Friday, April 27, 2007

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.

അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്‌,നെയ്തലക്കാവ്‌,കാരമുക്ക്‌,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട്‌ ഏതാണ്ട്‌ നാലേമുക്കാലിനാണ്‌ ആന ഓടിയത്‌. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്‌.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ്‌ ആന ഓടിയിരുന്നത്‌.(ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച്‌ പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട്‌ ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച്‌ പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത്‌ നിയന്ത്രിക്കുവാന്‍ കഴിയാത്തത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്‌.ഇവിടേയും ഇതു തന്നെയാണ്‌ നടന്നിരുന്നത്‌.


ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ്‌ വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്‌.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത്‌ പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട്‌ ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.


"ഇതിലെന്തോ തരികിടയുണ്ട്‌ അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ്‌ പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്‌.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)

2 comments:

Anonymous said...

tell how you done the post immediately after the incident, is your home is near to the temple, or using mobile blogs

G.MANU said...

shocking!, if the elephant incident is pre-planned.!