Thursday, January 04, 2007

മലയാളി അമേരിക്കന്‍ വിരുദ്ധനോ?

സദ്ദാമിന്റെ വധശിക്ഷയും അതുമായി ബന്ധപ്പെട്ട്‌ കേരളീയര്‍കാട്ടിക്കൂട്ടിയ "കോപ്രായങ്ങള്‍"ഉമാണീതരത്തിലൊരു ചിന്തക്ക്‌ പ്രേരകമായത്‌. എന്തിനായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇത്രവലിയ പ്രതിഷേധം? ആരെകാണിക്കാന്‍. ഇതേകുറിച്ച്‌ കിരണ്‍ തോമാസിന്റെ ബ്ലോഗ്ഗില്‍ ഇതിന്റെ ചര്‍ച്ച സജീവമായി മുന്നേറുന്നുന്നതിനാല്‍ പറയുന്നില്ല.

എന്റെ ചോദ്യം മറ്റൊന്നാണ്‌ യദാര്‍ഥത്തില്‍ മലയാളി അമേരിക്കന്‍ വിരുദ്ധനോ? അല്ലെന്നാണ്‌ ഈയുള്ളവന്റെ നിരീക്ഷണം. അമേരിക്ക എന്നത്‌ മലയാളിയുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗരാജ്യമാണ്‌.മകനോ മകളോ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരെ കല്യാണം കഴിക്കണം അല്ലെങ്കില്‍ അവരെ അമേരിക്കയില്‍ അയച്ചുപഠിപ്പിക്കണം ഒത്താല്‍ നാട്ടിലെ തെങ്ങും റബറും ഒക്കെ വല്ലവരെയും ഏല്‍പ്പിച്ചോ വിറ്റോ വയസ്സുകാലത്ത്‌ മക്കളുടെ കൂടെ അമേരിക്കയില്‍ താമസമാക്കണം.
ഇതൊക്കെയല്ലെ മലയാളിയുടെ സ്വപ്നങ്ങള്‍. ചികിത്സിക്കുവാന്‍ വിപ്ലവകാരിയും-ബൂര്‍ഷ്വാസിയും ഒരുപോലെ കക്ഷിവ്യത്യാസമില്ലതെ അമേരിക്കക്ക്‌ പറക്കുന്നു. ജോലിസാധ്യതകള്‍ തേടി പറക്കുന്നു/പറക്കാന്‍ ഒരുങ്ങുന്നു.നേഴ്സിങ്ങ്‌ രംഗത്തെ വന്‍ തൊഴില്‍ സാധ്യത കണ്ട്‌ പുരുഷന്മാര്‍ വരെ അത്തരം കോഴ്സുകളിലേക്ക്‌ തിരിയുന്നു.ഐടി രംഗത്തുനിന്നും ആരോഗ്യരംഗത്തുനിന്നും തൊഴില്‍ചെയ്ത്‌ മലയാളിയയക്കുന്ന അമേരിക്കയില്‍ നിന്നുവരുന്ന ഡോളറുകള്‍ കൈപറ്റുന്നു.


മറ്റൊന്ന് ഔട്ട്‌ സോഴ്സിങ്ങും കോള്‍സെന്ററുകളുമാണ്‌.കേരളത്തിനു വന്‍ സാധ്യതയാണീരംഗത്തുള്ളത്‌ നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 5 വര്‍ഷം സമരത്തിനായും ഭരണംകിട്ടിയാല്‍ 5 വര്‍ഷം എതിര്‍ത്തതൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനും മാത്രം അറിയാവുന്ന കക്ഷികളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ മലയാളിക്കാവുന്നില്ല.ടെക്നോളജിയെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത രാഷ്ടീയക്കാര്‍ കേരളത്തില്‍ അനാവശ്യസമരങ്ങള്‍ നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു,നമ്മുടെ ചെറുപ്പക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ ചേക്കേറി അന്യായ വാടകയും കൊടുത്ത്‌ ഇതേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നു.അവരയക്കുന്ന കാശുകൊണ്ട്‌ സമരക്കാര്‍ ഉണ്ടുറങ്ങുന്നു.പ്രതികരിക്കേണ്ടത്‌ ഇവിടത്തെ ബോധമുള്ള പുതുതലമുറയാണ്‌ അവരുടെ ഭാവിയാണിത്തരക്കാര്‍ കുളംതോണ്ടുന്നത്‌.

ഇവിടെ സമരാഹ്വാനം ചെയ്യുന്നവരുടെമക്കള്‍ സ്വാശ്രയകോളേജില്‍ പഠിക്കുന്നു, ചിലര്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു.(അതു അവരുടെ വ്യക്തി സ്വാതന്ത്രം എന്ന് പറഞ്ഞേക്കാം, അപ്പോള്‍ നാട്ടുകാര്‍ക്കും ഇല്ലെ ഈ വ്യക്തി സ്വാതന്ത്രം) ഏകാദിപത്യപ്രവണതയെകുറിച്ച്‌ പറയുവാന്‍ ധാര്‍മ്മികമായി അവകാശമുള്ള ആളുകള്‍ തന്നെയാണോ ഈ സമരങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കുന്നത്‌. രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്താറില്ലല്ലോ അല്ലെ?

