Sunday, February 11, 2007

വരൂ നമുക്ക്‌ തമിഴ്‌നാട്ടുകാരനാകാം!

രാഷ്ടീയ പ്രബുദ്ധരാണ്‌ മലയാളികളെന്നും മറ്റും നാം സ്ഥാനത്തും അസ്ഥാനത്തും അഭിമാനപൂര്‍വ്വം പറയാറുണ്ട്‌. എന്നാല്‍ ഈവക പ്രബുദ്ധതയൊന്നും തൊട്ടടുത്ത സംസ്ഥനമായ തമിഴന്‍ പറയാറില്ല. അവരെ സംബന്ധിച്ചേടത്തോളം മക്കള്‍ രാഷ്ടീയമാണ്‌ പ്രധാനം.നമ്മള്‍ മതേതരത്വം മണ്ണാംങ്കട്ടയെന്നൊക്കെ പ്രസംഗിച്ചും എഴുതിയും കഴിയുമ്പോള്‍ അവര്‍ വികസനം ആനുകൂല്യങ്ങള്‍ തുടങ്ങിയവ പരമാവധി നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു.കേന്ദ്രത്തില്‍ ഏതു ഗവണ്മെന്റു വന്നാലും തമിഴ്‌നാട്‌ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നെടുന്നതില്‍ വിജയിക്കാറുണ്ട്‌.

കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴൊഴികെ കേന്ദ്രഗവണ്മെന്റില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള സംസ്ഥനമായിരുന്നു കേരളം. എന്നാല്‍ അതിനു അനുസൃതമായ ഒരു വികസനമോ ആനുകൂല്യങ്ങളോ കേരളത്തിനു നേടിത്തരുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കായില്ല. തമിഴ്‌നാടാകട്ടെ തങ്ങളുടെ ജനങ്ങളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ച്‌ അതിനനുസൃതമായ സമ്മര്‍ദ്ധം കേന്ദ്രത്തില്‍ ചലുത്തി കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നു.അന്താരാഷ്ട്ര കമ്പനികളുടെ പുതുസംരംഭങ്ങളും കേന്ദ്രഗവണ്മെന്റിന്റെ പങ്കാളിത്തമുള്ള വ്യവസായങ്ങളുമെല്ലാം തമിഴ്‌നാട്ടിലേക്ക്‌ അവര്‍ കൊണ്ടുവരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ഏറ്റവും ഒടുവില്‍ പാലക്കാട്ടെ ഒലവക്കോട്‌ ഡിവിഷന്‍ ഭാഗിച്ച്‌ തമിഴ്‌നാട്ടിലെ സേലത്തു പുതിയ ഡിവിഷന്‍ തുടങ്ങി. വെറും നാലു എം.പി മാരുടെ സമ്മര്‍ദ്ധവും ഒരു സഹമന്ത്രിയും കൂടെ അതങ്ങട്‌ നേടിയെടുത്തു. നമുക്കിവിടെ പ്രതിരോധ മന്ത്രിയും സഹമന്ത്രിമാരടക്കം ഇരുപതു എം.പി മാര്‍ അതും കേന്ദ്രഭരണത്തെ താങ്ങിനിര്‍ത്തുന്ന ഇടതുപക്ഷത്തുനിന്നുതന്നെ പത്തൊമ്പതുപേരുണ്ടായിട്ടും പാലക്കാട്‌ ഡിവിഷന്‍ വിഭജനത്തെ തടയാനായില്ല.

പാര്‍ളിമെന്റിനകത്ത്‌ ഗവണ്മെന്റിനെ അനുകൂലിച്ച്‌ കൈപൊക്കുകയും പുറത്ത്‌ ശക്തമായ പ്രക്ഷോഭപരിപാടികളും ഒക്കെയായി "വൈരുദ്ധ്യാത്മക ജനാധിപത്യം" നടപ്പാക്കുന്ന ഇടതുപക്ഷംകേരളഭരണം കയ്യാളുക കൂടിചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സംഭവം തികച്ചും നാണക്കേടുതന്നെയാണ്‌.പലപ്പോഴും ഇടതുപക്ഷം പറയാറുള്ളത്‌ കേന്ദ്രഗവണ്മെന്റിന്റെയും ഇവിടെനിന്നും ഉള്ള കോണ്‍ഗ്രസ്സ്‌ എം.പി മാരുടേയും പിടിപ്പുകേടാണ്‌ ഇവിടേക്ക്‌ വികസനം എത്താത്തതിന്റെ കാരണം എന്ന്. ഇപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തെ കേരളത്തിലും കേന്ദ്രത്തിലും ആവശ്യത്തിലധികം അംഗങ്ങളെ തിരഞ്ഞെടുത്ത്‌ അയച്ചു. ഇനിയെന്നാണാവോ കേരളത്തിലെ ജനപ്രധിനിധികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ക്കായി ശബ്ദിക്കുവാന്‍ അവസരം ലഭിക്കുക.ഇല്ലാത്ത ആദര്‍ശം പറഞ്ഞ്‌ കേന്ദ്രഭരണത്തില്‍ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ട്‌ നമുക്കെന്തു പ്രയോജനം?

