Saturday, August 21, 2010

കുടിയന്മാർക്ക് അവാർഡ് ഏർപ്പെടുത്തണം

മലയാളിയെ കാണുവാൻ മഹാബലി വരുന്ന മഹത്തായ ഉത്സവമായിരുന്ന ഓണത്തെ കുടിയുടെ മഹോത്സവമാക്കി മലയാളി മാറ്റിയ സാഹചര്യത്തിൽ ബീവറേജസ് കോർപ്പറേഷനു സമർപ്പിക്കുന്ന തുറന്ന അപേക്ഷ.

കോർപ്പറേഷൻ എന്നാൽ ഖജനവ് മുടിക്കാൻ ഉള്ള ഒരു ഏർപ്പാടാണെന്ന് പണ്ടെ പല കോർപ്പറേഷനുകളും പൊതുജനത്തിനു നല്ല നിലക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. കെ.എസ്.ആർ.ടി സിയെ പോലെ ഒക്കെ പേരിനോടു കൂറുള്ള സ്ഥാപനങ്ങൾ ഇവിടെ ഒത്തിരിയുണ്ട്. എന്നാൽ ഈ ബീവറേജസ് കോർപ്പറേഷൻ കഴിഞ്ഞ നാലുവർഷമായി അന്യായ ലാഭമാണ് ഉണ്ടാക്കുന്നത്. ലാഭം ഉണ്ടാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്ക് തന്നെ കോർപ്പറേഷൻ എന്ന പേരു ഇതിനു യോജിക്കുന്നതല്ല. അപ്പോൾ പിന്നെ കോടികളുടെ തന്നെ ലാഭം ഉണ്ടാക്കിയാലോ? അതോണ്ടെ ആദ്യം തന്നെ ഈ പേരിലെ കോർപ്പറേഷൻ എന്നത് മാറ്റുക.


1.കുടിയന്മാർക്ക് അവാർഡ് ഏർപ്പെടുത്തണം.
മികച്ച കുടിയൻ, മികച്ച രണ്ടാമത്തെ കുടിയൻ, സഹകുടിയൻ, മികച്ച കുടിയത്തി, രണ്ടാമത്തെ കുടിയത്തി, മികച്ച ഹാസ്യ കുടിയൻ (കുടിച്ച് പൂസായാൽ തമാശപറയുന്നവൻ), മികച്ച കുടിയൻ പാമ്പ്, മികച്ച ബാലകുടിയൻ എന്നിങ്ങനെ അവാർഡുകൾ നൽകി അവരെ പ്രോത്സാഹിപ്പിക്കണം. ഇനിയും ഇങ്ങനെ കുടിയന്മാരെ അവഗണിക്കരുത്. ആജീവനാന്ത കുടിയന്മാരെ പ്രത്യേകം ആദരിക്കണം.

2.കോർപ്പറേഷന്റെ ജനങ്ങളുമായുള്ള ഇടപെടലിനും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണം. കുടിയന്മാർക്ക് മദ്യം വീട്ടിൽ സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം ഏർപ്പെടുത്തണം. മിസ്സ്ഡ് അടിച്ചാൽ തിരിച്ചു വിളിച്ച് ഏതു പാതിരാത്രിയിലും പതിനഞ്ചു മിനിറ്റിനകം മദ്യം സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം അടിയന്തിരമായി ഏർപ്പെടുത്തണം.
3.ക്യൂ നിന്ന് കാലുകഴച്ച് കഷ്ടപ്പെടുന്നവർക്ക് ഉന്മേഷം പകരുവാൻ ചെറുത് സൌജന്യമായി വിതരണം ചെയ്യുക.
4.ബ്രാന്റ് അമ്പാസിഡറായി അയ്യപ്പ ബൈജുവിനെ നിയമിക്കുക. പ്രതിഫലം മദ്യമായി നൽകുക.
5.സംസ്ഥാനത്ത് ജോലിക്ക് പകരം മദ്യം എന്ന നയം ഉടനെ നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ട ശ്രമങ്ങൾ ചെയ്യുക.
6.സ്തീകൾക്കായി പ്രത്യേകം ഉല്പന്നങ്ങൾ വിപണിയിൽ ഇറക്കുക.
7.വിദ്യാർഥികൾ ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേകം ബ്രാന്റും അതിനു വിലയിൽ ഇളവും നൽകുക. ഒരു കെയ്സ് എടുക്കുന്നവനു ഒരു ടീഷർട് ഫ്രീ.
8.കുടിയന്മാർക്ക് കൂപ്പൺ നൽകുക. വിജയിക്ക് ഒരു വർഷത്തെക്ക് ആവശ്യമായ മദ്യം സമ്മാനമായി നൽകുക.
9.കുടിച്ച് കച്ചറയുണ്ടാക്കി പോലീസ് കേസായാൽ അതിന്റെ ഫൈൻ അടക്കുവാൻ സംവിധാനം ഉണ്ടാക്കുക.
10.മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ വിധേയമാക്കുവാൻ വേണ്ട നടപടികൾക്ക് ശുപാർശ ചെയ്യുക.
11. ഒണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും “കുടുമ്പം കലക്കി“ എന്ന സ്പെഷ്യൽ ബ്രാന്റ് ഇറക്കുക.ന്യായമായ വിലക്ക് വിതരണം ചെയ്യുക.
12. ഫുൾ ബോട്ടിൽ സ്ഥിരമായി വാങ്ങുന്ന കുടിയന്മാർക്ക് കാമിലാരി ഫ്രീ നൽകുക.