മലയാളിക്ക്‌ ടെക്നോളജിയും മറ്റും അമേരിക്കന്‍ ആയാല്‍ കൊള്ളാം.അമേരിക്കന്‍ നിര്‍മ്മിതം എന്ന് പറഞ്ഞാല്‍ മനം നിറഞ്ഞു,അമേരിക്കന്‍ ലാബില്‍ പ്രൂവ്‌ ചെയ്തത്‌,അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ എന്നൊക്കെ കേട്ടാല്‍ രോമാഞ്ചം വരും. ഒരുകാലത്തിവിടെ വന്‍ പ്രചാരം നേടിയിരുന്ന ഒരു സംഗതിയാണല്ലോ ആംവേ.ഇവരുടെ പ്രോഡക്ട്സ്‌ വിറ്റിരുന്നത്‌ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന ലേബലിലല്ലെ?പേസ്റ്റു മുതല്‍ പേന്‍ ഈരുന്ന ചീര്‍പ്പ്‌ വരെ!

മാധ്യമങ്ങളെ സമ്പന്തിച്ചേടത്തോളം അന്നന്നത്തേക്കുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നതാണ്‌ അവരുടെ അന്നന്നത്തേക്കുള്ള അരിക്കുള്ള വക.മാധ്യമങ്ങള്‍ ഇത്തരം കാട്ടിക്കൂട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ നിര്‍ത്തേണ്ടിയിരിക്കുന്നു.

അമേരിക്കക്ക്‌ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം അവര്‍ മറ്റുപലയിടങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരിക്കാം എന്ന് കരുതി പ്രതികരിക്കേണ്ടതിനു പ്രതികരിക്കാതെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ സങ്കുചിതതാല്‍പര്യാര്‍ഥം നടത്തുന്ന ചെയ്തികള്‍ക്ക്‌ പുറകെ നാമും കോപ്രായങ്ങള്‍ക്ക്‌ നിന്നുകൊടുക്കണോ?

മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ (ചില മന്ത്രിമാര്‍ അറിഞ്ഞില്ലാ എന്ന് പറയുന്നില്ല,മുഖ്യമന്ത്രി പറയുന്നത്‌ അദ്ദേഹം അറിഞ്ഞില്ലാന്നാണ്‌) എ.ഡി.ബി കരാര്‍ ഒപ്പിട്ടവര്‍ക്ക്‌ എന്ത്‌ ജനകീയതാല്‍പര്യമാണുള്ളത്‌. എന്ത്‌ സാമ്രാജ്യത്വ വിരുദ്ധനിലപാടാണുള്ളത്‌?

മറ്റൊന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോകുമ്പോ പൊക്കുമ്പോ ഓരോ കരാറില്‍ ഒപ്പുവേക്കുന്ന സ്ഥിതിയാണുള്ളത്‌.പാര്‍ലമെന്റില്‍ പരഞ്ഞതുപ്രകാരമല്ല അദ്ദേഹം ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട്‌ അത്‌ ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഇടതുകള്‍ക്ക്‌ കഴിയുന്നില്ല.യദാര്‍ഥത്തില്‍ ഇവരും ഇതില്‍ പങ്കാളികളാണ്‌. അകത്തുകൈപൊക്കി പുറത്ത്‌ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്‌ സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ....യില്ലായമയാണ്‌. ഇവരെയാണ്‌ യദാര്‍ഥത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ കാണേണ്ടത്‌.

ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട്‌ നമ്മുടെ സ്വാതന്ത്രം അവര്‍ക്ക്‌ അടിയറവെക്കണമെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാല്‍ വസ്തുനിഷ്ടമായി നോക്കിയാല്‍ മലയാളി ഒരിക്കലും അമേരിക്കന്‍ വിരുദ്ധചേരിയില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം അങ്ങനെ നടിക്കുന്നു എങ്കിലും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മുഖം മൂടിയണിയുവാന്‍ മലയാളികള്‍ക്ക്‌ ഒരു അഭിവാഞ്ചകൂടുതലാണ്‌.അതുകൊണ്ടുതന്നെയാണ്‌ ചന്ദ്രനില്‍ ചെന്നാലും ചായക്കടനടത്തുന്ന മലയാളിയെ കാണാമെന്ന് മറ്റുള്ളവര്‍ തമാശയായിപറയുന്നതും.

9 comments:

s.kumar said...

മലയാളി അമേരിക്കന്‍ വിരുദ്ധനോ?

കെവിന്‍ & സിജി said...

