Tuesday, June 23, 2009

ഓർമ്മയിലെ നവാബ്‌

ദൃശ്യ-പത്രമാധ്യമങ്ങൾ ഗവർണ്ണറുടെ അനുമതിയെ സംബന്ധിച്ച്‌ നിരന്തരമായ ചർച്ചകൾ നടത്തുന്ന കാലത്തുനിന്ന് ഏതാനും വർഷങ്ങൾ പുറകിലേക്ക്‌ ഓർമ്മകളിലൂടെ യാത്രചെയ്യുമ്പോൾ എത്തിയത്‌ ഒരുകാലത്ത്‌ ഇത്തരത്തിൽ അഴിമതിക്കേസിൽ വിചാരണയ്ക്കായി ഗവർണ്ണറുടെ അനുമതിക്കായി പരിശ്രമിച്ച ആ മനുഷ്യനിലാണ്‌.

അലസമായി നീട്ടിവളർത്തിയ താടിയും ഒരു കാവിജുബ്ബയും അതിന്റെ പോക്കറ്റിൽ നിരവധി നിറത്തിലുള്ള പേനകളും തോളിലെ സഞ്ചിയിൽ കുറേ പത്രങ്ങളും വ്യവഹാര കടലാസുകളുമായി ആ മനുഷ്യനെ തൃശ്ശൂർ റൗണ്ടിൽ വച്ചാണ്‌ ആദ്യമായി കാണുന്നത്‌."ടാ ഇതാണ്‌ നവാബ്‌ രാജേന്ദ്രൻ എന്ന് എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ പറഞ്ഞു.തൃശ്ശൂർ രാഗത്തിൽ സിനിമക്ക്‌ വന്ന ഒരു എട്ടാം ക്ലാസ്സുകാരനു അപ്പോൾ പക്ഷെ തിടുക്കം സിനിമക്ക്‌ ടിക്കറ്റിനായി തിരക്കുകൂട്ടുന്നവരിലേക്ക്‌ അലിയുവാൻ ആയിരുന്നു.എങ്കിലും ആ രൂപം മനസ്സിന്റെ ഉള്ളിൽ എവിടേയോ പതിഞ്ഞിരുന്നു.

രാഷ്ടീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചുതുടങ്ങിയ സമയം. അന്ന് സുനിച്ചേട്ടന്റെ (വി.എസ്സ്‌ സുനിൽ കുമാർ എം.എൽ.എ) പ്രസംഗങ്ങളും ശാസ്ത്ര -സാഹിത്യപരിഷത്തിലെ പ്രവർത്തകർ നൽകുന്ന ഉപദേശങ്ങളും ലൈബ്രറി പുസ്തകങ്ങളും എല്ലാം ആവേശമായിരുന്നു.പത്ര വായനക്കിടയിൽ പലപ്പോഴും നവബിന്റെ പേർ ഞാൻ തിരിച്ചറിഞ്ഞു.വ്യവഹാരങ്ങളുമായി ഈ മനുഷ്യൻ എന്തിനു ജീവിതം പാഴാക്കുന്നു എന്ന് ചിന്തിച്ചു. പിന്നീട്‌ തൃശ്ശൂർ യാത്രയിൽ പലപ്പോഴും ആ മനുഷ്യനെ കണ്ടുമുട്ടി.അടിയന്തിരാവസ്ഥെയെ കുറിച്ചും അന്നത്തെ ഭീകരമായ പോലീസ്‌ മർദ്ധനത്തെ കുറിച്ചും രാജനെ കുറിച്ചും ഒക്കെ മനസ്സിലാക്കിവരുന്ന സമയം.തട്ടിലെസ്റ്റേറ്റ്‌ കേസിനെ കുറിച്ചും നവാബെന്ന പത്രത്തെ കുറിച്ചും അതിൽ വന്ന വാർത്തയും തുടർന്ന് പത്രാധിപർക്ക്‌ ഏറ്റ ക്രൂരമായ മർദ്ധനത്തെ പറ്റിയും പലരിൽ നിന്നായി അറിഞ്ഞു.

