Saturday, May 30, 2009

പ്രിയപ്പെട്ട എഴുത്തുകാരിക്ക്‌ ആദരാഞ്ജലികൾ.

പ്രണയത്തെ കുറിച്ച്‌ പറഞ്ഞും എഴുതിയും മതിവരാത്ത എന്റെ പ്രിയപ്പെട്ട കഥാകാരിക്ക്‌ ആദരാഞ്ജലികൾ. മഴയുടെ സംഗീതം പോലെ മലായാളിമനസ്സിനെ തൊട്ടുണർത്തിയ, ഒരുപിടി മനോഹരങ്ങളായ രചനകൾ സമ്മാനിച്ചുകൊണ്ട്‌ കടന്നുപോയ കഥാകാരി.കവിതകളിൽ ആത്മാശം ആവോളം നിറച്ച്‌ അതിനെ അർത്ഥപൂർണ്ണമാക്കിയ കവിയത്രി.അവർ എന്നും മലയാള സാഹിത്യത്തിലെ നീർമാതളമായി എന്നും വായനക്കാരന്റെ മനസ്സിൽ അവർ ഉണ്ടാകും.

അവരുടെ കഥകളിൽ "നെയ്പ്പായസം" എന്ന കഥ ആയിരുന്നു എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌.

Friday, May 29, 2009

വെറുപ്പ്‌ വിതക്കുന്ന നിരീക്ഷണങ്ങൾ.

ഉൾക്കാഴ്ച എന്ന ബ്ലോഗ്ഗിൽ അപരരുടെ നരകങ്ങൾ http://ulkazhcha.blogspot.com/2009/05/blog-post_23.html എന്ന പോസ്റ്റിൽ ശ്രീ.ജി.പി രാമചന്ദ്രൻ സിനിമാ സംബന്ധിയായി തുടങ്ങി തുടർന്ന് സമൂഹവുമായി ബന്ധപ്പെടുത്തി നടത്തുന്ന ചില നിരീക്ഷണങ്ങൾ തികച്ചും ബാലിശവും ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലാത്തതുമാണ്‌.സാധാരണ രീതിയിൽ ഏതൊരു സിനിമാകഥയും രൂപപ്പെടുമ്പോൾ അതിൽ ചുറ്റുപാടുകളിൽ നിന്നും സമകാലിക സംഭവങ്ങളിൽ നിന്നും ഉള്ള സ്വാധീനം ഏറിയും കുറഞ്ഞും ഉണ്ടായിരിക്കും. കാലഘട്ടത്തിലെ രാഷ്ടീയ സംഭവ വികാസങ്ങളോ,സാമൂഹിക വ്യവസ്ഥിതിയോ പ്രതിപാദിക്കപ്പെട്ടേക്കാം.എന്നാൽ അതു വർഗ്ഗീയമായി ഒരു അജണ്ടയോടെ നിർവ്വഹിക്കപ്പെടുന്നു എന്ന് ആരോപിക്കുമ്പോൾ അതിന്റെ ഗൗരവം വർദ്ധിക്കുന്നു.സ്വാഭാവികമായും ആ ആരോപണത്തെ വിശദമായി വിലയിരുത്തുവാനും നിബന്ധിതമാക്കപ്പെട്ടുന്നു.

ലേഖനത്തിൽ ആദ്യം തന്നെ പറഞ്ഞുവരുന്നത്‌ 2ഹരിഹർ നഗർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളിൽ നിന്നുമാണ്‌ ലേഖകൻ ഇവിടെ തന്റെ വികലമായ നിരീക്ഷണത്തിന്റെ ആദ്യ കണ്ടുപിടുത്തങ്ങൾ നിരത്തുന്നത്‌. നാലുകഥാപാത്രങ്ങളിൽ ഒറ്റുകാരന്റെ റോൾ ആർക്കെന്നത്‌ തിരഞ്ഞെടുക്കുവാൻ സംവിധായകനു ബുദ്ധിമുട്ടില്ലെന്നും വാണിജ്യ സാധ്യത കണക്കിലെടുത്തും "പൊതുബോധം" നൽകുന്ന ധാരണയാലും അതു ന്യൂനപക്ഷ സമുദായാ നാമധാരിയായ തോമാസുകുട്ടിയെ ആണെന്നും ലേഖകൻ സ്വയംതീരുമാനിക്കുന്നു. സംവിധായകൻ/ തിരക്കാഥാകൃത്തായ ലാലിന്റെ മനസ്സിൽ ഇത്തരം ഒരു അധമ ചിന്തവന്നുകാണും എന്ന് വിശ്വസിക്കുക പ്രയാസം. തുടർന്നു ലേഖകൻ തന്റെ വിചിത്രമായ കണ്ടുപിടുതങ്ങൾ പല കാലങ്ങളിൽ ഇറങ്ങിയ വ്യത്യസ്ഥ സംവിധായകരുടെയും താരങ്ങളുടേയും ചിത്രങ്ങളിൽ നിന്നും പെറുക്കിയെടുത്ത്‌ നിരത്തുന്നുണ്ട്‌. ലെഖകന്റെ വാക്കുക്ല് പിന്തുടർന്നുകൊണ്ട്‌ സിനിമയെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുക ഭ്രാന്തമായതും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ നിഗമനങ്ങളിൽ ആയിരിക്കും. സിനിമ കാണുവാൻ പോകുന്ന സാധാരണ പ്രേക്ഷകൻ അതു മുസ്ലീമായ മമ്മൂട്ടി അഭിനയിക്കുന്ന സിനിമ അല്ലെങ്കിൽ നായരായ മോഹൻലാൽ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ എത്തിച്ചേർന്നാൽ എന്താകും നമ്മുടേ നാടിന്റെ സ്ഥിതി? നായരായ മോഹൻ ലാൽ താഴ്‌ന്ന ജാതിയിൽ പെട്ടവനും കറുത്തവനുമായ വില്ലനെ/സഹനടനെ പരിഹരിക്കുന്നു(?) എന്നോ അല്ലെങ്കിൽ സിദ്ധിഖ്‌ ഒരു മുസ്ലീമാണെന്നും വില്ലൻ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്ന അദ്ദെഹത്തിനു നൽകുന്ന വില്ലൻ റോൾ ആ വിഭാഗത്തെ ഇകഴ്ത്തിക്കാണിക്കുവാനാണെന്നും കരുതുവാൻ തുടങ്ങിയാൽ!!

സിനിമയിൽ കതാപാഹ്രങ്ങളെ സൃഷ്ടിക്കുന്നതും അവർക്ക്‌ പേരിടുന്നതും നടീനടന്മരെ തീരുമാനിക്കുന്നതും വർഗ്ഗീയമായി അജണകൾ വച്ചുകൊണ്ടാണെന്നു പറയുന്നത്‌ എത്രമാത്രം ബാലിശമാണ്‌. സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അത്‌ അവതരിപ്പിക്കുന്ന നടന്മാരുടെയും സംവിധായക-തിരക്കഥാകൃത്തുക്കളുടെയും എല്ലാം ജാതി തിരിച്ചുവിലയിരുത്തുന്നത്‌ സാമാന്യയുക്തിക്ക്‌ നിരക്കുന്നതല്ല.ഓരോ സിനിമക്കും വ്യത്യസ്ഥമായ കഥയും കഥാപാത്രങ്ങളു ആയിരിക്കും.എനിക്ക്‌ തോന്നുന്നു ഇദ്ദേഹം പറഞ്ഞുവരുന്നത്‌ അനുസരിച്ചാണെങ്കിൽ കഥാപാത്രങ്ങൾക്ക്‌ X,Y എന്നിങ്ങനെയോ അല്ലെങ്കിൽ മരം,കുപ്പി, വാഴ, വായു, വെള്ളം തുടങ്ങിയ നാമകരണം നടത്തി അവതരിപ്പിക്കുവാൻ "മതമില്ലാത്ത" നടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കേണ്ടിവരും എന്നാണ്‌. !!