കുമാറേ, അതാണു് വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം എന്നു പറയുന്നതു്. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥിതിയോടല്ല എതിര്‍പ്പു്, അവരുടെ സാമ്രാജ്യത്വനിലപാടുകളോടാണു്. ബ്ലേഡുകമ്പനികളില്‍ നിന്നു് ടൂവീലര്‍ വാങ്ങാന്‍ ലോണെടുക്കുകയും, തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ ബ്ലേഡുഗുണ്ടകളുടെ തല്ലു വാങ്ങുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്പത്തികമോഡല്‍ എത്രയോ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ കേരളം സ്വായത്തമാക്കിയിരിക്കുന്നു. ഈ സാമ്പത്തികക്രമത്തിനു് കേരളത്തിലെ കമ്മ്യൂണിസം ഒരിക്കലും എതിരു നിന്നിട്ടില്ല. അമേരിക്കന്‍ സാമ്പത്തികക്രമം കമ്മ്യൂണിസ്റ്റു ഭരിച്ച കേരളത്തില്‍ വളര്‍ത്തുകയും അതേ സമയം തെരുവുകളില്‍ അമേരിക്കന്‍ വിരുദ്ധമുദ്രാവാക്യം മുഴക്കുകയും ചെയ്യുക എന്ന വൈരുദ്ധമാണു് നാം ഇപ്പോള്‍ കാണുന്നതു്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, അങ്ങിനൊക്കെ തന്നെയേ ഇവിടെ നടക്കൂ, കാരണം, കേരളത്തില്‍ കമ്മ്യൂണിസം ഒരു സ്റ്റൈലുമാത്രമല്ലേ, അല്ലാതെ കമ്മ്യൂണിസം വരണമെന്നൊന്നും ആര്‍ക്കും ഇവിടെ ഒരാഗ്രഹവുമില്ലല്ലോ.

Anonymous said...

അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുക്കുക എന്നത്‌ ഇടതുപക്ഷത്തിണ്റ്റെ പ്രധാന ലക്ഷമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇടതുപക്ഷത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. നിങ്ങളേപ്പോലുള്ള പിന്തിരിപ്പന്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്നതല്ല ഇടതുപക്ഷ നശീകരണം. മനോരമ പോലുള്ള പത്രങ്ങള്‍ക്കൊപ്പം ഒരുകൂട്ടം ബ്ളോഗ്ഗര്‍മാരും ചേര്‍ന്നാല്‍ ഒന്നും തകര്‍ക്കാവുന്ന തല്ല ഇടതു കൂട്ടായ്മ. യുവജനങ്ങള്‍ ഇത്രയധികം ഉള്ള ഒരു പ്രസ്ഥാനം വേറേ എവിടെ ഉണ്ട്‌? നിങ്ങള്‍ സമയവും ഊര്‍ജ്ജവും പാഴാക്കാതെ വേറെ വല്ല നല്ല കാര്യങ്ങളും ചെയ്യുന്നതാണ്‌ ഉത്തമം.
കോട്ടയത്തേയോ ചങ്ങനാശ്ശേരിയിലേയോ ൧൦ പേറ്‍ അമേരിക്കയില്‍ നിന്നും അയക്കുന്ന പാങ്ങ്‌ കൊണ്ടല്ല കേരളം പുലരുന്നത്‌. അത്‌ കേരളത്തിലെ സാധാരണക്കാര്‍ അധ്വാനിച്ച്‌ ഉണ്ടാക്കുന്ന കാശിണ്റ്റെ നാലയലല്‍ത്തു വരില്ല കൂട്ടരെ!

കെവിന്‍ & സിജി said...

അനോണിയന്‍ പറഞ്ഞതു് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇടതുപക്ഷത്തെ നന്നാക്കാനിറങ്ങി തിരിച്ച ഇടതുപക്ഷപ്രവര്‍ത്തകരുടെ തന്നെ ഗതി ആര്‍ക്കും അറിയാത്തതൊന്നുമല്ലല്ലോ. പിന്നെ ഞാന്‍ ഇടതുപക്ഷത്തെ കുറിച്ചൊന്നും പറഞ്ഞില്ലെന്റെ അനോണിയാ. കമ്മ്യൂണിസത്തെകുറിച്ചുള്ള പ്രതീക്ഷകള്‍ കേരളത്തിലെ ഇടതുപക്ഷം തകര്‍ത്തെറിഞ്ഞുവെന്നു പക്ഷേ പറയാതിരിക്കാനും വയ്യ.
അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ ചെറുത്തു് ഇടതുപക്ഷം ഇവിടെ എന്താണു് നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നതെന്നതുകൂടി അനോണിയന്‍ വ്യക്തമാക്കിയാല്‍ കൊള്ളാം. അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ തെരുവുകളില്‍ ചെറുക്കുകയും, അതേ സമയം തന്നെ മുതലാളിത്ത വ്യവസ്ഥിതിയുടെ എല്ലാ ചക്കരക്കുടങ്ങളിലും കൈകളിട്ടു വെച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഇന്ത്യന്‍കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ഇരട്ടത്താപ്പുനയം, വാലേതൂങ്ങിനടക്കുന്ന യുവജനങ്ങള്‍ക്കു പോലും അറിയാത്തതായിരിക്കില്ല.