കരുണാകരനെതിരെ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്ന ആളായിട്ടാണ്‌ ആദ്യം അദ്ദേഹ്ത്തെ കരുതിയത്‌. എന്നാൽ കരുണാകരനെതിരെ മാത്രമല്ല അദ്ദേഹം വ്യവഹാരം നടത്തിയെതെന്ന് പിന്നീട്‌ മനസ്സിലായി. ഉപഭോക്താവിനെ അവന്റെ അവകാശങ്ങളെ പറ്റി മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഒരു വ്യവഹാരം നിർണ്ണായകമായിരുന്നു എന്നും,അഴിമതികേസിൽ മുൻ മന്ത്രി,എം.പി,എം.എൽ.എ തുടങ്ങിയവർക്കെതിരെ കേസുമായി മുന്നോട്ടുപോകണമെങ്കിൽ ഗവർണ്ണറുടെ അനുമതി തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ വ്യവഹാരങ്ങൾക്കിടയിൽ കടന്നുവന്നിരുന്നു എന്നും അറിഞ്ഞു.

നിയമ ബിരുധത്തിന്റെ ബലമില്ലാതെ തന്നെ പൊതുതാൽപര്യ ഹർജ്ജിയിലൂടെയും മറ്റും സമൂഹത്തിനു ഗുണപരമായ പലവ്യവഹാരങ്ങളും നടത്തുന്ന ആ മനുഷ്യനോട്‌ ആരാധനയായി ആദ്യമായി സംസാരിക്കുന്നത്‌ ഭാരത്‌ ഹോട്ടലിൽ വച്ചാണ്‌.കയറിചെല്ലുന്നിടത്ത്‌ ഇടതുവശത്തെ സീറ്റിൽ മുഷിഞ്ഞുനാരുന്ന വേഷവുമായി ആ മനുഷ്യൻ ഇരിക്കുന്നു.പതിവുപോലെ ഭാരതിൽ നല്ല തിരക്ക്‌.ആ ടേബിളിൽ മാത്രം വേറെ ആരും ഇരിക്കുന്നില്ല. ഞാൻ അവിടെ അദ്ദേഹത്തിന്റെ എതിർവ്വശത്തായി ഇരുന്നു. ഒന്നുപരിചയപ്പെട്ടാളൊ പക്ഷെ എന്തയിരിക്കും അദ്ദേഹത്തിന്റെ പ്രതികരണമെന്ന് അറിയില്ലല്ലോ.രൂപം വച്ച്‌ നോക്കുമ്പോൾ ആൾ ഒരു ചൂടൻ ആണെങ്കിലോ? ബേറർ വന്നപ്പോൾ ഒരു ചായക്ക്‌ ഓഡർ നൽകി.
അന്നത്തെ സായാഹ്ന പത്രം എന്റെ കയ്യിൽ ഉണ്ട്‌.
"ആ പത്രം ഒന്ന് തരാമോ?" അദ്ദേഹം ചോദിച്ചു.നീണ്ടതാടിരോമങ്ങൾക്കിടയിലെ നഷ്ടപ്പെട്ട പല്ലുകളിലേക്ക്‌ ഞാനോക്കി.
"ദാ.." പത്രം ഒന്ന് ഓടിച്ചു നോക്കി തിരിച്ചുതന്നു.
"നവാബ്‌ അല്ലേ"ഒരു പരുങ്ങലോടെ ഞാൻ ചോദിച്ചു.
"നവാബ്‌ രാജേന്ദ്രൻ.." മറുപടിവന്നു.
"ഒന്ന് പരിചയപ്പെടാൻ.."
"പരിചയപ്പെടാലോ ഞാൻ രാജേന്ദ്രൻ.എന്താ പോരെ?"ഞാനൊന്ന് കിടുങ്ങി.ഇനിയെന്താ പറയുക.ഒരുപക്ഷെ എന്റെ വെപ്രാളം കണ്ടിട്ടാകം.
"അത്യാവശ്യം വ്യവഹാരങ്ങളുമായി കൂടുന്നു.ഇവിടെ ഉണ്ടാകും മിക്കപോഴും.തന്റെ പേരെന്താ?"ഞാൻ പേരുപറഞ്ഞു.
"കേസിന്റെ കാര്യമൊക്കെ പലപ്പോഴും പത്രത്തിൽ കാണാറുണ്ട്‌"
"ഉം"മറുപടി ഒരു മൂളലിൽ ഒതുക്കി.അദ്ദേഹം തന്റെ ബാഗിൽ നിന്നും ചില കടലാസുകൾ എടുത്ത്‌ മറിച്ചുനോക്കുന്നു.ഒരു പേപ്പറിന്റ്‌ മറുപുറത്ത്‌ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ഹോട്ടലിൽ ചായകുടിക്കുവാൻ വന്ന പലരും അദ്ദേഹത്തെ നോക്കിക്കൊണ്ട്‌ പോകുന്നു സ്ത്രീകൾ എന്തോ അടക്കം പറയുന്നുണ്ട്‌.

