Sunday, January 28, 2007

ടൂറിസവും കേരളമോഡല്‍ വെട്ടലും.

കേരളത്തെ ഇന്ത്യയിലെ ടൂറിസത്തിന്റെ "ഹബ്‌" ആക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണല്ലോ കേരളാ ഗവണ്‍മന്റ്‌.അതിനായി നിരവധി പ്രസംഗമാമാംഗങ്ങളും മറ്റും ഇവിടെ നടക്കുന്നുമുണ്ട്‌.ഇവിടേക്കുവരാന്‍ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും അതിലൂടെ ഒഴുകിവരാന്‍പോകുന്ന കോടികളും ഒക്കെ ചാനലുകളിലെ വാര്‍ത്താപ്രോഗ്രാമ്മുകളിലൂടെ ഒഴുകിയെത്തുന്നു.

ഗവണ്മെന്റു ആദ്യം ചെയ്യേണ്ടത്‌ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്‌.സ്വീഡങ്കാരിയായ ഇവാകോസ്റ്റരും അവരുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ.ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെകാണുവാന്‍ വന്ന അവര്‍ക്ക്‌ തിരികെപോകുമ്പോള്‍ ഒരു കണ്ണ്‍ നഷ്ടപ്പെട്ടു.എന്നിട്ടും പോകുമ്പോള്‍ തങ്ങള്‍ക്ക്‌ പരാതിയില്ലെന്നും ക്ഷണിച്ചാല്‍ ഇനിയും വരുമെന്നും ഉള്ള ആ ദമ്പദിമാരുടെ വാക്കുകള്‍ക്കുമുമ്പില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.


വെട്ടുകത്തികൊണ്ട്‌ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെപറ്റി മദ്യപാനിയും ലഹരിയുടെ ഉപയോഗം ഉള്ളവനാണെന്നും ഒക്കെയാണ്‌.എന്താ മദ്യപിച്ചാല്‍ എന്തും ചെയ്യുവാനുള്ള ലൈസന്‍സ്‌ ലഭിച്ചൂന്നാണോ? കേസ്‌ കോടതിയില്‍ എത്തുമ്പോള്‍ വാദിയില്ലാ എന്നകാരണത്താല്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുത്‌. ഇയാളെ മാതൃകാപരമായി ശിക്ഷിക്കുകയും അത്‌ പുറം ലോകം അറിയുകയും വേണം.കാരണം ഈ സ്ത്രീ ആക്രമിക്കപ്പെട്ടവിവരം ഇതിനോടകം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് കേരളത്തിലെത്തുന്നവര്‍ സുരക്ഷിതരല്ലാ എന്ന ഒരു ഭീതിയും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്‌.

ഗോവയില്‍ മദ്യപിച്ച്‌ ടൂറിസ്റ്റുകള്‍ക്കെതിരെ ആരും ആക്രമണം നടത്തുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌.മദ്യപിച്ച്‌ ആക്രമണങ്ങളും മറ്റും നടത്തുന്നവര്‍ക്ക്‌ ശിക്ഷ കൂടുതല്‍ നല്‍കുന്ന സംവിധാനം ഇവിടെ ഉണ്ടായേപറ്റൂ.

മറ്റൊരു കാര്യം ഇവിടെനടത്തുന്ന ഹര്‍ത്താലുകളും ബന്ധുകളും അന്തര്‍ദേശീയതലത്തില്‍ നമ്മുടെ ടൂറിസം ഐ.ടി മേഘലകളെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ്‌.പല വിദേശികളും ഒരു നിശ്ചിത ദിവസം ഇവിടെ ചിലവഴിക്കുവാനും അതിനിടയില്‍ പലസ്ഥലങ്ങളൂം സന്ദര്‍ശിക്കുവാനും മുങ്കൂട്ടി ചാര്‍ട്ടുചെയ്തിട്ടായിരിക്കും വരിക. ഇവിടെയ്ത്തിയിട്ട്‌ ഉണ്ടാകുന്ന ഇന്‍സ്റ്റന്റ്‌ ഹര്‍ത്താലുകള്‍ പലപ്പോഴും അവരുടെ ആ വര്‍ഷത്തെ ടൂര്‍ പ്രോഗ്രാമ്മിനെ തന്നെ ഭാധിക്കും.ലോകം മാറുകയാണെന്ന കാര്യം ഈ പ്രാകൃതസമരമുറകളില്‍ ഇന്നും ആവേശം കൊള്ളുന്ന രാഷ്ടീയക്കാര്‍ അറിയുന്നില്ല.

ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുവാന്‍ ഭരണകക്ഷിയോളം പറ്റിയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല.

ഇവിടത്തെ രാഷ്ടീയക്കാരും ആദ്യം ചെയ്യേണ്ടത്‌ അനാവശ്യമായി നടക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും നിര്‍ത്തലാക്കുക എന്നതുതന്നെയാണ്‌.

----------------------------
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്‌.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.

കളരിയെയും കളരിപ്പയറ്റിനെയും കുറിച്ച്‌ കെട്ടവര്‍ ഇവിടെ വന്നപ്പോള്‍ വെട്ടുകത്തിപ്രയോഗം നേരിട്ടനുഭവിച്ചു.

കോവളത്തെ ന്യൂയിയര്‍ പ്രോഗ്രാമ്മിനിടയില്‍ കേരളീയയുവത്വം കാട്ടിക്കൂട്ടുന്നത്‌ ടി.വിയില്‍ കണ്ടതാണല്ലോ?

Tuesday, January 16, 2007

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.


ലാവ്‌ലിന്‍ ഇടപാട്‌ സംബന്ധിച്ച കേസ്‌ സി.ബി.ഐ. അന്വേഷണത്തിനുവിടുവാന്‍ ഹൈക്കോടതി ഉത്തരവായതായി ദീപികയില്‍ ന്യൂസ്‌ വന്നിരിക്കുന്നു.

ഒരു പക്ഷെ ഈ അന്വേഷണത്തിലൂടെ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ചുള്ള ദീര്‍ഘകാലമായ അവ്യക്തതയും ആരോപണങ്ങളും ഇതോടെ അവസാനിച്ചേക്കാം.മറ്റൊരു രാജ്യത്തുകൂടെ ഉള്ള സ്ഥാപനവും ഉള്‍പ്പെട്ട കേസായിട്ടുപോലും സി.ബി.ഐ ഇടതുപക്ഷം അന്വേഷണത്തെ എന്തുകൊണ്ട്‌ എതിര്‍ത്തുവെന്നുള്ളതിനു സാമാന്യബുദ്ധിക്കുനിരക്കുന്ന ന്യായം ഒന്നും ഇടതുപക്ഷത്തിനില്ലായിരിക്കും. എന്തായാലും കോടതി വിധിയെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.

ചര്‍ച്ചകളും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കുവാന്‍ തുടങ്ങുകയായി.വാര്‍ത്തകളിലൂടെ മലയാളിക്കിനി അത്‌ ആവോളം ആസ്വദിക്കാം.

Thursday, January 04, 2007

മലയാളി അമേരിക്കന്‍ വിരുദ്ധനോ?

സദ്ദാമിന്റെ വധശിക്ഷയും അതുമായി ബന്ധപ്പെട്ട്‌ കേരളീയര്‍കാട്ടിക്കൂട്ടിയ "കോപ്രായങ്ങള്‍"ഉമാണീതരത്തിലൊരു ചിന്തക്ക്‌ പ്രേരകമായത്‌. എന്തിനായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇത്രവലിയ പ്രതിഷേധം? ആരെകാണിക്കാന്‍. ഇതേകുറിച്ച്‌ കിരണ്‍ തോമാസിന്റെ ബ്ലോഗ്ഗില്‍ ഇതിന്റെ ചര്‍ച്ച സജീവമായി മുന്നേറുന്നുന്നതിനാല്‍ പറയുന്നില്ല.