ഇടതുപക്ഷം ഇടക്കിടെ പറയുന്ന ഒരു കാര്യമുണ്ട്‌ കേന്ദ്രഗവണെമെന്റിനുള്ള പിന്തുണയെകുറിച്ച്‌ പുനരാലോചനനടത്തുമെന്ന്. ഭരിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അറിയാം ഇതൊന്നും സംഭവിക്കില്ലാന്ന്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ്‌ ഗവണ്‍മന്റ്‌ അവരുടെ നയങ്ങളുമായി മുന്നോട്ടുപോകുന്നു.പിന്തുണപിന്‍ വലിച്ച്‌ രാജ്യത്ത്‌ മറ്റൊരു തിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കിയാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച്‌ നിലവില്‍ ഉള്ള സീറ്റുകളില്‍ പകുതിപോലും ജയിക്കുവാന്‍ കഴിയില്ല എന്നത്‌ ഒരു രാഷ്ട്രീയസത്യമാണ്‌.ഇടതുപക്ഷം നടത്തുന്ന രാഷ്ടീയസമരങ്ങള്‍ അതിലേറെ രസകരമാണ്‌. രാവിലെ കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്‍പ്പങ്ങള്‍ക്ക്‌ വിലവര്‍ദ്ധനവു വേണമെന്ന് പറഞ്ഞ്‌ സമരം നടത്തുന്നവര്‍ ഉച്ചക്ക്‌ റോഡുപരോധിക്കുന്നത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ കൂലിവര്‍ദ്ധനവിനായും വൈകീട്ട്‌ സായാഹ്നധര്‍ണ്ണയിലാകട്ടെ കേന്ദ്രഗവണ്‍മന്റ്‌ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ചതിലെ പ്രതിഷേധവും. ഇതിലും വലിയ തമാശ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ നടത്തുന്ന ജാഥകള്‍ ചങ്ങലകള്‍ ട്രെയിന്‍ തടയല്‍ എന്നിവയോക്കെ ഒരു വഴിക്ക്‌ നടക്കുന്നതും മറ്റൊരു വഴിക്ക്‌ സംസ്ഥാനത്തു പത്തുപേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കമ്പനികളുടെ മുമ്പില്‍ സമരം നടത്തുന്നതും തുടര്‍ന്ന് അവ അനിശ്ചിതകാലത്തേക്കോ എന്നെന്നേക്കുമായോ അടച്ചുപൂട്ടുന്നതും. വൈരുദ്ധ്യങ്ങള്‍ക്ക്‌ ഇനിയും പഞ്ഞമില്ല കമ്പൂട്ടറിനെതിരെ സമരം നടത്തി ഒരുകാലത്ത്‌ പിന്നീട്‌ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ നെട്ടോട്ടം, കോളാകമ്പനിക്ക്‌ അനുമതികൊടുക്കുന്നു പിന്നീട്‌ അതിനെതിരെ സമരം നടത്തുന്നു!

കേരളത്തെ സംബന്ധിച്ചേടത്തോളം വളരെപ്രധാനപ്പെട്ട ഒരു സംഗതിയാണ്‌ പ്രവാസികളും അവരുടെ കുടുമ്പങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക രംഗത്ത്‌ ഇത്രയധികം നേട്ടങ്ങള്‍ക്ക്‌ പ്രധാന കാരണം പ്രവാസികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിമാനയാത്രാക്കൂലിയടക്കം പ്രവാസികള്‍ നെരിടുന്ന പ്രശ്നങ്ങളില്‍ ഇനിയും ഇടതും വലതും ഒളിച്ചുകളി നടത്തുകയാണ്‌.ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ്‌ മേഘലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഏറ്റവും അധികം കേരളീയരാണ്‌. നല്ലൊരു വിഭാഗം മലയാളി കുടുമ്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വിദേശമലയാളികളെ ആശ്രയിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അവഗണനമാത്രം. ഒരുപക്ഷെ ഇത്രയധികം പ്രവാസികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം സംഭവങ്ങള്‍ നടക്കുമായിരുന്നു.