സത്യൻ അന്തിക്കാടെന്ന നിർദ്ദോഷിയായ സംവിധയകനേയും അദ്ദേഹം വെറുതെ വിടുന്നില്ല.സത്യേട്ടൻ തന്റെ സിനിമയിൽ കറുത്ത ഹാസ്യം കോണ്ട്‌ ചില സത്യങ്ങൾ മുമ്പും വിളിച്ചുപറഞ്ഞിട്ടുണ്ട്‌.ഒരു പക്ഷെ അതിൽ ഈ അടുത്തകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ടത്‌ സന്ദേശമെന്ന ചിത്രത്തിലെ ഡയലോഗുകൾ ആയിരിക്കും. തിരഞ്ഞെടുപ്പിൽ പാർട്ടിപരാജയപ്പെട്ടതു പ്രതിക്രിയാവാദികളും.....എന്നു തുങ്ങുന്ന ഡയലോഗ്‌. ലേഖനത്തിന്റെ ഒരു ഭാഗത്ത്‌ വെട്ടിനിരത്തൽ വിഷയവും കടന്നുവരുന്നുണ്ട്‌.വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്ന വെട്ടിനിരത്തൽ സംഭവത്തെ(സമരം എന്ന് പറയാമോ?) എന്തുകൊണ്ട്‌ ഹാസ്യാത്മകമായി ഒരു സംവിധായകൻ/ തിരക്കഥാകൃത്തിനു ഇന്നും ഉപയോഗിക്കുവാൻ കഴിയുന്നു എന്നതിന്റെ മരുപടിയാണ്‌ കേരളത്തിൽ ഇന്നു നികത്തപ്പെടുന്ന ഏക്രകണക്കിനു നെൽപ്പടങ്ങൾ.പാർട്ടിക്ക്‌ അനഭിമതരായ ചിലരുടെ കൃഷി വെടിനിരത്തി എന്ന ആരോപണം സമ്മാനിച്ച ആ സംബവം ശൂന്യതയിൽ ലയിച്ചു.എന്നാൽ നിയമത്തെ നോക്കുകുത്തിയാക്കി കുത്തകകളും സ്വാധീനമുള്ളവരും ഇന്നും യദേഷ്ടം കൃഷിഭൂമി നിരത്തി അവിടേ കെട്ടിടം പണിയുന്നു. തീർച്ചയ്യായും കണ്മുമ്പിലെ ഈ യാദാർത്ത്യം കാണികൾക്ക്‌ ചിരിക്കുവാൻ വകനൽകുന്നു. എന്നാൽ അതു കമ്യൂൺസിറ്റുവിരുദ്ധതയുടെ ആവേശവും ആഹ്ലാദവുമായി തിരക്കഥാകൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാടിന്റെ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കൽ പൊതുബോധത്തെയാണ്‌ കാണിക്കുന്നതെന്ന് ലേഖകൻ പറഞ്ഞുവെക്കുന്നു.( കൃഷിഭൂമി നികത്തുന്നതിനെ ഞാൻ ശക്തമയി എതിർക്കുന്നു.എന്നാൽ അതേ വെട്ടിനിരത്തൽ നടത്തിയ സംഘഹ്ടനയും സഖവു വി.എസും ഭരിക്കുന്ന കേരളത്തിലെ അന്തിക്കാടെ കോൽപ്പടവിൽ വർഷാവർഷം കൃഷിയിറക്കുന്ന ഞാനുൾപ്പെടെ ഉള്ളവർ സർക്കാരിന്റെ നെല്ലു സംഭരണ സംവിധാനതിലെ,വെള്ളം സമയാസമയങ്ങളിൽ നൽകാത്തതിന്റെ,കൃത്യസമയത്ത്‌ കൊയ്ത്തുയന്ത്രം ഇറക്കാത്തതിന്റെയും മറ്റും വീഴ്ചകൾ എല്ലാവർഷവും അനുഭവിക്കുന്നുമുണ്ട്‌.മറ്റൊന്നു കൂടെ സൂചിപ്പിക്കട്ടെ പാടത്ത്‌ പണിക്ക്‌ തൊഴിലാളീകൾക്കൊപ്പം കൃഷിക്കാരനും ഇറങ്ങിയിട്ടും തൊഴിലാളീകളെ ലഭിക്കാത്ത അവസ്ഥയും ലേഖകൻ പ്രതിപാദിക്കുന്ന സത്യൻ അന്തിക്കാടും കുടുമ്പവും ഉൾപ്പെടുന്ന കൃഷിക്കാർ അനുഭവിക്കുന്നുണ്ടെന്ന് എത്രപേർക്ക്‌ അറിയാം? )

ബോധപൂർവ്വമോ അല്ലാതെയോ സിനിമയിൽ ന്യൂനപക്ഷങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നു എന്ന് പറയുവാൻ വിചിത്രമായ ന്യായങ്ങൾ നിരത്തുന്ന ലേഖകൻ മുനീർ അഭിനയിച്ച പാട്ടുരംഗം ഒഴിവാക്കുവാനും മറ്റും ഉണ്ടായ വിവാദങ്ങളെ സൗകര്യപൂർവ്വം മറക്കുന്നുമുണ്ട്‌.എന്തുകൊണ്ട്‌ ഒരു മുസ്ലീം-ഹിന്ദു പ്രണയകഥ നമ്മുടെ സിനിമകളിൽ ഒഴിവാക്കപ്പെടുന്നു എന്നതും ഈ പ്രസിദ്ധനിരൂപകന്റെ ബോധമണലതെ എന്തുകൊണ്ട്‌ സ്പർശ്ശിക്കാതെ പോകുന്നു എന്നതിൽ സന്ദേഹത്തിനു പ്രസസ്ക്തിയില്ല.കാരണം അദ്ദേഹത്തിന്റെ വരികൾ ലക്ഷ്യമിടുന്നത്‌ മറ്റൊന്നാണ്‌.എനികിലും ചോദിച്ചുകൊള്ളട്ടെ ഒരു ഹിന്ദു പയ്യൻ ഒരു മുസ്ലീം പെണ്ണിനെയോ മറിച്ചോ പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ കഥാതന്തുവാക്കി ഒരു ചിത്രം ഉണ്ടായാൽ എന്തുസംഭവിക്കും എന്നു ലേഖകനു പറയാൻ പറ്റുമോ?മാധവിക്കുട്ടി/കമലാസുരയ്യ മതം മാറിയപ്പോൾ നടത്തിയ ചില പരാമർശങ്ങൾ ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സാധിക്കുമെങ്കിൽ ആ സമയത്ത്‌ മാതൃഭൂമി വാരാന്ത്യത്തിലോ മറ്റോ വന്ന ഇന്റർവ്യൂ ഒന്ന് തപ്പിയെടുത്താൽ കാണാം. അതുപ്പോലെ വണ്ടിക്കാളകൾ എന്ന നോവൽ ജി.പി ഒരുവട്ടം വായിക്കുന്നത്തും തന്റെ ലേഖനത്തിനു ഉപയോഗിച്ച മാനദണങ്ങൾ വച്ച്‌ അതിനെ വിലയിരുത്തുന്നതും നന്നായിരിക്കും.മാധവിക്കുടിയുടെ/കമലാസുരയ്യയുടെ മതം മാറ്റം മറ്റൊരിടത്തുനിന്നും ഹിന്ദുമതത്തിലേക്ക്‌ ആയിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്നും വെറുതെ അല്ല വെറുതെ ഒന്നു ചിന്തിക്കുക കൂടെ ചെയ്യുക.

ലേഖകൻ പറയുന്നതുപോലെ ഒരു അപരത്വം നിലനിൽക്കുന്നു എങ്കിൽ എന്തുകൊണ്ട്‌ ഈ അപരത്വം സൃഷ്ടിക്കപ്പെടുന്നു എന്നുകൂടെ സ്വയം വിമർശനപരമായും വസ്തുനിഷ്ഠമായും വിലയിരുത്തേണ്ടതുണ്ട്‌.ഇത്തരം ഒരു അപരത്വം രൂപപ്പെടുന്നത്‌ കേവലം മാധ്യമ/രാഷ്ടീയ സിന്റിക്കേറ്റിന്റെ മാത്രം പ്രവർത്തനം കൊണ്ടാണോ?ഇത്തരം ഒരു അവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ അതു സൃഷ്ടിച്ചെടുക്കുന്നതിൽ ആ വിഭാഗങ്ങൾക്ക്‌ യാതൊരു പങ്കുമില്ലേ? ഇവിടെ എല്ലാ സമുദായങ്ങൾക്കും സമത്വത്തോടെ ജീവിക്കുവാൻ ഉള്ള അവകാശവും സാഹചര്യവും ഉണ്ട്‌.കടുത്ത ജാതിവ്യവസ്ഥിതിനിലനിന്നിരുന്നപ്പോളും ഇന്നത്തെ "ന്യൂനപക്ഷങ്ങളെ" ഉയർന്ന ജാതിക്കാർ നല്ലരീതിയിൽ ഗൗനിച്ചിരുന്നു എന്നത്‌ കാണാതിരിക്കരുത്‌.പഴയകാലത്ത്‌ താഴ്‌ന്ന ജാതിയിൽപെട്ടവർക്ക്‌ ചിരട്ടിൽ ചായകൊടുത്തിരുന്ന ചായക്കടകൾ ഉണ്ടായിരുന്നു എന്നാൽ അക്കാലത്ത്‌ നായർ മുതൽ മുകളീലേക്ക്‌ ഉള്ള ജാതിക്കാർക്കെന്നപോലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഗ്ലാസ്സിൽ ചായകുടിക്കുവാൻ കഴിഞ്ഞിരുന്നു.ഇതൊരു ചെറിയ ഉദാഹരണം മാത്രം.

