Tuesday, October 16, 2007

ആനകളുടെ ഏക്കത്തുക വര്‍ദ്ധിക്കുന്നു.


photo courtasy to google search


ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്ക്‌ ഇനിയും മൂന്നുനാലു മാസങ്ങള്‍ ഉണ്ടെങ്കിലും മല്‍സരപൂരങ്ങളില്‍ പങ്കെടുക്കുന്ന മിക്കവാറും കമ്മറ്റികള്‍ തങ്ങളുടെ ആനകളെ ബുക്കുചെയ്തുകഴിഞ്ഞു. ആനയുടെ തലയെടുപ്പും നിലവും നോക്കി സ്ഥാനം നിശ്ചയിക്കുന്ന ഉത്സവങ്ങളില്‍ തിടമ്പ്‌ ഏറ്റുവാനും തിടാമ്പേറ്റിയ ആനയുടെ വലം കൂട്ടും ഇടംകൂട്ടും ലഭിക്കുവാനും ആണ്‌ പ്രധാനമായും മല്‍സരം നടക്കുക. ചില ക്ഷേത്രങ്ങളില്‍ കമ്മറ്റിനിശ്ഛയിക്കുന്ന ജൂറിയായിരിക്കും ഉത്സവത്തിനു മുമ്പെ ആനയെ അളന്ന് തിട്ടപ്പെടുത്തി സ്ഥാനങ്ങള്‍ നിശ്ചയിക്കുക.ഇതില്ലാത്ത ചിലയിടങ്ങളില്‍ പൂരം നിരത്തിനിറുത്തിയിരിക്കുന്ന സമയത്തായിരിക്കും ആനയുടെ തലയെടുപ്പ്‌ നോക്കി സ്ഥാനം നിശ്ചയിക്കുക, ഈ സമയത്ത്‌ പാപ്പാന്മാര്‍ തോട്ടികൊണ്ടും കത്തികൊണ്ടും ആനയുടെ കീഴ്താടിയിലും മറ്റും കുത്തി ആനയുടെ തല ഉയര്‍ത്തുവാന്‍ ശ്രമിക്കും ഇത്‌ പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ഉത്സവങ്ങള്‍ക്കിടയില്‍ തിടമ്പുലഭിക്കുന്നത്‌ സംബന്ധിച്ച്‌ കമ്മറ്റിക്കാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പലപ്പോഴും സംഘട്ടനത്തില്‍ ആയിരിക്കും കലാശിക്കുക.


കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ പലരും തൃശ്ശൂരിന്റെ തട്ടകത്തിനു സ്വന്തം. നാണു എഴുത്തശ്ശന്‍ ശങ്കരനാരായണനും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും ചുള്ളിപ്പറമ്പില്‍ സൂര്യനും ഗുരുവായൂര്‍ പത്മനാഭനും തിരുവമ്പാടി ശിവസുന്ദറും എല്ലാം തൃശ്ശൂരിലെ മുന്‍ നിരനായകരാകുന്നു.ഉത്സവങ്ങളില്‍ തങ്ങളുടെ പക്ഷെത്തുനിന്നും തലയെടുപ്പുള്ള ആനയെ തന്നെ പങ്കെടുപ്പിക്കുവാനുള്ള ഉത്സവകമ്മറ്റിക്കാരുടെ വീറും വാശിയും വര്‍ദ്ധിച്ചതോടെ ആനകളുടെ ഏക്കവും കുതിച്ചുയര്‍ന്നു.ഒന്നിലധികം പൂരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ തലയെടുപ്പുള്ള പല കൊമ്പന്മാര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഏക്കത്തുകയുടെ ഇരട്ടിവരെയാണിപ്പോള്‍ ഒരു ദിവസത്തെ ഏക്കം.ഇന്ന് മിക്ക ഉത്സവങ്ങള്‍ക്കും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനക്കാണ്‌ ഏറ്റവും ഡിമാന്റ്‌. പലപ്പോഴും ടെണ്ടര്‍ വച്ചും ലേലമ്മ് വിളിച്ചും ആണ്‌ ഇവനെ ഉത്സവകമ്മറ്റിക്കാര്‍ സ്വന്തമാക്കുന്നത്‌. അഴകിലും നിലവിലും മുമ്പിലായ ഇവന്‍ ഇന്ന് ഏറ്റവും അധികം ആരാധകരുള്ള ആനയാണ്‌.


സൂപ്പര്‍താരങ്ങള്‍ക്കെന്നപോലെ ആനകള്‍ക്കും ഫാന്‍സുകാര്‍ ധാരാളം.തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ തന്നെ ആനപ്രേമികളുടെ മെഗാസ്റ്റാര്‍.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആരാധകര്‍ ഇവനെ തങ്ങളുടെ ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാനായി പരസ്പരം മല്‍സരിക്കുകയാണ്‌.ആനകമ്പക്കാര്‍ തങ്ങളുടെ ഇഷ്ടപ്പെട്ട ആനകളുടെ കൂറ്റന്‍ ഫ്ലക്സുകള്‍ ആണ്‌ പലയിടത്തും സ്ഥാപിക്കുന്നത്‌. ചുള്ളിപ്പറമ്പില്‍ സൂര്യനും, ഗുരുവായൂര്‍ പത്മനാഭനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും,ചെര്‍പ്ലശ്ശേരി പാര്‍ഥനും,കര്‍ണ്ണനും,പാമ്പാടിരാജനും,പൂക്കോടന്‍ ശിവനെന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറും,ഗുരുവായൂര്‍ വലിയകേശവനും,പട്ടത്തുശ്രീകൃഷ്ണന്‍ തുടങ്ങി ഉത്സവകമ്പക്കാരുടെ പ്രിയതാരങ്ങള്‍ നിരവധിയാണ്‌.


തലപിടുത്തത്തിന്റെ പ്രത്യേകതകൊണ്ട്‌ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ എന്ന ഇളം മുറക്കാരന്‍ ഉത്സവപറമ്പുകളില്‍ യുവാക്കളുടെ ഹരമായിമാറിയിട്ടുണ്ട്‌. ഇതിനിടയില്‍ അടുത്തകാലത്തു ചരിഞ്ഞഇപ്പോഴിതാ ഉത്സവപറമ്പുകളില്‍ ഇഞ്ചോടിഞ്ചുപൊരുതുവാന്‍ പുതുതായി തൃശ്ശൂരില്‍ ഒളരിക്കു സമീപം പൂതൃക്കോവില്‍ വിനായകന്‍ എന്ന ഒത്ത ഉയരക്കാരനും എത്തിയിരിക്കുന്നു.


സാജ്പ്രസാദിന്റെയും കണ്ടമ്പുള്ളിവിജയന്റേയും അഭാവം ഉത്സവപറമ്പുകളില്‍ എടുത്തുകാണിക്കും.


പഴയതില്‍ നിന്നും വ്യത്യസ്ഥമായി ഓരോ ഉത്സവങ്ങള്‍ക്കും പങ്കെടുക്കുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചതും പുതുതായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നതില്‍ ഉള്ള നിയന്ത്രണങ്ങളും ആനകളുടെ ഏക്കത്തുക വര്‍ദ്ധിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നു.ഉത്സവങ്ങള്‍ക്ക്‌ ആനകളെ പങ്കെടുപ്പിക്കുന്നതിനൂള്ള നിബന്ധനകള്‍ വന്നതും ആനപരിചരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതും കൂടാതെ കഴിഞ്ഞവര്‍ഷം അടുത്തകാലത്തെങ്ങും ഇല്ലാത്തവിധം ആനകള്‍ ഇടഞ്ഞോടി ആളുകളെ കൊന്നതുമെല്ലാം ഉത്സവപ്രേമികള്‍ക്കും ആനകമ്പക്കാര്‍ക്കും ഇടയില്‍ നിരാശപടര്‍ത്തിയിരിക്കുന്നു.നിയയമങ്ങള്‍ കര്‍ശനമാക്കിയതോടെ പല ഉത്സവകമ്മറ്റികളും ആനകളെ പങ്കെടുപ്പിക്കുന്നത്‌ വേണ്ടെന്ന തീരുമാനത്തിലും എത്തിയിട്ടുണ്ട്‌.

Wednesday, May 16, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-2

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി ഒരു ആനമുതലാളിയെ അടുത്ത്‌ കാണുന്നത്‌.തച്ചപ്പുള്ളി അരവിന്ദാക്ഷേട്ടനെ.അദ്ദേഹത്തിന്റെ വിജയന്‍ എന്ന ഒറ്റക്കൊമ്പന്‍ അല്‍പം വികൃതികാട്ടി ഒടുവില്‍ പുഴയില്‍ ചാടിയതിനുശേഷം അതിനെ ഒരിടത്തു കെട്ടിയിരിക്കുന്നത്‌ കാണുവാന്‍ പോയപ്പോള്‍.ആനയോട്‌ പാപ്പാനല്ലാതെ ഒരാള്‍ ഇടഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തുപോകുന്നത്‌ കണ്ട്‌ ഞാന്‍ അല്‍പ്പം ഭയംകലര്‍ന്ന അല്‍ഭുതത്തോടെ നിന്നു.പിന്നീട്‌ ഒരു ബന്ധുകൂടിയായ ഡോക്ടര്‍ രാമകൃഷ്ണന്‍ ആനയെവാങ്ങിയതോടെ ഇടക്കിടെ അവിടെ പോകുക ഒരു പതിവായി.ഗ്രില്ലിനിടയിലൂടെ ആനക്ക്‌ പഴം നല്‍കും.പിറ്റേന്ന് അതേക്കുറിച്ച്‌ ക്ലാസ്സിലെ സഹപാഠികളോടെ അല്‍പ്പം മേമ്പൊടിചേര്‍ത്ത്‌ പറയും.ഡോക്ടറുടെ ആദ്യ ആനയെ വിറ്റതിനുശേഷം ബീഹാറില്‍ നിന്നും ഒരു ഒറ്റക്കൊമ്പനെ കൊണ്ടുവരികയുണ്ടായി.സാധാരണ ആനകളെപ്പൊലെ ചങ്ങലയൊന്നും അതിനുണ്ടായിരുന്നില്ല. കയറില്‍കെട്ടിയാണതിനെ നിര്‍ത്തിയിരുന്നത്‌.

ആനയെകയറുകൊണ്ട്‌ കെട്ടിയിടുമോ? ആനകയറുപൊട്ടിക്കില്ലെ? ഇതൊക്കെയായിരുന്നു പഠിക്കാനിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍.പിന്നീട്‌ നേരിട്ട്‌ ചെന്ന് കണ്ടപ്പോഴാണ്‌ കാലില്‍ ആണികള്‍ തറച്ച ഒരു ബെല്‍റ്റ്‌ ഇട്ടിരിക്കുന്നതും അതില്‍ നിന്നും കയര്‍ കെട്ടിയിരിക്കുകയാണെന്നതും. ആന അല്‍പം വേഗത്തില്‍ നടന്നാല്‍ കയര്‍ മുറുകും ബെല്‍റ്റിലെ ആണികള്‍ കാലില്‍ തുളയും എന്നത്‌ മനസ്സിലായത്‌. അങ്ങനെയിരിക്കെ ഒരുദിവസം കേട്ടു രാത്രി ആന കെട്ടഴിഞ്ഞുപോയെന്ന്.അടുത്തവീട്ടിലെ ആള്‍ അനക്കം കേട്ട്‌ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വൈക്കോല്‍ തുറു നിന്ന് അനങ്ങുന്നു.അയാള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ ആനനിന്നു വൈക്കോല്‍ വാരിവീശുന്നു. ഒച്ചയുണ്ടാക്കതെ പുറകുവശത്തുക്കൂടെ ചെന്ന് ഡോക്ടറെ വിളിച്ചുണര്‍ത്തികാര്യം പറഞ്ഞു. പാപ്പന്‍ വന്ന് വിളിച്ചപ്പോള്‍ കക്ഷി ഒരു പിടിവൈക്കോലുമായികൂടെ പോരുകയും ചെയ്തു. അതിനുശേഷം അവന്റെ കാലുകളില്‍ ചങ്ങലകിലുക്കം വന്നു.

