Wednesday, November 15, 2006

തിരുവമ്പാടിയും അന്താരാഷ്ട്ര പ്രശ്നങ്ങളും!

മത്തായിചാക്കോയെപ്പോലെ കഴിവുറ്റ ഒരു ജനകീയ നേതാവിന്റെ അകാല വിയോഗമാണ്‌ അപ്രതീക്ഷിതമായ ഒരു തിരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. ഇന്ന് തിരുവമ്പാടി തിരഞ്ഞെടുപ്പ്‌ ഇരു മുന്നണികള്‍ക്കും വളരെയധികം അഭിമാനപ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്‌.എങ്കിലും ഇടതുപക്ഷത്തിനാണ്‌ ഈ തിരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകമാകുന്നത്‌. തോറ്റാലും ജയിച്ചാലും എന്‍.സി.പി വഴിയുള്ള കരുണാകരന്റെ നുഴഞ്ഞുകയറ്റം ഇടതുമുന്നണിയെ പ്രതികൂലമായി ഭാധിക്കും. ഇതിനെ പ്രതിരോധിക്കുവാനും കഴിയാത്ത ഒരു അവസ്ഥയിലാണ്‌ ഇടതുപക്ഷം. അടവു നയം തന്നെ പയറ്റുകയേ നിര്‍വ്വാഹമുള്ളൂ. ഇടതുപക്ഷം തോറ്റാല്‍ ബിജെപിയെയും മറ്റും പതിവുപോലെ പഴിക്കാമെങ്കിലും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യം വരുന്ന തിരഞ്ഞെടുപ്പാണിത്‌. തീര്‍ച്ചയായും ഇവിടെ ജനകീയ പ്രശ്നനങ്ങളും പുതിയ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാടും ആണ്‌ പ്രതിഫലൈക്കുക. ഇവിടെ സദ്ദാം പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യയെടുക്കുന്ന നിലപാടിനോടുല്ല വിയോജിപ്പ്‌ പ്രകടിപ്പിക്കാനല്ല ജനങ്ങള്‍ മുതിരേണ്ടത്‌ ഇവിടെ തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ കേരളത്തിലെ ഇടതു ഗവണ്‍മന്റ്‌ എന്ത്‌ നിലപാടാണെടുക്കേണ്ടതെന്നും ഇതുവരെയുള്ള നിലപാടിലെ പോരായമകള്‍ ചൂണ്ടിക്കാണിക്കുവാനും ഉള്ള ഒരു അവസരമാണ്‌.

പ്രതിപക്ഷത്തെ ചിലരെ ഒഴിവാക്കിയാല്‍ ഭരണപക്ഷത്ത്‌ പതിവിലധികം പുതുമുഖങ്ങള്‍ ഉള്ള ഒരു നിയമസഭയാണ്‌ ഇന്നു കേരളത്തില്‍ ഉള്ളത്‌. സ്വാഭാവികമായും പതിവില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഭരണം കേരളജനത പ്രതീക്ഷിക്കുന്നുമുണ്ട്‌. ഓരോ ജനപ്രതിനിധിയും അതിനായി പ്രയത്നിക്കേണ്ടിയിരിക്കുന്നു.ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ സദ്ദാമിന്റെ വിഷയം ഉന്നയിക്കുന്നത്‌ ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഒരു തന്ത്രം മാത്രമല്ലെ? ഉന്നത വിദ്യാഭ്യാസ മേഘലയില്‍ പ്രശ്നന്നളില്‍ ഇനിയും ശ്വാശ്വത പരിഹാരം ആയിട്ടില്ല. കര്‍ഷകരുടെ ആതമഹത്യകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത്‌ അന്താരാഷ്ട്ര പ്രശ്നന്നളും മറ്റും ഉന്നയിക്കുന്നത്‌ തികച്ചും അപ്രസക്തമാണ്‌. ഇന്ത്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ എടുക്കേണ്ട നിലപാടിനെകുറിച്ച്‌ യു.പി.എ ഏകോപന സമിതിയില്‍ ഉന്നയിക്കാം, നിര്‍ണ്ണായക സ്വാധീനം ഉള്ള പാര്‍ലിമെന്റിലോ അതുമല്ലെങ്കില്‍ പൊതു വേദികളില്‍( ഇന്ത്യാമഹാരാജ്യത്ത്‌ ഇപ്പോള്‍ തിരഞ്ഞെടുപ്പില്ലാത്ത സ്ഥലങ്ങള്‍ ഉണ്ട്‌) ഇതിനിടയില്‍ വര്‍ഗ്ഗീയ തയുടെ ഒരു തലം കൂടി കടന്നുവരുന്നുണ്ട്‌. തിരുവമ്പാടിയില്‍ ന്യൂനപ്ക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ഇപ്പോള്‍ അവിടെ മാറാട്‌ റിപ്പോര്‍ട്ടും ചര്‍ച്ചാവിഷയമാകുന്നു. നമുക്കറിയാം നേതാക്കന്മാരുടെ പ്രസ്ഥാവനകളും പ്രസംഗങ്ങളൂം പലപ്പോഴും ജനങ്ങള്‍ ക്കിടയില്‍ പ്രശ്നന്നളും തര്‍ക്കങ്ങളും ഉണ്ടാക്കാറുണ്ട്‌. മാറാട്‌ റിപ്പോര്‍ട്ട്‌ പോലെ എളുപ്പം പ്രശ്നന്നള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പ്രസ്താനങ്ങള്‍ മാറിനില്‍ക്കണം. തിരഞ്ഞെടുപ്പുകഴിഞ്ഞും അവിടത്തെ ജനങ്ങള്‍ക്ക്‌ സ്വസ്ഥമായി ജീവിക്കേണ്ടതാണ്‌. താല്‍ക്കാലിക രാഷ്ട്രീയ വിജയത്തിനായി എന്തായുധവും എടുത്തുപ്രയോഗിക്കുന്ന ശൈലി നമുക്ക്‌ ഭൂഷണമല്ല. ഇക്കാര്യത്തില്‍ മുന്നണികള്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്‌.