സിനിമയിൽ മാത്രമല്ല സമൂഹത്തിന്റെ സംസ്ഥ മേഖലയിലും ബോധപൂർവ്വം ഒറ്റപ്പെടുത്തുന്നു എന്ന് പറയുവാൻ സിനിമയിൽ നിന്നും സി.പി.എം & സമകാലിക രാഷീയത്തിലേക്കും ലേഖകൻ സഞ്ചരിക്കുന്നു. മാർക്കിസത്തോടു മദനിയുടെ പ്രസ്ഥാനത്തെ ചേർത്തുകെട്ടിക്കൊണ്ടൊരു വിചിത്രമായ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞു പൊതുജനം നിരസ്സിച്ചതിനു ലേഖകൻ തന്റേതായ വക്രന്യായങ്ങൾ നിരത്തുന്നുണ്ട്‌.( സാധാരണക്കാർ മാത്രമല്ല പാർട്ടി അണികളിലെ താഴെക്കിടയിൽ ഉള്ളവർ പോലും ആ കൂട്ടുകെട്ടിന്റെ അപകടം തിരിച്ചറിയുമ്പോഴും ഇദ്ദേഹത്തെപോലുള്ളവർ അതു തിരിച്ചറിയാതെ പോകുന്നത്‌ വിചിത്രം തന്നെ) അതിനു പഴിചാരുന്നത്‌ പുതുതായി "രൂപപ്പെട്ട" (ലേഖകന്റെ കണ്ടെത്തൽ) മാധ്യമ-രഷ്ടീയ-സാംസ്കാരിക-മതമുന്നണിയാണുപോലും!!

ഇക്കഴിഞ്ഞ ലോൿസഭാ തിരഞ്ഞെട്ടുപ്പിൽ ഉണായ ഏവും സുപ്രധാനമായ കൂടുകെട്ടു സി.പി.എം- പി.ഡി.പി ബന്ധമല്ല: മറിച്ച്‌ കമ്യൂണിസ്റ്റു വിരുദ്ധരുടേയും മുസ്ലീം വിരുധരുടേയും കൂടായമയാണു നിരീക്ഷിക്കുന്ന ലേഖകൻ. മദനിയുടെ മാർക്കിസ്റ്റു കൂട്ടുകെട്ടിനെ തുറന്നുകാണിച്ച മാധ്യമങ്ങൾ ഉമാൂണ്ണിയുടേ മാർക്കിസ്റ്റു വേദിപങ്കിടലിനെ വേണ്ടവിധം ഉത്ഘണ്ടപ്പെടുന്നില്ല എന്നും പറയുന്നു.ഉമാ ഉണ്ണിയെ പ്പോലുള്ളവരെ/അവരുടെ വോട്ടിനെ (ഏറിയാൽ അയ്യായിരത്തിൽ അധികം വോട്ടു വരുമോ?) സി.പി.എം സ്വീകരിക്കുന്നു എങ്കിൽ അത്‌ സി.പി.എം എന്ന സംഘടനക്ക്‌ വന്ന ദുരവസ്ഥയെ ആണ്‌ വ്യക്തമാക്കുന്നത്‌.ലേഖകൻ വ്യക്തമാക്കുന്നത്‌ ശരിയാണെങ്കിൽ മാറാട്ടുനിന്നും നേതാക്കന്മാരെ ചൂലെടുത്ത്‌ ആട്ടിപ്പായിച്ച കടുത്ത വർഗ്ഗെയനിലപാടുള്ള ഒരു സ്ത്രീയാണവർ. അത്തരം വോട്ടുകൾ ഞങ്ങൾക്ക്‌ വേണ്ട എന്ന് പറയുവാൻ ഉള്ള ആർജ്ജവം കാണിക്കാതെ അതു രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുന്നത്‌ അവരുടെ വർഗ്ഗീയ വിരുദ്ധ നിലപാടിനു സംഭവിച്ച ജീർണ്ണതയെ വ്യക്തമാക്കുന്നു. ഒരു പക്ഷെ അത്രത്തോളം തരം താഴാത്തതിനാലാകാം ജനം മറിച്ച്‌ വോട്ടുചെയ്തതും. മദനി-സി.പി.എം ബന്ധം പ്രധാനവാർത്തയാകി ഇതിന്റെ മറവിൽ സൗകര്യപൂർവ്വം ലാവ്‌ലിൻ അഴിമതിക്കേസ്‌ വാർത്തക മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു എന്നും സംശയിച്ചുകൂടെ?

മാധ്യമങ്ങൾ നൂറുശതമാനം നിഷ്പക്ഷവും കൃത്യതയുമാർന്ന രിപ്പോർട്ടുകൾ ആണ്‌ നമുക്ക്‌ മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് തീർത്തുപറയുക വയ്യ.മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും അഹിരുകടക്കാറുണ്ടെന്നും അതിഭാവുകത്വതോടെ വാർത്തകൾ ചമക്കാറുണ്ടെന്നും സ്വയം തോന്നാറുണ്ട്‌. ഏതെങ്കിലും വിഭാഗം ഉൾപ്പെടുന്ന കേസുകളെ മാധ്യമങ്ങൾ പെരുപ്പിച്ചുകാണിക്കുന്നു എന്ന വാദം ശരിയല്ല.കള്ളനോട്ടുകേസിൽ പെടുന്നവനും,വ്യാജപാസ്പോർട്ട്‌ കേസിൽ പെടുന്നവനും രാജ്യത്തിനെതിരായി കടുത്തകുറ്റം തന്നെ ആണ്‌ ചെയ്യുന്നത്‌.തീർച്ചയായും അത്തരക്കാരെ സമൂഹത്തിനു മുമ്പിൽ തുറന്നുകാണിക്കേണ്ടതുണ്ട്‌.എന്നാൽ ഇതിനെ ജില്ലയുടേയും ജാതിയുടേയും പേരിൽ മാധ്യമങ്ങൾ പൊലിപ്പിച്ചുകാണിക്കുന്നു,എല്ലാ മാധ്യമങ്ങളും ഓക്കെട്ടായി ഏതെങ്കിലും വിഭാഗങ്ങളെകുറിച്ച്‌ നിരന്തരം വാർത്തകൾ നൽകുന്നൂ എന്നൊക്കെ പറയുന്നതിനോട്‌ ഒരുനിലക്കും യോജിക്കുവാൻ കഴിയില്ല.മലയാളമനോരമയും,മാധ്യമവും,ദേശാഭിമാനിയും എല്ലാം മലയാള പത്രങ്ങളിലെ മുൻ നിരക്കാരായി നിൽക്കുംബൊൽ ഇതു എത്രമാത്രം സത്യമാകും?
എന്തുകൊണ്ട്‌ പത്തനം തിട്ടയിൽനിന്നും,കോട്ടയത്തുനിന്നും ബോംബ്‌,വയാജ പാസ്പോർട്ട്‌, കള്ളനോട്ട്‌,ഹവാല/ഹുണ്ടി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കേസുകൾ താരതമ്യേന കുറവും മലബാറിൽ ഇതു ഭീകരമായ വിധം വർദ്ധനവും രേഖപ്പെടുത്തുന്നു? ഇത്തരം രജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരെ തുറന്നുകാണീക്കേണതില്ലേ?

