Tuesday, May 19, 2009

ഉത്സവാരവങ്ങൾ ഒഴിയുമ്പോൾ

ആളും ആനകളും ആരവങ്ങളും മേളങ്ങളും അവസാനിച്ചുകൊണ്ട്‌ മറ്റൊരു പൂരക്കാലംകൂടെ കഴിഞ്ഞിരിക്കുന്നു.പ്രവാസിയായ ഏതൊരു ആനപ്രേമിക്കും പൂരപ്രേമിക്കും നഷ്ടപ്പെടുന്നത്‌ ജീവിതത്തിലെ അസുലഭമായ അനിർവചനീയമായ അനുഭവങ്ങളാണ്‌.മറ്റുപലർക്കും മനസ്സിലാക്കാൻ കഴിയാത്ത ആ നഷ്ടത്തെ പറ്റി പക്ഷെ സമാനമനസ്ക്കർക്ക്‌ തിരിച്ചറിയുവാൻ കഴിയും. നെറ്റിപ്പട്ടവും കുടമണികളും ചാർത്തി സ്വർണ്ണത്തിളക്കമുള്ള ദേവീദേവ രൂപങ്ങഗളോടുകൂടിയ കോലമേന്തി ഗരിമയോടെ തലയുയർത്തിനിൽക്കുന്ന ഗജവീരന്മാരെ മുൻ നിരയിൽ നിന്നു വീക്ഷിക്കുക എന്നതും ശിങ്കാരിമേളത്തിന്റെ ലഹരിയിൽ സ്വയം മറന്ന് ആടുന്നതും,പഞ്ചവാദ്യത്തിനും പാണ്ടിമേളത്തിനും അനുസരിച്ച്‌ വായുവിൽ കയ്യുയർത്തി താളമിടുന്നതിന്റേയും എല്ലാം ഓർമ്മകൾ അവന്റെ മനസ്സിലൂടേ കടന്നു പോകുന്നു.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,മന്ദലാംകുന്ന് അയ്യപ്പൻ,കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ തുടങ്ങിയ ഗജസൗന്ദര്യത്തിന്റെ മുൻനിരതാരങ്ങളും.പുത്തൻകുളം അനന്ദപത്മനഭൻ,ചെപ്ലശ്ശേരി പാർത്ഥനും, ചുള്ളിപ്പറമ്പിൽ വിഷ്ണുവും പോലുള്ള യുവകേസരികൾ ആരാണു തലയെടുപ്പിലെ കേമൻ എന്ന് മാറ്റുരക്കുന്നതും എല്ലാം മനസ്സിൽ മിന്നിമറിയുമ്പ്പൊൾ അറിയാതെ ഉള്ളിൽ ഒരു നഷ്ടബോധം തോന്നും.

നാട്ടിലെ ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോളെ പ്രവാസിയുടെ മനസ്സിൽ മേളം കൊട്ടൽ തുടങ്ങും.ഉത്സവാരവങ്ങളിൽ നേരിട്ടു പങ്കാളിയാകുവാൻ കഴ്യില്ലെങ്കിലും അവൻ അതിന്റെ നടത്തിപ്പിനായി ചെറുതും വലുതുമായ തുകകൾ അയച്ചുകൊടുക്കുന്നു. ഉത്സവങ്ങൾ ടി.വി വാർത്ത്കളിലൂടെയും ഇടക്ക്‌ നാട്ടിൽ നിന്നും വരുന്ന സുഹൃത്തുക്കൾ കൊണ്ടുവരുന്ന പൂരത്തിന്റെ സി.ഡികൾ കണ്ട്‌ ആവേശംകൊള്ളുന്നു.ഓരോ ഉത്സവത്തിനും ആരു തിടമ്പേറ്റും ആരു വലംകൂട്ടും ഇടം കൂട്ടും നിൽക്കും എന്നിങ്ങണെ ഉത്സവപ്പറമ്പുകളിൽനിന്നും ഉള്ള ഓരോവാർത്ത്കൾക്കും ആയി അവൻ കാതോർക്കുന്നു.

