Sunday, November 05, 2006

മദ്യത്തിനു സബ്‌സീഡി.

കേരളത്തിലെ കുടുമ്പസമേതമുള്ള ആത്മഹത്യാനിരക്കുകൂടുന്നതിനെകുറിച്ചും കര്‍ഷക ആത്മഹത്യയെകുറിച്ചും ഒക്കെ വിവിധ പഠനങ്ങളും ചര്‍ച്ചകളും പലവഴിക്ക്‌ നടന്നുകൊണ്ടിരിക്കുകയാണല്ലോ.ഫലിതപ്രിയരായ ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ കര്‍ഷക ആത്മഹത്യക്ക്‌ "പ്രോതസഹനം" മാധ്യമ കവറേജും സര്‍ക്കാരില്‍ നിന്നുകിട്ടുന്ന കുറച്ച്‌ സാമ്പത്തികസഹായവുമാണെന്ന് പറയാം.എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയെകുറിച്ച്‌ ഉള്‍പ്പെടുത്തുന്നില്ല.ലഭ്യമായകണക്കനുസരിച്ച്‌ നോക്കിയാല്‍ കേരളം അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ "സമ്പൂര്‍ണ്ണ മദ്യപ"സംസ്ഥാനമാകും എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.വിവിധ ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ തുടങ്ങി വിശേഷാവസരങ്ങളില്‍ മാത്രം മദ്യം കഴിച്ചിരുന്നസംസക്കാരത്തില്‍നിന്നും ഇന്ന് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.മദ്യപാനം ഇന്ന് കേരളത്തില്‍ ഒരു ജ്വരമായി മാറിയിരിക്കുന്നു.അരിമേടിക്കാന്‍ പത്തുര്‍പ്യക്ക്‌ ഗതിയില്ലേലും വൈകീട്ട്‌ ഒരു ചെറുതടിക്കാനുള്ള വക മലയാളി ഉണ്ടാക്കിയിരിക്കും.സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ചാരായഷാപ്പുകള്‍ നിര്‍ത്തിയ ആന്റണിയും പിന്തുടര്‍ച്ചക്കാരും ബീവറേജുവഴി കൂടുതല്‍ വിലക്ക്‌ മദ്യം വിറ്റ്‌ കുടിയന്മാരെ കൂടുതല്‍ ദരിദ്രരാക്കി.ദിനം പ്രതി കുടിയന്മാരുടെ എണ്ണം കൂടുകയും കുടിക്കുന്ന മദ്യത്തിന്റെ അളവുകൂടുകയും ചെയ്തു.യുവാക്കളിളില്‍ നിന്ന് കൗമാരക്കാരിലേക്കും പിന്നെ ചെറിയ അളവില്‍ ബിയറിന്റെ രൂപത്തില്‍ തുടങ്ങി യുവതികളിലേക്കും എത്തിനില്‍ക്കുന്നു നമ്മുടെ മദ്യത്തിന്റെ ഉപയോഗം. മദ്യപിക്കുവാത്തവന്‍ ഇന്ന് പലപ്പൊഴും അടിച്ചുപൊളി ടീമില്‍ ഇടംകണ്ടെത്താനാവാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയാണ്‌.ചാരായനിരോധനംകൊണ്ട്‌ കേരളത്തില്‍ യാതൊരു ഗുണവും ഉണ്ടായിട്ടില്യാന്നുമാത്രമല്ല വ്യാജന്മാര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ചാരായതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ട്ടപ്പെട്ടതും പുനരധിവാസം പ്രസ്താവനയില്‍ ഒതുങ്ങിയതും മാത്രം മിച്ചം!കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ള വയനാട്ടില്‍ ബത്തേരി മീനങ്ങാടി കല്‍പ്പറ്റ മാനന്തവാടി എന്നിവടങ്ങളിലെ റോഡരികുകളില്‍ കുടിച്ച്‌ ബോധം ഇല്ലാതെ കിടക്കുന്നവരുടെ എണ്ണംകണ്ടാല്‍ നാം അതിശയിച്ചുപോകും.കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആയ ഇവര്‍ക്കൊക്കെ എവിടെനിന്നും ഇത്രമാത്രം പണം ലഭിക്കുന്നു മദ്യപിക്കുവാന്‍. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്‌ മദ്യത്തിന്റെ ഇന്നത്തെ ഉപയോഗം കുറക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആദ്യപടിയായി നടപ്പാക്കണം. വ്യാജനെതടയല്‍ പ്രസ്താവനകളില്‍ മാത്രം ആകാതിരിക്കണം. വനമേഘലയായതിനാല്‍ വ്യാജമദ്യത്തിനു ഒരു ക്ഷാമവും ഇല്യാത്ത സ്ഥലമാണ്‌ വയനാട്‌.വയനാട്ടിലെ മറ്റൊരു പ്രശ്നം ചീട്ടുകളിയും വന്തോതിലുള്ള വ്യാജലോട്ടറിയുമാണ്‌. പലപ്പോഴും കടക്കെണിയില്‍ പെടുന്നതിന്റെ ഒരു കാരണം പണം വച്ചുള്ള ചീട്ടുകളിയും അതിനായി പലിശക്കെടുക്കുന്ന എടുക്കുന്ന പണവുമാണ്‌.നടപ്പാക്കാന്‍ പോകുന്ന കര്‍ഷക പാക്കേജിനെകുറിച്ചു വര്‍ണ്ണനകള്‍ക്കിടയിലും ആഗോളവല്‍ക്കരണവും കേന്ദ്രത്തിന്റെ ഇറക്കുമതിനയത്തെകുറിച്ചും വിമര്‍ശിക്കുന്നതിനു മുമ്പും ഓര്‍ക്കുക, ബീവറേഞ്ഞിന്റെ വന്‍ തോതിലുള്ള ലാഭക്കണക്കുകളില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ വിയര്‍പ്പും അവരുടെ നിരാലംബരാക്കപ്പെട്ട കുടുമ്പത്തിന്റെ കണ്ണീരും ഉണ്ടെന്ന്. കര്‍ഷകപാക്കുജുകള്‍ക്കുമുമ്പെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിക്ക്‌ തടയിടുക. അല്ലെങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ മദ്യത്തിനു റേഷനോ സബ്സീഡിയോ അനുവദിക്കുക.ഇതെല്ലാം വായിച്ചിട്ട്‌ കര്‍ഷകര്‍ ഉല്‍പ്പന്നത്തിന്റെ വിലയിടിവുമൂലം ഉണ്ടായ നഷ്ടവും ബ്ലേഡ്‌ മാഫിയാ ബാങ്ക്‌ ജപ്തി എന്നിവയുടെ ശല്യവും കൊണ്ടല്ല ആത്മഹത്യചെയ്യുന്നത്‌ എന്ന് സമര്‍ഥിക്കുവാനുള്ള ശ്രമമാണന്ന് കരുതരുത്‌. മദ്യവും ചീട്ടുകളിയും പലിശയുമാണ്‌ അവിടത്തെ ഭൂരിപക്ഷം ആത്മഹത്യകള്‍ക്കും കാരണം എന്നതില്‍ തര്‍ക്കമില്ല.