ഇനി വല്ലതും ഉണ്ടേൽ വായനക്കാർ പറയുക.

വിവാഹ-ഹണിമൂൺ ബത്തയും കൂടെ അനുവദിക്കുക.

എം.പിമാരുടെ ശമ്പള വർദ്ധനവിനെ ന്യായീകരിച്ചു കൊണ്ട് പൈലറ്റായിരുന്ന ഭർത്താവിനേക്കാൾ കുറവായിരുന്നു പ്രധാനമന്ത്രിയായിരുന്ന അമ്മായിയമ്മയുടെ ശമ്പളം എന്ന് പറയുന്ന സോണിയാ ഗാന്ധി ഒരു പക്ഷെ നാളെ രാജ്യത്തെ പ്രമുഖ സി.ഈ.ഓ മാരുടെ ശമ്പളവുമായി പ്രധാന മന്ത്രിയുടെ ശമ്പളത്തെ താത‌മ്യം ചെയ്താൽ? അപ്പോൾ അതിനനുസരിച്ച് ഇവരുടെ ഒക്കെ ശമ്പളം കൂട്ടുമോ? ഒരു കോർപറേറ്റ് ഓഫീസിലെ സാദാ സെക്രട്ടറിയുടെ അത്രയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന എത്ര എം.പി മാർ നമുക്കുണ്ട്?

രാഷ്ടീയ പ്രവർത്തനം ഒരു സാമൂഹിക സേവനം അല്ലെന്നും അത് ഒരു ബിസിനസ്സോ, തൊഴിലോ ആണെന്നും അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്ന തോന്നൽ ഈ രാജ്യത്തെ പലർക്കും ഉണ്ട്. കർഷകർ കൂട്ട ആത്മഹത്യ ചെയ്യുമ്പോളും കൃഷിമന്ത്രിക്കും കുടുമ്പത്തിനും ക്രിക്കറ്റിലുള്ള “പ്രത്യേക താല്പര്യം” പൊതുജനസമക്ഷം ഐ.പി.എൽ വിവാദത്തിനിടെ മാധ്യമങ്ങളിലൂടെ ഉയർന്നു വന്നിരുന്നു. എം.പിമാർ ബിസിനസ്സ് ക്ലാസ്സിൽ സഞ്ചരിക്കുവാനും പരമാവധി ചിലവു ചുരുക്കുവാനും ഒക്കെ ആഹ്വാനം ചെയ്തു കോൺഗ്രസ്സ് കയ്യടി വാങ്ങുവാൻ ശ്രമിച്ചിട്ടും തരൂരിന്റെ ട്വിറ്ററിൽ കന്നുകാലി ക്ലാസ് വിവാദം ഉണ്ടായിട്ടും അധിക കാലം ആയിട്ടില്ല. അതേ കോൺഗ്രസ്സ് തന്നെ മുന്നിൽ നിന്നു ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്താണ് ഇപ്പോൾ എം.പിമാർക്ക് 300% ശമ്പള വർദ്ധനവ് വരുത്തിയിരിക്കുന്നത്. പതിനാറായിരത്തിൽ നിന്നും അമ്പതിനായിരത്തിലേക്കുള്ള ഈ കുതിപ്പ് വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന പൊതു ജനത്തിന്റെ ചുമലിലേക്ക് തന്നെ. പ്രത്യക്ഷത്തിൽ അറിയുന്ന ഈ വർദ്ധനവിനു പുറകിലും മറ്റു ആനുകൂല്യങ്ങളുടെ ഇനത്തിലായി വർദ്ധനവു വേറെയും ഉണ്ട്. സിറ്റിങ്ങ് ഫീസിലും, ഓഫീസ് ചിലവിലും മറ്റും ഉള്ള വർദ്ധനവും ഇതിന്റെ കൂടെ ചേരു. പതിനാറായിരം ശമ്പളമായും മറ്റു ബാറ്റകളായി വേറെയും നമ്മുടെ എം.പി മാർക്ക് ലഭിച്ചിരുന്നു. അപ്പോൾ ഇനി അത് അമ്പതിനായിരം + ആയിരിക്കും.

ഇക്കാര്യത്തിൽ സി.പി.എം അടക്കം ഉള്ള ഇടതുപക്ഷം എടുത്ത നിലപാട് വളരെ ഉചിതമാണ്. എം.പിമാർക്ക് ഇത്രയും ഭീമമായ തുകയുടെ വർദ്ധനവ് ആവശ്യമില്ല എന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി. സി.പി.എം എം.പിമാർ തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാർടിക്ക് ലെവി നൽകുന്നവരാണ്. എന്നിട്ടും അവർക്ക് ജീവിക്കുവാൻ കഴിയുന്നുണ്ട് ഈ നാട്ടിൽ. എന്നാൽ കോൺഗ്രസ്സുകാർക്ക് അതിനാകുന്നില്ല എങ്കിൽ അത് ജീവിത രീതിയുടെ വ്യത്യാസം തന്നെ ആകും.