രാജു ഇരിങ്ങല്‍ said...

എസ്സ്. കുമാര്‍. തികച്ചും ചര്‍ച്ചാവിഷയമാകേണ്ടുന്ന ഒരു വിഷയം തന്നെയാണ് താങ്കള്‍ തിരഞ്ഞെടുത്തത്. താങ്കളുടെ വാദവും വളരെ ശരിയണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

കേരളത്തിലെ ഇടതു പക്ഷം അല്ലെങ്കില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉദ്ദേശം പിടിച്ചു നില്‍പ്പ് മാത്രമാണെന്ന് എന്നേ മനസ്സിലായിതുടങ്ങിയതാണ്.

കെ. വി പറഞ്ഞതു പോലെ വൈരുദ്ധ്യാതിഷ്ഠിത ഭൌതീക വാദം.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ നിന്ന് എതിരിക്കുകയും അത് തങ്ങളുടെ പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ച് കൈയ്യടി നേടുക എന്നതിലപ്പുറം ക്രീയാത്മകമായി ഒരു കാര്യവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്യുന്നില്ല.
ഉണ്ട് എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍
എന്തു കൊണ്ട് ആണവ കരാറില്‍ മൃദുസമീപനം സ്വീകരിച്ചു??
എന്തു കൊണ്ട് സാമ്രാജ്യത്വ നിലപാടുകള്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ ഗവണ്‍മെന്‍റിനെ കടിഞ്ഞാണിടാന്‍ ഇടതു പക്ഷത്തിന് കഴിയുന്നില്ല??

ഇന്ത്യന്‍ ഭാരണ നേതൃത്വത്തെ പിടിച്ചു നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സദ്ദാം വധത്തെ ഹര്‍ത്താലുകള്‍ കൊണ്ട് എതിര്‍ക്കുന്നതിന് പകരം എന്തു കൊണ്ട് ശക്തമായ ഒരു പ്രതിഷേധം അറിയിക്കുവാനും ഇന്ത്യന്‍ ഗവണ്മെന്‍ റിനെ കൊണ്ട് പ്രസ്താ‍വന പുറപ്പെടുവിക്കാന്‍ തയ്യാറായില്ല?

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് ഒട്ടനവധി കാതങ്ങള്‍ അകലേക്ക് പോയിക്കഴിഞ്ഞു. ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പേരിനൊപ്പം ചുമന്നു കൊണ്ടു നടക്കുന്ന തലപ്പാവ് മാത്രമായിരിക്കുന്നു കമ്മ്യൂണിസം.

ഉദാഹരണങ്ങള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പ്രസ്ഥാന ത്തിന്‍റെ അപചയങ്ങളിലൂടെ എടുത്തു കാട്ടുവാന്‍ സാധിക്കും.
വിഭാഗീയതയും തൊഴുത്തില്‍ കുത്തും കുതികാല്‍ വെട്ടും മാഫീയ സംസ്കാരവും ഇന്ന് കേരളത്തിലെയും അതുപോലെ ഇന്ത്യയിലെയും മാര്‍ക്സിസ്റ്റ്- കമ്മ്യൂണിസ്റ്റ് പ്രസ്ഥനങ്ങളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.
1. 20 വര്‍ഷം മുമ്പ് പേരിനെങ്കിലും ജനങ്ങള്‍ക്ക് വേണ്ടിയാണ് മാര്‍ക്സിസ്റ്റ് കാര്‍ എന്നൊരു ചിന്ത ജനങ്ങളിലും ഒപ്പം പ്രവര്‍ത്തകരിലും നേതാക്കന്‍ മാരിലും ഉണ്ടായിരുന്നു. അവര്‍ ഉണ്ടതും ഉറങ്ങിയതും വീണതും വീഴ്ത്തിയതും ജനങ്ങള്‍ക്ക് വേണ്ടിത്തന്നെയായിരുന്നു. സമരങ്ങള്‍ പ്രത്യക്ഷത്തിലെങ്കിലും ജനോപകാരപ്രദമായിരുന്നു. അതു കൊണ്ടു തന്നെ അടിത്തട്ടില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കായി എന്നു പറയാം. എന്നാല്‍
പ്രത്യക്ഷത്തില്‍ എന്താണ് സംഭവിച്ചത് ഉദാഹരണം കണ്ണൂരില്‍ നടന്ന ഒരു സംഭവം പറയാം.

