Friday, May 29, 2009

വെറുപ്പ്‌ വിതക്കുന്ന നിരീക്ഷണങ്ങൾ.

ഉൾക്കാഴ്ച എന്ന ബ്ലോഗ്ഗിൽ അപരരുടെ നരകങ്ങൾ http://ulkazhcha.blogspot.com/2009/05/blog-post_23.html എന്ന പോസ്റ്റിൽ ശ്രീ.ജി.പി രാമചന്ദ്രൻ സിനിമാ സംബന്ധിയായി തുടങ്ങി തുടർന്ന് സമൂഹവുമായി ബന്ധപ്പെടുത്തി നടത്തുന്ന ചില നിരീക്ഷണങ്ങൾ തികച്ചും ബാലിശവും ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ലാത്തതുമാണ്‌.സാധാരണ രീതിയിൽ ഏതൊരു സിനിമാകഥയും രൂപപ്പെടുമ്പോൾ അതിൽ ചുറ്റുപാടുകളിൽ നിന്നും സമകാലിക സംഭവങ്ങളിൽ നിന്നും ഉള്ള സ്വാധീനം ഏറിയും കുറഞ്ഞും ഉണ്ടായിരിക്കും. കാലഘട്ടത്തിലെ രാഷ്ടീയ സംഭവ വികാസങ്ങളോ,സാമൂഹിക വ്യവസ്ഥിതിയോ പ്രതിപാദിക്കപ്പെട്ടേക്കാം.എന്നാൽ അതു വർഗ്ഗീയമായി ഒരു അജണ്ടയോടെ നിർവ്വഹിക്കപ്പെടുന്നു എന്ന് ആരോപിക്കുമ്പോൾ അതിന്റെ ഗൗരവം വർദ്ധിക്കുന്നു.സ്വാഭാവികമായും ആ ആരോപണത്തെ വിശദമായി വിലയിരുത്തുവാനും നിബന്ധിതമാക്കപ്പെട്ടുന്നു.

ലേഖനത്തിൽ ആദ്യം തന്നെ പറഞ്ഞുവരുന്നത്‌ 2ഹരിഹർ നഗർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളിൽ നിന്നുമാണ്‌ ലേഖകൻ ഇവിടെ തന്റെ വികലമായ നിരീക്ഷണത്തിന്റെ ആദ്യ കണ്ടുപിടുത്തങ്ങൾ നിരത്തുന്നത്‌. നാലുകഥാപാത്രങ്ങളിൽ ഒറ്റുകാരന്റെ റോൾ ആർക്കെന്നത്‌ തിരഞ്ഞെടുക്കുവാൻ സംവിധായകനു ബുദ്ധിമുട്ടില്ലെന്നും വാണിജ്യ സാധ്യത കണക്കിലെടുത്തും "പൊതുബോധം" നൽകുന്ന ധാരണയാലും അതു ന്യൂനപക്ഷ സമുദായാ നാമധാരിയായ തോമാസുകുട്ടിയെ ആണെന്നും ലേഖകൻ സ്വയംതീരുമാനിക്കുന്നു. സംവിധായകൻ/ തിരക്കാഥാകൃത്തായ ലാലിന്റെ മനസ്സിൽ ഇത്തരം ഒരു അധമ ചിന്തവന്നുകാണും എന്ന് വിശ്വസിക്കുക പ്രയാസം. തുടർന്നു ലേഖകൻ തന്റെ വിചിത്രമായ കണ്ടുപിടുതങ്ങൾ പല കാലങ്ങളിൽ ഇറങ്ങിയ വ്യത്യസ്ഥ സംവിധായകരുടെയും താരങ്ങളുടേയും ചിത്രങ്ങളിൽ നിന്നും പെറുക്കിയെടുത്ത്‌ നിരത്തുന്നുണ്ട്‌. ലെഖകന്റെ വാക്കുക്ല് പിന്തുടർന്നുകൊണ്ട്‌ സിനിമയെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുക ഭ്രാന്തമായതും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ നിഗമനങ്ങളിൽ ആയിരിക്കും. സിനിമ കാണുവാൻ പോകുന്ന സാധാരണ പ്രേക്ഷകൻ അതു മുസ്ലീമായ മമ്മൂട്ടി അഭിനയിക്കുന്ന സിനിമ അല്ലെങ്കിൽ നായരായ മോഹൻലാൽ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ എത്തിച്ചേർന്നാൽ എന്താകും നമ്മുടേ നാടിന്റെ സ്ഥിതി? നായരായ മോഹൻ ലാൽ താഴ്‌ന്ന ജാതിയിൽ പെട്ടവനും കറുത്തവനുമായ വില്ലനെ/സഹനടനെ പരിഹരിക്കുന്നു(?) എന്നോ അല്ലെങ്കിൽ സിദ്ധിഖ്‌ ഒരു മുസ്ലീമാണെന്നും വില്ലൻ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്ന അദ്ദെഹത്തിനു നൽകുന്ന വില്ലൻ റോൾ ആ വിഭാഗത്തെ ഇകഴ്ത്തിക്കാണിക്കുവാനാണെന്നും കരുതുവാൻ തുടങ്ങിയാൽ!!