ഇക്കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസം ആണെന്നാണ് ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ് ചാനലിൽ ചർച്ചക്കിടെ പറയുന്നത്. അപ്പോൾ ജീവിത ചിലവിലെ വർദ്ധനവും- ചികിത്സ, നിത്യോപയോഗ സാധനങ്ങളുടെ അന്യായമായ വിലവർദ്ധനവും- അദ്ദേഹത്തിനു അറിയാതെ അല്ല. യാത്രാചിലവ്, ചികിത്സാ ചിലവ്, ഭാര്യയുടെ യാത്രാ ചിലവ്, ടെലിഫോൺ ബില്ല്, ഓഫീസ് വാടക മറ്റു ചിലവുകൾ എന്നിങ്ങനെ വലിയ ഒരു തുകയാണ് ഓരോ എം.പിമാർക്കും മന്ത്രിമാർക്കും പൊതുജനം നൽകുന്നത്. എന്നിട്ടോ ഇവരിൽ എത്ര പേർ ബഹളം വെക്കാനല്ലാതെ പാർളമെന്റിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രി ഒരു വർഷത്തിനു ശേഷം കൊടിയ സമ്മർദ്ധത്തിനൊടുവിൽ മാത്രമാണ് കമാന്ന് ഒരു അക്ഷരം മിണ്ടിയതെന്ന് മാധ്യമ വാർത്തകൾ വായിച്ചു.
ഇത്തരക്കാർക്ക് ഉണ്ടുറങ്ങുവാനും ആനുകൂല്യങ്ങൽ കൈപറ്റുവാനും എന്തിനു ഖജനാവിൽ നിന്നും കോടികൾ ചിലവഴിക്കണം? പാരളമെന്റിൽ മിണ്ടതിരിക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന എം.പിമാരുടെ ആനുകൂല്യം കട്ടു ചെയ്യുവാൻ വല്ല നിയമവും ഈ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.

ശമ്പള വർദ്ധനവ് ചർച്ച ചെയ്യുന്ന സമയത്ത് കേന്ദ്ര സെക്രട്ടറിമാരേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വേണം എന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതിൽ മുൻ പന്തിയിൽ ലാലുവിന്റെയും മുലായത്തിന്റേയും പാർടിക്കാർ ആയിരുന്നു എന്നത് ഒട്ടും കൌതുകമായിതോന്നിയില്ല. അക്ഷരം കൂട്ടി വായിക്കുവാനോ സ്വന്തം പേരു ഇംഗ്ലീഷിൽ പോട്ട് സ്വന്തം ഭാഷയിൽ പോലും മര്യാദക്ക് അക്ഷരത്തെറ്റില്ലാതെ എഴുതുവാൻ അറിയാത്തവർക്കൊക്കെ പാർടി ടിക്കറ്റ് നൽകി മത്സരിപ്പിക്കുന്ന, സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്നതിൽ ചുമ്മാ ശൂവരക്കുവാൻ മാത്രം മന്ത്രി സ്ഥാനം അലങ്കരിക്കുന്ന വിരോധാഭാസം ലാലു സ്വന്തം തട്ടകത്തിൽ ജനാധിപത്യത്തിനു കാണിച്ചു കൊടുത്തിട്ടുണ്ട്. ഒരു ഐ.എ.എസ് കാരൻ തന്റെ പഠന മികവിലൂടെ ആണ് ജോലിയിൽ പ്രവേശിക്കുന്നത്. ഇവരോ?

പാർളമെന്റെന്നാൽ ബഹളം വെക്കുവാനുള്ള ഒരു ചന്തയാണെന്നും, കൂടുതൽ ബഹളം വെക്കുന്നതാണ് വലിയ കാര്യമെന്നും കരുതുന്ന എം.പിമാർക്ക് തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് ആരു ബോധ്യപ്പെടുത്തും എന്നതും ചിന്തിക്കേണ്ടതുണ്ട്. കോടികൾ ചിലവിട്ട് തങ്ങളെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നത് ക്രിയാത്മകമായ ചർച്ചയ്ക്കും ജനനന്മയ്ക്കായുള്ള നയരൂപീകരണത്തിനും ആണെന്ന് ഇക്കൂട്ടത്തിൽ എത്ര പേർക്ക് അറിയാം?

എന്തായാലും പലകാര്യങ്ങൾക്കും ബത്ത അനുവദിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു കല്യാണ അലവൻസുകൂടെ ഏർപ്പാടാക്കിക്കൂടെ. വിവാഹത്തിന്റെ ഒക്കെ ചിലവ് പഴയ പോലെ അല്ല. വിവാഹംകഴിക്കണതിനു മുമ്പ് ഭാവി വധുവുമായി ജാതിമത ബേധമന്യേ സകല പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാനും അവിടെ ഒക്കെ ഭാവിജീവിതം ഭദ്രമാക്കുവാൻ വിവിധ പ്രാർഥനകൾ നടത്തുവാനും ഒക്കെ ചില്ലറ ചിലവൊന്നുമല്ല. ഇതിനും കൂടെ വല്ലതും ഒക്കെ വകയിരുത്തിക്കൂടേ? ഒപ്പം ഹണിമൂൺ ബത്തയും ആകാം. എന്ത്യേനു.

