Sunday, May 16, 2010

കലാപങ്ങൾക്ക് കൊട്ടേഷൻ

ഇക്കഴിഞ്ഞ ദിവസം തെഹൽക്ക എന്ന മാധ്യമം തങ്ങളുടെ “സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ” പുറത്തുകൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. പണം നൽകിയാൽ വർഗ്ഗീയ കലാപങ്ങൾ നടത്തിക്കൊടുക്കാം എന്നും കലാപങ്ങൾ നടത്തുവാൻ അറുപത് ലക്ഷം രൂപ നൽകിയാൽ മതി എന്നുമാണ് ശ്രീരാമസേനാ തലവൻ പാറയുന്നത് ഇവർ വീഡിയോയിൽ രഹസ്യമായി പകർത്തി പുറത്തുകൊണ്ടുവന്നു എന്നത് അത്യന്തം ഗൌരവം ഉള്ള കാര്യമാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച് അത്യന്തം ഗൌരവം ഉള്ള ഒരു വിഷയം എന്ന നിലക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് സർക്കാർ ഉടനെ നടപടിയെടുക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. മുൻപ് പബ്ബുകളിൽ സ്തീകൾ പോകുന്നതിനെതിരെ പബ്ബുകളിൽ കയറി സ്തീകൾ അടക്കം ഉള്ളവരെ ആക്രമിച്ചും, വാലന്റൈൻസ് ഡേയ്ക്കെതിരെ കമിതാക്കളെ ആക്രമിച്ചും ഇക്കൂട്ടർ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.

ചേറിയ ഒരു തീപ്പൊരി വീണാൽ പോലും വളരെ വേഗം പ്രളയാഗ്നിയായി മാറുന്ന ഒന്നാണ് വർഗ്ഗീയ കലാപങ്ങൾ. കലാപങ്ങൾ സൃഷ്ടിക്കുന്ന മുറിവുണക്കുവാൻ കാലം ഒരുപാടു വേണ്ടി വരും. കലാപങ്ങളിൽ പലപ്പോഴും നിരവധി ജീവിതങ്ങൾ നഷ്ടപ്പെടാറുണ്ട്, കൂടാതെ അനേകരെ അത് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ പണം നൽകിയാൽ വർഗ്ഗീയകലാപങ്ങൾ സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് വെളിവാക്കപ്പെട്ട സ്ഥിതിക്ക് അവർക്കെതിരെ ദേശസുരക്ഷയുടെ പേരിൽ ശക്തമായ നടപടിയെടുക്കുവാൻ ഇനിയും അമാന്തിച്ചുകൂട . തീർച്ചയായും ഇത് ഭീകരപ്രവർത്തനം ആണെന്ന് കരുതാതിരിക്കുവാൻ നിർവ്വാഹമില്ല.കർണ്ണാടക സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുവാൻ അമാന്തിച്ചുകൂട. പ്രത്യേകിച്ച് മംഗലാപുരത്തും (അവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് ) ബാഗ്ലൂരിലും ശ്രീരാമസേനയ്ക്ക് ആളുകൾ ഉണ്ട് എന്ന പശ്ചാത്തലത്തിൽ.

ആദർശ പുരുഷനായി കരുതപ്പെടുന്ന ശ്രീരാമന്റെ പേരിൽ ഉള്ള ഒരു സംഘം വർഗ്ഗീയകലാപങ്ങൾക്ക് കൊട്ടേഷൻ എടുക്കും എന്ന് പറയുമ്പോൾ അത് യദാർഥത്തിൽ ശ്രീരാമൻ എന്ന ഹൈന്ദവ “ദൈവത്തെ” (പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതരമായി പറയുന്നു) ഇക്കൂട്ടർ അപമാനിക്കുകയാണ്. ഹുസൈൻ ഹിന്ദു ദൈവങ്ങളെ വരകളിലൂടെ അപമാനിച്ചു എന്ന് കരുതുന്ന ഹൈന്ദവ സമൂഹം ഇക്കൂട്ടർ ശ്രീരാ‍മനാമത്തെ അതിലേറെ മോശമാക്കിയിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുകാരണവശാലും മതത്തിന്റെ പേരിൽ അഴിഞ്ഞാടുവാൻ കൊട്ടേഷൻ സംഘങ്ങളെ അനുവദിച്ചുകൂട.വർഗ്ഗീയത അത് ന്യൂനപ്ക്ഷമായാലും ഭൂരിപക്ഷമായാലും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ അല്ല ഒരു വശം തന്നെ ആണ്.

പ്രമോദ് മുത്തലീക്കിനെ പോലെ ഉള്ളവരെ തള്ളിപ്പറയുവാൻ ഉള്ള ആർജ്ജവം പ്രസ്തുത മത വിശ്വാസികൾ കാണിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനും സമൂഹത്തിനും എതിരായി പ്രവർത്തിക്കുന്നവരെ മതവിശ്വാസത്തിന്റെ പേരിൽ പിന്തുണയ്ക്കുകയെന്നത് ഒരു നിലക്കും ഭൂഷണമല്ല. പ്രതിയെ പിടിക്കുമ്പോൾ മതത്തിനെതിരായ ഭരണകൂടഭീകരതയെന്ന് ചിത്രീകരിക്കുവാൻ ആളുകൾ മുതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം കള്ളനാണയങ്ങളെ പൂറത്തുകൊണ്ടുവരേണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെഹൽക്ക നടത്തിയ ഈ വെളിപ്പെടുത്തലിനെ തീർച്ചയായും അഭിനന്ദിക്കുന്നു.

മതവിശ്വാസത്തെ വോട്ടുബാങ്കാക്കി മാറ്റി അതിൽ ലാഭം കൊയ്യുന്നവർ ഉണ്ട്. വിശ്വാസത്തിന്റെ മറവിൽ തങ്ങളെ ചൂഷണം ചെയ്യുകയാണ് ഇവരെന്ന് ഇനിയും തിരിച്ചറിയാതിരുന്നുകൂട.വർഗ്ഗീയവാദികളുടെ സംഘങ്ങൾ നടത്തുന്ന പല ദേശദ്രോഹ പ്രവർത്തന്നങ്ങൾക്കെതിരെയും ഒരു പക്ഷെ നടപടിയെടുക്കുവാൻ രാഷ്ടീയക്കാർ മടിച്ചെന്നിരിക്കും, കാരണം അവരെ സംബന്ധിച്ചേടത്തോളം ഭാവിയിലെ തിരഞ്ഞേറ്റുപ്പുകൾക്ക് ഇക്കൂട്ടർ ഒരു മുതൽക്കൂട്ടാണ്. പലപ്പോഴും പ്രീണനത്തിന്റെ പ്രതിഫലമായി ഭീകരവാദം വളരുന്ന ഒരു നാടാണ് നമ്മുടേത്. അതു കൊണ്ടുതന്നെ മതത്തെ മറയ്ക്കിക്കൊണ്ട് നടത്തുന്ന ഇത്തരം ദുഷ് പ്രവണതകളെ മുളയിലേ ഒതുക്കേണ്ടതുണ്ട്. പുറത്തുവന്ന വസ്തുതകളുടെ വെളിച്ചത്തിൽ സർക്കാർ എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണുക തന്നെ.

No comments: