Tuesday, February 02, 2010

മലയാളിയുടെ ഹനീഫ്ക്ക വിടപറഞ്ഞു

ഉച്ചയോടെ മലയാള മാധ്യമങ്ങളിൽ വന്ന ബ്രേക്കിംഗ്‌ ന്യൂസ്‌ മലയളിയെ ഒരുനിമിഷം ഞെട്ടിച്ചുകാണും.അവരുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു അത്‌.അൽപം മുമ്പ്‌ വരെ സ്ക്രീനിൽ കണ്ട തങ്ങളെ ചിരിപ്പിച്ച ആ മനുഷ്യൻ വിടവാങ്ങിയെന്ന് വിശ്വസിക്കുവാൻ അവർക്കായില്ല അമ്പരപ്പിൽ നിൽക്കുമ്പോൾ മറ്റൊരു വാർത്തവരുന്നു അദ്ദേഹം മരിച്ചിട്ടില്ല അത്യന്തം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്.ആശ്വാസത്തിന്റെ നിമിഷങ്ങൾ. എന്നാൽ അത്‌ അധികം നീണ്ടുനിന്നില്ല മണിക്കൂറുകൾക്കകം അത്‌ സംഭവിച്ചു.അതെ മലയാളിയുടെ സ്വന്തം ഹനീഫ്ക്ക യാത്രയായി.

മുതിർന്നവർക്ക്‌ മാത്രമല്ല കൊച്ചുകുട്ടികൾക്കുപോലും ഇത്രയും അടുപ്പം ഉള്ള ഒരു നടൻ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.അവർക്ക്‌ അദ്ദേഹം ഹനീഫയല്ല ഹനീഫ്ക്കയാണ്‌. അതുകൊണ്ടുതന്നെ മലയാളി കൊച്ചിൻ ഹനീഫയെന്ന നടൻ അവതരിപ്പിച്ച ഹാസ്യകഥാപാത്രങ്ങളെ അഭ്രപാളിയിൽ നിന്നും ഹർഷാരവത്തോടെയാണ്‌ മനസ്സിലേറ്റിയത്‌. നടനും പ്രേക്ഷകനും തമ്മിൽ ഉള്ള ആത്മബന്ധം എന്നു വേണമെങ്കീൽ വിശേഷിപ്പിക്കാം ഇതിനെ. കേവലം ഒരു സിനിമാനടൻ അതും ഹാസ്യ നടൻ എന്നതിനപ്പുറം അവർക്ക്‌ അദ്ദേഹം സ്വന്തം ഹനീഫ്ക്കയാണ്‌. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത സിനിമകളും മാത്രമല്ല തന്റെ പെരുമാറ്റത്തിലൂടെയും കൂടെയാണ്‌ അദ്ദേഹം സ്വന്തമാക്കിയതാണ്‌. ഒരു സിനിമാ നടൻ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നും വേറിട്ടുനിൽക്കാതെ തന്റെ ചുറ്റുപാടുമുള്ളവരുമായി സദാ സംവദിക്കുന്ന സ്വഭാവക്കാരൻ ആയിരുന്ന ഹനീഫക്ക്‌ വലിയ ഒരു സൗഹൃദവലയം ഉണ്ടായിരുന്നു.കമൽ,രജനീകാന്ത്‌, കരുണാനിധിയെപ്പോലുള്ള ജയലളിതയെപ്പോലുള്ള മുതിർന്ന രാഷ്ടീയ/സിനിമാ പ്രവർത്തകരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്തബന്ധം അത്‌ സാക്ഷ്യപ്പെടുത്തുന്നു.

സലീം അഹമ്മദ്‌ ഘൗഷ്‌ എന്ന കൊച്ചിക്കാരൻ മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാരംഗത്ത്‌ കടന്നുവരുമ്പോൾ കൊച്ചിൻ ഹനീഫയായിട്ടില്ല.ഒരു നാടകത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരു പിന്നീട്‌ സ്വന്തമാകുകയായിരുന്നു.ഒരു കലാകാരനെ സംബന്ധിച്ചേടത്തോളം അവതരിപ്പിച്ചകഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത്‌ വലിയ ഒരു അംഗീകാരമാണെന്ന് അദ്ദേഹം കരുതിക്കാണണം.അതുകൊണ്ടുതന്നെ സിനിമയിൽ എത്തിയപ്പോഴും ആ പേരിനു മാറ്റമുണ്ടായില്ല. വില്ലനിൽ നിന്നും ഹാസ്യകഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനിടയിൽ ഹനീഫ മലയാളിക്ക്‌ സ്വന്തം ഹനീഫ്ക്കയായി.മിമിക്രിവേദികളിൽ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും അവതരിപ്പിച്ച കയ്യടിനേടിയവർ നിരവധി.ഇതിൽ കിരീടത്തിലെ ഹൈദ്രോസ്‌ ആയിരിക്കാം ഒരു പക്ഷെ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടത്‌. കാരണം കൊച്ചിൻ ഹനീഫയെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്രമയിരിക്കും. അത്രക്ക്‌ മികവോടെയായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ഏത്‌ അവാഡിനേക്കാളും തിളക്കമുള്ള അംഗീകാരം.