Monday, August 16, 2010

റ്റിന്റുമോനോ മദനിയൊ?

മദനിയാണോ ടിന്റുമോൻ ആണോ മലയാളിക്ക് പ്രധാനം എന്ന് ചോദിച്ചാൽ ഞാൻ പറയും ടിന്റുമോൻനെന്ന്. ഞാൻ മാത്രമല്ല ഒരുമാതിരിപ്പെട്ട സഹൃദയരായ മലയാളികളിൽ ഭൂരിപക്ഷവും ടിന്റുമോന്റെ പേരു പറയുമായിരിക്കും. നർമ്മം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മദനിയേക്കാൾ പോപ്പുലർ ഫിഗറാണ് റ്റിന്റുമോൻ. മൌത്ത് പബ്ലിസിറ്റിയിലൂടെയും എസ്.എം.എസ്, ഈ-മെയിൽ എന്നിവയിലൂടെയും റ്റിന്റുമോൻ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും ഒരു താരം ആണ്. ടിന്റുമോൻ എന്ന കഥാ‍പാത്രം ആറുവയസ്സുകാരനിലും അറുപതു വയസ്സുകാരനിലും ആശങ്കയല്ല മറിച്ച് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. അപ്പോൾ ടിന്റുമോനു എന്തെങ്കിലും ആപത്തു വരുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും. ആ ആശങ്കയാണിപ്പോൾ മലയാളികൾക്കിടയിലും ബൂലോകത്തിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. പക്ഷെ മലയാളി മാധ്യമങ്ങൾ വേണ്ടവിധം കാണുന്നില്ല.

മാധ്യമങ്ങൾ ഇപ്പോൾ സദാ മദനി വാർത്തയ്ക്കു പുറകിലാണ്. മദനിയെ അറസ്റ്റുചെയ്യുവാൻ കോടതി ഉത്തരവുമായി കർണ്ണാടക പോലീസ് ഉത്തരവുമായി വന്നിട്ട് ദിവസം മൂന്നാലായി. പാർക്കിൽ കാറ്റുകൊള്ളാൻ ഇരിക്കണവനെ വരെ വിരട്ടിയ ചരിത്രമുള്ള പോലീസുകാർ പക്ഷെ പുള്ളീക്കാരന്റെ ഉമ്മറത്ത് കവാത്തുനടത്തിയും കാവൽ നിന്നും നിരീക്ഷിച്ചും സമയം കളയുന്നു. മാധ്യമങ്ങൾ ആണെങ്കിലോ അതിങ്ങനെ മാനസപുത്രി സീരിയൽ പൊലെ വലിച്ചു നീട്ടിക്കോണ്ടിരിക്കുന്നു. വികാരഭരിതവും സംഘർഷം നിറഞ്ഞതുമായ വിവിധ സംഭവങ്ങൾ നടക്കുന്നു.

അതവിടെ നിൽക്കട്ടെ ഇപ്ലത്തെ വിഷം ടിന്റുമോൻ ആണ്. ലക്ഷക്കണക്കിനു ആരാധകരുള്ള ടിന്റുമൊനെ ഒരു സ്വകാരര്യ ഓഡിയോ വീഡിയോ കമ്പനി ശ്രമിക്കുന്നു. മാധ്യമങ്ങൾക്ക് അതൊരു വിഷയം അല്ലായിരിക്കാം പക്ഷെ മലയാളിക്ക് അതൊരു വിഷയം ആണ്.

സഹൃദയരായ മലയാളികളുടെ മൊത്തം മാനസപുത്രനാണ് റ്റിന്റുമോൻ. മദനിയേക്കാൾ ജനമനസ്സുകൾ കീഴടക്കിയ കുസൃതിയായ കൊച്ചു പയ്യൻ. ആ പയ്യനെ ചുമ്മാ ആരെങ്കിലും അടിച്ചെടുക്കാന്ന് പറഞ്ഞാൽ ഇത് വെള്ളരിക്കാ പട്ടണം ഒന്നും അല്ലല്ലോ? മാധ്യമങ്ങൾ ഇക്കാര്യത്തിൽ വേണ്ടതു ചെയ്തേ പറ്റൂ. ആദ്യം അൻ‌വാർശ്ശെരിയിൽ നിന്നും പിടി വിടുക. ടിന്റുമോനെ തട്ടിയെടുക്കുവാൻനുള്ള ശ്രമത്തെ പറ്റി അന്വേഷിച്ച് വിശദംശങ്ങൾ അടങ്ങിയ വാർത്ത നൽകുക. നിയമവിദഗ്ദർ പതിവു ചാനൽ ചർച്ച തൊഴിലാളികൾ എന്നിവരെ വച്ച് ചർച്ച നടത്തുക. അല്ലാണ്ടിതെന്തോന്ന് ആകെ ഒരു വാർത്തമാത്രം മദനി അൻ‌വാർശ്ശേരി അറസ്റ്റ് വേറെ കേരളത്തിൽ ഒന്നും ഇല്ലേ? രാഷ്ട്രപതിയുടെ സ്വാതന്ത്ര ദിന സന്ദേശത്തിന്റെ സമയത്ത് അതിനു പ്രാധന്യം നൽകാതെ ദാണ്ടെ ഒരു ചാനൽ പ്രക്ഷേപണം അൻ‌വാർശ്ശേരി ലൈവ് ആയിരുന്നു. കണ്ടിട്ട് കഷ്ടം തോന്നി.