പ്രവാസികാര്യവകുപ്പും അതിനു മന്ത്രിയും എല്ലാം ഉണ്ട്‌ എന്നിട്ടും പ്രവാസികള്‍ക്കും കുടുമ്പത്തിനും പല നിസ്സാരകാര്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കെണ്ടിവരുന്നു.പ്രവാസികളുടെ പ്രധാന ആവശ്യങ്ങളീല്‍ ഒന്നായ വിമാനയാത്രാക്കൂലി കുറക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല എന്നാല്‍ ദൂരക്കൂടുതല്‍ ഉള്ള അമേരിക്കന്‍ സെക്ടറില്‍ യാത്രാ കൂലി താരതമ്യേന കുറവും ആണെന്നത്‌ ഗള്‍ഫ്‌ മലയാളികളോടുള്ള ഗവണ്‍മന്റ്‌ നിലപാടിനെ വ്യക്തമാക്കുന്നു. ചില പ്രവാസി വ്യവസായികള്‍ ചെര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച്‌ വിമാനസര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ സമീപിച്ചപ്പോളാകട്ടെ അതിനു നിരവധി "സാങ്കേതിക" തടസ്സങ്ങളും. എന്നാല്‍ തമിഴന്മാരായിരുന്നു ഇത്തരം ഒരു ശ്രമത്തിനു മുതിര്‍ന്നതെങ്കില്‍ തീര്‍ച്ചയായും അതു യാദാര്‍ത്ഥ്യമായേനേ.

കേരളത്തിലെ എം.പിമാരില്‍ ഒരാള്‍ പാര്‍ളിമെന്റില്‍ കയറിയതിനു പതിനൊന്നു ദിവസം അതിനു പത്തുലക്ഷം അനൂകൂല്യങ്ങളും ഭത്തയുമൊക്കെയായി വാങ്ങുകയും ചെയ്തു എന്ന് അറിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത നമുക്ക്‌ മനസ്സിലാക്കവുന്നതേയുള്ളൂ.നാം എന്തിനിവരെപ്പോലുള്ളവരെ ചുമക്കണം? പ്രവാസികളേ നിങ്ങള്‍ക്ക്‌ വോട്ടവകാശം ഇല്ലെങ്കിലും നിങ്ങളുടെ കുടുമ്പത്തിനു വോട്ടവകാശം ഉണ്ടെന്നും അതു നിര്‍ണ്ണായകമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ടീയനേതൃത്വത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുക. വാര്‍ഡുതലത്തില്‍ വരെ പ്രവാസ സംഘടനകള്‍ നമുക്കുണ്ട്‌ എന്തിനുവേണ്ടിയെന്ന് സ്വയം ഒരു പുനര്‍ ചിന്തനടത്തുക!

ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.

7 comments:

s.kumar said...

ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.

Anonymous said...

നിങ്ങള്‍ ഉന്നയിക്കുന്ന ഈ ആശയത്തോട്‌ പ്രായോഗികമായി എങ്ങിനെ യോജിക്കുവാന്‍ കഴിയും? മാത്രമല്ല കേരളത്തിലെ ഇടതുപക്ഷത്തെ കുറിച്ച്‌ വികലമായ ഒരു ധാരണയുടെ പുറത്താണ്‌ ഇത്തരം ഒരു ലേഖനം എഴുതിയിരിക്കുന്നത്‌. താങ്കള്‍ വിചാരിക്കുന്ന പോലെ എം.പി.മാര്‍ അവിടെ പോയി പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല ഇതൊന്നും.

കേരളത്തിണ്റ്റെ മതേതര സ്വഭാവം നിലനിര്‍ത്തുവാന്‍ ഇടതുപക്ഷം കാര്യമായ സംഭാവനയാണ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇടതുപക്ഷം ഇവിടെ ഇങ്ങനെ നിലനിന്നില്ലെങ്കില്‍ സംഘപരിവാര്‍ കേരളത്തെ മറ്റൊരു ഗുജറാത്താക്കുമായിരുന്നു. ശക്തമായ ഇടപെടല്‍ നടത്തി സമൂഹത്തിണ്റ്റെ മതേതരത്വ്ം നിലനിര്‍ത്തുവാന്‍ ഇടതുപക്ഷം സദാ ജാഗ്രതയോടെ വര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഇവിടെ ഇന്ന് മത മൈത്രി നിലനില്‍ക്കുന്നത്‌. പൊതുവേ ബ്ളോഗ്ഗെഴുത്തുകാര്‍ അരാഷ്ട്രീയവാദികള്‍ ആയതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

anil vadakara

പൊതുവാള് said...

കുമാര്‍ജീ,(അരാഷ്ട്രീയവാദീ:) ) കാര്യങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.

ഇങ്ങനെയൊന്നും ഇപ്പോള്‍ ചിന്തിക്കരുത്.ഒരഞ്ചുവര്‍ഷം കഴിഞ്ഞ് വേണേല്‍ ആയ്ക്കോ ,അപ്പോള്‍ വേണമെങ്കില്‍ ഞങ്ങളും സഹായിക്കാം എന്നാണ് അനില്‍ വടകര പറഞ്ഞതിനര്‍ത്ഥം.

കേരളത്തിന്റെ മതേതരസ്വഭാവം നിലനിര്‍ത്തലും സംഘപരിവാറിന്റെ ഉന്മൂലനവും മാത്രമാണ് ഇടതുപക്ഷത്തിന്റെ അവതാരലക്ഷ്യം എന്നു തോന്നും പറയുന്നത് കേട്ടാല്‍.

57ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഭരണാധികാരം നല്‍കിയ ജനതയുടെ പിന്‍ തലമുറ തന്നെയാണ് ഇന്നും കേരളത്തിലുള്ളത്. ഈ സംഘപരിവാരത്തിന്റെ പേരൊക്കെ കേരളത്തില്‍ കേട്ടു തുടങ്ങിയത് തന്നെ ഈയടുത്തകാലത്താണ്.അവരാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട്ടു കുടിയേറിയവരല്ല. എങ്കില്‍ തീവ്രമായിത്തന്നെ കമ്മ്യൂണിസത്തെ പിന്തുണച്ച കേരളജനത അവരില്‍ നിന്നകന്നു പോയിട്ടുണ്ടെങ്കില്‍ അതിനു മറ്റാരെയും പഴിചാരിയിട്ടു കാര്യമില്ല.സ്വയം വിശകലനമാണ് ആവശ്യം.

സത്യം വിളിച്ചുപറയുന്നവരെ അരാഷ്ട്രീയവാദികളെന്നു മുദ്രകുത്തി യാഥാര്‍ത്ഥ്യങ്ങളില്‍ ഒളിച്ചോടുകയല്ല വേണ്ടത്,നേതാക്കള്‍ പറയുന്നത് മാത്രം സത്യവും മറ്റെല്ലാം നുണയുമെന്ന് കരുതാതെ വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍ മനസ്സിലാവുന്ന ചെറിയ കാര്യങ്ങളേ കുമാര്‍ജി ഇവിടെ പറഞ്ഞിട്ടുള്ളൂ.

s.kumar said...

കേരളത്തിലെ ഇടതുപക്ഷത്തെക്കുറിച്ച്‌ ഒരു വികലമായ ധാരണയും ഇല്ല സുഹൃത്തെ.4 എം.പിമാരും ഒരു സഹമന്ത്രിയും കൂടെ രായ്ക്കുരാമായനം റെയില്‍വേ ഡിവിഷന്‍ അടിച്ചോണ്ട്‌ പോയപ്പോള്‍ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാകും.പിന്നെ മതെതരത്വം നിലനിര്‍ത്തുവാന്‍ നടത്തുന്ന യത്നങ്ങളെകുറിച്ച്‌ മാറാട്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നകാര്യങ്ങള്‍ മാധ്യമങ്ങലീല്‍ നിന്നും അറിഞ്ഞില്ലെ?

ഇന്നുകേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും തോക്കും ബോംബും കിന്റലുകണക്കിനു ആയുധങ്ങളും പിടിച്ചെടുക്കപ്പെടുന്നുണ്ടെന്ന വസ്തുത നിഷേതിക്കാമോ? ഒരു ഗുജറാത്തിനപ്പുറം ഇന്ത്യയില്‍ പലയിടങ്ങളിലും പല ആക്രമണങ്ങളും നടക്കുന്നുണ്ട്‌ (കൂടുതല്‍ എഴുതുവാന്‍ പരിമിതികള്‍ ഉണ്ട്‌) എന്റെ മാഷേ ഈ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളീല്‍ കേരളം എവിടേയെത്തും, സ്വയം ചിന്തിക്കുക.


ബ്ലോഗ്ഗെഴുത്തുകാര്‍ അരാഷ്ടീയവാദികളാണെന്ന വിലയിരുത്തലിനെകുറിച്ച്‌ ഞാനല്ല അഭിപ്രായം പറയേണ്ടത്‌.പിന്നെ ലോകം മാറുന്നു എന്ന് മനസ്സിലാക്കാതെ തുരുമ്പിച്ച പ്രത്യയ ശാസ്ത്രസിദ്ധാന്തങ്ങളുമായി കേരളത്തെ മുന്നോട്ട്‌ നയിക്കുന്നവര്‍ക്ക്‌ അങ്ങിനെ തോന്നിയേക്കാം.രാഷ്ടീയമെന്നാല്‍ സമുദായ പ്രീണനവും അടിസ്ഥാന തത്വങ്ങളില്‍ വെള്ളംചെര്‍ക്കുന്ന അടവുനയവുമെന്നാണ്‌ താങ്കള്‍ വിവക്ഷിക്കുന്നതെങ്കില്‍ ഞാന്‍ ഒരു അരാഷ്ടീയവാദിയാണെന്ന് സമ്മതിക്കെണ്ടിവരും. ജനസേവനം ഒരു കോര്‍പ്പറേറ്റ്‌ ബിസിനസ്സാണെന്ന് കരുതുന്ന താങ്കളേപ്പോലുള്ളവര്‍ വിവക്ഷിക്കുന്ന രാഷ്ടീയമല്ല എന്റേത്‌.

