ലാം. ഇടതുപ്ക്ഷത്തിനൊപ്പം നിൽക്കുമ്പോളൂം പ്രസ്തുത സ്ഥലം അദ്ദേഹത്തിന്റെ കൈവശത്തിലായിരുന്നു എന്നാണ്‌ അറിവ്‌.അപ്പോൾ പൊടുന്നനെ ശ്രേയാംസ്‌ കുമാറിന്റെ കൈവശം ഉള്ള ഭൂമിയെ പറ്റി ബോധോദയം ഉണ്ടായത്‌ മാധ്യമപ്പടയെ മൂന്നാറിൽനിന്നും വയനാടൻ ചുരം കയറ്റി തൽക്കാലംശ്രദ്ധ തിരിക്കുക എന്ന രാഷ്ടീയ അടവായി വേണംകരുതുവാൻ.ഒരു പക്ഷെ ഇത്തരം സംഭവങ്ങളുടെ മുൻ കാല അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ അവിടെ ഒഴിപ്പിക്കലിന്റെ ഭാഗമായി ചില സംഘർഷങ്ങളും,അതേപറ്റി ഒന്നോ രണ്ടൊ ദിവസത്തെ മാധയമ ചർച്ചയുമിലും തീരും ഇനി ഏറിയാൽ ഒരു ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനവും ഉണ്ടാകാം.

വങ്കിട കയ്യേറ്റക്കാർക്കെതിരെ ആത്മാർത്ഥമായി നടപടിയെടുക്കുവാനും സധൈര്യം കുടിയിറക്കുവാനും കഴിയാത്തിടത്തോളം മിക്കവാറും മൂന്നാർ വീണ്ടും തുടർന്നുകൊണ്ടിരിക്കും.ഒടുവിൽ ബൗൺ മൂന്നാറിൽ കാണുവാൻ കാര്യമായി ഒന്നും ഇല്ലാതാകുമ്പോൾ സഞ്ചാരികൾ വരാതാകും എന്നതിനൊപ്പം ഭൂമുഖത്തുനിന്നും മനോഹരമായ ഒരു ഹരിതപ്രദേശം അപ്രത്യക്ഷമാകുകയും ചെയ്യും.മൂന്നാം കിട സീരിയൽ പോലെ ആണ്‌ ഇന്ന് മൂന്നാർ ഒഴിപ്പിക്കൽ മാറിയിരിക്കുന്നത്‌. കൈമാക്സ്‌ ഊഹിക്കാമെങ്കിലും മൂന്നാം മൂന്നാർ "നാടകം/സീരിയൽ" കാണുകതന്നെ.

Tuesday, February 02, 2010

മലയാളിയുടെ ഹനീഫ്ക്ക വിടപറഞ്ഞു

ഉച്ചയോടെ മലയാള മാധ്യമങ്ങളിൽ വന്ന ബ്രേക്കിംഗ്‌ ന്യൂസ്‌ മലയളിയെ ഒരുനിമിഷം ഞെട്ടിച്ചുകാണും.അവരുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു അത്‌.അൽപം മുമ്പ്‌ വരെ സ്ക്രീനിൽ കണ്ട തങ്ങളെ ചിരിപ്പിച്ച ആ മനുഷ്യൻ വിടവാങ്ങിയെന്ന് വിശ്വസിക്കുവാൻ അവർക്കായില്ല അമ്പരപ്പിൽ നിൽക്കുമ്പോൾ മറ്റൊരു വാർത്തവരുന്നു അദ്ദേഹം മരിച്ചിട്ടില്ല അത്യന്തം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്.ആശ്വാസത്തിന്റെ നിമിഷങ്ങൾ. എന്നാൽ അത്‌ അധികം നീണ്ടുനിന്നില്ല മണിക്കൂറുകൾക്കകം അത്‌ സംഭവിച്ചു.അതെ മലയാളിയുടെ സ്വന്തം ഹനീഫ്ക്ക യാത്രയായി.