എനിക്ക് ഈ പേറ്റന്റ് നിയമം ഒന്നും അറിയില്ല എങ്കിലും ഒരു സംശയം ടിന്റുമൊൻ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം ഇതുവരെ ഉള്ള അറിവു വച്ച് ഏതെങ്കിലും വ്യക്തിക്ക് ഇല്ലാത്ത സ്ഥിതിക്ക് പെട്ടെന്ന് ഒരാൾക്ക് /കമ്പനിക്ക് അതിനെ സ്വന്തമാക്കുവാൻ പറ്റുമോ? കേരളീയ സമൂഹം ചർച്ച ചെയ്യേണ്ട ഒരു സംഗതിയാണിത്. ബലപ്രയോഗത്തിലൂടെയോ വളഞ്ഞ വഴിയിലൂടെയോ ടിന്റുമൊനെ ആരെങ്കിലും സ്വന്തമാക്കുവാൻ ഉള്ള ശ്രമം നടത്തിയാൽ അതിനെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും സഹൃദയരായ ഓരോരുത്തരുടേയും കടമയല്ലേ?

ടിന്റുമോനെ സ്വന്തമാക്കുവാൻ ഉള്ള ശ്രമങ്ങൾക്കെതിരെ മറ്റു സഹൃദയർക്കൊപ്പം ഞാനും പ്രതിഷേധിക്കുന്നു.
(തിരക്കിട്ട് എഴുതിയതാണ് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതാണ്.)

Sunday, August 08, 2010

സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്

പഴ‌ശ്ശിരജ എന്ന സിനിമ കണ്ടവർ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ആയിരിക്കും ശരത് കുമാർ എന്ന തെന്നിന്ത്യൻ നടൻ അവതരിപ്പിച്ച കുങ്കൻ. കുങ്കനെ ശരത് കുമാറല്ലാതെ വേറെ വല്ല വങ്കനുമായിരുന്നു അവതരിപ്പിച്ചിരുന്നെങ്കിൽ ആ കഥാപാത്രം ഒരു പക്ഷെ ചരിത്ര ദുരന്തം ആകുമായിരുന്നു. ചിത്രത്തിലെ നായകനേക്കാൾ എന്തുകോണ്ടും മികച്ചു നിന്നത് കുങ്കനാണ്. തിരക്കഥയിലെപാളിച്ച കൊണ്ടാണോ അതോ മമ്മൂട്ടിയുടെ പ്രകടനത്തിലെ പിഴ്വാണോ അരിയില്ല കേന്ദ്ര കഥാപാത്രം പഴശ്ശിരാജ പലപ്പോഴും ഒരു ഉപകഥാപാത്രമായി ഫീൽ ചെയ്തു എന്നത് പറയാതെ വയ്യ. കുങ്കൻ/ശരത് കുമാറിന്റെ ചിത്രമായി ഇത് മാറി എന്ന് പറഞ്ഞാൽ അത് അധികം ആകും എന്ന് തോന്നുന്നില്ല, അത്രക്ക് മനോഹരവും പൂർണ്ണതയുമാണ് ശരത് കുമാർ തനിക്ക് ലഭിച്ച കഥാപാത്രത്തിനു നൽകിയത്. ഒരു സേനാനായകന്റെ ഗാംഭീര്യമാർന്ന ചലനങ്ങളും ഭാവവും മെയ്‌വഴക്കവും എല്ലാം ഉൾക്കൊണ്ടുക്കോണ്ടുള്ള അഭിനയവും ശരത്തിന്റെ ആരോഗ്യദൃഡഗത്രമായ ശരീരത്തിന്റെ സാധ്യത ക്യാമറ ശരിയാം വണ്ണം ഒപ്പിയെടുക്കുകയും ചെയ്തതോടെ കുങ്കൻ അവിസ്മരണീയമായി മാറി. ശത്രുക്കളാൽ വളയപ്പെട്ടപ്പോൾ അവർക്ക് മുമ്പിൽ കീഴടങ്ങാതിരിക്കുവാൻ സ്വയം ജീവനൊടുക്കുന്ന കുങ്കന്റെ ശരീരം വെള്ളത്തിലേക്ക് വീഴുന്ന രംഗം സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മായാതെ നിൽക്കും.

അടുത്ത കാലത്ത് സുരേഷ് ഗോപിയുടേതായി വന്ന പ്രസ്ഥാവന കണ്ടു. കുങ്കനെ അവതരിപ്പിക്കുവാൻ ആകാഞ്ഞത് തന്റെ നഷ്ടം ആ‍ണെന്ന്. ചിത്രത്തിന്റെ ശില്പികൾ തന്നെ സമീപിച്ചെങ്കിലും അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു എന്ന്.ആരുതന്നെ പറഞ്ഞാലും അഭിനയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ഉറപ്പിച്ച്/കടുപ്പിച്ച് പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ നഷ്ടബോധം ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ? അതേ കുറിച്ച് പിന്നെ അന്ത്യം വരെ ദുഖിക്കേണ്ട വല്ല കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല.


കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കാരണം ഇതുമൂലം എന്നെ പോലുള്ള പ്രേക്ഷകർക്ക് കുങ്കൻ എന്ന ചരിത്ര പുരുഷനെ അഭ്രപാളിയിൽ അദ്ദേഹം അർഹിക്കുന്ന അന്തസ്സോടെയും അഴകോടെയും ആഭിജാത്യത്തൊടെയും കാണുവാൻ അവസരം ഒരുങ്ങി. അതിനാൽ സുരേഷ് ഗോപിയോട് വ്യക്തിപരമായി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസരം ഒഴിവാക്കിയതിലൂടെ താങ്കൾ ഒരാൾക്കുണ്ടായതായി പറയുന്ന ദു:ഖം പക്ഷെ പ്രേക്ഷകരിൽ പലർക്കും സന്തോഷം പകർന്നു കാണും എന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ മറ്റാരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അവരോടും നന്ദിപറയുന്നു. ഒപ്പം കുങ്കനെ അഭ്രപാളിയിൽ അനശ്വർനാക്കിക്കൊണ്ട് അവതരിപ്പിച്ച അതിനു സന്നദ്ധനായ ശരത് കുമാറിനോടും.

സുരേഷ് ഗോപിയുടെ സിനിമാ പ്രകടനം സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആയതുകൊണ്ടാണ് ഇത്രയും എഴുതിയത്.

Tuesday, August 03, 2010

“ആന ജോതിഷം“ പൊ‌ളിഞ്ഞു

നിങ്ങൾ മുൻ ജന്മത്തിൽ ആരായിരുന്നൂന്നും എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ ഉള്ളതെന്നും ഒക്കെ മോത്തും മേത്തും നോക്കി പറയുക ഇന്ന് ഏറ്റവും ഡിമാന്റുള്ള സംഗതിയാണല്ലോ. ഇമ്മാതിരി കാര്യങ്ങൾ അറിയാനും കേൾക്കാനും ഒക്കെ ആർക്കും താല്പര്യം ഉണ്ടാകും എന്നാൽ ആനകൾക്ക് ഇക്കാര്യത്തിൽ വല്ല താല്പര്യവും ഉണ്ടോന്ന് എനിക്കറിയില്ല. എന്തായാലും തൃശ്ശൂരിൽ ഇമ്മാതിരി ഒരു പ്രവചന പരിപാടി കഴിഞ്ഞ ദിവസം നടന്നു. പ്രവചനം നടത്തിയത് നമ്മുടെ നാട്ടുകാർ ആരെങ്കിലും അല്ലെന്നതാണ് പ്രത്യേകത.

ദിവ്യാജോഷി വാണരുളിയിരുന്ന തൃശ്ശൂരിൽ ആനയുടെ മനസ്സുവായിക്കുവാനും ഭാവിയും ഭൂതവും വർത്തമാനവും ഒക്കെ പറയുവാൻ എത്തിയത് അങ്ങ് ഇംഗ്ലന്റീന്ന് ഒരു മദാമ്മ. പേ‌രു മരിയ വിറ്റ് വർത്ത് . എന്തായാലും മനസ്സുവായിക്കുവാൻ തിരഞ്ഞെടുത്ത ആന കൊള്ളാം. ആദ്യമായി ശബരിമയ്ക്ക് കെട്ടു നിറച്ച് പോകുകയും ഭഗവാനെ ഒന്ന് നേരിട്ട് കാണുവാൻ ദേവസ്വം അധീകൃതരുടെ കാരുണ്യത്തിനായി ഒത്തിരി കാത്തു നിൽക്കേണ്ടിയും വന്ന ചിറക്കൽ മഹാദേവന്റെ. കേർളത്തിലെ മറ്റ്‍ാനകളിൽ നിന്നും വ്യത്യസ്ഥനാണ് ചിറക്കൽ മഹാദേവൻ . ആൾ ആന്റമാനിൽ കുറച്ചുകാലം തൊഴിലെടുക്കുവാൻ പോയി. ചെന്ന നാട്ടിൽ പിടിയാനകൾക്ക് ഒരു ക്ഷാമവും ഇല്ല. അവിടത്തെ സുന്ദരികളായ ആനകൾക്കിടയിൽ പൂണ്ട് വിളയാടിയ റോമിയോ ആണ് കക്ഷി. ആ ആനകാ‌മുകിമാരിൽ ചിലർക്കൊക്കെ ഇവനിൽ നിന്നും സന്താനയോഗവും ഉണ്ടായിട്ടുണ്ട്. അതിപ്പോൾ ആർക്കൊക്കെ എത്രെയൊക്കെ എന്നൊക്കെ ചുള്ളനു പോലും നല്ല നിശ്ചയം ഉണ്ടാകുന്ന് തോന്നണില്ല. എന്തായാലും ആനക്കാതലൻ അവിടെ നിന്നും തിരിച്ച് കേരളത്തിലേക്ക് വരുമ്പോൾ ഒരു പുത്രനെകൂടെ കൂട്ടി. അഴകൊത്തവൻ ‍ആ‍ണെങ്കിൽലു അവൻ ഒരു മോഴക്കുട്ടൻന‍ാണ്.