പൊതുവാള്‍ജീ ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വരുന്ന കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭകേരളത്തിലല്ലെന്ന് ബഹുമാന്യനായ സഖാവ്‌ ഇ.എം.എസ്സ്‌. തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

സംഘപരിവാരം വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ കേരളത്തില്‍ ഉണ്ട്‌. അവര്‍ ജനകീയപ്രശ്നങ്ങളേക്കാള്‍ ക്ഷേത്രങ്ങളും മറ്റു ഹൈന്ദവ ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തന മണ്ടലത്തെ ലഖൂകരിക്കുകയും ചെയ്തു. സ്വാഭാവികമായും ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാന്‍ അവര്‍ക്കായില്ല.


എന്നാല്‍ പഴയ കമ്മ്യൂണിസ്റ്റുകള്‍ ജനകീയപ്രശ്നങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിലകൊണ്ടപ്പോള്‍ അത്‌ കേരളത്തിന്റെ മുഖച്ചായക്ക്‌ തന്നെ മാറ്റം വരുത്തി.അന്നത്തെ സാമൂഹ്യ വ്യവസ്തിതിയില്‍ നിലനിന്നിരുന്ന പല വൃത്തികേടുകള്‍ക്കെതിരെയും അവര്‍ ജനകീയ സമരങ്ങള്‍ നയിച്ചു. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക്‌ അന്ന ഇത്രയും സ്വാധീനം ഉണ്ടായിരുന്നില്ല. മറ്റൊന്ന് അന്നത്തെ നേതാക്കന്മാര്‍ ജില്ലയിലെ ജാതീയ സ്വാധീനം നോക്കിയല്ല പ്രസംഗിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും.അന്നത്തെ നെതാക്കന്മാര്‍ "ബെന്‍സേലും എയര്‍ക്കണ്ടീഷന്‍ ചെയ്ത റൂമേലും ഇരുന്നല്ല വിപ്ലവം കെട്ടിപ്പടുത്തത്‌".

സത്യം വിളിച്ചുപറഞ്ഞാല്‍ അവനെ ഒന്നുകില്‍ അരാഷ്രീയ വാദിയായി ചിത്രീകരിക്കുക അല്ലെങ്കില്‍ പരിവാറുകാരനാക്കുക.ആടിനുമുണ്ട്‌ നാലുകാല്‌ പട്ടിക്കുമുണ്ട്‌ നാലുകാല്‌, ആടിനുമുണ്ട്‌ ചെവി പട്ടിക്കുമുണ്ട്‌ ചെവി....... പട്ടികടിച്ചാല്‍ പെയിളകും...എന്ന തിയറി.

കണ്ണൂസ്‌ said...

കുമാര്‍,

താങ്കളുടെ കുറിപ്പില്‍ ഒരുപാട്‌ യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. വളരെ കാലിക പ്രസക്തമായ കാര്യങ്ങളുമാണ്‌. പക്ഷേ, എന്തിനും ഏതിനും കേന്ദ്രത്തേയും എം.പി.മാരേയും ഒക്കെ കുറ്റം പറയുന്നതില്‍ കാര്യമില്ല എന്നാന്‌ എന്റെ തോന്നല്‍. ചില കാര്യങ്ങളിലെങ്കിലും എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അക്കമിട്ട്‌ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

1. ചെലുത്താവുന്ന സ്വാധീനത്തിനത്തിന്‌ അനുസൃതമായ ആനുകൂല്യങ്ങള്‍ കേരളത്തിന്‌ നേടിത്തരാന്‍ ജനപ്രതിനിധികള്‍ക്കായില്ല.

കേന്ദ്രത്തിന്‌ ഒരു സംസ്ഥാനത്തിന്‌ ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ പല രീതിയിലുണ്ട്‌. സാമ്പത്തിക സഹായം, പൊതു മേഖലയില്‍ ഉള്ള നിക്ഷേപം, പദ്ധതി വകയിരുത്തല്‍ എന്നിങ്ങനെ പോവും അത്‌. ഇതില്‍, കഴിഞ്ഞ കുറേക്കൊല്ലത്തെ ചരിത്രം പരിശോധിച്ചാല്‍ കാണുന്ന രസകരമായ ഒരു വസ്തുതയുണ്ട്‌. കേന്ദ്രത്തില്‍ നിന്ന് ആസൂത്രണ കമ്മീഷന്‍ വഴിയും, നേരിട്ടുമുള്ള ധന സഹായങ്ങളും, പദ്ധതി വകയിരുത്തലും ആനുപാതികമായി കൂടിയിട്ടുണ്ട്‌ എന്നുള്ളതാണ്‌ അത്‌. പക്ഷേ, ഈ സഹായങ്ങള്‍ സമയബന്ധിതമായി ഉപയോഗിക്കുന്നതില്‍ അതാതു കാലത്തെ സംസ്ഥാന സര്‍ക്കാറുകള്‍ ദയനീയമായി പരാജയപ്പെടുകയാണ്‌ ഉണ്ടായത്‌. ഇത്‌ ഏറ്റവും കൂടുതല്‍ മോശമായത്‌ ആന്റണി മന്ത്രിസഭയുടെ കാലത്താണ്‌. പ്രതിവര്‍ഷം, ശരാശരി 200 കോടിയോളം രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ അന്ന് ലാപ്‌സാക്കി കളഞ്ഞതത്രേ. കേരളത്തിന്റെ തുടര്‍ച്ചയായ ഈ അനാസ്ഥ കാരണമാണ്‌ കേന്ദ്ര ധനകാര്യ മന്ത്രി, പണം ഉപയോഗിക്കാന്‍ അറിയുന്ന മറ്റ്‌ സംസ്ഥാനങ്ങള്‍ അത്‌ ചെയ്യട്ടെ എന്ന് പാര്‍ലമെന്റില്‍ പറഞ്ഞത്‌.