സിനിമയിൽ കതാപാഹ്രങ്ങളെ സൃഷ്ടിക്കുന്നതും അവർക്ക്‌ പേരിടുന്നതും നടീനടന്മരെ തീരുമാനിക്കുന്നതും വർഗ്ഗീയമായി അജണകൾ വച്ചുകൊണ്ടാണെന്നു പറയുന്നത്‌ എത്രമാത്രം ബാലിശമാണ്‌. സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അത്‌ അവതരിപ്പിക്കുന്ന നടന്മാരുടെയും സംവിധായക-തിരക്കഥാകൃത്തുക്കളുടെയും എല്ലാം ജാതി തിരിച്ചുവിലയിരുത്തുന്നത്‌ സാമാന്യയുക്തിക്ക്‌ നിരക്കുന്നതല്ല.ഓരോ സിനിമക്കും വ്യത്യസ്ഥമായ കഥയും കഥാപാത്രങ്ങളു ആയിരിക്കും.എനിക്ക്‌ തോന്നുന്നു ഇദ്ദേഹം പറഞ്ഞുവരുന്നത്‌ അനുസരിച്ചാണെങ്കിൽ കഥാപാത്രങ്ങൾക്ക്‌ X,Y എന്നിങ്ങനെയോ അല്ലെങ്കിൽ മരം,കുപ്പി, വാഴ, വായു, വെള്ളം തുടങ്ങിയ നാമകരണം നടത്തി അവതരിപ്പിക്കുവാൻ "മതമില്ലാത്ത" നടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കേണ്ടിവരും എന്നാണ്‌. !!

സത്യൻ അന്തിക്കാടെന്ന നിർദ്ദോഷിയായ സംവിധയകനേയും അദ്ദേഹം വെറുതെ വിടുന്നില്ല.സത്യേട്ടൻ തന്റെ സിനിമയിൽ കറുത്ത ഹാസ്യം കോണ്ട്‌ ചില സത്യങ്ങൾ മുമ്പും വിളിച്ചുപറഞ്ഞിട്ടുണ്ട്‌.ഒരു പക്ഷെ അതിൽ ഈ അടുത്തകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ടത്‌ സന്ദേശമെന്ന ചിത്രത്തിലെ ഡയലോഗുകൾ ആയിരിക്കും. തിരഞ്ഞെടുപ്പിൽ പാർട്ടിപരാജയപ്പെട്ടതു പ്രതിക്രിയാവാദികളും.....എന്നു തുങ്ങുന്ന ഡയലോഗ്‌. ലേഖനത്തിന്റെ ഒരു ഭാഗത്ത്‌ വെട്ടിനിരത്തൽ വിഷയവും കടന്നുവരുന്നുണ്ട്‌.വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്ന വെട്ടിനിരത്തൽ സംഭവത്തെ(സമരം എന്ന് പറയാമോ?) എന്തുകൊണ്ട്‌ ഹാസ്യാത്മകമായി ഒരു സംവിധായകൻ/ തിരക്കഥാകൃത്തിനു ഇന്നും ഉപയോഗിക്കുവാൻ കഴിയുന്നു എന്നതിന്റെ മരുപടിയാണ്‌ കേരളത്തിൽ ഇന്നു നികത്തപ്പെടുന്ന ഏക്രകണക്കിനു നെൽപ്പടങ്ങൾ.പാർട്ടിക്ക്‌ അനഭിമതരായ ചിലരുടെ കൃഷി വെടിനിരത്തി എന്ന ആരോപണം സമ്മാനിച്ച ആ സംബവം ശൂന്യതയിൽ ലയിച്ചു.എന്നാൽ നിയമത്തെ നോക്കുകുത്തിയാക്കി കുത്തകകളും സ്വാധീനമുള്ളവരും ഇന്നും യദേഷ്ടം കൃഷിഭൂമി നിരത്തി അവിടേ കെട്ടിടം പണിയുന്നു. തീർച്ചയ്യായും കണ്മുമ്പിലെ ഈ യാദാർത്ത്യം കാണികൾക്ക്‌ ചിരിക്കുവാൻ വകനൽകുന്നു. എന്നാൽ അതു കമ്യൂൺസിറ്റുവിരുദ്ധതയുടെ ആവേശവും ആഹ്ലാദവുമായി തിരക്കഥാകൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാടിന്റെ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കൽ പൊതുബോധത്തെയാണ്‌ കാണിക്കുന്നതെന്ന് ലേഖകൻ പറഞ്ഞുവെക്കുന്നു.( കൃഷിഭൂമി നികത്തുന്നതിനെ ഞാൻ ശക്തമയി എതിർക്കുന്നു.എന്നാൽ അതേ വെട്ടിനിരത്തൽ നടത്തിയ സംഘഹ്ടനയും സഖവു വി.എസും ഭരിക്കുന്ന കേരളത്തിലെ അന്തിക്കാടെ കോൽപ്പടവിൽ വർഷാവർഷം കൃഷിയിറക്കുന്ന ഞാനുൾപ്പെടെ ഉള്ളവർ സർക്കാരിന്റെ നെല്ലു സംഭരണ സംവിധാനതിലെ,വെള്ളം സമയാസമയങ്ങളിൽ നൽകാത്തതിന്റെ,കൃത്യസമയത്ത്‌ കൊയ്ത്തുയന്ത്രം ഇറക്കാത്തതിന്റെയും മറ്റും വീഴ്ചകൾ എല്ലാവർഷവും അനുഭവിക്കുന്നുമുണ്ട്‌.മറ്റൊന്നു കൂടെ സൂചിപ്പിക്കട്ടെ പാടത്ത്‌ പണിക്ക്‌ തൊഴിലാളീകൾക്കൊപ്പം കൃഷിക്കാരനും ഇറങ്ങിയിട്ടും തൊഴിലാളീകളെ ലഭിക്കാത്ത അവസ്ഥയും ലേഖകൻ പ്രതിപാദിക്കുന്ന സത്യൻ അന്തിക്കാടും കുടുമ്പവും ഉൾപ്പെടുന്ന കൃഷിക്കാർ അനുഭവിക്കുന്നുണ്ടെന്ന് എത്രപേർക്ക്‌ അറിയാം? )

ബോധപൂർവ്വമോ അല്ലാതെയോ സിനിമയിൽ ന്യൂനപക്ഷങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നു എന്ന് പറയുവാൻ വിചിത്രമായ ന്യായങ്ങൾ നിരത്തുന്ന ലേഖകൻ മുനീർ അഭിനയിച്ച പാട്ടുരംഗം ഒഴിവാക്കുവാനും മറ്റും ഉണ്ടായ വിവാദങ്ങളെ സൗകര്യപൂർവ്വം മറക്കുന്നുമുണ്ട്‌.എന്തുകൊണ്ട്‌ ഒരു മുസ്ലീം-ഹിന്ദു പ്രണയകഥ നമ്മുടെ സിനിമകളിൽ ഒഴിവാക്കപ്പെടുന്നു എന്നതും ഈ പ്രസിദ്ധനിരൂപകന്റെ ബോധമണലതെ എന്തുകൊണ്ട്‌ സ്പർശ്ശിക്കാതെ പോകുന്നു എന്നതിൽ സന്ദേഹത്തിനു പ്രസസ്ക്തിയില്ല.കാരണം അദ്ദേഹത്തിന്റെ വരികൾ ലക്ഷ്യമിടുന്നത്‌ മറ്റൊന്നാണ്‌.എനികിലും ചോദിച്ചുകൊള്ളട്ടെ ഒരു ഹിന്ദു പയ്യൻ ഒരു മുസ്ലീം പെണ്ണിനെയോ മറിച്ചോ പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ കഥാതന്തുവാക്കി ഒരു ചിത്രം ഉണ്ടായാൽ എന്തുസംഭവിക്കും എന്നു ലേഖകനു പറയാൻ പറ്റുമോ?മാധവിക്കുട്ടി/കമലാസുരയ്യ മതം മാറിയപ്പോൾ നടത്തിയ ചില പരാമർശങ്ങൾ ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സാധിക്കുമെങ്കിൽ ആ സമയത്ത്‌ മാതൃഭൂമി വാരാന്ത്യത്തിലോ മറ്റോ വന്ന ഇന്റർവ്യൂ ഒന്ന് തപ്പിയെടുത്താൽ കാണാം. അതുപ്പോലെ വണ്ടിക്കാളകൾ എന്ന നോവൽ ജി.പി ഒരുവട്ടം വായിക്കുന്നത്തും തന്റെ ലേഖനത്തിനു ഉപയോഗിച്ച മാനദണങ്ങൾ വച്ച്‌ അതിനെ വിലയിരുത്തുന്നതും നന്നായിരിക്കും.മാധവിക്കുടിയുടെ/കമലാസുരയ്യയുടെ മതം മാറ്റം മറ്റൊരിടത്തുനിന്നും ഹിന്ദുമതത്തിലേക്ക്‌ ആയിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്നും വെറുതെ അല്ല വെറുതെ ഒന്നു ചിന്തിക്കുക കൂടെ ചെയ്യുക.