ഇക്കാലത്താണ്‌ ആനയുടെ പുറത്തൊന്ന് കയറിയാല്‍ കൊള്ളാം എന്ന് ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്‌. വളരെപെട്ടെന്നുതന്നെ അത്‌ ആനയോളം വളര്‍ന്നു.ഡോക്ടറുടെ മണികണ്ഠന്‍ എന്ന ബീഹാറി ആള്‍കുഴപ്പക്കാരനല്ലെന്ന് അല്‍പ്പകാലത്തിനകം മനസ്സിലായി.ഇതിനിടയില്‍ പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച്‌ ആനയെ തൊടുകയും പഴം കൊടുക്കുകയുമൊക്കെ ചെയ്യുവാന്‍ ധൈര്യമായി. അങ്ങനെയിരിക്കെ ഒരുദിവസം ആനയുടെ പുറത്തുകയറുവാന്‍ കക്ഷി അനുവാദം തന്നു.അതിനയാള്‍ ദക്ഷിണയായി ഒരുകുപ്പി കള്ളിനുള്ള കാശും വാങ്ങി.മുങ്കൈകള്‍ മടക്കി ആന ഇരുന്നു. മെല്ലെ പാപ്പാന്റെ സഹായത്താല്‍ ആനയുടെ ചെവിയില്‍ പിടിച്ച്‌ (ചെവിക്ക്‌ പിടിച്ചാല്‍ ഇനി ആനക്ക്‌ വേദനയാകുമോന്ന് കരുതി ബലം കുറച്ചാണ്‌ പിടിച്ചത്‌) കയറി. രണ്ടുകാലും ഇരുവശത്തേക്കുമായി ഇരുന്നു. വട്ടക്കയറില്‍ മുറുക്കെ പിടിച്ചോന്ന് പാപ്പാന്‍ പറഞ്ഞതു പ്രകാരം പരമാവധി ഇറുകെ പിടിക്കുകയും ചെയ്തു.എന്നിട്ട്‌ ചെട്ടന്‍ കയറുന്നില്ലെ എന്ന് രണ്ടാം പാപ്പാനോട്‌ ചൊദിക്കുവാന്‍ പോകുമ്പോഴേക്കും ആന നിവര്‍ന്നു നിന്നു.ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട്‌ ആ ഇരുപ്പില്‍ അല്‍പ്പം ഗമയൊക്കെ തോന്നി.ആനനടക്കാന്‍ തുടങ്ങിയപ്പോള്‍ ആ താളത്തില്‍ ഞാനും ആടുവാന്‍ തുടങ്ങി. അല്‍പ്പദൂരം നടന്ന് റോഡിലെത്തിയതോടെ സംഗതി ഗുലുമാലായി. വീട്ടുകാര്‍ അറിയാതെ പാപ്പാനുമായി രഹസ്യമായിനടത്തിയ സംഗതി ചുറ്റുവട്ടത്തുള്ളവരൊക്കെ കണ്ടു. വീട്ടില്‍ നിന്നും അല്‍പ്പം വഴക്കു കേട്ടെങ്കിലും അത്‌ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു.

ആനയുടെ വിലയെക്കുറിച്ചും അതുചത്താല്‍ ഇന്‍ഷൂര്‍ലഭിക്കും എന്നും മറ്റും ഡോക്ടര്‍ പറഞ്ഞാണ്‌ അറിയുന്നത്‌.ഉയരംകൊണ്ട്‌ കേമന്മാരാണെങ്കിലും അഴകില്‍ പിന്നോക്കം നില്‍ക്കുന്ന ബീഹാറി ആനകളുടെ വരവും കൂടാന്‍ തുടങ്ങിയ സമയം ആയിരുന്നു അത്‌. ബീഹാറില്‍ സോണ്‍പൂരെന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ വര്‍ഷത്തില്‍ ഒരിക്കള്‍ ആനകളെ ആടുമാടുകളെപ്പോലെ കൊണ്ടുവന്ന് വില്‍ക്കുന്ന മേളയുണ്ടെന്നും അറിയുന്നത്‌. ബീഹാറില്‍ ആനകള്‍ക്ക്‌ വിലകുറവായിരുന്നു പിന്നെ ഇവിടെയെത്തുമ്പോഴാണത്രെ വിലകൂടുന്നത്‌.ഇവിടെ കൊണ്ടുവന്ന് മലയാളം പഠിപ്പിച്ച്‌ അവയെ ഉത്സവങ്ങള്‍ക്കിറക്കുവാന്‍ തയ്യാറാക്കുന്നു.സ്വര്‍ണ്ണക്കുമിളകള്‍ ഉള്ള നെറ്റിപ്പട്ടത്തിനു പകരം ചാക്കുകൊണ്ടുള്ള "ചാക്കുപട്ടങ്ങള്‍" കെട്ടിയായിരിക്കും ആദ്യം പരിശീലനം. പിന്നീട്‌ ഉത്സവങ്ങളില്‍ പേരെടുക്കുന്നതോടെ അവയുടെ വില മോഹവിലയായി മാറുന്നു.മോഹവിലയെക്കുറിച്ച്‌ പറയുമ്പോള്‍ ഓര്‍മ്മവരിക പൂക്കോടന്‍ ശിവന്റെ കാര്യമാണ്‌. പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറിനെ മോഹവിലക്ക്‌ വാങ്ങാന്‍ പലരും തയ്യാറായെങ്കിലും ഉടമ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ തട്ടകത്തിനു ലക്ഷണമൊത്ത പുതിയ ആനയെതിരഞ്ഞ്‌ നടന്നവരുടെ നോട്ടം ചെന്നെത്തിയത്‌ പൂക്കോടന്‍ ശിവനില്‍. ഒടുവില്‍ തൃശ്ശൂരിലെ സുന്ദര്‍മേനോന്‍ വഴി അവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗമായി.എങ്കിലും വില ഒട്ടും മോശമായില്ല.ലക്ഷണമൊത്ത ആ ഗജവീരനു 28 ലക്ഷത്തോളം മുടക്കിയെന്നാണ്‌ കേട്ടത്‌.പിന്നീട്‌ അടുത്തകാലത്ത്‌ കൈരളിടിവിയുടെ പ്രോഗ്രാമ്മില്‍ പറയുന്നത്‌ കേട്ടു അരക്കോടിവരെ മോഹവിലയുള്ള ആനകേരളത്തില്‍ ഉണ്ടെന്ന്. ആരായിരിക്കാം ആ കേമന്‍? തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍? അതോ തിരുവമ്പാടിശിവസുന്ദറോ? ഇനിയഥവാ പാമ്പാടിരാജനോ?

Wednesday, May 09, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1

ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക്‌ ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക്‌ ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്‍കാര്‍ അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത്‌ എത്തുന്നത്‌ തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍ക്കാര്‍ എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്‍പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.

ഉത്സവങ്ങള്‍ എന്നും ലഹരിയായിരുന്ന എന്റെ ഓര്‍മ്മകളിലേക്ക്‌ ആദ്യമായി ചെവിയാട്ടി ചങ്ങലകിലുക്കി കടന്നു വന്ന ആന ഏതായിരിക്കും? പലപ്പോഴും ഞാന്‍ ഓര്‍ത്തുനോക്കാറുണ്ട്‌ പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടാറില്ല.ഒരു പക്ഷെ അത്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏതെങ്കിലും ആനയാകാം അല്ലെങ്കില്‍ ഉത്സവങ്ങളിലെ തിളങ്ങുന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ ഏതെങ്കിലും കൊമ്പനുമാകാം. പെരിങ്ങോട്ടുകര ഉത്സവവും അന്തിക്കാട്ടെ കാളീടെ അമ്പലത്തിന്റെ ഉത്സവവും പിന്നെ ഏങ്ങണ്ടിയൂരിലെ ശിവരാത്രി പൊക്കുളങ്ങര ആയിരം കണ്ണി ക്ഷേത്രങ്ങളിലെ ഉത്സവം വാടാനപ്പള്ളി ക്ഷേത്രോത്സവം തളിക്കുളം എരണേഴത്ത്‌ അമ്പലത്തിലെ ഉത്സവം അങ്ങിനെ പല ഉത്സവങ്ങളും ഇന്നും എന്റെ മനസ്സില്‍ ഉണ്ട്‌ എങ്കിലും ആദ്യമായി കണ്ട ആനയുടെ പേര്‍ ഇനിയും അറിയില്ല.പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആദ്യം ഓടിയെത്തുക ഗുരുവായൂര്‍ പത്മനാഭന്‍, ശങ്കരങ്കുളങ്ങര ഗണപതി,കണ്ടമ്പുള്ളി ബാലനാരായണന്‍ തുടങ്ങിയ പേരുകളായിരിക്കും.ഉയരം കൊണ്ട്‌ കേമനായിരുന്ന കണ്ടമ്പുള്ളി പക്ഷെ സൗന്ദര്യത്തില്‍ ഒരിക്കലും പത്മനാഭന്റെ ഏഴയലത്തുപോലും എത്തില്ല.



അക്കാലത്ത്‌ ആയിരം കണ്ണിക്ഷേത്രത്തിലെ ഉത്സവത്തിനാണ്‌ കൂടുതല്‍ ആനകള്‍ പങ്കെടുത്തിരുന്നത്‌. വാടാനപ്പള്ളിമുതല്‍ ചേറ്റുവ വരെയുള്ള പ്രദേശത്തുനിന്നും വിവിധ ആഘോഷകമ്മറ്റികള്‍ മല്‍സര ബുദ്ധിയോടെ അതില്‍ പങ്കുകൊണ്ടു.ഉയരം നോക്കി ആനകള്‍ക്ക്‌ സ്ഥാനം നിശ്ചയിക്കുന്ന പതിവായിരുന്നു അവിടെ.ആനകള്‍ തലയുയര്‍ത്തുവാന്‍ പാപ്പാന്മാര്‍ അവയുടെ താടിയിലും ചെവിക്കുന്നിയിലും കത്തിയോ കുന്തമോ ഉപയോഗിച്ച്‌ കുത്തും. അതോടെ അവ തലകൂടുതല്‍ ഉയര്‍ത്തും. ആരൊക്കെ മല്‍സരിച്ചാലും മണപ്പാട്‌ ഉത്സവക്കമ്മറ്റി കൊണ്ടുവരുന്ന ബീഹാറിയായ കണ്ടമ്പുള്ളി ബാലനാരായണനു തന്നെയായിരുന്നു എല്ലാ വര്‍ഷവും തിടമ്പ്‌. വിജയന്‍ എന്ന ആനയെ വലം കൂട്ടായും ഇടം കൂട്ടായി ഗണപതിയേയും തിരഞ്ഞെടുക്കുന്നതോടെ പത്മനാഭനെ കൊണ്ടുവന്ന വിഭാഗം ഒന്നുകില്‍ ആനയെ നടുഭാഗത്തുനിന്നും പിന്വലിച്ച്‌ വടക്കേ അറ്റത്തേക്ക്‌ മാറ്റിനിര്‍ത്തും.അല്ലെങ്കില്‍ രാത്രി കക്ഷിയെ വലം കൂട്ടായി നിര്‍ത്തും.മിക്കവാറും വര്‍ഷങ്ങളില്‍ ഇതായിരുന്നു പതിവ്‌ ഇതിനിടയില്‍ ആയിരം കണ്ണി ഉത്സവത്തിനു തലേന്നുള്ള പൊക്കുളങ്ങര പൂരവും കൂടുതല്‍ നന്നാകുവാന്‍ തുടങ്ങി. അവിടെയും ആനകളുടെ പൊക്കം തന്നെയായിരുന്നു മാനദണ്ഡം.അവിടെ പക്ഷെ ഗുരുവായൂര്‍ പത്മനാഭനും ഗണപതിയും ഒന്നു പങ്കെടുക്കാറില്ല.



