Saturday, August 21, 2010

വിവാഹ-ഹണിമൂൺ ബത്തയും കൂടെ അനുവദിക്കുക.

എം.പിമാരുടെ ശമ്പള വർദ്ധനവിനെ ന്യായീകരിച്ചു കൊണ്ട് പൈലറ്റായിരുന്ന ഭർത്താവിനേക്കാൾ കുറവായിരുന്നു പ്രധാനമന്ത്രിയായിരുന്ന അമ്മായിയമ്മയുടെ ശമ്പളം എന്ന് പറയുന്ന സോണിയാ ഗാന്ധി ഒരു പക്ഷെ നാളെ രാജ്യത്തെ പ്രമുഖ സി.ഈ.ഓ മാരുടെ ശമ്പളവുമായി പ്രധാന മന്ത്രിയുടെ ശമ്പളത്തെ താത‌മ്യം ചെയ്താൽ? അപ്പോൾ അതിനനുസരിച്ച് ഇവരുടെ ഒക്കെ ശമ്പളം കൂട്ടുമോ? ഒരു കോർപറേറ്റ് ഓഫീസിലെ സാദാ സെക്രട്ടറിയുടെ അത്രയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന എത്ര എം.പി മാർ നമുക്കുണ്ട്?

രാഷ്ടീയ പ്രവർത്തനം ഒരു സാമൂഹിക സേവനം അല്ലെന്നും അത് ഒരു ബിസിനസ്സോ, തൊഴിലോ ആണെന്നും അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്ന തോന്നൽ ഈ രാജ്യത്തെ പലർക്കും ഉണ്ട്. കർഷകർ കൂട്ട ആത്മഹത്യ ചെയ്യുമ്പോളും കൃഷിമന്ത്രിക്കും കുടുമ്പത്തിനും ക്രിക്കറ്റിലുള്ള “പ്രത്യേക താല്പര്യം” പൊതുജനസമക്ഷം ഐ.പി.എൽ വിവാദത്തിനിടെ മാധ്യമങ്ങളിലൂടെ ഉയർന്നു വന്നിരുന്നു. എം.പിമാർ ബിസിനസ്സ് ക്ലാസ്സിൽ സഞ്ചരിക്കുവാനും പരമാവധി ചിലവു ചുരുക്കുവാനും ഒക്കെ ആഹ്വാനം ചെയ്തു കോൺഗ്രസ്സ് കയ്യടി വാങ്ങുവാൻ ശ്രമിച്ചിട്ടും തരൂരിന്റെ ട്വിറ്ററിൽ കന്നുകാലി ക്ലാസ് വിവാദം ഉണ്ടായിട്ടും അധിക കാലം ആയിട്ടില്ല. അതേ കോൺഗ്രസ്സ് തന്നെ മുന്നിൽ നിന്നു ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്താണ് ഇപ്പോൾ എം.പിമാർക്ക് 300% ശമ്പള വർദ്ധനവ് വരുത്തിയിരിക്കുന്നത്. പതിനാറായിരത്തിൽ നിന്നും അമ്പതിനായിരത്തിലേക്കുള്ള ഈ കുതിപ്പ് വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന പൊതു ജനത്തിന്റെ ചുമലിലേക്ക് തന്നെ. പ്രത്യക്ഷത്തിൽ അറിയുന്ന ഈ വർദ്ധനവിനു പുറകിലും മറ്റു ആനുകൂല്യങ്ങളുടെ ഇനത്തിലായി വർദ്ധനവു വേറെയും ഉണ്ട്. സിറ്റിങ്ങ് ഫീസിലും, ഓഫീസ് ചിലവിലും മറ്റും ഉള്ള വർദ്ധനവും ഇതിന്റെ കൂടെ ചേരു. പതിനാറായിരം ശമ്പളമായും മറ്റു ബാറ്റകളായി വേറെയും നമ്മുടെ എം.പി മാർക്ക് ലഭിച്ചിരുന്നു. അപ്പോൾ ഇനി അത് അമ്പതിനായിരം + ആയിരിക്കും.

ഇക്കാര്യത്തിൽ സി.പി.എം അടക്കം ഉള്ള ഇടതുപക്ഷം എടുത്ത നിലപാട് വളരെ ഉചിതമാണ്. എം.പിമാർക്ക് ഇത്രയും ഭീമമായ തുകയുടെ വർദ്ധനവ് ആവശ്യമില്ല എന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി. സി.പി.എം എം.പിമാർ തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാർടിക്ക് ലെവി നൽകുന്നവരാണ്. എന്നിട്ടും അവർക്ക് ജീവിക്കുവാൻ കഴിയുന്നുണ്ട് ഈ നാട്ടിൽ. എന്നാൽ കോൺഗ്രസ്സുകാർക്ക് അതിനാകുന്നില്ല എങ്കിൽ അത് ജീവിത രീതിയുടെ വ്യത്യാസം തന്നെ ആകും.ഇക്കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസം ആണെന്നാണ് ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ് ചാനലിൽ ചർച്ചക്കിടെ പറയുന്നത്. അപ്പോൾ ജീവിത ചിലവിലെ വർദ്ധനവും- ചികിത്സ, നിത്യോപയോഗ സാധനങ്ങളുടെ അന്യായമായ വിലവർദ്ധനവും- അദ്ദേഹത്തിനു അറിയാതെ അല്ല. യാത്രാചിലവ്, ചികിത്സാ ചിലവ്, ഭാര്യയുടെ യാത്രാ ചിലവ്, ടെലിഫോൺ ബില്ല്, ഓഫീസ് വാടക മറ്റു ചിലവുകൾ എന്നിങ്ങനെ വലിയ ഒരു തുകയാണ് ഓരോ എം.പിമാർക്കും മന്ത്രിമാർക്കും പൊതുജനം നൽകുന്നത്. എന്നിട്ടോ ഇവരിൽ എത്ര പേർ ബഹളം വെക്കാനല്ലാതെ പാർളമെന്റിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രി ഒരു വർഷത്തിനു ശേഷം കൊടിയ സമ്മർദ്ധത്തിനൊടുവിൽ മാത്രമാണ് കമാന്ന് ഒരു അക്ഷരം മിണ്ടിയതെന്ന് മാധ്യമ വാർത്തകൾ വായിച്ചു.
ഇത്തരക്കാർക്ക് ഉണ്ടുറങ്ങുവാനും ആനുകൂല്യങ്ങൽ കൈപറ്റുവാനും എന്തിനു ഖജനാവിൽ നിന്നും കോടികൾ ചിലവഴിക്കണം? പാരളമെന്റിൽ മിണ്ടതിരിക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന എം.പിമാരുടെ ആനുകൂല്യം കട്ടു ചെയ്യുവാൻ വല്ല നിയമവും ഈ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.