ഒരു റൗടിയെ അവൻ ഉൾപ്പെടുന്ന മതത്തിന്റെ പ്രതിനിധിയായി ഒരിക്കലും സാമാന്യജനം കാണുകയില്ല.എന്നാൽ മതത്തിന്റെ പേരിൽ റൗടികൾ അഴിഞ്ഞാടുമ്പോൾ സമൂഹം ആ മതത്തെ സംശയത്തോടെ വീക്ഷിക്കും എന്നത്‌ വാസ്തവം.ഭൂരിപക്ഷ സമുദായത്തിന്റെ സംഘടിതമായ ആക്രമണത്തിനു വിധേയരായ ന്യൂനപക്ഷങ്ങൾ ആ സമുദായത്തിൽ പെട്ടവരെ ഭയത്തോടെയും വെറുപ്പോടെയും കാണും എന്നതിൽ സംശയം ഇല്ല.മറിച്ച്‌ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിപക്ഷവും ഇത്തരത്തിൽ ന്യൂനപക്ഷത്തെയും നോക്കിക്കാണും.ഇതാരും പ്രത്യേകം മാധ്യമ പരിശീലനം നൽകിയതുകൊണ്ടല്ല സംഭവിക്കുന്നത്‌. എന്നാൽ ഇത്തരം കാര്യങ്ങളെ വിഷലിപ്തമാക്കിക്കൊണ്ട്‌ പ്രചരിപ്പിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു എന്നുമാത്രം.നാടോടികൾ നിരന്തരമായി മോഷണങ്ങൾ നടത്തുന്നു എന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ അത്തരക്കാരെ സംശയത്തോടെ നിരീക്ഷിക്കുക എന്നത്‌ ഒരു സാധാരണ സംഭവമാണ്‌.മോഷ്ടാവിനെ ജനം കൈകാര്യം ചെയ്യുന്നത്‌ അവന്റെ ജാതിയും കുലവും ദേശവും നോക്കിയല്ല.

മനുഷ്യരിൽ ദേശീയ ബോധവും രാജ്യത്തോടുള്ള കൂറും അനിവാര്യമാണ്‌.അതുപക്ഷെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയാണെന്ന രീതിയിൽ ഉള്ള പ്രചരണം തെറ്റുമാണ്‌.അന്ധമായ മതവിദ്വേഷത്തിൽ ഊന്നിയ ദേശീയത അപകടകരമാണ്‌. ഉന്മാദദേശീയത/വർഗ്ഗീയത തീർച്ചയായും ചെറുക്കപ്പെടേണ്ടതുമാണ്‌. വ്യക്തമായ ഒരു ജനാധിപത്യബോധത്തിൽ ഊന്നിയ ദേശീയത അനിവാര്യവുമാണ്‌. മത/രാഷ്ടീയ മൗലീകവാദം പലപ്പോഴും ദേശീയതയ്ക്കും മുകളിൽ മതത്തെ/പാർട്ടിയെ നിർത്തുകയും ഇതിന്റെ ഫലമായി അറിഞ്ഞോ അറിയാതെയോ പലരും ദേശീയവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ ഫലം കൂടിയാണ്‌ ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്ന തീവ്രവാദത്തിന്റെ ഒരു കാരണമെന്ന് എനിക്ക്‌ തോന്നുന്നു.(ആദിവാസി/കുടിയിറക്കപ്പെട്ടവർ/താഴെത്തട്ടിൽ ഉള്ള അവഗണിക്കപ്പെട്ടവർ തുടങ്ങിയവരുടെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളെ ഈ ഗണത്തിൽ പെടുത്തരുത്‌.)എന്നാൽ മതാധിഷ്ടിതമായ ഒരു കാഴ്ചപ്പാടോടെ നടത്തുന്ന എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയും അതിജീവനത്തിന്റെ/പ്രതിരോധത്തിന്റെ പട്ടികയിൽ പെടുത്തുന്ന പ്രവണത ശരിയല്ല.ഇത്‌ വർഗ്ഗീയതയെ വളർത്തുകയെ ഉള്ളൂ.

ലേഖകൻ പറയുന്നതുപോലെ/ആ മാനദണ്ടത്തിൽ അതിഷ്ഠിതമായി ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ ഒരു അപരവൽക്കരണം കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നില്ല.എന്നാൽ സ്വജാതിസ്നേഹം ഓരോ വിഭാഗത്തിനും ഉള്ളിൽ ഇല്ലെന്ന് പറയുവാനും വയ്യ.അതൊരു സത്യവുമാണ്‌.(എന്നാൽ അതു ചിലവിഭാഗങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നും മറുവിഭാഗം അത്തരത്തിൽ അല്ലെന്നും പറയുന്നത്‌ ബാലിശമാണ്‌. ഹിന്ദുക്കൾക്കിടയിലും,കൃസ്ത്യാനികൾക്കിടയിലും,മുസ്ലീംങ്ങൾക്കിടയിലും തന്നെ വിവിധ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസവും ചില ഘട്ടങ്ങളിൽ എങ്കിലും അതു സംഘട്ടനങ്ങളിലും വരെ എത്തുന്നത്‌ നാം കാണുന്നില്ലെ?) അതുപക്ഷെ കേരളീയസമൂഹത്തിലോ ഏതെങ്കിലും ജാതിയിലോ മാത്രം ഒതുങ്ങുന്നില്ല. വടക്കേ ഇന്ത്യക്കാരനു തെക്കേ ഇന്ത്യക്കാരനോടുള്ള അകൽച്ചയും,മലയാളിക്ക്‌ തമിഴനോടും തിരിച്ചും ഒക്കെ ഉള്ള അകൽച്ചായും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്നു. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും വരുന്ന ഹിന്ദുവിനു പക്ഷെ മഹാരാഷ്ട്രാ വാദിക്കു മുമ്പിൽ പ്രത്യേക പരിഗണനയില്ല എന്നത്‌ ഒരു വാസ്ഥവം അല്ലേ? അവരിൽ നിന്നും മറ്റു സംസ്ഥാനക്കാർ നിരന്തരം വിവേചനം നേരിടുന്നില്ലേ?

ഹിന്ദുവും കൃസ്ത്യാനിയും, മുസ്ലീമുമായ നിരവധി സുഹൃത്തുക്കൾ ഉള്ള ആത്തരം ആളുകൾക്കിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എനിക്കു പക്ഷെ ലേഖകൻ മുന്നോട്ടുവെക്കുന്ന രീതിയിൽ ഉള്ള ഒരു ചിന്ത ഞങ്ങളിൽ ആരെങ്കിലും വച്ചുപുലർത്തുന്നതായി തോന്നിയിട്ടില്ല.പ്രവാസലോകത്ത്‌ ചെറിയ മുറിയിൽ ജീവിക്കുന്ന,രാവിലെ മുതൽ രാത്രിവരെ തൊഴിലെടുത്ത്‌ വൈകീട്ട്‌ ഒന്നോ രണ്ടൊ കുബ്ബൂസും കഴിച്ചു അൽപസമയം ടി.വികണ്ട്‌ തളർന്നുറങ്ങുന്നവർക്ക്‌ മേൽപ്പറഞ്ഞ രീതിയിൽ നടന്റെ ജാതി ചിന്തിച്ച്‌ സിനിമ ആസ്വദിക്കുവാൻ കഴിയില്ല.കടൽ കടന്ന് വന്ന് ജീവിതം മുന്നോട്ടുനീക്കുവാൻ പ്രയത്നിക്കുന്നവന്റെ വിഷമവും സങ്കടവും സന്തോഷവും ഒന്നാണ്‌.അവിടെ ജാതിയും മതവും അല്ല മനുഷ്യത്വം എന്ന ഏകത്വമാണ്‌ അവനെ ഒരുമിപ്പിക്കുന്നത്‌.