16 comments:

s.kumar said...

മദ്യത്തിനു സബ്‌സീഡി.തെറ്റിദ്ധരിക്കല്ലെ സത്യല്ലാട്ടാ ഒരുപുതിയ പോസ്റ്റിന്റെ തലക്കെട്ടാ....

Anonymous said...

മദ്യം സുലഭമായതുകൊണ്ട് മദ്യപാനികള്‍ കൂടുമോ? മദ്യം കിട്ടാത്തതു കോണ്ട് മദ്യപാനികള്‍ കുറയുമോ? ഉത്തരന്‍ ലളിതമാണ് മദ്യത്തിന്‍റെ ലഭ്യതയല്ല, മറിച്ച് മറ്റെന്തോ ആണ് കേരളത്ഥില്‍ മദ്യപാനികള്‍ കൂടാന്‍ കാരണം. എന്‍റെ വ്യതിപരമായ അഭിപ്രായമാണ്. യൂറോപ്പില്‍ കള്ളുകുടിക്കുന്നതും പെണ്ണുപിടിക്കുന്നതും വലിയ സംഭവമൊന്നുമല്ല. പക്ഷേ ഇതൊക്കെ നമുക്ക് ഭയങ്കര സംഭവങ്ങളാണ്. എന്തുകൊണ്ട്, നമ്മുടെ അമിതധാര്‍മ്മികബോധം. എന്നാല്‍ ശരിക്ക് ധാര്‍മ്മികത ഇവിടത്തെ ചേട്ടന്മാര്‍ക്ക് ഉണ്ടോ? മലയാളിയുടെ നശിച്ച ഉപരിപ്ലവ ധാര്‍മ്മിയതയും മൂടിവയ്ക്കലും പൊതിഞ്ഞ് വച്ചുള്ള നടപ്പ് അവസാനിച്ചാല്‍ മാത്രമേ ഇവിടെ യഥാര്‍ത്ഥ പുരോഗതിയുണ്ടാവൂ..

Anonymous said...

മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ കൈയില്‍ വച്ചാ മതി.

വിഷ്ണു പ്രസാദ് said...

'മദ്യവും ചീട്ടുകളിയും പലിശയുമാണ്‌ അവിടത്തെ ഭൂരിപക്ഷം ആത്മഹത്യകള്‍ക്കും കാരണം എന്നതില്‍ തര്‍ക്കമില്ല'
പ്രിയപ്പെട്ട കുമാര്‍ ഞാനൊരു വയനാടനാണ്.വയനാട്ടുകാര്‍ കുടി,ചീട്ടുകളി എന്നിവയില്‍ മുന്നിലാണെന്ന ഒരാരോപണം ഇതില്‍ ഒളിഞ്ഞിരിപ്പില്ലേ..?വയനാട്ടില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ഗള്‍ഫ് പണത്തിന്റെ വരവ്
കുറവാണ്.വയനാട്ടുകാരായ ഉദ്യോഗസ്ഥരും കുറവാണ്.കൃഷിയാണ് വയനാടിന്റെ സാമ്പത്തിക സ്ഥിതി നിര്‍ണയിക്കുന്നത്.ആഗോളവല്‍ക്കരണം ഏറ്റവും ആദ്യം ബാധിച്ച കേരളത്തിലെ ജില്ലയാണ് വയനാട്. വയനാടിന്റെ കൃഷിരീതികള്‍ക്കുമുണ്ട് ചില പാളിച്ചകള്‍ .ലാഭം മാത്രം നോക്കിയുള്ള കൃഷി.ഒരു തവണ കാപ്പിക്ക് വിലയില്ലെങ്കില്‍ കാപ്പി മുഴുവന്‍ വെട്ടിമാറ്റി ചായ വെക്കും.ചായ എല്ലാവരും നട്ടു കഴിയുമ്പോള്‍ ചായയ്ക്കു വിലയില്ല.ഉടനെ ചായ വെട്ടി റബറോ ഇഞ്ചിയോ നടുന്നു.മണ്ണു മുഴുവന്‍ കീടനാശിനിയും രാസവളവും ചേര്‍ത്ത് നശിപ്പിച്ചു കഴിഞ്ഞു.വയനാട്ടുകാരോട് ആര്‍ക്കാണ് താത്പര്യം?ഇപ്പോഴും സന്ധ്യായായാല്‍ വയനാട്ടിലെവിടെയുമുള്ള വൈദ്യുതവിളക്കുകള്‍ കത്തുന്നത് കാണണമെങ്കില്‍ ടോര്‍ച്ചടിച്ചുനോക്കണം,അത്രയ്ക്ക് പ്രകാശമാണ്.സ്ഥിരമായി കോണ്‍ഗ്രസ്സിന്നെ ജയിപ്പിച്ചുവിട്ടിരുന്ന വയനാട്
ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിന്നത് കേരളത്തിന്റെ ഇതരജില്ലകള്‍ ഉയര്‍ത്തിപ്പിടിച്ച കാരണങ്ങള്‍ കൊണ്ടൊന്നുമല്ല.ഇന്‍ഫാമും നക്സലൈറ്റുകളും വയനാട്ടില്‍ ഇനിയും വളരും.മരണങ്ങളെ ആഘോഷിക്കുകയോ മദ്യത്തിന്റെയോ ചീട്ടുകളിയുടെയോ കണക്കില്‍ എഴുതിതള്ളുകയോ ചെയ്യാം.കുറ്റകരമായ മൌനം പാലിക്കുന്ന ഏതു ഭരണകൂടവും ഭയക്കുന്ന ജനരോഷം വയനാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുയാണ്.

s.kumar said...

കൃഷികള്‍ മാറിമാറിചെയ്തതിന്റെ ദോഷവശത്തെക്കുറിച്ചും ആഗോളവല്‍കരണത്തെക്കുറിച്ചും താങ്കള്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു.ആനയേക്കൊണ്ട്‌ കാപ്പിക്കടപിഴുത്‌ അവിടെ കുരുമുളകിട്ടു പിന്നീട്‌ നഷ്ട്ടം വന്ന് ആത്മഹത്യചെയ്ത കര്‍ഷകരില്‍ കൂടുതല്‍ പുല്‍പ്പള്ളിയില്‍ ആണല്ലോ? ബീനാച്ചിയില്‍നിന്നും വാങ്ങിയ കാപ്പിത്തടിയില്‍ നിര്‍മ്മിച്ച ഒരു ശില്‍പ്പം ഫ്രാന്‍സിലുള്ള എന്റെ ഒരു സുഹൃത്തിന്റെ കൈയ്യിലുണ്ടത്രേ! എന്തുകോണ്ട്‌ അത്തരം സാധ്യതകളെ കൂടുതലായി ഉപയോഗപ്പെടുത്തിയില്ല? ആഗോളവല്‍കരണത്തിന്റെ ദോഷവശത്തെക്കുറിച്ച്‌ ലോകമെങ്ങും പ്രസംഗിച്ചുനടക്കുകയും പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത്‌ വ്യക്തിയെതന്നെ എം.പിയായും അദ്ദേഹത്തിന്റെ മകനെ എം.എല്‍.എ ആയും ലഭിച്ച നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തായാലും വയനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍ക്ക്‌ ഒരു പുതിയ പരിഹാരം ഉണ്ടാകുമല്ലോ? (ആമസോണിനെകുറിച്ചുവരെ വ്യാകുലപ്പെടുന്ന ആള്‍ തീര്‍ച്ചയായും സ്വന്തം ചുറ്റുവട്ടത്തെ കാര്യങ്ങള്‍ കണ്ടില്ലെന്ന് വരില്ലല്ലോ?)