അന്ന് കല്ല് വെട്ടല്‍ (വീടു പണിയുന്ന കല്ല്) മഴുകൊണ്ട് മനുഷ്യ അധ്വാനം കൊണ്ടായിരുന്നു. 90 കളിലാണെന്ന് എന്‍റെ ഓര്‍മ്മ മെഷിന്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന കല്ല് വെട്ടല്‍ യന്ത്രം വന്നു. സഖാക്കള്‍ സമരത്തിനിറങ്ങി. ക്വാറകളില്‍ , കല്ല് വെട്ടല്‍ കേന്ദ്രങ്ങളില്‍ കുത്തിയിരിപ്പ് സത്യാഗ്രഹവും ജാഥകളും അരങ്ങേറി. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ പിണറായി വിജയന്‍ അന്ന് കണ്ണൂര്‍ ജില്ല സിക്രട്ടറി. അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗം.
അദ്ദേഹത്തിന്‍റെ വീട് പണി നടക്കുന്ന സമയം. മെഷിന്‍ കല്ല് നിരോധിക്കണമെന്ന് സത്യാഗ്രഹം നടക്കുന്ന സമയം പിണറായിയുടെ മാളിക കെട്ടിയത് മെഷിന്‍ കല്ല് ഉപയോഗിച്ച്. ചില പ്രവര്‍ത്തകരെങ്കിലും ചോദ്യം ചെയ്തു. വെട്ടി നിരത്തലുകള്‍ കൊണ്ട്, നോട്ടീസ് കൊണ്ട് വായടപ്പിച്ചു അവരുടെ. ഇതാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍ റെ ഇരട്ടത്താപ്പിന്‍റെ ഒരു മുഖം.
ഇതിനെ വൈരുദ്ധ്യാധിഷ്ഠിത ഭൌതീകവാദം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റുമൊ?

2. സ്വാശ്രയ കോളജു കള്‍ക്ക് എതിരായ സമരം നടക്കുന്ന സമയം കോടിയേരിയുടെ മകന്‍, എം. എ. ബേബിയുടെ മകന്‍ പഠിച്ചിരുന്നത് സ്വാശ്രയ കോളജില്‍.
അങ്ങിനെ ഒട്ടനവധി ഉദാഹരണങ്ങള്‍ കൊണ്ട് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും നേതാക്കളും ആശയപരമായി അകന്നു കഴിഞ്ഞിരിക്കുന്നു.
സാമ്രാജ്യത്വ മനോഭാവം പുലര്‍ത്തുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബൂര്‍ഷ്യകളായി അധ:പതിക്കുകയും നാടകങ്ങള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.

അനോണിയുടെ കമന്‍റ്
“ കോട്ടയത്തേയോ ചങ്ങനാശ്ശേരിയിലേയോ ൧൦ പേറ്‍ അമേരിക്കയില്‍ നിന്നും അയക്കുന്ന പാങ്ങ്‌ കൊണ്ടല്ല കേരളം പുലരുന്നത്‌“.

സത്യത്തില്‍ കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ ചെയ്യുന്നത്? പ്രവാസിമലയാളികളുടെ പണം കൊണ്ടു തന്നെയാണ് കേരളം പുലരുന്നത്. അതില്‍ കോട്ടയത്തെയും ചങ്ങനാശ്ശേരിയിലെയും ഡോളറിന്‍ ഒരുപരിധി വരെ സ്വാധീനവും ഉണ്ട്. എന്നാല്‍ കേരളത്തിലെ 70% വരുന്ന അഭ്യസ്തവിദ്യരിലും അമേരിക്ക ഒരു സ്വപ്നമാണ്. അവിടെ എത്തിപ്പെടാന്‍ കഴിയാത്തതില്‍ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നു പറയുന്നതു പോലെയേ തോന്നുന്നുള്ളു.

കേരളത്തിലെ കാമ്പസുകളിലും തെരുവുകളിലും അമേരിക്കന്‍ വിരുദ്ധ പ്രസ്താവന ഇറക്കുകയും പാവപ്പെട്ടവനെക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും പിന്‍ വാതിലില്‍ കൂടി വിഭാഗീയതയും അധികാര കസേരയും ഉന്നം വയ്ക്കുന്ന ഇന്ത്യന്‍ കമ്മ്യൂനിസ്റ്റ് സിദ്ധാന്തമായി മാറിയിരിക്കുന്ന്നു.

അനോണി ചോദിക്കുന്നു ‘ഇത്രയേറെ അംഗങ്ങളുള്ള വേറെ ഏത് പ്രസ്ഥാനം ഉണ്ട് എന്ന്.

10-15 കൊല്ലം മുമ്പുണ്ടായിരുന്ന വളര്‍ച്ചാ നിരക്ക് എടുത്തു പരിശോധിച്ചാ‍ല്‍ അനോണിക്ക് മനസ്സിലാകും എത്ര മാത്രം ഇടതു പക്ഷം പുരോഗമിച്ചിടുണ്ടെന്ന്.

ഇന്നത്തെ ഏത് കുട്ടി സ്ഖാവിനാണ് ഇന്ത്യന്‍ ജനസമൂഹത്തെ ക്കുറിച്ച് ബോധമുള്ളത്? അവന്‍ ആകെ ബോധമുള്ളത് മുതലാളിത്തത്തിന്‍റെ ഭാഗമായി മാറിയ പാര്‍ട്ടി നേതാക്കന്‍ മാര്‍ മാത്രമായിരിക്കുന്നു.