സിനിമ എന്ന കലയെ നിരൂപണം നടത്തുമ്പോൾ എന്തൊക്കെയാണ്‌ സാധാരണഗതിയിൽ താങ്കൾ മാനദണ്ടമായി എടുക്കാറുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.അതിലെ നായകന്റെയും നായികയുടേയും പേരും ജാതിയും കഥാപാത്രനാമങ്ങളും ആണോ? എഴുതിയവന്റേയും സംവിധായകന്റേയും പ്രദർശ്ശിപ്പിക്കുന്ന തീയേറ്ററിന്റേ ഉടമയുടെയും വരെ ജാതിയും ഉപജാതിയും ആണോ? ജീവിതത്തിന്റെ സകല മേഘലകളേയും ഇത്തരത്തിൽ വർഗ്ഗീയമായി കാണുവാൻ പഠിപ്പിക്കുന്ന വർഗ്ഗീയവാദത്തിന്റെ വക്താക്കളുടെ അജീർണ്ണം ബാധിച്ച ചിന്തകൾ പുറത്തുവിടുന്ന വികലമായ നിരീക്ഷണങ്ങൾ നാം നിരന്തരം കാണാറുണ്ട്‌.എന്നാൽ അത്തരം ആളുകളെ കടത്തിവെട്ടുന്നതായിപ്പോയി ജി.പിയുടേ ലേഖനത്തിലെ പരാമർശങ്ങൾ.സിനിമയെ കൂടുതൽ നന്നായി എങ്ങനെ ആസ്വദിക്കാം എന്നും സിനിമയുടെ വിവിധവശങ്ങൾ എന്തൊക്കെയാണെന്നും പ്രേക്ഷകനു പറഞ്ഞുകൊടുക്കുവാൻ ശ്രമിക്കുക എന്നതിനുപകരം സിനിമയെ എങ്ങിനെ വർഗ്ഗീയമായി വിലയിരുത്താം എന്ന പിന്തിരിപ്പൻ അത്യന്തം അപ്കടകരമായതുമായ ചിന്തകൾ പ്രേക്ഷകനിലേക്ക്‌ എത്തിക്കുവാനാണ്‌ ലേഖകൻ ശ്രമിക്കുന്നതെന്നാണെനിക്ക്‌ മനസ്സിലാകുന്നത്‌.കലാസ്വാദനത്തിൽ വർഗ്ഗീയതയുടെ വിഷം കുത്തിവെക്കുന്ന പ്രവണതകൾ തിരിച്ചറിയേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്‌.ഇത്തരത്തിൽ സിനിമയെ വർഗ്ഗീയമായി നോക്കിക്കാണേണ്ടതുണ്ടോ? അതിനെ പ്രോത്സാഹിപ്പിച്ചാൽ കലയിലും സാഹിത്യത്തിലും വർഗ്ഗീയത കലരുകയും, അനാരോഗ്യകരമായ പ്രവണതയിലേക്ക്‌ കൊണ്ടെത്തിക്കില്ലേ?


NB:ജി.പി എന്ന നിരൂപകനോടും സുഹൃത്തിനോടും ഉള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട്‌ എന്നാൽ അദ്ദേഹത്തിന്റെ ലേഖനത്തിലെ ആശയത്തോൂള്ള ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുവാനാണ്‌ ഇത്രയും എഴുതിയത്‌.

Tuesday, May 19, 2009

ഉത്സവാരവങ്ങൾ ഒഴിയുമ്പോൾ

ആളും ആനകളും ആരവങ്ങളും മേളങ്ങളും അവസാനിച്ചുകൊണ്ട്‌ മറ്റൊരു പൂരക്കാലംകൂടെ കഴിഞ്ഞിരിക്കുന്നു.പ്രവാസിയായ ഏതൊരു ആനപ്രേമിക്കും പൂരപ്രേമിക്കും നഷ്ടപ്പെടുന്നത്‌ ജീവിതത്തിലെ അസുലഭമായ അനിർവചനീയമായ അനുഭവങ്ങളാണ്‌.മറ്റുപലർക്കും മനസ്സിലാക്കാൻ കഴിയാത്ത ആ നഷ്ടത്തെ പറ്റി പക്ഷെ സമാനമനസ്ക്കർക്ക്‌ തിരിച്ചറിയുവാൻ കഴിയും. നെറ്റിപ്പട്ടവും കുടമണികളും ചാർത്തി സ്വർണ്ണത്തിളക്കമുള്ള ദേവീദേവ രൂപങ്ങഗളോടുകൂടിയ കോലമേന്തി ഗരിമയോടെ തലയുയർത്തിനിൽക്കുന്ന ഗജവീരന്മാരെ മുൻ നിരയിൽ നിന്നു വീക്ഷിക്കുക എന്നതും ശിങ്കാരിമേളത്തിന്റെ ലഹരിയിൽ സ്വയം മറന്ന് ആടുന്നതും,പഞ്ചവാദ്യത്തിനും പാണ്ടിമേളത്തിനും അനുസരിച്ച്‌ വായുവിൽ കയ്യുയർത്തി താളമിടുന്നതിന്റേയും എല്ലാം ഓർമ്മകൾ അവന്റെ മനസ്സിലൂടേ കടന്നു പോകുന്നു.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,മന്ദലാംകുന്ന് അയ്യപ്പൻ,കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ തുടങ്ങിയ ഗജസൗന്ദര്യത്തിന്റെ മുൻനിരതാരങ്ങളും.പുത്തൻകുളം അനന്ദപത്മനഭൻ,ചെപ്ലശ്ശേരി പാർത്ഥനും, ചുള്ളിപ്പറമ്പിൽ വിഷ്ണുവും പോലുള്ള യുവകേസരികൾ ആരാണു തലയെടുപ്പിലെ കേമൻ എന്ന് മാറ്റുരക്കുന്നതും എല്ലാം മനസ്സിൽ മിന്നിമറിയുമ്പ്പൊൾ അറിയാതെ ഉള്ളിൽ ഒരു നഷ്ടബോധം തോന്നും.

നാട്ടിലെ ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോളെ പ്രവാസിയുടെ മനസ്സിൽ മേളം കൊട്ടൽ തുടങ്ങും.ഉത്സവാരവങ്ങളിൽ നേരിട്ടു പങ്കാളിയാകുവാൻ കഴ്യില്ലെങ്കിലും അവൻ അതിന്റെ നടത്തിപ്പിനായി ചെറുതും വലുതുമായ തുകകൾ അയച്ചുകൊടുക്കുന്നു. ഉത്സവങ്ങൾ ടി.വി വാർത്ത്കളിലൂടെയും ഇടക്ക്‌ നാട്ടിൽ നിന്നും വരുന്ന സുഹൃത്തുക്കൾ കൊണ്ടുവരുന്ന പൂരത്തിന്റെ സി.ഡികൾ കണ്ട്‌ ആവേശംകൊള്ളുന്നു.ഓരോ ഉത്സവത്തിനും ആരു തിടമ്പേറ്റും ആരു വലംകൂട്ടും ഇടം കൂട്ടും നിൽക്കും എന്നിങ്ങണെ ഉത്സവപ്പറമ്പുകളിൽനിന്നും ഉള്ള ഓരോവാർത്ത്കൾക്കും ആയി അവൻ കാതോർക്കുന്നു.

കഴിഞ്ഞ രണ്ടുവർഷം മലയാളക്കരയിലെ ഉത്സവപ്പറമ്പുകൾ പല വിധ ദുരന്തങ്ങൾക്കും സാക്ഷ്യമാകേണ്ടിവന്നു. മൂന്നോ നാലോ ഗൗരവമായ പ്രശ്നങ്ങൾക്കപ്പുറം ഏതായാലും ഇത്തവണ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയാം.അതിൽ ശ്രദ്ധിക്കപ്പെട്ടത്‌ തെച്ചിക്കോട്ടുകാവു രാമചന്ദ്രനുമായി ബന്ധപ്പെട്ടായിരുന്നു.ആനകൾക്കിടയിലെ മംഗലശ്ശേരി നീലകണ്ടൻ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ കുറച്ചു ദിവസത്തേക്ക്‌ കോടതി വിലക്കിയപ്പോൾ ഒരു പക്ഷെ നൊന്തത്‌ നാട്ടിലുള്ളവരേക്കാൾ ഇങ്ങ്‌ കടലിനിക്കരെയുള്ളവരുടെ.തൃശ്ശൂർ ജില്ലയിലെ മാമ്പുള്ളിക്കാവിലെ ഉത്സവത്തിൽ തിടമ്പേറ്റി തലയെടുപ്പോടെ അവൻ നിലകൊള്ളുന്നത്‌ കണ്ട്‌ ആഹ്ലാദിച്ചവർ പക്ഷെ അതിന്റെ രണ്ടാം പക്കം ഒരുതവണകൂടെ കാണുമ്പോഴേക്കും ആ വാർത്തകെട്ട്‌ ഞെട്ടി.കരണം അതിന്റെ അടുത്തദിവസം ആണ്‌ അവന്റേതല്ലാത കാരണത്തൽ ഒരു കൊലപാതം തലയിൽ വന്നുപെട്ടതും കോടതി അവനെ ഉത്സവങ്ങളിൽ നിന്നു വിലക്കിയതും.മലയാളക്കരയിൽ ആനകളിലെ ചക്രവർത്തിയായി വിലസുന്ന രാമചന്ദ്രനെ സ്ഥിരമായി നിരോധിക്കുമോ? നാട്ടിലേക്ക്‌ പലയിടങ്ങളിലേക്ക്‌ പലർക്കായി നിരവധി ടെലിഫോൺകോളുകൾ.e4-elephent പരിപാടി നടത്തുന്ന ശ്രീകുമാർ അരൂകുട്ടി സാറിനോടും കണ്ടമ്പുള്ളി സുന്ദരേട്ടൻ ഉൾപ്പെടെ ഈ രംഗത്തുള്ള പലരോഡും അന്വേഷിചു.ആർക്കും വ്യക്തമായ മറുപടിയില്ല.അസ്വസ്ഥമായ മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കിയവരെ സമാധാനിപ്പിച്ചുകൊണ്ട്‌,അവരുടെ ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്‌ ഒടുവിൽ അവൻ വീണ്ടും തലേക്കെട്ടണിയുന്നു എന്ന വാർത്ത വന്നു.പൂർവ്വാധികം തലയെടുപ്പോടെ അവൻ ഉത്സവപ്പറമ്പുകൾ കീഴടക്കുന്ന കാഴ്ച ആനപ്രേമികളെ കോരിത്തരിപ്പിച്ചു.