6 comments:

s.kumar said...

തിരുവമ്പാടിയും അന്താരാഷ്ട്ര പ്രശ്നങ്ങളും!


ഒരു പോസ്റ്റുണ്ടേ....

kochugupthan said...

തിരുവമ്പാടി സമയോചിതമായി എടുത്തിട്ടത്‌ നന്നായി...പ്രതീക്ഷയോടെ ഭരണത്തില്‍ വന്ന ഇടതുപക്ഷത്തിന്‌ എന്തായാലും അത്ര എളുപ്പമായിക്കൊള്ളണമെന്നില്ല ഈ തിരഞ്ഞടുപ്പ്‌... പ്രത്യേകിച്ചും കരുണാകരന്‌ അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു അവസരം ആയതുകൊണ്ട്‌....ഈ എം എസ്‌ ഉണ്ടായിരുന്നെങ്കില്‍ !!!!

...കൊച്ചുഗുപ്തന്‍

sandoz said...

ചെറുപ്പത്തിന്റെ ഊര്‍ജ്ജമുണ്ടായിരുന്ന മത്തായിചാക്കോ ജയിച്ചതും വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഫലമായിട്ടല്ല എന്ന് പറയാന്‍ കഴിയുമോ.മത ജാതി വര്‍ണ്ണ വിവേചനത്തിനു അതീതമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ചങ്കൂറ്റമുണ്ടോ ഏതെങ്കിലും പക്ഷത്തിനു.

s.kumar said...

പൂര്‍ണ്ണമായും ഇവിടെ പഴയ ഇടതു പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്താനാകില്ല. വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളും അവയുടെ പങ്കു പറ്റുന്ന മറ്റു പ്രസ്ഥാനങ്ങളും ഇത്തരത്തില്‍ അധികാരം പിടിച്ചടക്കാന്‍ തുടങ്ങിയപ്പ്പ്പോഴാണ്‌ ഇടതു പക്ഷവും ആ വഴി ചിന്തിക്കാന്‍ തുടങ്ങിയത്‌. തങ്ങളുടെ സമുദായത്തിലെ സ്ഥാനാര്‍ഥിക്കേ വോട്ടുചെയ്യൂ എന്ന് വാശിപിടിക്കുന്ന ജനതയ്ക്കും ഇതില്‍ ഉത്തരവാദിത്വം ഉണ്ട്‌. ഓരോ ജനപ്രതിനിധിയും വര്‍ണ്ണ ജാതി മത സാമ്പത്തിക വ്യതയാസങ്ങളില്ലാതെ ജനങ്ങളെ സേവിക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞാണ്‌ സത്യപ്രതിഞ്ജ നടത്തുന്നത്‌. അതിനു ശേഷം തന്റെ മതവിശ്വാസം അനുവധിക്കുന്നില്ല എന്ന് പറഞ്ഞ്‌ വിളക്ക്‌ കത്തിക്കുവാനും, മറ്റു മാന്യമായതും സമൂഹത്തിന്റെ ഭാഗമായതുമായ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍ ചെയ്യുന്നത്‌ സത്യപ്രതിജ്ഞയ്ക്ക്‌ ചേര്‍ന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ ആശ്വാസകരമായ ഒരു കാര്യം ഭൂരിപക്ഷം ഇത്തരത്തില്‍ വര്‍ഗ്ഗീയമായി ചിന്തിച്ചും സംഘടിച്ചും വോട്ടുചെയ്യുവാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്‌. ഇല്ലെങ്കില്‍ എന്നേ ഇടതു പ്രസ്ഥാനങ്ങള്‍ തകര്‍ന്ന് സംഘപരിവാര്‍ അധികാരത്തില്‍ എത്തിയേനെ.