പിന്നീട്‌ ഓര്‍മ്മയില്‍ വരുന്ന തലയെടുപ്പുള്ള ആന പന്നിശ്ശേരി ആണ്ടവന്‍ ആയിരുന്നു.അഴകില്‍ മികച്ചുനിന്ന ചീരോത്ത്‌ രാജീവ്‌ ഇന്ന് ഓര്‍മ്മയായി.തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ്‌ ശ്രീപരമേശ്വരനും ഒന്നും ഈ ഉത്സവങ്ങളില്‍ പങ്കാളികള്‍ ആയിരുന്നില്ല.പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദര്‍ അന്ന് പങ്കെടുക്കാറുണ്ടായിരുന്നോ എന്ന് അറിയില്ല. അക്കാലത്ത്‌ ഗുരുവായൂരിലേയും മറ്റും ദേവസ്വം ആനകളെ ഒഴിവാക്കിയാല്‍ ചുരുക്കം ചില ആനകള്‍ക്കേ കഴുത്തില്‍ പേരെഴുതിയ ലോക്കറ്റ്‌ ഉണ്ടാകാറുള്ളൂ.എന്നാല്‍ കര്‍ണ്ണനേയും മന്ദലാംകുന്ന് ഗണപതിയേയും തിരിച്ചറിയുവാന്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല.ഉയരം കൊണ്ട്‌ സൂര്യനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.നല്ല സൗന്ദര്യമുള്ള പട്ടത്തുശ്രീകൃഷ്ണന്‍ പിന്നീടെത്തി.

ഇടക്കെപ്പോഴോ വാടാനപ്പള്ളിക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ രാമചന്ദ്രന്‍ വളരെ പെട്ടെന്നു തന്നെ ഉത്സവപ്രേമികളുടെ മനസ്സില്‍ കയറിക്കൂടി.ഉത്സവപ്പറമ്പുകളില്‍ കൂട്ടാനകള്‍ക്കിടയില്‍ അല്‍പ്പം ചില കുസൃതികള്‍ കാണിക്കും എങ്കിലും അവനെ ആളുകള്‍ക്ക്‌ വലിയ ഇഷ്ടമായി.ആയിരം കണ്ണിയടക്കം പ്രമുഖരായ ആനകള്‍ പങ്കെടുക്കുന്ന വേദികളില്‍ തന്റെ സൗന്ദര്യവും തലയെടുപ്പും കൊണ്ട്‌ അവന്‍ വിജയക്കൊടി പാറിച്ചു. പൊക്കം കൊണ്ട്‌ കണ്ടമ്പുള്ളിയാണെകിലും തലയുയര്‍ത്തിപ്പിടിച്ചാല്‍ അവന്‍ കണ്ടമ്പുള്ളി ബാലനാരായണനേയും കവച്ചുവെക്കുന്ന വിസ്മയകരമായ കാഴച പല ഉത്സവപ്പറമ്പുകളിയം ആനപ്രേമികളെ കോരിത്തരിപ്പിച്ചു.ഉയരത്തിന്റെ കാര്യത്തില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കും എങ്കിലും രാമചന്ദ്രന്റെ തലയെടുപ്പ്‌ ഒന്ന് വേറെതന്നെ. ഇന്നു കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാര്‍പദവി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കേരളത്തില്‍ ഏറ്റവും അധികം കലണ്ടറുകളും ഫോട്ടോകളും വിറ്റുപോകുന്നതും ഏറ്റവും അധികം സ്വീകരണങ്ങള്‍ ലഭിക്കുന്നതും ഫ്ലെക്സ്‌ ബോര്‍ഡുകളും തെച്ചിക്കോട്ടുകാവിന്റേതു തന്നെ. ഇന്നു തെച്ചിക്കോട്ടുകാവിന്റെ ഏക്കത്തുക മറ്റേതാനയേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു.(നെന്മാറ വല്ലങ്ങി വിഭാഗത്തിന്റെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക്‌ ഏക്കം ഉറപ്പിച്ച ഗുരുവായൂര്‍ പത്മനാഭന്റെ ചരിത്രം മറക്കുന്നില്ല, എന്നാല്‍ മറ്റുത്സവങ്ങള്‍ക്ക്‌ ഇന്ന് രാമചന്ദ്രനു തന്നെയാണ്‌ കൂടുതല്‍ ഏക്കം) അഴകും ഉയരവും ഒക്കെയുണ്ടെങ്കിലും വടക്കും നാഥന്റെ മുമ്പില്‍ ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുവാന്‍ ഇനിയും അവനു സാധിച്ചിട്ടില്ല എന്നാണറിവ്‌.

തുടരും..............

Friday, April 27, 2007

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.

അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്‌,നെയ്തലക്കാവ്‌,കാരമുക്ക്‌,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട്‌ ഏതാണ്ട്‌ നാലേമുക്കാലിനാണ്‌ ആന ഓടിയത്‌. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്‌.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ്‌ ആന ഓടിയിരുന്നത്‌.(ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച്‌ പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട്‌ ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച്‌ പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത്‌ നിയന്ത്രിക്കുവാന്‍ കഴിയാത്തത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്‌.ഇവിടേയും ഇതു തന്നെയാണ്‌ നടന്നിരുന്നത്‌.


ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ്‌ വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്‌.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത്‌ പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട്‌ ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.


"ഇതിലെന്തോ തരികിടയുണ്ട്‌ അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ്‌ പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്‌.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)

Thursday, April 26, 2007

ഉഷാറില്ലാത്ത തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്‌.

വടക്കും നാഥന്റെ ആകാശത്ത്‌ കാണികളെ കോരിത്തരിപ്പിക്കുന്ന സാമ്പിള്‍ വെടിക്കെട്ട്‌ ഇത്തവണ പക്ഷെ ചില പൂരം കലക്കികളുടേയും മറ്റും ഇടപെടല്‍ മൂലം തണുപ്പനായിപ്പോയി.ഇന്ന് ഏഴുമണിയോടെ ആദ്യം വടക്കു ഭാഗത്താണ്‌ (പാറേമേക്കാവാണോ തിരുവമ്പാടിയാണോ എന്ന് അറിയില്ല) അമിട്ടുകള്‍ ആകാശത്തേക്ക്‌ കുതിച്ച്‌ വര്‍ണ്ണം വിതറിയത്‌. പക്ഷെ അവരുടേ കൂട്ടപ്പൊരിച്ചില്‍ അത്ര കേമം ആയില്ല. തുടര്‍ന്ന് തെക്കുഭാഗത്ത്‌ മറുവിഭാഗം വെടിക്കെട്ടിനു തുടക്കം ഇട്ടു. അവരുടേ കൂട്ടപ്പൊരിച്ചില്‍ അല്‍പ്പം നന്നായി. തുടര്‍ന്ന് ഇരുപക്ഷവും അമിട്ടുകള്‍ മല്‍സരിച്ച്‌ പൊട്ടിക്കുവാന്‍ തുടങ്ങി. ഇതില്‍ കൂടുതല്‍ നന്നായത്‌ വടക്കു ഭാഗത്തുള്ളവരുടേതായിരുന്നു.

എന്തായാലും പഴയ കാല സാമ്പിള്‍ വെടിക്കെട്ടിന്റെ നാലയലത്തുപോലും എത്തുന്നതായില്ല ഇത്തവണത്തെ വെടിക്കെട്ട്‌. ഓരോ പാരകള്‍മൂലം സാമ്പിളിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു..ഡേസിബെല്‍ അളവുകാര്‍ പോയപ്പോഴാകും ഏതാണ്ട്‌ എട്ട്‌ മണിക്ക്‌ ശേഷം ഇരുഭാഗവും അല്‍പ്പം ചില ഉഷാര്‍ അമിട്ടുകള്‍ പൊട്ടിച്ചു.നിരവധി നിലകള്‍ പൊട്ടുന്നവയൊക്കെ ഇനി ഒര്‍മ്മമാത്രം.ചിലര്‍ക്ക്‌ പേരെടുക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങള്‍മൂലം തൃശ്ശൂര്‍പൂരത്തിന്റെ തനതു സൗന്ദര്യം ആണ്‌ ഇല്ലാണ്ടാവുന്നെ.


പൂരത്തിനു പാരവെക്കുന്നവര്‍ അറിയുവാന്‍.ഇന്നത്തെ വെടിക്കെട്ട്‌ കണ്ടും കേട്ടും ആരുടേയും ചെവി പൊട്ടുകയോ ഏതെങ്കിലും പെണ്ണിന്റെ ഗര്‍ഭം അലസുകയോ ചെയ്തിട്ടില്ലാന്നാണ്‌ കേട്ടത്‌.എന്തായാലും എന്നെപ്പോലുള്ള "പൂരപ്രാന്തന്മാര്‍" ആശ്വസിക്കുന്നു പേരിനെങ്കിലും സാമ്പിള്‍വെടിക്കെട്ടു നടന്നല്ലോ. ഇനി പൂരവും കേമമാകും എന്ന് പ്രതീക്ഷിക്കുന്നു.

Wednesday, April 11, 2007

കലിതുള്ളുന്ന കരിവീരന്മാര്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇതു ആനയിടയലിന്റെ കാലം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ വലുതും ചെറുതുമായി നിരവധി ആനകള്‍ ഇടയുകയുണ്ടായി.കൊമ്പന്മാരില്‍ ഒരാള്‍ 25 കിലോമീറ്റര്‍ വരെ ഓടി.അതിനടുത്ത ദിവസം ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയില്‍ തെച്ചിക്കോട്ടുകാവ്‌ ദേവീദാസന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.പാപ്പാനെ കുത്തിക്കൊന്ന ആന ഓട്ടോതകര്‍ത്തെറിഞ്ഞും റേയില്വേഗേറ്റുതകര്‍ത്തും ജനങ്ങളെ ഭയപ്പെടുത്തി. ഒടുവില്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ എത്തിയ ആനയെ ഇരുവശത്തുനിന്നും തീയ്യിട്ടു അതിനുള്ളില്‍ തടഞ്ഞുനിര്‍ത്തി. പിന്നീട്‌ വടം ഉപയോഗിച്ച്‌ കുടുക്കി.ഈ രണ്ടു ആനകളും ഓടുന്നതിനിടയില്‍ പൈപ്പില്‍നിന്നും ഡ്രമ്മുകളില്‍ നിന്നും വെള്ളം കുടിക്കുന്നത്‌ കാണാമായിരുന്നു. വേണ്ടത്ര ഭക്ഷണവും വെള്ളവും വിശ്രമവും ലഭിക്കാത്തതും പാപ്പാന്മാരില്‍ നിന്നും ഉള്ള പീഠനവും ആണിവരുടെ വിറളിപിടിക്കലിനും തുടര്‍ന്നുള്ള ഓട്ടത്തിനും കാരണം എന്ന് വ്യക്തമായിരുന്നു.