ഉത്രാളിക്കാവും,ചിറവരമ്പത്തുകാവും,ചിനക്കത്തറയും,ആയിരം കണ്ണിയും, ഗുരുവായൂർ ആനയോട്ടവും,ആറട്ടുപുഴയിലെ ദേവസംഗമവും,പറപ്പൂക്കാവും,നെന്മാറവല്ലങ്ങിയും കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം എത്തുന്നു.പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടി ശിവസുന്ദർ തിടമ്പേറ്റി മഠത്തിലെ വരവിനു നേതൃത്വം നൽകുന്നതും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം പ്രവാസി സ്ക്രീനിലൂടെ കണ്ട്‌ തൃപ്തിയടയുന്നു.ഒടുവിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം കഴിയുന്നതോടെ ഈ വർഷത്തെ ഉത്സവാരവങ്ങൾക്ക്‌ അവസാനിക്കുന്നു.ഇനി ആരവങ്ങൾ ഒടുങ്ങാത്ത മനസ്സുമായി അടുത്തവർഷത്തെ ഉത്സവങ്ങൾക്കായി കാത്തിരിക്കുന്നു.

Sunday, May 17, 2009

യു.ഡി.എഫിനു അനർഹമായ വിജയം.

കേരളത്തിൽ യു.ഡി.എഫിനുണ്ടായ വിജയം അവർക്കനുകൂലമായ തരംഗം ആണെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.അഴിമതിയുടെ കാര്യത്തിലായാലും ഭരണപരമായ മികവിന്റെ കാര്യത്തിലായാലും അവരെ ജനം എങ്ങിനെ വിലയിരുത്തി എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണ്‌. മറ്റൊരു "ഓപ്ക്ഷൻ" ഇല്ലാത്തതിനാൽ ജനങ്ങൾ അവർക്ക്‌ വോട്ടുചെയ്തു എന്നേ കരുതാനാകൂ.

സി.പി.എം നേതാക്കളിൽ ചിലരുടെ മാടമ്പിസ്വഭാവം മൂലം എൽ.ഡി.എഫിലെ ഘടകകക്ഷികൾ പിണങ്ങിപ്പോകുകയോ ഒതുക്കപ്പെടുകയോ ചെയ്തതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങൾ.മാധ്യമങ്ങൾ പ്രധാനമായും സി.പി.എംന്റെയു ഇടതുപക്ഷത്തിന്റേയും ഉള്ളിലെ പ്രശനങ്ങളെ ജനങ്ങളുടെ മുമ്പിൽ പരമാവധി തുറന്നുകാട്ടി.ഇത്‌ വലിയ ഒരു തിരിച്ചടിക്ക്‌ കാരണമായി.പ്രത്യേകിച്ചും ലാവ്‌ലിൻ വിഷയത്തിൽ ഉണ്ടായ ചർച്ചകളും വിവാദങ്ങളും എല്ലാം അതീവഗുരുതരമായി മാറി. മദനിയുമായി വേദിപങ്കിട്ട്‌ മലപ്പുറം പിടിച്ചടക്കാനുള്ള ശ്രമം ഇന്നാട്ടിലെ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പിനെ ക്ഷണിച്ചുവരുത്തി. വളരെ പ്രതീക്ഷയോടെ വി.എസ്സിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെങ്കിലും പ്രതീക്ഷിച്ചതൊന്നും ലഭിക്കാത്ത ഒരു ഭരണത്തിനോടുള്ള ജനങ്ങളുടെയും പാർട്ടിയണികളുടേയും പ്രതിഷേധം കൂടിയായപ്പോൾ അതവർ യു.ഡി.ഏഫിനു കുത്തി തീർത്തു.

എന്നാൽ ഇതു യു.ഡി.എഫിന്റെ പ്രവർത്തന മികവായോ അവരുടെ സ്ഥാനാർത്ഥികളുടെ കഴിവായോ കാണേണ്ടതില്ല. സത്യത്തിൽ അവർ ഒട്ടും അർഹിക്കാത്ത വിജയം ആണിത്‌.മുമ്പ്‌ യു.ഡി.എഫ്‌ സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ നൂറുസീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്‌ അധികാരത്തിൽ വന്നതിനു തുല്യമായ ഒരു അവസ്ഥയായി ഇതിനെ കാണാൻ കഴിയൂ. അല്ലെങ്കിൽ ഇന്നേവരെ ഒരു ഇലക്ഷനിലും ജയിച്ചിട്ടില്ലാത്ത എം.ഐ ഷാനവാസും, ശശിതരൂരും ഒക്കെ ഇത്രക്ക്‌ ഭൂരിപക്ഷത്തിൽ വിജയിക്കുമായിർന്നോ?

യു.ഡി.എഫിന്റെ വിജയത്തിലെ മറ്റൊരു പ്രധാന ഘടകം ലീഡർ/മോൻ ഗ്രൂപ്പ്‌ ആക്ടീവായിരുന്നില്ല എന്നതാണ്‌.ഇത്‌ ഒരു പരിധിവരെ അവരുടെ എല്ലാ സ്ഥാനർത്ഥികൾക്കും അനുകൂലമായി.ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഗ്രൂപ്പുകൾ പരസ്പരം പാരവെച്ച്‌ സ്വയം നശിക്കുമായിരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന്റെ അവസ്ഥ ഒന്ന് ഓർത്താൽ മതി.ഇന്ന് അതേ ദുരവസ്ഥയിലേക്ക്‌ എൽ.ഡി.എഫ്‌ എത്തിച്ചേർന്നിരിക്കുന്നു.

നിഷ്പക്ഷമായ ഒരു വിലയിരുത്തൽ നടത്തുന്ന ഏതൊരാൾക്കും പറയുവാൻ കഴിയും ഇത്‌ യു.ഡി.എഫ്‌ അർഹിക്കുന്ന വിജയം അല്ല എന്ന്.എന്നാൽ എൽ.ഡി.എഫ്‌ പ്രത്യേകിച്ചും സി.പി.എം പിണറായി വിഭാഗം അർഹിക്കുന്ന പരാജയം ആണെന്നും പറയാം.പാർട്ടി അണികൾക്കപ്പുറം തിരഞ്ഞെടുപ്പിൽ ജയപരാജയം നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കുള്ള നിഷ്പക്ഷനിലപാടുള്ള ജനം ഇനിയും വി.എസ്സിനെ പ്രതീക്ഷയോടെ ആണ്‌ കാണുന്നത്‌, അവരുടെ പ്രതീക്ഷ പിണറായിയുടെ വിഭാഗത്തിലല്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ നൽകിക്കൊണ്ടു മുന്നോട്ടുപോയില്ലെങ്കിൽ ഇനിയും ഇത്തരം തിരിച്ചടികൾ ഉണ്ടാകും എന്നത്‌ നിസ്സംശയം പറയുവാൻ കഴിയും.

Saturday, May 16, 2009

മക്കളേ പൊന്നാനിയിൽ തോറ്റു മക്കളേ....

പൊന്നാനിയിൽ നമ്മുടെ പടനായകൻ തോറ്റുമക്കളേ...നമ്മളെ തോൽപിച്ചു മക്കളേ...