മുതിർന്നവർക്ക്‌ മാത്രമല്ല കൊച്ചുകുട്ടികൾക്കുപോലും ഇത്രയും അടുപ്പം ഉള്ള ഒരു നടൻ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.അവർക്ക്‌ അദ്ദേഹം ഹനീഫയല്ല ഹനീഫ്ക്കയാണ്‌. അതുകൊണ്ടുതന്നെ മലയാളി കൊച്ചിൻ ഹനീഫയെന്ന നടൻ അവതരിപ്പിച്ച ഹാസ്യകഥാപാത്രങ്ങളെ അഭ്രപാളിയിൽ നിന്നും ഹർഷാരവത്തോടെയാണ്‌ മനസ്സിലേറ്റിയത്‌. നടനും പ്രേക്ഷകനും തമ്മിൽ ഉള്ള ആത്മബന്ധം എന്നു വേണമെങ്കീൽ വിശേഷിപ്പിക്കാം ഇതിനെ. കേവലം ഒരു സിനിമാനടൻ അതും ഹാസ്യ നടൻ എന്നതിനപ്പുറം അവർക്ക്‌ അദ്ദേഹം സ്വന്തം ഹനീഫ്ക്കയാണ്‌. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത സിനിമകളും മാത്രമല്ല തന്റെ പെരുമാറ്റത്തിലൂടെയും കൂടെയാണ്‌ അദ്ദേഹം സ്വന്തമാക്കിയതാണ്‌. ഒരു സിനിമാ നടൻ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നും വേറിട്ടുനിൽക്കാതെ തന്റെ ചുറ്റുപാടുമുള്ളവരുമായി സദാ സംവദിക്കുന്ന സ്വഭാവക്കാരൻ ആയിരുന്ന ഹനീഫക്ക്‌ വലിയ ഒരു സൗഹൃദവലയം ഉണ്ടായിരുന്നു.കമൽ,രജനീകാന്ത്‌, കരുണാനിധിയെപ്പോലുള്ള ജയലളിതയെപ്പോലുള്ള മുതിർന്ന രാഷ്ടീയ/സിനിമാ പ്രവർത്തകരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്തബന്ധം അത്‌ സാക്ഷ്യപ്പെടുത്തുന്നു.

സലീം അഹമ്മദ്‌ ഘൗഷ്‌ എന്ന കൊച്ചിക്കാരൻ മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാരംഗത്ത്‌ കടന്നുവരുമ്പോൾ കൊച്ചിൻ ഹനീഫയായിട്ടില്ല.ഒരു നാടകത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരു പിന്നീട്‌ സ്വന്തമാകുകയായിരുന്നു.ഒരു കലാകാരനെ സംബന്ധിച്ചേടത്തോളം അവതരിപ്പിച്ചകഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത്‌ വലിയ ഒരു അംഗീകാരമാണെന്ന് അദ്ദേഹം കരുതിക്കാണണം.അതുകൊണ്ടുതന്നെ സിനിമയിൽ എത്തിയപ്പോഴും ആ പേരിനു മാറ്റമുണ്ടായില്ല. വില്ലനിൽ നിന്നും ഹാസ്യകഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനിടയിൽ ഹനീഫ മലയാളിക്ക്‌ സ്വന്തം ഹനീഫ്ക്കയായി.മിമിക്രിവേദികളിൽ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും അവതരിപ്പിച്ച കയ്യടിനേടിയവർ നിരവധി.ഇതിൽ കിരീടത്തിലെ ഹൈദ്രോസ്‌ ആയിരിക്കാം ഒരു പക്ഷെ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടത്‌. കാരണം കൊച്ചിൻ ഹനീഫയെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്രമയിരിക്കും. അത്രക്ക്‌ മികവോടെയായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ഏത്‌ അവാഡിനേക്കാളും തിളക്കമുള്ള അംഗീകാരം.

സിനിമാ ജീവിതത്തിന്റെ ആദ്യകാലത്ത്‌ അവതരിപ്പിച്ച കഥാപത്രങ്ങളിൽ അധികവും വില്ലൻ ടച്ചുള്ളവ ആയിരുന്നെങ്കിൽ പിന്നീട്‌ അത്‌ ഹാസ്യകഥാപാത്രങ്ങളിലേക്ക്‌ വഴിമാറി. കിരീടത്തിലെ ഹൈദ്രോസ്‌ എന്ന ഗുണ്ടയുടെ വേഷം ഹനീഫയുടെ അഭിനയജീവിതത്തിലെ മാത്രമല്ല മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ഇടമ്നേടിയ കഥാപാത്രമാണ്‌.രൂപഭാവങ്ങളിൽ ഭീതിയുണർത്തുന്ന എന്നാൽ ഭീരുവായ ഗുണ്ടയെ നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഒരു കാലത്ത്‌ കണ്ടെടുക്കുവാൻ ആകുമായിരുന്നു.അത്തരം ഒരു ഗുണ്ടയെ അന്തരിച്ച ലോഹിതദാസ്‌ എന്ന എഴുത്തുകാരൻ സൃഷ്ടിച്ചപ്പോൾ അതിന്റെ അതിന്റെ എല്ലാ ഭാവവാഹാദികളോടും കൂടെ തനിമയൊട്ടും ചോർന്നുപോകാതെ ഹനീഫ അഭ്രപാളിയിൽ അനശ്വരമാക്കി.
അതുപോലെ മീശമാധവനിലെ ത്രിവിക്രമൻ എന്ന പ്രാദേശിക രാഷ്ടീയക്കാരനും, പഞ്ചാബി ഹൗസിലെ ഗംഗാധരനും, ദേവാസുരത്തിൽ മദ്രാസിൽ ചായക്കടനടത്തുന്ന കഥാപാത്രവും പറക്കും തളികയിലെ പോലീസുകാരനും അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര കഥാപാത്രങ്ങൾ.