കഴിഞ്ഞ രണ്ടുവർഷം മലയാളക്കരയിലെ ഉത്സവപ്പറമ്പുകൾ പല വിധ ദുരന്തങ്ങൾക്കും സാക്ഷ്യമാകേണ്ടിവന്നു. മൂന്നോ നാലോ ഗൗരവമായ പ്രശ്നങ്ങൾക്കപ്പുറം ഏതായാലും ഇത്തവണ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയാം.അതിൽ ശ്രദ്ധിക്കപ്പെട്ടത്‌ തെച്ചിക്കോട്ടുകാവു രാമചന്ദ്രനുമായി ബന്ധപ്പെട്ടായിരുന്നു.ആനകൾക്കിടയിലെ മംഗലശ്ശേരി നീലകണ്ടൻ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ കുറച്ചു ദിവസത്തേക്ക്‌ കോടതി വിലക്കിയപ്പോൾ ഒരു പക്ഷെ നൊന്തത്‌ നാട്ടിലുള്ളവരേക്കാൾ ഇങ്ങ്‌ കടലിനിക്കരെയുള്ളവരുടെ.തൃശ്ശൂർ ജില്ലയിലെ മാമ്പുള്ളിക്കാവിലെ ഉത്സവത്തിൽ തിടമ്പേറ്റി തലയെടുപ്പോടെ അവൻ നിലകൊള്ളുന്നത്‌ കണ്ട്‌ ആഹ്ലാദിച്ചവർ പക്ഷെ അതിന്റെ രണ്ടാം പക്കം ഒരുതവണകൂടെ കാണുമ്പോഴേക്കും ആ വാർത്തകെട്ട്‌ ഞെട്ടി.കരണം അതിന്റെ അടുത്തദിവസം ആണ്‌ അവന്റേതല്ലാത കാരണത്തൽ ഒരു കൊലപാതം തലയിൽ വന്നുപെട്ടതും കോടതി അവനെ ഉത്സവങ്ങളിൽ നിന്നു വിലക്കിയതും.മലയാളക്കരയിൽ ആനകളിലെ ചക്രവർത്തിയായി വിലസുന്ന രാമചന്ദ്രനെ സ്ഥിരമായി നിരോധിക്കുമോ? നാട്ടിലേക്ക്‌ പലയിടങ്ങളിലേക്ക്‌ പലർക്കായി നിരവധി ടെലിഫോൺകോളുകൾ.e4-elephent പരിപാടി നടത്തുന്ന ശ്രീകുമാർ അരൂകുട്ടി സാറിനോടും കണ്ടമ്പുള്ളി സുന്ദരേട്ടൻ ഉൾപ്പെടെ ഈ രംഗത്തുള്ള പലരോഡും അന്വേഷിചു.ആർക്കും വ്യക്തമായ മറുപടിയില്ല.അസ്വസ്ഥമായ മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കിയവരെ സമാധാനിപ്പിച്ചുകൊണ്ട്‌,അവരുടെ ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്‌ ഒടുവിൽ അവൻ വീണ്ടും തലേക്കെട്ടണിയുന്നു എന്ന വാർത്ത വന്നു.പൂർവ്വാധികം തലയെടുപ്പോടെ അവൻ ഉത്സവപ്പറമ്പുകൾ കീഴടക്കുന്ന കാഴ്ച ആനപ്രേമികളെ കോരിത്തരിപ്പിച്ചു.

ഉത്രാളിക്കാവും,ചിറവരമ്പത്തുകാവും,ചിനക്കത്തറയും,ആയിരം കണ്ണിയും, ഗുരുവായൂർ ആനയോട്ടവും,ആറട്ടുപുഴയിലെ ദേവസംഗമവും,പറപ്പൂക്കാവും,നെന്മാറവല്ലങ്ങിയും കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം എത്തുന്നു.പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടി ശിവസുന്ദർ തിടമ്പേറ്റി മഠത്തിലെ വരവിനു നേതൃത്വം നൽകുന്നതും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം പ്രവാസി സ്ക്രീനിലൂടെ കണ്ട്‌ തൃപ്തിയടയുന്നു.ഒടുവിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം കഴിയുന്നതോടെ ഈ വർഷത്തെ ഉത്സവാരവങ്ങൾക്ക്‌ അവസാനിക്കുന്നു.ഇനി ആരവങ്ങൾ ഒടുങ്ങാത്ത മനസ്സുമായി അടുത്തവർഷത്തെ ഉത്സവങ്ങൾക്കായി കാത്തിരിക്കുന്നു.

4 comments:

അനില്‍@ബ്ലോഗ് said...

മനസ്സു വായിക്കാം.

ramaniga said...

ആനയും മേളവും മറക്കാന്‍ പറ്റില്ല
അടുത്ത ഉത്സവ കാലത്തിനായി കാത്തിരിക്കാം.

paarppidam said...

ഞാനടക്കം ഉള്ളവരുടെ മനസ്സാൺത്‌.പൂരക്കമ്പത്തെ പറ്റി പറഞ്ഞാൽ വിശ്വസിക്കില്ല.പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനു ഓരോ ആനയും ഏതേതു വിഭാഗത്തിൽ അണിനിരക്കും ആരായിരിക്കുമിത്തവണത്തെ താരം തുടങ്ങി ഒരുപാട്‌ ആകാംഷയാണ്‌ ഓരോ പൂരപ്രേമിക്കും.എണ്ണമ്പറഞ്ഞ ആനകളിൽ ഒന്നായ തെച്ചിക്കൊട്കാവിന്റെ നിരോധനം അൽപദിവസത്തേക്കെങ്കിലും അതു എത്രപേരെ വിഷമിപ്പിച്ചു എന്ന് പറയുവാൻ കഴിയില്ല.

രമണിക...പൂരവും മേളവും ഇല്ലാതെ എന്തോന്ന് ജീവിതം.ഉത്സവന്നഗൾ മനസ്സിന്റെ വിഷമങ്ങളെ ഇല്ലാതാക്കും.ഒരുപക്ഷെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാക്കിയതും ഇതുകൊണ്ടാകാം...

അടുത്ത പൂര ക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള മേളത്തിനായി കാത്തിരിക്കുന്നു.

hAnLLaLaTh said...

നമുക്കിനി അടുത്ത ഉത്സവ കാലത്തിനായി കാത്തിരിക്കാം