എന്‍റെ കുട്ടിക്കാലത്ത് നാട്ടില്‍ ഒരു പാര്‍ട്ടി മെമ്പര്‍ എന്നു പറഞ്ഞാല്‍ ആ നാട്ടില്‍ ആളുകള്‍ ബഹുമാനിക്കുന്ന, ഏത് പ്രശ്നത്തിലും തീര്‍പ്പുകല്പിക്കുന്ന സകല ഗുണ സമ്പന്നനായ വ്യക്തി ആയിരിക്കും. എന്നാല്‍ ഇന്നൊ?
വഴിയെ പോകുന്ന ആര്‍ക്കും വിളിച്ചു കൊടുക്കുന്ന വെറുമൊരു ‘അംഗത്വം’ മാത്രമായി അധ്:പതിച്ചിരിക്കുന്നു ഇടതു പക്ഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും.

എവിടെയാണ് ഇന്ന് പാര്‍ട്ടി ക്ലാസ്സുകള്‍ മുറതെറ്റാതെ നടക്കുന്നത്?? എവിടെയാണ് ഇന്ന് കേഡര്‍പാര്‍ട്ടിയുടെ ഒതുക്കം കാണാന്‍ സാധിക്കുന്നത്?

കേരളത്തിലെ ഇടതുപക്ഷത്തിന് ഇന്ന് പ്രീയം അധികാരവും പണവും മാത്രമായിരിക്കുന്നു.
ഏറ്റവും ഒടുവിലത്ത്തെ ഉദാഹരണം
1. എ. ഡി. ബി കരാര്‍
2. ‘ റിയാന്‍ സ്റ്റുഡിയൊ സംഭവം’
2. ബച്ചു റഹ് മാന്‍ സംഭവം
ഇതിനൊക്കെ പുറമെ ഇന്ത്യയ്ക്ക് സ്വാതന്ത്യം ഇനിയും കിട്ടിയിട്ടില്ലെന്‍ കഴിഞ്ഞ കുറച്ചു വര്‍ഷം വരെ പറഞ്ഞ് മനുഷ്യ ചങ്ങലയും മനുഷ്യ ക്കോട്ടയും തീര്‍ത്തവര്‍ ഇന്ന് സ്വാത ന്ത്ര സമര സഖാക്കള്‍ എന്ന പേരി ഒരു ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നു സെന്‍ ട്രല്‍ ജയിലിന് പുറത്ത്.

കയ്യൂര്‍ രക്തസാക്ഷികളെ ഓര്‍മ്മിക്കാന്‍!!!!!
ഇന്ന് രക്ത സാക്ഷികളെ ഓര്‍മ്മിക്കാന്‍ ഇടതു പക്ഷത്തിന് മുതലാളിത്തത്തിന്‍റെ ഗിമ്മിക്കുകള്‍ വേണ്ടി വന്നിരിക്കുന്നു.

ഗവണ്‍ മെന്‍ റ് മീറ്റിങ്ങുകളില്‍ കുടിക്കാന്‍ മുതലാളിത്തത്തിന്‍റെ ഉല്പന്നം മിനറല്‍ വാട്ടര്‍ തന്നെ വേണ്ടി വന്നിരിക്കുന്നു.

മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ കോടികള്‍ മതിയാകാതെ വരുന്നു.

പ്രീയപ്പെട്ട അനോണീ താങ്കളും ഭൂരിപക്ഷ അംഗങ്ങളുള്ള പാര്‍ട്ടി നേതാക്കളും മത്സരിക്കുന്നത് ജനങ്ങളെ നന്നാക്കാന്‍ വേണ്ടിയൊ ജനങ്ങളെ പ്രൌഡി കാ‍ണിച്ച് മിടുക്കു കാട്ടാന്‍ വേണ്ടിയൊ??

(അടുക്കും ചിട്ടയോടെ എഴുതാന്‍ പറ്റിയില്ല. ഓഫീസില്‍ തിരക്കിലായതിനാലാണ്. എന്നാലും കമന്‍ റാതെ പോകുന്നത് ശരിയല്ലല്ലോന്ന് കരുതി മാത്രം)

s.kumar said...

രാജു പ്രൗഢമായിരിക്കുന്നു താങ്കളുടെ കമന്റ്‌. അനോണി വിപ്ലവപ്രസ്ഥാനം ജനകീയമുന്നേറ്റം തുടങ്ങിയ മിഥ്യയില്‍ കഴിയുന്ന അല്ലെങ്കില്‍ പാര്‍ട്ടിയുടെ / പക്ഷത്തിന്റെ ഒരു കേവല ചട്ടുകം ആയിരിക്കാം. ഇന്നും മക്കള്‍ക്ക്‌ കെന്റക്കിയും കോളയും വാങ്ങി നല്‍കി ഇടതുപക്ഷക്കരന്‍ പുരോഗമനവാദി തുടങ്ങിയ ജാഡകാണിക്കുന്ന ഒത്തിരി ആളുകളെ നാം കാണാറുണ്ടല്ലോ?ഈ വിഭാഗം എല്ലായ്പ്പോഴും വിളിച്ച്‌ പറയുന്ന സാമ്രാജ്യത്വ വിരുദ്ധം മതേതരത്വം എന്നൊന്നും പ്രായോഗിക മായികാണിക്കുവാന്‍ ഇവര്‍ക്കായിട്ടില്ല.