പറഞ്ഞു വന്നത് മരിയ പറഞ്ഞ വിറ്റുകൾ ആണ്. ഓൾകേരള എലിഫന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച പരിപാടി. മേൽ പറഞ്ഞ ചിറക്കൽ മഹാദേവനു മൂന്നുകുട്ടികൾ ഉണ്ടെന്നാണ് അവരുടെ ഒരു
വെളിപാട്. അവനെ 600 കിലോ മീറ്റർ അകലെ നിന്നാണത്രെ കൊണ്ടുവന്നത്. ആ‍നയുടെ പാപ്പാൻ ഇടയ്ക്കു മാറിയെന്നത് മറ്റൊരു കണ്ടെത്തൽ. കേരളത്തിൽ വർഷാ വർഷം പാപ്പാന്മാർ മാറുന്നത് ഏത് ആനയ്ക്കാ അറിയാത്തത്. എന്റെ അറിവിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന്റെ ഒപ്പം ഉള്ള മണിയേടനാണ് നാലാൾ അറിയുന്ന ഒരാനയ്ക്കൊപ്പം എറ്റവും കൂടുതൽ കാലം ഇപ്പോളും നിൽക്കുന്ന പാപ്പാൻ. എന്തായാലും മഹാദേവന്റെ ഉടമ മധുചേട്ടനു സമാധാനിക്കാം. ആന ഹാപ്പിയാ‍ണ് കാര്യമായ സങ്കടങ്ങൾ ഒന്നും അവനില്ലാന്നാണ് മദാമ്മ പറയുന്നത്. എന്തായാലും മദാമ്മ പറയുന്നത് മുഴുവ് അംഗീകരിക്കുവാൻ പറ്റില്ലെന്ന് മധൂച്ചേട്ടനും പരിപാടിയ്ക്കിടെ വ്യക്തമാക്കിയത്രെ.

മഹാദേവനെ വിട്ട് പിന്നെ ചെന്നത് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വടക്കും നാഥനിൽ നിന്നും വയറു നിറച്ച് ഫുഡ്ദഡിച്ച് പോരണ വഴിക്ക് ഭാവി വേൾഡ് കപ്പിനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന തൃശ്ശൂരിലെ റൊമാരിയോ, പയ്യന്മാരുടെ ഫുഡ്ബോൾ അടികൊണ്ട് അലമ്പുണ്ടാക്കിയ കൃഷ്ണൻ എന്ന ആനയുടെ അടുത്ത്. പന്തടിച്ച പയ്യന്മാരെയും പന്തിൽ നിന്നും തന്നെ പ്രൊടക്ട് ചെയ്യാതിരുന്ന പാപ്പാന്മാരെയും കയ്യിൽ കിട്ടാഞ്ഞ് വഴീൽ കിടന്ന മാരുതിയെ കൊമ്പിലെടുത്ത് അമ്മാനമാടിയ മൊതൽ. ഉള്ള നേരം കൊണ്ട് ഉണ്ടാക്കാവുന്ന നാശനഷ്ടം മുഴുവൻ ഉണ്ടാക്കി. ഉടമക്ക് നഷ്ടം മാധ്യമങ്ങൾക്ക് മിച്ചം. കണ്ടതൊക്കെ അടികും കുത്തിയും തകർത്തത് പോരാഞ്ഞ് ചൂള്ളൻ റെയിൽ‌വേ ട്രാക്കിൽ ഇറങ്ങി. ആ സമയത്ത് ട്രാക്കു വഴി വരാഞ്ഞത് ട്രെയിനിന്റെ ഭാഗ്യം. “ട്രെയിൻ ഉപരോധിക്കുവാൻ“ ശ്രമിച്ച് കാലിൽ പരിക്കു പറ്റിയതിനു ആനയെ ഉപദ്രവിച്ചെന്നും പറഞ്ഞ് മദമ്മ പാപ്പാന്മാർക്ക് നേരെ ചൂടായി. സി.എ സുന്ദർ മേനോന്റെ സമയോചിതമായ ഇടപെടൽ അവരെ ശാന്തായാക്കി. പാപ്പാൻ മദ്യപാനിയാണെന്ന് അവർ പ്രവചിച്ചെങ്കിലും അവരുടെ ആ പ്രവചനവും പാളി. അങ്ങെരു ജീവിതകാലത്ത് മദ്യം പോയിട്ട് മദ്യം ഒഴിച്ച ഗ്ലാസ്സ് പോലും ടച്ച് ചെയ്തിട്ടില്ല. മലയളീക്ക് യൂറോപിലൊക്കെ മദ്യപാനീന്ന് ഒരു വിളിപ്പേരുണ്ടെന്നും അത് ഒക്സ്ഫെഡുകാർ നിഘണ്ടുവിൽ ചേർക്കാൻ പോകാനെന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് . മദാമ്മയുംമത് കേട്ടുകാണും

മരിയയുടെ പ്രവചനത്തിനായി ആകാംഷയോടെ കാത്തുനിന്ന ആൾക്കാർക്കും ആനകൾക്കും കാര്യമായൊന്നും കിട്ടിയില്ല. എന്തായാലും ചിറക്കൽ മഹാദേവന്റെ ഭാഗ്യം തന്റെ പഴയ കാര്യങ്ങൾ മനസ്സിലാക്കി മദാമ്മ വല്ലതും പറഞ്ഞിരുന്നേൽ പിന്നെ എങ്ങിനെ തലയും ഉയർത്തിപ്പിടിച്ച് മറ്റാനകളുടെ മുഖത്തു നോക്കും?