ലേഖകൻ പറയുന്നതുപോലെ ഒരു അപരത്വം നിലനിൽക്കുന്നു എങ്കിൽ എന്തുകൊണ്ട്‌ ഈ അപരത്വം സൃഷ്ടിക്കപ്പെടുന്നു എന്നുകൂടെ സ്വയം വിമർശനപരമായും വസ്തുനിഷ്ഠമായും വിലയിരുത്തേണ്ടതുണ്ട്‌.ഇത്തരം ഒരു അപരത്വം രൂപപ്പെടുന്നത്‌ കേവലം മാധ്യമ/രാഷ്ടീയ സിന്റിക്കേറ്റിന്റെ മാത്രം പ്രവർത്തനം കൊണ്ടാണോ?ഇത്തരം ഒരു അവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ അതു സൃഷ്ടിച്ചെടുക്കുന്നതിൽ ആ വിഭാഗങ്ങൾക്ക്‌ യാതൊരു പങ്കുമില്ലേ? ഇവിടെ എല്ലാ സമുദായങ്ങൾക്കും സമത്വത്തോടെ ജീവിക്കുവാൻ ഉള്ള അവകാശവും സാഹചര്യവും ഉണ്ട്‌.കടുത്ത ജാതിവ്യവസ്ഥിതിനിലനിന്നിരുന്നപ്പോളും ഇന്നത്തെ "ന്യൂനപക്ഷങ്ങളെ" ഉയർന്ന ജാതിക്കാർ നല്ലരീതിയിൽ ഗൗനിച്ചിരുന്നു എന്നത്‌ കാണാതിരിക്കരുത്‌.പഴയകാലത്ത്‌ താഴ്‌ന്ന ജാതിയിൽപെട്ടവർക്ക്‌ ചിരട്ടിൽ ചായകൊടുത്തിരുന്ന ചായക്കടകൾ ഉണ്ടായിരുന്നു എന്നാൽ അക്കാലത്ത്‌ നായർ മുതൽ മുകളീലേക്ക്‌ ഉള്ള ജാതിക്കാർക്കെന്നപോലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഗ്ലാസ്സിൽ ചായകുടിക്കുവാൻ കഴിഞ്ഞിരുന്നു.ഇതൊരു ചെറിയ ഉദാഹരണം മാത്രം.

സിനിമയിൽ മാത്രമല്ല സമൂഹത്തിന്റെ സംസ്ഥ മേഖലയിലും ബോധപൂർവ്വം ഒറ്റപ്പെടുത്തുന്നു എന്ന് പറയുവാൻ സിനിമയിൽ നിന്നും സി.പി.എം & സമകാലിക രാഷീയത്തിലേക്കും ലേഖകൻ സഞ്ചരിക്കുന്നു. മാർക്കിസത്തോടു മദനിയുടെ പ്രസ്ഥാനത്തെ ചേർത്തുകെട്ടിക്കൊണ്ടൊരു വിചിത്രമായ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞു പൊതുജനം നിരസ്സിച്ചതിനു ലേഖകൻ തന്റേതായ വക്രന്യായങ്ങൾ നിരത്തുന്നുണ്ട്‌.( സാധാരണക്കാർ മാത്രമല്ല പാർട്ടി അണികളിലെ താഴെക്കിടയിൽ ഉള്ളവർ പോലും ആ കൂട്ടുകെട്ടിന്റെ അപകടം തിരിച്ചറിയുമ്പോഴും ഇദ്ദേഹത്തെപോലുള്ളവർ അതു തിരിച്ചറിയാതെ പോകുന്നത്‌ വിചിത്രം തന്നെ) അതിനു പഴിചാരുന്നത്‌ പുതുതായി "രൂപപ്പെട്ട" (ലേഖകന്റെ കണ്ടെത്തൽ) മാധ്യമ-രഷ്ടീയ-സാംസ്കാരിക-മതമുന്നണിയാണുപോലും!!