എന്റെ ചോദ്യം മറ്റൊന്നാണ്‌ യദാര്‍ഥത്തില്‍ മലയാളി അമേരിക്കന്‍ വിരുദ്ധനോ? അല്ലെന്നാണ്‌ ഈയുള്ളവന്റെ നിരീക്ഷണം. അമേരിക്ക എന്നത്‌ മലയാളിയുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗരാജ്യമാണ്‌.മകനോ മകളോ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരെ കല്യാണം കഴിക്കണം അല്ലെങ്കില്‍ അവരെ അമേരിക്കയില്‍ അയച്ചുപഠിപ്പിക്കണം ഒത്താല്‍ നാട്ടിലെ തെങ്ങും റബറും ഒക്കെ വല്ലവരെയും ഏല്‍പ്പിച്ചോ വിറ്റോ വയസ്സുകാലത്ത്‌ മക്കളുടെ കൂടെ അമേരിക്കയില്‍ താമസമാക്കണം.
ഇതൊക്കെയല്ലെ മലയാളിയുടെ സ്വപ്നങ്ങള്‍. ചികിത്സിക്കുവാന്‍ വിപ്ലവകാരിയും-ബൂര്‍ഷ്വാസിയും ഒരുപോലെ കക്ഷിവ്യത്യാസമില്ലതെ അമേരിക്കക്ക്‌ പറക്കുന്നു. ജോലിസാധ്യതകള്‍ തേടി പറക്കുന്നു/പറക്കാന്‍ ഒരുങ്ങുന്നു.നേഴ്സിങ്ങ്‌ രംഗത്തെ വന്‍ തൊഴില്‍ സാധ്യത കണ്ട്‌ പുരുഷന്മാര്‍ വരെ അത്തരം കോഴ്സുകളിലേക്ക്‌ തിരിയുന്നു.ഐടി രംഗത്തുനിന്നും ആരോഗ്യരംഗത്തുനിന്നും തൊഴില്‍ചെയ്ത്‌ മലയാളിയയക്കുന്ന അമേരിക്കയില്‍ നിന്നുവരുന്ന ഡോളറുകള്‍ കൈപറ്റുന്നു.


മറ്റൊന്ന് ഔട്ട്‌ സോഴ്സിങ്ങും കോള്‍സെന്ററുകളുമാണ്‌.കേരളത്തിനു വന്‍ സാധ്യതയാണീരംഗത്തുള്ളത്‌ നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 5 വര്‍ഷം സമരത്തിനായും ഭരണംകിട്ടിയാല്‍ 5 വര്‍ഷം എതിര്‍ത്തതൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനും മാത്രം അറിയാവുന്ന കക്ഷികളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ മലയാളിക്കാവുന്നില്ല.ടെക്നോളജിയെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത രാഷ്ടീയക്കാര്‍ കേരളത്തില്‍ അനാവശ്യസമരങ്ങള്‍ നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു,നമ്മുടെ ചെറുപ്പക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ ചേക്കേറി അന്യായ വാടകയും കൊടുത്ത്‌ ഇതേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നു.അവരയക്കുന്ന കാശുകൊണ്ട്‌ സമരക്കാര്‍ ഉണ്ടുറങ്ങുന്നു.പ്രതികരിക്കേണ്ടത്‌ ഇവിടത്തെ ബോധമുള്ള പുതുതലമുറയാണ്‌ അവരുടെ ഭാവിയാണിത്തരക്കാര്‍ കുളംതോണ്ടുന്നത്‌.

ഇവിടെ സമരാഹ്വാനം ചെയ്യുന്നവരുടെമക്കള്‍ സ്വാശ്രയകോളേജില്‍ പഠിക്കുന്നു, ചിലര്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു.(അതു അവരുടെ വ്യക്തി സ്വാതന്ത്രം എന്ന് പറഞ്ഞേക്കാം, അപ്പോള്‍ നാട്ടുകാര്‍ക്കും ഇല്ലെ ഈ വ്യക്തി സ്വാതന്ത്രം) ഏകാദിപത്യപ്രവണതയെകുറിച്ച്‌ പറയുവാന്‍ ധാര്‍മ്മികമായി അവകാശമുള്ള ആളുകള്‍ തന്നെയാണോ ഈ സമരങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കുന്നത്‌. രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്താറില്ലല്ലോ അല്ലെ?