ശമ്പള വർദ്ധനവ് ചർച്ച ചെയ്യുന്ന സമയത്ത് കേന്ദ്ര സെക്രട്ടറിമാരേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വേണം എന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതിൽ മുൻ പന്തിയിൽ ലാലുവിന്റെയും മുലായത്തിന്റേയും പാർടിക്കാർ ആയിരുന്നു എന്നത് ഒട്ടും കൌതുകമായിതോന്നിയില്ല. അക്ഷരം കൂട്ടി വായിക്കുവാനോ സ്വന്തം പേരു ഇംഗ്ലീഷിൽ പോട്ട് സ്വന്തം ഭാഷയിൽ പോലും മര്യാദക്ക് അക്ഷരത്തെറ്റില്ലാതെ എഴുതുവാൻ അറിയാത്തവർക്കൊക്കെ പാർടി ടിക്കറ്റ് നൽകി മത്സരിപ്പിക്കുന്ന, സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്നതിൽ ചുമ്മാ ശൂവരക്കുവാൻ മാത്രം മന്ത്രി സ്ഥാനം അലങ്കരിക്കുന്ന വിരോധാഭാസം ലാലു സ്വന്തം തട്ടകത്തിൽ ജനാധിപത്യത്തിനു കാണിച്ചു കൊടുത്തിട്ടുണ്ട്. ഒരു ഐ.എ.എസ് കാരൻ തന്റെ പഠന മികവിലൂടെ ആണ് ജോലിയിൽ പ്രവേശിക്കുന്നത്. ഇവരോ?

പാർളമെന്റെന്നാൽ ബഹളം വെക്കുവാനുള്ള ഒരു ചന്തയാണെന്നും, കൂടുതൽ ബഹളം വെക്കുന്നതാണ് വലിയ കാര്യമെന്നും കരുതുന്ന എം.പിമാർക്ക് തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് ആരു ബോധ്യപ്പെടുത്തും എന്നതും ചിന്തിക്കേണ്ടതുണ്ട്. കോടികൾ ചിലവിട്ട് തങ്ങളെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നത് ക്രിയാത്മകമായ ചർച്ചയ്ക്കും ജനനന്മയ്ക്കായുള്ള നയരൂപീകരണത്തിനും ആണെന്ന് ഇക്കൂട്ടത്തിൽ എത്ര പേർക്ക് അറിയാം?

എന്തായാലും പലകാര്യങ്ങൾക്കും ബത്ത അനുവദിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു കല്യാണ അലവൻസുകൂടെ ഏർപ്പാടാക്കിക്കൂടെ. വിവാഹത്തിന്റെ ഒക്കെ ചിലവ് പഴയ പോലെ അല്ല. വിവാഹംകഴിക്കണതിനു മുമ്പ് ഭാവി വധുവുമായി ജാതിമത ബേധമന്യേ സകല പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാനും അവിടെ ഒക്കെ ഭാവിജീവിതം ഭദ്രമാക്കുവാൻ വിവിധ പ്രാർഥനകൾ നടത്തുവാനും ഒക്കെ ചില്ലറ ചിലവൊന്നുമല്ല. ഇതിനും കൂടെ വല്ലതും ഒക്കെ വകയിരുത്തിക്കൂടേ? ഒപ്പം ഹണിമൂൺ ബത്തയും ആകാം. എന്ത്യേനു.

2 comments:

paarppidam said...

എന്തായാലും പലകാര്യങ്ങൾക്കും ബത്ത അനുവദിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു കല്യാണ അലവൻസുകൂടെ ഏർപ്പാടാക്കിക്കൂടെ. വിവാഹത്തിന്റെ ഒക്കെ ചിലവ് പഴയ പോലെ അല്ല. വിവാഹംകഴിക്കണതിനു മുമ്പ് ഭാവി വധുവുമായി ജാതിമത ബേധമന്യേ സകല പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാനും അവിടെ ഒക്കെ ഭാവിജീവിതം ഭദ്രമാക്കുവാൻ വിവിധ പ്രാർഥനകൾ നടത്തുവാനും ഒക്കെ ചില്ലറ ചിലവൊന്നുമല്ല. ഇതിനും കൂടെ വല്ലതും ഒക്കെ വകയിരുത്തിക്കൂടേ? ഒപ്പം ഹണിമൂൺ ബത്തയും ആകാം. എന്ത്യേനു.

ജുജുസ് said...

അസൂയപ്പെട്ടിട്ട് കാര്യമില്ല ഭായി..ചില പെണ്ണുങ്ങൾ വീട്ടിൽ വലതുകാലെടുത്തു വെച്ചാൽ ഭാഗ്യം വരുമെന്ന് പറയുന്നത് കേട്ടിട്ടില്ലെ