ഇക്കഴിഞ്ഞ ലോൿസഭാ തിരഞ്ഞെട്ടുപ്പിൽ ഉണായ ഏവും സുപ്രധാനമായ കൂടുകെട്ടു സി.പി.എം- പി.ഡി.പി ബന്ധമല്ല: മറിച്ച്‌ കമ്യൂണിസ്റ്റു വിരുദ്ധരുടേയും മുസ്ലീം വിരുധരുടേയും കൂടായമയാണു നിരീക്ഷിക്കുന്ന ലേഖകൻ. മദനിയുടെ മാർക്കിസ്റ്റു കൂട്ടുകെട്ടിനെ തുറന്നുകാണിച്ച മാധ്യമങ്ങൾ ഉമാൂണ്ണിയുടേ മാർക്കിസ്റ്റു വേദിപങ്കിടലിനെ വേണ്ടവിധം ഉത്ഘണ്ടപ്പെടുന്നില്ല എന്നും പറയുന്നു.ഉമാ ഉണ്ണിയെ പ്പോലുള്ളവരെ/അവരുടെ വോട്ടിനെ (ഏറിയാൽ അയ്യായിരത്തിൽ അധികം വോട്ടു വരുമോ?) സി.പി.എം സ്വീകരിക്കുന്നു എങ്കിൽ അത്‌ സി.പി.എം എന്ന സംഘടനക്ക്‌ വന്ന ദുരവസ്ഥയെ ആണ്‌ വ്യക്തമാക്കുന്നത്‌.ലേഖകൻ വ്യക്തമാക്കുന്നത്‌ ശരിയാണെങ്കിൽ മാറാട്ടുനിന്നും നേതാക്കന്മാരെ ചൂലെടുത്ത്‌ ആട്ടിപ്പായിച്ച കടുത്ത വർഗ്ഗെയനിലപാടുള്ള ഒരു സ്ത്രീയാണവർ. അത്തരം വോട്ടുകൾ ഞങ്ങൾക്ക്‌ വേണ്ട എന്ന് പറയുവാൻ ഉള്ള ആർജ്ജവം കാണിക്കാതെ അതു രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുന്നത്‌ അവരുടെ വർഗ്ഗീയ വിരുദ്ധ നിലപാടിനു സംഭവിച്ച ജീർണ്ണതയെ വ്യക്തമാക്കുന്നു. ഒരു പക്ഷെ അത്രത്തോളം തരം താഴാത്തതിനാലാകാം ജനം മറിച്ച്‌ വോട്ടുചെയ്തതും. മദനി-സി.പി.എം ബന്ധം പ്രധാനവാർത്തയാകി ഇതിന്റെ മറവിൽ സൗകര്യപൂർവ്വം ലാവ്‌ലിൻ അഴിമതിക്കേസ്‌ വാർത്തക മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു എന്നും സംശയിച്ചുകൂടെ?

മാധ്യമങ്ങൾ നൂറുശതമാനം നിഷ്പക്ഷവും കൃത്യതയുമാർന്ന രിപ്പോർട്ടുകൾ ആണ്‌ നമുക്ക്‌ മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് തീർത്തുപറയുക വയ്യ.മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും അഹിരുകടക്കാറുണ്ടെന്നും അതിഭാവുകത്വതോടെ വാർത്തകൾ ചമക്കാറുണ്ടെന്നും സ്വയം തോന്നാറുണ്ട്‌. ഏതെങ്കിലും വിഭാഗം ഉൾപ്പെടുന്ന കേസുകളെ മാധ്യമങ്ങൾ പെരുപ്പിച്ചുകാണിക്കുന്നു എന്ന വാദം ശരിയല്ല.കള്ളനോട്ടുകേസിൽ പെടുന്നവനും,വ്യാജപാസ്പോർട്ട്‌ കേസിൽ പെടുന്നവനും രാജ്യത്തിനെതിരായി കടുത്തകുറ്റം തന്നെ ആണ്‌ ചെയ്യുന്നത്‌.തീർച്ചയായും അത്തരക്കാരെ സമൂഹത്തിനു മുമ്പിൽ തുറന്നുകാണിക്കേണ്ടതുണ്ട്‌.എന്നാൽ ഇതിനെ ജില്ലയുടേയും ജാതിയുടേയും പേരിൽ മാധ്യമങ്ങൾ പൊലിപ്പിച്ചുകാണിക്കുന്നു,എല്ലാ മാധ്യമങ്ങളും ഓക്കെട്ടായി ഏതെങ്കിലും വിഭാഗങ്ങളെകുറിച്ച്‌ നിരന്തരം വാർത്തകൾ നൽകുന്നൂ എന്നൊക്കെ പറയുന്നതിനോട്‌ ഒരുനിലക്കും യോജിക്കുവാൻ കഴിയില്ല.മലയാളമനോരമയും,മാധ്യമവും,ദേശാഭിമാനിയും എല്ലാം മലയാള പത്രങ്ങളിലെ മുൻ നിരക്കാരായി നിൽക്കുംബൊൽ ഇതു എത്രമാത്രം സത്യമാകും?
എന്തുകൊണ്ട്‌ പത്തനം തിട്ടയിൽനിന്നും,കോട്ടയത്തുനിന്നും ബോംബ്‌,വയാജ പാസ്പോർട്ട്‌, കള്ളനോട്ട്‌,ഹവാല/ഹുണ്ടി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കേസുകൾ താരതമ്യേന കുറവും മലബാറിൽ ഇതു ഭീകരമായ വിധം വർദ്ധനവും രേഖപ്പെടുത്തുന്നു? ഇത്തരം രജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരെ തുറന്നുകാണീക്കേണതില്ലേ?