തീര്‍ച്ചയായും വയനാട്ടിലെ പ്രശ്നങ്ങള്‍ ഇവിടെ പരാമര്‍ശിച്ചത്‌ കേവലം പത്ര-ടി.വി റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയല്ല വിഷ്ണുപ്രസാദെ. വയനാട്ടില്‍ ഏതാണ്ട്‌ നാലുവര്‍ഷം താമസിക്കുകയും പിന്നീടവിടെ ഇടക്കിടെ സൗഹൃത സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. ബാവലിപുഴയുടെ അവിടെ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊടകില്‍ നിന്നും ഇഞ്ചികൃഷി ചെയ്തുകിട്ടുന്ന ലാഭവും കിട്ടുന്ന പണിക്കൂലിയും ചീട്ടുകളിച്ച്‌ കളയുന്നവരും ആത്മഹത്യചെയ്യുന്നവരുമായ ഒത്തിര്‍പേരുണ്ടായിരുന്നില്ലെ!ഇന്നും കേരളത്തിലേക്ക്‌ സ്പിരിറ്റ്‌ മുത്തങ്ങവഴിയും മറ്റുമല്ലെ കാര്യമായി വരുന്നത്‌?

വയനാടന്‍ കര്‍ഷകരെ ചൂഷണം ചെയ്ത്‌ നിയമസഭക്കകത്തു കയറിക്കൂടിയും ഗ്രൂപ്പ്‌ വഴക്കില്‍ വിലപേശിയും ജീവിച്ച രാഷ്ട്രീയക്കാരെ നിങ്ങള്‍ തിരിച്ചറിഞ്ഞ്‌ തിരസ്കരിച്ചത്‌ നന്നായി. പുതുതായി വന്നവര്‍ എന്തൊക്കെ നല്ലകാര്യങ്ങള്‍ ചെയ്യുന്നു എന്ന് എനിക്കിപ്പൊ അറിയില്ല.ഇന്‍ഫാം എന്തുകൊണ്ട്‌ ശക്തി പ്രാപിച്ചു എന്നതിനുത്തരം കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതുകൊണ്ടാണ്‌. നിലവിലെ പിന്തിരിപ്പന്‍ പ്രസ്ഥനങ്ങള്‍ക്കു പകരമായി പുതിയൊരു പ്രസ്ഥാനം വരുമ്പോ ആരും അതില്‍ ആകൃഷ്ടരാകും.

കാര്‍ഷിക ആവശ്യത്തിനെന്നു പറഞ്ഞ്‌ എടുക്കുന്ന ലോണുകള്‍ കൃഷിക്കുവേണ്ടിമാത്രമാണോ ചിലവിടുന്നത്‌. വലിയ വീടുകള്‍ നിര്‍മ്മിച്ചും വന്‍ തുക സ്ത്രീധനം നല്‍കിയും കുത്തുപാളയെടുത്ത എത്രപേര്‍ ഉണ്ട്‌ വയനാട്ടില്‍.
ആദിവാസികള്‍ക്ക്‌ വിദ്യാഭ്യാസത്തിനായും പുനരധിവാസത്തിനായും സര്‍ക്കാരും പരമദയാലുക്കളായ വേള്‍ഡുബാങ്കും ചിലവിടുന്ന തുക "രാഷ്ട്രീയ-കോണ്ട്രാക്ടര്‍-ഉദ്യോഗസ്ഥ" ത്രയത്തിന്റെ പുനരധിവാസം കഴിഞ്ഞു വല്ലതും കിട്ടിയിട്ടുവേണ്ടെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍. (വിവിധ ട്രൈബല്‍ ഹോസ്റ്റലുകളുടേയും ആശുപത്രികളുടെയും ശോച്യാവസ്ത കണ്ടാല്‍ അറിയാം.)

ശ്രീ ജാനു നടത്തുന്ന ഭൂസമരം എത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയണം. ചെറുകിട കര്‍ഷകര്‍ മുതല്‍ വന്‍ കിട ജന്മിമാര്‍വരെ നഷ്ടത്തില്‍ നില്‍ക്കുമ്പോ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആദിവാസികള്‍ക്ക്‌ എങ്ങിനെ മുന്നോട്ടുപോകാനാകും. ഇതിനു സര്‍ക്കാര്‍ സഹായം നല്‍കണം എന്നത്‌ എത്രമാത്രം പ്രായോഗികമാണ്‌? ഇവിടെ പ്രസക്തമാകുന്ന മറ്റോരു ചോദ്യം കൂടെയുണ്ട്‌ പത്തുമുപ്പതു വര്‍ഷം മുമ്പ്‌ ഉണ്ടാക്കിയ ഒരു നിയമപ്രകാരം ആദിവാസികളുടെ ഭൂമി മറ്റുള്ളവര്‍ക്ക്‌ കൈമാറാനാകില്ല എന്നിട്ടെന്തു സംഭവിച്ചു? ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായോ? എവിടായിരുന്നു വിപ്ലവകാരികള്‍.

വിഷ്ണു പ്രസാദ് said...