കേരളത്തിലെ റെയില്‍വേ വികസനത്തിന്റെ പ്രധാന തടസ്സം, സ്ഥലം ഏറ്റെടുത്ത്‌ കൊടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു കഴിവില്ലാത്താണെന്ന് ലാലുപ്രസാദ്‌ ഉള്‍പ്പടെ കഴിഞ്ഞ കുറേ റെയില്‍വേ മന്ത്രിമാര്‍ സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്‌. ലൈന്‍ ഇരട്ടിപ്പിക്കലും , മേല്‍പ്പാല നിര്‍മ്മാണങ്ങളും കൂടാതെ കേരളത്തില്‍ ഇനി പുതിയ ട്രെയിനുകള്‍ - പ്രത്യേകിച്ച്‌ ദീര്‍ഘദൂര വണ്ടികള്‍ - ഓടിക്കാന്‍ കഴിയില്ല എന്നതും ഒരു വസ്തുതയാണ്‌.

പുതിയ ബഹുരാഷ്ട്ര കമ്പനികളും പൊതുമേഖലാ നിക്ഷേപങ്ങളും തമിഴ്‌നാടിനു പോവുന്നത്‌, കേന്ദ്രത്തിന്റെ അവഗണന കൊണ്ടോ, എം.പി.മാര്‍ ശ്രമിക്കാത്തതു കൊണ്ടോ ആണ്‌ എന്ന് പറയുന്നതില്‍ ഒരു സാംഗത്യവുമില്ല. കൂടുതല്‍ ഘനവ്യവസായങ്ങള്‍ തമിഴ്‌നാട്ടിലേക്കും, മഹാരാഷ്ട്ര്യയിലേക്കും, ബംഗാളിലേക്കും നീങ്ങുന്നതിന്‌ ഭൂമിശാസ്ത്രപരവും, സാമ്പതികവുമായ കാര്യങ്ങളാണ്‌ മുഖ്യം. കേരളം വേണം എന്നു വിചാരിച്ചാലും ഒരു പുതിയ റിഫൈനറിയോ, പെറ്റ്രോകെമിക്കല്‍ പ്ലാന്റോ ഇവിടെ ആരും തരില്ല. ചരക്ക്‌ ഗതാഗതത്തിന്‌ പറ്റിയ രീതിയില്‍ റോഡുകളോ മറ്റ്‌ അടിസ്ഥാന സൌകര്യങ്ങളോ നമ്മള്‍ വികസിപ്പിക്കാത്തിടത്തോളം കാലം കൊച്ചി തുറമുഖമോ, വിമാനത്താവളമോ വികസിക്കില്ല. അതു നടക്കാത്തിടത്തോളം കാലം ഇവിടെ ഘനവ്യവസായം വരില്ല. ജനസാന്ദ്രത, ഭൂമിയുടെ ലഭ്യത ഒക്കെ ഇതിനു പുറമേയുള്ള പ്രശ്നങ്ങളാണ്‌.

നമുക്ക്‌ പറ്റിയ രീതിയിലുള്ള ഐ.ടി. വികസനവും അതിനനുബന്ധമായ നിക്ഷേപങ്ങളും ആകര്‍ഷിക്കുന്നതില്‍ നമ്മള്‍ അല്‍പ്പം വൈകുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ ആ രീതിയിലുള്ള നീക്കങ്ങള്‍ കാണുന്നുണ്ടല്ലോ.

2. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം ലഭിക്കുന്നു.

കേന്ദ്രത്തില്‍ മാത്രമല്ല, കോടതിയിലും അങ്ങിനെത്തന്നെ. അടിസ്ഥാനപരമായി, നിയമവശം തമിഴ്‌നാടിനനുകൂലമാണ്‌. ഡാം ചോരുന്നുണ്ട്‌ എന്ന സത്യവും, ജനങ്ങളുടെ സ്വത്തും ജീവനും എന്ന വികാരവും മാത്രമേ കേരളത്തിന്റെ ഭാഗത്തുള്ളൂ. നിയമപരമായി നീങ്ങി, കോടതിയെക്കൊണ്ട്‌ ഡാമിന്റെ കെട്ടുറപ്പ്‌ പരിശോധിക്കാനുള്ള ഒരു ഉത്തരവ്‌ വാങ്ങുക, ആ പരിശോധനയില്‍ ഡാം ദുര്‍ബലമാണെന്ന് തെളിഞ്ഞാല്‍ പുതിയ ഡാമിന്‌ വേണ്ടി വാദിക്കുക എന്നതില്‍ കവിഞ്ഞ്‌ നമുക്കൊന്നും ചെയ്യാനില്ല.