ദേവീദാസന്റെ പരാക്രമങ്ങള്‍ കഴിഞ്ഞതും വാടാനപ്പള്ളിയില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ എന്ന ആനയുടെ ഊഴമായി. വാടാനപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഈ കൊമ്പന്‍ ഇടഞ്ഞോടി. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷതകര്‍ത്തെറിഞ്ഞു എന്നാല്‍ വഴിയില്‍ ആളുകളെ ഒന്നും ഉപദ്രവിക്കാതെ അവന്‍ തന്റെ യാത്ര തുടര്‍ന്നു. ഇടക്ക്‌ ഒരു പഞ്ചായത്തു പൈപ്പില്‍ നിന്നും വെള്ളം വരുന്നതുകണ്ടപ്പോള്‍ കക്ഷി അവിടെ കൂടി വെള്ളം കുടിച്ചും അല്‍പം മേലേക്കൊഴിച്ചും മനസ്സും ശരീരവും തണുപ്പിച്ചു.


8-ആം തിയതി ചേറ്റുവയിലെ ചന്ദനക്കുടം നേര്‍ച്ചായിലായിരുന്നു അടുത്ത ആനയോട്ടത്തിന്റെ ഊഴം.നേര്‍ച്ചയോടനുബന്ധിച്ചുള്ള പ്രദര്‍ശനതിലാണ്‌ ആനകള്‍ ഇടഞ്ഞത്‌.മൂന്നുവശവും സ്കൂള്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടൂരു കോമ്പൗണ്ടിനകത്തെ മൈതാനത്തായിരുന്നു ഇത്‌.ആനയുടെ അഴകും പൊക്കവും കൂടാതെ മര്യാദക്കാരനായ ആനക്കും സമ്മാനമുണ്ടായിരുന്നു.


പതിനൊന്ന് ആനകള്‍ പങ്കെടുത്ത അവിടെ മൂന്നു ആനകള്‍ ഇടഞ്ഞു.ആദ്യം ഒരു ആന ഇടഞ്ഞു വെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പെ അവനെ അവിടേനിന്നും മാറ്റി.എന്നാല്‍ മറ്റുരണ്ടനകള്‍ ഈ പരാക്രമങ്ങള്‍ കണ്ടു വിരണ്ടു.വിനയനെന്ന കൊമ്പന്റെ പുറത്തുണ്ടായിരുന്നവരില്‍ ഒരാളൊഴികെ ഭാക്കിയെല്ലാവരും ചാടി രക്ഷപ്പെട്ടു എന്നാല്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ അറ്റിന്റെ പുറത്തുനിന്നും ചാടാനാകാതെ ഇരുന്നു. തന്റെ പുറത്തിരുന്ന ആളെ തട്ടിയിടുവാന്‍ ആന നിരവധിതവണ തലകുടഞ്ഞൂം കൊമ്പുകുത്തിയും ശ്രമിച്ചെങ്കിലും അയാള്‍ വീണില്ല. ഇടക്കെപ്പോഴോ പിടിയൊന്നയഞ്ഞതും ആന കുടഞ്ഞതും ഒരുമിച്ചായി. അയാള്‍ ആനയുടെ മുന്നിലേക്കുവീണു. പലതവണ സുബൈറിനെ ആനകുത്തിയെങ്കിലും അയാള്‍ ഉരുണ്ടുമാറി.ഇതിനിടയില്‍ അയാളെ രക്ഷിക്കുവാനായി പാപ്പാന്‍ ആനയുടെ കൊമ്പില്‍ തൂങ്ങിയും വട്ടക്കയര്‍ പിടിച്ചും ശ്രദ്ധതിരിക്കുവാന്‍ ശ്രമിച്ചു. സുബൈറിനെ കൊമ്പില്‍ കോര്‍ക്കാന്‍ സാധിക്കാതായതോടെ ആന പാപ്പനെ തുമ്പിക്കൈകൊണ്ട്‌ തട്ടിയെറിഞ്ഞു.പലതവണകുത്തിയെങ്കിലും അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, കാണികളില്‍ ചിലര്‍ ആനയുടെ ശ്രദ്ധതിരിക്കുവാന്‍ കല്ലും വടിയും എടുത്ത്‌ ആനയെ എറിയുന്നുണ്ടായിരുന്നു. പാപ്പാനെ തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കുത്തിക്കൊമ്പില്‍ കോര്‍ത്തു മൈതാനത്തു തലങ്ങും വിലങ്ങും പാഞ്ഞു. ഇടക്കെപ്പോഴോ ആനയുടെ കൊമ്പില്‍ കുടുങ്ങിയ പാപ്പാന്‍ തഴെവീണു. പിങ്കാലുകൊണ്ട്‌ അയാളെ തട്ടിയെറിഞ്ഞു ആന മുന്നോട്ടുകുതിച്ചു.ഇത്തവണ തെക്കുവശത്തെ ക്ലാസ്രൂമുകളുടെ വരാന്തയില്‍ കുടുങ്ങിയ ആളുകളായിരുന്നു ലക്ഷ്യം.അങ്ങോട്ടു പാഞ്ഞടുത്ത അനയെ ആളുകള്‍ കല്ലെറിഞ്ഞു ശ്രദ്ധതിരിച്ചു.വീണ്ടും ഗ്രൗണ്ടിന്റെ നടുവിലെത്തിയ കൊമ്പന്‍ അവിടെനിന്നിരുന്ന മറ്റൊരു ആനയെ കുത്തിമലര്‍ത്തി.തുടര്‍ന്ന് അവനെ കുത്തിയും ഉരുട്ടിയും സ്കൂള്‍ വരാന്തയിലേക്ക്‌ കയറ്റി.

ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.

വിശദമായി പിന്നീടു എഴുതുന്നതാണ്‌.


(ഞാന്‍ നേരിട്ട്‌ ഈ ദൃശ്യങ്ങളില്‍ ചിലതിനു സാക്ഷിയായി. ഭാര്യ ചെറിയ മുറിവുകളുമായി അല്‍ഭുതകരമായിട്ടാണ്‌ രക്ഷപ്പെട്ടത്‌.ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.)

Friday, April 06, 2007

പൂരം കലക്കികള്‍ തോറ്റു

തൃശ്ശൂര്‍ക്കാരുടേ രക്തത്തില്‍ അലിഞ്ഞതാണ്‌ വടക്കുന്നാഥന്റെ സന്നിധിയില്‍ നടക്കുന്ന 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരം.ലോകത്തിന്റെ ഏതുകോണിലായാലും അവന്റെ മനസ്സില്‍ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം നിമിഷനേരം കൊണ്ട്‌ നിറയും.ഉത്സവം അലങ്കോലമാക്കുന്നവരെ നാടന്‍ ഭാഷയില്‍ പൂരംകലക്കികള്‍ എന്നുതന്നെയാണ്‌പറയുക.

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരവും ഭൂമിയിലെ ദേവസംഗമം എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴപൂരവും എല്ലാം ഇത്തവണനടക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍.ഒരിക്കലെങ്കിലും ഇലഞ്ഞിത്തറമേളം ആസ്വദിച്ചിട്ടുള്‍ലവര്‍ അതിന്റെ ലഹരിയില്‍ ഭ്രമിച്ചുപോയിട്ടുള്ളവര്‍ വീണ്ടും അടുത്തവര്‍ഷം ആ ദിവസത്തിനായി കാത്തിരിക്കും.എന്നാല്‍ പൊതുതാല്‍പര്യാര്‍ഥം എന്ന പേരില്‍ ചില പൂരം കലക്കികള്‍ തൃശ്ശൂര്‍പൂരത്തിനെതിരെ കോടതികയറുകയുണ്ടായല്ലോ? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തവ്‌ തുണച്ചതുകൊണ്ട്‌ ഇത്തവണയും തൃശ്ശൂര്‍പൂരം ഉണ്ടാകും.

ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല തൃശ്ശൂര്‍പൂരംവും അനുഭന്ധിച്ചുള്ള വെടിക്കെട്ടും എങ്ങനെയെങ്കിലും ഒന്നു നിര്‍ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍. വെടിക്കെട്ടപകടം ഉണ്ടായി എന്നപേരില്‍ ഇന്ത്യാമഹാരാജത്ത്‌ വെടിമരുന്നു നിരോധിച്ചിട്ടില്ല എന്നത്‌ നാം മറന്നുകൂട.അപ്പോള്‍ പൂരം ഇല്ലാതായാല്‍ സാംസ്കാരിക തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവം നിര്‍ത്തുവാന്‍ കഴിയും എന്ന ചേതോവികാരം ആയിരിക്കാം ഇതിന്റെ പിന്നില്‍.ഇതുകേവലം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എല്ലാവിഭാഗവും കൊണ്ടാടുന്നു ഈ പൂരം.(ചില മന്ദബുദ്ധികള്‍ ഉത്സവത്തിനെതിരാണെന്ന് മനസ്സിലാക്കുന്നു.അതു സങ്കുചിതമായ ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്‌.ബുദ്ധി പണയം വെച്ച അക്കൂട്ടരെ ഒറ്റപ്പെടുത്താതെ നിലനിര്‍ത്തുന്നത്‌ നാളെ വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതില്‍ സംശയമില്ല)

മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ആകാശത്തെ അഗ്നിവര്‍ഷവും ഇല്ലാതെ എന്തോന്ന് തൃശ്ശൂര്‍പൂരം? അനുകൂലമായ കോടതിവിധിവന്നതോടെ തൃശ്ശൂര്‍ക്കാര്‍ക്ക്‌ അതു പൂരദിവസത്തേക്കാള്‍ സന്തോഷം ഉള്ള ദിവസമായിമാറി.ഒരുപൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്‌ ഓരോതൃശ്ശൂര്‍ക്കാരനും. ഇതിനിടയില്‍ ചില അരസികന്മാര്‍ ഷൈഞ്ചെയ്യുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ആളുകള്‍ക്ക്‌ അമര്‍ഷം തോന്നുക സ്വാഭാവികം.ഹൈന്തവ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇത്തരം ഉടക്കുണ്ടാക്കിയാലും ആരും ചോദിക്കില്ല എന്ന് ഉറപ്പിന്മേല്‍ ഉള്ള ചില കാര്യങ്ങള്‍ അത്രതന്നെ.ആറാട്ടുപുഴപൂരം ഭംഗിയായി തന്നെ നടന്നു.ഗംഭീര വെടിക്കെട്ടോടുകൂടിതന്നെ.നിരവധി ഗജകേസരികളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ആ ഉത്സവം കണ്ടവരാരും അതു നിര്‍ത്തുവാന്‍ ആവശ്യപ്പെടില്ല.

സാങ്കേതികമായ നൂലാമാലകള്‍മൂലം പൂരം ഉണ്ടാകില്ല എന്ന ആശങ്കപരന്നപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്‌.എന്നാല്‍ അനുകൂലമായ വിധിവന്നതോടെ അവര്‍ അതു ആഘോഷിക്കുകയും ചെയ്തു. ഇനി 27 ആം തിയതിവരെ കാത്തിരിപ്പ്‌.അതിനിടയില്‍ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍.ഇരുപക്ഷത്തുമായി അണിനിരക്കുന്ന ഗജവീരന്മാരെകുറിച്ചുള്ള ചര്‍ച്ചകള്‍ കുടമാറ്റത്തിന്റെയും ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടിന്റെ വര്‍ണ്ണപ്രഭയെകുറിച്ചുള്ള സ്വപ്നങ്ങള്‍.