വെയ്റ്റർ ചായ കൊണ്ടുവന്നു.ഞാനത്‌ കുടിക്കുമ്പോളൂം അദ്ദേഹം തന്റെ പ്രവർത്തി തുടരുന്നുണ്ടായിരുന്നു.ചായകുടിച്ച്‌ അദ്ദേഹത്തോട്‌ യാത്രപറഞ്ഞ്‌ ഞാൻ പോന്നു.നവാബിനെ പരിചയപ്പെട്ട കാര്യം കോളേജിൽ അടുത്ത സുഹൃത്തുക്കളോട്‌ അൽപം അഭിമാനത്തോടെ പറഞ്ഞു.പിന്നീടദ്ദേഹത്തെ തൃശ്ശൂരിൽ വച്ച്‌ പലതവണ കണ്ടെങ്കിലും സംസാരിക്കുവാൻ മുതിർന്നില്ല.

എന്റെ കസിൻ കോഴിക്കോട്‌ ലോകോളേജിൽ പഠിക്കുന്ന സമയം.അതുവഴി എനിക്കവിടെ ചെറിയ ചില സൗഹൃദങ്ങളും ഉണ്ടായിരുന്നു. ഇടക്ക്‌ ഞാൻ അവരുടെ ഒപ്പം താമസിക്കാറുണ്ട്‌.ഒരിക്കൽ അവരിൽ ആരോ പറയുന്നത്‌ കേട്ടു.
"നവാബിന്റെ കേസുകൾ ഞങ്ങൾക്ക്‌ റാഫറൻസിനായിട്ടുണ്ട്‌.ലോ ബിരുധം ഒന്നും ഇല്ലാതെ തന്നെ അങ്ങേരു നടത്തുന്ന കേസുകൾ ഗംഭീരം തന്നെ. ഒരുദിവസമെങ്കിലും കരുണാകരനെ അദ്ദേഹം ഉള്ളിൽ കിടത്തും.അതങ്ങേരുടെ ഒരു വലിയ ആഗ്രഹമാണ്‌"

നിരന്തരമായ വ്യവഹാരങ്ങൾക്കിടയിൽ അദ്ദേഹത്തെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കുവാൻ ഉള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.കാരണം അദ്ദേഹം നടത്തിയവ്യവഹാരങ്ങൾ പ്രസക്തമായിരുന്നു.കോടതികളിൽ നിന്നും കോടതികളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകൾ നിയമചരിത്രത്തിന്റെ ഭാഗമായി.അദ്ദേത്തിന്റെ വാദം കേൾക്കുവാൻ കോടതിയിൽ ആളുകൾ കൂടി. ശ്രീകമൽ റാം സജീവ്‌ എന്ന പത്രപ്രവർത്തകൻ അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി ഒരു പുസ്തകം രചിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്‌.

ഒടുവിൽ ക്യാൻസർ ബാധിതനായി ഹോസ്പിറ്റലിൽ കിടക്കുന്നവാർത്തവായിച്ചപ്പോൾ ഉള്ളിൽ എവിടേയോ ഒരു വിഷമം.പൊതുതാൽപര്യ ഹർജ്ജികളുടെ പ്രസക്തിയെ പറ്റിയും നമ്മെ പഠിപ്പിച്ച. നിരന്തരമായി വ്യവഹാരങ്ങളിലൂടെ സാമൂഹ്യസേവനം നടത്തിയ നവാബിനെ വേണ്ടവിധം അദരിക്കുവൻ നാം ഒരിക്കലും ശ്രമിച്ചില്ല.(വ്യക്തികളെ ആദരിക്കുന്നതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇന്നത്തെ വഷളൻ ചടങ്ങുകൾ തീർച്ചയായും അദ്ദേഹം സ്വീകരിക്കില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്‌)എന്നാൽ മരണ ശേഷം തന്റെ ബോഡി മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കണം എന്ന് അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹത്തിനുള്ള നല്ല ഒരു ആദരമായേനേ.... എന്നാൽ എന്തുകൊണ്ടൊ അതുണ്ടായില്ല.ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തെ പോലും ഭയപ്പെടുന്ന്വർ ഉണ്ടായിരിക്കാം..

അനർഹരെ ആദരിക്കുവാൻ ആവേശം കാണിക്കുന്ന മലയാളികൾ സൗകര്യപൂർവ്വം മറക്കുന്ന എന്നാൽ യദാർത്ഥത്തിൽ ആദരിക്കേണ്ട ചിലരിൽ ആ വലിയ മനുഷ്യനും...