കേരളജനതയുടെ മുഴുവൻ വികാരവും പൊന്നാനിക്കാർ ഏറ്റെടുത്തുകൊണ്ട്‌ കേരളത്തിൽ അവിശുദ്ധകൂട്ടുകെട്ടുകളുടേ പരാജയം ഉറപ്പുവരുത്തിക്കൊണ്ട്‌ ഒടുവിൽ ഇതാ ആ ഫലം വന്നിരിക്കുന്നു.ജാതിമത ബേധമന്യേ ഒറ്റക്കെട്ടായി രണ്ടത്താണിയെ തോൽപ്പിച്ചുകൊണ്ട്‌ കേരളത്തിനു മാതൃകയായിരിക്കുന്നു പൊന്നാനിക്കാർ. അവിടെ പൊതുജനം കണ്ടത്‌ ലീഗിന്റെ സ്ഥാനർത്ഥിയായിട്ടല്ല അല്ലെങ്കിൽ ഇതൊരു ലീഗിന്റെ വിജയം ആയിട്ടല്ല അവർ ആഘോഷിക്കുന്നതും.
വർഗ്ഗീയതയെ സംബന്ധിച്ചുള്ള ഇടാതു നിലപാടിലും നയങ്ങളിലും ബഹുദൂരം പിന്നിലേക്ക്‌ പോകേണ്ടിവന്നു ചിലവ്യക്തികളുടെ താൽപര്യം മുൻ നിർത്തിയുള്ള ഈ കൂട്ടുകെട്ടിനുവേണ്ടി.ഇടതുപക്ഷത്തിലെ നല്ല ഒരു വിഭാഗവും ഇതിനെതിരായിരുന്നു,ഇത്തരം അപകടം പിടിച്ച കൂട്ടുകെട്ടുകളെ വേരോടെ പിഴുതെറിയുന്നതിന്‌ പൊതുജനം കാണിച്ച ജാഗ്രതയെ അഭിനന്ദിക്കാതെ വയ്യ.

സഖാവ്‌ വി.എസ്സ്‌ അച്യുതാനന്ദനെ പോലുള്ളവർ മുതൽ ഇടതുപക്ഷത്തെ ഉറച്ച്‌ പിന്താങ്ങുന്ന സധാരണക്കാർ പോലും ഈ കൂട്ടുകെട്ടിനെ തുടക്കം മുതൽ അനുകൂലിച്ചിരുന്നില്ല എന്നുവ്‌ വേണം കരുതാൻ.താൽക്കാലികമായ വിജയം കണക്ക്‌ കൂട്ടിയിട്ട്‌ ഉണ്ടാക്കിയതാകാം ഈ ഒടുവിൽ പൊന്നാനികാരണം പലയിടത്തും തോൽക്കേണ്ട ഗതികേടും ഉണ്ടായി.ഘടകകക്ഷികളെ ഒതുക്കിയും പിണക്കിയും നടത്തിയ പൊന്നാനി പരീക്ഷണം പണ്ട്‌ ഇന്ത്യ നടത്തിയിരുന്ന റൊക്കറ്റ്‌ വിക്ഷേപണം പോലെ ആയിരിക്കുന്നു. അതു ഭും...ശൂന്യം. വട്ടപൂജ്യം...

വീരവാദങ്ങൾ: ആരാധ്യനായ ബഷീറിന്റെ കഥാപാത്രമായ എട്ടുകാലിമമൂഞ്ഞിനെ ഓർത്തുപോകുന്നു. ആനക്ക്‌ ഗർഭമുണ്ടായാലും അതും ഞമ്മളെന്നെ എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ ഇനി മാധ്യമങ്ങളിൽ ഇടം പിടിക്കും.യുഡി.എഫുകാർ നെഗളിക്കണ്ട. ഞങ്ങളുടെ നിഷേധവോട്ടുകൾ കോണ്ടാണ്‌ സി.പി.എം തോറ്റതും യു.ഡി.എഫ്‌ ജയിച്ചതും.ഞങ്ങളുടെ വോട്ടില്ലായിരുന്നേൽ കാണാമായിരുന്നു.വടകരയിൽ ഒരുലക്ഷത്തിൽ പരം വോട്ട്‌.കോഴിക്കോട്ട്‌ അമ്പതിനായിരം മറിച്ചൂന്നൊക്കെ കേൾക്കേണ്ടിവരുമല്ലോ ഭഗവാനേ......

കണ്ണൂർ വി.എസ്സിന്റേയോ വിമതന്മാരുടേയോ ജനതാദളിന്റേയോ കോട്ടയല്ല.അതുകൊണ്ട്‌ ആ പരിപ്പ്‌ വേവില്ല.ഇനിയിപ്പോൾ കണ്ണൂരിലെ പരാജപ്പെടാൻ കാരണം തൃശ്ശൂരിൽ നിന്നും കൊണ്ടുവന്ന അമ്പതിനായിരം ഗുണ്ടകൾ ചെയ്ത കള്ളവോട്ടാണെന്ന് പറയരുതേ!!

Wednesday, May 13, 2009

തിരഞ്ഞെടുപ്പ്‌ ഫലവും പ്രവചനക്കാരും.

പണ്ടൊരു പണിക്കർ പ്രസവത്തിനു മുമ്പെ രാശിവെച്ചുപറഞ്ഞൂത്രെ. കുട്ടി ആണാവും ഉറപ്പാ..ആ പിന്നെ ഈ കടലാസ്‌ ഉത്തരത്തിൽ വെക്കുക.എന്നിട്ട്‌ പ്രസവശേഷം തുറന്നുനോക്കുക.വീട്ടുകാർ അതുപ്രകാരം ചെയ്തു.പ്രസവിച്ചപ്പോൾ കുട്ടി പെൺകുഞ്ഞ്‌.കാരണവർ പണിക്കരെ വിളിച്ച്‌ കാര്യം തിരക്കി.
"ദാ ആ ഉത്തരത്തിൽ വെച്ച കടലാസ്‌ എടുത്ത്‌ വായിച്ചുനോക്ക. എനിക്ക്‌ അപ്പോളേ അറിയാമായിരുന്നു പെൺകുട്ടിയാവുന്ന്. പിന്നെനിങ്ങൾ ടെൻഷൻ അടിക്കണ്ടാന്ന് കരുതീട്ടാ അന്നേരം പറയാതിരുന്നേന്ന്..."

തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ അതിന്റെ ഭാഗമായി ആരുജയിക്കും തോൽക്കും എന്നൊക്കെ സാധാരണക്കാർ പരസ്പരം പറയുകയും പന്തയം വെക്കുകയും പതിവാണ്‌. എന്നാൽ അൽഭുതസിദ്ധികൾ ഉള്ളതെന്ന് തോന്നിപ്പിക്കുന്ന ചില വിദ്വാന്മാരുടെ പ്രവചനങ്ങൾ ഫലം വന്നതിനു മുമ്പ്‌ പുറത്തുവരാറില്ല.ഫലം വന്നതിനു ശേഷം ബാബ,അമ്മ,സിദ്ധൻ തുടങ്ങിപല പദങ്ങളിൽ അറിയപ്പെടുന്ന "ആൾദൈവങ്ങൾ"ഉം പിന്നെ ജ്യോതിശാസ്ത്ര വിദഗ്ദന്മാരും അല്ലെങ്കിൽ അവരുടെ ശിഷ്യന്മാർ രംഗത്തുവരാറുണ്ട്‌.നമ്മുടെ നാട്ടിലെ ഏതു മുക്കിലും മൂലയിലും വരെ ഇപ്പോൾ മാധ്യമങ്ങളുടെ പ്രതിനിധികൾ ക്യാമറയുമായി നടക്കുന്നുണ്ട്‌ അതുകൊണ്ട്‌ ഇത്തരം വല്ല പ്രവചനങ്ങളും ഈ വഹ ആളുകൾ നടത്തിയിട്ടുണ്ടെങ്കിൽ ദയവായി അതു മാധ്യമങ്ങളിൽ ഇപ്പോൾ പ്രസിദ്ധീകരിക്കുക.ഇതൊരു വെല്ലുവിളിയാണെന്ന് കൂട്ടിയാലും തരക്കേടില്ല.

തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം അത്‌ അപ്പോളേ പറഞ്ഞിരുന്നൂ എന്ന് പറയുന്നവരെ ചെരിപ്പെറിയുവാൻ ആളുകൾ തയ്യാറാകണം.ഇമ്മാതിരി ഉടായ്പുകുഞ്ഞിരാമന്മാർ ആണ്‌ അന്ധവിശ്വാസം പ്രചരിപ്പിച്ച്‌ ജനത്തെ പറ്റിക്കുന്നതും ശ്രീ ശ്രീ....സ്വാമി മൂഢാനന്ത പാദ തിരുവടികൾ എന്നൊക്കെ എഴുതി അതിന്റെ മറവിൽ കച്ചവടവും തട്ടിപ്പും നടത്തുന്നതും.
ദൈവം സഹായിച്ച്‌ ഇമ്മാതി ആളുകൾക്കൊക്കെ വല്യ വല്യ പിടിപാടായതിനാൽ പിടിക്കപെടുമ്പോൾ മാത്രം മാധ്യമങ്ങൾ വല്യ കോലാഹല ചർച്ചകൾ നടത്തും.പിന്നെ അതു പരണത്തുവെക്കും.സിദ്ധന്മാരും സ്വാമിജിമാരും ഗുരുക്കളും അമ്മ ദൈവങ്ങളും വീണ്ടും പഴയ പണി തുടരും.അതുകൊണ്ട്‌ ഇത്തവണ മാധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്‌ ദയവായി തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം ഇത്തരം പ്രവചനക്കാരുടെ വാർത്തകൾ നൽകാതിരിക്കുക.അതിനി ഏതു ആട്ടുംകാൽ കോവാലകൃഷണന്റെ ആയാലും...

വാൽ മൊഴി: ഏതായാലും ഞാനും ഒരു പ്രവചനം നടത്തിക്കളയാം.ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന ഒറ്റക്കക്ഷിക്കൊപ്പം ആകുംജയലളിതയും മായാവതിയും നിൽക്കുക. എന്താ പ്രവചനം ഇത്രക്ക്‌ പോരേ?

Sunday, May 10, 2009

ലാവ്ലിനും യു.ഡി.എഫ്‌ നാടകങ്ങളും.

എസ്‌.എൻ.സി ലാവ്ലിൻ കേസ്‌ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു.സഖാവ്‌ വി.എസ്സിനു തന്റെ വ്യത്യ്സഥമായ നിലപാടുമായി എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും എന്ന് പറയാൻ പറ്റില്ല.ഇതിങ്ങിനെ നീട്ടിക്കൊണ്ടുപോകുന്നതിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടെന്ന് മാധ്യമങ്ങളിലൂടെ നിരന്തരം വാർത്തകൾ വരുന്നുമുണ്ട്‌..കാര്യങ്ങൾ ഇനിയും കൂടുതൽ വഷളായാൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകുകയും പകരക്കാരനായി പാലോളീയേയൊ അല്ലെങ്കിൽ മറ്റാരെയെങ്കിലും നിയോഗിക്കുകയും ചെയ്യതേക്കാം.അതോടെ ആ വിഷയം തീരുന്നു.(അഥവാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വൻ പരാജയം ഉണ്ടാകുകയാണെകിൽ ആ പേരിൽ രാജിവെപ്പിച്ചുകൊണ്ട്‌ മുഖവും രക്ഷിക്കാം) അല്ലാതെ ഈ വിഷയം കേരളത്തിലെ സി.പി.എം നോ പി.ബിയുടെ പിന്തുണയുള്ള പിണറായി വിജയനോ വലിയ ഒരു തലവേദനയുണ്ടാക്കുവാൻ പോകുന്നൊന്നുമില്ല.

വി.എസ്‌.പുറത്തുപോകുകയാണെങ്കിൽ പിന്നെ ഈ വിഷയം പാർട്ടിയുടെ നാലയലത്തു പോലും ചർച്ചചെയ്യുവാൻ ആരും തയ്യാറായെന്നും വരില്ല.ലാവ്‌ലിന്റെ പേരിൽ നികുതിപ്പണത്തിൽ നിന്നും കുറച്ചുകോടികൾ നഷ്ടപ്പെട്ടു എന്നതും ഒരു ഹർത്താൽ സഹിക്കേണ്ടിവന്നു കൂടാതെ ദിവസവും മാധ്യമങ്ങളീൽ വാതോരാതെ ചർച്ചനടക്കുന്നു എന്നുമാത്രം നമുക്ക്‌ മിച്ചം.തുക നഷ്ടപ്പെട്ടാലും ആ കരാർമ്മൂലം കേരളത്തിനു വലിയ തോതിൽ വൈദ്യുതി ലഭ്യ്മായെന്നും അതുമൂലം വൻതുക ലാഭം ഉണ്ടായിയെന്നും മറ്റും മാധ്യമ ചർച്ചകളിൽ ചിലർ പറയുന്നുണ്ട്‌. അതേതായാലും നന്നായി അഴിമതി നടന്നാലെന്താ അതിന്റെ ഫലമായി വലിയ ലാഭം ഉണ്ടായില്ലെ? കൊള്ളാം നല്ല കാഴ്ചപ്പാട്‌.

എസ്‌.എസ്ൻ.സി ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സി.ബി.ഐ അന്വേഷണത്ത്ന്റെ ഭാഗമായി പിണറായി വിജയനെ പ്രോസിക്യൂട്‌ ചെയ്യുവാൻ അനുമതി നിഷേധിച്ചതിൽ കോൺഗ്രസ്സും യു.ഡി.എഫും നടത്തുന്ന സമരത്തിനു യതൊരുവിധ ധാർമ്മികതയും ഉണ്ടെന്ന് പറയുവാൻ ആകില്ല.എന്തൊക്കെ പറഞ്ഞാലും ഇടതുപക്ഷ പ്രസ്ഥാനങ്ങളേക്കാൾ അധികം അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായിട്ടുള്ളത്‌ യു.ഡി.എഫുകാരാണെന്നത്‌ മറന്നുകൂട. പാമോയിലും അതുപോലെ നിരവധി അഴിമതി കേസുകളും ഇതിനു മുമ്പുണ്ടായിട്ടുണ്ട്‌.അതിൽ അവരുടെ കൂടെയുള്ള പല നേതാക്കന്മാരും ഇത്തരം പ്രതിസന്ധിയെ നേരിടേണ്ടിയും വന്നിട്ടുണ്ട്‌.

ഇനി ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം പുതിയ കേന്ദ്രമന്ത്രിസഭയ്ക്കു വേണ്ടി ഇടതിന്റെ പിന്തുണയ്ക്കു കോൺഗ്രസ്സ്‌ ശ്രമിക്കുമ്പോൾ എന്താണിവർക്ക്‌ കേരളത്തിലെ ജനങ്ങളോട്‌ പറയുവാൻ ഉണ്ടാകുക? പിന്തുണ സ്വീകരിക്കേണ്ടിവരിക പിണറായികൂടെ ഉൾപ്പെടുന്ന സി.പി.എം നേതൃത്വത്തിന്റെ അംഗീകരാത്തോടെ ആയിരിക്കില്ലേ? അപ്പാൾ പിന്നെ പിന്തുണക്കുന്നവനെതിരെ എങ്ങിനെ സമരം നയിക്കും?

ഇതൊക്കെ ജനത്തിനും ആലോചിച്ചാൽ പിടികിട്ടാവുന്നതേ ഉള്ളൂ. ഇന്ന് യു.ഡി.എഫ്‌ നടത്തുന്ന പൊറോട്ടുനാടകം ജനം തിരിച്ചറിയാഞ്ഞിട്ടുമല്ല.വാഹനങ്ങൾ തല്ലിപ്പൊളിക്കുകയോ കടകളിലെ സാധനസാമഗ്രികൾക്ക്‌ കേടുവരുത്തുവരുത്തുകയോ ചെയ്യും എന്ന ഗതികേടുകൊണ്ട്മാത്രം ആണ്‌ ഹർത്താൽ ദിനത്തിൽ കുടുമ്പത്തിരിക്കുന്നത്‌. കൺവീനർ പറഞ്ഞമാതിരി സമാധാനപരമായിട്ടാണോ യു.ഡി.എഫ്‌ നടത്തിയ ഹർത്താൽ എന്ന് നാം ടി.വിയിൽ കണ്ടുകഴിഞ്ഞു.കോൺഗ്രസ്സുകാരാ ദയവായി ഈ ലാവ്ലിൻ നാടകം അവസാനിപ്പിക്കുക. പഴയതുപോലെ ഇവിടെ പരസ്പരം വാക്കുകളിലൂടേ പോരടിക്കുകയും അവിടെ പിന്തുണയും സ്വീകരിച്ച്‌ ഭരിക്കുകയും ചെയ്യുക തന്നെ അല്ലെ അഭികാമ്യം?

എന്തിനാ ജനത്തിനെ ബുദ്ധിമുട്ടിക്കുന്നേ?