ഏപ്രില്‍ 27നു വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം വടക്കുന്നാഥന്റെ മുന്നില്‍ നടക്കുമ്പോള്‍ നമ്മള്‍ക്ക്‌ പൂരം കലക്കാന്‍ശ്രമിച്ച്‌ പരാജയപ്പെട്ടവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഉത്സവത്തിനു അനുമതിനല്‍കിയ കോടതിക്കും അതുപോലെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക്‌ മങ്ങലേല്‍ക്കാതെ നടക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയില്‍ വാദിച്ച വക്കീല്‍മാര്‍ക്കു നന്ദിപറയുന്നു.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികവും ധൂര്‍ത്തും.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇന്നത്തെ ഗവണ്‍മന്റ്‌ വളരെയധികം ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണല്ലോ? ഇതിനായി ചിലവിടുന്നത്‌ ഗവണ്‍മന്റ്‌ ഖജനാവില്‍ നിന്നും ഉള്ള പണമാനെന്നത്‌ നാം മറന്നുകൂട. പല യോഗങ്ങളിലും നടക്കുന്നതാകട്ടെ സമീപകാല കോടതിവിധിയുടേയും മറ്റും വിശദീകരണമാണ്‌. ജനങ്ങളുടെ ചിലവില്‍ പാര്‍ട്ടിവിശദീകരണവും മറ്റും നടത്തുന്നത്‌ അനുയോജ്യമാണോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു.

57-ലെ ഇ എം എസ്‌ മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നൊക്കെ ചില മാധ്യമ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു വരുന്നുണ്ട്‌. എന്ത്‌ അടിസ്ഥാനത്തിലാണിതെന്ന് മനസിലാകുന്നില്ല. അന്നത്തെ മന്ത്രിസഭയും ഇടതുപക്ഷവും തമ്മില്‍ പേരിലല്ലാതെ വേറേ എന്തെങ്കിലും ബന്ധമുണ്ടോ?ഇടതുപക്ഷത്തിനു വന്നിട്ടുള്ള മൂല്യശോഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമല്ലെ ബങ്കാളിലെ സംഭവ വികാസങ്ങള്‍. ഭൂമി ജന്മികളില്‍ നിന്നു പിടിച്ചെടുത്ത്‌ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ നടപടിയെടുത്ത ഇടതുപക്ഷം ഇന്നു അതു തിരികെപിടിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ നല്‍കുവാന്‍ കര്‍ഷകരെ വെടിവെച്ച്‌ കൊല്ലുന്ന ചിത്രം നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കേരളത്തില്‍ എ.ഡി.ബിക്കെതിരെ സമരവും ബന്ധും നയിച്ചവര്‍ തെരുവില്‍ തല്ലുകൊണ്ടും വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും പ്രതിഷേധിച്ചവര്‍ പിന്‍വാതിലിലൂടെ എ.ഡി.ബിക്ക്‌ പരവതാനി വിരിച്ചു.വിദ്യഭ്യാസരംഗത്ത്‌ ഇന്നു കുത്തകകളും കച്ചവടക്കാരും കൊടികുത്തിവാഴുന്നു.

എന്തിനീ ആഘൊഷങ്ങള്‍?യദാര്‍ത്തത്തില്‍ ഈ പ്രകടങ്ങള്‍ അന്നത്തെ സര്‍ക്കാരിനു അപമാനമല്ലെ എന്ന് തോന്നിപ്പോകുന്നു.ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ഒന്നും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. മറ്റൊന്ന് കേരളപ്പിറവിപോലെ സാധാരണക്കാര്‍ക്ക്‌ ഇതു വലിയ സംഭവം ഒന്നും അല്ലെന്നിരിക്കെ എന്തോന്ന് ഇത്ര ആഘോഷിക്കുവാന്‍. ഇത്‌ പാര്‍ട്ടി സ്വന്തം നിലയില്‍ ചെയ്യേണ്ട ആഘോഷമാണ്‌.(അയ്യോ ഇനി ഇതിന്റെ പേരിലും ബക്കറ്റുപിരിവുണ്ടാവോ?)

NB:ലോകത്താദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭ 57-ലെ ഇ.എം.എസ്‌ മന്ത്രിസഭയല്ല എന്ന് ഇടതുനേതാക്കള്‍ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. ഇതേകുറിച്ച്‌ സഖാവുതന്നെ പറഞ്ഞതായിട്ടാണ്‌ അറിവ്‌.

Tuesday, February 13, 2007

സാമുദായിക സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍.

ദര്‍പ്പണം


കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ്‌ സഭനടത്തിയ പ്രതിഷെധമാര്‍ച്ച്‌ അക്രമാസക്തമാകുകയും പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച്‌ ഇന്ന് ഹര്‍ത്താലാണ്‌. ഇനി നാളെയും ഹര്‍ത്തലായാല്‍?

സഭകളുടെ തര്‍ക്കങ്ങള്‍ ഒരു ചെറുവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്‌.പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞ മഹാത്മാവിന്റെ അനുയായികള്‍ ദേവാലയത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്ന വൈരുധ്യം!

ഇനി കേരളത്തിലെ വിവിധ സാമുദായിക സംഘടനകളും അവരുടെ നേതാക്കന്മാരും സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഈ സമര മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി.പ്രത്യെകിച്ച്‌ പല സാമുദായിക നേതാക്കന്മാര്‍ക്കും എതിരെ അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

ഒരു ആധുനിക സമൂഹത്തിനു പറ്റിയ സമ്പ്രദായമല്ല ഈ പണിമുടക്കുകളും ഹര്‍ത്താലുകളും.മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളാണിവയൊക്കെ.

Sunday, February 11, 2007

വരൂ നമുക്ക്‌ തമിഴ്‌നാട്ടുകാരനാകാം!

രാഷ്ടീയ പ്രബുദ്ധരാണ്‌ മലയാളികളെന്നും മറ്റും നാം സ്ഥാനത്തും അസ്ഥാനത്തും അഭിമാനപൂര്‍വ്വം പറയാറുണ്ട്‌. എന്നാല്‍ ഈവക പ്രബുദ്ധതയൊന്നും തൊട്ടടുത്ത സംസ്ഥനമായ തമിഴന്‍ പറയാറില്ല. അവരെ സംബന്ധിച്ചേടത്തോളം മക്കള്‍ രാഷ്ടീയമാണ്‌ പ്രധാനം.നമ്മള്‍ മതേതരത്വം മണ്ണാംങ്കട്ടയെന്നൊക്കെ പ്രസംഗിച്ചും എഴുതിയും കഴിയുമ്പോള്‍ അവര്‍ വികസനം ആനുകൂല്യങ്ങള്‍ തുടങ്ങിയവ പരമാവധി നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു.കേന്ദ്രത്തില്‍ ഏതു ഗവണ്മെന്റു വന്നാലും തമിഴ്‌നാട്‌ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നെടുന്നതില്‍ വിജയിക്കാറുണ്ട്‌.

കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴൊഴികെ കേന്ദ്രഗവണ്മെന്റില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള സംസ്ഥനമായിരുന്നു കേരളം. എന്നാല്‍ അതിനു അനുസൃതമായ ഒരു വികസനമോ ആനുകൂല്യങ്ങളോ കേരളത്തിനു നേടിത്തരുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കായില്ല. തമിഴ്‌നാടാകട്ടെ തങ്ങളുടെ ജനങ്ങളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ച്‌ അതിനനുസൃതമായ സമ്മര്‍ദ്ധം കേന്ദ്രത്തില്‍ ചലുത്തി കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നു.അന്താരാഷ്ട്ര കമ്പനികളുടെ പുതുസംരംഭങ്ങളും കേന്ദ്രഗവണ്മെന്റിന്റെ പങ്കാളിത്തമുള്ള വ്യവസായങ്ങളുമെല്ലാം തമിഴ്‌നാട്ടിലേക്ക്‌ അവര്‍ കൊണ്ടുവരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ഏറ്റവും ഒടുവില്‍ പാലക്കാട്ടെ ഒലവക്കോട്‌ ഡിവിഷന്‍ ഭാഗിച്ച്‌ തമിഴ്‌നാട്ടിലെ സേലത്തു പുതിയ ഡിവിഷന്‍ തുടങ്ങി. വെറും നാലു എം.പി മാരുടെ സമ്മര്‍ദ്ധവും ഒരു സഹമന്ത്രിയും കൂടെ അതങ്ങട്‌ നേടിയെടുത്തു. നമുക്കിവിടെ പ്രതിരോധ മന്ത്രിയും സഹമന്ത്രിമാരടക്കം ഇരുപതു എം.പി മാര്‍ അതും കേന്ദ്രഭരണത്തെ താങ്ങിനിര്‍ത്തുന്ന ഇടതുപക്ഷത്തുനിന്നുതന്നെ പത്തൊമ്പതുപേരുണ്ടായിട്ടും പാലക്കാട്‌ ഡിവിഷന്‍ വിഭജനത്തെ തടയാനായില്ല.

പാര്‍ളിമെന്റിനകത്ത്‌ ഗവണ്മെന്റിനെ അനുകൂലിച്ച്‌ കൈപൊക്കുകയും പുറത്ത്‌ ശക്തമായ പ്രക്ഷോഭപരിപാടികളും ഒക്കെയായി "വൈരുദ്ധ്യാത്മക ജനാധിപത്യം" നടപ്പാക്കുന്ന ഇടതുപക്ഷംകേരളഭരണം കയ്യാളുക കൂടിചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സംഭവം തികച്ചും നാണക്കേടുതന്നെയാണ്‌.പലപ്പോഴും ഇടതുപക്ഷം പറയാറുള്ളത്‌ കേന്ദ്രഗവണ്മെന്റിന്റെയും ഇവിടെനിന്നും ഉള്ള കോണ്‍ഗ്രസ്സ്‌ എം.പി മാരുടേയും പിടിപ്പുകേടാണ്‌ ഇവിടേക്ക്‌ വികസനം എത്താത്തതിന്റെ കാരണം എന്ന്. ഇപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തെ കേരളത്തിലും കേന്ദ്രത്തിലും ആവശ്യത്തിലധികം അംഗങ്ങളെ തിരഞ്ഞെടുത്ത്‌ അയച്ചു. ഇനിയെന്നാണാവോ കേരളത്തിലെ ജനപ്രധിനിധികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ക്കായി ശബ്ദിക്കുവാന്‍ അവസരം ലഭിക്കുക.ഇല്ലാത്ത ആദര്‍ശം പറഞ്ഞ്‌ കേന്ദ്രഭരണത്തില്‍ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ട്‌ നമുക്കെന്തു പ്രയോജനം?

