Friday, April 06, 2007

പൂരം കലക്കികള്‍ തോറ്റു

തൃശ്ശൂര്‍ക്കാരുടേ രക്തത്തില്‍ അലിഞ്ഞതാണ്‌ വടക്കുന്നാഥന്റെ സന്നിധിയില്‍ നടക്കുന്ന 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരം.ലോകത്തിന്റെ ഏതുകോണിലായാലും അവന്റെ മനസ്സില്‍ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം നിമിഷനേരം കൊണ്ട്‌ നിറയും.ഉത്സവം അലങ്കോലമാക്കുന്നവരെ നാടന്‍ ഭാഷയില്‍ പൂരംകലക്കികള്‍ എന്നുതന്നെയാണ്‌പറയുക.

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരവും ഭൂമിയിലെ ദേവസംഗമം എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴപൂരവും എല്ലാം ഇത്തവണനടക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍.ഒരിക്കലെങ്കിലും ഇലഞ്ഞിത്തറമേളം ആസ്വദിച്ചിട്ടുള്‍ലവര്‍ അതിന്റെ ലഹരിയില്‍ ഭ്രമിച്ചുപോയിട്ടുള്ളവര്‍ വീണ്ടും അടുത്തവര്‍ഷം ആ ദിവസത്തിനായി കാത്തിരിക്കും.എന്നാല്‍ പൊതുതാല്‍പര്യാര്‍ഥം എന്ന പേരില്‍ ചില പൂരം കലക്കികള്‍ തൃശ്ശൂര്‍പൂരത്തിനെതിരെ കോടതികയറുകയുണ്ടായല്ലോ? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തവ്‌ തുണച്ചതുകൊണ്ട്‌ ഇത്തവണയും തൃശ്ശൂര്‍പൂരം ഉണ്ടാകും.

ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല തൃശ്ശൂര്‍പൂരംവും അനുഭന്ധിച്ചുള്ള വെടിക്കെട്ടും എങ്ങനെയെങ്കിലും ഒന്നു നിര്‍ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍. വെടിക്കെട്ടപകടം ഉണ്ടായി എന്നപേരില്‍ ഇന്ത്യാമഹാരാജത്ത്‌ വെടിമരുന്നു നിരോധിച്ചിട്ടില്ല എന്നത്‌ നാം മറന്നുകൂട.അപ്പോള്‍ പൂരം ഇല്ലാതായാല്‍ സാംസ്കാരിക തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവം നിര്‍ത്തുവാന്‍ കഴിയും എന്ന ചേതോവികാരം ആയിരിക്കാം ഇതിന്റെ പിന്നില്‍.ഇതുകേവലം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എല്ലാവിഭാഗവും കൊണ്ടാടുന്നു ഈ പൂരം.(ചില മന്ദബുദ്ധികള്‍ ഉത്സവത്തിനെതിരാണെന്ന് മനസ്സിലാക്കുന്നു.അതു സങ്കുചിതമായ ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്‌.ബുദ്ധി പണയം വെച്ച അക്കൂട്ടരെ ഒറ്റപ്പെടുത്താതെ നിലനിര്‍ത്തുന്നത്‌ നാളെ വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതില്‍ സംശയമില്ല)

മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ആകാശത്തെ അഗ്നിവര്‍ഷവും ഇല്ലാതെ എന്തോന്ന് തൃശ്ശൂര്‍പൂരം? അനുകൂലമായ കോടതിവിധിവന്നതോടെ തൃശ്ശൂര്‍ക്കാര്‍ക്ക്‌ അതു പൂരദിവസത്തേക്കാള്‍ സന്തോഷം ഉള്ള ദിവസമായിമാറി.ഒരുപൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്‌ ഓരോതൃശ്ശൂര്‍ക്കാരനും. ഇതിനിടയില്‍ ചില അരസികന്മാര്‍ ഷൈഞ്ചെയ്യുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ആളുകള്‍ക്ക്‌ അമര്‍ഷം തോന്നുക സ്വാഭാവികം.ഹൈന്തവ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇത്തരം ഉടക്കുണ്ടാക്കിയാലും ആരും ചോദിക്കില്ല എന്ന് ഉറപ്പിന്മേല്‍ ഉള്ള ചില കാര്യങ്ങള്‍ അത്രതന്നെ.ആറാട്ടുപുഴപൂരം ഭംഗിയായി തന്നെ നടന്നു.ഗംഭീര വെടിക്കെട്ടോടുകൂടിതന്നെ.നിരവധി ഗജകേസരികളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ആ ഉത്സവം കണ്ടവരാരും അതു നിര്‍ത്തുവാന്‍ ആവശ്യപ്പെടില്ല.

സാങ്കേതികമായ നൂലാമാലകള്‍മൂലം പൂരം ഉണ്ടാകില്ല എന്ന ആശങ്കപരന്നപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്‌.എന്നാല്‍ അനുകൂലമായ വിധിവന്നതോടെ അവര്‍ അതു ആഘോഷിക്കുകയും ചെയ്തു. ഇനി 27 ആം തിയതിവരെ കാത്തിരിപ്പ്‌.അതിനിടയില്‍ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍.ഇരുപക്ഷത്തുമായി അണിനിരക്കുന്ന ഗജവീരന്മാരെകുറിച്ചുള്ള ചര്‍ച്ചകള്‍ കുടമാറ്റത്തിന്റെയും ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടിന്റെ വര്‍ണ്ണപ്രഭയെകുറിച്ചുള്ള സ്വപ്നങ്ങള്‍.

ഏപ്രില്‍ 27നു വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം വടക്കുന്നാഥന്റെ മുന്നില്‍ നടക്കുമ്പോള്‍ നമ്മള്‍ക്ക്‌ പൂരം കലക്കാന്‍ശ്രമിച്ച്‌ പരാജയപ്പെട്ടവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഉത്സവത്തിനു അനുമതിനല്‍കിയ കോടതിക്കും അതുപോലെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക്‌ മങ്ങലേല്‍ക്കാതെ നടക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയില്‍ വാദിച്ച വക്കീല്‍മാര്‍ക്കു നന്ദിപറയുന്നു.

2 comments:

paarppidam said...

ഈവര്‍ഷവും ത്രിശ്ശൂര്‍ പൂരം ഭംഗിയായി നടത്തുവാന്‍ കോടതി സമ്മതിച്ചു. പുറ്റിയപോസ്റ്റ്‌...

paarppidam said...

ഈവര്‍ഷവും ത്രിശ്ശൂര്‍ പൂരം ഭംഗിയായി നടത്തുവാന്‍ കോടതി സമ്മതിച്ചു. പുറ്റിയപോസ്റ്റ്‌...