s.kumar said...

കൊച്ചുഗുപ്താ
ഇ. എം.എസ്‌ എന്ന ചാണക്യന്റെ അഭാവം ശരിക്കും ഫീല്‍ ചെയ്യുന്ന അവസരമാണിത്‌. തന്റെ വാക്കുകള്‍കൊണ്ട്‌ സമര്‍ഥമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന അദ്ദേഹം ഇല്ല്യാതെ പോയത്‌ ഇടതുപക്ഷത്തിനു മാത്രമല്ല രാഷ്ട്രീയ നിരീക്ഷകര്‍ക്കും നഷ്ട്ടമാണ്‌.അവസരത്തിനനുസരിച്ച്‌ അദ്ദേഹം നല്‍കുന്ന ന്യായീകരണങ്ങള്‍ രസകരമായിരുന്നു.

ഇന്നിപ്പോള്‍ കരുണാകരപ്ര്ശ്നം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട്‌ എന്‍.സി.പി തങ്ങല്‍ളുടെ പഴയ ഘടകക്ഷിയാണെന്ന് മുഖ്യനും കേരള ഘടകം ചര്‍ച്ചചെയ്യട്ടെ എന്ന് കേന്ദ്രവും പറയുന്നു.

കിരണ്‍ തോമസ് said...

ക്രിസ്ത്യന്‍ ന്യൂനപക്ഷ നേതൃത്വം ഇപ്പോഴെ ജാതിക്കര്‍ഡ്‌ പുറത്തെടുത്തുകഴിഞ്ഞു. സ്വയാശ്രയ വിഷയവും മുരിങ്ങൂരിലേ പരിശോധനയൌം സഭക്കെതിരേയുള്ള ഇടതിന്റെ കടന്നാക്രമണമായണ്‌ പ്രചരിപ്പിക്കുന്നത്‌. മുരിങ്ങൂരെ പരിശോധന കോടതി നിര്‍ദ്ദേശപ്രകാരമല്ലേ എന്ന ചോദ്യത്തിന്‌ അതിനു പിന്നില്‍ ആരാണ്‌ എന്ന് ഞങ്ങള്‍ക്കറിയാമെന്നാണ്‌ വൈദീക വേദിയുടേ വക്താവ്‌ മധ്യമ ചര്‍ച്ചയില്‍ പറഞ്ഞത്‌.

പിന്നെ മതേതേരത്വമൊക്കെ ഭൂരിപക്ഷത്തിന്‌ പറഞ്ഞിട്ടുള്ള കാര്യമല്ലേ. ന്യൂനപക്ഷത്തേ അവരുടെ എല്ലാ സ്വഭാത്തോടു കൂടീ സംരക്ഷിക്കേണ്ടത്‌ ജനാധിപത്യ രാജ്യത്തേ ഭൂരിപക്ഷ സമുദായങ്ങളുടേ ഉത്തരവാധിത്വമല്ലേ. ഇനി ഞങ്ങള്‍ സംഘടിക്കുന്നതു പോലെയെങ്ങാനും ഭൂരിപക്ഷം സാംഘടിച്ചാല്‍ അത്‌ അത്യന്തം അപലപനീയമായ വര്‍ഗ്ഗീയ കൂട്ടയ്മ മാത്രം.