ഇടതുപക്ഷം ഇടക്കിടെ പറയുന്ന ഒരു കാര്യമുണ്ട്‌ കേന്ദ്രഗവണെമെന്റിനുള്ള പിന്തുണയെകുറിച്ച്‌ പുനരാലോചനനടത്തുമെന്ന്. ഭരിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അറിയാം ഇതൊന്നും സംഭവിക്കില്ലാന്ന്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ്‌ ഗവണ്‍മന്റ്‌ അവരുടെ നയങ്ങളുമായി മുന്നോട്ടുപോകുന്നു.പിന്തുണപിന്‍ വലിച്ച്‌ രാജ്യത്ത്‌ മറ്റൊരു തിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കിയാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച്‌ നിലവില്‍ ഉള്ള സീറ്റുകളില്‍ പകുതിപോലും ജയിക്കുവാന്‍ കഴിയില്ല എന്നത്‌ ഒരു രാഷ്ട്രീയസത്യമാണ്‌.ഇടതുപക്ഷം നടത്തുന്ന രാഷ്ടീയസമരങ്ങള്‍ അതിലേറെ രസകരമാണ്‌. രാവിലെ കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്‍പ്പങ്ങള്‍ക്ക്‌ വിലവര്‍ദ്ധനവു വേണമെന്ന് പറഞ്ഞ്‌ സമരം നടത്തുന്നവര്‍ ഉച്ചക്ക്‌ റോഡുപരോധിക്കുന്നത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ കൂലിവര്‍ദ്ധനവിനായും വൈകീട്ട്‌ സായാഹ്നധര്‍ണ്ണയിലാകട്ടെ കേന്ദ്രഗവണ്‍മന്റ്‌ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ചതിലെ പ്രതിഷേധവും. ഇതിലും വലിയ തമാശ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ നടത്തുന്ന ജാഥകള്‍ ചങ്ങലകള്‍ ട്രെയിന്‍ തടയല്‍ എന്നിവയോക്കെ ഒരു വഴിക്ക്‌ നടക്കുന്നതും മറ്റൊരു വഴിക്ക്‌ സംസ്ഥാനത്തു പത്തുപേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കമ്പനികളുടെ മുമ്പില്‍ സമരം നടത്തുന്നതും തുടര്‍ന്ന് അവ അനിശ്ചിതകാലത്തേക്കോ എന്നെന്നേക്കുമായോ അടച്ചുപൂട്ടുന്നതും. വൈരുദ്ധ്യങ്ങള്‍ക്ക്‌ ഇനിയും പഞ്ഞമില്ല കമ്പൂട്ടറിനെതിരെ സമരം നടത്തി ഒരുകാലത്ത്‌ പിന്നീട്‌ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ നെട്ടോട്ടം, കോളാകമ്പനിക്ക്‌ അനുമതികൊടുക്കുന്നു പിന്നീട്‌ അതിനെതിരെ സമരം നടത്തുന്നു!

കേരളത്തെ സംബന്ധിച്ചേടത്തോളം വളരെപ്രധാനപ്പെട്ട ഒരു സംഗതിയാണ്‌ പ്രവാസികളും അവരുടെ കുടുമ്പങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക രംഗത്ത്‌ ഇത്രയധികം നേട്ടങ്ങള്‍ക്ക്‌ പ്രധാന കാരണം പ്രവാസികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിമാനയാത്രാക്കൂലിയടക്കം പ്രവാസികള്‍ നെരിടുന്ന പ്രശ്നങ്ങളില്‍ ഇനിയും ഇടതും വലതും ഒളിച്ചുകളി നടത്തുകയാണ്‌.ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ്‌ മേഘലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഏറ്റവും അധികം കേരളീയരാണ്‌. നല്ലൊരു വിഭാഗം മലയാളി കുടുമ്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വിദേശമലയാളികളെ ആശ്രയിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അവഗണനമാത്രം. ഒരുപക്ഷെ ഇത്രയധികം പ്രവാസികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം സംഭവങ്ങള്‍ നടക്കുമായിരുന്നു.

പ്രവാസികാര്യവകുപ്പും അതിനു മന്ത്രിയും എല്ലാം ഉണ്ട്‌ എന്നിട്ടും പ്രവാസികള്‍ക്കും കുടുമ്പത്തിനും പല നിസ്സാരകാര്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കെണ്ടിവരുന്നു.പ്രവാസികളുടെ പ്രധാന ആവശ്യങ്ങളീല്‍ ഒന്നായ വിമാനയാത്രാക്കൂലി കുറക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല എന്നാല്‍ ദൂരക്കൂടുതല്‍ ഉള്ള അമേരിക്കന്‍ സെക്ടറില്‍ യാത്രാ കൂലി താരതമ്യേന കുറവും ആണെന്നത്‌ ഗള്‍ഫ്‌ മലയാളികളോടുള്ള ഗവണ്‍മന്റ്‌ നിലപാടിനെ വ്യക്തമാക്കുന്നു. ചില പ്രവാസി വ്യവസായികള്‍ ചെര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച്‌ വിമാനസര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ സമീപിച്ചപ്പോളാകട്ടെ അതിനു നിരവധി "സാങ്കേതിക" തടസ്സങ്ങളും. എന്നാല്‍ തമിഴന്മാരായിരുന്നു ഇത്തരം ഒരു ശ്രമത്തിനു മുതിര്‍ന്നതെങ്കില്‍ തീര്‍ച്ചയായും അതു യാദാര്‍ത്ഥ്യമായേനേ.

കേരളത്തിലെ എം.പിമാരില്‍ ഒരാള്‍ പാര്‍ളിമെന്റില്‍ കയറിയതിനു പതിനൊന്നു ദിവസം അതിനു പത്തുലക്ഷം അനൂകൂല്യങ്ങളും ഭത്തയുമൊക്കെയായി വാങ്ങുകയും ചെയ്തു എന്ന് അറിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത നമുക്ക്‌ മനസ്സിലാക്കവുന്നതേയുള്ളൂ.നാം എന്തിനിവരെപ്പോലുള്ളവരെ ചുമക്കണം? പ്രവാസികളേ നിങ്ങള്‍ക്ക്‌ വോട്ടവകാശം ഇല്ലെങ്കിലും നിങ്ങളുടെ കുടുമ്പത്തിനു വോട്ടവകാശം ഉണ്ടെന്നും അതു നിര്‍ണ്ണായകമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ടീയനേതൃത്വത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുക. വാര്‍ഡുതലത്തില്‍ വരെ പ്രവാസ സംഘടനകള്‍ നമുക്കുണ്ട്‌ എന്തിനുവേണ്ടിയെന്ന് സ്വയം ഒരു പുനര്‍ ചിന്തനടത്തുക!

ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.

Friday, February 09, 2007

പത്മപ്രിയ അവാര്‍ഡ്‌ കളഞ്ഞുകുളിച്ചതോ?

കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ ൨൦൦൬-ലെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും ചെയ്തു. ഇത്തവണത്തെ വിവാദങ്ങള്‍ക്കുള്ള സ്കോപ്പ്‌ നല്‍കുന്നത്‌ അവാര്‍ഡുകളില്‍ അധികവും ഇടതുപക്ഷ അനുകൂലികളോ അല്ലെങ്കില്‍ കാഴ്ചപ്പാടുള്ളവര്‍ക്കോ ലഭിച്ചു എന്നാണത്രെ! സൂക്ഷ്മമായി നോക്കിയാല്‍ അതില്‍ കഴമ്പില്ലാ എന്ന്‌ പറയാനും പറ്റില്ല.എന്നാല്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴക്ക്‌ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു എന്നതാണ്‌ പലരുടേയും നിരീക്ഷണം. ഇതിനു മുമ്പും ഒരു ചിത്രത്തിനു തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച്ച്ച ചരിത്രം ഉണ്ട്‌ അതുകൂടാതെ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും രാത്രിമഴയുടെ സംവിധായകന്‍ ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള കലാകാരനാണ്‌.

മികച്ച നടിക്കുള്ള അവാര്‍ഡ്‌ ശ്രീമതി ഉര്‍വ്വശിക്ക്‌ അവാര്‍ഡുലഭിച്ച്ച്ചത്‌ അതും മധുചന്ദ്രലേഖപോലുള്ള ഒരു ചിത്രത്തിലെ അഭിനയത്തിനു അല്‍പ്പം കടന്നകയ്യായില്ലെ എന്നു സംശയിക്കുന്നത്‌ സ്വാഭാവികം.(നിലവാര്‍ക്കൂടുതല്‍കാരണം മധുചന്ദ്രലേഖ മുഴുവന്‍ കാണാന്‍ ഉള്ള ക്ഷമയില്ലാതെ അതിനു മുമ്പു ഞാനും ഇറങ്ങിപ്പോന്നു എന്നതാണ്‌ വാസ്തവം.) വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക്‌ തഴയപ്പെട്ടത്‌ അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ്‌ ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ്‌ ഡബ്ബുചെയ്തിരിക്കുന്നത്‌. എന്തായാലും ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടല്ലല്ലോ പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ച്ച്ചയായും ഇത്തവണത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച്ച്ചാല്‍ പ്രേക്ഷകര്‍ നിസ്സംശയം തിരഞ്ഞെടുക്കുക പത്മപ്രിയയെ തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടാകില്ല.കറുത്തപക്ഷികളിലും മറ്റും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.അര്‍ഹതയുള്ള പലരേയും രണ്ടാം സ്ഥാനത്തേക്ക്‌ തള്ളിയെന്ന നടന്‍ ജഗതിശ്രീകുമാറിണ്റ്റെ പരാമര്‍ശത്തെ ആര്‍ക്കും തള്ളുവാന്‍ കഴിയില്ല.പ്രത്യേകിച്ചും പത്മപ്രിയയുടെ കാര്യത്തില്‍.

ക്ളാസ്‌മേറ്റ്‌സിനെ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തെ തിരഞ്ഞെടുത്തതില്‍ അപാകതയില്ലെന്ന്‌ കരുതാം.കാരണം ഇതല്ലാതെ ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ മറ്റൊരു ചിത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായോ എന്നത്‌ സംശയം.വ്യത്യസ്ഥമായ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും ക്ളാസ്മേറ്റ്‌സിനെ ശ്രദ്ധേയമാക്കി.

ഒരു വേഷത്തെ ഒരു നടന്‍ എങ്ങനെ അവതരിപ്പിച്ചൊ എന്നാണ്‌ പരിഗണിച്ചതെന്ന ജൂറിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. മിമിക്രികാട്ടിയും മേക്കപ്പ്‌മാണ്റ്റെ മാത്രം കഴിവിലും അവാര്‍ഡുവാങ്ങിയവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥനാണ്‌ പ്രിഥിരാജ്‌.മനോജ്‌ കെ ജയനു ശേഷം യുവത്വം നിറഞ്ഞ ആണ്‍കരുത്തിണ്റ്റെ ഒരു ഭാവം മലയാളസിനിമയില്‍ കണ്ടത്‌ പ്രിഥ്വീരാജിണ്റ്റെ വരവോടെ തന്നെയാണ്‌. പല മികച്ച സംവിധായകരുടേയും തിരക്കഥാക്ര്‍ഹ്ത്തുക്കളുടേയും ചിത്രങ്ങളില്‍ അദ്ദേഹത്തിനു എന്തുകൊണ്ടോ അവസരം ലഭിക്കുന്നില്ല എന്നത്‌ ഒരു വാസ്തവമാണ്‌. ഒരു നടന്‍ എന്ന നിലയില്‍ പ്രിഥിയുടെ കഴിവുകള്‍ പ്രകടമാക്കാന്‍ ഇനിയും അവസരങ്ങള്‍ വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന്‌ കരുതാം.

തിരക്കഥയില്‍ കമലിണ്റ്റെ കറുത്തപക്ഷികളും ബ്ളെസ്സിയുടെ പളുങ്കും പിന്തള്ളപ്പെട്ടത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. എന്തായാലും ഭാഗ്യം കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രമായോ മികച്ച രണ്ടാമത്തെ ചിത്രമായൊന്നും മധുചന്ദ്രലേഖയെ തിരഞ്ഞെടുക്കാഞ്ഞത്‌!

