Monday, January 25, 2010

പുത്തൻ പിള്ളിക്കാവും മാമ്പിള്ളിക്കാവും

പെരിങ്ങോട്ടുകര ഉത്സവം,പുത്തൻപിള്ളിക്കാവ്‌ ഉത്സവം, തോന്ന്യാവ്‌ ഉത്സവം എന്നിവയാണ്‌ അന്തിക്കാട്‌ ചുറ്റുവട്ടത്ത്‌ കൂടുതൽ ആനകൾ പങ്കെടുക്കുന്ന പ്രധാന ഉത്സവങ്ങൾ. ഇതിൽ പേരിൽ പ്രധാനം പെരിങ്ങോട്ടുകര ഉത്സവം ആണെങ്കിലും ആനക്കാര്യത്തിൽ പുത്തൻ പിള്ളിക്കാവ്‌ തന്നെ ആണ്‌.തെച്ചിക്കോട്ടുകാവും ശിവസുന്ദറും മന്ദലാംകുന്ന് കർണ്ണനും പോലുള്ള തലയെടുപ്പുള്ള ഗജവീരന്മാർ മാറ്റുരക്കുന്നിടം.മൂത്തതും പുതുതായി മുളച്ചുവരുന്നതുമായ ലോക്കൽ ചട്ടകൾ എസ്‌.എം.എസ്സിന്റേയോന്നും പിന്തുണയില്ലാതെ മാറ്റുരക്കുന്ന വേദി.

ഇന്നവിടെ ഉത്സവം തകർക്കുകയാണ്‌.ശിങ്കാരിമേളത്തിന്റെ ആവേശം കൊടുമുടിയിൽ എത്തുമ്പോൾ ഇവിടെ അതിന്റെ തുടിപ്പുകൾ മനസ്സിൽ ഉണരുന്നു. ഇടക്ക്പ്പോഴോ മനസ്സിന്റെ കണ്ട്രോൾ വിട്ട നേരത്താണ്‌ നാട്ടിൽ നിന്നും സനീപ്‌ എന്ന സുഹൃത്തിന്റെ ഫോണിലൂടെ മേളത്തിന്റെ ശീലുകൾ കടൽ കടന്നെത്തിയത്‌. മനസ്സിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെന്ന ഗജവീരൻ ചയമയമണിഞ്ഞ്‌ തലയുയർത്തി അങ്ങിനെ നിൽക്കുന്നു. അവന്റെ ഇടംകയ്യിൽ തന്റെ കൈ അമർത്തിക്കൊണ്ട്‌ മണിയേട്ടനുമുണ്ട്‌. (ഒരു ഗായകന്റെ ഒപ്പം സദാസമയം അങ്ങേരുടെ ഭാര്യയുണ്ടാകും അതുപോലെയാണ്‌ തെച്ചിക്കോട്ടുകാവും പാപ്പാൻ മണിയും എന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്‌)

ഏതാണ്ട്‌ അന്തിക്കാട്ടുകാർക്ക്‌ പുത്തൻ പിള്ളീക്കാവിലെ പൂരം പോലെ ആണ്‌ ഏങ്ങണ്ടിയൂർക്കാർക്ക്‌ മാമ്പിള്ളിക്കാവും. രണ്ടു പൂരവും ഒരേ ദിവസം ആണ്‌ മിക്കവാറും. രണ്ടിടത്തും ആനപ്രേമികൾക്ക്‌ മനസ്സിനു നിറവേകുവാൻ ഉള്ള കാഴ്ചകൾ ഉണ്ട്‌.രണ്ടിടത്തും ചെറുഗുണ്ടകൾക്കും മാറ്റുരക്കുവാൻ സ്കോപ്പുണ്ട്‌.

നാട്ടീന്ന് മെയിലിൽ ഫോട്ടോ വന്നോ എന്ന് നോക്കുവാൻ ഇടക്ക്‌ ഒന്ന് ജീമെയിലിൽ ലോഗിൻ ചെയ്തു. അപ്പോഴുണ്ട്‌ ഏങ്ങണ്ടിയൂർക്കാരൻ ഷിനുവിന്റെ മെസ്സേജ്‌.