ഒരു റൗടിയെ അവൻ ഉൾപ്പെടുന്ന മതത്തിന്റെ പ്രതിനിധിയായി ഒരിക്കലും സാമാന്യജനം കാണുകയില്ല.എന്നാൽ മതത്തിന്റെ പേരിൽ റൗടികൾ അഴിഞ്ഞാടുമ്പോൾ സമൂഹം ആ മതത്തെ സംശയത്തോടെ വീക്ഷിക്കും എന്നത്‌ വാസ്തവം.ഭൂരിപക്ഷ സമുദായത്തിന്റെ സംഘടിതമായ ആക്രമണത്തിനു വിധേയരായ ന്യൂനപക്ഷങ്ങൾ ആ സമുദായത്തിൽ പെട്ടവരെ ഭയത്തോടെയും വെറുപ്പോടെയും കാണും എന്നതിൽ സംശയം ഇല്ല.മറിച്ച്‌ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിപക്ഷവും ഇത്തരത്തിൽ ന്യൂനപക്ഷത്തെയും നോക്കിക്കാണും.ഇതാരും പ്രത്യേകം മാധ്യമ പരിശീലനം നൽകിയതുകൊണ്ടല്ല സംഭവിക്കുന്നത്‌. എന്നാൽ ഇത്തരം കാര്യങ്ങളെ വിഷലിപ്തമാക്കിക്കൊണ്ട്‌ പ്രചരിപ്പിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു എന്നുമാത്രം.നാടോടികൾ നിരന്തരമായി മോഷണങ്ങൾ നടത്തുന്നു എന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ അത്തരക്കാരെ സംശയത്തോടെ നിരീക്ഷിക്കുക എന്നത്‌ ഒരു സാധാരണ സംഭവമാണ്‌.മോഷ്ടാവിനെ ജനം കൈകാര്യം ചെയ്യുന്നത്‌ അവന്റെ ജാതിയും കുലവും ദേശവും നോക്കിയല്ല.

മനുഷ്യരിൽ ദേശീയ ബോധവും രാജ്യത്തോടുള്ള കൂറും അനിവാര്യമാണ്‌.അതുപക്ഷെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയാണെന്ന രീതിയിൽ ഉള്ള പ്രചരണം തെറ്റുമാണ്‌.അന്ധമായ മതവിദ്വേഷത്തിൽ ഊന്നിയ ദേശീയത അപകടകരമാണ്‌. ഉന്മാദദേശീയത/വർഗ്ഗീയത തീർച്ചയായും ചെറുക്കപ്പെടേണ്ടതുമാണ്‌. വ്യക്തമായ ഒരു ജനാധിപത്യബോധത്തിൽ ഊന്നിയ ദേശീയത അനിവാര്യവുമാണ്‌. മത/രാഷ്ടീയ മൗലീകവാദം പലപ്പോഴും ദേശീയതയ്ക്കും മുകളിൽ മതത്തെ/പാർട്ടിയെ നിർത്തുകയും ഇതിന്റെ ഫലമായി അറിഞ്ഞോ അറിയാതെയോ പലരും ദേശീയവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ ഫലം കൂടിയാണ്‌ ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്ന തീവ്രവാദത്തിന്റെ ഒരു കാരണമെന്ന് എനിക്ക്‌ തോന്നുന്നു.(ആദിവാസി/കുടിയിറക്കപ്പെട്ടവർ/താഴെത്തട്ടിൽ ഉള്ള അവഗണിക്കപ്പെട്ടവർ തുടങ്ങിയവരുടെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളെ ഈ ഗണത്തിൽ പെടുത്തരുത്‌.)എന്നാൽ മതാധിഷ്ടിതമായ ഒരു കാഴ്ചപ്പാടോടെ നടത്തുന്ന എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയും അതിജീവനത്തിന്റെ/പ്രതിരോധത്തിന്റെ പട്ടികയിൽ പെടുത്തുന്ന പ്രവണത ശരിയല്ല.ഇത്‌ വർഗ്ഗീയതയെ വളർത്തുകയെ ഉള്ളൂ.