കുമാറേ,
വീരേന്ദ്രകുമാര്‍ നല്ല മനുഷ്യനാണ്.അദ്ദേഹത്തിന്റെ മകനും അങ്ങനെ ആയിരിക്കാം.പക്ഷേ, ആഗോളവല്‍ക്കരണത്തെ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്.എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം.എം.ടി വാസുദേവന്‍ നായര്‍ സാസ്കാരികസദസ്സുകളില്‍ നിളയെ ക്കുറിച്ച്എത്രയോതവണ വിലപിച്ചിട്ടുണ്ടാവാം.അതുകൊണ്ട്മണലെടുക്കല്‍ അവസാനിച്ചുവോ ...?ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ ഒരു ജനവിഭാഗത്തിന് മുഴുവന്‍ ജീവനോപാധിയാവുമെങ്കില്‍ നന്ന്.പക്ഷേ...ഈ കര്‍ഷകരെയാകെ ശില്പികളാക്കിമാറ്റാന്‍ സാധ്യമോ,അതിന്റെ കാലവിളംബം എത്ര? അവരുടെ ജീവിതശൈലി അതിനനുസരിച്ച് മാറ്റാന്‍ പറ്റുന്ന ഒന്നാണോ..?
ബാവലി ഖസാക്ക് പോലെ ഇതിഹാസതുല്യമായ ഒരു സ്ഥലമാണ്.കഴിഞ്ഞ കമന്റില്‍ തന്നെ ബാവലിയെ ക്കുറിച്ച് ഞാനെഴുതണമെന്ന് കരുതിയതാണ്.രാത്രിയില്‍ ബാവലിയില്‍ നിന്ന്‍ ലാസ്റ്റ്ബസ്സിലുള്ള വരവ്
രസകരമായ ഒരു ഓര്‍മയാണ്.ബസ്സിലെ ഭൂരിഭാഗം ആളുകളും അര്‍ധബോധത്തിലായിരിക്കും.കര്‍ണാടകത്തില്‍
നിന്നുള്ള പാക്കറ്റ് ചാരായമാണ് ഇതിന്റെ കാരണം.ബാവലി ഒരു ഒറ്റപ്പെട്ട കെയ്സാണ്.താങ്കള്‍ എഴുതിയത്
മീനങ്ങാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചാണ്.അവിടെയൊന്നും കുടിയന്‍മാരില്ല എന്നു ഞാന്‍ പറയുന്നില്ല. കേരളത്തില്‍ മറ്റേതൊരു പ്രദേശത്തുമുള്ളതുപോലേയേ അവിടെയും കുടിയന്മാരുള്ളൂ.ഞാനിപ്പോള്‍ താമസിക്കുന്ന കൂടല്ലൂരു (പാലക്കാട്)ള്ളത്ര വ്യാജവാറ്റുകേന്ദ്രങ്ങള്‍ എന്റെ ജന്മനാടായ ആനപ്പാറയില്‍ (വയനാട് ) ഇല്ല.മറ്റുകാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നില്ല.കമന്റിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ തന്നെ ഒരുപാട് കൂടി.

മഹേഷ് മംഗലാട്ട് said...

മദ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന മയ്യഴിയില്‍ നിന്നാണ് ഈ കുറിപ്പ്.

മദ്യത്തിന്റെ കാര്യം വയനാടുമായി കൂട്ടിച്ചേര്‍ത്തു പറഞ്ഞതിനാല്‍ കമന്റുകള്‍ ആ വഴിക്കു പോയി.

മദ്യത്തിന്റെ ലഭ്യത മദ്യപാനികളുടെ എണ്ണം കൂട്ടുമോ എന്ന ചോദ്യത്തിന് ഉത്തരം അതെ എന്നാണ്. സമൃദ്ധമായി മദ്യം കിട്ടുന്ന ഒരിടത്ത് അതിനെക്കുറിച്ചുള്ള സാമൂഹികമാന്യതയുടെ പ്രശ്നം ഉണ്ടാവില്ല എന്ന് മയ്യഴിയെ ഉദാഹരണമാക്കി സാക്ഷ്യപ്പെടുത്താം.ചില്ലറ മദ്യപാനമൊന്നും പ്രശ്നമായി ആരും അവിടെ കണക്കാക്കില്ല.

മറ്റു രീതിയില്‍ കാശുണ്ടാക്കാന്‍ വകയില്ലാത്തവനും മദ്യം വേണം എന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ഒരു സംസ്കാരവും രൂപപ്പെടും.ആ സംസ്കാരം നല്ലതോ ചീത്തയോ എന്ന മൂല്യനിര്‍ണ്ണയം ഓരോരുത്തര്‍ക്കും സ്വന്തം താല്പര്യമനുസരിച്ച് ചെയ്യാം.

കണ്ണൂര്‍ജില്ലയിലെ രാഷ്ട്രീയസംസ്കാരത്തില്‍ നിന്ന് മയ്യഴി മാറി നില്ക്കാനുള്ള കാരണം മേല്പറഞ്ഞ സംസ്കാരമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

s.kumar said...

പ്രസാദ്‌,
ആനപ്പാറയില്‍ വാറ്റില്ലാ എന്ന് പറയുന്നത്‌ വിശ്വസിക്കണോ? വീരേന്ദ്ര്കുമാര്‍ വയനാടിനു ചെയ്യുന്നനല്ലകാര്യങ്ങള്‍ കൂടെ ഒന്ന് എഴുതിയാല്‍ നന്നായിരുന്നു. കമന്റിന്റെ ദൈര്‍ഘ്യം കൂടുന്നത്‌ പ്രശ്നമല്ല.എം.ടി ഒരു എഴുത്തുകാരനാണ്‌. അദ്ദേഹത്തിനു അധികാരം ഇല്ല.മറിച്ച്‌ ഇദ്ദേഹം മന്ത്രിയായിട്ടിരുന്നിട്ടുള്ള ആളാണ്‌. ഇപ്പോള്‍ എം.പി.മകന്‍ എം.എല്‍.എ യാണ്‌. രണ്ടുപേരുടേയും മണ്ടലങ്ങളില്‍ വയനാടിന്റെ തലസ്ഥാനം ഉള്‍പെടുന്നു. അദ്ദേഹത്തിന്റെ കണ്മുമ്പില്‍ (അവരുടെ തോട്ടത്തിനോടു ചേര്‍ന്നെന്നാണ്‌ കേട്ടത്‌) ഒരു ടെക്നിക്കല്‍ സ്ഥപനം ഉണ്ടെന്ന് കേട്ടിട്ടുണ്ട്‌ അതിന്റെ സ്ഥിതിയെപറ്റി ഒരു സുഹൃത്ത്‌ പറഞ്ഞ അറിവേ ഉള്ളൂ.

പനമരത്തുനിന്നും മീനങ്ങാടിയില്‍ നിന്നും ഒക്കെയുള്ള മദ്യപിച്ച്‌ ലക്കുകെട്ടുകിടക്കുന്നവരുടെ ചില ചിത്രങ്ങള്‍ എന്റെ പഴയ കളക്ഷനില്‍ ഉണ്ടെന്നാണ്‌ തോന്നുന്നത്‌.യാത്രകള്‍ക്കിടയില്‍ എടുത്തതാണ്‌. മാഹിയിലെ ചിത്രങ്ങളൂം കാണണം. ഇത്രയും മനോഹരചിത്രങ്ങള്‍ എന്റെ ക്യാമറക്ക്‌ ഇതുവരെ കേരളത്തില്‍ ഒരിടാത്തുനിന്നും കിട്ടിയിട്ടില്ല. നിങ്ങളൂടെ നാടിനെ മോശമാക്കികാണിക്കാനല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

പിന്നെ പാലക്കാട്‌ അവിടെ ഇവിടുള്ളത്രയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നില്ലാ എന്നത്‌ ഒരു പക്ഷെ നെല്ലു പ്രധാന കൃഷിയായതു കൊണ്ടായിരിക്കാം. പാലക്കാട്ടെ കലക്ക്‌ കള്ള്‌ പ്രസിദ്ധാണ്‌ എന്നത്‌ മറക്കുന്നില്ല.