"മാമ്പിള്ളിക്കാവിൽ പൂരം തകർക്കുന്നൂണ്ട്‌ ടാ..നീരീന്ന് അഴിച്ചെങ്കിലും വിഷ്ണുവന്നിട്ടില്ല. തിടമ്പ്‌ പട്ടത്ത്‌ ശ്രീകൃഷണന്‌.കർണ്ണൻ വലം കൂട്ട്‌..പിള്ളാർ ആർമ്മാദിക്കണുണ്ട്"അവന്റെ കൊതിപ്പിക്കുന്ന വിശേഷങ്ങൾ അങ്ങിനെ മുന്നേരുന്നു.ഒപ്പം നാട്ടിൽ നിന്നും സനീപിന്റെ മൊബെയിൽ പകർന്നുനൽകുന്ന പുത്തൻപിള്ളിക്കാവിലെ ഉത്സവാരവങ്ങളും മേളവും.

ഒഫീഷ്യൽ മെയിലിൽ പുതിയതൊരെണ്ണം വന്നതായി അറിയിപ്പുകിട്ടി.


ഏതാണ്ട്‌ സത്യേട്ടന്റെ സിനിമയിൽ ജയറാം വർക്ക്ഷാപ്പിൽ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലിക്ക്‌ കയറിയപ്പോൾ പപ്പു ഒരു ഡയലോഗ്‌ പറയുന്നുണ്ട്‌. "ഇവനെന്താ വല്ല കൂടോത്രവും ചെയ്തോ ദേ അടുത്ത വണ്ടി വന്നു"
ഇതേ അവസ്ഥയാണ്‌ എന്റെ കാര്യം. സുഡാനിൽനിന്നും അടുത്ത മെയിൽ പുതിയ പ്രോജക്ടിന്റെ സാധ്യതാപഠന റിപ്പോർട്ട്‌!!

തെച്ചിക്കോട്ടുകാവ്‌ പുത്തൻപിള്ളിക്കവ്‌-മാമ്പിള്ളിക്കാവ്‌ എന്നിവയൊക്കെ സെക്കന്റുടുവച്ച്‌ മനസീന്ന് തിരികെ നാട്ടിലേക്ക്‌ പോയി.കിട്ടിയവിവരം വച്ച്‌ ഗൂഗിൾ ഏർത്തിൽ പുതിയ പ്ലോട്ടിനെ തിരയുവാൻ തുടങ്ങി ഞാൻ.!!

3 comments:

paarppidam said...

ഏതാണ്ട്‌ അന്തിക്കാട്ടുകാർക്ക്‌ പുത്തൻ പിള്ളീക്കാവിലെ പൂരം പോലെ ആണ്‌ ഏങ്ങണ്ടിയൂർക്കാർക്ക്‌ മാമ്പിള്ളിക്കാവും. രണ്ടു പൂരവും ഒരേ ദിവസം ആണ്‌ മിക്കവാറും. രണ്ടിടത്തും ആനപ്രേമികൾക്ക്‌ മനസ്സിനു നിറവേകുവാൻ ഉള്ള കാഴ്ചകൾ ഉണ്ട്‌.രണ്ടിടത്തും ചെറുഗുണ്ടകൾക്കും മാറ്റുരക്കുവാൻ സ്കോപ്പുണ്ട്‌.

ആര്‍ദ്ര ആസാദ് / Ardra Azad said...

പൊടി നിറഞ്ഞ പൂരപറമ്പ്, ഉറക്കകച്ച വിടാത്ത,നനകുളിയില്ലാത്ത,പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഗജവീരൻ‌മാർ,ബാലൻ‌സിനായി കൊമ്പിൽ തൂങ്ങിയാടുന്ന പാപ്പൻ,ബ്രാണ്ടികുപ്പി അരയിൽ തിരുകി തിമിർത്താടുന്ന ശിങ്കാരിമേളക്കാർ,ആവശ്യത്തിലധികം പട്ടയടിച്ച് അഴിഞ്ഞാടുന്ന നാട്ടുകാർ,പാത്തിരിക്കുന്ന ക്വട്ടേഷൻ ഗാങ്ങുകൾ. തൃശ്ശൂരിലെ ടിപ്പിക്കൽ പൂരകാഴ്ച്ചകൾ ഇന്നിങ്ങനെയൊക്കെയാണ് പാർപ്പിടം.

ഗൂഗ്ഗിളിൽ സുഡാ‍ൻ സെർച്ചിങ്ങ് നടക്കട്ടെ...

paarppidam said...

ഇതൊക്കെ ആണെങ്കിലും അതിനിടയിൽ ഉത്സവത്തിന്റെ ആഹ്ലാദങ്ങൾ ഒന്നു വേറെതന്നെ അല്ലേ ആർദ്ര ആസാദേ?
കമന്റുകാണുവാൻ വൈകി.