ലേഖകൻ പറയുന്നതുപോലെ/ആ മാനദണ്ടത്തിൽ അതിഷ്ഠിതമായി ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ ഒരു അപരവൽക്കരണം കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നില്ല.എന്നാൽ സ്വജാതിസ്നേഹം ഓരോ വിഭാഗത്തിനും ഉള്ളിൽ ഇല്ലെന്ന് പറയുവാനും വയ്യ.അതൊരു സത്യവുമാണ്‌.(എന്നാൽ അതു ചിലവിഭാഗങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നും മറുവിഭാഗം അത്തരത്തിൽ അല്ലെന്നും പറയുന്നത്‌ ബാലിശമാണ്‌. ഹിന്ദുക്കൾക്കിടയിലും,കൃസ്ത്യാനികൾക്കിടയിലും,മുസ്ലീംങ്ങൾക്കിടയിലും തന്നെ വിവിധ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസവും ചില ഘട്ടങ്ങളിൽ എങ്കിലും അതു സംഘട്ടനങ്ങളിലും വരെ എത്തുന്നത്‌ നാം കാണുന്നില്ലെ?) അതുപക്ഷെ കേരളീയസമൂഹത്തിലോ ഏതെങ്കിലും ജാതിയിലോ മാത്രം ഒതുങ്ങുന്നില്ല. വടക്കേ ഇന്ത്യക്കാരനു തെക്കേ ഇന്ത്യക്കാരനോടുള്ള അകൽച്ചയും,മലയാളിക്ക്‌ തമിഴനോടും തിരിച്ചും ഒക്കെ ഉള്ള അകൽച്ചായും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്നു. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും വരുന്ന ഹിന്ദുവിനു പക്ഷെ മഹാരാഷ്ട്രാ വാദിക്കു മുമ്പിൽ പ്രത്യേക പരിഗണനയില്ല എന്നത്‌ ഒരു വാസ്ഥവം അല്ലേ? അവരിൽ നിന്നും മറ്റു സംസ്ഥാനക്കാർ നിരന്തരം വിവേചനം നേരിടുന്നില്ലേ?

ഹിന്ദുവും കൃസ്ത്യാനിയും, മുസ്ലീമുമായ നിരവധി സുഹൃത്തുക്കൾ ഉള്ള ആത്തരം ആളുകൾക്കിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എനിക്കു പക്ഷെ ലേഖകൻ മുന്നോട്ടുവെക്കുന്ന രീതിയിൽ ഉള്ള ഒരു ചിന്ത ഞങ്ങളിൽ ആരെങ്കിലും വച്ചുപുലർത്തുന്നതായി തോന്നിയിട്ടില്ല.പ്രവാസലോകത്ത്‌ ചെറിയ മുറിയിൽ ജീവിക്കുന്ന,രാവിലെ മുതൽ രാത്രിവരെ തൊഴിലെടുത്ത്‌ വൈകീട്ട്‌ ഒന്നോ രണ്ടൊ കുബ്ബൂസും കഴിച്ചു അൽപസമയം ടി.വികണ്ട്‌ തളർന്നുറങ്ങുന്നവർക്ക്‌ മേൽപ്പറഞ്ഞ രീതിയിൽ നടന്റെ ജാതി ചിന്തിച്ച്‌ സിനിമ ആസ്വദിക്കുവാൻ കഴിയില്ല.കടൽ കടന്ന് വന്ന് ജീവിതം മുന്നോട്ടുനീക്കുവാൻ പ്രയത്നിക്കുന്നവന്റെ വിഷമവും സങ്കടവും സന്തോഷവും ഒന്നാണ്‌.അവിടെ ജാതിയും മതവും അല്ല മനുഷ്യത്വം എന്ന ഏകത്വമാണ്‌ അവനെ ഒരുമിപ്പിക്കുന്നത്‌.

സിനിമ എന്ന കലയെ നിരൂപണം നടത്തുമ്പോൾ എന്തൊക്കെയാണ്‌ സാധാരണഗതിയിൽ താങ്കൾ മാനദണ്ടമായി എടുക്കാറുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.അതിലെ നായകന്റെയും നായികയുടേയും പേരും ജാതിയും കഥാപാത്രനാമങ്ങളും ആണോ? എഴുതിയവന്റേയും സംവിധായകന്റേയും പ്രദർശ്ശിപ്പിക്കുന്ന തീയേറ്ററിന്റേ ഉടമയുടെയും വരെ ജാതിയും ഉപജാതിയും ആണോ? ജീവിതത്തിന്റെ സകല മേഘലകളേയും ഇത്തരത്തിൽ വർഗ്ഗീയമായി കാണുവാൻ പഠിപ്പിക്കുന്ന വർഗ്ഗീയവാദത്തിന്റെ വക്താക്കളുടെ അജീർണ്ണം ബാധിച്ച ചിന്തകൾ പുറത്തുവിടുന്ന വികലമായ നിരീക്ഷണങ്ങൾ നാം നിരന്തരം കാണാറുണ്ട്‌.എന്നാൽ അത്തരം ആളുകളെ കടത്തിവെട്ടുന്നതായിപ്പോയി ജി.പിയുടേ ലേഖനത്തിലെ പരാമർശങ്ങൾ.സിനിമയെ കൂടുതൽ നന്നായി എങ്ങനെ ആസ്വദിക്കാം എന്നും സിനിമയുടെ വിവിധവശങ്ങൾ എന്തൊക്കെയാണെന്നും പ്രേക്ഷകനു പറഞ്ഞുകൊടുക്കുവാൻ ശ്രമിക്കുക എന്നതിനുപകരം സിനിമയെ എങ്ങിനെ വർഗ്ഗീയമായി വിലയിരുത്താം എന്ന പിന്തിരിപ്പൻ അത്യന്തം അപ്കടകരമായതുമായ ചിന്തകൾ പ്രേക്ഷകനിലേക്ക്‌ എത്തിക്കുവാനാണ്‌ ലേഖകൻ ശ്രമിക്കുന്നതെന്നാണെനിക്ക്‌ മനസ്സിലാകുന്നത്‌.കലാസ്വാദനത്തിൽ വർഗ്ഗീയതയുടെ വിഷം കുത്തിവെക്കുന്ന പ്രവണതകൾ തിരിച്ചറിയേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്‌.ഇത്തരത്തിൽ സിനിമയെ വർഗ്ഗീയമായി നോക്കിക്കാണേണ്ടതുണ്ടോ? അതിനെ പ്രോത്സാഹിപ്പിച്ചാൽ കലയിലും സാഹിത്യത്തിലും വർഗ്ഗീയത കലരുകയും, അനാരോഗ്യകരമായ പ്രവണതയിലേക്ക്‌ കൊണ്ടെത്തിക്കില്ലേ?