മഹേഷിന്റെ അഭിപ്രായത്തോട്‌ യോജിക്കുന്നു. മദ്യപിക്കുന്നവര്‍ തങ്ങളൂടേതായ ഒരു സംസകാരം ഉണ്ടാക്കിയെടുക്കുവാന്‍ മിടുക്കമ്മാരാണ്‌.
ശ്രീ നികേഷ്‌ നടത്തുന്ന ജനസഭ എന്ന ടി.വി പ്രോഗ്രാമ്മില്‍ കഴിഞ്ഞദിവസം മയ്യഴിയെപ്പറ്റി ചര്‍ച്ചയുണ്ടായിരുന്നു. ഭൂരിപക്ഷം പേരും കേരളത്തോടു ചേരാന്‍ താല്‍പര്യമില്ല എന്നാണ്‌ പറഞ്ഞത്‌. ഒരു പക്ഷെ കേരളത്തിന്റെ അവസ്ഥയില്‍ താല്‍പര്യമില്ലാഞ്ഞിട്ടായിരിക്കാം. മയ്യഴിക്ക്‌ കൂടുതല്‍ ഗുണപരമായ കാര്യങ്ങള്‍ പോണ്ടിച്ചേരിയുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഉണ്ടായിരിക്കാം.

മയ്യഴിയിലെ കുടിയന്മാര്‍ മുഴുവന്‍ മയ്യഴിക്കാരല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. മയ്യഴിയില്‍ വന്ന് അടിച്ച്‌ കിടക്കുന്നവരാണ്‌.അവരെ അടിച്ചോടിക്കേണ്ടത്‌ മയ്യഴിയിലെ ജനങ്ങളുടെ കൂട്ടായ്മയാണ്‌.

s.kumar said...

കണ്ണൂരിലെ കിരാതമായ രാഷ്ട്രീയ സംസക്കാരത്തിലേക്ക്‌ എത്താത്ത്‌ ഒരുപക്ഷെ മയ്യഴിയുടേ ഭാഗ്യം. ചിലപ്പോ ഫ്രഞ്ച്‌ ഇന്‍ഫ്ലുവന്‍സുമാകാം!
എന്തായാലും പാര്‍ട്ടിഗ്രാമങ്ങളും അന്ധമായ രാഷ്ട്രീയ വൈരം വച്ച്‌ പരസ്പരം വെട്ടിക്കൊല്ലലും ഒന്നു ഇല്യല്ലോ. അതു തന്നെ മഹാഭാഗ്യം. കണ്ണൂരിലെ രാഷ്ടീയ സംസ്കാരം കിട്ടാഞ്ഞതില്‍ സന്തോഷിക്കൂ സുഹൃത്തേ. പെറ്റമ്മയുടെ മുന്നിലിട്ടു കൊലചെയ്യപ്പെട്ട സുധീഷും സ്വന്തം ഭാര്യയുടെ മുന്നിലിട്ടു വധിക്കപ്പെട്ട പന്ന്യന്നൂര്‍ ചന്ത്രന്‍. പിന്നെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ട്‌ മൃഗീയമായി വധിക്കപ്പെട്ട ഒരു അദ്യാപകന്റെയും കാര്യം, ഇരുകാലും നഷ്ട്ടപ്പെട്ട അഷ്ണയെന്ന പിഞ്ചുകുട്ടി ഇത്രവേഗം മറന്നോ ഇതെല്ലാം? ആ സംസ്കാരത്തെ ചേര്‍ത്തുപിടിക്കുവാന്‍ ആര്‍ക്കാണ്‌ താല്‍പര്യം.

ഞാന്‍ ഇരിങ്ങല്‍ said...

എസ്സ് കുമാറും മഹേഷ് മംഗലാട്ടും നടത്തിയ അനാവശ്യമായ കണ്ണൂര്‍ രാഷ്ട്രീയ സംസ്കാരത്തെക്കു
റിച്ച് വിയോജിപ്പും ഒപ്പം ചില യോജിപ്പും ഉണ്ട്
നാളെ വിശദ്മായ കമന്‍ റ് തരാം. ഇന്ന് ഓഫീസ് സമയം കഴിയുന്നു.

s.kumar said...

ശ്രീ ഇരിങ്ങലിന്റെ കമന്റില്‍ എന്റെയും മഹേഷിന്റെയും ചര്‍ച്ചയില്‍ കണ്ണൂര്‍ രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് എഴുതികണ്ടു.
ഇരിങ്ങലിന്റെ വിശദമായ കമന്റിനായി കാത്തിരിക്കുന്നു.മറ്റുപോസ്റ്റുവന്നെങ്കിലും ഈ ചര്‍ച്ച തുടരാവുന്നതാണ്‌. കണ്ണൂരില്‍ നിയലനിന്നിരുന്നതോ/നില്‍ക്കുന്നതോ ആയ ചില കാര്യങ്ങള്‍ ഇതില്‍ പരാമര്‍ശിച്ചു എന്നത്‌ തെറ്റാണോ? ഇതില്‍ എഴുതിയ കാര്യങ്ങള്‍ താങ്കള്‍ക്ക്‌ നിഷേധിക്കാന്‍ പറ്റുമോ? തലശ്ശേരിയിലും കൂത്തുപറമ്പിലുമെല്ലാം പാര്‍ട്ടി ഗ്രാമങ്ങള്‍ ഇല്ലെ? കണ്ണൂരില്‍ കിരാതമായ രീതിയില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും ഇല്ലെ? പുരോഗമനപരമായ മാനുഷികമൂല്യങ്ങള്‍ ഉള്ള ഒരു സമൂഹത്തിനു യോജിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ ആണോ ഇതൊക്കെ.

ഞാന്‍ ഇരിങ്ങല്‍ said...

രാവിലെ മുതല്‍ ബിസ്സി ആയിരുന്നു. സാധാരണ പണികളൊന്നും കാര്യമായിട്ടുണ്ടാകില്ല. എന്നാല്‍ ഇന്ന് അങ്ങിനെ അല്ല. അതാണ് വൈകിയത്.
എങ്കില്‍ ക്ലാസ്സ് ആരംഭിക്കാം അല്ലേ..

“ കണ്ണൂര്‍ജില്ലയിലെ രാഷ്ട്രീയസംസ്കാരത്തില് നിന്ന് മയ്യഴി മാറി നില്ക്കാനുള്ള കാരണം മേല്പറഞ്ഞ സംസ്കാരമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മഹേഷ് മംഗലാട്ട് said…“

“ കണ്ണൂരിലെ കിരാതമായ രാഷ്ട്രീയ സംസക്കാരത്തിലേക്ക് എത്താത്ത് ഒരുപക്ഷെ മയ്യഴിയുടേ ഭാഗ്യം. ചിലപ്പോ..”

