Wednesday, May 13, 2009

തിരഞ്ഞെടുപ്പ്‌ ഫലവും പ്രവചനക്കാരും.

പണ്ടൊരു പണിക്കർ പ്രസവത്തിനു മുമ്പെ രാശിവെച്ചുപറഞ്ഞൂത്രെ. കുട്ടി ആണാവും ഉറപ്പാ..ആ പിന്നെ ഈ കടലാസ്‌ ഉത്തരത്തിൽ വെക്കുക.എന്നിട്ട്‌ പ്രസവശേഷം തുറന്നുനോക്കുക.വീട്ടുകാർ അതുപ്രകാരം ചെയ്തു.പ്രസവിച്ചപ്പോൾ കുട്ടി പെൺകുഞ്ഞ്‌.കാരണവർ പണിക്കരെ വിളിച്ച്‌ കാര്യം തിരക്കി.
"ദാ ആ ഉത്തരത്തിൽ വെച്ച കടലാസ്‌ എടുത്ത്‌ വായിച്ചുനോക്ക. എനിക്ക്‌ അപ്പോളേ അറിയാമായിരുന്നു പെൺകുട്ടിയാവുന്ന്. പിന്നെനിങ്ങൾ ടെൻഷൻ അടിക്കണ്ടാന്ന് കരുതീട്ടാ അന്നേരം പറയാതിരുന്നേന്ന്..."

തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ അതിന്റെ ഭാഗമായി ആരുജയിക്കും തോൽക്കും എന്നൊക്കെ സാധാരണക്കാർ പരസ്പരം പറയുകയും പന്തയം വെക്കുകയും പതിവാണ്‌. എന്നാൽ അൽഭുതസിദ്ധികൾ ഉള്ളതെന്ന് തോന്നിപ്പിക്കുന്ന ചില വിദ്വാന്മാരുടെ പ്രവചനങ്ങൾ ഫലം വന്നതിനു മുമ്പ്‌ പുറത്തുവരാറില്ല.ഫലം വന്നതിനു ശേഷം ബാബ,അമ്മ,സിദ്ധൻ തുടങ്ങിപല പദങ്ങളിൽ അറിയപ്പെടുന്ന "ആൾദൈവങ്ങൾ"ഉം പിന്നെ ജ്യോതിശാസ്ത്ര വിദഗ്ദന്മാരും അല്ലെങ്കിൽ അവരുടെ ശിഷ്യന്മാർ രംഗത്തുവരാറുണ്ട്‌.നമ്മുടെ നാട്ടിലെ ഏതു മുക്കിലും മൂലയിലും വരെ ഇപ്പോൾ മാധ്യമങ്ങളുടെ പ്രതിനിധികൾ ക്യാമറയുമായി നടക്കുന്നുണ്ട്‌ അതുകൊണ്ട്‌ ഇത്തരം വല്ല പ്രവചനങ്ങളും ഈ വഹ ആളുകൾ നടത്തിയിട്ടുണ്ടെങ്കിൽ ദയവായി അതു മാധ്യമങ്ങളിൽ ഇപ്പോൾ പ്രസിദ്ധീകരിക്കുക.ഇതൊരു വെല്ലുവിളിയാണെന്ന് കൂട്ടിയാലും തരക്കേടില്ല.

തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം അത്‌ അപ്പോളേ പറഞ്ഞിരുന്നൂ എന്ന് പറയുന്നവരെ ചെരിപ്പെറിയുവാൻ ആളുകൾ തയ്യാറാകണം.ഇമ്മാതിരി ഉടായ്പുകുഞ്ഞിരാമന്മാർ ആണ്‌ അന്ധവിശ്വാസം പ്രചരിപ്പിച്ച്‌ ജനത്തെ പറ്റിക്കുന്നതും ശ്രീ ശ്രീ....സ്വാമി മൂഢാനന്ത പാദ തിരുവടികൾ എന്നൊക്കെ എഴുതി അതിന്റെ മറവിൽ കച്ചവടവും തട്ടിപ്പും നടത്തുന്നതും.
ദൈവം സഹായിച്ച്‌ ഇമ്മാതി ആളുകൾക്കൊക്കെ വല്യ വല്യ പിടിപാടായതിനാൽ പിടിക്കപെടുമ്പോൾ മാത്രം മാധ്യമങ്ങൾ വല്യ കോലാഹല ചർച്ചകൾ നടത്തും.പിന്നെ അതു പരണത്തുവെക്കും.സിദ്ധന്മാരും സ്വാമിജിമാരും ഗുരുക്കളും അമ്മ ദൈവങ്ങളും വീണ്ടും പഴയ പണി തുടരും.അതുകൊണ്ട്‌ ഇത്തവണ മാധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്‌ ദയവായി തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം ഇത്തരം പ്രവചനക്കാരുടെ വാർത്തകൾ നൽകാതിരിക്കുക.അതിനി ഏതു ആട്ടുംകാൽ കോവാലകൃഷണന്റെ ആയാലും...

വാൽ മൊഴി: ഏതായാലും ഞാനും ഒരു പ്രവചനം നടത്തിക്കളയാം.ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന ഒറ്റക്കക്ഷിക്കൊപ്പം ആകുംജയലളിതയും മായാവതിയും നിൽക്കുക. എന്താ പ്രവചനം ഇത്രക്ക്‌ പോരേ?

3 comments:

hAnLLaLaTh said...

:)

മുക്കുവന്‍ said...

istaaayi....:) dhakshina vakkan aaley veno?

ജുജുസ് said...

സന്തോഷ് മാധവ സംഭവത്തിനു ശേഷം ഡിഫിക്കാരുടെ പ്രകടനം എന്തായിരുന്നു..
കള്ള സ്വാമിമാരെ തിരഞ്ഞുപിടിച്ച് തല്ലാൻ നടന്നിരുന്ന ഡിഫിക്കാരെ നമ്മുടെ നാട്ടിൽ കണ്ട് കിട്ടിയാൽ ദയവായി ഒന്ന് അറിയിക്കണേ