കാടാമ്പുഴയും കൊടിയേരിയും.

കാടാമ്പുഴ ക്ഷേത്രത്തില്‍ ബഹുമാനപ്പെട്ടമന്ത്രി കൊടിയേരി ബാലക്ര്‍ഹ്ഷ്ണ്റ്റെ ഭാര്യയും മകനും പൂമൂടല്‍ നടത്തിയെന്ന രൂപേണ ഒരു പ്രസിദ്ധീകരണം വാര്‍ത്തകൊടുക്കുകയും അത്‌ വിവാദമാകുകയും ചെയ്തിരിക്കുകയാണല്ലോ. തണ്റ്റെ കുടുമ്പം ഇത്തരം ഒരു വഴിപാടുനടത്തിയിട്ടില്ലെന്ന്‌ മന്ത്രിയും എന്നാല്‍ നടത്തിയെന്ന്‌ ക്ഷേത്രം അധിക്ര്‍ഹ്തരും തറപ്പച്ച്ച്ചുപറയുന്നു. പിന്നീടുവന്ന ചില വാര്‍ത്തകളില്‍ അവിടെ മന്ത്രിയുടെ ഭാര്യയോ മകനോ അങ്ങിനെ ഒരു പൂമൂടല്‍ നടത്തിയിട്ടില്ലെന്നും അതു കണ്ണൂറ്‍ ജില്ലയില്‍ കോടിയേരിയുടെ സമീപത്തുള്ള ഒരു മറ്റൊരു വ്യക്തിയാണെന്നും അദ്ദേഹം ഒരു അദ്യാപകനാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിണ്റ്റെ മകണ്റ്റെ പേര്‍ ബിജോയ്‌ ആണെന്നും പിന്നീട്‌ അറിയിക്കുകയുണ്ടായി. ബാലക്ര്‍ഹ്ഷ്ണനെന്നപേരും ബിജോയ്‌ എന്ന പേരും എടുത്തുപറയുന്ന മാധ്യമങ്ങള്‍ വിട്ടുപോയ മറ്റൊരു സംഗതി മന്ത്രിയുടെ മകണ്റ്റെ പേര്‍ ബിനീഷ്‌ എന്നാണ്‌ എന്നതാണ്‌.

ഇവിടെ ബഹു:കൊടിയേരിയുടെ കുടുമ്പം ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതോ വഴിപാടു നടത്തുന്നതോ അല്ല. ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുക എന്നത്‌ ആര്‍ക്കും നിഷിദ്ധമല്ല. ചിലയിടങ്ങളില്‍ അന്യമതസ്ഥര്‍ക്ക്‌ വിലക്കുണ്ട്‌ എന്നത്‌ അങ്ങീകരിക്കുന്നു. കാടാമ്പുഴക്ഷേത്രത്തില്‍ ഏതാണ്ട്‌ നാല്‍പ്പതു വര്‍ഷത്തേക്കുള്ള പൂമൂടല്‍ ടോക്കണുമായി ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ വി. ഐ. പി കള്‍ക്ക്‌ അനായാസം അവിടെ പൂമൂടല്‍ നടത്താം എന്നതു തന്നെയാണ്‌. എന്താണീ പൂമൂടലിനു വി. ഐ. പി പരിഗണക്ക്‌ ആധാരം? മന്ത്രിമാരും മറ്റും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട ആളുകളാന്‌. അതിനവര്‍ ക്ര്‍ഹ്ത്യമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങുന്നുമുണ്ട്‌.അവരുടെ തിരക്കു പരിഗണിച്ച്ച്ച്‌ ചിലയിടങ്ങളില്‍ അവര്‍ക്കു പ്രത്യേക പരിഗണന നല്‍കേണ്ടതാണ്‌. ക്യൂവിലും മറ്റും കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നതില്‍ അവര്‍ക്ക്‌ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്‌ എന്നത്‌ അംഗീകരിക്കുന്നു പക്ഷെ പൂമൂടലിനു അതുവേണോ?

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പ്രസ്തുത വഴിപാടുനടത്തിയെന്ന്‌ അവകാശപ്പെടുന്ന അധ്യാപകനുമായി ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ പറയുന്നത്‌ അദ്ദേഹത്തെ ക്ഷേത്രദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ഉദ്യോഗസ്ഥനും അതുവഴി ഈ പൂമൂടല്‍ തരപ്പെടുത്തിയെന്നും ആണ്‌. അപ്പോള്‍ കേവലം ഒരു അധ്യാപകനു അവിടെ പരിചയം ഉണ്ട്‌ എന്ന ഒറ്റക്കാരണത്തല്‍ ഇത്രയും ആളുകളെ വഞ്ചിച്ച്ച്ച്‌ പിന്‍ വാതിലിലൂടെ പൂമൂടല്‍ നടത്താം, ഇങ്ങനെ നടത്തുന്ന വഴിപാട്‌ ദേവി കൈകൊള്ളുമോ എന്നത്‌ തീര്‍ച്ച്ച്ചയായും സംശയമാണ്‌. വി.ഐ.പി എന്ന പരിഗണന ലഭിക്കുവാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത വ്യക്തിക്ക്‌ ഇത്തരത്തില്‍ ഒരു വഴിപാടുനടത്തുവാന്‍ അവസരം ഒരുക്കിയ അധിക്ര്‍ഹ്തരെ സര്‍ക്കാര്‍ ഉടന്‍ സസ്പെണ്റ്റ്‌ ചെയ്ത്‌ നടപടിയെടുക്കുകയാണ്‌ വേണ്ടത്‌.നടപടിയെടുക്കുവാന്‍ പുറപ്പെട്ടാല്‍ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രെയപാര്‍ട്ടിക്കാരും അല്ലെങ്കില്‍ ജോലിക്കാരുടെ സംഘടനകളും ഒക്കെയുണ്ടാകും എന്നതിനെ വിസ്മരിക്കുന്നില്ല. ഭക്തരോടും മറ്റു വിശ്വാസികളോടും വാന്‍ വഞ്ചന നടത്തിയ ഉദ്യോഗസ്ഥന്‍മാരെ ഇനിയും തുടരുവാന്‍ അനുവദിക്കുന്നതിണ്റ്റെ അനൌചിത്യം മനസ്സിലാകുന്നില്ല്‌.

ഈ അവസരത്തില്‍ വഴിപാടുനടത്തുവാന്‍ ടോക്കണുമായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യുകയല്ലെ വേണ്ടത്‌? ജനകീയവിചാരണകള്‍ തിരികെവരേണ്ടതിണ്റ്റെ അനിവര്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ ഇത്തരം സംഭവങ്ങള്‍. തീവ്രവാദപ്രമായ ഒരു നിലപാടല്ല എടക്ക്‌ ചില ചെരുപ്പുമാലകള്‍ ഇത്തരക്കാര്‍ക്ക്‌ ലഭിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ.

Sunday, January 28, 2007

ടൂറിസവും കേരളമോഡല്‍ വെട്ടലും.

കേരളത്തെ ഇന്ത്യയിലെ ടൂറിസത്തിന്റെ "ഹബ്‌" ആക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണല്ലോ കേരളാ ഗവണ്‍മന്റ്‌.അതിനായി നിരവധി പ്രസംഗമാമാംഗങ്ങളും മറ്റും ഇവിടെ നടക്കുന്നുമുണ്ട്‌.ഇവിടേക്കുവരാന്‍ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും അതിലൂടെ ഒഴുകിവരാന്‍പോകുന്ന കോടികളും ഒക്കെ ചാനലുകളിലെ വാര്‍ത്താപ്രോഗ്രാമ്മുകളിലൂടെ ഒഴുകിയെത്തുന്നു.

ഗവണ്മെന്റു ആദ്യം ചെയ്യേണ്ടത്‌ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്‌.സ്വീഡങ്കാരിയായ ഇവാകോസ്റ്റരും അവരുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ.ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെകാണുവാന്‍ വന്ന അവര്‍ക്ക്‌ തിരികെപോകുമ്പോള്‍ ഒരു കണ്ണ്‍ നഷ്ടപ്പെട്ടു.എന്നിട്ടും പോകുമ്പോള്‍ തങ്ങള്‍ക്ക്‌ പരാതിയില്ലെന്നും ക്ഷണിച്ചാല്‍ ഇനിയും വരുമെന്നും ഉള്ള ആ ദമ്പദിമാരുടെ വാക്കുകള്‍ക്കുമുമ്പില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.


വെട്ടുകത്തികൊണ്ട്‌ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെപറ്റി മദ്യപാനിയും ലഹരിയുടെ ഉപയോഗം ഉള്ളവനാണെന്നും ഒക്കെയാണ്‌.എന്താ മദ്യപിച്ചാല്‍ എന്തും ചെയ്യുവാനുള്ള ലൈസന്‍സ്‌ ലഭിച്ചൂന്നാണോ? കേസ്‌ കോടതിയില്‍ എത്തുമ്പോള്‍ വാദിയില്ലാ എന്നകാരണത്താല്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുത്‌. ഇയാളെ മാതൃകാപരമായി ശിക്ഷിക്കുകയും അത്‌ പുറം ലോകം അറിയുകയും വേണം.കാരണം ഈ സ്ത്രീ ആക്രമിക്കപ്പെട്ടവിവരം ഇതിനോടകം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് കേരളത്തിലെത്തുന്നവര്‍ സുരക്ഷിതരല്ലാ എന്ന ഒരു ഭീതിയും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്‌.

ഗോവയില്‍ മദ്യപിച്ച്‌ ടൂറിസ്റ്റുകള്‍ക്കെതിരെ ആരും ആക്രമണം നടത്തുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌.മദ്യപിച്ച്‌ ആക്രമണങ്ങളും മറ്റും നടത്തുന്നവര്‍ക്ക്‌ ശിക്ഷ കൂടുതല്‍ നല്‍കുന്ന സംവിധാനം ഇവിടെ ഉണ്ടായേപറ്റൂ.

മറ്റൊരു കാര്യം ഇവിടെനടത്തുന്ന ഹര്‍ത്താലുകളും ബന്ധുകളും അന്തര്‍ദേശീയതലത്തില്‍ നമ്മുടെ ടൂറിസം ഐ.ടി മേഘലകളെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ്‌.പല വിദേശികളും ഒരു നിശ്ചിത ദിവസം ഇവിടെ ചിലവഴിക്കുവാനും അതിനിടയില്‍ പലസ്ഥലങ്ങളൂം സന്ദര്‍ശിക്കുവാനും മുങ്കൂട്ടി ചാര്‍ട്ടുചെയ്തിട്ടായിരിക്കും വരിക. ഇവിടെയ്ത്തിയിട്ട്‌ ഉണ്ടാകുന്ന ഇന്‍സ്റ്റന്റ്‌ ഹര്‍ത്താലുകള്‍ പലപ്പോഴും അവരുടെ ആ വര്‍ഷത്തെ ടൂര്‍ പ്രോഗ്രാമ്മിനെ തന്നെ ഭാധിക്കും.ലോകം മാറുകയാണെന്ന കാര്യം ഈ പ്രാകൃതസമരമുറകളില്‍ ഇന്നും ആവേശം കൊള്ളുന്ന രാഷ്ടീയക്കാര്‍ അറിയുന്നില്ല.

ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുവാന്‍ ഭരണകക്ഷിയോളം പറ്റിയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല.

ഇവിടത്തെ രാഷ്ടീയക്കാരും ആദ്യം ചെയ്യേണ്ടത്‌ അനാവശ്യമായി നടക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും നിര്‍ത്തലാക്കുക എന്നതുതന്നെയാണ്‌.