NB:ജി.പി എന്ന നിരൂപകനോടും സുഹൃത്തിനോടും ഉള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട്‌ എന്നാൽ അദ്ദേഹത്തിന്റെ ലേഖനത്തിലെ ആശയത്തോൂള്ള ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുവാനാണ്‌ ഇത്രയും എഴുതിയത്‌.

3 comments:

നതാഷ said...

ജി പി യുടെ ലേഖനം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു ഇതൊക്കെ.... വര്‍ഗ്ഗീയത എന്ന വാക്ക് തന്നെ അപകടം പിടിച്ചതാണെന്നെനിക്ക് തോന്നാറുണ്ട്. അസ്ഥാനത്തുള്ള ഉപയോഗം ചിലപ്പോള്‍ വിപരീത ഫലം ഉണ്ടാക്കിയേക്കാം...

തോമ്മ said...

ലാല്‍ ക്രിസ്ത്യാനി ആണെന്ന് പേരുകേട്ടാല്‍ തോന്നില്ലയിയിരിക്കാം....പക്ഷെ അദ്ദേഹത്തിന്റെ അനുജന്‍ അലക്സ്‌ പോള്‍ ആണെന്നും അച്ഛന്റെ പേര് പോള്‍ എന്നാണെന്നും മിക്കവര്‍ക്കും അറിയാവുന്ന വസ്തുതയാണ് .
ഇനി വില്ലന്റെ പേര് ക്രിസ്തയാനോ മുസ്ലിമോ ആയതിനാല്‍ ഇവിടുത്തെ ഹിന്ദുക്കള്‍ സംതൃപ്തരായി ചിത്രം വിജയിപ്പിക്കുകയോന്നുമില്ല . അത്തരം ലേഖനങ്ങള്‍ പ്രമുഖ ലേഖകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല ....വെറുതെ വെറുപ്പ്‌ വിതക്കാം അത്രതന്നെ

ജുജുസ് said...

മാത്രുഭുമി ആഴ്ച്പതിപ്പിൽ സിനിമയിലെ ന്യുനപക്ഷ വിരുദ്ധ്തയെ പറ്റി പണ്ട് ഒരു ലേഖനം വായിച്ചിരുന്നു,ആരാണ് എഴുതിയതെന്ന് ഓർമ്മയില്ല.സംഭവം ഇങ്ങനെ..പെരുമഴക്കാലം സിനിമയിൽ,തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചുകൊണ്ട് മീരാജാസ്മിന്റെ മുസ്ലീം കഥാപാത്രം,സവർണ്ണ ഹിന്ദുവായ ഗംഗയുടെ(കാവ്യാമാധവൻ)കാല് പിടിക്കുന്ന ഒരു രംഗം ഉണ്ട്.ലേഖകൻ നിരീക്ഷിചത് ഇങ്ങനെ..ന്യുനപക്ഷങ്ങൾ എക്കാലത്തും, അവരുടെ നിലനിൽ‌പ്പിനായി/ജീവനായി ഭൂരിപക്ഷത്തിന്റെ കാലപിടിക്കണോ?/എന്നും അവരുടെ കാല് ചോട്ടിൽ നിൽക്കണോ?...നിരിക്ഷണം കണ്ട് സംവിധായകൻ കമൽ പോലും ഞെട്ടിക്കാണും