3. രായ്‌ക്ക്‌ രാമാനം പാലക്കാട്‌ ഡിവിഷന്‍ ഭാഗിച്ചു

ഇത്‌ ശരിയല്ല. ഭരണ സൌകര്യത്തിനായി പാലക്കാട്‌ ഡിവിഷന്‍ ഭാഗിക്കുന്ന കാര്യം കുറേക്കാലമായി ആലോചനയില്‍ ഉണ്ടായിരുന്നതാണ്‌. കേരളത്തിന്‌ ഇതു കൊണ്ട്‌ എന്താണ്‌ നഷ്ടം എന്ന് എനിക്ക്‌ മനസ്സിലാവുന്നില്ല. പാലക്കാട്‌ ഡിവിഷന്‍ എടുത്തു കളയുകയല്ല ചെയ്യുന്നത്‌. ഭാഗിക്കുക മാത്രമാണ്‌. തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകള്‍ക്ക്‌ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ഭരണകാര്യങ്ങള്‍ കേരളത്തിലുണ്ട്‌ എന്നിരിക്കെ, കാട്‌പാടി വരെ പാലക്കാട്‌ ഡിവിഷന്റെ കീഴില്‍ വേണമെന്ന് നാം വാശി പിടിക്കുന്നതെന്തിന്‌?

4. ഇടതു സമരത്തിലെ വൈരുധ്യങ്ങള്‍.

ഒരു പരിധി വരെ, ഇടതു പക്ഷം സര്‍ക്കാരിനു മേല്‍ ഒരു പ്രതിപ്രേരകം ആയി പ്രവര്‍ത്തിക്കുന്നത്‌ കൊണ്ടാണ്‌ ആഗോളവത്‌ക്കരണത്തിന്റെ വേഗത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വിഴുങ്ങാതെ, അതിന്‌ തുണയായി പ്രവര്‍ത്തിക്കുന്നത്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൂചികകള്‍ മേലോട്ടു പോവുമ്പോള്‍ തന്നെ, വിലക്കയറ്റവും, പണപ്പെരുപ്പവും മറ്റും ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുന്നുണ്ട്‌.

കര്‍ഷകര്‍ക്ക്‌ വിലവര്‍ദ്ധനവ്‌ വേണം എന്നാവശ്യപ്പെടുന്നവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ കൂലിക്കൂടുതലും വേണം എന്നാവശ്യപ്പെടുന്നതില്‍ വല്ല വൈരുദ്ധ്യവുമുണ്ടോ? എനിക്ക്‌ തോന്നുന്നില്ല.

കോള കമ്പനി സ്ഥാപിക്കാന്‍ അനുമതി കൊടുത്തത്‌ ശരിയായ കാര്യമായിരുന്നു. സമരം ചെയ്തത്‌, അവര്‍ ജലചൂഷണം നടത്തിയതിനും , മലിനമായ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്തതിനുമാണ്‌. അതില്‍ തെറ്റുണ്ടോ?

5. ഗള്‍ഫിലെ വിമാനക്കൂലി.

ഇതിനെപ്പറ്റി വിശ്വേട്ടന്‍ ബൂലോഗ ക്ലബില്‍ വിശദമായ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. തിരക്കും, ടിക്കറ്റിന്‌ ആവശ്യകതയും ഉള്ള സെക്റ്ററുകളില്‍ വിമാനക്കമ്പനികള്‍ അധിക കൂലി ഈടാക്കുന്നത്‌ വളരെ സാധാരണയാണ്‌. നമ്മള്‍ പ്രതിഷേധിക്കേണ്ടിയിരുന്നതും, പ്രതിഷേധിച്ചതും, മറ്റ്‌ എയര്‍ലൈനുകളുടെ സേവനം അസാധ്യമാക്കുന്ന രീതിയില്‍ എയര്‍ഇന്ത്യ പ്രവര്‍ത്തിച്ചതിനോടായിരുന്നു. ഇപ്പോള്‍ എയര്‍അറേബ്യ, ജസീറ, മഹാന്‍ എയര്‍വേയ്‌സ്‌ തുടങ്ങി വളരെ ചുരുങ്ങിയ നിരക്കില്‍ സേവനം നടത്തുന്ന പല കമ്പനികളുമുള്ളപ്പോള്‍ ഈ പ്രതിഷേധം ഇനി പ്രസക്തമല്ല എന്ന് തോന്നുന്നു.