“ കണ്ണൂരിലെ രാഷ്ടീയ സംസ്കാരം കിട്ടാഞ്ഞതില്‍ സന്തോഷിക്കൂ “

മുകളില്‍ പ്രസ്താവിച്ച വാക്കുകളില്‍ നിന്ന് ഒരു സാധാരണ വായനക്കാരന്‍ എന്തു ധരിക്കും? ഒരു പതിവ് ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ വരുന്നതു പോലെ ഒരിക്കലും കാടടച്ചു വെടി വെയ്ക്കാതെ.

ഇന്ന് രാഷ്ട്രീയ മായ പ്രബുദ്ധത ഏറെ നിലനില്‍ക്കുന്ന ജില്ല കണ്ണൂര്‍ ജില്ല മാത്രമാണ്. നിങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയോടും മുതിര്‍ന്നവരോടും ചോദിക്കൂ അവന്‍ അവന്‍റെ രാഷ്ട്രീയ നിപപാട് വ്യക്തമയി നിങ്ങളോട് സംവദിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതു കൊണ്ടു തന്നെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജില്ല കളില്‍ മുന്‍പന്തിയില്‍ എന്നൊ ഏക ജില്ല യെന്നൊ കണ്ണൂര്‍ ജില്ലയെ വിളിക്കാം.

താങ്കള്‍ ചൂണ്ടി കാട്ടുന്ന ഉദാഹരണങ്ങള്‍:
“ പെറ്റമ്മയുടെ മുന്നിലിട്ടു കൊലചെയ്യപ്പെട്ട സുധീഷും സ്വന്തം ഭാര്യയുടെ മുന്നിലിട്ടു വധിക്കപ്പെട്ട പന്ന്യന്നൂര്‍ ചന്ത്രന്‍. പിന്നെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ട്‌ മൃഗീയമായി വധിക്കപ്പെട്ട ഒരു അദ്യാപകന്റെയും കാര്യം, ഇരുകാലും നഷ്ട്ടപ്പെട്ട അഷ്ണയെന്ന പിഞ്ചുകുട്ടി ഇത്രവേഗം മറന്നോ“

ഏതെങ്കിലും ഒരു സംഭവം എടുത്ത് ആ നാടിന്‍റെ സംസ്കാരത്തെ അളക്കരുത്.
മേല്‍ പ്രസ്താവിച്ച സംഭവങ്ങളിലെ രാഷ്ട്രീയം നിങ്ങള്‍ വയിച്ചു നോക്കൂ. എന്തിനുവേണ്ടിയാണീ കൊലപാതകങ്ങള്‍? ആരാണീ കൊലപാതകികള്‍?

കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാരിന്‍റെ ആലയമാക്കാന്‍ എന്ന് കൊതിച്ച കുറച്ച് സംഘാങ്ങള്‍ ഉത്തരേന്ത്യന്‍ സംസകാരം നടപ്പിലാക്കന്‍ ശ്രമിച്ചതിന്‍റെ ഉത്തമ ഉദാഹരണമാണ് സുധീഷിന്‍റെ വധവും തുടര്‍ന്നുള്ള എല്ലാ കണ്ണൂര്‍ രാഷ്ട്രീയ സംഘട്ടനങ്ങളും.
എന്നാല്‍ ഇപ്പോള്‍ നോക്കൂ.
തൊഴിത്തില്‍ കുത്തും കുതികാല്‍ വെട്ടുംകൊണ്ട് മുച്ചൂടും മുടിഞ്ഞു കൊണ്ടിരിക്കുന്ന സംഘ പരിവാര്‍ സംഘടനാ പരമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.കൂടെ ഉണ്ടായിരുന്ന ജനങ്ങളു അവരെ കൈ ഒഴിഞ്ഞു കൊണ്ടിരിക്കുന്നു. തികച്ചും ശാന്തം കണ്ണൂര്‍.

അങ്ങിനെ യുള്ള കണ്ണൂരിനെ അരാഷ്ട്രീയ വാദികളെന്നും മാഫീയ സംസ്കാരമുള്ളവരെന്നും വിളിച്ചാല്‍ ചരിത്രം പൊറുക്കില്ല.

എന്‍റെ വീട്ടില്‍ വന്ന് തോന്ന്യവാസം കാണിച്ചാല്‍ ചിലപ്പോള്‍ തല്ലും. ഇല്ലേ..

ഏതെങ്കിലും ആക്രമണക്കേസ്സില്‍ അതേ നാട്ടുകാരൊ അടുത്ത നാട്ടുകാരൊ പിടിയിലായിട്ടുണ്ടൊ? ഇല്ല എന്നതാണ് സത്യം എല്ലാം ഇറക്കുമതികള്‍.

ഇനി പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടൊ എന്നുള്ളത്.
ഉണ്ടെങ്കില്‍ എന്താ തെറ്റ്? (ഇല്ല എന്നുള്ള താണ് സത്യം)

അത്തരം ഗ്രാമങ്ങളില്‍ കൂട്ടായ്മയും ഒത്തൊരുമയും ഉണ്ടാകുന്നു. അയല്പക്കകാരന്‍റെ പ്രശനം തന്‍റെ പ്രശന്മായി കാണുന്നു. ആതമഹത്യകള്‍ കുറയുന്നു.
എല്ലാ നാട്ടിലും പാര്‍ട്ടി ഗ്രാമങ്ങളും കൂട്ടാ‍യ്മകളും ഉണ്ടാകട്ടെ. ആത്മഹത്യകളും കൊലപാതങ്ങളും ഇല്ലാതാകും.

ലേഖകന്റെ അഭിപ്രായത്തില് വയനാട്ടില് ആത്മഹത്യ പെരുകാന് കാരണം മദ്യപാനവും അതു കിട്ടാനുള്ള എളുപ്പവുമാണ്. ഒരളവുവരെ ശരിയാണ്.

വയനാട്ടിലെ ആളുകളിള്‍ ഒരു പിടി ആളുകള് മദ്യം വാറ്റുന്നു. ചെറുകിടമായും വന് കിടമായും. എന്തു കൊണ്ട് അങ്ങിനെ ഒരു സംസ്കാരം വയനാട്ടില് വരുന്നു?

വയനാട്ടില്‍ പ്രധാനമായും ആളുകള്‍ കൃഷിയെ ആശ്രയിക്കുന്നു. ആഗൊള വല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ കൃ ഷി നഷ്ട്മാവുകയും അവര്‍ക്ക് പുതിയ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടിയും വരുന്നു.
ഏറ്റവും ചുരുങ്ങിയ ചിലവില്‍ മുതലാളി മാരുടെ കീഴിലൊ അല്ലെങ്കില്‍ സ്വന്തമായൊ അവര്‍ വാറ്റ് സംഘടിപ്പിക്കുന്നു. ഇതിന്‍ ഇരയാവുന്നതും അവരുതന്നെ.
പ്രധാന കാരണം ജോലി ഇല്ല എന്നുള്ളതാണ്. ഇതിനൊരു പരിഹാരം കാണാന്‍ ഗവണ്മെന്‍ റിന് കഴിയുന്നില്ല.
വയനാട്ടില്‍ ഉദ്യോഗസ്ഥര്‍ കുറവാണ്. അണ്‍ എംപ്ലോയ്മെന്‍റ് വര്‍ഗ്ഗീയതയും കള്ളും കഞ്ചാവും അങ്ങിനെ എന്തൊക്കെ നിയമം മൂലം വിലക്കിയൊ അവരത് ചെയ്യാന്‍ പ്രേരിതമാകുന്നു.
യുവാക്കള്‍ മാഫിയ ഗ്രൂപ്പ് സൃഷ്ടിക്കുന്നു.
വിപ്ലവക്കാര്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണും ഇതു തന്നെ. അതിനൊക്കെയും കാരണം ഇവിടെ കൂട്ടായ്മകളില്ലാതാവുന്നു.
ഒപ്പം ആത്മഹത്യകള്‍ പെരുകുന്നു.