----------------------------
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്‌.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.

കളരിയെയും കളരിപ്പയറ്റിനെയും കുറിച്ച്‌ കെട്ടവര്‍ ഇവിടെ വന്നപ്പോള്‍ വെട്ടുകത്തിപ്രയോഗം നേരിട്ടനുഭവിച്ചു.

കോവളത്തെ ന്യൂയിയര്‍ പ്രോഗ്രാമ്മിനിടയില്‍ കേരളീയയുവത്വം കാട്ടിക്കൂട്ടുന്നത്‌ ടി.വിയില്‍ കണ്ടതാണല്ലോ?

Tuesday, January 16, 2007

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.


ലാവ്‌ലിന്‍ ഇടപാട്‌ സംബന്ധിച്ച കേസ്‌ സി.ബി.ഐ. അന്വേഷണത്തിനുവിടുവാന്‍ ഹൈക്കോടതി ഉത്തരവായതായി ദീപികയില്‍ ന്യൂസ്‌ വന്നിരിക്കുന്നു.

ഒരു പക്ഷെ ഈ അന്വേഷണത്തിലൂടെ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ചുള്ള ദീര്‍ഘകാലമായ അവ്യക്തതയും ആരോപണങ്ങളും ഇതോടെ അവസാനിച്ചേക്കാം.മറ്റൊരു രാജ്യത്തുകൂടെ ഉള്ള സ്ഥാപനവും ഉള്‍പ്പെട്ട കേസായിട്ടുപോലും സി.ബി.ഐ ഇടതുപക്ഷം അന്വേഷണത്തെ എന്തുകൊണ്ട്‌ എതിര്‍ത്തുവെന്നുള്ളതിനു സാമാന്യബുദ്ധിക്കുനിരക്കുന്ന ന്യായം ഒന്നും ഇടതുപക്ഷത്തിനില്ലായിരിക്കും. എന്തായാലും കോടതി വിധിയെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.

ചര്‍ച്ചകളും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കുവാന്‍ തുടങ്ങുകയായി.വാര്‍ത്തകളിലൂടെ മലയാളിക്കിനി അത്‌ ആവോളം ആസ്വദിക്കാം.

Thursday, January 04, 2007

മലയാളി അമേരിക്കന്‍ വിരുദ്ധനോ?

സദ്ദാമിന്റെ വധശിക്ഷയും അതുമായി ബന്ധപ്പെട്ട്‌ കേരളീയര്‍കാട്ടിക്കൂട്ടിയ "കോപ്രായങ്ങള്‍"ഉമാണീതരത്തിലൊരു ചിന്തക്ക്‌ പ്രേരകമായത്‌. എന്തിനായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇത്രവലിയ പ്രതിഷേധം? ആരെകാണിക്കാന്‍. ഇതേകുറിച്ച്‌ കിരണ്‍ തോമാസിന്റെ ബ്ലോഗ്ഗില്‍ ഇതിന്റെ ചര്‍ച്ച സജീവമായി മുന്നേറുന്നുന്നതിനാല്‍ പറയുന്നില്ല.

എന്റെ ചോദ്യം മറ്റൊന്നാണ്‌ യദാര്‍ഥത്തില്‍ മലയാളി അമേരിക്കന്‍ വിരുദ്ധനോ? അല്ലെന്നാണ്‌ ഈയുള്ളവന്റെ നിരീക്ഷണം. അമേരിക്ക എന്നത്‌ മലയാളിയുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗരാജ്യമാണ്‌.മകനോ മകളോ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരെ കല്യാണം കഴിക്കണം അല്ലെങ്കില്‍ അവരെ അമേരിക്കയില്‍ അയച്ചുപഠിപ്പിക്കണം ഒത്താല്‍ നാട്ടിലെ തെങ്ങും റബറും ഒക്കെ വല്ലവരെയും ഏല്‍പ്പിച്ചോ വിറ്റോ വയസ്സുകാലത്ത്‌ മക്കളുടെ കൂടെ അമേരിക്കയില്‍ താമസമാക്കണം.
ഇതൊക്കെയല്ലെ മലയാളിയുടെ സ്വപ്നങ്ങള്‍. ചികിത്സിക്കുവാന്‍ വിപ്ലവകാരിയും-ബൂര്‍ഷ്വാസിയും ഒരുപോലെ കക്ഷിവ്യത്യാസമില്ലതെ അമേരിക്കക്ക്‌ പറക്കുന്നു. ജോലിസാധ്യതകള്‍ തേടി പറക്കുന്നു/പറക്കാന്‍ ഒരുങ്ങുന്നു.നേഴ്സിങ്ങ്‌ രംഗത്തെ വന്‍ തൊഴില്‍ സാധ്യത കണ്ട്‌ പുരുഷന്മാര്‍ വരെ അത്തരം കോഴ്സുകളിലേക്ക്‌ തിരിയുന്നു.ഐടി രംഗത്തുനിന്നും ആരോഗ്യരംഗത്തുനിന്നും തൊഴില്‍ചെയ്ത്‌ മലയാളിയയക്കുന്ന അമേരിക്കയില്‍ നിന്നുവരുന്ന ഡോളറുകള്‍ കൈപറ്റുന്നു.


മറ്റൊന്ന് ഔട്ട്‌ സോഴ്സിങ്ങും കോള്‍സെന്ററുകളുമാണ്‌.കേരളത്തിനു വന്‍ സാധ്യതയാണീരംഗത്തുള്ളത്‌ നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 5 വര്‍ഷം സമരത്തിനായും ഭരണംകിട്ടിയാല്‍ 5 വര്‍ഷം എതിര്‍ത്തതൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനും മാത്രം അറിയാവുന്ന കക്ഷികളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ മലയാളിക്കാവുന്നില്ല.ടെക്നോളജിയെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത രാഷ്ടീയക്കാര്‍ കേരളത്തില്‍ അനാവശ്യസമരങ്ങള്‍ നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു,നമ്മുടെ ചെറുപ്പക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ ചേക്കേറി അന്യായ വാടകയും കൊടുത്ത്‌ ഇതേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നു.അവരയക്കുന്ന കാശുകൊണ്ട്‌ സമരക്കാര്‍ ഉണ്ടുറങ്ങുന്നു.പ്രതികരിക്കേണ്ടത്‌ ഇവിടത്തെ ബോധമുള്ള പുതുതലമുറയാണ്‌ അവരുടെ ഭാവിയാണിത്തരക്കാര്‍ കുളംതോണ്ടുന്നത്‌.

ഇവിടെ സമരാഹ്വാനം ചെയ്യുന്നവരുടെമക്കള്‍ സ്വാശ്രയകോളേജില്‍ പഠിക്കുന്നു, ചിലര്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു.(അതു അവരുടെ വ്യക്തി സ്വാതന്ത്രം എന്ന് പറഞ്ഞേക്കാം, അപ്പോള്‍ നാട്ടുകാര്‍ക്കും ഇല്ലെ ഈ വ്യക്തി സ്വാതന്ത്രം) ഏകാദിപത്യപ്രവണതയെകുറിച്ച്‌ പറയുവാന്‍ ധാര്‍മ്മികമായി അവകാശമുള്ള ആളുകള്‍ തന്നെയാണോ ഈ സമരങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കുന്നത്‌. രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്താറില്ലല്ലോ അല്ലെ?

മലയാളിക്ക്‌ ടെക്നോളജിയും മറ്റും അമേരിക്കന്‍ ആയാല്‍ കൊള്ളാം.അമേരിക്കന്‍ നിര്‍മ്മിതം എന്ന് പറഞ്ഞാല്‍ മനം നിറഞ്ഞു,അമേരിക്കന്‍ ലാബില്‍ പ്രൂവ്‌ ചെയ്തത്‌,അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ എന്നൊക്കെ കേട്ടാല്‍ രോമാഞ്ചം വരും. ഒരുകാലത്തിവിടെ വന്‍ പ്രചാരം നേടിയിരുന്ന ഒരു സംഗതിയാണല്ലോ ആംവേ.ഇവരുടെ പ്രോഡക്ട്സ്‌ വിറ്റിരുന്നത്‌ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന ലേബലിലല്ലെ?പേസ്റ്റു മുതല്‍ പേന്‍ ഈരുന്ന ചീര്‍പ്പ്‌ വരെ!

മാധ്യമങ്ങളെ സമ്പന്തിച്ചേടത്തോളം അന്നന്നത്തേക്കുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നതാണ്‌ അവരുടെ അന്നന്നത്തേക്കുള്ള അരിക്കുള്ള വക.മാധ്യമങ്ങള്‍ ഇത്തരം കാട്ടിക്കൂട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ നിര്‍ത്തേണ്ടിയിരിക്കുന്നു.

അമേരിക്കക്ക്‌ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം അവര്‍ മറ്റുപലയിടങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരിക്കാം എന്ന് കരുതി പ്രതികരിക്കേണ്ടതിനു പ്രതികരിക്കാതെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ സങ്കുചിതതാല്‍പര്യാര്‍ഥം നടത്തുന്ന ചെയ്തികള്‍ക്ക്‌ പുറകെ നാമും കോപ്രായങ്ങള്‍ക്ക്‌ നിന്നുകൊടുക്കണോ?

മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ (ചില മന്ത്രിമാര്‍ അറിഞ്ഞില്ലാ എന്ന് പറയുന്നില്ല,മുഖ്യമന്ത്രി പറയുന്നത്‌ അദ്ദേഹം അറിഞ്ഞില്ലാന്നാണ്‌) എ.ഡി.ബി കരാര്‍ ഒപ്പിട്ടവര്‍ക്ക്‌ എന്ത്‌ ജനകീയതാല്‍പര്യമാണുള്ളത്‌. എന്ത്‌ സാമ്രാജ്യത്വ വിരുദ്ധനിലപാടാണുള്ളത്‌?

മറ്റൊന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോകുമ്പോ പൊക്കുമ്പോ ഓരോ കരാറില്‍ ഒപ്പുവേക്കുന്ന സ്ഥിതിയാണുള്ളത്‌.പാര്‍ലമെന്റില്‍ പരഞ്ഞതുപ്രകാരമല്ല അദ്ദേഹം ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട്‌ അത്‌ ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഇടതുകള്‍ക്ക്‌ കഴിയുന്നില്ല.യദാര്‍ഥത്തില്‍ ഇവരും ഇതില്‍ പങ്കാളികളാണ്‌. അകത്തുകൈപൊക്കി പുറത്ത്‌ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്‌ സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ....യില്ലായമയാണ്‌. ഇവരെയാണ്‌ യദാര്‍ഥത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ കാണേണ്ടത്‌.

ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട്‌ നമ്മുടെ സ്വാതന്ത്രം അവര്‍ക്ക്‌ അടിയറവെക്കണമെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാല്‍ വസ്തുനിഷ്ടമായി നോക്കിയാല്‍ മലയാളി ഒരിക്കലും അമേരിക്കന്‍ വിരുദ്ധചേരിയില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം അങ്ങനെ നടിക്കുന്നു എങ്കിലും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മുഖം മൂടിയണിയുവാന്‍ മലയാളികള്‍ക്ക്‌ ഒരു അഭിവാഞ്ചകൂടുതലാണ്‌.അതുകൊണ്ടുതന്നെയാണ്‌ ചന്ദ്രനില്‍ ചെന്നാലും ചായക്കടനടത്തുന്ന മലയാളിയെ കാണാമെന്ന് മറ്റുള്ളവര്‍ തമാശയായിപറയുന്നതും.