ആകെ ഒരു അഴിച്ചു പണി വേണ്ടത്‌ നമ്മുടെ ഭരണസംവിധാനത്തിലാണ്‌. അധികാര വികേന്ദ്രീകരണം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാതെ അടിസ്ഥാനവികസനം ഉണ്ടാവില്ല എന്ന സത്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറയുന്നത്‌ വക്കം പുരുഷോത്തമന്‍ ആണെങ്കിലും തോമസ്‌ ഐസക്ക്‌ ആണെങ്കിലും അത്‌ പള്ളീല്‍ പറഞ്ഞാല്‍ മതി, എന്റെ വാര്‍ഡ്‌ വികസിച്ചില്ലെങ്കില്‍ അവിടത്തെ 1000 പേര്‍ എന്റെ കഴുത്തിന്‌ പിടിക്കും എന്ന് പറയുന്ന പഞ്ചായത്ത്‌ മെംബര്‍മാരാണ്‌ നമുക്ക്‌ ആദ്യം വേണ്ടത്‌. കേന്ദ്രത്തില്‍ പെറ്റു കിടക്കുന്ന എം.പി.മാരല്ല.

കണ്ണൂസ്‌ said...

എന്റെ കമന്റ്‌ പിന്‍മൊഴിയില്‍ വന്നില്ല. വലിപ്പം കൂടിയതു കൊണ്ടാവണം. ഒരു കമന്റ്‌ ഇട്ടു എന്നറിയിക്കാനാണ്‌ ഇത്‌.

s.kumar said...

തങ്കളുടെ അക്കമിട്ടുനിരത്തിയ കമന്റ്‌ വളരെ പ്രസക്തമാണ്‌. വസ്തുതകളെ വളരെ നന്നായി അവതരിപ്പിക്കുകയും ചെയ്യുന്നു.

ഖാനവ്യവസായവും അതുപോലുള്ള മറ്റുവ്യവസായങ്ങളും കേരളത്തില്‍ ബുദ്ധിമുട്ടാണെന്നത്‌ സമ്മതിക്കുന്നു. ഐ.ടിയുടെ കാര്യത്തിലോ? വന്‍ സാധ്യതകളാണിതില്‍ കേരളത്തിനുള്ളത്‌ കര്‍ണ്ണാടകയും ആന്ധ്രയും ഇക്കാര്യത്തില്‍ വളരെ മുന്നോട്ടുപോയത്‌ അവരുടെ ഭരണാധിപന്മാരുടേ ദീര്‍ഘവീഷണവും കഴിവും കൊണ്ടാണ്‌. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത മണ്ടന്മാരാണ്‌ മലയാളി രാഷ്ടീയക്കാര്‍!

2.മുല്ലപ്പെരിയാര്‍ വിഷയം.
കേരളത്തിനു ഉന്നയിക്കാവുന്നതും കോടതി പ്രധമപരിഗണന നല്‍കുന്നതുമായവിഷയമാണ്‌ ജനങ്ങളുടേ ജെവന്റെയും സ്വത്തിന്റേയും കാര്യം.

3.സ്വതവേ ദുര്‍ബല കൂടെ ഗര്‍ഭിണിയും എന്ന പഴം ചൊല്ലാണ്‌ പാലക്കാട്‌ ഡിവിഷന്‍ വികസനത്തെക്കുറിച്ച്‌ പറയാനുള്ളത്‌. ഇനി അവിടേക്ക്‌ ഒരു വികസനവും തല്‍ക്കാലം പ്രതീക്ഷിക്കണ്ട. ഡിവിഷന്‍ വിഭജനം റെയ്‌ല്‌വേ തന്നെ നിര്‍ത്തിയിട്ടുള്ളകാര്യമാണ്‌.പുതിയ ഡിവിഷന്‍ തുടങ്ങാനെ പറ്റൂ.

4.കോളയുടെ പ്രധാന അസംസ്കൃതവസ്തു ജലമാണെന്നും.ബഹുരാഷ്ട്ര് ഭീമന്മാര്‍ ഫാക്ടറി തുടാങ്ങിയാല്‍ അത്‌ പരിസരത്തെ ജലം പരമാവധി ഊറ്റുമെന്നും മനസ്സിലാക്കാന്‍ കഴിയാത്തവരാണോ ഇവിടെ ഭരണം നടത്തുന്നത്‌?

5.മറ്റു എയര്‍വെസുകള്‍ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ഇല്ല.മറ്റൊന്ന് ആളുകളെ ഒരു രാജ്യത്തുനിന്നും എടുത്ത്‌ മറ്റൊരിടത്തിറക്കി മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുന്നതാണ്‌.
വാര്‍ഡുമെന്‍ബര്‍മാര്‍ ബ്ലോക്കിനേയും എം.എല്‍.എയും ബ്ലോക്ക്‌ ജില്ലാപഞ്ചായത്തിനേയും എം.എല്‍ .എ യും സംസ്ഥാന ഗവണ്മേന്റും കേന്ദ്രത്തേയും പഴിചാരി രക്ഷപ്പെടും ജനങ്ങള്‍ കഷ്ടപ്പെടും.