വീരേന്ദ്രകുമാറിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്:
വീരനവിടെ എന്തു ചെയ്യുന്നു? ഒന്നുമില്ല. സാഹിത്യത്തില്‍ കൂലിയെഴുത്തുകാരെ വച്ച് എഴുതിക്കുന്ന വീരനെ കുറിച്ചൊരു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്!!!

നീണ്ട ഒരു കുറിപ്പാണ് ഉദ്ദേശിച്ചത്. പക്ഷെ സമയം അനുവദിക്കുന്നില്ല. മൂഡും. വിശദീകരണങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട്.

s.kumar said...

ഈ ബൂര്‍ഷ്വാ മാധ്യമം എന്നു പറയുന്നുണ്ടല്ലോ പിന്നെ ഏതാ നേരറിയാന്‍ കൊള്ളാവുന്ന ഒരു പത്രം.(കാലണക്ക്‌ കിട്ടുന്ന നുണയെന്ന് പണ്ട്‌ ആരോ പറഞ്ഞ പത്രമോ?) ചാനലുകളിലെ വിഷ്വലുകള്‍ കള്ളം പറയുകയാണോ? അനുകൂലമായത്‌ പ്രസിദ്ധീകരിക്കുമ്പോള്‍ അതു ഉദ്ദരിച്ച്‌ സംസാരിക്കുകയും മറിച്ചായാല്‍ അത്‌ ബൂര്‍ഷ്വാ മാധ്യമ സൃഷ്ടിയും. ഇതു കാലം കുറേയായി കേള്‍ക്കുന്നതാ.

ഏതെങ്കിലും ഒരു സംഭവം മാത്രം എടുത്ത്‌ നാടിന്റെ സംസ്കാരത്തെ അളക്കുകയല്ല. തുടര്‍ച്ചയായുണ്ടായ സംഭവങ്ങള്‍ ആണ്‌ ഇങ്ങനെ ഒരു പരാമര്‍ശത്തിനു കാരണം. വിപ്ലവപ്രസ്ഥാനങ്ങള്‍ കൊടികുത്തിവാഴുന്ന/വാണിരുന്ന ആലപ്പുഴയില്‍ എന്തെ സംഘപരിവാര്‍ ശക്തമായില്ല. കേരളത്തില്‍ കണ്ണൂരില്‍ മാത്രം എന്തെ ഇത്രയും പ്രശനങ്ങള്‍ ഉണ്ടായി.

സംഘപരിവാറിനെതിരായപോരാട്ടത്തിന്റെ പേരില്‍ ന്യായീകരിക്കാവുന്നതാണോ പിഞ്ചുകുട്ടികളുടെ മേലും മനസ്സിലും വീണ ആ അദ്യാപകന്റെ ചോരക്കറ. ഇത്രയും ചെറുപ്പത്തില്‍ കിരാതമായ ആ കൊലപാതകത്തിനു സാക്ഷിയാകേണ്ടിവന്ന കുഞ്ഞുമനസ്സുകളെകുറിച്ച്‌ എന്തേ ഒാര്‍ക്കാത്തെ.

പാര്‍ട്ടിഗ്രാമങ്ങളില്‍ അന്യ പാര്‍ട്ടിക്കാര്‍ ഒതുക്കപ്പെടുകയോ ഉള്ളതു വിറ്റു നാടുവിടുകയോ ചെയ്യാറാണ്‌ പതിവെന്ന് മനപ്പൂര്‍വ്വം വിട്ടുപോയതാണോ?അവിടെ മറ്റുള്ളവര്‍ക്ക്‌ സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം പോയിട്ട്‌ അഭിപ്രായസ്വാതന്ത്രം പോലും ഇല്ല്യാ എന്നുള്ളതല്ലെ സത്യം. ( ഇടതിനു ശക്തിയുള്ളിടത്ത്‌ ഇടതും പരിവാറിനു ശക്തിയുള്ളിടത്ത്‌ പരിവാറും) താങ്കള്‍ പറയുന്നത്‌ ശരിയാണ്‌ പക്ഷെ എല്ലാ നാട്ടിലും ഒരു പാര്‍ട്ടിയുടെ കൂട്ടായമ എന്ന് മാറ്റി എഴുതേണ്ടിവരുമെന്നു തോന്നുന്നു.

പരിവാറിനെ ജനങ്ങള്‍ തഴഞ്ഞതിനെകുറിച്ച്‌ താങ്കളുടെ നിരീക്ഷണം ശരിയാണ്‌. രാമന്‍പിള്ളതന്നെ പറയുന്നു അവര്‍ 1991 മുതല്‍ വോട്ടുമറി നടത്താറുണ്ടെന്ന്. മറ്റു മതവിഭാഗങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ നിര്‍ണ്ണായക ആധിപത്യം സ്ഥാപിച്ചപ്പോളും അധികാരം കൈവെള്ളയില്‍ ഇട്ട്‌ അമ്മാനമാടിയപ്പോഴും ഇവര്‍ ഹിന്ദുവിന്റെ പേരുപറഞ്ഞു അവിടെം ഇവിടെം തല്ലും ഭജനയുമായി നടന്നതിന്റെ ഫലമാണ്‌ ഇന്നേവരെ ഒരു എം.എല്‍.എ പോലും ഉണ്ടാകാതിരുന്നത്‌. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാന്‍ സമീപകാല നേതൃത്വത്തിനുകഴിഞ്ഞില്ല.തിരുവനന്ദപുരത്ത്‌ അവര്‍ക്ക്‌ ഒത്തിരി വോട്ടുകള്‍ നേടുവാനും തമ്മിലടിയുടെഫലമായി അടുത്ത ഇലക്ഷനില്‍ വല്യനേതാവ്‌ വല്യനിലയില്‍ തോറ്റ്‌ കണ്ണൂര്‍ക്ക്‌ വണ്ടികയറിയതും നാം മറന്നുവോ? അതു പോട്ടേ അതു നമ്മുടെ വിഷയമല്ല.

ആക്രമണക്കെസില്‍ അന്നാട്ടുകാര്‍ അല്ലെന്നും ആക്രമണത്തിന്റെ രീതിയില്‍ നിന്നും പ്രൊഫഷണല്‍സാണെന്നും പത്രത്തില്‍ വായിച്ച അറിവേ ഉള്ളൂ.

