Wednesday, April 21, 2010

ആനക്കമ്പാക്കാർക്ക്‌ ആവേശമായി ഇത്തവണ തൃക്കടവൂർ ശിവരാജുവും

ഈ ലിങ്കിൽ ഉള്ള ചിത്രം

പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാൻ തെക്കൻ നാട്ടിൽ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു "തൃക്കടവൂർ ശിവരാജു". തെക്കൻ കേരളത്തിൽ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവൻ പക്ഷെ പൂരങ്ങളുടെ നാട്ടിൽ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ്‌ പൂരത്തിന്റെ തലസ്ഥാനത്ത്‌ ഇവന്‌ ധാരാളം ആരാധകർ ഇതിനോടകം തന്നെ ഉണ്ട്‌. ഇത്തവണ പാറമേക്കാവ്‌ വിഭാഗത്തിന്റെ ആനചന്തങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. തിരുവിതാം കൂർ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ.ഇന്നിപ്പോൾ പത്തടിക്ക്‌ മേളിൽ ഉയരം ഉള്ള കാട്ടിലെ ഒരു കുഴിയിൽ വെണ്‌ ഒടുവിൽ നാട്ടുകാരും ഫോറസ്റ്റുകാരും കരയ്ക്കുകയറ്റി കോന്നിയിലെ ആനക്കൂട്ടിൽ എത്തിപെട്ട ഇവനെ പിന്നീട്‌ തൃക്കടവൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ്‌.

ഏറ്റുത്ത്‌ പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തിൽ എടുത്തുപറയാവുന്ന പ്രത്യേകത.പൊതുവിൽ ശാന്തസ്വഭാവക്കാരനായ ഇവനാണ്‌ കൊല്ലം ഉമയണല്ലോ‍ൂർ ക്ഷേത്രത്തിലെ "ആനവാലിൽ പിടിച്ചോട്ടം" എന്ന വിചിത്രമായ ചടങ്ങിൽ സ്ഥിരമായി പങ്കെടുക്കാറ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ വിവിധ കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലിൽ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലിൽ പിടിച്ച്‌ ഓടും. ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്‌.

Tuesday, April 13, 2010

ഞങ്ങൾ ഒരുമിച്ച്‌ വിഷു ആഘോഷിക്കട്ടെ.

നാടെങ്ങും കണിയൊരുക്കി മറ്റൊരു വിഷുവിന്റെ പൊൻ പുലരിയ്ക്കായി കാത്തിരിക്കുന്നു. കേരളത്തിൽ മാത്രമല്ല പ്രവാസികൾക്കിടയിലും വിഷു ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. പ്രവാസലോകത്ത്‌ സംഘടനകളും,കുടുമ്പ കൂട്ടായ്മകളും ബാച്ചിലേഴ്സ്‌ റൂമിലെ സൌഹൃദക്കൂട്ടങ്ങളും വിഷുവിനെ സന്തോഷപൂർവ്വമായ ഒരു ആഘോഷമാക്കിമാറ്റുന്നു.

കടുത്ത വർഗ്ഗീയ വിഭജനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ അതിൽ നിന്നും വേറിട്ട്‌ ഒരുമയോടെ ആഘോഷിക്കുവാൻ ഉള്ള അവസരങ്ങളാണ്‌ ഓണവും,വിഷുവും,ക്രിസ്തുമസ്സും,റംസാനുമെല്ലാം. പ്രവാസലോകത്ത്‌ അധ്വാനിക്കുന്ന ഒരു കുഞ്ഞുമുറിയിൽ തട്ടുതട്ടായി ഇട്ടിരിക്കുന്ന കട്ടിലുകളിൽ അന്തിയുറങ്ങുന്നവനെ സംബന്ധിച്ച്‌ ഇതൊക്കെ വലിയ ഒരു സന്തോഷത്തിനാണ് അവസരമൊരുക്കുന്നത്.("അപൂർവ്വം ചിലർ ഇന്ന മതവിഭാഗത്തിൽ പെട്ടവർക്ക്‌ മാത്രമേ ബെഡ്സ്പേസ്‌" നൽകൂ എന്ന് പരസ്യം ചെയ്യാറുണ്ട്‌. അതുപിന്നെ എവിടെയും ഒരു ചെരിയ വിഭാഗം ഉണ്ടാകുമല്ലോ?")അവിടെ അവനു ജാതിയും മതവും ചിന്തിക്കുവാൻ സമയം ഇല്ല, ജീവിതം കരുപ്പിട്റ്റിപ്പിക്കുവാനുള്ള രാപകൽ അധ്വാനത്തിനിടയിൽ പരസ്പരം സഹായ ഹസ്തം നീട്ടുന്നവനെ ജാതിയും മതവും നോക്കി വേറ്തിരിച്ചുനിർത്താറില്ല.ക്ഷ് ഒരു കൂട്ടയ്മയുടെ ഭാഗമാകുമ്പോൾ അതിൽ ജാതിയും മതവും മതത്തിലെ ഉപജാതിയും അലിഞ്ഞില്ലാതാകും. എന്നാൽ അതിനെ അട്ടിമറിക്കുവാൻ നിരന്തരം ജാതിയും ഉപജാതിയും ഓർമ്മപ്പെടുത്തുന്ന ഒരു വിഭാഗം ബുജികൾ യദാർത്ഥത്തിൽ സാമൂഹിക വിരുദ്ധരുടെ റോൾ സ്വയം എടുത്തണിയുകയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്‌. കടുത്ത വർഗ്ഗീയവാദികളേക്കാൾ വലിയ വിഷമുള്ള നിരീക്ഷണങ്ങളാണിക്കൂട്ടർ പലപ്പോഴും തൊടുത്തു വിടുന്നത്‌.

മേലാള കീഴാള വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഉത്സവങ്ങളെയും ആഘോഷങ്ങളേയും വിഭജിച്ചും സമൂഹത്തിൽ കടുത്ത വിദ്വേഷം വിളമ്പിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്ന ബുദ്ദിജീവികളോട്‌ ഒരു അപേക്ഷ ദയവായി ഞങ്ങൾ ഇതൊക്കെ ഒരുമിച്ച്‌ ആഘോഷിച്ചോട്ടെ. ഓണത്തെ ആദ്യം ഹിന്ദുവിന്റേയും പിന്നെ അതിനെ സവർണ്ണന്റെ/മേലാളന്റേ ആഘോഷമാക്കി കീഴാളന്റെ കോംപ്ല്ക്സിനെ പൊടിതട്ടിയെടുക്കുന്നു,ന്യൂനപക്ഷങ്ങൽക്കിടയിലാകട്ടെ വല്ലയിടത്തും നടക്കുന്ന സംഭവങ്ങളുടെ പേരിൽ കേരളത്തിലും ന്യൂനപക്ഷങ്ങൾ എന്തോ ആപത്തിലാണെന്നും പറഞ്ഞ്‌ കപട ഭീതിയുണ്ടാക്കുന്നു. അതോടൊപ്പം "സവർണ്ണ" ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുവാനുള്ള സൊ‍ാചനയും നൽകുന്നു. ഓരോ തവണയും താൻ കീഴാളനാണെന്നും ക്രിസ്ത്യാനിയാണെന്നും മുസ്ലീമാണെന്നും കൃത്യമായി ഓരോ വിഭാഗത്തെയും ഓർമ്മപ്പെടുത്തുന്നു എന്തിനു വേണ്ടി? ഇതുകൊണ്ട്‌ എന്തു നേട്ടമാണൂണ്ടാക്കുവാൻ കഴിയുന്നത്‌? കാലഘട്ടം മാറിയെന്ന് ഈ ബുജികൾ അറിയുന്നില്ലേ? ഇന്ന് അന്യനെ ചൂഷണം ചെയ്തു ജീവിക്കുന്നുണ്ടെങ്കിൽ അതിൽ പ്രധാനികൾ നാട്ടിലും പ്രവാസലോകത്തും കൊടിയും പിടിച്ചും പിടിക്കാതെയും പിരിവിനിറങ്ങുന്നവരാണെന്നും അധ്വാനിക്കുന്നവനെ ചൂഷണം ചെയ്ത്‌ മണിമന്ദിരങ്ങൾ തീർക്കുന്നത്‌ അവരാണെന്നും ഇനിയും മനസ്സിലാകാഞ്ഞിട്ടോ അതോ ബോധപൂർവ്വം മറക്കുന്നതോ?


കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ഈ ആഘോഷം സമൂഹം മുന്നോട്ടുപോയപ്പോൾ എല്ലാവരും ഒരുമിച്ച്‌ ആഘോഷിക്കുവാൻ തുടങ്ങി.വിഷുകൈനീട്ടത്തിലൂടെ പകരുന്നത്‌ ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റേയും സന്ദേശമാണ്‌.വിഷവിത്തുപാകുന്ന വർഗ്ഗീയവാദികളുടേയും വർഗ്ഗീയ പക്ഷപാദിത്വം പുലർത്തുന്ന കപട ബുദ്ധിജീവികളുടേയും വാക്കുകൾ നിങ്ങളുടെ മനസ്സിലെ നന്മയുടെ പ്രകാശത്തെ മറയ്ക്കാതിരിക്കട്ടെ. മദ്യം നിങ്ങളുടെ കുഞ്ഞുങ്ങളൂടേയും കുടുമ്പിനികളൂടേയും സന്തോഷത്തിൽ കണ്ണുനീർവ്വീഴ്ത്താതിരിക്കട്ടെ. കീഴാളന്റേയും മേലാളന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും വ്യത്യാസമില്ലാതെ എല്ലാ മലയാളികൾക്കും വിഷു ആശംശകൾ...

സസ്നേഹം എസ്‌.കുമാർ