അടൂർഭാസി-ബഹദൂർ കോമ്പിനേഷൻ മലയാള സിനിമയിൽ വളരെ പ്രസിദ്ധമാണ്‌.അത്തരത്തിൽ ഒരു കോമ്പിനേഷൻ പിന്നീട്‌ കാണുന്നത്‌ ഹരിശ്രീ അശോകൻ-ഹനീഫ കോമ്പിനേഷൻ ആണ്‌. പഞ്ചാബി ഹൗസ്‌,പറക്കും തളിക തുടങ്ങി ഇവർ തകർത്തഭിനയിച്ച പല സീനുകളും തീയേറ്ററുകളിലും ടി.വിക്കു മുമ്പിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി.ദുർബലമായ രചനകളിൽ ഉരുത്തിയുന്ന ഹാസ്യത്തിന്റെ അവതരണത്തിൽ പലപ്പോഴ്‌ഉം പാളിപ്പോകാവുന്ന വേളകളിൽ തന്റെ പ്രതിഭ ഒന്നുകൊണ്ടുമാത്രം അവയെ അരോചകമാകാതെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനായി.ദിലീപ്‌ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും അവിഭാജ്യഘടകമായി.ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഹനീഫയുടെ സാനിധ്യം അനിവാര്യമായിരുന്നു എൻ വേണമെങ്കിൽ പറയാം.മലയാളി പ്രേക്ഷകൻ ആ കോമ്പിനേഷൻ വളരെ അധികം ആസ്വദിച്ചിരുന്നു. അദ്ദേഹം അവസാനമായി അഭിനയിച്ചതും ദിലീപ്‌ ചിത്രത്തിൽ ആയത്‌ വിധിയുടെ നിയോഗമാകാം.

നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.കുടുമ്പ ബന്ധങ്ങളുടെ കഥപറഞ്ഞ വാൽസല്യം മലയാളി എക്കാലവും ഓർക്കുന്ന മികച്ച ഒരു ചിത്രമാണ്‌.ജനത്തിന്റെ അംഗീകാരമാണ്‌ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അവാർഡെന്ന് അദ്ദേഹം പറയുകയുണ്ടായി. ലോഹിതദാസ്‌ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ്‌ ലഭിക്കുകയുണ്ടായി. ഭീഷമചാര്യ,,പറയാനും വയ്യ പറയാതിരിക്കുവനും വയ്യ,കടത്തനാടൻ അമ്പാടി,പുതിയ കരുക്കൾ തുടങ്ങി ഏതാനും ചിത്രങ്ങളുടെ രഹ്ചന്യും അദ്ദേഹം നിർവഹിച്ചു

മലയാളസിനിമക്കും തമിഴ്‌ സിനിമക്കും വലിയ ഒരു നഷ്ടമാണ്‌ ഹനീഫയുടെ വേർപാടിലൂടെ ഉണ്ടാകുന്നത്‌.ഇത്തരം വേർപാടുകൾ സൃഷ്ടിക്കുന്ന ശൂന്യത മറ്റുള്ളവർക്ക്‌ നികത്തുവാൻ ആകില്ല.അവർ ഇവിടെ അടയാളപ്പെടുത്തി കടന്നുപോകുന്ന അനുഭവങ്ങളും അവതരിപ്പിച്ച വേഷങ്ങളും ജീവസ്സുറ്റ ഓർമ്മകളും മാത്രമാണ്‌ അതിനൊരു ആശ്വാസമായി മാറുന്നത്‌.