വീരനു ഞാന്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റല്ല മാഷെ നല്‍കിയത്‌. ഒന്നുകൂടെ ഒഴിവുപോലെ വായിച്ച്‌ നോക്കുമല്ലോ?
ക്ലീന്‍ നല്‍കിയത്‌ മറ്റൊരു വയനാട്ടുകാരനാണ്‌.

പട്ടേരി l Patteri said...

കണ്ണൂരിനെ പറ്റി ഇരിങ്ങലേട്ടന്‍ പറഞ്ഞതിനു എന്റെ ഒപ്പു .
ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എന്നോടു ഒരു പഞ്ചാബി സമൂസ വേണോ എന്നു ചോദിച്ചതിനാല്‍ എല്ലാ പഞ്ചാബികളും നല്ലതാണെന്നും ട്രയിനില്‍ വച്ചു എന്റെ കളിപ്പാട്ടം ബംഗാളി കുട്ടി പൊട്ടിച്ചതിനാല്‍ എല്ലാ ബംഗാളികളും മോശമാണെന്ന് കരുതിയ ഒരു 5 വസ്സുകാരന്റെ നിലയില്‍ നിന്ന് ഉയര്‍ന്ന് ചിന്തിക്കേണ്ട പ്രായവും പക്വത**യും എനിക്കും വേണം എന്നു ഞാന്‍ കരുതുന്നു.
കണ്ണൂരിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒരുകാലത്തു തന്റെ പാര്‍ട്ടിയെ വേണ്ടതിലധികം അന്ധമായി സ്നേഹിച്ചിരുന്നു എന്നു വേണമെങ്കില്‍ പറയാമായിരിക്കാമ്.
പക്ഷെ ദ്യഡനിശ്ചയം ഉള്ള ഒരു ഭരണകൂടവും (ഇലക്ഷന്‍ കമ്മീഷനടക്കം ) സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പോലീസും ഉണ്ടെങ്കില്‍ നിയന്ത്രിക്കവുന്നതേ ഉള്ളൂ. അതു നാം കഴിഞ്ഞ ഇലക്ഷനു ശേഷം കണ്ടതുമാണു.
കണ്ണൂരിലെ ആക്രമങ്ങള്ക്കു ശേഷം മയ്യഴി ആയിരുന്നു ചിലര്‍ക്കു ഒളിത്താവളം എന്നു അങ്ങേക്കറിയില്ലെ മിസ്റ്റര്‍ മഹേഷ്:)
ഉറ്റവര്‍ നഷ്ടപ്പെടുന്ന വേദന ഇവരൊക്കെ തിരിച്ചറിഞ്ഞു എന്നു തോന്നുന്നു.
ഇനി ഓണ്‍ ടോപിക്
മയ്യഴിക്കരൊക്കെ മദ്യപാന്മാര്‍ എന്നു ഞാന്‍ പറയൂല്ല. ഒരു സമൂഹത്തെയും അടച്ചാക്ഷേപിക്കരുതു.
കേരളത്തിന്റെ മദ്യോപയോഗത്തിന്റെ തോതു കണ്ടാല്‍ ഞെട്ടേണ്ട കാലം ആയിരിക്കുന്നു.
കേരളം നന്നാവണമെങ്കില്‍ ആണുങ്ങളുടെ വെള്ളമടിയും പെണ്ണുങ്ങളുടെ സ്വര്‍ണ്ണ ഭ്രമവും ഇല്ലാതാവണം
ടൈപ്പി കുഴഞ്ഞു : കമന്റിനും ഇനി ഞാന്‍ പോഡ് കാസ്റ്റ് ഉപയോഗിക്കേണ്ടി വരും :(

പട്ടേരി l Patteri said...

ഒരു പാര്‍ട്ടിക്കുമാത്രം സ്വാധീനമുള്ള പ്രദേശം ആണു പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നുകൊണ്ടു ഉദ്ദേശിച്ചതെങ്കില്‍ അതു സത്യമാണ്...പക്ഷെ അതു കണ്ണൂരിലോ അതോ ഏതെങ്ക്ങ്കിലും ഒരു പാറ്ടിയിലോ ഒതുങ്ങുന്നില്ല.
ഉദാ: മുംബൈയിലെ ശ്യാം നഗര്‍ ശിവസേനയുടെ ശക്തി കേന്ദ്രമാണ്.
`` എന്നെകൊണ്ടു രാഷ്ടീയം പറയിപ്പിക്കരുതു പ്ലീസ് :)
qw_er_ty

s.kumar said...

പ്രിയ പട്ടേരി,
അഞ്ചുവയസ്സുകാരന്റെ നിലയില്‍ നിന്നും ഉയര്‍ന്നു ചിന്തിക്കേണ്ടത്‌ ഇവിടെ പാര്‍ട്ടിക്കുവേണ്ടി മുന്‍പിന്‍ നോക്കാതെ തല്ലുകൂടാനും കീജെയ്‌ വിളിക്കാനും ജയിലില്‍ പോകുവാനും തയ്യാറാകുന്ന ജനങ്ങളാണ്‌.

പ്രധാനപ്പെട്ട ഒരു മാറ്റം എന്നു പറയുന്നത്‌ ചില പോക്കറ്റ്‌ പാര്‍ട്ടികളുടെ ജാഥക്കും ലയനയോഗങ്ങള്‍ക്കും പോകാന്‍ ചെറുപ്പക്കാര്‍ കൂലി വാങ്ങുന്നു എന്നതാണ്‌. (ബിരിയാണീം പെഗ്ഗും ബസ്സില്‍ വിതരണം നടത്തി എറണാംകുളം മധ്യമേഘലാ റാലി ഓര്‍ത്തുപോകുന്നു) അതൊരു മാറ്റമാണ്‌.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയാലല്ലെ സുഹൃത്തെ പോലീസിനും ഇലക്ഷന്‍ കമ്മീഷനും ഇടപെടാനാകൂ! അതിനു യോഗമില്ലാത്ത എത്രയോ പഞ്ചായത്തുകളുണ്ട്‌ ഈ പറഞ്ഞ പ്രദേശത്ത്‌.

പാര്‍ട്ടി സ്നേഹം മാത്രമല്ലെന്നെ പലര്‍ക്കും ഊരാനാകാത്ത വിധത്തില്‍ പല ഏടാകൂടങ്ങളൂം ഇത്തരം പ്രസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കും.

കണ്ണൂരാണ്‌ പട്ടേരിയുടെ രണ്ടാം കമന്റിന്റെ പരാമര്‍ശത്തില്‍ ഉള്ള കാര്യത്തിനു മുന്‍പന്തിയില്‍.മറ്റിടങ്ങളില്‍ ഇത്ര രൂക്ഷമല്ല.
ഒരു പാര്‍ട്ടിയുടെ കാര്യം മാത്രമല്ല. ഏതു പാര്‍ട്ടിക്കാണോ കൂടുതല്‍ ശക്തി അവര്‍ അവിടം അടക്കി വാഴുന്നു!