പാരമൊഴി: സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീ നാരായണന്റെ അടുത്തോ, കെട്ടും തറിയിൽ വർഷങ്ങളായി നിൽകണ മുറിവാലൻ മുകുന്ദന്റെ അടുത്തോ കൂടെ കൊണ്ടുപോകേണ്ടതായിരുന്നു. ഇരുവർക്കും പറയുവാൻ ഏറെ സങ്കടം ഉണ്ടകും.

Sunday, August 01, 2010

മാധ്യമരംഗത്തെ അതികായൻ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള മാധ്യമരംഗത്തിനു എക്കാലത്തും മുന്നിൽ നിന്ന് നയിക്കുകയും പുതുമകൾ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ് ഇന്നു രാവിലെ അന്തരിച്ച കെ.എം. മാത്യു എന്ന മാത്തൂട്ടിച്ചായൻ. മലയാള പത്രങ്ങൾക്ക് അപരിചിതമായിരുന്നു പല സാങ്കേതിക വിദ്യകളും സങ്കെതങ്ങളൂം അദ്ദേഹം ആദ്യം തന്റെ സ്ഥാപനത്തിലൂടെ പരിചയപ്പെടുത്തി. തികഞ്ഞ പ്രൊഫഷണലിസം എപ്പോഴും കാത്തു സൂക്ഷിച്ചു. ലേയൌട്ടിലും വാർത്തകളുടെ വിന്യാസത്തിലും മനോരമയെന്ന പത്രത്തെ വെല്ലുവാൻ ഇന്നും മറ്റാർക്കും ആകുകയുമില്ല.

ദീർഘ വീക്ഷണവും അതു നടപ്പിലാക്കുവാനുള്ള ഇച്ചാശക്തിയുമാണ് മനോരമയുടെ വിജയമെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചു. “ക‌മ്യൂണിസ്റ്റു വിരുദ്ധത“ മനോരമയുടെ മുഖമുദ്രയെന്ന ആക്ഷെപിക്കുന്നവർ ഉണ്ട്. എന്നാൽ ആളുകൾക്ക് താല്പര്യം ഇല്ലാത്തത് വിറ്റുപോകില്ലെന്ന സത്യം നാം ഓർക്കേണ്ടതുണ്ട്. “ക‌മ്യൂണിസ്റ്റു വിരുദ്ധ“ വാർത്തകൾ നിരന്തരം വരുന്ന പത്രം ഒന്നാംസ്ഥാനത്ത് നിൽക്കുന്നു എങ്കിൽ വിമർശകർ അതിന്റെ കാരണം വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

നിരന്തരമായ യാത്രകൾ ലോകത്തിന്റെ പുതു ചലനങ്ങളെ അടുത്തറിയുവാൻ അദ്ദേഹത്തിനു അവസരം ഒരുക്കി. കം‌മ്പ്യൂട്ടറിനെതിരെ ഒരു വശത്ത് സമരങ്ങൾ നടക്കുന്ന കാലത്ത് അതിന്റെ അനന്തമായ സാധ്യതകളെ പറ്റി അന്വേഷിക്കുകയായിരുന്നു ഈ മനുഷ്യൻ. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരന്തരം പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും തന്റെ സ്ഥാപനത്തിൽ അവസരം ഒരുക്കി. വിദേശത്തുള്ള വിദഗ്ദരായ ആളുകളുടെ സേവനങ്ങൾ വേണ്ടുവോളം പ്രയോജനപ്പെടുത്തി തന്റെ മാധ്യമ സാമ്രാജ്യത്തെ കരുത്തുറ്റതാക്കി. കോട്ടയത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എഡീഷനുകളെ വ്യാപിപ്പിച്ചു. കൂടാതെ ഇന്റർനെറ്റിൽ പത്രം ലഭ്യമാക്കുവാൻ ഉള്ള സൌകര്യങ്ങൾ ഒരുക്കി.

ബൂകമ്പ ബധിതർക്കും സുനാമി ബാധിതർക്കും അന്തിയുറങ്ങുവാൻ വീടൊരുക്കിയും മഴവെള്ള സംഭരണത്തിന്റെ പ്രസക്തി മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തും മാധ്യമേതര വിഭാഗങ്ങളിലേക്കും മനോരമയുടെ സേവനങ്ങൾ വ്യാപിപ്പിച്ചു. കാലയവനികയ്കുള്ളിൽ മറഞ്ഞാലും കാലത്തിനൊപ്പമോ അതല്ലെങ്കിൽ അല്പം ആലങ്കാരികമായി പറഞ്ഞാൽ കാലത്തിനു മുന്നേ തന്നെ നടന്ന ഈ മനുഷ്യൻ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും നിലനിൽക്കും.

മലയാ‍ള മാധ്യമരംഗത്തെ ഈ അതികായനു ആദരാഞ്ജലികൾ