മലയാളിക്ക്‌ ടെക്നോളജിയും മറ്റും അമേരിക്കന്‍ ആയാല്‍ കൊള്ളാം.അമേരിക്കന്‍ നിര്‍മ്മിതം എന്ന് പറഞ്ഞാല്‍ മനം നിറഞ്ഞു,അമേരിക്കന്‍ ലാബില്‍ പ്രൂവ്‌ ചെയ്തത്‌,അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ എന്നൊക്കെ കേട്ടാല്‍ രോമാഞ്ചം വരും. ഒരുകാലത്തിവിടെ വന്‍ പ്രചാരം നേടിയിരുന്ന ഒരു സംഗതിയാണല്ലോ ആംവേ.ഇവരുടെ പ്രോഡക്ട്സ്‌ വിറ്റിരുന്നത്‌ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന ലേബലിലല്ലെ?പേസ്റ്റു മുതല്‍ പേന്‍ ഈരുന്ന ചീര്‍പ്പ്‌ വരെ!

മാധ്യമങ്ങളെ സമ്പന്തിച്ചേടത്തോളം അന്നന്നത്തേക്കുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നതാണ്‌ അവരുടെ അന്നന്നത്തേക്കുള്ള അരിക്കുള്ള വക.മാധ്യമങ്ങള്‍ ഇത്തരം കാട്ടിക്കൂട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ നിര്‍ത്തേണ്ടിയിരിക്കുന്നു.

അമേരിക്കക്ക്‌ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം അവര്‍ മറ്റുപലയിടങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരിക്കാം എന്ന് കരുതി പ്രതികരിക്കേണ്ടതിനു പ്രതികരിക്കാതെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ സങ്കുചിതതാല്‍പര്യാര്‍ഥം നടത്തുന്ന ചെയ്തികള്‍ക്ക്‌ പുറകെ നാമും കോപ്രായങ്ങള്‍ക്ക്‌ നിന്നുകൊടുക്കണോ?

മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ (ചില മന്ത്രിമാര്‍ അറിഞ്ഞില്ലാ എന്ന് പറയുന്നില്ല,മുഖ്യമന്ത്രി പറയുന്നത്‌ അദ്ദേഹം അറിഞ്ഞില്ലാന്നാണ്‌) എ.ഡി.ബി കരാര്‍ ഒപ്പിട്ടവര്‍ക്ക്‌ എന്ത്‌ ജനകീയതാല്‍പര്യമാണുള്ളത്‌. എന്ത്‌ സാമ്രാജ്യത്വ വിരുദ്ധനിലപാടാണുള്ളത്‌?

മറ്റൊന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോകുമ്പോ പൊക്കുമ്പോ ഓരോ കരാറില്‍ ഒപ്പുവേക്കുന്ന സ്ഥിതിയാണുള്ളത്‌.പാര്‍ലമെന്റില്‍ പരഞ്ഞതുപ്രകാരമല്ല അദ്ദേഹം ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട്‌ അത്‌ ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഇടതുകള്‍ക്ക്‌ കഴിയുന്നില്ല.യദാര്‍ഥത്തില്‍ ഇവരും ഇതില്‍ പങ്കാളികളാണ്‌. അകത്തുകൈപൊക്കി പുറത്ത്‌ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്‌ സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ....യില്ലായമയാണ്‌. ഇവരെയാണ്‌ യദാര്‍ഥത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ കാണേണ്ടത്‌.

ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട്‌ നമ്മുടെ സ്വാതന്ത്രം അവര്‍ക്ക്‌ അടിയറവെക്കണമെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാല്‍ വസ്തുനിഷ്ടമായി നോക്കിയാല്‍ മലയാളി ഒരിക്കലും അമേരിക്കന്‍ വിരുദ്ധചേരിയില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം അങ്ങനെ നടിക്കുന്നു എങ്കിലും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മുഖം മൂടിയണിയുവാന്‍ മലയാളികള്‍ക്ക്‌ ഒരു അഭിവാഞ്ചകൂടുതലാണ്‌.അതുകൊണ്ടുതന്നെയാണ്‌ ചന്ദ്രനില്‍ ചെന്നാലും ചായക്കടനടത്തുന്ന മലയാളിയെ കാണാമെന്ന് മറ്റുള്ളവര്‍ തമാശയായിപറയുന്നതും.