സിനിമാ ജീവിതത്തിന്റെ ആദ്യകാലത്ത്‌ അവതരിപ്പിച്ച കഥാപത്രങ്ങളിൽ അധികവും വില്ലൻ ടച്ചുള്ളവ ആയിരുന്നെങ്കിൽ പിന്നീട്‌ അത്‌ ഹാസ്യകഥാപാത്രങ്ങളിലേക്ക്‌ വഴിമാറി. കിരീടത്തിലെ ഹൈദ്രോസ്‌ എന്ന ഗുണ്ടയുടെ വേഷം ഹനീഫയുടെ അഭിനയജീവിതത്തിലെ മാത്രമല്ല മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ഇടമ്നേടിയ കഥാപാത്രമാണ്‌.രൂപഭാവങ്ങളിൽ ഭീതിയുണർത്തുന്ന എന്നാൽ ഭീരുവായ ഗുണ്ടയെ നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഒരു കാലത്ത്‌ കണ്ടെടുക്കുവാൻ ആകുമായിരുന്നു.അത്തരം ഒരു ഗുണ്ടയെ അന്തരിച്ച ലോഹിതദാസ്‌ എന്ന എഴുത്തുകാരൻ സൃഷ്ടിച്ചപ്പോൾ അതിന്റെ അതിന്റെ എല്ലാ ഭാവവാഹാദികളോടും കൂടെ തനിമയൊട്ടും ചോർന്നുപോകാതെ ഹനീഫ അഭ്രപാളിയിൽ അനശ്വരമാക്കി.
അതുപോലെ മീശമാധവനിലെ ത്രിവിക്രമൻ എന്ന പ്രാദേശിക രാഷ്ടീയക്കാരനും, പഞ്ചാബി ഹൗസിലെ ഗംഗാധരനും, ദേവാസുരത്തിൽ മദ്രാസിൽ ചായക്കടനടത്തുന്ന കഥാപാത്രവും പറക്കും തളികയിലെ പോലീസുകാരനും അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര കഥാപാത്രങ്ങൾ.

അടൂർഭാസി-ബഹദൂർ കോമ്പിനേഷൻ മലയാള സിനിമയിൽ വളരെ പ്രസിദ്ധമാണ്‌.അത്തരത്തിൽ ഒരു കോമ്പിനേഷൻ പിന്നീട്‌ കാണുന്നത്‌ ഹരിശ്രീ അശോകൻ-ഹനീഫ കോമ്പിനേഷൻ ആണ്‌. പഞ്ചാബി ഹൗസ്‌,പറക്കും തളിക തുടങ്ങി ഇവർ തകർത്തഭിനയിച്ച പല സീനുകളും തീയേറ്ററുകളിലും ടി.വിക്കു മുമ്പിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി.ദുർബലമായ രചനകളിൽ ഉരുത്തിയുന്ന ഹാസ്യത്തിന്റെ അവതരണത്തിൽ പലപ്പോഴ്‌ഉം പാളിപ്പോകാവുന്ന വേളകളിൽ തന്റെ പ്രതിഭ ഒന്നുകൊണ്ടുമാത്രം അവയെ അരോചകമാകാതെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനായി.ദിലീപ്‌ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും അവിഭാജ്യഘടകമായി.ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഹനീഫയുടെ സാനിധ്യം അനിവാര്യമായിരുന്നു എൻ വേണമെങ്കിൽ പറയാം.മലയാളി പ്രേക്ഷകൻ ആ കോമ്പിനേഷൻ വളരെ അധികം ആസ്വദിച്ചിരുന്നു. അദ്ദേഹം അവസാനമായി അഭിനയിച്ചതും ദിലീപ്‌ ചിത്രത്തിൽ ആയത്‌ വിധിയുടെ നിയോഗമാകാം.

നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.കുടുമ്പ ബന്ധങ്ങളുടെ കഥപറഞ്ഞ വാൽസല്യം മലയാളി എക്കാലവും ഓർക്കുന്ന മികച്ച ഒരു ചിത്രമാണ്‌.ജനത്തിന്റെ അംഗീകാരമാണ്‌ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അവാർഡെന്ന് അദ്ദേഹം പറയുകയുണ്ടായി. ലോഹിതദാസ്‌ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ്‌ ലഭിക്കുകയുണ്ടായി. ഭീഷമചാര്യ,,പറയാനും വയ്യ പറയാതിരിക്കുവനും വയ്യ,കടത്തനാടൻ അമ്പാടി,പുതിയ കരുക്കൾ തുടങ്ങി ഏതാനും ചിത്രങ്ങളുടെ രഹ്ചന്യും അദ്ദേഹം നിർവഹിച്ചു

മലയാളസിനിമക്കും തമിഴ്‌ സിനിമക്കും വലിയ ഒരു നഷ്ടമാണ്‌ ഹനീഫയുടെ വേർപാടിലൂടെ ഉണ്ടാകുന്നത്‌.ഇത്തരം വേർപാടുകൾ സൃഷ്ടിക്കുന്ന ശൂന്യത മറ്റുള്ളവർക്ക്‌ നികത്തുവാൻ ആകില്ല.അവർ ഇവിടെ അടയാളപ്പെടുത്തി കടന്നുപോകുന്ന അനുഭവങ്ങളും അവതരിപ്പിച്ച വേഷങ്ങളും ജീവസ്സുറ്റ ഓർമ്മകളും മാത്രമാണ്‌ അതിനൊരു ആശ്വാസമായി മാറുന്നത്‌.