സ്ത്രീധനം വാങ്ങാതെ എത്രപുരോഗമനവാദികള്‍ വിവാഹം കഴിക്കുന്നുണ്ട്‌. എത്രമാത്രം മിശ്രവിവാഹം നടക്കുന്നുണ്ട്‌ ഇവര്‍ക്കിടയില്‍? ചുമ്മാ ആളാകാനും പിന്നെ ചില സംഘടനകളുടേയും സാംസ്കാരിക കൂട്ടായ്മയുടെയും പേരില്‍ മേനിനടിക്കുവാനും തരപ്പെട്ടാല്‍ വല്ലതും പോക്കറ്റിലാക്കാനും മാത്രം ഉള്ള ഒരു മറ.

കെവിന്‍ താങ്കളുടെ കമന്റിനു പലരും പലയിടത്തും പറഞ്ഞ മറുപടി തന്നെ ഇവിടെ കുറിക്കട്ടെ.

പാര്‍ളിമെന്റിന്റെ സുഖശീതളിമയില്‍ കോണ്‍ഗ്രസ്സ്‌ നയങ്ങളെ ഇരുകയ്യും പൊക്കി സ്വീകരിക്കുക. പുറത്ത്‌ ശക്തമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തിക്കൊണ്ട്‌ നടത്തും എന്ന് മാധ്യമങ്ങള്‍ക്കുമുപില്‍ പ്രസംഗിക്കുക. ഒരു വിധ്വാന്‍ 11 ദിവസം പാര്‍ലിമെന്റില്‍ പോയി 10 ലക്ഷം വാങ്ങിയില്ലെ. ഇയ്യാളും ഇടതന്‍ തന്നെ!

നന്ദു said...

കുമാറ്, പണ്ടു മുതലേ ഒരു അമേരിക്കന്‍ വൈരം(ബൂറ്ഷ്വാ) മനസ്സില്‍ കൊന്റു നടക്കുന്നതു കൊണ്ടാണ്‍ അവറ് അങ്ങനെ പുലമ്പുന്നതു. ഇനി യതു മാറ്റിപ്പറയാന്‍ അവറ്ക്കൊരു മടി. അത്രേയുള്ളു.

അനോണീ, ഇതു ഭീരുത്വമാണ്‍. പറയാനുള്ളതു അന്ത്സ്സോടെ സ്വന്തം വ്യക്തിത്വത്തോടെ പറയൂ ഒളിച്ചിരുന്നു പറയുന്നത് ഒരു ഇടതു ചിന്താഗതിക്കാരനു ചേര്‍ന്നതല്ല. ഞാന്‍ സ്കൂള്‍ തലം മുതലെ എസ്.എഫ്. ഐ പ്രവറ്ത്തകനായിരുന്നു. 82-85 ല്‍ തിരുവനന്തപുരം ഗവ. ആ‍റ്ട്ട്സ് കോളേജില്‍ എസ്.എഫ്. ഐ ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. താങ്കള്‍ മാര്‍ക്സിസ്റ്റ് കാരനാണെങ്കില്‍ സഖാവ് സമ്പത്തിനോട് തിരക്കിയാല്‍ ഇതു നേരിട്ടറിയാം. എന്നു കരുതി ഇപ്പോള്‍ കേരളത്തിലെ കമ്മ്യുണിസ്റ്റ്കാര്‍ കാണിക്കുന്നതെന്തും ശരി വച്ചു തരാന്‍ ബുദ്ധിമുട്ടൂണ്ട്. കൈരളിയില്‍ കൊക്കക്കോള പരസ്യം വരുന്നതിനെപറ്റി ശക്തിയുക്തം ഞാന്‍ എതിര്‍ത്തിട്ടുണ്ട്. ബ്ലോഗ്ഗിലൂടെയും ഇവിടെ(സൌദി)യുള്ള പത്രത്തിലൂടെയും. ഈ കാര്യം സഖാവ് സമ്പത്തിനെ (പഴയ സുഹൃദ്ബന്ധം കൊണ്ട്) അറിയിക്കുകയും ചെയ്തിരുന്നു. എസ്. എഫ്. ഐ യുടെ ശക്തനായ നേതാവായിരുന്നു അന്നു ചൈനാ സുനില്‍ ഞങ്ങളുടെ കാല്ഘട്ടത്തില്‍ ഒടുവില്‍ സ്പിരിറ്റ് കേസില്‍ വരെ കുടുങ്ങിയില്ലെ എവിടെപ്പൊയി ആദറ്ശം?.

ബ്ലോഗ്ഗിലെഴുതുന്നതു നിങ്ങളെപ്പോലുള്ളവര്‍ വായിച്ച്ചു നാടു നന്നാക്കുമെന്നു കരുതിയുമല്ല്.
ബ്ലോഗ്ഗിലെഴുതാന്‍ ഒരു മനോരമയുടേയും കൂട്ടും വേണ്ട. തെറ്റു മനോരമയാണ്‍ ചെയ്യുന്നതെങ്കില്‍ അതും ബ്ലോഗ്ഗിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമ്പത്തിക നില ബാലന്‍സ് ചെയ്യുന്നതു അമേരിക്കക്കാരും കൂടെ ചേര്‍ന്ന പ്രവാസി വറ്ഗ്ഗം തന്നെയാണു. നിങ്ങള്‍ കൂടി “താങ്ങുന്ന” കേന്ദ്ര മന്ത്രിസഭയുടെ പ്രധാന മന്ത്രി ശ്രീ മന്മോഹന്‍ സിങ് ഇന്നലെ (08/01/2007) ഭാരതീയ പ്രവസി ദിവസില്‍ ചെയ്ത പ്രസംഗം ഇന്നത്തെ പത്രങ്ങള്‍ റിപ്പൊറ്ട്ട് ചെയ്തിട്ടുണ്ട്. സഖാവ് കക്ഷത്തെ ഡയറി തല്‍ക്കാലം താഴെ വച്ചിട്ട് ദയവായി ആ റിപ്പോറ്ട്ടുകള്‍ കൂടെ ഒന്നു വായിക്കുക!

ഞങ്ങള്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെ വിലയില്‍ മദിച്ചു നടക്കുന്ന താങ്കളെപ്പോലുള്ള സഖാക്കള്‍ക്ക് അതു മനസ്സിലാവില്ല. കേരളത്തിന്റെ സാമ്പത്തിക നില നേരെ നില്‍ക്കണമെങ്കില്‍ അമേരിക്കയിലും ഗള്‍ഫിലും കാനഡയിലും ആസ്ത്രേലിയയില്‍ നിന്നൊക്കെ പണം എത്തണം. ഇല്ലെങ്കില്‍ കാണാം.

വിനയന്‍ said...

കുമാര്‍ജി
ഞാന്‍ ഒരു അമേരിക്കന്‍ സപ്പോട്ടറല്ലേങ്കിലും താങ്കളുടെ കണ്ടെത്തലുകള്‍ വളാരെ ശരിയാണ്.പിന്നെ ഇടതുപക്ഷത്തിന്റെ കാര്യം സത്യം പറഞ്ഞാല്‍ :- “ അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കു തന്നെ അറിയില്ല “ .....വിട്ടേര്.പണ്ട് ആനയുള്‍ലതു കൊണ്ട് ആ തഴമ്പുമായി പാവങ്ങള്‍...മൈക്കിന്റെ സ്റ്റീല്‍ കമ്പി പിടിച്ച് ബലം പിടിക്കാന്‍ മാത്രമായി കുറെ പാവം സഖാക്കള്‍, അത്രേ ഉള്ളൂ......

വിനയന്‍ said...

അയ്യോ സോറി കുമാര്‍ജി, ഞാന്ന് ഒരു കമന്റിട്ട് കഴിഞ്ഞപ്പോഴാണ് ഒരു അനോണി ചേട്ടന്റെ കമന്റ് കണ്ടത് എനിക്ക് അദ്ദേഹത്തിന് ഒരുമ്മ കൊടുക്കാന്‍ തോന്നി.അത് കൊണ്ട് ഒരു കമന്റ് കൂടി ഇടാതെ പറ്റില്ല.

അനോണീ മൈക്ക് മുറുക്കി പിടിച്ചോളൂ.അണ്ണാക്കിലേക്ക് ഞോട്ടാന്‍ മൈക്ക് തരും.പ്രവാസികള്‍ ഇല്ലെങ്കില്‍ പിന്നെ ആരാണനിയാ പിന്നെ പച്ചരി വാങ്ങാന്‍ കാശ് തരുന്നത്.

ഏതായാലും ഇടതു കൂട്ടായ്മ തകറ്ക്കേണ്ട.ഇനി ഇട്ടു കൊടുക്കുന്ന എല്ലാ ഒപ്പിനും സിന്ദാബാദ് വിളിച്ചോളൂ.പ്രത്യേക സാമ്പത്തിക മേഖലക്കും,അത് എതിര്‍ക്കുന്നവരെ വെടി വെച്ചു കൊല്ലുകയ്ം ചെയ്തോളൂ. കാര്യങ്ങള്‍ ഒന്നു കൊഴുക്കട്ടെ.ചെങ്കൊടി പാറട്ടെ.